വിവരണം – അനൂപ് എ.വി.

പണ്ടെപ്പോഴോ ഗുനുങ് കെമുക്കസിനെക്കുറിച്ചു ഒരു പത്രത്തിൽ വായിച്ചപ്പോൾ മുതൽ വല്ലാത്ത ആകാംക്ഷ ആയിരുന്നു, എന്താണ് അവിടെ യഥാർത്ഥത്തിൽ സംഭവിക്കുന്നതെന്ന്. അത്യാവശ്യം യാത്ര ചെയ്യുന്ന മലയാളി സുഹൃത്തുക്കളും ലോക്കൽ ഇൻഡോനേഷ്യക്കാരും ആരും അവിടെ പോയിട്ടില്ലെന്ന് പറഞ്ഞു.

ഇൻഡോനേഷ്യയിലെ ഒരു വലിയ ദ്വീപ് ആണ് ജാവ. ജക്കർത്ത (ക്യാപിറ്റൽ) ഒക്കെ ഈ ദ്വീപിലാണ്. പണ്ടത്തെ ഒരു ജാവനീസ് രാജകുമാരൻ ആയിരുന്നു പങ്കരാൻ സമോദ്രോ, അദ്ദേഹത്തിന്റെ പ്രേമം അദ്ദേഹത്തിന്റെ രണ്ടാനമ്മയോടായിരുന്നു. പ്രണയം മൂത്ത് അവർ കൊട്ടാരത്തിൽ നിന്നും ഒളിച്ചോടി. അവർക്ക് വേണ്ടി രാജഭടന്മാർ തലങ്ങും വിലങ്ങും പാഞ്ഞു.

അവസാനം സമോദ്രോയും ഒൻട്രോവുലാനും ഗുനുങ് കേമുക്കസിൽ താമസം ആയി. ഗുനുങ് എന്ന് വെച്ചാൽ ഇൻഡോനേഷ്യൻ ഭാഷയിൽ പർവതം എന്നാണ് അർത്ഥം. പക്ഷേ അവരുടെ സന്തോഷം അധികകാലം നീണ്ടു നിന്നില്ല. ഭടന്മാർ ഇവരെ കണ്ടെത്തി. അവിടെ വെച്ചു തന്നെ കൊന്നുകളയുകയും ചെയ്തു.

ഇവിടെ അമ്പലവും പ്രാർത്ഥനയും വന്നതിന് കാരണം എന്തെന്നാൽ, ഈ കപ്പിൾസ് ശരീരികബന്ധത്തിൽ ഏർപ്പെട്ട് മുഴുമിപ്പിക്കാൻ അവസരം ഉണ്ടാകുന്നതിന് മുൻപേ കൊല്ലപ്പെട്ടു. അതുകൊണ്ട്, ആ മലയുടെ മുകളിൽ കയറി പരസ്പരം പരിചയമില്ലാത്ത സ്ത്രീയും പുരുഷനും ചെയ്ത് മുഴുമിക്കുകയാണെങ്കിൽ അവർക്ക് ഈ കപ്പിൾസ് അനുഗ്രഹം കൊടുക്കുമെന്നാണ് വിശ്വാസം. ഈ മലയെ കുറിച്ചു കൂടുതൽ അറിയേണ്ടവർ വിക്കിപീഡിയയിൽ Gunung Kemukus എന്നടിച്ചു കൊടുത്താൽ മതി.

ഇവിടുത്തെ വിശേഷദിവസങ്ങൾ 35 ദിവസങ്ങൾ കൂടുമ്പോൾ ആണ്. ഞാനും ഒരു വെള്ളിയാഴ്ച നോക്കിയാണ് പോയത് പക്ഷെ ഈ 35 ന്റെ കണക്ക് അറിയില്ലായിരുന്നു. കഴിഞ്ഞ ഒക്ടോബർ 5 ന് അവിടെ വിശേഷദിവസം ആയിരുന്നു. ഇനി 5 ആഴ്ച്ച/ 35 ദിവസം കഴിഞാണ്.

ഈ സ്ഥലത്തേക്ക് എത്തിപ്പെടാനായി ഏറ്റവും അടുത്ത എയർപോർട്ട് ആദി സുമർണോ ആണ്. യോഗ്യക്കാർത്തയിൽ നിന്നും ഇങ്ങോട്ട് വരാൻ സാധിക്കും. യോഗ്യകർത്ത ട്രെയിൻ സ്റ്റേഷനിൽ നിന്നും 1 മണിക്കൂർ മതി സോളോ ബാലപാൻ സ്റ്റേഷനിൽ എത്താൻ.

