വിവരണം – Sudeep Sudhi Manippara.

കൂട്ടുകാർ ഒരുപാട് പ്ലാൻ ചെയ്യുന്ന യാത്രകൾ നടക്കാറില്ല എന്ന് പൊതുവെ പറയാറുണ്ട്. പക്ഷേ ആ മുൻ ധാരണ മാറ്റി എഴുതി ഞങ്ങൾ ഇൗ യാത്രക്ക്‌ ശേഷം..മനം മടുപ്പിക്കുന്ന ബാംഗളൂർ ട്രാഫിക് ബ്ലോക്കിനും ഇവിടുത്ത പൊടിയും സൗണ്ടും നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും മാറി ഒരു യാത്ര അത് ഞങ്ങളുടെ ഒരുപാട് നാളത്തെ പ്ലാനിംഗ് ആയിരുന്നു.. ഞങൾ എന്ന് പറയുമ്പോൾ ഞാനും സഹമുറിയന്മാരും ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നവരുമായ Arun Mnt , Lithin Kalliasseri പിന്നെ , Abhinand T Abhi.

2 മാസം മുൻപേ തുടങ്ങിയ ഗംഭീരമായ പ്ലാനിങിലൂടെ ആണ് ഇൗ യത്രക്ക് തുടക്കം.. എല്ലാവരും ഗോവ പോകുന്നതിൽ നിന്ന് എന്തെങ്കിലും ഒരു വ്യത്യാസം നമ്മുടെ യാത്രക്ക് ഉണ്ടാവണം എന്ന് ആദ്യമേ മനസ്സിൽ ഉറപ്പിച്ചു വച്ചിരുന്നു അങ്ങനെ ആണ് ബൈക് റൈഡ് ആവാം എന്ന തീരുമാനത്തിൽ എത്തിയത്..ഇത് വരെ ഒരു ദൂര യാത്ര പോലും ബൈക്കിൽ പോകാത്തത് കൊണ്ട് ഞങ്ങളെ സമ്പത്തിച്ച് ഇൗ യാത്ര വളരെ വ്യത്യസ്തം ആയിരിക്കും എന്ന് തോന്നി. പോകാൻ പ്ലാൻ ചെയ്ത് തുടങ്ങിയപ്പോൾ 6 പേര് ഉണ്ടായിരുന്നു എങ്കിലും അവസാനം യാത്രയുടെ സമയത്ത് ഞങൾ 4 പേർ മാത്രമാണുണ്ടായിരുന്നത്..

മുന്നൊരുക്കം: സ്വന്തമായി ലോങ് റൈഡ് ചെയ്യാൻ ഉള്ള ബൈക് ഞങ്ങളുടെ ആരുടെയും കൈയിൽ ഇല്ലായിരുന്നു.. അങ്ങനെ ആണ് ഞങൾ റന്റിന് ബൈക് നൽകുന്ന wickedride എന്ന സ്ഥാപനത്തെ സമീപിച്ചത് അവിടെ വച്ച് ആണ് മലയാളിയും ആ സ്ഥാപനത്തിലെ ജോലിക്കാരനും ആയ ദീപക്കിനെ പരിചയപ്പെട്ടത് അത് വണ്ടി റെന്റിന് എടുക്കാൻ ഉള്ള ഞങ്ങളുടെ മുന്നോട്ടുള്ള കാര്യങ്ങളെ എളുപ്പം ആക്കി. ഒറിജിനൽ ലൈസൻസ് ആധാർ കാർഡും ഉണ്ടെങ്കിൽ ആർക്കും വളരെ എളുപ്പത്തിൽ ബൈക് റന്റിന് ലഭിക്കും.. ഓൺലൈൻ ആപ്ലിക്കേഷൻ വഴി യാത്ര പോകേണ്ട ഡേറ്റും ഏത് വണ്ടിയും ആണെന്ന് സെലക്ട് ചെയ്ത് വളരെ എളുപ്പത്തിൽ വണ്ടി ബുക്ക് ചെയ്യാം.. അഭിനന്ദിന്റെ ശക്തമായ നിർബന്ധത്തിന് വഴങ്ങി Himalayan ബൈക് തന്നെ ഞങൾ ബുക്ക് ചെയ്തു.. ആ നിർബന്ധം പിന്നീട് യാത്രയിൽ ഉടനീളം ഞങ്ങളെ ഒരു മടുപ്പും കൂടാതെ മുൻപോട്ട് നയിക്കാൻ കാരണം ആയി…

