അപകട സ്ഥലങ്ങളിൽ ഫയർ ഫോഴ്സ് മനപ്പൂർവം ഒരിക്കലും താമസിച്ചു എത്തില്ല. അങ്ങനെ പ്രചാരണം ഉണ്ടാകുന്നതിനു വിവിധ കാരണങ്ങൾ ഉണ്ട്. Kerala Fire & Rescue Services ഫേസ്‌ബുക്ക് പേജിൽ ഷെയർ ചെയ്ത കുറിപ്പ് വായിക്കാം.

“അപകടം ഉണ്ടായി പലപ്പോഴും ആൾക്കാർ രക്ഷാപ്രവർത്തനം നടത്തി തുടങ്ങി അവരുടെ കയ്യിൽ നിൽക്കില്ല എന്ന് ബോധ്യമാകുമ്പോഴായിരിക്കും ഫയർ ഫോഴ്സിനെ വിളിക്കാം എന്ന് ആലോചിക്കുന്നത്. അപ്പോൾ ഫയർ ഫോഴ്സിനെ വിളിക്കാനുള്ള നമ്പർ കാണില്ല. അതൊക്കെ തിരക്കി ഫയർ ഫോഴ്സിനെ അറിയിക്കുമ്പോളേക്കും അപകടം നടന്നു സമയം കുറെ പോയിരിക്കും. സംഭവം നടന്ന സമയമായിരിക്കും എല്ലാവരും നോക്കുക അല്ലാതെ ഫയർ ഫോഴ്സിനെ അറിയിച്ച സമയമായിരിക്കില്ല. അപ്പോൾ താമസിച്ചു എന്ന് വിധിയെഴുതും .

ഫയർ ഫോഴ്‌സ് വാഹനം സാധാരണ ഒരു വാഹനത്തിനു പോകാവുന്ന വേഗതയിലേ പോകാൻ പറ്റൂ. അതായതു 60km/hr, എന്ന് പറഞ്ഞാൽ ഒരു മിനിറ്റിൽ 1 km ദൂരം സഞ്ചരിക്കുമെന്നു അർഥം. 10 km ദൂരം സംഭവ സ്ഥലത്തേക്കുണ്ടെങ്കിൽ 10 മിനിറ്റ് സമയം എടുക്കുമെന്നർത്ഥം. അതായതു ഫയർ ഫോഴ്സിനെ അറിയിച്ചു രണ്ടാമത്തെ മിനിറ്റിൽ അവർ ഇതുവരെ എത്തിയില്ലല്ലോ, താമസിക്കുന്നല്ലോ എന്ന് പറയുന്നതിൽ വാസ്തവമില്ലെന്നർത്ഥം

കേരളത്തിലെ ഏത് അഗ്നിരക്ഷാ നിലയത്തിൽ ആയാലും ഏത് പാതിരാത്രിയിലും ഫോൺ ബെല്ലിന്റെ രണ്ടാമത്തെ റിങ്ങിൽ ഫോൺ എടുത്തിരിക്കും. ഒരു മിനിറ്റിനുള്ളിൽ സംഭവസ്ഥലത്തേക്ക് വണ്ടി പുറപ്പെടുകയും ചെയ്യും. ഗതാഗത കുരുക്കുകളും ഫയർഫോഴ്സ് വാഹനം കണ്ടാൽപോലും വഴി മാറാത്ത സാഹചര്യവും ഞങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കാറുണ്ട്.

ഇനിയും ഫയർ ഫോഴ്‌സ് താമസിച്ചു എന്ന് വിശ്വസിക്കുന്നവരോട് ഒരു സാമാന്യ ബുദ്ധിയിൽ ചിന്തിക്കാവുന്ന ഒരു കാര്യം കൂടി പറഞ്ഞു കൊണ്ട് അവസാനിപ്പിക്കാം. അഗ്നിബാധ കൂടുതൽ കഴിയും തോറും അപകടകരമാകും. അണയ്ക്കാൻ മുന്നിൽ നിൽക്കുന്ന ഫയർ ഫോഴ്‌സ് കാരന്റെ ജീവനും അപകടത്തിലാകും. അതുകൊണ്ടു എത്രയും വേഗം സംഭവസ്ഥലത്തെത്തി എത്രയും പെട്ടെന്ന് തീ അണച്ച് ജനങ്ങളുടെ ജീവനും സ്വത്തും ഒപ്പം സ്വന്തം ജീവനും സംരക്ഷിക്കാനേ ഫയർ ഫോഴ്‌സുകാർ ശ്രമിക്കൂ, അല്ലാതെ താമസിച്ചെത്തി സ്വന്തം ജീവൻ കൂടി അപകടത്തിലാക്കാൻ ഞങ്ങൾ ശ്രമിക്കാറില്ല. ഇത് സാമാന്യ ബുദ്ധിക്ക് ആലോചിച്ചാൽ താമസിച്ചു എന്ന് കാര്യമറിയാതെ പറയുന്നവർക്ക് മനസിലാകും.

ജീവനോ സ്വത്തിനോ എന്ത് അപകടം ഉണ്ടായാലും ഉടൻ തന്നെ 101 എന്ന നമ്പരിൽ വിളിക്കുക.. ഏതാപത്തിലും നിങ്ങളെ രക്ഷിക്കാൻ ഒരു ഫയർഫോഴ്സ് കാരൻ കൂടെ ഉണ്ട്..”

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.