വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലുളള 50 സംസ്ഥാനങ്ങൾ ചേർന്നുള്ള ഫെഡറൽ റിപ്പബ്ലിക്ക്‌ ആണ്‌ അമേരിക്കൻ ഐക്യനാടുകൾ അഥവാ യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ ഓഫ്‌ അമേരിക്ക (പൊതുവേ യു.എസ്‌.എ., യു.എസ്‌., അമേരിക്ക എന്നിങ്ങനെയും അറിയപ്പെടുന്നു). വടക്കേ അമേരിക്കയുടെ മദ്ധ്യഭാഗത്തായി ഭൂമിശാസ്ത്രപരമായി ഒരുമിച്ചുകിടക്കുന്ന 48 സംസ്ഥാനങ്ങളും തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സി.യും സ്ഥിതി ചെയ്യുന്നു.

ഇറ്റാലിയൻ പര്യവേഷകനും ഭൂപടനിർമാതാവുമായിരുന്ന അമേരിഗോ വെസ്പൂച്ചി യുടെ പേരിൽ നിന്നാണ് അമേരിക്ക എന്ന പേര് വന്നത്. വെസ്പൂച്ചിയാണ് കൊളംബസിനെ തിരുത്തിക്കൊണ്ട്‌ അമേരിക്കൻ വൻകരകൾ ഏഷ്യയുടെ കിഴക്കൻ ഭാഗമല്ല എന്ന് തെളിയിക്കുന്ന പര്യവേഷണ യാത്രകൾ നടത്തിയത്. 1507ൽ ജർമൻ ഭൂപടനിർമ്മാതാവായ മാർട്ടിൻ വാൾഡ്സീമ്യൂളർ നിർമിച്ച ലോകഭൂപടത്തിൽ ഭൂമിയുടെ പാശ്ചാത്യ അർദ്ധഗോളത്തിലുള്ള പ്രദേശങ്ങളെ വെസ്പൂച്ചിയുടെ സ്മരണയ്ക്ക് അമേരിക്ക എന്നു നാമകരണം ചെയ്തു. അമേരിഗോ വെസ്പൂച്ചി എന്ന പേരിൻറെ ലത്തീൻ രൂപമാണ് അമേരിക്കസ് വെസ്പൂച്ചിയസ് എന്നത്. ഏഷ്യ, യൂറോപ്പ, ആഫ്രിക്ക എന്നിവയ്ക്ക് അനുരൂപമായി ലത്തീനിലെ സ്ത്രീലിംഗരൂപം എടുക്കുമ്പോൾ അമേരിക്ക എന്നാകും. അമേരിഗോ എന്ന ഇറ്റാലിയൻ പേര് അന്തിമമായി ഗോത്തിക് വംശമായിരുന്ന അമാലുകളുടെ രാജാവ് എന്നർത്ഥമുള്ള അമാൽറിക് എന്ന വാക്കിൽ നിന്നും ഉടലെടുത്തതാണ്.

1776 ജൂലൈ 4ന്‌ മുൻ ബ്രിട്ടീഷ് കോളനികളായിരുന്ന 13 സംസ്ഥാനങ്ങൾ ഔദ്യോഗികമായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്ന നാമം തങ്ങളുടെ സ്വാതന്ത്ര്യപ്രഖാപനത്തിൽ ഉൾപ്പെടുത്തി. ഇന്ന് നിലവിലുള്ള രീതിയിൽ ഈ നാമം ഉപയോഗിക്കാൻ ഔദ്യോഗികമായി തീരുമാനമായത് 1777 നവംബർ 15ന്‌ രണ്ടാം കോണ്ടിനന്റൽ കോൺഗ്രസ് ആർട്ടിക്ക്ല്സ് ഓഫ് കോൺഫെഡെറേഷൻ അംഗീകരിച്ചതോടെയാണ്‌. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്നതിന്റെ മലയാള വിവർത്തനമാണ്‌ അമേരിക്കൻ ഐക്യനാടുകൾ.