വണ്ടി ആയി ഇനി വേണ്ടത് ഗോവയിൽ 3 ദിവസം തങ്ങാൻ ഉള്ള താമസ സൗകര്യം ആയിരുന്നു.. make my trip എന്ന സൈറ്റ് ഉപയോഗിച്ച് calangutte beach ന് സമീപത്തായി 2 ബെഡ് അപ്പാർട്ട്മെന്റ് തന്നെ ബുക്ക്‌ ചെയ്തു 7000 രൂപ ആണ് 3 ദിവസത്തേക്ക് ആയത്.. (ഗോവയിൽ റൂം ബുക്ക് ചെയ്യുമ്പോൾ baga or calangutte beach സൈഡിൽ ബുക്ക് ചെയ്യുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. ഗോവയിലെ പ്രധാന പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനിലേക്ക്‌ പെട്ടെന്നു എത്തി ചേരാൻ ഇത് സഹായകമാവും.. ) riding jacket, protective glouse, night ride glass, good helmet ഇതൊക്കെ ഞങൾ നേരത്തെ തന്നെ സങ്കടിപ്പിച്ച് വച്ചിരുന്നു..

യാത്രയുടെ തുടക്ക ദിനം: അങ്ങനെ ഒരുപാട് നാളത്തെ ആഗ്രഹങ്ങൾക്ക് ശേഷം ഇന്ന് ഞങൾ യാത്ര പുറപ്പെടുകയാണ് ജോലിയിൽ തീർക്കേണ്ട കര്യങ്ങൾ ഒക്കെ രാവിലെ 11 മണിക്ക മുന്നേ തന്നെ പൂർത്തിയാക്കി. തലേ ദിവസം തന്നെ പാക്ക് ചെയ്ത് വച്ച ബാഗുമെടുത്ത് നേരെ വിട്ടു ജയനഗർ ഉള്ള wickedride ഓഫീസിലേക്ക്.. പ്ലാൻ പ്രകാരം 1 മണിക്ക് ബാംഗളൂർ ടൗണിനോട് വിടപറയാൻ ഉള്ളതാണ് ഞങൾ, എങ്കിൽ മാത്രമേ രാത്രി 12 മണിയോട് കൂടി ഗോവയിൽ എത്തി ചേരാൻ പറ്റൂ.. ബൈക്കിന്റെ ഫോർമാൽറ്റിസ് ഒക്കെ കഴിഞ്‌ വണ്ടി കൈയിൽ കിട്ടുമ്പോൾ സമയം 1.30 ഇനി വേണം ജാലഹല്ലി ഉള്ള അഭിനന്ദിനെയും കൂട്ടി യാത്ര തുടങ്ങാൻ.. ഇവിടുത്തെ ബ്ലോക്കിലൂടെ നീങ്ങി നിരങ്ങി അവനെയും കൂട്ടി വണ്ടി ബാംഗളൂർ ടൗൺ കടക്കുമ്പോൾ സമയം 4 മണി.. തുടക്കത്തിൽ തന്നെ പണി പാളിയോ എന്നൊരു സംശയം.. എന്തായാലും ഗോവ എന്ന സ്വപ്ന നഗരം കണ്ണിനു മുൻപിൽ കാണാൻ കൊതിച്ച് അങ്ങ് നിൽക്കുമ്പോൾ കൂടുതൽ ആവേശത്തോടെ തന്നെ ഞങ്ങൾ അക്‌സിലേറ്ററിൽ കൈ കൊടുത്തു..

