പുരാതനമായ വേണാട് നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു നൂറ്റാണ്ടുകളുടെ പഴക്കമുള്ള കൊല്ലം നഗരം.  കൊല്ലം തുറമുഖം ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളിൽ ഒന്നായിരുന്നെന്നും അവിടത്തെ അങ്ങാടികൾ ഇൻഡ്യയിൽ വച്ചേറ്റവും മികച്ചതായിരുന്നു എന്നും ആദ്യകാലസഞ്ചാരികൾ രേഖപ്പെടുത്തിയിട്ടുണ്ടു്. ചൈനയും അറേബ്യയുമായി ഈ നഗരം വിപുലമായ വാണിജ്യത്തിൽ ഏർപ്പെട്ടിരുന്നു. ചൈനയുടെ ചക്രവർത്തി കുബ്ലൈഖാനുമായി കൊല്ലത്തിനു് രാഷ്ട്രീയ ബന്ധമുണ്ടായിരുന്നു. മനോഹാരിതയിലും പ്രശസ്തിയിലും ഉയരങ്ങളിൽ നില നിന്നിരുന്ന കാലമുണ്ടായിരുന്നു. കൊല്ലത്തിനെ ദൈവത്തിന്റെ സ്വന്തം തലസ്ഥാനം എന്ന് വിളിക്കാറുണ്ട്

കൊല്ലം നഗരത്തിനു് കൊല്ലവർഷത്തേക്കൾ പഴക്കമുള്ളതായി വിശ്വസിക്കുന്നു. ഇതിനു ആരംഭം കുറിച്ചതു് കൊല്ലത്തു നിന്നാണ്. പന്ത്രണ്ടു നൂറ്റാണ്ടു മുൻപ് ഉദയമാർത്താണ്ഡവർമ്മ എന്ന തിരുവിതാംകൂർ രാജാവാണ് കൊല്ലവർഷം ആരംഭിച്ചതെന്ന് കരുതപ്പെടുന്നു. എ.ഡി 825-ൽ പണ്ഡിതന്മാരുടെ യോഗം വിളിച്ചുകൂട്ടി കലണ്ടർ നിശ്ചയിച്ചു നടപ്പാക്കിത്തുടങ്ങിയ ഈ പരിഷ്കാരം കേരളത്തിലൊട്ടാകെയും, തുടർന്ന് അന്നത്തെ തിരുവിതാംകൂർ രാജാവിന്റെ അധീനതയിലുണ്ടായിരുന്ന ചേരരാജ്യത്തിലേക്കും പ്രചരിച്ചു. ആ കാലത്തുതന്നെ മധുര, തിരുനെൽവേലി തുടങ്ങിയ പ്രദേശങ്ങളിലും ഇത് നിലവിൽ വന്നു. കൊല്ലത്ത് ആരംഭിച്ചതു കൊണ്ടാണ് ഈ കാലഗണനാസമ്പ്രദായത്തിന് കൊല്ലവർഷം എന്ന പേരു ലഭിച്ചത്. (എ.ഡി.825 ആഗസ്റ്റു 15നു് കൊല്ലവർഷം ആരംഭിച്ചു.)  ഇൻഡ്യയിലെ ആദ്യത്തെ റോമൻ കത്തോലിക്കാ രൂപതയുടെ ആസ്ഥാനം കൊല്ലമായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ പ്രിന്റിങ്ങ് പ്രസ് 1576ൽ കൊല്ലത്ത് സ്ഥാപിതമായി. Doctrina Christiana en Lingua Malabar Tamil എന്ന ആദ്യ ഭാരതീയഭാഷാപുസ്തകം (തമിഴ്) ഇവിടെ പ്രിന്റ് ചെയ്യുകയുണ്ടായി.

