എഴുത്ത് – വിപിൻകുമാർ.

കാവുകളില്‍നിന്ന് ക്ഷേത്രാരാധനയിലേക്കുള്ള സംക്രമണഘട്ടത്തിലാണ് ഗുഹാക്ഷേത്ര നിര്‍മ്മിതികള്‍ വികസിച്ചത്. കൂറ്റന്‍ പാറകള്‍ തുരന്നുള്ള ഗുഹാക്ഷേത്രങ്ങള്‍ ഒരുകാലത്ത് കേരളത്തിലും നിര്‍മ്മിച്ചിരുന്നു. മഹോദയപുരം ചേരന്മാരുടെയും പാണ്ഡ്യ സാമന്തന്മാരായിരുന്ന ആയ് രാജാക്കന്മാരുടെയും കാലത്താണ് ഇവിടെ ഗുഹാക്ഷേത്രങ്ങള്‍ ഉണ്ടായത്. പാണ്ഡ്യരാജാവായ ചേഴിയന്‍ ചേന്ദനായിരുന്നു തെക്കന്‍-തമിഴകത്തില്‍ ഗുഹാക്ഷേത്രനിര്‍മ്മാണത്തെ പ്രോല്‍സാഹിപ്പിച്ചത്.

കേരളത്തിലെ പ്രശസ്തമായ ഗുഹാക്ഷേത്രങ്ങള്‍ പരിചയപ്പെടാം.

1. വിഴിഞ്ഞം ഗുഹാക്ഷേത്രം : തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്താണ് ഈ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആയ് രാജവംശ കാലത്താണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ആയ് രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു വിഴിഞ്ഞം. അന്നത്തെ പ്രമുഖ ദക്ഷിണേന്ത്യന്‍ തുറമുഖമായിരുന്ന വിഴിഞ്ഞം ആദ്യത്തെ കാന്തല്ലൂര്‍ശാലയുടെ ആസ്ഥാനമായും ചരിത്രകാരന്മാര്‍ കരുതുന്നു. നഗരഹൃദയത്തിൽ നിന്ന് ഏകദേശം 17 കിലോമീറ്റർ മാറി കടല്‍ത്തീരത്താണ് ഈ ക്ഷേത്രം.

ഒറ്റപ്പെട്ട ഒരു വലിയ ഉരുളൻ കല്ല് (boulder) തുരന്നാണ് ഈ ക്ഷേത്രം പണിതീര്‍ത്തിട്ടുള്ളത്. ലളിതമായ രീതിയില്‍ നിര്‍മിച്ചിട്ടുള്ള ക്ഷേത്രത്തിന് പാറ തുരന്നുണ്ടാക്കിയ ശ്രീകോവില്‍ മാത്രമാണുള്ളത്. കൂറ്റന്‍ പാറയിലെ വിശാലമായ ഉള്ളറകളുള്ള ഗുഹാക്ഷേത്ര നിര്‍മാണരീതി ഇവിടെ കാണാനാകില്ല. ആകെയുള്ളത് ഒറ്റക്കല്ലും അതിലെ കൊത്തുപണികളും മാത്രമാണ്. കാലം പിന്നിട്ടപ്പോള്‍ ഇപ്പോള്‍ കാണുന്ന ഉരുളന്‍ കല്ല് മാത്രം അവശേഷിച്ചതാകാനും മതി.

എട്ടാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ടതെന്ന് കരുതുന്ന വീണാധര ദക്ഷിണാമൂര്‍ത്തിയുടെ ശില്പം ഇവിടെ കാണാനാകും. ഗുഹയുടെ പ്രവേശന കവാടത്തിന്റെ ഭിത്തികളിൽ ഒരു വശത്ത് ത്രിപുരാന്തകനായ ശിവന്റെയും മറുവശത്ത് നൃത്തംചെയ്യുന്ന പാര്‍വതീ-പരമേശ്വരന്മാരുടെയും ശില്പങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്. വെട്ടിയെടുത്ത ദീര്‍ഘചതുരാകൃതിയിലുള്ള ശ്രീകോവിലില്‍ പില്‍കാലത്ത് എത്തിപ്പെട്ട ശാസ്താവിന്റെ ഒരു വിഗ്രഹം കാണാം.