ഒരു വണ്ടിയിൽ ഞാനും അരുണും മറ്റേതിൽ ലിതിനും അഭിനന്ദും.. തുംകൂറിന് തൊട്ടു മുൻപായി ചായ കുടിക്കാൻ വേണ്ടി ഞങ്ങളുടെ ആദ്യത്തെ സ്റ്റോപ്.. അവിടെ നിന്ന് കുറച്ച് ഫോട്ടോസും എടുത്ത് ചായയും കുടിച്ച് വീണ്ടും യാത്ര തുടങ്ങാൻ തീരുമാനിച്ചു.. പ്ളാൻ പ്രകാരം 4 മണിക്കൂർ ലേറ്റ് ആയാണ് നമ്മുടെ വണ്ടി ഓടിക്കൊണ്ടിരിക്കുന്നത് എന്നോർക്കണം.. ഗോവ ബോർഡർ സൈഡിൽ ഉള്ള ഒരു കാട് കൂടി കടക്കേണ്ടതുണ്ട് ആ റോഡ് രാത്രി യാത്രക്ക് അത്ര പന്തി അല്ല എന്ന വിവരം സുഹൃത്തിന്റെ കൈയിൽ നിന്ന് എനിക്ക് കിട്ടിയത് കൊണ്ട് ചെറിയ ഒരു ഭയം മനസ്സിൽ ഉണ്ടായിരുന്നു.. (ബാക്കി കൂടെ ഉള്ളവർക്ക് ഇത് അറിയാത്തത് കൊണ്ടോ എന്തോ അവരുടെ മുഖത്ത് കാര്യമായ ഭാവ വ്യത്യസം ഒന്നും ഉണ്ടായിരുന്നില്ല).

യാത്ര തുടങ്ങുന്നതിനു മുൻപ് തന്നെ രണ്ട് വണ്ടിയിലും ഫുൾ ടാങ്ക് എണ്ണ അടിച്ചിരുന്നു (14 ലിറ്റർ ഒരു വണ്ടിക്ക്).വിശാലമായ 6 വരി പാത ആണ് ഹൂബ്ലി വരെ എന്നാണ് കേട്ടിരിക്കുന്നത് അത് കൊണ്ട് രാത്രി ഡ്രൈവിംഗ് അവിടെ വരെ വളരെ എളുപ്പം ആയിരിക്കും എന്നാണ് വിശ്വാസം. വിശ്വാസം പോലെ തന്നെ സുന്ദരമായ അതിവേഗ പാത തന്നെ ആയിരുന്നു ഞങ്ങൾക്ക് മുൻപിലേക്ക് വന്ന് കൊണ്ടിരുന്നത്. പാതകൾക്ക് നടുക്കുള്ള ഡിവൈഡറുകളിൽ കുറച്ച് ഉയരമുള്ള ചെടികൾ നട്ട് പിടിപ്പിച്ചതിനൽ എതിരേ വരുന്ന വാഹനങ്ങളുടെ ശക്തമായ ലൈറ്റ് പ്രതിരോധിക്കാൻ സാധിക്കുന്നുണ്ട്.. ഇടയ്ക്ക് പെയ്ത ചാറ്റൽ മഴയിൽ ആദ്യം വണ്ടി നിർത്തി മഴ തോർന്നതിന് ശേഷം പോകാം എന്ന് തോന്നിയെങ്കിലും ഇനിയും ഓടനുള്ള ദീർഘമായ ദൂരം ഓർത്തപ്പോൾ ചെറിയ മഴ നനഞ്ഞ് വണ്ടി ഓടിക്കാം എന്ന് ഞങ്ങൾ തീരുമാനിച്ചു.

പിന്നീടുള്ള യാത്രയിൽ ചാറ്റൽ മഴ ഇടക് ഇടക് വന്ന് പോയി കൊണ്ടിരുന്നു. അങ്ങനെ ഏകദേശം 9 മണിയോട് കൂടി ചിത്ര ദുർഗക്കും ദാവൻകരക്കും ഇടയിൽ ഉള്ള ഒരു ദാബായിൽ കയറി ഞങൾ രാത്രി ഭക്ഷണം അകത്താക്കി ( ലോറി, രാത്രിയാത്രകാർക് വേണ്ടി ഇത് പോലുള്ള ഭക്ഷണ ശാലകൾ ഹൈവേക്ക്‌ ഇരുപുറവും ഒരുപാട് കാണാൻ സാധിക്കും രാത്രി യാത്രകളിൽ പോക്കറ്റ് കാലിയാകാതെ നല്ല ചൂടൻ ഭക്ഷണങ്ങൾ ഇവിടെ നിന്നും കഴിക്കാം.) ഞങ്ങളുടെ യാത്രയുടെ അടുത്ത യാത്രാ പഥം ദവാങ്കര വഴി ഹവേരി ടൗൺ പാസ്‌ ചെയ്ത് ഹൂബ്ലി ടൗൺ ടച്ച് ചെയ്യാതെ ദർവാഡ് എത്തി ചേരുക അവിടെ നിന്നും ഗോവയിലേക്കുള്ള ഹൈവേ പിടിക്കുക..