ക്രിസ്തുവർഷം 9ആം ശതകം വരെ കേരളം സന്ദർശിച്ചിട്ടുള്ള സഞ്ചാരികളുടെ വിവരണങ്ങളിലോ മറ്റ്‌ ചരിത്രകാരമാരുടെ ഗ്രന്ഥങ്ങളിലോ കൊല്ലത്തേക്കുറിച്ചുള്ള പരാമർശങ്ങളില്ല. ക്രിസ്തുവർഷം 851ൽ കേരളം സന്ദർശിച്ച അറബി സഞ്ചാരിയായ സുലൈമാനാണ്‌ കൊല്ലത്തെപ്പറ്റി ആദ്യമായി പരാമർശിച്ചിരിക്കുന്നത്‌. കൊല്ലവർഷം 24ആം ആണ്ടിലുണ്ടായ തരിസാപ്പള്ളി ശാസനത്തിലാണ്‌ കരക്കോണിക്കൊല്ലം എന്ന് കൊല്ലം പട്ടണത്തെപ്പറ്റിയുള്ള സംശയാതീതമായ ആദ്യത്തെ പരാമർശം. കൊല്ലവർഷം 149ആം ആണ്ടിലെ മാമ്പള്ളി പട്ടയത്തിലും 278ലെ രാമേശ്വരം ശിലാരേഖയിലും കൊല്ലത്തെക്കുറിച്ച്‌ പറയുന്നു.

മധ്യ കാലഘട്ടത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തു നിന്ന് ചൈനയിലേക്ക്‌ കപ്പലുകൾ പോയിരുന്നത്‌ കൊല്ലം, കോഴിക്കോട്‌ തുറമുഖങ്ങളിൽ നിന്നു മാത്രമായിരുന്നു. ഇവിടുത്തെ സന്മാർഗ്ഗ നിലവാരവും വ്യാപാരികളുടെ സത്യസന്ധതയും വളരെ മികച്ചതാണന്നും മദ്യപാനമോ വ്യഭിചാരമോ ഇല്ലാത്ത നാടാണെന്നും അബുസൈദ്‌ (ക്രി വ 950), ബഞ്ചമിൻ (ക്രി വ 1153-73) എന്നിവർ എഴുതിയിരിക്കുന്നു. കുരുമുളകു രാജ്യമായ മലബാറിന്റെ തെക്കേ അറ്റത്തെ തുറമുഖമാണ്‌ കൊല്ലമെന്ന് അബുൽ ഫിദാ (ക്രി വ 1273 1331) എഴുതിയിട്ടുണ്ട്‌.

കൊല്ലം എന്ന പേരു വന്നതിനെ പറ്റി നിരവധി അഭിപ്രായങ്ങൾ നിലവിലുണ്ട്. കൊല്ലവർഷത്തിന്റെ ആരംഭമാണ് ഈ പേരിനു കാരണമായതെന്ന വാദമാണ് ഇതിൽ പ്രധാനം. ചീനഭാഷയിൽ വിപണി എന്ന അർത്ഥത്തിൽ ‘കൊയ്‌ലൺ’ എന്നൊരു വാക്കുണ്ട്. ഈ വാക്കും കൊല്ലം എന്ന പേരും തമ്മിൽ ബന്ധമുണ്ടെന്നു പറയുന്ന ചരിത്രകാരന്മാരുണ്ട്. കുരുമുളകിന്റെ സംസ്കൃത പദമായ ‘കൊലം’ എന്നതിൽ നിന്നാണ് ലഭ്യമായെതെന്നും കരുതുന്നുണ്ട്. കുരുമുളക് യഥേഷ്ടം ലഭ്യമായിരുന്ന തുറമുഖനഗരമായിരുന്നിരിക്കണം പുരാതനകാലത്ത് കൊല്ലം. കോവിലകം അഥവാ കോയിൽ + ഇല്ലം സ്ഥിതി ചെയ്തിരുന്ന പ്രദേശമെന്ന നിലയിൽ “കോയില്ലം” എന്നറിയപ്പെട്ടിരുന്ന ഇവിടം പിൽക്കാലത്ത് ലോപിച്ച് കൊല്ലം ആയി മാറുകയായിരുന്നുവെന്ന് മറ്റു ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

ചീനക്കാരുടെ ഭാഷയിൽ “കോലസം” എന്നാൽ “വലിയ അങ്ങാടി” എന്നർത്ഥമുണ്ടെന്നും അതിൽ നിന്നാവാം കൊല്ലം എന്ന സ്ഥലനാമമുണ്ടായതെന്നും, എന്നാൽ മേൽപ്പറഞ്ഞതൊന്നുമല്ല, മറിച്ച്, “കോലം” എന്ന പദത്തിന് ചങ്ങാടമെന്നും വഞ്ചികൾ കരയ്ക്കടുപ്പിച്ച് കെട്ടുന്ന കുറ്റി എന്നും സംസ്കൃതത്തിൽ അർത്ഥം കാണുന്നതിനാൽ തുറമുഖനഗരം എന്നയർത്ഥത്തിലാണ് ഈ പ്രദേശത്തിന് കൊല്ലം എന്ന പേരു ലഭിച്ചതെന്നും വ്യത്യസ്തമായ ചില നിഗമനങ്ങളും കാണുന്നുണ്ട്. രാജകീയ സാന്നിധ്യമെന്നോ രാജവസതിയെന്നോ അർഥം വരുന്ന കൊലു എന്ന് ശബ്ദത്തിൽ നിന്നാണു് കൊല്ലം ഉണ്ടായതു് എന്ന അഭിപ്രായമാണു് പരക്കെ സ്വീകാര്യമായിട്ടുള്ളതു്.