നിത്യപൂജയില്ലാത്ത ഈ ക്ഷേത്രം ഇപ്പോള്‍ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സംരക്ഷിത സ്മാരകമാണ്. ഇരുകൈകളിലും അമ്പും വില്ലുമേന്തിനില്‍ക്കുന്ന ത്രിപുരാന്തക മൂര്‍ത്തിയുടെ ശില്പം എട്ടാം നൂറ്റാണ്ടിലെ ചോള ശില്പമാതൃകയിലുള്ളതാണെന്ന് ചരിത്രരേഖകള്‍ പറയുന്നു.

2. മടവൂർപ്പാറ ഗുഹാക്ഷേത്രം : തിരുവനന്തപുരം ജില്ലയിൽ ശ്രീകാര്യത്തുനിന്ന് എട്ടു കിലോമീറ്ററോളം മാറി കാട്ടായിക്കോണത്തിനു സമീപമായാണ് മടവൂര്‍പ്പാറയും ഗുഹാക്ഷേത്രവും സ്ഥിതിചെയ്യുന്നത്. എ.ഡി. എട്ടാം ശതകത്തിനും പത്താം ശതകത്തിനും ഇടയിലാണ് മടവൂര്‍പ്പാറ ഉള്‍പ്പെടെയുള്ള കേരളത്തിലെ ഗുഹാക്ഷേത്രങ്ങളുടെ നിര്‍മാണകാലയളവെന്ന് എ.ശ്രീധരമേനോന്‍ ‘കേരളചരിത്ര’ത്തില്‍ സൂചിപ്പിക്കുന്നു.

ചുവട്ടില്‍നിന്ന് അറുപതടി ഉയരത്തിലാണ് മടവൂര്‍പ്പാറ ഗുഹാക്ഷേത്രം നിലകൊള്ളുന്നത്. മുകളിലേക്ക് കയറുവാൻ 41പടികൾ പാറയിൽ തന്നെ തീർത്തിട്ടുണ്ട്. 22 ഏക്കറിലായി പരന്നുകിടക്കുന്ന കൂറ്റന്‍ പാറയുടെ മധ്യത്തിലായി മൂന്നു താങ്ങുതൂണുകളും അങ്കണവും മുഖമണ്ഡപവും ശ്രീകോവിലും ചേര്‍ന്നതാണ് ഈ ഗുഹാക്ഷേത്രം. 12 അടി നീളവും 6 അടി വീതിയും 7.5 അടി ഉയരവുമുണ്ട് ക്ഷേത്രത്തിന്റെ അങ്കണത്തിന്. പാറച്ചുവരില്‍ ദ്വാരപാലകരെയും ഗണപതി, സുബ്രമണ്യന്‍ എന്നീ ദേവന്മാരെയും കൊത്തിവെച്ചിരിക്കുന്നു. മുഖമണ്ഡപത്തിനു പിന്നിലുള്ള ഗര്‍ഭഗൃഹത്തില്‍ ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നു.

മാടന്‍ എന്ന മൂലപദത്തില്‍നിന്നു സിദ്ധിച്ച സ്ഥലനാമമാകണം മടവൂര്‍പ്പാറ എന്നു ചില സ്ഥലനാമ ചരിത്രകാരന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒരു ദ്രാവിഡ ഗ്രാമദേവനാണ് മാടന്‍. മാടന്റെ ഊര്‍ മാടനൂര്‍ ആയെന്നും അതു ക്രമേണ ലോപിച്ച് മടവൂര്‍ ആയതാകാമെന്നും വി.വി.കെ.വാലത്ത് നിരീക്ഷിച്ചിട്ടുണ്ട്.

