ലേഖകൻ – വിപിൻകുമാർ.

ശ്രീലങ്കൻ ടൂറിസത്തിന്റെ മുഖമുദ്രയാണ് കാൻഡിയിലെ എസല പെരഹേര അഥവ ദളദ പെരഹേര എന്ന ഉൽസവം. പെരഹേര എന്നാൽ സിംഹള ഭാഷയിൽ എഴുന്നള്ളത്ത് എന്നർഥം.

കാർഷികവൃത്തിയുമായി ബന്ധപ്പെട്ടു തുടങ്ങിയ ആചാരം ബിസി മൂന്നാം നൂറ്റാണ്ടു മുതൽ എങ്കിലും നിലവിലുണ്ടായിരുന്നതായി കരുതപ്പെടുന്നു. എസല (ജൂലൈ-ആഗസ്റ്റ് ) മാസത്തിൽ മഴ ലഭിക്കാൻവേണ്ടി ദേവതകളോടുള്ള അപേക്ഷയായാണ് ഈ അനുഷ്ഠാനം തുടങ്ങിയത്. മഴമേഘങ്ങള്‍ തടഞ്ഞുനിര്‍ത്തിയ വൃതാസുരനുമേല്‍ ഇന്ദ്രന്‍ നേടിയ വിജയമായിരുന്നു ആഘോഷത്തിന്റെ പിന്നിലുള്ള ഐതീഹ്യം. എ ഡി നാലാം നൂറ്റാണ്ടിൽ ഹേമമാല രാജ്ഞിയും സുതാന്ത ദന്തരാജാവും ചേർന്ന് ഗൗതമബുദ്ധന്റെ പല്ല് ശ്രീലങ്കയിൽ എത്തിച്ചു. വളരെക്കാലം നീണ്ടുനിന്ന ഒരു വരൾച്ചയ്ക്കു പ്രതിവിധിയായി ബുദ്ധന്റെ പല്ല് പ്രത്യേക പ്രദർശത്തിന് വെക്കുകയും അതിന്റെ ഫലമായി ധാരാളമായി മഴ ലഭിക്കുകയും അത് പിന്നീട് ദളദ (പ്രളയം) ആയി മാറുകയും ചെയ്തെന്നാണ് വിശ്വാസം. അങ്ങനെ ആഘോഷം ബുദ്ധമതവത്കരിക്കപ്പെട്ടു. ദന്താവശിഷ്ടം വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയാണ് എസല പെരഹേരയുടെ മുഖ്യ ആകർഷണം. മതാചാര്യൻമാരുടെ ശരീരാവശിഷ്ടങ്ങൾ വിശ്വാസികൾ പവിത്രമായി കരുതുന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്.

കാൻഡിയിലെ ദളദ മാലിഗാവ ക്ഷേത്രത്തിലാണ് ബുദ്ധമത വിശ്വാസികൾ അതീവ പവിത്രമായി കണക്കാക്കുന്ന ബുദ്ധഭഗവാന്റെ പല്ല് പ്രതിഷ്ഠിച്ചിരിക്കുന്നത്. ആറു വർഷത്തിൽ ഒരിക്കൽ മാത്രമെ ദന്താവശിഷ്ടം പ്രദർശിപ്പിക്കുകയുള്ളൂ. എങ്കിലും എല്ലാവര്‍ഷവും എസല മാസത്തിലെ പൗർണമിദിനം ദന്താവശിഷ്ടം ഒരു സ്വർണ പേടകത്തിലാക്കി ആനപ്പുറത്തേറ്റി എഴുന്നള്ളിക്കുന്നു. സന്യാസിമാരും ഭക്തജനങ്ങളും നർത്തകരും പക്കമേളക്കാരും പൊയ്ക്കൽ രൂപങ്ങളും തീ കൊണ്ടുള്ള അഭ്യാസ പ്രകടനങ്ങൾ നടത്തുന്ന കലാകാരൻമാരുടെയും അകമ്പടിയോടെ പേടകത്തെ നഗരപ്രദക്ഷിണം ചെയ്യിക്കുന്നു.

ഇന്ന് നിലനിൽക്കുന്ന ബുദ്ധന്റെ ഒരേയൊരു ഭൗതികാവശിഷ്ടമാണ് പല്ല്. ബുദ്ധന്റെ യഥാർഥ പല്ല് പോർച്ചുഗീസ് മിഷനറിമാർ നശിപ്പിച്ചുവെന്നും ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത് കൃത്രിമ പല്ലാണെന്നും വാദമുണ്ട്. പുരാതന കാലം മുതൽക്ക് ഈ പല്ല് തദ്ദേശ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു. ഈ ദന്താവശിഷ്ടം കയ്യാളുന്നവർക്ക് രാജ്യത്തിന്റെ ഭരണവും കൈവരുമെന്നൊരു വിശ്വാസം നിലവിലുണ്ടായിരുന്നു. അതിനാൽ തന്നെ പല്ലിന്റെ സംരക്ഷണം നിർവഹിച്ച് ക്ഷേത്രത്തിനോട് ചേർന്ന് തന്നെ രാജാക്കൻമാർ താമസിച്ചു പോന്നു. 1592 മുതൽ 1815 വരെ സിംഹള രാജാക്കൻമാരുടെ തലസ്ഥാനമായിരുന്ന കാൻഡി മലനിരകൾ കാരണം ശത്രുക്കൾക്ക് അപ്രാപ്യവുമായിരുന്നു. ഈ ക്ഷേത്രം ഉൾക്കൊള്ളുന്ന കാൻഡി നഗരമിന്ന് യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