വീണ്ടും യാത്ര തുടർന്നു വഴികാട്ടി ബോർഡുകളിലെ ലക്ഷ്യസ്ഥാനത്തേക്കുള്ള കിലോമീറ്റർ കുറഞ്ഞ് കുറഞ്ഞ് വരുന്നത് മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം തരുന്നുണ്ടായിരുന്നു.. ഇടയ്ക്ക് ഇടയ്ക്ക് ഉള്ള റോഡുകളിലെ മെയിന്റനൻസ്‌ ജോലികൾ ഞങ്ങളുടെ യാത്രയുടെ വേഗം കുറയാൻ കാരണം ആയി.. ഏകദേശം ഹൂബ്ലിയോട് അടുത്ത് എത്തിയപ്പോൾ ഉണ്ടായ മൂടൽ മഞ്ഞ് ഞങ്ങളുടെ കാഴ്ചയെ ഭാഗികമായി മറച്ചു എങ്കിലും ഒറ്റവരി പാത ആയത് കൊണ്ട് ഞങ്ങളെ അത് അധികം ബുദ്ധിമുട്ടിൽ ആക്കിയില്ല വണ്ടിയുടെ ഹസാർഡ് ലൈറ്റ് ഓൺ ആക്കിയത്തിന് ശേഷം യാത്ര തുടരാൻ ഞങൾ തീരുമാനിച്ചു. അപ്പോഴാണ് അഭിനന്ദും ലിതിനും വന്ന് കൊണ്ടിരുന്ന ബൈക്കിന്റെ ചെറിയ ഒരു പ്രശ്നം അവരെ കാര്യമായി അലട്ടാൻ തുടങ്ങിയത്.. വണ്ടിയുടെ ഹെഡ്‌ലൈറ്റ് റോഡിൽ നിന്നും അൽപ്പം ഉയരെ ആണ് വീഴുന്നത് അത് കൊണ്ട് തന്നെ റോഡ് കാണാൻ സാധിക്കുന്നില്ല ചുറ്റും ഉള്ള വെള്ള മഞ്ഞ് പടലങ്ങൾ മാത്രം കാണാൻ സാധിക്കും..

സമയം ഏകദേശം 12 മണിയോട് അടുത്തിരുന്നു അത് കൊണ്ട് തന്നെ വർക്ക് ഷോപ്പ് നോക്കി പോകുന്നത് അത്ര പ്രായോഗികം അല്ലാത്തത് കൊണ്ട് ഞങ്ങളുടെ വണ്ടിയുടെ പുറകെ ഹസർഡ് ലൈറ്റ് മാത്രം നോക്കി യാത്ര തുടാരം എന്ന് അവർ സമ്മതിച്ചു.. അങ്ങനെ ഒരുമണിയോടെ ഹൂബ്ലി ടൗണിന് പുറത്ത് എത്തി ചേർന്നു. അവിടെ നിന്നും അഭിനന്ദ് ഓടിച്ച വണ്ടി ഞങൾ എടുക്കുകയും എന്റെ വണ്ടി അവർക് കൊടുക്കുകയും ചെയ്തു ( ഒരുമിച്ചുള്ള യാത്ര ആവുമ്പോൾ സന്തോഷവും കഷ്ടപ്പാടും ഒരുപോലെ പങ്ക് വയ്ക്കണം എന്ന ന്യായവും അവർ നിരത്തി 😩)എന്തായാലും മുൻപോട്ട് ഉള്ള യാത്രയിൽ കണ്ണിനു കാഴ്ച ഇല്ലാത്ത ഈ ഹിമാലയൻ ആണ് ഞങ്ങളുടെ കൂട്ട്.. ബൈപാസ് വഴി കുറച്ച് കൂടി മുൻപോട്ട് പോയപ്പോഴാണ് ശരിക്കും പണി മനസ്സിലായത് ഇനി 6 വരി പാത ഇല്ല ഡിവൈഡറുകൾ ഇല്ലാത്ത 4 വരി പാത മാത്രം ആണ് മുൻപിൽ. പോരാത്തതിന് മൂടൽമഞ്ഞ് മുൻപത്തെക്കാൾ ഇരട്ടി ആയിരിക്കുന്നു. മുൻപിൽ പോകുന്ന വണ്ടിയുടെ ഹസർഡ്‌ ലൈറ്റ് മാത്രം നോക്കി ഞങൾ യാത്ര തുടർന്നു.