കേരള പുരാവസ്തുവകുപ്പിന്റെ കീഴിലുള്ള ഈ ക്ഷേത്രത്തില്‍ പൂജ നടത്തുന്നത് ചെങ്കോട്ടുകോണം ആസ്ഥാനമാക്കിയുള്ള ശ്രീരാമദാസമിഷനാണ്. 2010ൽ സർക്കാർ പൈതൃക പരിസ്ഥിതി ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ചു. തുടര്‍ന്ന് സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാന്‍ പരമ്പരാഗത രീതിയിയിലുള്ള കുടിലുകളും മുളപ്പാലവും കുട്ടികൾക്കായി പാർക്കും നിർമ്മിച്ചു.

3. കോട്ടുക്കൽ ഗുഹാക്ഷേത്രം : കൊല്ലം ജില്ലയിലെ അഞ്ചലിനടുത്തുള്ള ഇട്ടിവ പഞ്ചായത്തില്‍ കോട്ടുക്കല്‍ ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വയലിന്റെ നടുവില്‍, ദൂരെനിന്നു നോക്കിയാല്‍ ഒരു ഗജവീരന്‍ കിടക്കുന്ന മട്ടിലാണ് ക്ഷേത്രനിര്‍മ്മാണം.

ഈ ക്ഷേത്രത്തില്‍ ഒരൊറ്റ പാറയില്‍ തുരന്നെടുത്ത അഞ്ചടി വ്യാപ്തിയിലുള്ള രണ്ടു ഗുഹകളുണ്ട്. രണ്ടു ഗുഹയിലും നാലടി പൊക്കമുള്ള ശിവലിംഗം കൊത്തിയിട്ടുണ്ട്‌. രണ്ടു ശ്രീകോവിലിനും ഇടയ്ക്കായി ഗണപതിയുണ്ട്. ഒന്നാമത്തെ ശ്രീകോവിലിനു മുന്നിലായി നന്ദികേശനെയും ഇടതുവശത്തെ ഭിത്തിയിലായി ഗണപതിയെയും കൊത്തിയിട്ടുണ്ട്‌. ശിവലിംഗത്തില്‍ ഭസ്മ ചാര്‍ത്താണ്. രണ്ടാമത്തെ ശ്രീകോവിലിനു വലതുവശത്തെ ഭിത്തിയിലായി ഹനുമാനെ കൊത്തിയിട്ടുണ്ട്‌. ശിവലിംഗത്തില്‍ ചന്ദന ചാര്‍ത്താണ്. കൂടാതെ യോഗീശ്വരനെ പൂജിക്കുന്ന ഒരു കല്ല് ക്ഷേത്രമുറ്റത്തും ചുമ്മാട്പാറ എന്നറിയപ്പെടുന്ന ഒരു പാറ ക്ഷേത്രത്തിന്റെ പിന്നിലും സ്ഥിതിചെയ്യുന്നു.

ആദ്യത്തെ ശ്രീകോവില്‍ ആദ്യകാല പല്ലവനിര്‍മ്മാണരീതിയെയും രണ്ടാമത്തെ ശ്രീകോവില്‍ പില്‍ക്കാല പാണ്ഡ്യരീതിയെയും അനുകരിക്കുന്നു. ഇവയുടെ നിര്‍മ്മാണം വ്യത്യസ്തകാലഘട്ടങ്ങളിലായിരിക്കാനും സാധ്യതയുണ്ട്. ശിവപ്രതിഷ്ഠയും ശിവന്റെ ഭൂതഗണാംഗമായ ശൂലധാരിയായ കാവല്‍ക്കാരനും ഉളള ക്ഷേത്രങ്ങള്‍ പാണ്ഡ്യദേശത്തുണ്ടായത് ജടിലപരാന്തകന്റെ (എ.ഡി 765- 815) കാലഘട്ടത്തോടടുത്താണ്. പുരാവസ്തുവെന്ന നിലയില്‍ പാറയുടെ സംരക്ഷണം കേരള പുരാവസ്തുവകുപ്പിന്റെ മേല്‍നോട്ടത്തിലാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചുമതലയിലാണ് പൂജാദികാര്യങ്ങള്‍ നിര്‍വഹിക്കപ്പെടുന്നത്. കുംഭമാസത്തിലെ ശിവരാത്രി ദിവസമാണ് ഉൽസവം.