അമേരിക്ക എന്ന പേരിനെപ്പറ്റി മറ്റു ചില വാദങ്ങളും ഉണ്ട്. ചെമ്പൻ ഏറിക് (Eric the Red) എന്ന വൈക്കിംഗ് നാവികന്റെ മകൻ ലേഫ് എറിക്സന്റെ പേരിലാണ് ഈ പ്രദേശത്തിന് അമേരിക്ക എന്ന പേര് വീണത് എന്ന് ചിലർ വാദിക്കുന്നു. സ്കാൻഡിനേവിയൻ ഭാഷയിൽ ആമ്റ്റ് എന്നാൽ ജില്ല എന്നാണ് (സ്ഥലം) അതിന്റെ കൂടെ ഏറിക്ക് എന്നു ചേർത്ത് അമ്റ്റേറിക്ക എന്ന് എറിക്കിന്റെ സ്ഥലം എന്നർത്ഥത്തിൽ വിളിച്ചു വന്നത് അമേരിക്ക ആയി പരിണമിച്ചു എന്നാണ് വാദം. എന്നാൽ വേറേ ചിലർ ഓമെറിക്കേ (Ommerike (oh-MEH-ric-eh)) നോക്കെത്താദൂരത്തെ തീരം എന്നര്ത്ഥമുള്ള പഴയ നോർഡിക്ക് ഭാഷയിൽ നിന്നാണ് ഈ പേര് വന്നതെന്നാണ് കരുതുന്നത്. വേറേ ചിലർ ആകട്ടേ Ommerike എന്ന വാക്ക് സ്വർഗ്ഗരാജ്യം എന്ന ഗോത്തിക്ക് വാക്കിൽ നിന്നാണ് ഉത്ഭവിച്ചത് എന്നാണ് കരുതുന്നത്. പക്ഷെ ഇതിനൊന്നും ചരിത്രപരമായ അടിത്തറയില്ല.

ചരിത്രം : കുടിയേറ്റങ്ങളുടെ ചരിത്ര ഭൂമിയാണ്‌ അമേരിക്ക. പതിനായിരം മുതൽ നാൽപതിനായിരം വരെ വർഷങ്ങൾക്കു മുൻപ്‌ തുടങ്ങിയതാണ്‌ ഈ കുടിയേറ്റ ചരിത്രം. ഏഷ്യയിൽ നിന്നാണ് ബെറിംഗ് കടലിടുക്ക് വഴി അമേരിക്കയിലേക്ക്‌ ആദിമനിവാസികൾ (“റെഡ് ഇന്ത്യക്കാർ”) കുടിയേറിയത്. തുടർന്ന് ആയിരക്കണക്കിന് വർഷം ഇതര മനുഷ്യസമൂഹങ്ങൾ അമേരിക്കയുടെ അസ്തിത്വം അറിയാതെ ജീവിച്ചതിനാൽ അവർക്ക് സ്വന്തമായ സാംസ്കാരിക സ്വഭാവങ്ങൾ ഉരുത്തിരിഞ്ഞു. യൂറോപ്യന്മാർ എത്തുമ്പോൾ ജനസംഖ്യയിൽ അവർ ഒരു കോടിയോളമുണ്ടായിരുന്നു. ഭൂലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും മറഞ്ഞ് കഴിഞ്ഞിരുന്ന ഈ ജനതയുടെ ചരിത്രം മാറിമറിയുന്നത് യൂറോപ്യൻ കുടിയേറ്റത്തോടെയാണ്. യൂറോപ്യൻ കുടിയേറ്റക്കാരുടെ കൂടെ വന്ന മാരകരോഗങ്ങൾ അവരെ നാമാവശേഷമാക്കി. ഇന്ന് അമേരിക്കൻ ഗവന്മേന്ടിനു കീഴിൽ ഏതാനും പ്രദേശങ്ങളിൽ (Indian Reservations) ആയി നേറ്റീവ് ഇന്ത്യക്കാരുടെ സ്വയംഭരണം ഒതുങ്ങുന്നു. അമേരിക്കയിൽ ഇപ്പോൾ 29 ലക്ഷം നേറ്റീവ് ഇന്ത്യക്കാരും 23 ലക്ഷം മിശ്രവർഗ്ഗക്കാരും ഉണ്ട്.

അമേരിക്കൻ വിപ്ലവം : വിപ്ലവ സംബന്ധിയയ സംഭവങ്ങൾ 1763 നു ശേഷമുള്ള 20 വർഷങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ഇംഗ്ലണ്ടിലെ സർക്കാരിന് വ്യാപാരമേഖലയിലല്ലാതെ കോളനികളുടെ മേൽ നിയന്ത്രണമുണ്ടായിരുന്നില്ല. കോളനിവാസികൾ എല്ലാം തന്നെ ഊർജ്ജ്വ സ്വലരും അധ്വാനശീലരും ആയിരുന്നു. അവർക്ക് വേണ്ടുന്ന നിയമങ്ങൾ അവർ ഉണ്ടാക്കിയ ജനകീയ അസംബ്ലികൾ നിർമ്മിച്ചു പോന്നു. എന്നാൽ കോളനികളിലെ ഗവർണ്ണർമാരെ നിയമിച്ചിരുന്നത് ഇംഗ്ലണ്ടിലെ രാജാവായിരുന്നു. ഗർണ്ണർമാരും അസംബ്ലികളും അധികാരത്തിനായി മത്സരം ഉണ്ടായികൊണ്ടിരുന്നു. റം എന്ന മദ്യമുണ്ടാക്കിയിരുന്ന മൊളാസ്സസിനുമേൽ ഇംഗ്ലീഷ് സർക്കാർ ചുമത്തിയ ചുങ്കം മറ്റൊരു പ്രതിസന്ധി സൃഷ്ടിച്ചു. ഇത്തരം പല വ്യാപാര നിയമങ്ങളും കോളനികളിലെ കുടിയേറ്റ കർഷകർക്ക് ബുദ്ധിമുട്ടായിത്തോന്നിത്തുടങ്ങി. പിന്നീട് ഗ്രെൻ‍വിൽ സ്റ്റാമ്പു നിയമം പ്രതിഷേധത്തിന്റെ തീ ആളിക്കത്തിച്ചു. നിരവധി പേർ പങ്കെടുത്ത സമരങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കപ്പെട്ടു. കോളനിവാസികളുടെ മേൽ നികുതി ചുമത്താൻ ബ്രിട്ടന് അധികാരമില്ല എന്നായിരുന്നു അവരുടെ അവകാശ വാദം.