കാടിനുള്ളിലേ രാത്രി യാത്ര: അങ്ങനെ ഞങൾ ഒരു 2.30 ഓടെ കർണാടക ഗോവ അതിർത്തിയോട് ചേർന്നുള്ള വന പാതയോട് അടുത്ത് എത്തി ഗൂഗിൾ മാപ്പിൽ നോക്കിയപ്പോൾ ഞങൾ പ്ലാൻ ചെയ്ത് വച്ച റൂട്ട് രാത്രി ക്ലോസ്ഡ് ആയാണ് കാണിക്കുന്നത്. ഒരു റിസ്ക് എടുത്ത് അത് വഴി പോയി ആ ചെക്ക് പോസ്റ്റ് ക്ലോസ്ഡ് ആണെങ്കിൽ വീണ്ടും അത്രയും ദൂരം തിരിച്ച് വരണം മെയിൻ ഹൈവേയിലേക്ക് എത്താൻ, അത് കൊണ്ട് തന്നെ ക്ലോസ്ഡ് അല്ലാത്ത മറ്റൊരു സമാന്തര പാത കണ്ടെത്താൻ ഞങ്ങൾ തീരുമാനിച്ചു. ഒടുവിൽ ഹൈവേയിലൂടെ ഒരു 16 കിലോമീറ്റർ കൂടി മുൻപോട്ട് പോയി ലെഫ്റ്റ് എടുത്താൽ ഒരു സമാന്തര റോഡ് വരുന്നുണ്ട് എന്ന് ഗൂഗിള് മാപിൽ കണ്ടൂ എന്തായാലും ആ വഴി തന്നെ പോകാം എന്ന് ഞങ്ങൾ തീരുമാനിച്ചു.. പോരാത്തതിന് ഗോവ വെറും 150 KM എന്ന് സൈൻ ബോർഡിൽ കാണുക കൂടി ചെയ്തു.. ഞങൾ ഇത് വരെ സഞ്ചരിച്ച ദൂരം വച്ച് നോക്കിയപ്പോൾ ഇത് വളരെ നിസാരമായ ദൂരം മാത്രമാണ് അതോടെ ഞങ്ങൾക്ക് പൂർവാധികം ആവേശം ആയി.

ഹൈവേയിൽ നിന്ന് വനപാതയിലേക്ക്‌ കയറുന്നതിന് മുൻപായി 500 രൂപക്ക് കൂടി ഞങ്ങളുടെ വണ്ടിയിൽ പെട്രോൾ അടിച്ചു. വെറുതെ റിസ്ക് എടുക്കാൻ കഴിയാത്തത് കൊണ്ടാ. അഭിനന്ദും ലിതിനും അവരുടെ വണ്ടിയിൽ പെട്രോൾ അടിച്ചതുമില്ല. ഹൈവേയിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് ഇനി വണ്ടി നിർത്തണം എങ്കിൽ ആളനക്കവും വെളിച്ചവും ഉള്ള ഒരിടത്ത് മാത്രമേ നിർത്തൂ എന്ന തീരുമാനവും ഞങൾ എടുത്തിരുന്നു (കാരണം രാത്രി യത്രക് അത്ര നല്ല പേരു കേട്ട റോഡുകൾ അല്ല ഇനി അങ്ങോട്ട്. കള്ളന്മാരും പിടിച്ച് പറിക്കാരും ഒക്കെ അരങ്ങ് വാഴുന്ന റോഡ് ആണ്. പോരാത്തതിന് ഒരുപാട് ഇരിട്ടിയിരിക്കുന്നു. വാഹനങ്ങൾക്ക് നേരെ സാധാരണയായി ആക്രമണങ്ങൾ ഉണ്ടാവുന്നത് ആളനക്കവും വെളിച്ചവും ഇല്ലാത്ത ഇടങ്ങളിൽ മൂത്രമൊഴിക്കാനും മറ്റും വാഹനങ്ങൾ നിർത്തുമ്പോൾ ആണ്.