4. കവിയൂർ തൃക്കക്കുടി ഗുഹാക്ഷേത്രം : എ.ഡി. എട്ടാം നൂറ്റാണ്ടിൽ പല്ലവ രഥശില്പശൈലിയിൽ നിർമ്മിക്കപ്പെട്ട ഗുഹാക്ഷേത്രമാണ് കവിയൂർ തൃക്കക്കുടി ഗുഹാക്ഷേത്രം. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കടുത്ത് മണിമലയാറിന്റെ കരയിൽ ഉള്ള ഒരു ഗ്രാമമാണ് കവിയൂർ. കവിയൂർ മഹാദേവക്ഷേത്രത്തിൽ നിന്നും ഒന്നരകിലോമീറ്റർ വടക്കുമാറി ഏകദേശം അഞ്ചര ഏക്കറോളം വിസ്ത്യതിയിൽ ഉയർന്ന് മുഖാമുഖം സ്ഥിതിചെയ്യുന്ന രണ്ട് പാറക്കെട്ടുകളിൽ കിഴക്കേപ്പാറയുടെ പടിഞ്ഞാറെ ചരിവിലാണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടിട്ടുള്ളത്.

പാറതുരന്ന് 20 അടി വ്യാസത്തിൽ ഗർഭഗൃഹവും അതിന്റെ മദ്ധ്യത്തിലായി മൂന്നരയടി പൊക്കത്തിൽ വലിയ ശിവലിംഗവും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഗർഭഗൃഹത്തിലേക്ക് പ്രവേശിക്കുവാനായി നാല് അടി വീതിയിൽ 20 അടി നീളത്തിൽ അർദ്ധ മണ്ഡപവും മധ്യത്തിലായി കൽപ്പടവുകളും നിർമ്മിച്ചിട്ടുണ്ട്. അർദ്ധ മണ്ഡപത്തിന്റെ ചുവരുകളിൽ ഗർഭ ഗൃഹ പ്രവേശനത്തിന്റെ ഇരുവശങ്ങളിലുമായി രണ്ട് ദ്വാരപാലകൻമാർ- ഒരാള്‍ ഗദാധാരിയാണ്, രണ്ടാമന്‍ ആയുധങ്ങൾ അണിയാതെ ഇരുകൈകളും കെട്ടി വീര്യബലങ്ങളടക്കി നിൽക്കുന്നു.

വടക്കേ ചുവരിൽ ചതുര്‍ബാഹുവായ ഗണപതി തെക്കേ ചുവരിൽ കഞ്ചാവു നിറച്ച ഒരു പാത്രവുമായി നില്‍ക്കുന്ന ജഡാധാരിയായ മുനി എന്നിവരുടെ ശില്പങ്ങളും കാണാം. ഈ ദ്വാരപാലകശില്പങ്ങള്‍ തിരുച്ചിറപ്പള്ളിയിലെ പല്ലവ ഗുഹാക്ഷേത്രത്തിലെ ദ്വാരപാലകശില്പങ്ങളുമായി സാമ്യം പുലർത്തുന്നതാണെന്നു ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. കഞ്ചാവു കുടുക്കയുമായി നില്‍ക്കുന്ന സന്ന്യാസി ഒരു പാശുപത ശൈവനാകാനാണ് സാദ്ധ്യത. ഗുഹാക്ഷ്രേത്രത്തിന്റെ സംരക്ഷണ ചുമതല പുരാവസ്തു വകുപ്പിനാണ്. പൂജകള്‍ ദേവസ്വംബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് നടന്നുവരുന്നത്.

