കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

Total
37
Shares

എഴുത്ത് – വിനു പൂക്കാട്ടിയൂർ.

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ വെല്ലുവിളിയാണ് കടുവയെ അക്ഷരങ്ങളിലൂടെ അവതരിപ്പിക്കുക എന്നത്.! എങ്കിലും മുൻപുള്ള വിവരണങ്ങളിൽ നിങ്ങൾ നൽകിയ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ഈയുള്ളവന്റെ ഒരു എളിയ ശ്രമം.

ആനയെ ഇഷ്ടമില്ലാത്തവരായി ആരും തന്നെയുണ്ടാകില്ല. എവിടെയെങ്കിലും ഒരു ചങ്ങലകിലുക്കം കേട്ടാൽ തിരിഞ്ഞു നോക്കാത്ത മനുഷ്യരുണ്ടാവില്ല. തുമ്പിയും കുംഭയും കുലുക്കി ചെവിയാട്ടി കുണുങ്ങി കുണുങ്ങി വരുന്ന കരിവീരസൗന്ദര്യം ആരെയും അത്ഭുതപെടുത്തുക തന്നെ ചെയ്യും. ആന കഴിഞ്ഞാൽ പിന്നെ സ്ഥാനം ആനക്കാരനാണ്. കൂർത്ത കൊമ്പുകളും തൂണ് പോലുള്ള കാലുകളും പർവതം പോലെ ശരീരവുമുള്ള ആനകളെ കുഞ്ഞുങ്ങളെ പോലെ കൊണ്ടുനടക്കുന്ന ആനപ്പണിക്കാരോട് എന്നും ആരാധനയാണ്. തലയുയർത്തി നടന്നു വരുന്ന ആനയുടെ കൂടെ തോർത്തുമുണ്ട് തോളിലിട്ട് കൊമ്പൻ മീശ പിരിച്ചു നെഞ്ചും വിരിച്ചു വരുന്ന ആനക്കാരൻ എന്നും അതിശയമാണ്.! ഭീമാകാരനായ ആനയെ കാരക്കോലും വായ്ത്താരിയും കൊണ്ട് നിയന്ത്രിക്കുന്ന ചട്ടക്കാരന്റെ വീരപരിവേഷം ഒന്ന് വേറെ തന്നെ.

പാലക്കാട്‌ ജില്ലയുടെ ഉൾഗ്രാമങ്ങളിൽ നിരവധി ആനത്തൊഴിലാളി കുടുംബങ്ങളുണ്ട്. കോട്ടായി, നെന്മാറ, പാറശ്ശേരി, മണ്ണാർക്കാട്, ആറ്റാശ്ശേരി മുതലായവ. ഇതിൽ നമ്മുടെ കഥാനായകൻ കടുവ കോട്ടായിക്കാരനായിരുന്നു. ചങ്കൂറ്റവും ധൈര്യവും മാത്രം കൈമുതലായവർക്കു വഴങ്ങുന്ന പണിയാണ് ആനപ്പണി. ഭൂരിപക്ഷം പേരും പ്രാരാബ്ധങ്ങളിൽ നിന്ന് രക്ഷപെടാൻ തിരഞ്ഞെടുക്കുന്ന തൊഴിൽ. ആനയോടുള്ള താൽപ്പര്യം കൊണ്ട് പണി പഠിച്ച ചുരുക്കം ചിലരുമുണ്ട്. ആദ്യമായി ആനപ്പണിക്കിറങ്ങുമ്പോൾ വേലായുധേട്ടന്റെ ചങ്കൂറ്റത്തിന്റെ പ്രായം പതിനൊന്നു വയസ്സ് മാത്രം.

ഗുരുവായ വലിയപാടം വെള്ളയോടൊപ്പം കുഞ്ഞു വേലായുധൻ തുടങ്ങി. ഇന്നത്തെ പോലെ ഒന്നാം മാസം മൂന്നാമനായി തുടങ്ങി മൂന്നാം മാസം ഒന്നാമനാകുന്ന രീതിയല്ല. വർഷങ്ങളോളം ഒരാനയുടെ കൂടെ നിന്നാൽ മാത്രമേ ആശാൻമാർ ചട്ടം പഠിപ്പിക്കുകയുള്ളൂ. പലപ്പോഴും ആശാന്റെ സഹായി എന്ന വിശേഷണം മാത്രം.! നെഞ്ചുരയാതെ പനയിലും തെങ്ങിലും വലിഞ്ഞു കയറി പട്ട വെട്ടാൻ അറിയുന്നവർക്ക് മാത്രം അന്ന് ആനപ്പണിക്ക് അവസരം.!