1773 നോർത്ത് പ്രഭുവിന്റെ നിർദ്ദേശ പ്രകാരം തേയില നികുതി നിയമം പാസ്സാക്കപ്പെട്ടു. ഒരുപാടു തേയില ബ്രിട്ടീഷ് കമ്പനിയായ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കൈവശം ഉണ്ടായിരുന്നു. ഇത് അമേരിക്കക്കാർക്ക് കള്ളക്കടത്തലിലൂടെ ലഭിക്കുന്ന തേയിലയേക്കാൽ വില കുറച്ച് വിൽകാമെന്നായിരുന്ന് അവർ വിചാരിച്ചത്. എന്നാൽ 1773-ല് തേയില കപ്പലുകൾ ബോസ്റ്റൺ തുറമുഖത്തെത്തിയപ്പോൾ തേയില വാങ്ങാൻ ആരും എത്തിയില്ല. ഇന്ത്യൻ വർഗ്ഗക്കാരുടെ വേഷം ധരിച്ച ഒരു വലിയ ജനക്കൂട്ടം തേയിലക്കപ്പലുകളിൽ ഒന്നടങ്കം പ്രവേശിച്ച തേയിലപ്പെട്ടികൾ കടലിലേയ്ക്ക് മറച്ചിട്ടു. ഈ സംഭവം ബോസ്റ്റൺ ടീ പാർട്ടി എന്ന പേരിൽ അറിയപ്പെടുന്നു.

കോളനികളുടെ ആദ്യത്തെ പ്രതിനിധി യോഗം 1774-ല് ഫിലാഡെൽഫിയയിൽ വച്ച് കോണ്ടിനെൻറൽ കോൺഗസ് എന്ന പേരിൽ ആരംഭിച്ചു. പിൽക്കാലത്തെ സ്വാതന്ത്ര്യസമരത്തിലും ഐക്യനാടുകളുടെ ഭരണചരിത്രത്തിലും പ്രമുഖമായ പങ്കു വഹിച്ച ജോർജ് വാഷിംഗ്ടൺ (വെർജീനിയ), സാമുവൽ ആഡംസ് (മസ്സാച്ചുസെറ്റ്സ്), ജോൺ ജേയ് (ന്യൂ ഇംഗ്ലണ്ട്) തുടങ്ങിയ വ്യക്തികൾ അന്ന് പങ്കെടുത്തിരുന്നു. 1776-ൽ 13 കോളനികൾ ചേർന്ന് ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് യുണെറ്റഡ് സ്റ്റേറ്റ്സ് എന്ന പേരിൽ ലോകത്തിലെ ആദ്യത്തെ കേന്ദ്രീകൃത ജനാധിപത്യ രാജ്യം സ്ഥാപിച്ചു. തുടക്കത്തിൽ പല രാജ്യങ്ങളുടെ കൂട്ടായ്മ എന്ന നിലയിലായിരുന്നു പ്രവർത്തനമെങ്കിലും 1789-ൽ ഭരണഘടനാനുസൃതമായ ഫെഡറൽ സ്വഭാവം കൈവരിച്ചു.

1750 ആയപ്പോഴേക്കും ഇംഗ്ലീഷ് കോളനികളിൽ ആകെ ജനസംഖ്യ പതിനഞ്ചു ലക്ഷം ആയിരുന്നും അതിൽ തന്നെ മൂന്നു ലക്ഷം പേർ അടിമപ്പണിക്ക് ആഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന നീഗ്രോകൾ ആയിരുന്നു. അടിമത്തത്തെച്ചൊല്ലിയാണ് അമേരിക്കയിൽ ആദ്യത്തെ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലായിരുന്നു ഇത്. വടക്കുള്ള സംസ്ഥാനങ്ങൾ അടിമപ്പണിക്ക് എതിരായിരുന്നെങ്കിൽ കൃഷി മുഖ്യ തൊഴിലാക്കിയിരുന്ന തെക്കൻ പ്രദേശങ്ങൾ അടിമപ്പണി ഒരു അനിവാര്യതയായി കണക്കാക്കി. ഈ തർക്കം ആഭ്യന്തര കലാപമായി.