വിശുദ്ധ ദന്തം താണ്ടിയ വഴികള്‍ : ബുദ്ധന്റെ മഹാപരിനിർവാണയ്ക്ക് ശേഷം അദ്ദേഹത്തിന്റെ സംസ്ക്കാരച്ചടങ്ങുകൾ നടത്തിയ ചന്ദനമുട്ടികൾക്കിടയിൽ നിന്ന് കേമ എന്ന ബുദ്ധസന്യാസിനിക്ക് ബുദ്ധന്റെ മുകളിലെ വരിയിലെ ഇടതുവശത്തെ കോമ്പല്ല് കിട്ടുന്നു. അവർ അത് ആരാധനയ്ക്കായി സംരക്ഷിക്കാൻ കലിംഗ രാജാവായ ബ്രഹ്മദത്തനെ ഏൽ‌പ്പിക്കുന്നു. ബ്രഹ്മദത്തരാജാവ് ഒരു സുവർണ്ണക്ഷേത്രം നിർമ്മിച്ച് മുത്തുകളും പവിഴങ്ങളും കൊണ്ട് അലങ്കരിച്ച് പല്ലിനെ ആരാധിച്ചുപോന്നു. പക്ഷേ, തമിഴകം ഭരിച്ചിരുന്ന പാണ്ഡ്യ ചക്രവർത്തിക്ക് ഇതിലൊന്നും വിശ്വാസമുണ്ടായിരുന്നില്ല. അദ്ദേഹം പല്ല് നശിപ്പിക്കാൻ അഞ്ച് പദ്ധതികൾ ആവിഷ്ക്കരിച്ചു.

ചുറ്റികയ്ക്ക് അടിച്ച് നശിപ്പിക്കുക എന്നതായിരുന്നു അതിൽ രണ്ടാമത്തെ പദ്ധതി. അതിനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കേ യോഗിയായ സുഭാതയുടെ പ്രവചനം ഫലിക്കപ്പെട്ടു. പല്ല് ആകാശത്തിലേക്കുയർന്ന് തിളങ്ങുന്ന ഒരു നക്ഷത്രത്തെപ്പോലെ ശോഭ ചൊരിയാൻ തുടങ്ങിയെന്നാണ് വിശ്വാസം. ഇതോടുകൂടെ പല്ല് കൈവശം വെച്ച് സംരക്ഷിക്കുന്ന രാജാവിനും രാജ്യത്തിനും അഭിവൃദ്ധി ഉണ്ടാകുമെന്ന വിശ്വാസം വരുകയും പല്ല് കൈക്കലാക്കാനായി പല രാജാക്കന്മാരും പട നയിക്കുകയും ചെയ്തു. എ.ഡി. മൂന്നാം നൂറ്റാണ്ടിലെ കലിങ്ക രാജവംശത്തിലെ ഗുഹശിവ രാജാവാണ് പല്ല് കൈവശം വെച്ച് ആരാധിച്ചിരുന്ന അവസാനത്തെ ഇന്ത്യൻ രാജാവ്.പല്ലിന് വേണ്ടിയുള്ള പോരുകൾ വർദ്ധിച്ച് വന്നപ്പോൾ അത് സുരക്ഷിതമായി സംരക്ഷിക്കാനായി ഗുഹശിവ രാജാവ്, മകളായ രാജകുമാരി ഹേമമാലയ്ക്കും ഭർത്താവ് സുതാന്തദന്തയ്ക്കും ഒപ്പം അത് ലങ്കാപട്ടണം എന്ന ദ്വീപിലേക്ക് കൊടുത്തയക്കുന്നു. ഇതാണ് പല്ല് ലങ്കയിൽ എത്തിയതിന്റെ ചുരുക്കത്തിലുള്ള ചരിത്രം.

1603 ൽ പോര്‍ച്ചുഗീസുകാര്‍ കാൻഡി നഗരം പിടിച്ചടക്കി. ക്രൈസ്തവേതര മതങ്ങളോട് കടുത്ത അസഹിഷ്ണുത പുലർത്തിയിരുന്ന പോർച്ചുഗീസുകാർ ദന്താവശിഷ്ടം അഗ്നിക്കിരയാക്കിയതായി പറയപ്പെടുന്നു. ഒളിച്ചുവച്ചിരുന്ന ദന്തം, ബ്രഗാൻസയിലെ ഡോൺ കോൺസ്റ്റന്റൈൻ കണ്ടെടുത്ത് ഗോവയിലേക്ക് കൊണ്ടുപോയെന്നും വിഗ്രഹാരാധനക്കെതിരായ പോർച്ചുഗീസ് പോരാട്ടത്തിന്റെ ഭാഗമായി, 1560-ൽ അവിടത്തെ മെത്രാപ്പോലീത്ത, വൈസ്രോയിയുടേയും അനുചരന്മാരുടേയും സാന്നിദ്ധ്യത്തിൽ അഗ്നിക്കിരയാക്കിയെന്നുമാണ് ഒരു ചരിത്രഭാഷ്യം. അക്കാലത്തെ കാൻഡി രാജാവായിരുന്ന വിക്രമൻ നശിപ്പിക്കപ്പെട്ടതിന് പകരം പുതിയൊരു ദന്തം ആനക്കൊമ്പിൽ കൊത്തിയെടുക്കുകയുമാണുണ്ടായതെന്ന് പറയപ്പെടുന്നു. രണ്ടിഞ്ച് നീളവും ഒരിഞ്ച് വ്യാസവുമാണ് ഇപ്പോഴുള്ള ദന്താവശിഷ്ടത്തിന്റെ അളവുകൾ. രാജാ വീര നരേന്ദ്ര സിംഹരാജന്റെ കാലത്താണ് ഇപ്പോൾ കാണുന്ന ക്ഷേത്രത്തിനകത്ത് പല്ല് ആരാധിക്കപ്പെടാൻ തുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.