1970 കളിലും 80കളിലും ലോകമെമ്പാടുമുള്ള സംഗീത പ്രേമികളെ ആവേശം കൊള്ളിച്ച യൂറോപ്യൻ സംഗീത വൃന്ദമായിരുന്നു ബോണി എം. ജർമ്മൻ സംഗീതജ്ഞനും നിർ‌മ്മാതാവുമായ ഫ്രാങ്ക് ഫാരിയനാണ്‌ ബോണി എം സംഗീത വൃന്ദത്തിന്റെ മുഖ്യ ശില്പ്പി. ഇന്നും പാശ്ചാത്യ സംഗീത പ്രേമികളുടെ ഇടയിൽ ഗൃഹാതുരത്വമുണർത്തുന്ന ബോണി എം, കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും ജനപ്രിയമായ സംഗീത വൃന്ദങ്ങളിൽ ഒന്നായിരുന്നു. യൂറോപ്പ്, ആഫ്രിക്ക, അറബ് രാജ്യങ്ങൾ, ദക്ഷിണേഷ്യ, സോവിയറ്റ് യൂണിയൻ തുടങ്ങിയ ഭൂവിഭാഗങ്ങളിലെല്ലാം ബോണി എം ഒരു തരംഗമായി.അതേ സമയം പാശ്ചാത്യ സംഗീതത്തിനു ഏറെ പ്രചാരമുള്ള അമേരിക്കയിൽ ബോണി എം വേണ്ടത്ര വിജയിച്ചില്ല എന്നതും ശ്രദ്ധേയമാണ്‌.ഫ്രാങ്ക് ഫാരിയൻ തുടക്കമിട്ട ഈ സംഗീത വൃന്ദത്തിലെ പ്രധാന കലാകാരൻമാർ ലിസ് മിഷേൽ, മർസിയ ബാരറ്റ്, മെയ്സി വില്യംസ്, ബോബി ഫാരൽ തുടങ്ങിയവരായിരുന്നു.

1974-ൽ ഫ്രാങ്ക് ഫാരിയൻ നിർമ്മിച്ച “ബേബി ഡു യു വാന ബംബ്” എന്ന ഗാനത്തോടെയാണ്‌ ബോണി എം എന്ന സംഗീത വൃന്ദം രൂപം കൊള്ളുന്നത്. ഫാരിയൻ ആയിടക്ക് കണ്ട് ഡിറ്റക്റ്റീവ് പരമ്പരയിലെ പ്രധാന കഥാപാത്രത്തിന്റെ പേരായ ബോണി എന്നതിനോടൊപ്പം എം എന്ന അക്ഷരം കൂടി ചേർത്താണ്‌ ഈ പുതിയ സംഗീത വൃന്ദത്തിന്‌ അദ്ദേഹം നാമകരണം ചെയ്തത്.തുടക്കത്തിൽ വലിയ സ്വീകാര്യത ലഭിച്ചില്ലെങ്കിലും ക്രമേണ ബോണി എം നെതർലൻഡ്സ്, ബെൽജിയം തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ ജനപ്രിയത നേടാൻ തുടങ്ങി. ഇതേ സമയം തന്നെ ഫാരിയൻ ബോണി എം ടി.വി. പരിപാടിയായി അവതരിപ്പിക്കാൻ വേണ്ടി ദൃശ്യ കലാകാരന്മാരെ അന്വേഷിക്കാൻ ആരംഭിച്ചിരുന്നു.ഒരു ബുക്കിംങ് ഏജൻസി വഴിയാണ്‌ മോഡലും ഗായികയുമായ മെയ്സി വില്യംസിനെ ഫാരിയൻ കണ്ടെത്തിയത്. മെയ്സി വില്യംസാണ്‌ കരീബിയൻ ദ്വീപായ അറൂബയിൽ നിന്നുള്ള നർത്തകനായ ബോബിഫാരലിനെ ഫാരിയന് പരിചയപ്പെടുത്തിയത്. ഒരു ആൺ നർത്തകനെ കൂടി തന്റെ സംഗീത വൃന്ദത്തിലുൾപ്പെടുത്താൻ തീരുമാനിച്ചിരുന്ന ഫാരിയൻ ഫാരലിനെ ബോണി എം-ൽ ചേർത്തു.തുടർന്ന് ജമൈക്കൻ ഗായികയായ മാർസിയ ബാരറ്റും ബോണി എം-ൽ എത്തി. ലെസ് ഹാംപ്ഷെയർ സംഗീത വൃന്ദത്തിൽ നിന്നും ലിസ്മിഷേൽ കൂടി വന്നതോടെ ബോണി എം-ന്റെ സംഗീത നിര പൂർണ്ണമായി.