സത്യമുള്ള തൊഴിലാണ് ആനപ്പണി. ഒളിഞ്ഞും തെളിഞ്ഞും, ഉപദേശങ്ങൾ കേട്ടും ആനയെയും ആശാനെയും സൂക്ഷ്‌മമായി നിരീക്ഷിച്ചും വേലായുധേട്ടൻ ആനപ്പണി പഠിച്ചു. കൈപ്പുണ്യമുള്ള തൊഴിലുകാരനായിരുന്നു. വലിയ കോലിനു സ്ഥാനം കൊടുക്കാതെ, അകക്കണ്ണുകൊണ്ട് ആനയെ മനസ്സിലാക്കി, പുറം കണ്ണു കൊണ്ട് ആനയുടെ കണ്ണിൽ നോക്കി നിയന്ത്രിക്കാനുളള വിദ്യയെല്ലാം വർഷങ്ങളുടെ അനുഭവ സമ്പത്തുകൊണ്ട് വേലായുധേട്ടൻ മനപാഠമാക്കിയിരുന്നു. ഈ മികവ് കൊണ്ടു തന്നെ കലാപകാരികളായ ആനയുടെ ഉടമസ്ഥർ വേലായുധേട്ടന് ആനയെ നൽകാൻ മത്സരിച്ചു. അദ്ദേഹം കൂടെയുണ്ടെങ്കിൽ ആന കൈവിട്ട് പോകില്ല എന്ന അതിയായ വിശ്വാസം.!

ഇടഞ്ഞും വിരണ്ടും നിൽക്കുന്ന ആനകളെ നിമിഷനേരം കൊണ്ടു കടുവയെ പോലെ മെരുക്കിയെടുക്കുന്ന വേലായുധേട്ടൻ, അങ്ങനെ ആനപ്പണിയിലെ കടുവയായി അറിയപ്പെടാൻ തുടങ്ങി.! അന്നത്തെ കാലത്ത് എലിഫന്റ് സ്‌ക്വാഡായി വേലായുധേട്ടൻ മാറി. എവിടെയെങ്കിലും ഒരാന കൈവിട്ടുപോയാൽ ആദ്യം അന്വേഷിക്കുന്ന പേരായി അത്.! കൊണ്ടു നടന്നിരുന്നതും പ്രശ്നവശാൽ തളച്ചിരുന്നതുമായ ആനകളെയെല്ലാം ചേർത്ത് വേലായുധേട്ടൻ വഴി നടത്തിയത് നൂറോളം ആനകളെ.

കണ്ടമ്പുള്ളി ബാലനാരായണൻ, തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, എഴുത്തച്ഛൻ ശ്രീനിവാസൻ, പൂക്കോടൻ ശിവൻ (തിരുവമ്പാടി ശിവസുന്ദർ) തുടങ്ങി കയറിയ ആനകളെല്ലാം പിന്നീട് ആനകേരളത്തിന്റെ അനിഷേധ്യ രാജാക്കൻമാരുമായി. ഉത്സവപ്പറമ്പുകളിൽ ആനയെ മാനം നോക്കി നിർത്തുന്നതല്ല ഒരു ചട്ടക്കാരന്റെ മികവ്. മറിച്ച് സ്വഭാവദൂഷ്യവും കലാപവുമുള്ള ആനകളെ കയ്യടക്കത്തോടെ കൊണ്ടു നടന്ന് നല്ല പരിപാടികളുടെ ഭാഗമാക്കുന്നതിലാണ് ഒരു ചട്ടക്കാരന്റെ വിജയമെന്ന് വേലായുധേട്ടന്റെ ജീവിതം നമ്മെ ഓർമിപ്പിക്കുന്നു.

ഒരു ദിവസം വേലായുധേട്ടനെ തേടി കുറച്ച്‌ ആളുകളെത്തി. നാട് വിറപ്പിച്ചും ഉത്സവം കലക്കിയും മാത്രം ശീലമുള്ള വാഴയിൽ കൊച്ചയ്യപ്പനെന്ന ആനകളിലെ ഗുണ്ടയെ മെരുക്കാൻ.! പതിമൂന്ന് പേരെ കാലപുരിക്കയച്ച കലാപകാരി. അടുത്തവരെയെലാം കൊമ്പിൽ കോർത്ത ശീലം. വൈകാതെ കടുവയെത്തി. കാരക്കോലോളം മാത്രം വലിപ്പമുള്ള വേലായുധേട്ടനും കലാപകാരിയായ കൊച്ചയ്യപ്പനും മുഖാമുഖം. കാഴ്ച്ചകാണാൻ വന്നവർ സഹതാപത്തോടെ വേലായുധേട്ടനെയും ഭയത്തോടെ കൊച്ചയ്യപ്പനെയും നോക്കുകയാണ്. കൊച്ചയ്യപ്പന്റെ കൊമ്പുകളിൽ പതിനാലാം തവണയും ചോരക്കറ പുരളുമെന്നു വിശ്വസിച്ചവർ ഏറെ. പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു.

