ലേഖകൻ – പ്രകാശ് നായർ മേലില.

ബി.സി ആറാം നൂറ്റാണ്ടിൽ തന്നെ ഖത്തറിൽ ജനവാസം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അൽ ഖോറിൽ നടത്തിയ ഉത്ഖനനത്തിൽ ഇക്കാലയളവിലെ മൺപാത്രങ്ങളും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. അക്കാലയളവിൽ ബാർട്ടർ സമ്പ്രദായത്തിലൂടെ ജനങ്ങൾ ഇടപാടു നടത്തിയിരുന്നു. പ്രധാനമായും മെസപ്പൊട്ടോമിയൻ ജനതയുമായി മത്സ്യം, മൺപാത്രങ്ങൾ എന്നിവയുടെ വ്യപാരമാണ് നടന്നിരുന്നത്.

ഏഴാം നൂറ്റാണ്ടിൽ പ്രവാചകൻ മുഹമ്മദിന്റെ ആഗമനത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഇസ്‌ലാം ഈ ഉപദ്വീപിൽ പ്രചരിച്ചു. എ ഡി 628 ൽ മുഹമ്മദ് നബി പല രാജാക്കന്മാർക്കും ഇസ്‌ലാമിന്റെ സന്ദേശം അയച്ച കൂട്ടത്തിൽ ബഹറൈൻ ഭരണാധികാരി മുൻദിർ ബിൻ സവാ അൽ ഥമീമിക്കും കത്തയച്ചു. അക്കാലത്തു കുവൈത്ത്, ഖത്തർ ഇപ്പോൾ സൗദി അറേബ്യയുടെ ഭാഗമായ അൽ ഹസ്സ എന്നിവ ബഹറൈൻ ഭർണാധികാരത്തിനു കീഴിലായിരുന്നു. അദ്ദേഹം അതു സ്വീകരിക്കുകയും ഇസ്‌ലാമിലേക്ക് പരിവർത്തനം നടത്തുകയും ചെയ്തു. പിന്നീട് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭാഗമായി എ ഡി 1913 വരെ നിലകൊണ്ടു. 1913ൽ തുർക്കി ഖലീഫയുമായി ഖത്തർ ഭരണാധികാരി ഇടയുകയും പൂർണ്ണമായ സ്വയംഭരണം ആരംഭിക്കുകയും ചെയ്തു.

എ ഡി 1635ൽ ബസറയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഒരു ഫാക്ടറി ആരംഭിക്കുന്നതോടെയാണ് ബ്രിട്ടന്റെ ഇടപെടൽ മേഖലയിൽ വ്യാപിച്ചത്. പെട്രോളിയം പര്യവേക്ഷണത്തിനും മുത്തു ശേഖരണത്തിനുമായി അവർ തദ്ദേശീയരുമായി തന്ത്രപരമായ അടുപ്പം സ്ഥാപിച്ചു. എന്നിരുന്നാലും തുർക്കി സുൽത്താനുമായുണ്ടാക്കിയ മാൻഡേറ്ററി കരാർ പ്രകാരം 1916 വരെ നേരിട്ട് സൈനിക നീക്കം നടത്തിയിരുന്നില്ല. എ ഡി 1878 ഡിസംബർ 18നു ഷെയ്ഖ് ഖാസിം (ജാസ്സിം എന്നും ഉച്ചാരണമുണ്ട്) ബിൻ മുഹമ്മദ് അൽഥാനി തുർക്കി ഖലീഫയിൽ നിന്നും ഖത്തറിന്റെ ഉപഭരണാധികാരി എന്ന സ്ഥാനം നേടുകയും ബഹറൈൻ പ്രവിശ്യയിൽ നിന്നും വേർപ്പെടുത്തി ഒരു നാട്ടു രാജ്യമാക്കി മാറ്റുകയും ചെയ്തു. 1916 മുതൽ 1971 സെപ്റ്റംബർ വരെ ഖത്തർ പൂർണ്ണമായും ബ്രിട്ടീഷ് അധിപത്യത്തിനു കീഴിലായിരുന്നു.