1861-ൽ ഏഴ് വടക്കൻ സംസ്ഥാനങ്ങൾ അമേരിക്കയിൽനിന്നും വിട്ടുപോന്നു. ഇത് ആഭ്യന്തര യുദ്ധത്തിലേക്ക് നയിച്ചു. ഈ യുദ്ധത്തിനിടയിലാണ് എബ്രഹാം ലിങ്കൺ ചരിത്രപ്രസിദ്ധമായ ‘അടിമത്ത വിമോചന പ്രഖ്യാപനം’ നടത്തിയത്. ഫെഡറൽ സ്വഭാവത്തെപ്പറ്റിയുള്ള ചർച്ചകൾക്ക് ചൂടുപിടിപ്പിച്ചാണ് ആഭ്യന്തരയുദ്ധം അവസാനിക്കുന്നത്. ഏതായാലും സംസ്ഥാനങ്ങളേക്കാൾ ഫെഡറൽ ഗവൺ‌മെന്റിന്റെ അധികാരങ്ങൾക്ക് പ്രാധാന്യമേറി.

പത്തൊൻ‌പതാം നൂറ്റാണ്ടിൽ കൂടുതൽ പ്രദേശങ്ങൾ സംസ്ഥാനങ്ങളായി ചേർക്കപ്പെട്ടു. തുടക്കം മുതലുണ്ടായിരുന്ന 13 കിഴക്കൻ സംസ്ഥാനങ്ങളിലും കുടിയേറ്റം മൂലം ജനസംഖ്യ പെരുകിയതോടെ കൂടുതൽ പ്രദേശങ്ങൾ വെട്ടിപ്പിടിക്കാൻ തുടങ്ങി. അമേരിക്കയിലെ യഥാർഥ ജനതയായ അമേരിക്കൻ ഇന്ത്യക്കാർ മിക്കവയും തെക്കു പടിഞ്ഞാറ് ഭാഗങ്ങളിലായിരുന്നു വ്യാപിച്ചിരുന്നത്. മൂന്നു കോടിയോളമുണ്ടായിരുന്ന ഇവരിൽ അധികവും യൂറോപ്യൻ കുടിയേറ്റം സമ്മാനിച്ച സാംക്രമിക രോഗങ്ങൾമൂലം ചത്തൊടുങ്ങി. ശേഷിച്ച പ്രദേശങ്ങൾ പുതിയ ‘’യുണൈറ്റഡ് സ്റ്റേറ്റ്സ്‘’ വെട്ടിപ്പിടിച്ചു. പത്തൊൻ‌പതാം നൂറ്റാണ്ടിന്റെ അവസാനത്തൊടെ ഒട്ടുമിക്ക അമേരിക്കൻ ഇന്ത്യൻ പ്രദേശങ്ങളും നാമാവശേഷമായി. അമേരിക്കൻ ഇന്ത്യക്കാർ (നേറ്റീവ് ഇന്ത്യക്കാർ) ന്യൂനപക്ഷമായി ചുരുക്കപ്പെടുകയും ചെയ്തു. വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ കിഴക്കുമുതൽ പടിഞ്ഞാറുവരെയുള്ള മിക്കപ്രദേശങ്ങളും യുണൈറ്റഡ് സ്റ്റേറ്റ്സിനു കീഴിലായി.