ഞാൻ സിംഗപ്പൂരിൽ നിന്നും ആദ്യം കുലാലംപൂരിലേക്ക് ബസിൽ പോയി എന്നിട്ട് അവിടുന്ന് നേരെ യോഗ്യക്കാർത്തയിലേക്ക് ഫ്ലൈറ്റ് എടുത്തു. യോഗ്യക്കാർത്ത ഒരുപാട് വട്ടം പോയിട്ടുള്ള സിറ്റി ആണെങ്കിലും ഇപ്രാവശ്യം 2-3 അട്ടരക്ഷൻസ് (തമൻ സാരി, കെരാട്ടൻ) ഒക്കെ കണ്ടു. മാലിയോബോറോ സ്ട്രീറ്റിലെ നൈറ്റ് വാക്ക് എനിക്കേറെ ഇഷ്ടപ്പെട്ടതാണ്.

വെള്ളിയാഴ്ച്ച ഉച്ചക്ക് യോഗ്യക്കാർത്തയിൽ നിന്നും ട്രെയിൻ പിടിച്ചു സോളോയിലേക്ക്. സോളോ അഥവാ സുരക്കാർത്ത ഒരു ശാന്തമായ സിറ്റി ആണ്. അധികം ആൾക്കാർ ഒന്നും ഇംഗ്ലീഷ് സംസാരിക്കില്ല. അങ്ങോട്ടേക്ക് ഹോട്ടലും ബുക്ക് ചെയ്യാതെ ഒന്നും പ്ലാൻ ചെയ്യാതെ പോകുമ്പോൾ ഒരേയൊരു ധൈര്യമേ ഉണ്ടായിരുന്നുള്ളൂ, എന്റെ സഹപ്രവർത്തകയുടെ വീട് അവിടെ ആയിരുന്നു. പിന്നെ അവൾ ജക്കർത്തായിലേക്ക് താമസം മാറി. ഇതൊക്കെ ആയാലും ഞാൻ എപ്പോ ടോക്യോയിൽ ചെന്നാലും ഞങ്ങൾ കാണാറുണ്ട്.

ഒരുമണിക്കൂർ കൊണ്ട് ട്രെയിൻ സോളോ ബലപാൻ സ്റ്റേഷനിൽ എത്തി. അവിടെ ഇറങ്ങിയപ്പോൾ തന്നെ സീൻ കോണ്ട്രാ ആണെന്ന് മനസിലായി. ഒറ്റ കുഞ്ഞുങ്ങൾ ഇംഗ്ലീഷ് സംസാരിക്കുന്നില്ല. ഹോട്ടലിൽ ഫുഡ്‌ കഴിക്കാൻ കേറി, എനിക്ക് അറിയാവുന്ന ഇൻഡോനേഷ്യൻ ഭാഷ അവിടെ വർക്ക് ആയില്ല, സിം ഉള്ള കാരണം ഫ്രണ്ടിനെ വിളിച്ചു സംസാരിപ്പിച്ചു ഫുഡ് ഒക്കെ കഴിച്ചു. അവസാനം പലരുടെയും സഹായം കൊണ്ട് ഒരു ബൈക്കും ഒപ്പിച്ചു ഹോട്ടലും ബുക്ക് ചെയ്തു. ഏകദേശം 3 മണിക്കൂർ എടുത്തു അതിനായിട്ട്.

ബാഗ് ഒക്കെ ഹോട്ടലിൽ വെച്ചിട്ട് നേരെ മ്യൂസിയം കേരാട്ടനിലേക്ക്. അവിടെയുള്ള സെക്യൂരിറ്റി എന്ററി ടൈം കഴിഞ്ഞിട്ടും എനിക്ക് കാണാനായി ഗേറ്റ് തുറന്ന് തന്നു. അങ്ങേരോട് സംസാരിച്ചതിൽ നിന്നും അന്ന് വിശേഷദിവസം അല്ലെന്ന് മനസ്സിലാക്കി. എന്നിരുന്നാലും ഇത് എന്താ സംഭവം എന്നറിയാനായി ഞാൻ അങ്ങോട്ട് ബൈക്ക് റൈഡ് ചെയ്തു.