ഒരുകാലത്ത് ദാരിദ്യവും പട്ടിണിയും രോഗവും കൊണ്ട് തകര്‍ന്നുപോയ ഖത്തര്‍ ഇന്ന് ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാജ്യമായി മാറി. 1920 മുതല്‍ 50 വരെ ഒരു പരമ ദരിദ്ര രാജ്യമായിരുന്നു. ബ്രിട്ടന്‍റെ മേല്‍ക്കോയ്മ , തൊഴില്‍രാഹിത്യം, വരുമാനമില്ലായ്മ ഇതൊക്കെ അക്കാലത്ത് ജനജീവിതം ദുസ്സഹമാക്കി. മത്സ്യബന്ധനവും , മുത്തുകളുടെ ( Pearls) വ്യാപാരവുമായിരുന്നു അവിടുത്തെ മുഖ്യ വരുമാനമാര്‍ഗ്ഗങ്ങള്‍. എന്നാല്‍ മുത്തുകളുടെ മാര്‍ക്കറ്റ് നിലച്ചതോടെ രാജ്യം മുഴുപ്പട്ടിണിയിലും ആരാജകത്വത്തിലുമായി. 1970 വരെ ഖത്തര്‍ ബ്രിട്ടന്‍റെ മേല്‍ക്കൊയ്മയിലായി രുന്നു. അതിനുശേഷമാണ് സ്വതന്ത്രമാകുന്നത്.

1939 ലാണ് ആദ്യമായി ഖത്തറില്‍ എണ്ണനിക്ഷേപം കണ്ടെത്തുന്നത്. എന്നാല്‍ രണ്ടാം ലോകമഹായുദ്ധം അതിന്‍റെ തുടര്‍ പര്യവേഷണങ്ങള്‍ക്കും ഉല്‍പ്പാദന ത്തിനും തടസ്സമായി.1951 ആയപ്പോഴേക്കും സ്ഥിതിഗതികള്‍ വളരെ മെച്ചപ്പെട്ടു. ഒരു ദിവസത്തെ ഖത്തറിന്റെ അന്നത്തെ എണ്ണ ഉല്‍പ്പാദനം 233000 ബാരലായിരുന്നു. ഖത്തര്‍ ഭരണാധികാരികളായ അല്‍ താനി ( Al Thani) കുടുംബത്തിന്‍റെ വരുമാനം കുന്നുകൂടി. 1950 ല്‍ രാജ്യത്ത് ആദ്യത്തെ സ്കൂള്‍,ആശുപത്രി, പവര്‍ പ്ലാന്‍റ്,ടെലിഫോണ്‍ എക്സ്ചേഞ്ച് എന്നിവ സ്ഥാപിക്കപ്പെട്ടു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും രാജകുടുംബത്തിലെ അംഗങ്ങള്‍ തലപ്പത്ത് നിയമിക്കപ്പെട്ടു. അവര്‍ക്കെല്ലാം ഭീമമായ ശമ്പളം ലഭിച്ചുതുടങ്ങി.

1971 ല്‍ ഖത്തര്‍ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയശേഷം 1972 ഫെബ്രുവരി 22 ന് പിതാവായ ‘അമീര്‍ അഹമദ് ബിന്‍ അല്‍ താനി’ യെ മാറ്റി, മകന്‍ ‘ഖലീഫ ബിന്‍ അഹമദ് താനി’ സ്വയം അമീറായി പ്രഖ്യാപിച്ചു ഭരണം ഏറ്റെടുത്തു. തുടര്‍ന്ന് അദ്ദേഹം നടത്തിയ ഭരണപരിഷ്ക്കാരങ്ങളില്‍ റോയല്‍ ഫാമിലി യുടെ ചെലവുകളില്‍ വലിയ വെട്ടിച്ചുരുക്കലുകള്‍ വരുത്തി ജനക്ഷേമ പദ്ധതികള്‍ക്ക് കൂടുതല്‍ പണം വകയിരുത്താന്‍ തുടങ്ങി.സാമൂഹ്യപദ്ധതികള്‍ , വീട് ,ആരോഗ്യമേഖല, വിദ്യാഭ്യാസം ,പെന്‍ഷന്‍ എന്നിവയില്‍ കൂടുതല്‍ പണം ചെലവഴിക്കാന്‍ തുടങ്ങിയതോടെ ഖത്തറിന്റെ മുഖച്ഛായ തന്നെ മാറുവാന്‍ തുടങ്ങി. ഖത്തര്‍ അനുദിനം വികസനപാതിയിലേക്കുള്ള കുതിപ്പ് തുടര്‍ന്നു.

1971 ല്‍ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തിയെങ്കിലും എണ്ണയുടെ ഉല്‍പ്പാദനം ഏറെയായതിനാല്‍ അത് ഡെവലപ്പ് ചെയ്തില്ല. റഷ്യയും ,ഇറാനും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഗ്യാസ് നിക്ഷപമുള്ളത് ഖത്തറില്‍ മാത്രമാണ്.ഖത്തറിലെ ഗ്യാസ് നിക്ഷേപം 896 ട്രില്യന്‍ ക്യുബിക് അടിയാണ്. 80 കളില്‍ ലോകമാര്‍ക്കറ്റില്‍ എണ്ണവില അടിക്കടി ഇടിഞ്ഞതുമൂലം 1989 മുതല്‍ ഖത്തര്‍ പ്രകൃതിവാതക ഉത്പാദനരംഗത്ത് ആദ്യമായി ചുവടുവച്ചു.