ഇരുപതാം നൂറ്റാണ്ടിലാണ് അമേരിക്ക ആഗോള ശക്തിയായി വളർന്നു വന്നത്. വ്യാവസായിക, സാങ്കേതിക മേഖലകളിൽ കൈവരിച്ച വളർച്ച അമേരിക്കയുടെ കുതിച്ചുകയറ്റത്തിനു കാരണമായി. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളായിരുന്നു അമേരിക്കയുടെ കുതിച്ചുകയറ്റത്തിന് മറ്റൊരു കാരണം. രണ്ട് ലോക മഹായുദ്ധങ്ങളിലും അവർ പങ്കെടുത്തെങ്കിലും സ്വന്തം ഭൂമിയിൽ പടവെട്ടേണ്ടി വന്നില്ല. സഖ്യകക്ഷികളുടെ മണ്ണിലായിരുന്നു അവരുടെ പോരാട്ടങ്ങളത്രയും. ഇതിനാൽ യുദ്ധത്തിന്റെ ദുരിതങ്ങൾ അമേരിക്കയെ സ്പർശിച്ചതേയില്ല. എന്നാൽ അതുവരെ മേധാവിത്വം പുലർത്തിയിരുന്ന യൂറോപ്യൻ രാജ്യങ്ങളാ‍കട്ടെ യുദ്ധത്തിന്റെ അനന്തരഫലമായി വെട്ടിമുറിക്കപ്പെടുകയും സാമ്പത്തികമായി തളരുകയും ചെയ്തു. 1929 മുതൽ 1939 വരെ ലോകമെമ്പാടും രൂപംകൊണ്ട സാമ്പത്തിക മാന്ദ്യവും അമേരിക്കയ്ക്ക് പോറലേൽപ്പിച്ചില്ല. ചുരുക്കത്തിൽ 1950കളിൽ ആഗോള സമ്പത്തിന്റെ സിംഹഭാഗവും കേന്ദ്രീകരിച്ചിരുന്നത് അമേരിക്കയിലായിരുന്നു.

സോവ്യറ്റ് യൂണിയനിൽ നിന്നുമാത്രമാണ് ഈ കാലഘട്ടത്തിൽ അമേരിക്ക കാര്യമായ വെല്ലുവിളി നേരിട്ടത്. ശാസ്ത്ര, സാങ്കേതിക മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ അതിശക്തമായ മത്സരം ഉടലെടുത്തു. ലോകം രണ്ട് വൻ ശക്തികൾക്കു കീഴിലായി വിഭജിക്കപ്പെട്ടു. സോവ്യറ്റ് യൂണിയനും അമേരിക്കയും തമ്മിൽ നിലനിന്നിരുന്ന കിടമത്സരത്തെ ‘ശീതയുദ്ധം’ എന്നാണ് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്. എന്നാൽ 1990കളിൽ സോവ്യറ്റ് യൂണിയൻ ശിഥിലമായതോടെ അമേരിക്കൻ ഐക്യനാടുകൾ ആഗോള പൊലീസായി വളർന്നു. സമസ്ത മേഖലകളിലും അമേരിക്കൻ അധീശത്വം നിലവിൽ‌വന്നു. രാജ്യാന്തര പ്രശ്നങ്ങളിൽ അമേരിക്ക ഇടപെടാൻ തുടങ്ങി. മിക്കയിടങ്ങളിലും അമേരിക്കയുടെ ഇടപെടലുകൾ സംഘർഷം സൃഷ്ടിക്കുകയും ചെയ്തു.

2001 സെപ്റ്റംബർ 11ന് ന്യൂയോർക്കിലെ ലോകവ്യാപാര കേന്ദ്രത്തിനു നേരെ തീവ്രവാദികൾ നടത്തിയ (സെപ്റ്റംബർ 11ലെ ഭീകരാക്രമണം) ആക്രമണമാണ് ഈ രാജ്യം നേരിട്ട കടുത്ത വെല്ലുവിളി. സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിനു ശേഷം അമേരിക്ക നടത്തിയ ഭീകരവാദത്തിനെതിരായ യുദ്ധം അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തിന് അവസാനം കുറിച്ചു. അതിവിനാശകാരിയായ ആയുധങ്ങൾ നിർമ്മിക്കുന്നുണ്ടെന്ന് ആരോപിച്ച് ഇറാഖിനെതിരെയും അമേരിക്ക ആക്രമണം നടത്തി. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യം ചില അമേരിക്കൻ കമ്പനികളുടെ തകർച്ചക്ക് ഇടയാക്കി. 2009ൽ അമേരിക്കൻ ചരിത്രത്തിലെ ആദ്യത്തെ ആഫ്രോ-അമേരിക്കൻ പ്രസിഡന്റായി ബറാക്ക് ഒബാമ അധികാരമേറ്റു. പ്രത്യേകിച്ച് ന്യായീകരണങ്ങളൊന്നുമില്ലാതിരുന്നിട്ടും അമേരിക്ക നടത്തിയ ആക്രമണങ്ങളെ എതിർക്കാൻ ഭൂമുഖത്ത് ആരും തന്നെയില്ല എന്നത് ഈ നൂറ്റാണ്ടിലും അവരുടെ ആധിപത്യത്തിന് അടിവരയിടുന്നു.