വാഴയിൽ കൊച്ചയ്യപ്പനെ നോക്കി വേലായുധേട്ടൻ ചുവടുകൾ വച്ചു. “പതിമൂന്നെണ്ണത്തിനെ തീർത്ത കൊലയാനായാണ്, വേലായുധാ വേണ്ടാ…” ആൾക്കൂട്ടം ഒന്നടങ്കം വിളിച്ചു പറഞ്ഞു. പക്ഷെ മുന്നോട്ട് വെച്ചകാൽ മുന്നോട്ടു തന്നെ.! വേലായുധേട്ടൻ സൂക്ഷ്മതയോടെ ആനയുടെ അടുത്തേക്ക് നീങ്ങി. തുമ്പി ചുഴറ്റി വർദ്ധിത വീര്യത്തോടെ സംഹാരത്തിന്റെ മൂർത്തീഭാവമായി നിൽക്കുന്ന കൊച്ചയ്യപ്പൻ.! കോപാഗ്നി ജ്വലിച്ചു നിൽക്കുന്ന കണ്ണുകളിലേക്ക് വേലായുധേട്ടന്റെ കണ്ണുകൾ ഉടക്കി. കടുവയും കൊലയാനയും മുഖാമുഖം. കാഴ്ച്ചക്കാർ ശ്വാസം വിടാൻ പോലും മറന്നുനിൽക്കുകയാണ്. കുറച്ചുനേരം അങ്ങെനെ ആനയുടെ കണ്ണിൽ നോക്കിനിന്ന വേലായുധേട്ടൻ, പതിയെ ആനക്കരികിലെത്തി. വലത് കൈ കൊണ്ട് തുമ്പിയിൽ മെല്ലെയൊരു തലോടൽ. തല്ലാൻ തുനിഞ്ഞവൻ അതോടെ തലകുനിച്ചു നിന്നു. കടുവ ചങ്ങലയഴിച്ചു മുന്നിൽ നടന്നു. പുറകെ പേടമാനെ പോലെ കൊച്ചയ്യപ്പനും.

ആൾകൂട്ടത്തിന്റെ ഇടയിലൂടെ മുണ്ട് മടക്കിക്കുത്തി നെഞ്ചും വിരിച്ചു കടുവ. പിന്നിൽ കൊച്ചയ്യപ്പൻ. ആളുകൾ ആരാധനയോടെ മാറി നിന്നു. ഇതൊന്നും വലിയ കാര്യമില്ലെന്ന മട്ടിൽ ഒരു കുസൃതിച്ചിരിയോടെ വേലായുധേട്ടൻ. പതിമൂന്നു പേരുടെ ജീവനെടുത്ത കൊച്ചയ്യപ്പനെ പതിനഞ്ചു വർഷം അങ്ങനെ കടുവ വഴി നടത്തി. വാഴയിൽ കൊച്ചയ്യപ്പനെന്ന കൊലകൊല്ലിയുടെ പുതിയ ജീവിതത്തിന്റെ തുടക്കം. ഭൂതകാലത്തെ കലാപകാരിയുടെ വേഷങ്ങൾ അഴിച്ചു വെച്ച് കടുവയോടൊപ്പം നല്ല നടപ്പ്.

ബസ്റ്റോപ്പിൽ കടുവ വന്നിറങ്ങിയാൽ പറമ്പിലെ കൊച്ചയ്യപ്പൻ സന്തോഷം പ്രകടമാക്കും. അതായിരുന്നു കടുവയും കൊച്ചയ്യപ്പനും തമ്മിലുള്ള സ്നേഹബന്ധം. പിന്നീട് വേലായുധേട്ടൻ വേറൊരു ആനയിൽ കയറി. എന്നാൽ മനസ്സ് കവർന്നെടുത്ത കടുവയെ അല്ലാതെ വേറൊരാളെ ആ സ്ഥാനത്തേക്ക് കരുതാൻ കൊച്ചയ്യപ്പന്‌ കഴിഞ്ഞില്ല. കടുവ ഇറങ്ങിയതിന്റെ പത്താം നാൾ കൊച്ചയ്യപ്പൻ പഴയ കൊലകൊല്ലിയായി. ആളെ കൊന്ന് അടങ്ങാതെ നിന്ന കൊച്ചയ്യപ്പനെ മുടക്കുവെടിയോ മയക്കുവെടിയോ കൂടാതെ കെട്ടിലാക്കിയത് വീണ്ടും കടുവ തന്നെ.