1995 ല്‍ ഷേക്ക്‌ ഹമദ് ബിന്‍ ഖലീഫ അല്‍ താനി പിതാവായ ഖലീഫ ബിന്‍ അഹമദ് അല്‍ താനിയില്‍ നിന്ന് അധികാരം പിടിച്ചെടുത്തു ഖത്തറിന്റെ പുതിയ അമീറായി. ഖത്തറിന്റെ ത്വരിത വികസനത്തിനായി അദ്ദേഹം നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചു. പ്രകൃതിവാതക ഉല്‍പ്പാദനം ഗണ്യമായി വര്‍ദ്ധിപ്പിച്ചു.അന്താരാഷ്ട്ര സഹകരണത്തോടെ ഖത്തറില്‍ 14 പ്രകൃതിവാതക പ്ലാന്റുകള്‍ സ്ഥാപിതമായി. ഖത്തറില്‍ നിന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഗ്യാസ് കയറ്റുമതി ആരംഭിച്ചു. പിന്നെയങ്ങോട്ട് നാനാഭാഗത്തുനിന്നും ഖത്തറിലേക്ക് പണത്തിന്‍റെ പ്രവാഹമായിരുന്നു.

ജപ്പാന്‍, സ്പെയിന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായി ഗ്യാസ് സപ്ലൈ ചെയ്യാന്‍ ഖത്തര്‍ ഉണ്ടാക്കിയ ദീര്‍ഘകാല കരാര്‍ പിന്നീട് നിരവധിരാജ്യങ്ങ ളിലെക്കും വ്യാപിപ്പിക്കപ്പെട്ടു. വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള സാങ്കേതികവിദ്യ ഖത്തര്‍ എല്ലാ രംഗത്തും പ്രാവര്‍ത്തികമാക്കി. 1998 ൽ ഖത്തറില്‍ ഒരു Education സിറ്റി രൂപം കൊണ്ടു.അവിടെ അമേരിക്കയിലെ 6 ഉം യൂറോപ്പിലെ 2 ഉം യൂണിവേഴ്സിറ്റി കള്‍ പ്രവര്‍ത്തനം തുടങ്ങി. വിദ്യാഭ്യാസ രംഗത്ത് വൻ പുരോഗതി നേടിയ രാജ്യമാണ് ഖത്തർ. ജനങ്ങളിൽ പ്രത്യേകിച്ചു സ്ത്രീകളിൽ ഭൂരിഭാഗം പേരും ബിരുധ ധാരികളാണ്. ഖത്തരികളിൽ ഗണ്യമായ ഒരു വിഭാഗത്തിനു അറബി കൂടാതെ ഇംഗ്ലീഷ് അല്ലെങ്കിൽ ഫ്രെഞ്ച് ഭാഷ അറിയും. ഖത്തർ സർവ്വകലാശാല ലോകത്തിലെ പ്രധാന സർവകലാശാലകളിൽ ഒന്നാണ്. കൂടാതെ അമേരിക്കൻ, യൂറോപ്യൻ സർവകലാശാലകളുടെ കേന്ദ്രങ്ങൾ ഇവിടെ ഉണ്ട്.

2003 ല്‍ രൂപം കൊണ്ട Qatar Investment Authority (QIA) ഓയില്‍, ഗ്യാസ് എന്നിവയില്‍ നിന്ന് സമ്പാദിച്ച പണം വിദേശ രാജ്യങ്ങളില്‍ നിക്ഷേപിച്ചു റെവന്യൂ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടിയാ യിരുന്നു. ഇന്ന് ലണ്ടന്‍, യൂറോപ്പ് എന്നിവടങ്ങളിലുള്ള ബാങ്കിംഗ് , സൂപ്പര്‍ മാര്‍ക്കറ്റ്, റിയല്‍ എസ്റ്റേറ്റ്‌ രംഗങ്ങളില്‍ വന്‍ നിക്ഷേപമാണ് QIA യുടെ നേതൃത്വത്തില്‍ നടന്നിരിക്കുന്നത്. യൂറോപ്പിലോ ലണ്ടനിലോ പോകുമ്പോള്‍ നിങ്ങള്‍ കാണുന്ന വലിയ കെട്ടിടങ്ങള്‍ ഒട്ടുമുക്കാലും ഖത്തറിന്റെ വകയാണ് എന്നതാണ് വാസ്തവം.