ഭൂമിശാസ്ത്രം : അമേരിക്കൻ ഐക്യനാടുകളുടേ പ്രത്യേകത അതിന്റെ ഭൂപ്രകൃതിയാണ്. അലാസ്കയും ഹാവായിയും ഉൾപ്പെടേ ആകെ വിസ്തൃതി 9,629,091ചതുരശ്ര കിലോമീറ്റർ. റഷ്യ ഒഴികെയുള്ള യൂറോപ്പിന്റെ വിസ്തൃതി ഇതിന്റെ പകുതിയേ വരൂ. ടെക്സാസ് എന്ന സംസ്ഥാനത്തിൻ ഇംഗ്ലണ്ടിന്റെ ഇരട്ടി വലിപ്പമുണ്ട്. എന്നാൽ ഒരു രാജ്യത്തിന്റെ വിസ്തൃതി മാത്രം നോക്കി ആരും അങ്ങോട്ട് കുടിയേറാറില്ല. അമേരിക്കയൂടെ സമശീതോഷ്ണ വും വൈവിധ്യമാർന്നതുമായ കാലവസ്ഥയയണ് കൂടിയേറ്റക്കാരെ ആകർഷിച്ചത്.

വടക്ക് കാനഡ,(അതിർത്തി-3000 മൈൽ) തെക്ക് മെക്സിക്കോ എന്നിവയാണ് അമേരിക്കയുടെ കരാതിർത്തികൾ. റഷ്യ, ബഹാമാസ് എന്നീ രാജ്യങ്ങളുമായി ജലാതിർത്തിയുമുണ്ട്. കിഴക്കും പടിഞ്ഞാറും തെക്കും സമുദ്രത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. ഇതിന് 1500 മൈൽ നീളമുണ്ട്. പടിഞ്ഞാറ് പസഫിക് മഹാസമുദ്രം, ബെറിങ്ങ് കടൽ, വടക്കു കിഴക്ക് ആർട്ടിക് മഹാസമുദ്രം, കിഴക്ക്, തെക്കുകിഴക്ക് ഭാഗങ്ങളിലായി അറ്റ്‌ലാന്റിക് മഹാസമുദ്രം, മെക്സിക്കൻ കടൽ, കരീബിയൻ കടൽ എന്നിവയാണ് പ്രധാന സമുദ്രാതിർത്തികൾ. 50 സംസ്ഥാനങ്ങളിൽ 48 എണ്ണവും കാനഡയ്ക്കും മെക്സിക്കോയ്ക്കുമിടയിലുള്ള ഭൂപ്രദേശത്ത് വ്യാപിച്ചുകിടക്കുന്നു. ഈ 48 സംസ്ഥാനങ്ങളിൽ നിന്ന് അകലെ വടക്കുപടിഞ്ഞാറായാണ് അലാസ്കയുടെ സ്ഥാനം.

കാനഡ അലാസ്കയെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വേർതിരിക്കുന്നു. പസഫിക് മഹാസമുദ്രത്തിലുള്ള ദ്വീപു സമൂഹമാണ് മറ്റൊരു സംസ്ഥാനമായ ഹവായി. ഭൂപ്രകൃതിയുടെ വ്യത്യാസങ്ങൾക്കൊണ്ട് ശ്രദ്ധേയമാണ് അമേരിക്കൻ ഐക്യനാടുകൾ. അതിശൈത്യ പ്രദേശങ്ങൾ, തടാകപ്രദേശങ്ങൾ, പീഠഭൂമികൾ, മരുഭൂമികൾ, മഴക്കാടുകൾ, മലനിരകൾ എന്നു തുടങ്ങി ഭൂപ്രകൃതിയുടെ എല്ലാ വിഭാഗങ്ങളും ഇവിടെ കൈകോർക്കുന്നു. മൂന്ന് ലക്ഷണങ്ങൾ ശ്രദ്ധേയമാണ്. ഒന്ന്, അപ്പലേച്യൻ പർവ്വത നിര, കിഴക്കേ കടൽ അതിർത്തിയുടെ അത്ര തന്നെ പരന്നു കിടക്കുന്നു. രണ്ട്, ഈ പർവ്വത്നിർക്ക് പടിഞ്ഞാറുള്ള മിസ്സിസ്സിപ്പി നദിയുടെ താഴ്വാരങ്ങൾ മുന്നാമത്, ഈ താഴ്വാരത്തിനും പടിഞ്ഞാറെ തീരത്തിനും മധ്യേ സ്ഥിതി ചെയ്യുന്ന റോക്കീസ് പർവ്വത നിരകൾ. ഈ പ്രദേശം സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിലാണ്. ഇതിലെ തന്നെ ചില കൊടുമുടികൾ 14000 അടിയോളം ഉയരമുള്ളവയാണ്. അലാസ്കയും ഹാവയിയും ഒഴിച്ചുള്ള പ്രദേശങ്ങൾ സമശീതോഷ്ണ മേഖലയിൽ സ്ഥിതി ചെയ്യുന്നു. എന്നാൽ 24 ഡിഗ്രിയോളം അക്ഷാംശ പരിധിയും 35 ഡിഗ്രിയോളം രേഖാംശ പരിധിയും ഉള്ളതിനാൽ ഒരേ കാലത്ത് തന്നെ ഒരു ഭൂഭാഗത്ത് മഞ്ഞും മറ്റൊരിടത്ത് അത്യുഷണവും അനുഭവപ്പെടുന്നു.