കുന്നത്തൂർ താലൂക്കിൽ നിന്ന് കണ്ടെടുത്ത മഹാശിലായുഗകാലത്തെ ശിലാഖണ്ഡങ്ങളും മരുതുർകുളങ്ങര, പള്ളിക്കൽ എന്നിവിടങ്ങളിൽ നിന്ന് കിട്ടിയ ബുദ്ധപ്രതിമകളും ക്രിസ്ത്വബ്ദത്തിനു മുമ്പ് തന്നെ കൊല്ലത്തിനുണ്ടായിരുന്ന സംസ്കാരത്തെയും ചരിത്രത്തെയും കുറിച്ച് സൂചനകൾ നൽകുന്നു. ഒൻപതാം ശതകത്തിൽ കൊല്ലം മഹോദയപുരത്തെ കുലശേഖര ചക്രവർത്തിമാരുടെ കീഴിലുള്ള വേണാടിന്റെ തലസ്ഥാനമായിരുന്നു. പോർച്ചുഗീസുകാരാണാദ്യം ഇവിടെ വ്യാപാരകേന്ദ്രങ്ങൾ സ്ഥാപിച്ചത്. പിന്നീട് ഡച്ചുകാർ വന്നു. പിന്നെ ഇംഗ്ലീഷുകാരും.

ക്രിസ്തുവിനു മുൻപ് തന്നെ കൊല്ലം, പട്ടണം (മുസിരിസ്) പോലെ ഭാരതത്തിലെ ഒരു പ്രധാന തുറമുഖ നഗരമായിരുന്നു. കൊല്ലത്തിന് ഫൊണീഷ്യന്മാരുടേയും പ്രാചീന റോമിന്റെയും കാലത്തുമുതൽക്കേ വ്യാപാര പാരമ്പര്യമുണ്ടായിരുന്നു. പ്ലിനി (ക്രി. പി. 23 – 78) രേഖപ്പെടുത്തിയത് പ്രകാരം ഗ്രീക്ക് കപ്പലുകൾ വാണിജ്യത്തിനായി മുസിരിസ്സിലും നെസിൽഡയിലും നങ്കൂരമിട്ടിരുന്നു. ഈ തുറമുഖങ്ങളിൽ നിന്നും ഈജിപ്റ്റിലേക്കും റോമിലേക്കും സുഗന്ധവ്യഞ്ജനങ്ങൾ, മുത്തുകൾ, വജ്രങ്ങൾ, പട്ട് എന്നിവ കരമാർഗ്ഗം കയറ്റിയയച്ചിരുന്നു. മുത്തും വജ്രങ്ങളും ചേരസാമ്രാജ്യത്തിലെത്തിയിരുന്നത് സീലണിൽ നിന്നും പാണ്ഡ്യ രാജവംശം എന്നറിയപ്പെട്ടിരുന്ന ഇന്ത്യയുടെ കിഴക്കൻ പ്രദേശങ്ങളിൽ നിന്നും ആയിരുന്നു.