അങ്ങനെ മെയിൽ ഹൈവേയിൽ നിന്ന് ഗോവയിലേക്കുള്ള കാനന പാതയിലേക്കുള്ള ഡീവിയേഷൻ ഞങൾ എടുത്തു പിന്നീടുള്ള യാത്ര ഗ്രാമ പ്രദേശങ്ങളിലൂടെ ആയിരുന്നു കാട് പോലെ വളർന്ന് പന്തലിച്ച നീണ്ട കരിമ്പിൻ തോട്ടങ്ങളും.. റോഡിന് അതിര് പങ്കിടുന്ന കൂറ്റൻ ആൽ മരങ്ങളും ഹെഡ് ലൈറ്റ് വെളിച്ചത്തിൽ കണ്ണിനു മുൻപിൽ തെളിഞ്ഞ് വന്ന് കൊണ്ടിരുന്നു ആദ്യമൊക്കെ ഇതാണ് കാട് എന്ന് ധരിച്ചുവിരുന്നുവെങ്കിലും യഥാർത്ഥ കാട് ഞങ്ങളെ കാത്ത് ഇരിക്കുകയായിരുന്നു..

കുറേ ദൂരം കൂടി ഓടിയപ്പോൾ കരിമ്പിൻ കാടുകളാൽ മാത്രം ചുറ്റപ്പെട്ട ഒരു റോഡിലേക്ക് ഞങ്ങൾ കടന്നു പെട്ടെന്ന് കുറച്ച് ദൂരത്തായി ഇടത് സൈഡിൽ റോഡിനോട് ചേർന്ന് മനുഷ്യ രൂപം പോലെ എന്തോ എന്റെ കണ്ണുകൾക്ക് കാണാൻ ആയി ഞാൻ മാത്രം അല്ല എന്റെ ബാക്കിൽ ഇരിക്കുന്ന അരുണും ആ കാഴ്ച കണ്ടിരിക്കുന്നു.. ക്ഷണ നേരം കൊണ്ട് ഞാൻ വണ്ടി പരമാവതി റോഡിന് വലത് വശം ചേർത്ത്‌ പരമാവതി വേഗത്തിൽ് എടുത്തു.. പുറകെ വന്ന ലിതിൻെറ ബൈക്കിന്റെ ഫ്ലാഷ് ലൈറ്റിന്റെ വെളിച്ചത്തിൽ മനുഷ്യ രൂപം പോലെ തന്നെ ഉള്ള ഒരു രൂപം ആണ് അത് എന്ന് ഞങ്ങൾ ഉറപ്പിച്ചു ഞങ്ങൾ മാത്രം അല്ല പുറകിൽ ഉള്ള ലീതിനും അഭിനന്ദും ആ കാഴ്ച കണ്ടിരിക്കുന്നു എന്ന് ഞങ്ങൾക്ക് മനസിലായി.( ഇന്നും അത് എന്താണ് എന്ന കൃത്യമായ ധാരണ ഞങ്ങൾക്ക് ആർക്കും ഇല്ല)
ചെറിയ ഒരു ആന്തൽ മനസ്സിൽ ഉണ്ടായിരുന്നു എങ്കിലും ഞങൾ മുൻപോട്ട് തന്നെ യാത്ര തുടർന്നു. ഇടയ്ക്ക് ഇടയ്ക്ക് ചെറിയ കാടുകൾ പോലെ തോന്നിപ്പിക്കുന്ന ഭാഗങ്ങളും അതിനിടവിട്ട്‌ ചെറിയ ഗ്രാമങ്ങളും ഞങ്ങൾക്ക് മുൻപിലേക്ക് വന്ന് ചേർന്ന് കൊണ്ടേ ഇരുന്നു..