അമേരിക്കൻ ഐക്യനാടുകളുടെ ഒരു ഔദ്യോഗിക ചിഹ്നമായി അംഗീകരിക്കപ്പെട്ട മനുഷ്യരൂപമാണ്‌ അങ്കിൾ സാം.

ഭരണക്രമം : പ്രസിഡന്റ് കേന്ദ്രീകൃത ജനാധിപത്യ രാജ്യമാണ് അമേരിക്ക. അമേരിക്കൻ ഭരണക്രമത്തെ മൂന്നായി തിരിക്കാം. ഫെഡറൽ ഗവൺ‌മെന്റുകൾ, സംസ്ഥാന ഗവൺ‌മെന്റുകൾ, പ്രാദേശിക ഗവൺ‌മെന്റുകൾ. മൂന്നു തലങ്ങളിലേക്കും വോട്ടെടുപ്പിലൂടെയാണ് ആളെ കണ്ടെത്തുന്നത്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജനാധിപത്യ സംവിധാനങ്ങളിലൊന്നായി അമേരിക്കയെ വിശേഷിപ്പിക്കാമെങ്കിലും സാർവത്രിക വോട്ടവകാശം ഏറെ വൈകിയാണ് ഇവിടെ നടപ്പാക്കിയത് എന്നതു വിസ്മരിച്ചുകൂടാ. തുടക്കത്തിൽ വെള്ളക്കാർക്കു മാത്രമായിരുന്നു വോട്ടവകാശം. 1870-ൽ ഭരണഘടനയുടെ പതിനഞ്ചാം ഭേദഗതിയിലൂടെ കറുത്തവർക്കും വോട്ടവകാശം നൽകി. സ്ത്രീകൾക്ക് വോട്ടവകാശത്തിനായി ഇരുപതാം നൂറ്റാണ്ടുവരെ കാത്തിരിക്കേണ്ടി വന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഭരണഘടനയുടെ പത്തൊൻപതാം ഭേദഗതിയിലൂടെയാണ് ഇത് സാധ്യമാക്കിയത്. കുറ്റവാളികൾക്ക് ഇന്നും വോട്ടവകാശമില്ല.

ഫെഡറൽ ഗവൺ‌മെന്റ് : ഫെഡറൽ ഗവൺ‌മെന്റിനെ (കേന്ദ്ര ഗവൺ‌മെന്റ്) മൂന്നു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. നിയമനിർമ്മാണ വിഭാഗം, ഭരണ നിർവഹണ വിഭാഗം, നീതിന്യായ വിഭാഗം. യഥാക്രമം പ്രതിനിധി സഭ(ഹൌസ് ഓഫ് റെപ്രസെന്റേറ്റീവ്സ്), പ്രസിഡന്റ്, സുപ്രീം കോടതി എന്നിവയാണ് ഇവയെ നയിക്കുന്നത്. പ്രതിരോധം, വിദേശകാര്യം, നാണയം, സംസ്ഥാനങ്ങൾ തമ്മിലുള്ള വാണിജ്യ ബന്ധങ്ങളുടെ ഏകോപനം, പൗരാവകാശ സംരംക്ഷണം എന്നീ ചുമതലകളാണ് ഭരണഘടന ഫെഡറൽ ഗവൺ‌മെന്റിനു നൽകുന്നത്. മറ്റെല്ലാ പ്രധാന അധികാരങ്ങളും സംസ്ഥാന ഗവൺ‌മെന്റുകളുടെ നിയന്ത്രണത്തിലാണ്. എന്നാൽ സാമൂഹിക ക്ഷേമം വിദ്യാഭ്യാസം എന്നീ മേഖലകളിലേക്കും ഫെഡറൽ അധികാര സീമ ചിലപ്പോൾ വ്യാപിക്കാറുണ്ട്.

സംസ്ഥാന ഗവൺ‌മെന്റുകൾ : ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തുന്നത് സംസ്ഥാന ഗവൺ‌മെന്റുകളാണ്. ഓരോ സംസ്ഥാനത്തിനും സ്വന്തം ഭരണഘടനയും നിയമസംഹിതകളുമുണ്ട്. ഓരോ സംസ്ഥാനത്തിന്റെയും ഭരണഘടനകൾ തമ്മിൽ പ്രകടമായ അന്തരവുമുണ്ട്. ഉദാഹരണത്തിന് കാലിഫോർണിയ പോലുള്ള സംസ്ഥാനങ്ങളിൽ ജനപ്രതിനിധിയെ തിരിച്ചുവിളിക്കാനുള്ള സംവിധാനമുണ്ട്. നിയമവാഴ്ച, സമ്പത്ത്, വിദ്യാഭ്യാസം എന്നിവയിലും ഓരോ സംസ്ഥാനത്തെയും നിയമങ്ങൾ തമ്മിൽ ഒട്ടേറെ വ്യത്യാസങ്ങളുണ്ട്. ഗവർണറാണ് സംസ്ഥാന ഭരണത്തലവൻ. നെബ്രാസ്ക ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും ദ്വൈമണ്ഡല നിയമനിർമ്മാണ സഭയാണ്.