ഏകദേശം 30 കിലോമീറ്റർ പുർവോദാദി പോകുന്ന വഴി പോണം മലയിലേക്ക്. വഴിയിൽ തെരുവ് വിളക്കുകൾ ഒന്നുമില്ല. ഗൂഗിൾ മാപ്പ് കാണിച്ച ലെഫ്റ്റ് വളവ് എടുക്കുന്ന ജംഗ്ഷനിൽ വെച്ചു ഒരു ജീപ്പ് ആൾക്കാരുമായി ചെറിയ സംസാരം ഉണ്ടായി. ചിലർ ചെറുതായി പരിധി വിടാൻ ശ്രേമിച്ചപ്പോൾ നൈസ് ആയി അവിടുന്ന് സ്കൂട്ട് ആയി.

മെയിൻ റോഡിൽ നിന്നും ഇടത്തേക്ക് ഏകദേശം 2 കിലോമീറ്റർ പോകണം അമ്പലത്തിലേക്ക്. ഒരു 1.5 കിമീ കഴിഞ്ഞപ്പോൾത്തന്നെ കളം മാറി. ചെറിയ ചെറിയ വീടുകൾ, അതിൽ നിറയെ സ്ത്രീകൾ, കരോക്കെ, ചില ലോക്കൽ ബാറുകൾ. ചില വീടുകൾ കണ്ടാൽ അത് വെറും ലോക്കൽ ബ്രോത്തൽ ആണെന്ന് മനസ്സിലാകും.

അവസാനം മലയുടെ മുകളിൽ എത്തി, അവിടെയൊരു അമ്പലം. അന്ന് അവിടെ പ്രാധാന്യം ഇല്ലാഞ്ഞതിനാൽ ഒട്ടും തിരക്ക് ഇല്ലായിരുന്നു. ചെറുതായി ഒന്ന് ചുറ്റിക്കണ്ടു, എന്നിട്ട് താഴേക്കിറങ്ങി. തിരിച്ചു പോകും വഴി പല പെണ്ണുങ്ങളും അവരുടെ അടുത്തേക്ക് ക്ഷണിച്ചെങ്കിലും അവിടൊന്നും നിൽക്കാൻ പോയില്ല. അനുഗ്രഹം കിട്ടാനായിട്ടാണെങ്കിലും അല്ലെങ്കിലും ആ പ്ലേസ് ഞാൻ റെക്കമെന്റ് ചെയ്യില്ല. ഒന്നാമത്തെ കാര്യം വൃത്തിഹീനമായ ചുറ്റുപാട്, രണ്ടാമത്തേത് പെണ്ണുങ്ങളുടെ ക്വാളിറ്റി വളരെ കുറവാണ്, കൂടാതെ നല്ല പ്രായവും. എന്നെ സംബന്ധിച്ചു ഞാൻ അനുഗ്രഹം നേടാനും അല്ല പോയത്.

അങ്ങിനെ ഏകദേശം 1 മണിക്കൂറിന് ശേഷം സോളോ സിറ്റിയിൽ എത്തി. ഇൻഡോനേഷ്യയിലെ ഏതൊരു സിറ്റിയിലും ആലുണ് ആലുണ് എന്ന ഏരിയ ഉണ്ട്, അതായത് ടൌൺ സ്ക്വയർ. അവിടെപ്പോയി കുറച്ചു നേരം ഇരുന്നു, പിന്നെ ഹോട്ടലിലെത്തി കിടന്നുറങ്ങി.

പിറ്റേന്ന് രാവിലെ ബാക്കി കാണാനുള്ള സ്ഥലങ്ങളും കണ്ടിട്ട് ബൈക്ക് തിരിച്ചു കൊടുത്തു. കട മുതലാളി കാല് വയ്യാത്ത ആളാണെങ്കിലും എന്നെ ബസ് കിട്ടുന്ന സ്ഥലത്ത് ഡ്രോപ്പ് ചെയ്ത് തന്നു. അവിടുന്ന് ബസ് എടുത്ത് എയർ പോർട്ടിലേക്ക്. ഫ്ലൈറ്റ് റ്റു ജാക്കർത്ത, അവിടുന്ന് സിംഗപ്പൂർ. ബാക്ക് റ്റു വർക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.