സൂപ്പർസ്റ്റാർ രജനീകാന്ത് തീമിൽ ഒരു വ്യത്യസ്തമായ റെസ്റ്റോറന്റ് – ‘സൂപ്പർസ്റ്റാർ പിസ’

ഹോളിവുഡിലെ സൂപ്പർമാൻ, ബാറ്റ്മാൻ, സ്‌പൈഡർമാൻ തുടങ്ങിയ സൂപ്പർഹീറോകൾക്ക് ഇന്ത്യയിൽ നിന്നൊരു എതിരാളിയുണ്ടെങ്കിൽ അത് മറ്റാരുമല്ല രജനീകാന്ത് ആയിരിക്കും. രജനീകാന്തിന്റെ ആക്ഷനുകളും ഹീറോയിസവും നിറഞ്ഞ സിനിമകളാണ് ഇങ്ങനെയൊരു ചൊല്ല് വരാൻ കാരണം. ഇന്ത്യയിൽ ഒരു നടനും ഇതുപോലുള്ള ആരാധന ലഭിച്ചിട്ടുണ്ടാകില്ല. ചുരുക്കിപ്പറഞ്ഞാൽ ആരാധകർ ‘തലൈവർ’ എന്നു ബഹുമാനത്തോടെ, ആരാധനയോടെ വിളിക്കുന്ന രജനീകാന്ത് ഇന്ത്യയിലെ ഒരു സൂപ്പർ സ്റ്റാർ തന്നെയാണ്. ‘രജനി സ്റ്റൈൽ’എന്നൊരു സ്റ്റൈൽ വരെയുണ്ട്. എന്തിനേറെ പറയുന്നു രജനീകാന്ത് തീമിലുള്ള ഒരു റെസ്റ്റോറന്റ് വരെ ചെന്നൈയിൽ പ്രവർത്തിക്കുന്നുണ്ട്. ആ റെസ്റ്റോറന്റിനെക്കുറിച്ചുള്ള വിശേഷങ്ങളാണ് ഈ ലേഖനത്തിൽ.

‘സൂപ്പർസ്റ്റാർ പിസ’ എന്നാണു ഈ രജനി തീം റെസ്റ്റോറന്റിന്റെ പേര്. പേരുപോലെ തന്നെ ഇതൊരു പിസ ഹട്ട് ആണ്. ചെന്നൈയിലെ ബസന്ത് നഗറിലാണ് രജനീകാന്ത് ആരാധകർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഈ റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. ചെന്നൈ സ്വദേശിയായ രാമനാഥൻ എന്ന സംരംഭകന്റെ ആശയത്തിൽ നിന്നുമാണ് ഇത്തരമൊരു റെസ്റ്റോറന്റ് ഉണ്ടായത്. ഇതിനു പുറമെ ചെന്നൈ അണ്ണാനഗർ, സേലം, ട്രിച്ചി, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലും ഇതിന്റെ ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്. റെസ്റ്റോറന്റിനുള്ളിലേക്ക് കയറുന്നവരെ അമ്പരപ്പിക്കുന്ന രീതിയിൽ അതിനകത്തു മുഴുവൻ രജനീകാന്തിന്റെ പോർട്രെയ്റ്റുകളും പെയിന്റിങ്ങുകളുമാണുള്ളത്. കൂടാതെ ഭിത്തികളിൽ രജനിയുടെ പ്രശസ്തമായ ചില പഞ്ച് ഡയലോഗുകളും കാണാം. ഈ റെസ്റ്റോറന്റിൽ വരുന്നവർക്ക് ഈ ചിത്രങ്ങൾക്കൊപ്പം നിന്ന് ഫോട്ടോകൾ എടുക്കുവാനും സൗകര്യമുണ്ട്.