പ്രാദേശിക ഗവൺ‌മെന്റുകൾ : സംസ്ഥാന ഗവൺ‌മെന്റുകൾക്കു താഴെയായി കൌണ്ടി, സിറ്റി, ടൌൺ എന്നിങ്ങനെ പ്രാദേശിക ഭരണ സംവിധാനങ്ങളുണ്ട്. ഗതാഗത നിയന്ത്രണം, ജലവിതരണം എന്നിങ്ങനെയുള്ള ചുമതലകളാണ് പ്രധാനമായും പ്രാദേശിക ഗവൺ‌മെന്റുകൾക്കുള്ളത്.

അമേരിക്കയിലെ സംസ്ഥാനങ്ങൾ : അരിസോണ, അലബാമ, അലാസ്ക, അർക്കൻസാസ്, ഐയോവ, ഇന്ത്യാന, ഇല്ലിനോയി, ഐഡഹോ, ഒക്ലഹോമ, ഒഹായോ, ഒറിഗൺ, കൻസാസ്, കെന്റക്കി, കാലിഫോർണിയ, കണക്റ്റിക്കട്ട്, കൊളറാഡോ, ജോർജിയ, ടെക്സാസ്, ടെന്നിസി, ഡെലവെയർ, നെബ്രാസ്ക, നെവാഡ, ന്യൂഹാംഷെയർ, ന്യൂജേഴ്സി, ന്യൂമെക്സിക്കോ, ന്യൂയോർക്ക്, നോർത്ത് കാരലൈന, നോർത്ത് ഡക്കോട്ട, പെൻ‌സിൽ‌വാനിയ, ഫ്ലോറിഡ, മസാച്യുസെറ്റ്സ്, മെയിൻ, മെരിലാൻ‌ഡ്, മിനസോട്ട, മിസിസിപ്പി, മിസോറി, മിഷിഗൺ, മൊന്റാന, യൂറ്റാ, റോഡ് ഐലന്റ്, ലൂസിയാന, വാഷിങ്ടൺ, വിസ്ക്കോൺസിൻ, വെർമോണ്ട്, വെർജീനിയ, വെസ്റ്റ് വെർജീനിയ, വയോമിങ്, സൗത്ത് കാരലൈന, സൗത്ത് ഡക്കോട്ട, ഹവായി.

3.79 ദശലക്ഷം ചതുരശ്രമൈൽ (9.83 ദശലക്ഷം ച.കി.) വിസ്തീർണ്ണമുള്ള അമേരിക്കൻ ഐക്യനാടുകൾ കൈവശമുള്ള മൊത്തം കരയുടെ വിസ്തീർണ്ണത്തിന്റെ കാര്യത്തിൽ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ രാജ്യവും (ചില പ്രദേശങ്ങളുടെ മേലുള്ള ചൈനയുടെ അവകാശവാദം കണക്കാക്കിയാൽ നാലാമത്തെ ഏറ്റവും വലിയ രാജ്യം) ജനസംഖ്യയുടെ കാര്യത്തിൽ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ രാജ്യവും ആണ്‌. പല രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റത്തിന്റെ ഫലമായി ലോകത്ത് ഏറ്റവും അധികം സാംസ്കാരികവൈവിധ്യമുള്ള രാജ്യവുമാണ്‌ അമേരിക്കൻ ഐക്യനാടുകൾ. 2008ൽ 14.3 ട്രില്യൺ അമേരിക്കൻ ഡോളർ എന്നു കണക്കാക്കപ്പെട്ടിരിക്കുന്ന വാർഷിക മൊത്ത ആഭ്യന്തര ഉത്പാദനമുള്ള (GDP) (ലോകത്തിന്റെ മൊത്തം 23% നാമമാത്ര മൊത്ത ആഭ്യന്തര ഉത്പാദനം; 21% വാങ്ങൽ ശേഷി) അമേരിക്ക ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയും സാംസ്കാരിക രാഷ്ട്രീയ സൈനിക ശക്തിയുമാണ്‌.

കടപ്പാട് – വിക്കിപീഡിയ.

LEAVE A REPLY

Please enter your comment!
Please enter your name here