IMF 2016 ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ഖത്തറിലെ പ്രതിശീര്‍ഷ വരുമാനം 82 ലക്ഷം രൂപയ്ക്ക് മുകളിലാണ്. നമ്മള്‍ മൂക്കത്ത് വിരല്‍വച്ചുപോകും.ഒരുപക്ഷേ ലോകത്ത് ഏറ്റവും ഉയരത്തില്‍. 2010 ല്‍ ഖത്തറിനെ 2022 ല്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ വേദിയായി ഫിഫ പ്രഖ്യാപിച്ചതോടെയാണ് മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഒരുതരം അസൂയ രൂപപ്പെട്ടതും ഇപ്പോള്‍ സൌദിഅറേബ്യ യുടെ നേതൃത്വത്തില്‍ ഉപരോധങ്ങള്‍ ഉണ്ടായതും. അതുമാത്രമല്ല ഖത്തറിന്റെ അപാരമായ സമ്പത്തും , വളര്‍ച്ചയും ,വികസനവും , വ്യക്തി സ്വാതന്ത്ര്യവും സൌദിഅറേബ്യ പോലുള്ള രാജ്യങ്ങളെ അസ്വസ്ഥമാക്കിയിരുന്നു. പക്ഷേ ഈ നീക്കങ്ങള്‍ക്ക്‌ മുന്നിലൊന്നും ഖത്തര്‍ മുട്ടുമടക്കിയില്ല, അവര്‍ വച്ച കാല്‍ ഇനി പിന്നോട്ടില്ല എന്ന നിലപാടിലാണ്. ഈ വിഷയത്തില്‍ ലോകരാജ്യങ്ങളുടെ പിന്തുണ ഏറിയ പങ്കും ഖത്തറിനു തന്നെയാണ്.

2013 ല്‍ മകന്‍ ‘ഷേക്ക്‌ തമിം ബിന്‍ ഹമദ് അല്‍ താനി’ ക്ക് അധികാരം നല്‍കി പിതാവ്, മകനെ ഖത്തര്‍ അമീറായി വാഴിച്ചു. ഇന്ന് അദ്ദേഹവും ആധുനിക വല്‍ക്കരണത്തിന്റെ വക്താവായാണ് അറിയപ്പെടുന്നത്. മരുഭൂമിയെ മലർവാടിയാക്കി മാറ്റിയ കാഴ്ചയാണു ദോഹ അന്താരഷ്ട്ര വിമാനത്തവളത്തിൽ നിന്നും പുറത്തിറങ്ങുന്ന ഒരാൾക്ക് കാണാൻ കഴിയുക. റോഡരികുകളെല്ലാം മനോഹരമായ പൂന്തോട്ടങ്ങൾ നിർമ്മിച്ച് അൽങ്കരിച്ചിരിക്കുന്നു. കടുത്ത ചൂടിൽ നിന്നും ഇവയെ സംരക്ഷിക്കാൻ വലിയ അധ്വാനവും പണവുമാണു ചെലവഴിക്കുന്നത്.

ലോകകപ്പ്‌ ഫുട്ബോള്‍ മത്സരങ്ങള്‍ക്കായി പ്രത്യേകം ശീതീകരിച്ച 12 അത്യാധുനിക ലോകോത്തര സ്റ്റേഡിയങ്ങള്‍ 2022 നു മുന്പ് നിര്‍മ്മിച്ചു നല്‍കാമെന്ന് ഖത്തര്‍ ഫിഫക്ക് ഉറപ്പുനല്‍കിയിരുന്നു. ഖത്തറിന്റെ ഉറപ്പില്‍ അവര്‍ക്ക് പൂര്‍ണ്ണ ബോധ്യവുമുണ്ട്. ആ ഉറപ്പു പാലിക്കാന്‍ അഹോരാത്രം പ്രയത്നിക്കുകയാണ് ഖത്തറിലെ ഭരണകൂടവും അവിടുത്തെ സ്വദേശികളും വിദേശികളും എല്ലമടങ്ങുന്ന ജനസമൂഹം ഒന്നാകെ. കാരണം ഖത്തറിന്റെ അഭിമാനം സംരക്ഷിക്കേണ്ട ചുമതല തങ്ങള്‍ക്കു കൂടിയാണെന്ന ബോധം അവിടെ ജോലിചെയ്യുന്ന ഓരോ വിദേശ പൌരനുമുണ്ട്. ദാരിദ്ര്യത്തിന്‍റെ പടുകുഴിയില്‍നിന്നും ഒരു ഫീനിക്സ് കണക്കെ ഉയര്‍ന്നുവന്ന രാജ്യത്തോട്, എന്തോ ആ നാടിനോട് വല്ലാത്തൊരു മമതയാണ്‌ പ്രവാസികള്‍ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here