1976-ൽ ബോണി എം-ന്റെ ആദ്യത്തെ എൽ.പി. റിക്കോർഡ്, ‘ടേക് ദി ഹീറ്റ് ഓഫ് മീ’ പുറത്തിറങ്ങി. ബോബി ഫാരലിന്റെ യും ലിസ്മിഷേലിന്റെ യും ശബ്ദത്തിനൊപ്പം ഫാരിയന്റെ ഘന ഗംഭീരമായ ശബ്ദവും ഈ ആൽബത്തിന്‌ ജീവനേകി.പക്ഷേ വാണിജ്യപരമായി വേണ്ടത്ര പ്രതികരണം ഈ ആൽബത്തിന്‌ ലഭിച്ചില്ല. അതേ സമയം ബോണി എം സംഗീത വൃന്ദം തങ്ങളുടെ സംഗീത പരിപാടികൾ കഴിയുന്നത്ര വേദികളിൽ അവതരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഡിസ്കോകളിലും, ക്ലബ്ബുകളിലും, കാർണ്ണിവെല്ലുകളിലുമെല്ലാം ബോണി എം ഈ കാലഘട്ടത്തിൽ തുടർച്ചയായി പരിപാടി അവതരിപ്പിച്ചു വന്നു.

ബോണി എം-ന്റെ സംഗീതചരിത്രത്തിൽ വഴിത്തിരിവെന്ന് വിശേഷിപ്പിക്കാവുന്ന ഒരു സംഭവ വികാസം ഈ കാലഘട്ടത്തിൽ ഉണ്ടായി.’മ്യൂസിക് ലാദൻ’ എന്ന തൽസമയ ടി.വി. സംഗീത പരിപാടിയുടെ നിർമ്മാതാവായ മിഷേൽ മൈക് ലേക്ബോസ്ക് ബോണി എം-നെ അവരുടെ തൽസമയ പരിപാടിയിൽ സംഗീതം അവതരിപ്പിക്കുന്നതിനായി ക്ഷണിച്ചു.1976 സെപ്റ്റംബർ 18ന്‌ ബോണി എം മ്യൂസിക് ലാദനിൽ തൽസമയ സംഗീത പരിപാടീ അവതരിപ്പിച്ചതോടെ ബോണി എം-ന്റെ ജനപ്രീതി കുത്തനെ ഉയർന്നു.തൊട്ടടുത്ത ആഴ്ചയിൽ ‘ഡാഡി കൂൾ’ എന്ന ബോണി എം ഗാനം ജർമ്മൻ സംഗീത ചാർട്ടിൽ ഒന്നാം സ്ഥാനത്തെത്തി.

1977-ൽ ബോണി എം തങ്ങളുടെ രണ്ടാമത്തെ സംഗീത ആൽബമായ ‘ലൗ ഫോർ സെയിൽ’പുറത്തിറക്കി. ഈ ആൽബത്തിൽ ‘മാ ബേക്കർ, ‘ബെൽഫാസ്റ്റ്’ തുടങ്ങിയ ഹിറ്റ് ഗാനങ്ങളും ഉൾപ്പെടുത്തിയിരുന്നു. ‘ദി ബ്ലാക്ക് ബ്യൂട്ടിഫുൾ സർക്കസ്’ എന്നപേരിൽ സംഗീത പര്യടനവും ബോണി എം ഈ സമയത്ത് ആരംഭിച്ചു. 1978-ൽ ബോണി എം-ന്റെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായ ‘റിവേർസ് ഓഫ് ബാബിലോൺ’ പുറത്തിറങ്ങി. ആ വർഷത്തിലെ യൂറോപ്പിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായും ഗ്രേറ്റ് ബ്രിട്ടനിലെ മ്യൂസിക് ചാർട്ടിൽ ഒന്നാമത്തേതായും ഈ ഗാനം മാറി. അമേരിക്കയിലെ ‘ബിൽബോർഡ് ഹോട്ട് 100’-ലെ ഏറ്റവും മികച്ച അഞ്ചു ഗാനങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട ഈ ഗാനം യു. എസ്. സംഗീത ചാർട്ടിൽ 30-മത്തെ സ്ഥാനം കരസ്ഥമാക്കി.