കലാപകാരിയായ അനേകം ആനകളെ ചങ്കൂറ്റവും കയ്യടക്കവും കൊണ്ട് കീഴ്പ്പെടുത്തിയ വേറെ ചട്ടക്കാരൻ ഉണ്ടാവില്ല. “ആനയെ അറിയണം, അല്ലെങ്കിൽ ആന അത് തിരിച്ചറിയും” ഇതായിരുന്നു ആനപ്പണിരംഗത്തുള്ള മറ്റ് ചട്ടക്കാർക്ക് കടുവ നൽകിയിരുന്ന ഉപദേശം. സ്വന്തം പേരിലുണ്ടായിരുന്ന മറ്റൊരു ചട്ടമ്പിയെയും മെരുക്കിയതിന് പിന്നിലും വേറൊരു രഹസ്യം പറയാൻ വേലായുധേട്ടനുണ്ടായിരുന്നില്ല. “കൂനത്തറ വേലായുധൻ” അതായിരുന്നു ആ കൊമ്പന്റെ പേര്. അഴിക്കാൻ ചട്ടക്കാർ ഭയപ്പെട്ടിരുന്നതോടെ കെട്ടുതറിയിൽ ഒതുങ്ങിക്കൂടിയ കൊലകൊമ്പൻ. വൈകാതെ കടുവയെ തേടി ആളുപോയി. എട്ടാംനാളിൽ അവനെയും കൊണ്ട് എഴുന്നെള്ളിപ്പെടുപ്പിച്ചതോടെ കടുവയുടെ തലപ്പൊക്കം നീലാകാശത്തോളമെത്തി.

അങ്ങനെയിരിക്കെ കടുവയ്ക്കു ചോറ്റാനിക്കരയിലേക്ക് പോകേണ്ടി വന്നു. അയ്യപ്പൻകുട്ടിയെന്ന കൊമ്പനെ മെരുക്കാൻ. പണിയെടുക്കാൻ മടികാട്ടുന്നു എന്നാണ് ആരോപണം. ഏതൊക്കെ രീതിയിൽ നിർബന്ധിച്ചാലും ആർക്കും വഴങ്ങാത്ത പ്രകൃതം. ശബരിമലക്ക് വ്രതമെടുത്തിരിക്കുകയായിയുന്നു ആ സമയം കടുവ. എന്നാൽ കാര്യങ്ങൾ അത്ര ശുഭകരമായിരുന്നില്ല. അയ്യപ്പൻ കുട്ടിയുടെ മേലെ കയറിയെങ്കിലും ആന പാഞ്ഞു. ചങ്ങലയിൽ തൂങ്ങിക്കിടന്നു കടുവയും. ഒന്നും രണ്ടുമല്ല ആറു കിലോമീറ്ററോളം ഈ പോക്ക് തുടർന്നു.

അവസാനം കടുവയെ ആന കുടഞ്ഞിട്ടു. അടുത്ത ആക്രമണത്തിൽ നിന്നും അതിവിദഗ്ദ്ധമായി കടുവ ഒഴിഞ്ഞുമാറിയതോടെ കോപം മുഴുവൻ ഒന്നാമൻ കൃഷ്ണൻകുട്ടി നായരോടായി. തുമ്പിക്ക് പിടിച്ചു അയാളെ കുത്താനാഞ്ഞതോടെ കടുവയുടെ പ്രയോഗത്തിന് സമയമായി. ഒറ്റച്ചാട്ടത്തിനു ആനയുടെ വാലിൽ തൂങ്ങിയ കടുവ അതിനെ പിന്തിരിപ്പിച്ചു. തന്ത്രപൂർവ്വം നിയന്ത്രിച്ചു കെട്ടിലുമാക്കി. എല്ലാം കഴിഞ്ഞു അവനെ പണിക്കിറക്കിയിട്ടുകൂടിയാണ് ആനപ്പണിയിലെ കടുവ അവിടെ നിന്ന് പടിയിറങ്ങിയത്.

അലച്ചിലും അരക്ഷിതാവസ്ഥയും മാത്രം നിറഞ്ഞ ജീവിതത്തിൽ ആനന്ദത്തിനായി അൽപ്പം ലഹരി കടുവ നുണയുമായിരുന്നു. എന്നാൽ ആനകളോടൊപ്പം നടക്കുമ്പോൾ കൃത്യമായ ചിട്ടയുണ്ടായിരുന്നു. തികഞ്ഞ ദൈവ വിശ്വാസിയായിരുന്നു. ഒരുദിവസം കണ്ടമ്പുള്ളി തറവാട്ടിലേക്ക് ചെല്ലാൻ അറിയിപ്പ് കിട്ടി. ബാലനാരായണൻ എന്ന ഭീമാകാരനെ കീഴ്പ്പെടുത്താൻ. അതിന് മുൻപ് ബാലനാരായണൻ, പട്ടാമ്പി നാരായണൻ ആയിരുന്നു. ചെങ്ങലൂർ രംഗനാഥന് ശേഷം ആനകേരളം അതിശയത്തോടെയും ഭയത്തോടെയും നോക്കിനിന്ന ഉയരക്കേമൻ. അതിലുപരി അതിഭയങ്കര കലാപകാരി. കേരളത്തിൽ എത്തി മാസം ഒന്ന് തികയുന്നതിനു മുൻപേ തനിക്കു മലയാളഭാഷയുടെ ബാലപാഠങ്ങൾ പറഞ്ഞുതന്നയാളെ കൊമ്പിൽ കോർത്ത്‌ അവൻ തന്റെ നയം വ്യക്തമാക്കി.