5. കല്ലിൽ ഭഗവതിക്ഷേത്രം : എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്ക് അശമന്നൂര്‍ വില്ലേജില്‍ മേതലക്കരയില്‍ സ്ഥിതിചെയ്യുന്ന ഒരു ഗുഹാക്ഷേത്രമാണ് കല്ലില്‍ ഭഗവതിക്ഷേത്രം. പെരുമ്പാവൂരില്‍ നിന്നു 10 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം. ചെറുതും വലുതുമായ കുറേ പാറകള്‍ നിറഞ്ഞ 28 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള ഒരു കുന്നിന്‍പ്രദേശമാണ് കല്ലില്‍. പാറയുടെ മുകളില്‍ എത്തുവാൻ 120 പടികൾ കയറണം. ഒരു നെടുങ്കന്‍പാറയ്ക്കും അതിനു മുകളിലായി വിലങ്ങനെ കിടക്കുന്ന മറ്റൊരു നീളന്‍പാറയ്ക്കും ഇടയ്ക്കാണ് ഇപ്പോഴത്തെ കല്ലില്‍ ക്ഷേത്രം. പഴയ ഗുഹാക്ഷേത്രം ആകെ പരിഷ്കരിച്ചിരിക്കുന്നു.

ശ്രീകോവിലിനുള്ളിലെ ജൈനദേവതയായ പദ്മാവതിയക്ഷിയെയാണ് നാട്ടുകാര്‍ കല്ലില്‍ ഭഗവതിയായി ആരാധിക്കുന്നത്. പ്രധാനവിഗ്രഹത്തിനു പിന്നിലായി തീര്‍ഥങ്കരന്മാരായ പാര്‍ശ്വനാഥന്റെയും മഹാവീരന്റെയും ശില്പങ്ങള്‍ കാണാം. ശ്രീകോവില്‍ നിലകൊള്ളുന്ന പാറയുടെ നെറ്റിയിലായി മഹാവീരന്റെ ഒരു ശില്പവുമുണ്ട്. എട്ടാം നൂറ്റാണ്ടിന്റെ ഒരു പൂര്‍വഘട്ടവും ഒന്‍പതാം നൂറ്റാണ്ടിന്റെ ഒരു ഉത്തരഘട്ടവും ഈ ക്ഷേത്രത്തിനുണ്ട്. നേരത്തെ കല്ലിൽ പിഷാരടി കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു ഈ ക്ഷേത്രം. ഇപ്പോള്‍ പിഷാരത്ത് ദേവസ്വമാണ്‌ ഭരണം നിര്‍വഹിക്കുന്നത്.

ക്ഷേത്രത്തിലെ ഉല്‍സവം വൃശ്ചികമാസത്തിലെ കാർത്തിക നാൾ മുതൽ എട്ടു ദിവസം നടത്തുന്നു. ഉല്‍സവത്തോടനുബന്ധിച്ച് നടത്തുന്ന പിടിയാനപ്പുറത്തുള്ള ദേവിയുടെ എഴുന്നള്ളത്ത് അത്യപൂര്‍വമായ കാഴ്ചയാണ്. വൃശ്ചികമാസത്തിലെ കാർത്തികനാളിൽ ക്ഷേത്രത്തിൽ “ഇടിതൊഴൽ“ എന്നൊരു വഴിപാടുമുണ്ട്. വ്രതം അനുഷ്ഠിച്ച മാരാർ വാദ്യമേളങ്ങളോടെ ഉണക്കലരി, വെറ്റില, പാക്ക്, ചുണ്ണാമ്പ്, മഞ്ഞള് എന്നീ സാധനങ്ങൾ ഉരലിൽ ഇട്ട് ഇടിച്ച് ഉണ്ടാക്കുന്ന കൂട്ട് ദേവിക്ക് സമർപ്പിച്ച് ഭക്തജനങ്ങൾക്ക് പ്രസാദമായി നൽകുന്നു. ഇപ്പോഴും ജൈനമതസ്ഥര്‍ ഇവിടെ ആരാധനയ്ക്കെത്തുക പതിവാണ്.

6. തൃക്കൂർ മഹാദേവക്ഷേത്രം : തൃശൂര്‍ ജില്ലയില്‍ ഒള്ളൂരിനു അടുത്താണ് തൃക്കൂര്‍ മഹാദേവ ക്ഷേത്രം. മണലിപ്പുഴയുടെ തീരത്ത് 150 അടി ഉയരമുള്ള പാറയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഏഴ്-എട്ട് നൂറ്റാണ്ടുകളിൽ നിർമ്മിക്കപ്പെട്ടതെന്ന് കരുതുന്ന ഇതൊരു ശിവക്ഷേത്രമാണ്. 12 അടി നീളവും 8 അടി വീതിയും ഉള്ള ഒരു കരിങ്കൽ ഗുഹയാണ് ഇവിടുത്തെ ശ്രീകോവിൽ.