സമയം ഏകദേശം 3.30 യോട് അടുത്തു.കുന്നുകളും കാടുകളും നിറഞ്ഞ വനപാതയിലൂടെ ആയി ഞങ്ങളുടെ യാത്ര.. ഒരു കുന്നിറങ്ങി താഴോട്ട് വരുന്ന വരവിൽ എന്റെ വണ്ടിയുടെ ഫ്ലാഷ് ലൈറ്റിൽ ഒരുകൂട്ടം ആളുകൾ താഴെ ഒരു ചെറിയ പാലത്തിനോട് ചേർന്ന് നിൽക്കുന്നതാണ് കണ്ടത് എന്റെ വണ്ടിയുടെ ലൈറ്റ് വീണപ്പോൾ അവർ ഭീതിയോടെ പെട്ടെന്ന് തിരിഞ്ഞു ചിലരുടെ കൈയിൽ വലിയ മര വടികളും മറ്റും ഉണ്ടായിരുന്നു പക്ഷേ അവരുടെ ആ ഞെട്ടൽ മാറുന്നതിന് മുൻപ് തന്നെ എന്റെ വണ്ടി അവരെ പിന്നിട്ട് വന്നിരുന്നു ഞങ്ങളുടെ കുറച്ച് ബാക്കിൽ ആയി ഉണ്ടായിരുന്ന ലിതിന്റെ വണ്ടിയുടെ മുൻപിലേക്ക് അവർ കയറാൻ ശ്രമിച്ചുവെങ്കിലും അതിന് മുൻപ് ലിതിന്റെ വണ്ടി അവരെ പാസ് ചെയ്തിരുന്നു.. പിന്നീടു കുറച്ച് ദൂരം സാമാന്യം വേഗത്തിൽ തന്നെ ഞങൾ ബൈക്ക് പായിച്ചു അഥവ അവർ ഞങ്ങളെ പിന്തുടർന്നാൽ കൂടി അവരുടെ കൈയിൽ അകപ്പെടാൻ പാടില്ലലോ. പൊട്ടി പൊളിഞ റോഡുകൾ ആയിട്ട് കൂടി വണ്ടി നല്ല കണ്ട്രോളിൽ ഓടിക്കാൻ ഹിമാലയൻ ആയത് കൊണ്ട് ഞങ്ങൾക്ക് സാധിച്ചു.

കുറച്ച്‌ ദൂരം പിന്നിട്ടതിന്‌ ശേഷം റോഡ് പൂർണമായ കാടിലേക് ആണ് കടക്കുന്നത് എന്ന് സൂചിപ്പിക്കുന്ന സൈൻ ബോർഡുകൾ ഒക്കെ കണ്ട് തുടങ്ങി പേരിന് ഒരു ചെക്ക് പോസ്റ്റ് കൂടി കടന്നതോട് കൂടി ( ആളനക്കം ഒന്നും ഉള്ളതായി തോന്നിയില്ല) വണ്ടി പൂർണമായും കാട്ടിലേക് പ്രവേശിച്ചു റോഡിൽ എവിടെയും വണ്ടി നിർത്താൻ പാടില്ലെന്നും വന്യ മൃഗങ്ങൾ ആക്രമിക്കാൻ സാധ്യത ഉണ്ട് എന്ന ബോർഡുകൾ ഒക്കെ മനസ്സിനെ ഒരു ജുറാസിക് പാർക് സിനിമ കാണുന്ന ഫീലിലേക് എത്തിച്ചു എന്നിരുന്നാലും കാട്ടിൽ കേറി പോയില്ലേ യാത്ര മുൻപോട്ട് തന്നെ എന്ന് ഉള്ളിൽ ഇരുന്ന് ആരോ പറയുന്നുണ്ടായിരുന്നു. പറ്റുന്നതും ബൈക്ക് രണ്ടും പരമാവധി അടുപ്പിച്ച് തന്നെ ഞങൾ ഡ്രൈവ് ചെയ്തു.. സമയം ഏകദേശം 4.30 യോടു അടുത്തു.

ഈ റോഡിലേക്ക് കയറിയതിൽ പിന്നെ വണ്ടി ഓടിയിട്ടും ഓടിയിട്ടും ലക്ഷ്യ സ്ഥാനത്തേക്കുള്ള ദൂരം കുറയാത്തത് പോലെ തോന്നി ഒട്ടേറെ വളവുകളും കുന്നുകളും ചെരിവുകളും കടന്നു വണ്ടി ഓടിക്കൊണ്ടേ ഇരുന്നു, ഒരിടക്ക് ഞങൾ ഇംഗ്ലീഷ് സിനിമയിൽ ഒക്കെ കണ്ടിട്ടുള്ള വല്ല triangle ലും പെട്ട് പോയതാണോ എന്ന് വരെ സംശയിച്ചു.. ആ സംശയത്തിന് അധികം ആയുസ് ആകും മുൻപ് ഞങൾ ഫോറസ്റ്റ് ചെക്ക് പോസ്റ്റിലേക് എത്തി ചേർന്നു യാതൊരു പരിശോധനകൾ ഇല്ലാതെ തന്നെ ഞങ്ങളെ അവിടെ നിന്നും കടത്തി വിട്ടു. കുറച്ച് കൂടി മുൻപോട്ട് ചെന്നപ്പോൾ ഗോവൻ ഗവർമെന്റ് ബോർഡുകൾ ഞങളെ സ്വാഗതം ചെയ്തു.