തുടർച്ചയായുള്ള കൊലപാതകവും കഷ്ടനഷ്ടങ്ങളുമെല്ലാം കാരണം പട്ടാമ്പിക്കാർ അവനെ കണ്ടമ്പുള്ളിക്കാർക്കു വിറ്റു. എന്നാൽ അവിടെയെത്തിയപ്പോഴും ആനയുടെ സ്വഭാവത്തിന് യാതൊരു മാറ്റമുണ്ടായില്ല. ചട്ടക്കാരെ വക വരുത്തുന്ന കലാപകാരിയായി അവൻ അറിയപ്പെട്ടു. ഇടഞ്ഞു ഉത്സവങ്ങൾ അലങ്കോലമാക്കിയതോടെ “പൂരം മുടക്കി” എന്ന ഇരട്ടപ്പേരും വീണു. ഗത്യന്തരമില്ലാതെ കണ്ടമ്പുള്ളിക്കാർ കടുവയെ കൊണ്ടുവന്നു. അവസാന പരീക്ഷണം. കടുവയുടെ കയ്യടക്കത്തിൽ ബാലനാരായണൻ വീണു. ഹിമാലയത്തോളം ഉയരമുള്ള ബാലനാരായണനും കാരക്കോലിന്റെ മാത്രം വലിപ്പമുള്ള കടുവയും ചേർന്ന് ഉത്സവപ്പറമ്പുകളിൽ പുതുചരിത്രം രചിച്ചു. “കടുവയും കണ്ടമ്പുള്ളിയും” അതൊരു കൂട്ടുകെട്ടായിരുന്നു. തൊണ്ണൂറ്റഞ്ചു പൂരങ്ങൾ, ഇരുപത്തിരണ്ടു പെരുന്നാളുകൾ. കടുവ വീണ്ടും താരമായി, ഒപ്പം ബാലനും.

സ്വഭാവത്തിലെ പ്രത്യേകത കൊണ്ട് കെട്ടുതറിയിൽ ഒതുക്കപ്പെട്ട തെച്ചിക്കോട്ടുകാവിലെ രാമചന്ദ്രനായിരുന്നു അടുത്ത ഊഴം. അതിസമർത്ഥമായി ആനയെ അഴിച്ചെടുത്ത കടുവയെ പിന്നീട് രാമചന്ദ്രൻ മനസ്സാവരിക്കുകയും ചെയ്തു. രാമനെന്ന രാജാവിന്റെ ഉദയം. ഉയരപ്പെരുമയുടെ പിന്തുണയും ഒറ്റനിലവിന്റെ പൂർണ്ണതയുമായി ഉത്സവകേരളത്തിൽ രാമചന്ദ്രൻ തന്റെ ഏകഛത്രാധിപത്യം അരക്കിട്ടുറപ്പിച്ചു. ചട്ടക്കാരന്റെ വായ്ത്താരിയോ സമ്മർദ്ദമോ കൂടാതെ ആന കേരളത്തിൽ അറിഞ്ഞു നിൽക്കാൻ കടുവയുടെ ശിക്ഷണം തുണയായി.

പക്ഷെ വലിയൊരു വിപത്ത് വരാനുണ്ടായിരുന്നതേയുള്ളൂ. രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന തത്തമംഗലം അങ്ങാടി വേല കഴിഞ്ഞ് പുതുനഗരം പാടവരമ്പിലൂടെ പോവുകയായിരുന്നു ഗജവീരന്മാർ. മനിശ്ശേരിയിലെ കർണ്ണനും മറ്റ് വേറെയും ആനകളുണ്ട്. മുൻപിലൂടെ ഏതെങ്കിലും ആന വട്ടം ചാടിയാൽ രാമചന്ദ്രന് ഇഷ്ടപ്പെടില്ല. അത് ചെറുപ്പം മുതലുള്ള രീതിയാണ്. അങ്ങെനെയെന്തോ അവിടെ നടന്നു. രാമചന്ദ്രൻ ഓടി. കുറെ മുൻപിൽ പോവുകയായിരുന്ന കർണ്ണനെ ഇടിച്ചു. തികച്ചും അപ്രതീക്ഷിതമായ ആക്രമണം. കർണ്ണൻ വീഴുക തന്നെ ചെയ്തു. വീണു കിടക്കുന്ന കർണ്ണന്റെ മാറ് പിളർക്കാൻ കുതിച്ചെത്തുന്ന രാമചന്ദ്രൻ. എന്നാൽ കർണ്ണനും രാമനും ഇടയിൽ  “കടുവ” പ്രത്യക്ഷപ്പെട്ടു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന രാമചന്ദ്രൻ. രാമചന്ദ്രനെ തടയാൻ പാഞ്ഞടുക്കുന്ന കടുവ. എന്ത് ചെയ്യണമെന്നു തീരുമാനിക്കാൻ പോലും സമയമില്ലാത്ത മുഹൂർത്തം. ഒരുനിമിഷം വൈകിയാൽ എല്ലാം തീരും. കൂട്ടാനക്കുത്തിനു സാക്ഷിയാകേണ്ടിവന്നല്ലോ എന്നൊരു ഉൾക്കിടിലത്തോടെ ആളുകൾ മുഖം തിരിച്ചു. എന്നാൽ കുതിച്ചെത്തിയ കടുവ രാമനും കർണ്ണനും ഇടയിൽ ചാടിവീണു. ഒരുജീവന്മരണപ്രയോഗം. രാമചന്ദ്രൻ ആനയായിരുന്നെങ്കിൽ വേലായുധേട്ടൻ കടുവയായിരുന്നു. ആ പ്രയോഗത്തിൽ കർണ്ണനു കിട്ടിയത് സ്വന്തം ജീവനും രാമചന്ദ്രന് തെറ്റിയത് അവന്റെ ലക്ഷ്യവും.