ഏകദേശം 6 അടിയോളം ഉയരമുള്ള ശിവലിംഗമാണ് മുഖ്യ പ്രതിഷ്ഠ. പ്രതിഷ്ഠ കിഴക്ക് അഭിമുഖമാണങ്കിലും വടക്ക് ഭാഗത്താണ് ക്ഷേത്ര ദർശനം. തന്മൂലം ശിവലിംഗത്തിന്റെ വാമഭാഗമാണ് ഇവിടെ ഭക്തർക്ക് കാണുവാന്‍ പറ്റുന്നത്. പാർശ്വദർശനമുള്ള അപൂര്‍വം ശിവക്ഷേത്രങ്ങളിലൊന്നാണിത്. കിഴക്കേ നടയിൽ മുമ്പിൽ വലിയ നമസ്കാരമണ്ഡപവും അതിൽ നന്ദിയുടെ വിഗ്രഹവുമുണ്ട്. വൈഷ്ണവചൈതന്യത്തിന്റെ പ്രതീകമായി സാളഗ്രാമവും പ്രതിഷ്ഠിച്ചിട്ടുണ്ട്. ശ്രീകോവിലിനിരുവശവും ദ്വാരപാലകരുണ്ട്.

ശ്രീകോവിലിന്റെ പിന്‍ ചുവരില്‍ ഉമാമഹേശ്വരന്മാരുടെ ശില്പങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. തിരുവാലീശ്വരം ക്ഷേത്രത്തിലെയും ഗംഗൈകൊണ്ട ചോളപുരത്തെയും ചണ്ഡേശാനുഗ്രഹമൂര്‍ത്തികളുടെ വടിവിനെ ഈ ശില്പങ്ങള്‍ അനുസ്മരിപ്പിക്കുന്നതായി എം.ജി.എസ്. നാരായണന്‍ അഭിപ്രായപ്പെടുന്നു.

മകരമാസത്തിലെ ഉത്രട്ടാതിനാളിൽ കൊടികയറി തിരുവാതിരനാളിൽ ആറാട്ടോടുകൂടി അവസാനിയ്ക്കുന്ന എട്ടുദിവസത്തെ ഉത്സവമാണ് ഇവിടെയുള്ളത്.

7. ഇരുനിലംകോട് ഗുഹാക്ഷേത്രം : തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ നിന്ന് ഷൊര്‍ണ്ണൂരിലേക്കുള്ള വഴിയില്‍ മുള്ളൂര്‍ക്കരയില്‍നിന്നും രണ്ട് കിലോമീറ്റര്‍ വടക്കുമാറിയാണു ഇരുനിലംകോട് ഗുഹാക്ഷേത്രം സ്ഥിതിചെയ്യുന്നത്. അക്ഷമാല, ഡമരു, ദണ്ഡ്, പരശ് എന്നിവ ധരിച്ച ദക്ഷിണാമൂര്‍ത്തിയാണ് ഇരുനിലം കോട്ടെ പ്രതിഷ്ഠ.

വലതുകാല്‍ ഇടത്തുകാലിന്മേല്‍ കേറ്റിവച്ചിരിക്കുന്ന വിധത്തിലാണ് ശില്പം. നീണ്ടുരണ്ട ജടാമകുടവും വിരിഞ്ഞ മാറും പേരിനുമാത്രം അലംകൃതമായ കൈകാലുകളും ശില്പത്തിന്റെ പ്രത്യേകതയാണ്. തടിച്ചതും ഒറ്റയിഴയുള്ളതുമായ യജ്ഞോപവീതം പല്ലവശില്പങ്ങളിലെ യജ്ഞോപവീതത്തെ അനുസ്മരിപ്പിക്കുന്നു. പ്രധാനവിഗ്രഹത്തിനു പിന്നിലായി ശിവഭൂതഗണത്തിന്റെ ഒരു നിരതന്നെ ശില്പങ്ങളുടെ രൂപത്തില്‍ ഉണ്ട്. സുബ്രഹ്മണ്യന്‍, ഗണപതി, ഭഗവതി എന്നീ ഉപദേവതകളുമുണ്ട്.