തുടർന്ന് ബോണി എം പുറത്തിറക്കിയ ‘നൈറ്റ് ഫ്ലൈറ്റ് റ്റു വീനസ്’വില്പ്പനയിൽ റിക്കോർഡ് സൃഷ്ടിച്ചു.ഈ ആൽബത്തിലാണ്‌ പ്രസിദ്ധമായ ‘റസ്പുടിൻ’, ബ്രൗൺ ഗേൾ ഇൻ ദി റിംഗ്’തുടങ്ങിയ ഗാനങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പാശ്ചാത്യ സംഗീത രംഗത്ത് വിജയരഥത്തിലേറി മുന്നേറിക്കൊണ്ടിരുന്ന ബോണി എം-ൽ നിന്നും അടുത്തതായി പുറത്ത് വന്ന ‘മേരി ബോയ് ചൈൽഡ് / ഓ മൈ ലോഡ്’ 1978-ൽ ഗ്രേറ്റ് ബ്രിട്ടനിലെ ഏറ്റവും മികച്ച ക്രിസ്മസ് ഗാനമായി തിരഞ്ഞെടുക്കപ്പെട്ടു. ഇതേവർഷം തന്നെയാണ്‌ ബോണി എം-ന്‌ ഏറെ പ്രശസ്തി നേടിക്കൊടുത്ത സോവിയറ്റ് പര്യടനവും നടന്നത്.ശീതയുദ്ധത്തിന്റെ ആ കാലഘട്ടത്തിൽ സോവിയറ്റ് യൂണിയനിൽ പര്യടനം നടത്തുക എന്നത് പാശ്ചാത്യ സംഗീത വൃന്ദങ്ങൾക്ക്‌ ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമായിരുന്നു. ‘റസ്പുടിൻ’ എന്ന ഗാനത്തിലെ ഈരടികൾ വിലക്കു കാരണം അവതരിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും ഈ പര്യടനം സോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്പിലും ബോണി എം-ന്റെ ജനപ്രീതി കുതിച്ചുയർന്നു.

എഴുപതുകളുടെ ആരംഭം മുതല്‍ എണ്‍പതുകളുടെ ആദ്യ പകുതി വരെ ബോണി എം തങ്ങളുടെ സംഗീതം കൊണ്ട് ഭൂഖണ്ഡങ്ങളില്‍ ലഹരി മഴ പെയ്യിച്ചു. ബോണി എം ടീം 1986-ല്‍ അവുദ്യോഗികമായി വേര്‍പിരിഞ്ഞു. സംഘത്തിലെ ഏക പുരുഷ കലാകാരനായ ബോബി ഫാരൽ ഇന്ന് ജീവിച്ചിരിപ്പില്ല. ഇപ്പോള്‍ ഫാരിയനും സംഘാംഗങ്ങളും ഒറ്റയ്ക്കും, ഇടയ്ക്കിടെ കൂട്ടായും പല സംഗീത സംഘങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു. ചിലപ്പോഴെങ്കിലും ബോണി എം എന്ന പേരില്‍ തന്നെ പ്രത്യക്ഷപ്പെടുന്നു. പഴയ പാട്ടുകള്‍ പാടുന്നു. ഒരു കാലത്ത് ലോകം കീഴടക്കിയ ബോണി എം മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്കിപ്പുറം അനശ്വരമായിത്തന്നെ നില നില്‍ക്കുന്നു.

വിവരങ്ങൾക്ക് കടപ്പാട് – വിക്കിപീഡിയ, വിവിധ മാധ്യമങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.