കണ്ടമ്പുള്ളി ബാലനാരായണൻ ആനകേരളത്തിലെ മഹാമേരുവായി നിറഞ്ഞാടുന്ന കാലം. ലക്ഷണത്തികവുകളുടെ അളവുകോലുകൾക്കതീതമായി അസാധ്യഉയരവും അതിനേക്കാൾ ഉയർന്ന തലയെടുപ്പും കൊണ്ട് പൂരപ്പറമ്പുകളിൽ പ്രൗഢിയുടെ പ്രതീകമായ് ഉദിച്ചുനിന്നിരുന്ന സമയം. അളവും തലയെടുപ്പുമുള്ള മറ്റേതെങ്കിലും ആന വന്നാലും കണ്ടമ്പുള്ളി വല്ല്യാനയുടെ ചെവിയ്ക്കു താഴെ മാത്രം അവയുടെ ശിരസ്സെത്തിയിരുന്ന കാലം.! വടക്കാഞ്ചേരിക്കടുത്തുള്ള അത്താണി ശ്രീ കുറ്റിയങ്കാവ് പൂരമഹോത്സവത്തിനു തിരുത്തിപ്പറമ്പ് വിഭാഗത്തിന്റെ തിടമ്പേറ്റാൻ ബാലനാരായണൻ വരുന്നു. ബാലന്റെ വലത്തേക്കൂട്ടു നിൽക്കാൻ രാമചന്ദ്രനും ഒപ്പം കടുവ വേലായുധേട്ടനും. മറുവിഭാഗമായ മിണാലൂർ ദേശത്തിന്റെ കോലമെടുക്കാൻ മനിശ്ശേരിയിലെ കർണ്ണനും.

ഉത്സവത്തിന്റെ എഴുന്നെള്ളിപ്പ്. തിരുത്തിപ്പറമ്പ് ദേശത്തിന്റെ തിടമ്പേറ്റി പ്രതാപിയായി നിൽക്കുന്ന ആനകളിലെ അതികായൻ കണ്ടമ്പുള്ളി ബാലനാരായണൻ. വലത്തേക്കൂട്ട് രാമചന്ദ്രൻ. മിണാലൂർ വിഭാഗത്തിന്റെ തിടമ്പേറ്റി തലയെടുപ്പോടെ ഉയർന്നുനിൽക്കുന്ന മനിശ്ശേരി കർണ്ണൻ. അടുത്തടുത്തു നിൽക്കുന്ന ബാലനാരായണനും രാമനും തമ്മിൽ പ്രകടമായ വ്യത്യാസം. രാമനിൽ അന്ന് വേലായുധേട്ടന് ഒറ്റച്ചട്ടമാണ്. രാമചന്ദ്രനെ നിലവിൽ നിർത്തിക്കാനുള്ള ശ്രമത്തിലാണ് കടുവ. എന്നാൽ രാമചന്ദ്രനുണ്ടോ നില്കുന്നു.? വെറുതെ തലയും താഴ്ത്തിനിൽപ്പാണ് രാമൻ. തലയെടുപ്പിനുവേണ്ടി കൂടുതൽ സമ്മർദ്ദതന്ത്രങ്ങൾ പ്രയോഗിക്കുക എന്നത് കടുവയുടെ രീതിയല്ല. ഒരളവിൽ കൂടുതൽ നിർബന്ധിക്കാനും നിവൃത്തിയില്ല. കാരണം ആന രാമനാണ്.