എ.ഡി. എട്ടോ ഒന്‍പതോ നൂറ്റാണ്ടാണ് ഇരുനിലംകോട് ക്ഷേത്രത്തിന്റെ നിര്‍മ്മാണകാലം. ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഗുഹയുടെ മുകളിലുള്ള പാറയില്‍ കരിങ്കലുകള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ട ഏഴുമുനിയറകളില്‍ ഒരെണ്ണം മാത്രമേ ഇപ്പോള്‍ അവശേഷിക്കുന്നൊള്ളു.

മത്സ്യമാംസാദികള്‍ ഒഴികെ എന്തും ഈ ക്ഷേത്രത്തില്‍ നേദിക്കാം. ചേമ്പ്, ചേന, കിഴങ്ങ് തുടങ്ങി ഈ പ്രദേശത്തുണ്ടാകുന്ന എന്തും ഇരുനിലംകോട് ക്ഷേത്രത്തില്‍ നേദിക്കണമെന്ന വിശ്വാസവുമുണ്ട്. പഴയകാലത്ത് ഇവിടെ പൂജാരിയുണ്ടായിരുന്നില്ല. ആളുകള്‍ നേരിട്ട് നേദിക്കുകയായിരുന്നു പതിവ്. വയറുവേദനയുണ്ടായാല്‍ മരം കൊണ്ടോ മണ്ണുകൊണ്ടോ ഉള്ള ആമ, മത്സ്യം, തേള്‍, പഴുതാര എന്നിവ നിര്‍മ്മിച്ച് ഇവിടെ സമര്‍പ്പിച്ചാല്‍ രോഗം മാറുമെന്നാണ് വിശ്വാസം. തുലാമാസത്തിലെ വെളുത്തപക്ഷ ഷഷ്ഠിക്കാണ് ഉത്സവം.

8. രായിരനെല്ലൂര്‍ ഭ്രാന്താചല ക്ഷേത്രം : പാലക്കാട് ജില്ലയിലെ തിരുവേഗപ്പുര പഞ്ചായത്തിലാണ് ഭ്രാന്താചലം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പറയിപെറ്റ പന്തിരുകുലത്തിലെ നാറാണത്തു ഭ്രാന്തനുമായി ബന്ധപ്പെട്ട ക്ഷേത്രമാണ് രായിരനല്ലൂർ ഭ്രാന്താചല ക്ഷേത്രം. സമുദ്ര നിരപ്പിൽ നിന്ന് അഞ്ഞൂറടി ഉയരത്തിലാണു രായിരനല്ലൂർ മല (ഭ്രാന്തന്‍പാറ). പാറയിൽ കൊത്തിയ അറുപത്തിമൂന്ന് പടികൾക്ക്‌ മുകളിൽ തീർത്തതാണ് ഭ്രാന്താചല ക്ഷേത്രത്തിന്റെ പുതിയ ശ്രീകോവില്‍. ഈ പാറയുടെ കിഴക്കേചെരിവിലാണ് പണിപൂര്‍ത്തിയാകാത്ത പഴയ ഗുഹാക്ഷേത്രം. ഇവിടെ പാറ തുരന്നുണ്ടാക്കിയ മൂന്ന് അറകളുണ്ട്. ഗര്‍ഭഗൃഹത്തിന്റെ നിര്‍മ്മാണത്തിനു മുന്‍പ് പണി ഉപേക്ഷിച്ചിരിക്കുന്നു.

പ്രധാനപ്പെട്ട റെഫറൻസ്: കേരള ചരിത്രത്തിലേക്കുള്ള നാട്ടുവഴികൾ- എം ജി ശശിഭൂഷൺ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.