ക്രിസ്തുവർഷം 550ൽ മലബാർ സന്ദർശിച്ച ഗ്രീക്ക് സഞ്ചാരിയായ കോസ്മാസ് ഇൻഡികോപ്ലെസ്റ്റസ്  തന്റെ ക്രിസ്ത്യൻ ടോപ്പോഗ്രഫി എന്ന ഗ്രന്ഥത്തിൽ ചേരസാമ്രാജ്യത്തിൽ ഉദയം കൊള്ളുന്ന ക്രിസ്തുമതവിശ്വാസികളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞിരിക്കുന്നത് “ടാബ്രോപേൻ (സീലൺ) ദ്വീപിൽ ക്രിസ്ത്യാനികൾക്ക് ആരാധനാലയങ്ങളുണ്ട്. അതേപോലെ കല്ലിയാനയിലെ (നിലയ്ക്കലിലെ കല്യങ്കൽ) കുരുമുളക് കർഷകർക്കും കാർഷിക സമൂഹത്തിനും ക്രി. വ. 325ൽ നടന്ന സുനഹദോസ്സ് പ്രകാരം പേർഷ്യൻ ബിഷപ്പ് ഉണ്ടായിരുന്നു. ക്രി. വ. 660ൽ മരിച്ച നെസ്റ്റോറിയൻ പാത്രിയാർക്കീസ് പേർഷ്യയിലെ മെത്രാപ്പോലീത്തയായ സൈമണിനയച്ച കത്തിൽ കൊല്ലത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.

ക്രി. വ. 825ൽ നെസ്റ്റോറിയൻ പുരോഹിതനായ മാർ ആബോയും മാർ പ്രോത്തും വേണാടിന്റെ ക്ഷണപ്രകാരം കൊല്ലത്തെത്തിച്ചേർന്നു. ഇവർക്ക് രണ്ടുപേർക്കും ചേരരാജാവായ രാജശേഖര വർമ്മൻ അയ്യനടികൾ തിരുവടികലിൽ നിന്നും കൊരുകേനിക്കൊല്ലത്തിന് സമീപമുള്ള തർഷിഷ്-എ-പള്ളിയിൽ (Tarsish-a-palli) വച്ച് രാജകീയ സ്വീകരണം ലഭിച്ചു. ഇത് തരിശപ്പള്ളി ഫലകങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മാർ ആബോ അദ്ദേഹത്തിന്റെ അന്ത്യ നിമിഷങ്ങൾ തേവലക്കരയിൽ ചിലവഴിക്കുകയും അദ്ദേഹത്തിന്റെ ഭൗതികശരീരം അവിടുത്തെ മർത്തമറിയം പള്ളിയിൽ അടക്കം ചെയ്യുകയും ചെയ്തു. മാർക്കോ പോളോ ൽ ചൈനീസ് ചക്രവർത്തി കുബ്ലേ ഖാന്റെ ഔദ്യോഗിക യാത്രികനായി ഇന്ത്യയിൽ സഞ്ചരിച്ചു വരവേ ക്രി വ. 1275ൽ കൊല്ലം സന്ദർശിച്ചു. അദ്ദേഹം മബാർ (മലബാർ) രാജ്യത്തു നിന്നും കൊമരി (കന്യാകുമാരി) രാജ്യത്തേക്ക് പോകവേ ആണ്‌ കൊല്ലത്തെത്തിയത്.

1498-ഓടെ കേരളത്തിലെത്തിയ പോർച്ചുഗീസുകാരെ, 1503-ൽ കൊല്ലവുമായി കച്ചവടബന്ധം സ്ഥാപിക്കുന്നതിന് അവിടത്തെ രാജ്ഞി ക്ഷണിക്കുകയുണ്ടായി. തുടർന്ന് കൊല്ലത്ത് എത്തിച്ചേർന്ന പോർച്ചുഗീസുകാർ കാലക്രമേണ അവിടെ ഒരു കോട്ടയും താവളവും സ്ഥാപിച്ചു. 1661-ൽ പോർച്ചുഗീസുകാരെ പരാജയപ്പെടുത്തി ഡച്ചുകാർ ഇവിടെ മേധാവിത്വം സ്ഥാപിച്ചു. ഒരു തിരുവിതാംകൂർ ബ്രിട്ടീഷ് ഉടമ്പടിക്ക് കാവലായി ഒരു പറ്റം ഇംഗ്ലീഷ് കാവൽ സൈന്യം കൊല്ലത്ത് തമ്പടിച്ചതിന് രേഖകളൂണ്ട്.

അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവ് ആണ് കൊല്ലം (ദേശിങ്ങനാട്), കൊട്ടാരക്കര (ഇളയടത്ത് സ്വരൂപം) തുടങ്ങിയ സ്ഥലങ്ങൾ ആക്രമിച്ച് കീഴ്പ്പെടുത്തിയത്. അവ പിന്നെ തിരുവിതാംകൂറിന്റെ ഭാഗമായി. 1741-ൽ കുളച്ചലിൽ വച്ച് നടന്ന യുദ്ധത്തിൽ മാർത്താണ്ഡവർമ്മ ഡച്ചുകാരെ പൂർണ്ണമായും പരാജയപ്പെടുത്തി അവരുടെ അധീനതയിലായിരുന്ന പ്രദേശങ്ങൾ തിരിച്ചുപിടിച്ചു. അക്കാലം വരെ കൊല്ലമായിരുന്നു തിരുവിതാംകൂറിന്റെ ആസ്ഥാനം. പ്രസ്തുത കാലയളവിലാണ് ബ്രിട്ടീഷുകാർ ഇവിടെ എത്തിയത്. കാലാന്തരത്തിൽ തിരുവിതാംകൂറിന്റെ നിയന്ത്രണം അവരുടെ കൈകളിലെത്തിച്ചേർന്നു.

ഈ പശ്ചാത്തലത്തിൽ അക്കാലത്തെ തിരുവിതാംകൂർ ദളവയായിരുന്ന വേലുതമ്പി കൊച്ചിയിലെ പാലിയത്തച്ഛനുമായി, വെള്ളക്കാർക്കെതിരെ ഒരുമിച്ചുനിന്ന് യുദ്ധം ചെയ്യുന്നതിനായി ഒരു ധാരണയുണ്ടാക്കി. 1809 കാലഘട്ടത്തിൽ വേലുതമ്പിദളവയുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നിരവധി കലാപങ്ങൾ നടന്നു. അതിന്റെ ഭാഗമായാണ് 1809 ജനുവരി 16-ാം തിയതി ചരിത്രപ്രസിദ്ധമായ “കുണ്ടറ വിളംബരം” നടക്കുന്നത്. ഇംഗ്ളീഷ് പട്ടാളം മണ്ണടിയിലെ തമ്പിയുടെ താവളം വളഞ്ഞതോടെ അദ്ദേഹം ആത്മഹത്യ ചെയ്തു. അതോടെ തിരുവിതാംകൂർ പൂർണ്ണമായും ബ്രിട്ടീഷുകാരുടെ ഭരണത്തിൽ കീഴിലാവുകയും ചെയ്തു.

വേലുത്തമ്പി ദളവ കൊല്ലത്തെ തിരുവിതാംകൂറിലെ മികച്ച ഒരു പട്ടണമാക്കി മാറ്റാനുള്ള പദ്ധതികളാവിഷ്കരിച്ചിരുന്നു. അദ്ദേഹം പുതിയ ചന്തകൾ നിർമ്മിക്കുകയും തമിഴ്‌നാട്ടിലെ മദ്രാസ്, തിരുനൽവേലി എന്നിവിടങ്ങളിൽ നിന്നുള്ള കച്ചവടക്കാരെ കൊല്ലത്ത് വ്യാപാരത്തിനായി ക്ഷണിക്കുകയും ചെയ്തു. ഇതേത്തുടർന്ന് കശുവണ്ടി, കയർ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ കച്ചവടം കൊല്ലത്ത് തഴച്ചു. ഇക്കാലയളവിലെ കൊല്ലത്തിന്റെ മേന്മകണ്ടാണ് കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന ചൊല്ല് ഉണ്ടായത്.

1811 റസിഡൻറ് മൺറോയ്ക്കുവേണ്ടി പണിയിപ്പിച്ചതാണ് ആശ്രാമം എന്ന സ്ഥലത്തെ കൊല്ലം റസിഡൻസി. ആതർ എന്ന എൻജിനീയർ ആണ് ഇതിന് നേതൃത്വം കൊടുത്തത്. റസിഡൻറിന്റെ ആസ്ഥാനം, ദിവാൻ കച്ചേരി, അപ്പീൽകോടതി തുടങ്ങിയവയെല്ലാം ആദ്യം കൊല്ലത്തായിരുന്നു. 1803 മുതൽ 1830 വരെ ഇംഗ്ലീഷ് പട്ടാളം തമ്പടിച്ചിരുന്നത് കൊല്ലം കൻറോൺമെൻറിലാണ്. 1809-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും തിരിവിതാംകൂറും തമ്മിൽ കൊല്ലം യുദ്ധം നടന്നു. സ്വാതി തിരുനാളിന്റെ കാലത്തോടെയാണ് ദിവാൻ കച്ചേരി തലസ്ഥാനത്തേക്ക് മാറ്റിയത്. തിരുവനന്തപുരത്ത് നായർ ബ്രിഗേഡ് ശക്തി പ്രാപിച്ചതോടെ ഇംഗ്ലീഷ് പട്ടാളം പിരിച്ചുവിട്ടു.