ഏതാനും നിമിഷങ്ങൾ കഴിഞ്ഞുപോയി. ആശാൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് രാമചന്ദ്രന് മനസ്സിലായി. ചിട്ടയായ അഭ്യാസങ്ങളിലൂടെ താൻ നേടിയടുത്ത തലയെടുപ്പിന്റെ മാസ്മരിക പ്രഭാവങ്ങൾ അവന്റെ മനസ്സിൽ പ്രതിഫലിച്ചു. ചെവിയതാ വീശിയടിക്കുന്നു, നടയതാ ഉറപ്പിക്കുന്നു, അമരങ്ങളതാ ഊന്നുന്നു, ശിരസ്സതാ ഉയരുന്നു. അത് വരെ ബാലനാരായണനെയും കർണ്ണനെയും മാത്രം നോക്കി നിന്നവരുടെ മിഴികൾ രാമചന്ദ്രനിലേക്ക്. അവിശ്വസനീയമായ ആ കാഴ്ച്ച കണ്ട് ആളുകൾ ആവേശത്തോടെ ആർത്തുവിളിച്ചു. രാമചന്ദ്രന്റെ നടയ്ക്കരികിൽ നിന്നിരുന്ന കടുവ കാര്യമറിയാൻ മുന്നോട്ട് കയറിനിന്നുനോക്കി. സാക്ഷാൽ ബാലനാരായണനെക്കാൾ മുകളിലാണ് തന്റെ രാമചന്ദ്രന്റെ ശിരസ്സ്. അതൊരു തുടക്കമായിരുന്നു. ആനകേരളത്തിലെ രാമനെന്ന രാജാവിന്റെ ഉദയം. അതും കടുവ-രാമചന്ദ്രൻ കൂട്ടുകെട്ടിൽ പിറവിയെടുത്ത രാജസൂയം.

ഒരിക്കൽ പാലക്കാട്‌ ഭാഗത്തെ ഒരു പരിപാടിക്കിടയിൽ കടുവയുടെ സഹായിയായ പാപ്പാൻ രാമചന്ദ്രനോട് ഒരു ചെറിയ കുരുത്തക്കേട് ഒപ്പിച്ചു. ആനയ്ക്ക് അതിഷ്ടമായില്ല. അവൻ അയാൾക്ക് നേരെ തിരിഞ്ഞു. രാമന്റെ സ്വഭാവമറിയാവുന്ന അയാൾ ജീവനും കൊണ്ടോടി. എന്നാൽ രാമനുണ്ടോ വിടുന്നു, അവനും പുറകെ പാഞ്ഞു. ആനയ്ക്ക് പുറകെ ആളുകളും. ചട്ടക്കാരൻ ഓടിയോടി പാലക്കാട്‌ ഗാന്ധി ബസാർ റോഡിലെ ചേറ്റുപുഴ ജ്വല്ലറി ബിൽഡിങ്ങിലേക്ക് ഓടിക്കയറി. പണിപൂർത്തിയാകാത്തൊരു കെട്ടിടമായിരുന്നു അത്. എന്നാൽ ചട്ടക്കാരന്റെ പുറകെ രാമനും ഒന്നാം നിലയിലേക്കോടിക്കയറി. പുറകെയെത്തിയ ആളുകൾ കണ്ടത് ഒന്നാം നിലയിൽ തുമ്പിയും പൊക്കി നിൽക്കുന്ന രാമനെയാണ്. അപകടമൊന്നും സംഭവിക്കുന്നതിന് മുൻപേ ആനയെ അനുനയിപ്പിച്ചു താഴെയിറക്കി. അതും കടുവയുടെ നേതൃത്വത്തിൽ തന്നെ. ഈ സംഭവത്തിനു ശേഷം രാമചന്ദ്രന് “തട്ടിൻപുറം ആന” എന്നൊരു വിളിപ്പേരും കിട്ടി.!

ഒരാനയെ നല്ല ശീലങ്ങൾ പരിശീലിപ്പിക്കുന്നതും ചീത്ത ശീലങ്ങൾ പഠിപ്പിക്കുന്നതും ചട്ടക്കാരൻ തന്നെയാണ്. ധൈര്യവും കൗശലവും മനക്കട്ടിയും തീരുമാനം എടുക്കുന്നതിനുള്ള മികവും ചട്ടക്കാർക്ക് വേണം. അതിലുപരി ആന ഒരു വന്യമൃഗമാണെന്നിരിക്കെ ചെറിയ അശ്രദ്ധ പോലും വലിയ ദുരന്തങ്ങൾ സൃഷ്ടിക്കുമെന്നതിനാൽ അപാരമായ നിരീക്ഷണപാടവവും ശ്രദ്ധയും ഒരു ചട്ടക്കാരന് അത്യന്താപേക്ഷികമായി വേണ്ടതാണ്. വർഷങ്ങളോളം കരയിലെ ഏറ്റവും വലിയ ജീവിയുമായി സഹവസിച്ചതിന്റെ അനുഭവസമ്പത്തിൽ, അവയുടെ ചൂര് മാറിയാൽ തന്നെ ഉൾക്കോളിന്റെ ലക്ഷണവും വാട്ടവുമെല്ലാം വേലായുധേട്ടൻ മുൻകൂട്ടി മനസ്സിലാക്കിയിരുന്നു. ഇടഞ്ഞ ആനകളെ തന്റെ ധൈര്യവും കൗശലവും മെയ്വഴക്കവും കൊണ്ട് തളയ്ക്കാൻ വേലായുധേട്ടനോളം മികവ് അന്നൊന്നും ആർക്കുമുണ്ടായിരുന്നില്ല. ഇന്നും അത്‌ അങ്ങെനെത്തന്നെ.!