അവിടുത്തെ RTO ചെക്ക് പോസ്റ്റിൽ വണ്ടി നിർത്തി ഉദ്യോഗസ്ഥനെ വിളിച്ച് എഴുന്നേൽപ്പിച്ച് ഞങ്ങൾക്ക് 2 ദിവസത്തേക്ക് ഗോവയിൽ വണ്ടി ഓടിക്കാൻ ഉള്ള പെർമിറ്റ് വേണം എന്ന് ആവശ്യപ്പെട്ടു 2 ദിവസത്തേക്ക് ആയി പെർമിറ്റ് ഒന്നും വേണ്ട നിങ്ങൾ ധൈര്യമായി വണ്ടി ഓടിച്ചോളു എന്ന ഉദ്യോഗസ്ഥന്റെ ഉറപ്പിനുമേൽ ഞങ്ങൾ സഞ്ചാരികളുടെ പറുദീസ ആയ ഗോവയിലേക്ക് പ്രവേശിച്ചു.. നല്ലവരായ ഇവിടുത്തെ പോലീസ് ഉദ്യോഗസ്ഥർക്ക് ഉള്ള നന്ദിയും മനസ്സിൽ പറഞ്ഞു ( ആ നന്ദിക്ക്‌ പക്ഷേ അധികം ആയുസ് ഉണ്ടായിരുന്നില്ല). സമയം ഏകദേശം 6 മണിയോട് അടുത്തിരുന്നു പശുക്കളും പട്ടികളും കൈയേറിയ ഗോവൻ റോഡുകളിലൂടെ അതീവ ശ്രദ്ധയോടെ ഞങ്ങൾ വണ്ടി ഓടിച്ചു, അടുത്ത ഞങ്ങളുടെ ലക്ഷ്യം ബുക്ക് ചെയ്ത് വച്ച കലാങ്ങുട്ടെ ഏരിയയോട് ചേർന്നുള്ള Bliss എന്ന holiday apartment ആണ്.

ഗോവൻ റോഡുകളിലൂടെ യാത്ര ചെയ്തപ്പോൾ കേരളത്തിലെ റോഡുകളിലൂടെ യാത്ര ചെയ്യുന്ന പോലെ തന്നെ ആയിരുന്നു. വീതി കുറഞ്ഞ ചെറിയ റോഡുകളും ചിലയിടങ്ങളിൽ വീടിനെ അതിരിടുന്ന ശീമക്കൊന്ന വേലികളും ആകെ മൊത്തത്തിൽ ആലപ്പുഴ ഗ്രാമ പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്ന ഫീൽ.. കുറച്ച് ദൂരം കൂടി യാത്ര ചെയ്തപ്പോൾ പോർച്ചുഗീസ് ഛായ ഉള്ള പള്ളികളും കെട്ടിടങ്ങളും ഒക്കെ കാണാൻ തുടങ്ങി..

7 മണിയോട് കൂടി ഞങൾ റൂം ബുക്ക് ചെയ്ത കലാങ്ങുട്ടെ ബീച്ചിനോട് ചേർന്ന് ഉള്ള bliss holiday inn ൽ എത്തിച്ചേർന്നു..(3 ദിവസത്തേക്ക് ഞങൾ 4 പേർക്ക് റൂം ബുക്ക് ചെയ്തതിന് 7000 രൂപ ആണ് ആയത്. ഈ ഏരിയയിൽ ഉള്ള മറ്റ് ഹോട്ടലുകൾ വച്ച് നോക്കുമ്പോൾ ഇത് വളരെ എക്കണോമിക്കൽ ആയി തോന്നി). രാത്രി ഓരുപോള കണ്ണടക്കാതെ ഉള്ള യാത്ര എല്ലാവരെയും നന്നേ ക്ഷീണിതം ആക്കിയിരുന്നു.. കുറച്ച് നേരത്തെ മയക്കത്തിന് ശേഷം ഗോവയുടെ സൗന്ദര്യത്തിലേക് യാത്ര തുടരാം എന്ന് ഞങൾ തീരുമാനിച്ചു….

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.