1835 മുതലാണ് ഒരു കേന്ദ്രീകൃതമായ ജില്ലാ ഭരണ സംവിധാനം കൊല്ലത്ത് നടപ്പിൽ വരുന്നത്. കൊല്ലം ആസ്ഥാനമായി രണ്ട് റവന്യൂ ജില്ലകൾ തിരുവിതാംകൂറിൽ 1835ൽ നിലവിൽ വന്നു. 1864-ൽ കൊല്ലത്ത് പോസ്റ്റോഫീസും കമ്പിത്തപാലാപ്പീസും, 1868-ൽ രജിസ്റ്റർ കച്ചേരിയും സ്ഥാപിതമായി. 1867-ൽ കൊല്ലത്ത് സ്ഥാപിതമായ മലയാളം പള്ളിക്കൂടമാണ് ഇവിടുത്തെ ആദ്യത്തെ വിദ്യാലയം. ഇന്ത്യയിൽ തന്നെ ആകെയുള്ള രണ്ടേരണ്ടു തൂക്കുപാലങ്ങളിലൊന്ന് ഈ ജില്ലയിലെ പുനലൂർ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കൊൽക്കത്തയിലെ ഹൌറാ പാലമാണ് ഇന്ത്യയിലുള്ള മറ്റൊരു തൂക്കുപാലം. ബ്രിട്ടീഷ് എൻജിനീയറിംഗ് വിസ്മയമായ പുനലൂർ തൂക്കുപാലം കല്ലടയാറിനു കുറുകെ 1877-ലാണ്, തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാൾ മുൻകൈയ്യെടുത്ത് പണികഴിപ്പിച്ചത്. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് വിക്ടോറിയ ആശുപത്രി സ്ഥാപിതമായി.

ശ്രീനാരായണഗുരു, അയ്യൻകാളി എന്നീ നവോത്ഥാനനായകന്മാരുടെ പ്രധാന പ്രവർത്തനമേഖലയായിരുന്നു കൊല്ലവും. അവർണ്ണർക്ക് ക്ഷേത്രപ്രവേശനത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് 1918-ൽ പടിഞ്ഞാറെകൊല്ലത്ത് ഈഴവ സമാജയോഗം ചേരുകയുണ്ടായി. 1932 ഡിസംബർ 17-ന് ഈഴവ-മുസ്ളീം-ക്രിസ്ത്യൻ സമുദായങ്ങളുടെ പ്രതിനിധികൾ യോഗം ചേരുകയും പിന്നീടിത് നിവർത്തന പ്രക്ഷോഭമായി മാറുകയും ചെയ്തു. നിവർത്തന പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ കൊല്ലം സ്വദേശികളായ പ്രമുഖ നേതാക്കളായിരുന്നു സി. കേശവൻ, പി.കെ. കുഞ്ഞ്, എൻ.വി. ജോസഫ് തുടങ്ങിയവർ.

1937-ഓടുകൂടി ഇന്ത്യയിൽ അങ്ങോളമിങ്ങോളം പൊട്ടിപ്പുറപ്പെട്ട കർഷകസമരങ്ങളിൽ നിന്ന് ആവേശമുൾക്കൊണ്ട് കൊല്ലം ജില്ലയിലെ കടയ്ക്കൽ എന്ന ഗ്രാമത്തിൽ കർഷകർ നേതൃത്വം നൽകിയ ജനകീയ പ്രക്ഷോഭങ്ങൾ അരങ്ങേറി. 1938-ലാണ് ചരിത്രപ്രസിദ്ധമായ കടയ്ക്കൽ വിപ്ലവം നടക്കുന്നത്. 1924-ലാണ് കൊല്ലത്ത് വിദ്യുച്ഛക്തി എത്തിയത്. കേരളത്തിൽ ആദ്യമായി വിമാനമിറങ്ങിയത് കൊല്ലം നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ആശ്രാമം മൈതാനത്താണ്. തിരുവനന്തപുരത്ത് വിമാനത്താവളം സജ്ജമാകുന്നതിനു മുൻപ് ആശ്രാമം മൈതാനത്ത് ചെറുവിമാനങ്ങൾ ഇറങ്ങുവാൻ പാകത്തിൽ റൺവേ ഒരുക്കിയിരുന്നു.