ഒരാനപ്പുറത്തു നിന്ന് മറ്റൊരാനയുടെ പുറത്തേക്കെല്ലാം ക്ഷണനേരം കൊണ്ട് കടുവയെപ്പോലെ ചാടിവീണ് അവയെ നിയന്ത്രിച്ച സന്ദർഭങ്ങൾ. കൈവിട്ട ശ്രീനിവാസനെ കൗശലം കൊണ്ട് കടുവ കെട്ടിലാക്കിയതും, പിന്നീട് വേലായുധേട്ടനെയും മുട്ടിയുരുമ്മി ഉത്സവപ്പറമ്പുകളിലെത്തുന്ന ശ്രീനിയുമെല്ലാം അന്നത്തെ പതിവുകാഴ്ച്ചകാളായിരുന്നു. താടമുട്ടിയൊലിക്കുന്ന വേളയിൽപ്പോലും വേലായുധേട്ടൻ ശ്രീനിവാസനുമായി അടുത്തിടപഴകുമായിരുന്നു.

ആനയുമായുള്ള ജീവന്മരണപോരാട്ടത്തിനിടയിൽ മിക്കപ്പോഴും വേലായുധേട്ടന് പരിക്കേറ്റിരുന്നു. ഒരിക്കൽ അഭിരാമി എന്ന് പേരുള്ള പിടിയാനയിൽ നിന്ന് വീണു നട്ടെല്ലിന് ഗുരുതരമായ ക്ഷതം സംഭവിച്ചു. അതോടെ രണ്ടു കാലും ഇരുവശങ്ങളിലേക്ക് തൂക്കിയിടാൻ കഴിയാതായി. പിന്നീട് ആനപ്പുറത്ത് ഒരേവശങ്ങളിലേക്ക് രണ്ടുകാലും വച്ചാണ് ഇരുന്നിരുന്നത്.! എന്നിരുന്നാലും ആന തെറ്റിയെന്ന വാർത്തയറിഞ്ഞാൽ ശാരീരികമായ അസ്വസ്ഥതകൾപ്പോലും കാര്യമാക്കാതെ അദ്ദേഹം ഓടിയെത്തുമായിരുന്നു.

ഒരിക്കൽ കുന്നംകുളം ഭാഗത്തെ പ്രശസ്തരായ ഒരു തറവാട്ടുകാർക്ക് ആനയെ വാങ്ങിക്കണം. അതിനായി ബീഹാറിലെത്തി. നല്ലൊരാനയെ കണ്ടെത്താനായി വേലായുധേട്ടനെയും അവർ കൂടെ കൊണ്ടുപോയിരുന്നു. വൈകാതെ ഒരു സുന്ദരൻ കൊമ്പനെ കണ്ടെത്തി നല്ലൊരു സംഖ്യ അഡ്വാൻഡും നൽകി. എന്നാൽ അതിന്റെ കാര്യങ്ങൾ നോക്കിനടത്തിയിരുന്ന അവിടുത്തെ ആനപ്പണിക്കാരന് ആനയെ വിൽക്കുന്നതിനോട് യോജിപ്പുണ്ടായിരുന്നില്ല. കച്ചവടം ഉറപ്പിച്ചു എന്നറിഞ്ഞതോടെ അയാൾ ആരുമറിയാതെ ആനയുടെ കെട്ടഴിച്ചുവിട്ടു. ആനയാകട്ടെ കാടുകയറിയും പോയി.

വൈകാതെ ഈ സംഭവങ്ങളൊന്നുമറിയാതെ കടുവയും കൂട്ടരും ആനയെ കൊണ്ടുപോകാനായെത്തി. പക്ഷെ ആനയില്ല. ആന കെട്ടുംപൊട്ടിച്ച് കാടുകയറിയെന്നു ബീഹാറിയായ ഉടമസ്ഥൻ. നല്ലൊരു തുക അഡ്വാൻസായി നേരത്തെ കിട്ടിയതിനാൽ ആനയെ തിരക്കാനൊന്നും അയാൾ മെനക്കെട്ടിരുന്നുമില്ല. ആറ്റുനോറ്റ് ആനയെ വാങ്ങാനാഗ്രഹിച്ച് ബീഹാറിലെത്തി ഉള്ള പണവും നൽകി. എന്നാൽ ആനയുമില്ല തോട്ടിയുമില്ല. ആകെ സങ്കടകരമായ അവസ്ഥ. എന്നാൽ സകലരെയും ഞെട്ടിച്ചുകൊണ്ട് ആനപോയ വഴിയേ കടുവ കാട്ടിലേക്ക് കുതിച്ചു. ബാക്കി ഭാഗം വായിക്കുവാൻ – https://bit.ly/2VJp3tP.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post