ഇനി ഇവിടത്തെ വിഭവങ്ങളുടെ പേരുകൾക്കുമുണ്ട് രജനി ടച്ച്. അതു പറയുന്നതിനു മുൻപ് മറ്റൊരു കാര്യം കൂടി, ഇവിടത്തെ വിഭവങ്ങളെ നാലു തരത്തിലാണ് തിരിച്ചിരിക്കുന്നത്. സൈഡ് റോളുകൾ (സ്റ്റാർട്ടറുകൾ), മെയിൻ റോളുകൾ (പിസ്സ), ഗസ്റ്റ് റോളുകൾ (പാസ്തയും ബർഗ്ഗറും), ക്ലൈമാക്സ് (ഡെസ്സേർട്ടുകളും ബിവറേജുകളും) എന്നിവയാണ് അവ. സ്റ്റാർട്ടർ വിഭവങ്ങളായി ഫ്രഞ്ച് ഫ്രൈസും, ബ്രഡും, നാച്ചോസും ഒക്കെയാണുള്ളത്. ഇതിനെല്ലാം സാധാരണ പേരുകൾ തന്നെയാണ്. എന്നാൽ മെയിൻ റോളുകാരായ പിസകളുടെ പേരുകൾ നോക്കുമ്പോഴാണ് നമ്മൾ അത്ഭുതപ്പെട്ടു പോകുന്നത്. നല്ല എരിവുള്ള പിസ്സ വിഭവങ്ങൾക്ക് ‘ചന്ദ്രമുഖി, അണ്ണാമലൈ, സിഗപ്പു മനിതൻ, കൊച്ചടയാൻ, നെരുപ്പ് ഡാ, ബാഷ, കബാലി, ദളപതീസ് തണ്ടൂരി’ എന്നൊക്കെയാണ് പേര്. അൽപ്പം എരിവ് കുറഞ്ഞ പിസ്സകൾക്ക് മുത്തു, രാജാധിരാജ, ഉഴൈപ്പാളി, അരുണാചലം, മന്നൻ എന്നിങ്ങനെയാണ് പേരിട്ടിരിക്കുന്നത്. റൊമാൻസ് സ്പെഷ്യൽ പിസകൾക്കാണെങ്കിൽ പടയപ്പ, നല്ലവനുക്ക് നല്ലവൻ, ലക്ക ലക്ക ലക്ക, മകിഴ്ച്ചി, പണക്കാരൻ തുടങ്ങിയ പേരുകളാണ്.

പിസ്സയ്ക്കു പുറമെ പാസ്ത, സാൻഡ്‌വിച്ച്, നോൺ ആൽക്കഹോളിക് ബിവറേജുകൾ, ഡെസ്സേർട്ടുകൾ തുടങ്ങിയവയും ഇവിടെ ലഭിക്കും. പേരുപോലെ തന്നെ ഇവിടത്തെ ഡിഷുകൾക്ക് ആരാധകരും ഏറെയാണ്. Zomato പോലുള്ള സൈറ്റുകളിൽ ഈ റെസ്റ്റോറന്റിനു ആളുകൾ നൽകിയിരിക്കുന്നത് പോസിറ്റിവ് റിവ്യൂകളാണ്. കൂടുതലാളുകളും ഭക്ഷണത്തേക്കാൾ ഇഷ്ടപ്പെടുന്നത് ഇവിടത്തെ ആ ഒരു ആമ്പിയൻസിനെയാണ്. തലൈവർ ഫാൻ ആണെങ്കിൽ നിങ്ങൾക്ക് ഉറപ്പായും ഈ സ്ഥലം ഇഷ്ടപ്പെടുമെന്നും റിവ്യൂകളിൽ പറയുന്നുണ്ട്. രണ്ടുപേർക്ക് ഇവിടെ നിന്നും ഭക്ഷണം കഴിക്കുവാൻ ഏകദേശം 650 രൂപയോളം ശരാശരി ചെലവ് വരും. ബാക്കിയെല്ലാം നമ്മൾ ഓർഡർ ചെയ്യുന്നതിനെ അനുസരിച്ചിരിക്കും.

അപ്പോൾ ഇനി ചെന്നൈയിൽ പോകുന്നവരും ചെന്നൈയിലുള്ളവരും (ട്രിച്ചി, സേലം, കോയമ്പത്തൂർ എന്നിവിടങ്ങളിൽ പോകുന്നവർക്കും) രജനീകാന്ത് തീം റെസ്റ്റോറന്റ് ആയ ‘സൂപ്പർസ്റ്റാർ പിസ’ ഒന്നു സന്ദർശിച്ചു നോക്കുക. നിങ്ങളൊരു രജനി ഫാൻ ആണെങ്കിൽ തീർച്ചയായും നിങ്ങൾക്കിത് ഇഷ്ടപ്പെടും.

Address: 1) ചെന്നൈ ബസന്ത് നഗർ :20, 5th Avenue, Besant nagar Beach, Chennai, Besant Nagar, Chennai, Phone: 044 48574004, +91 9894354867. 2) ചെന്നൈ അണ്ണാനഗർ : . 3) കോയമ്പത്തൂർ I – 7th Cross, 39 A, Bharathi Park Rd, Saibaba Colony, Coimbatore, Tamil Nadu 641011, Phone: 0422 4980600. 4) കോയമ്പത്തൂർ II – Fiesta, Shop No: B1, Food Street, Thudiyalur Rd, Saravanampatty, Coimbatore, Tamil Nadu 641035, Phone: 09600696662 5) സേലം – 395/1 GK Towers, Sarada College Rd, Behind Alapuram, Alagapuram Pudur, Salem, Tamil Nadu 636016, Phone: 0427 4973737. 6) ട്രിച്ചി I : C-70, 11th Cross, Thillai Nagar East, Trichy 620018, Ph: 0431-4200222, 9566447221. 6) ട്രിച്ചി II : 20, First Floor, Vayaloor Main Road, Kumaran Nagar, Trichy 620017. Ph: 0431-4215151, 9600447474.