1949ൽ കൊച്ചിയും തിരുവിതാംകൂറും ലയിക്കുമ്പോൾ, കൊല്ലം ഇവിടുത്തെ മൂന്ന് റവന്യൂ ജില്ലകളിൽ ഒന്നാണ്. പിന്നീട് ഇവ ജില്ലകളായി പരിവർത്തനം ചെയ്യപ്പെട്ടു. പക്ഷേ 1956ലെ സ്റ്റേറ്റ് റെക്കഗ്നീഷൻ ആക്റ്റ് പ്രകാരം ചെങ്കോട്ട താലൂക്ക് മദ്രാസ് സംസ്ഥാനവുമായി ലയിക്കപ്പെട്ടു. പിന്നീട് കേരള സംസ്ഥാനം രൂപപ്പെട്ടപ്പോഴും കൊല്ലം ആസ്ഥാനമായി അതേ പേരിൽ ഒരു ജില്ല നിലവിൽ വന്നു. തുടക്കത്തിലുണ്ടായിരുന്ന ജില്ലകളിൽ ഒന്ന് എന്ന പ്രത്യേകതയും കൊല്ലത്തിനുണ്ട്. 1957ൽ ചേർത്തല, അമ്പലപ്പുഴ, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകൾ ചേർന്ന് ആലപ്പുഴ ജില്ല രൂപീകരിച്ചു. 1983 ജൂലൈ ഒന്നിന് പത്തനംതിട്ട താലൂക്കും കുന്നത്തൂർ താലൂക്കിന്റെ കുറച്ചു ഭാഗങ്ങളും ചേർന്ന് പത്തനംതിട്ട ജില്ലയും രൂപീകൃതമായി.

തിരുവിതാംകൂറിന്റെ വാണിജ്യതലസ്ഥാനമായിരുന്നു കൊല്ലം. തിരുവിതാംകൂറിലെ ആദ്യ റെയിൽപാത ചെങ്കോട്ട മുതൽ പുനലൂർ വരെയുള്ള മീറ്റർഗേജ് ലൈനായിരുന്നു (1904 നവംബർ 26-നായിരുന്നു ഇത് പ്രവർത്തനമാരംഭിച്ചത്). രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്ക്, റോഡ് (NH-47, NH-208, NH-101), റെയിൽ വഴി ബന്ധങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ജില്ലയിലെ തങ്കശ്ശേരിയിൽ കൊല്ലം തുറമുഖം സ്ഥിതി ചെയ്യുന്നു. ഷൊർണൂർ ജംഗ്ഷൻ കഴിഞ്ഞാൽ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ ഏറ്റവും വലിയ തീവണ്ടിയാപ്പീസാണ് കൊല്ലത്തേത് (കൊല്ലം ജംഗ്ഷൻ). ഇവിടുത്തെ 1, 1A പ്ലാറ്റ്‌ഫോമുകൾ ചേർത്താൽ ഏതാണ്ട് 1,180.5 മീറ്റർ വലിപ്പം വരും. ഇത് ഇന്ത്യയിലെ ഏറ്റവും നീളമുള്ള രണ്ടാമത്തെ പ്ലാറ്റ്ഫോമാണ്. തുടങ്ങിയപ്പോൾ കൊല്ലം ചെങ്കോട്ട മീറ്റർ ഗേജ് പാത മാത്രമേ ഉണ്ടായിരുന്നുള്ളൂ.

1902ലാണ് കൊല്ലത്ത് നിന്ന് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യത്തെ ചരക്ക് തീവണ്ടി ഓടിയത്. ആദ്യത്തെ യാത്രാതീവണ്ടി 2 കൊല്ലത്തിന് ശേഷം 1904 ജൂൺ ഒന്നിന് ഓടി. 1918ൽ കൊല്ലത്ത് നിന്നും ചാക്കയിലേക്ക് തീവണ്ടി സേവനം ആരംഭിച്ചു. പിന്നീട് ഇത് തിരുവനന്തപുരത്തേക്ക് നീട്ടി. കൊല്ലം മുതൽ പുനലൂർ വരെയുള്ള മീറ്റർ ഗേജ് പാത, ബ്രോഡ് ഗേജായി മാറ്റി 2010 മെയ് 12ന് ഇ. അഹമ്മദ് നാടിനു സമർപ്പിച്ചു. തിരുവനന്തപുരം – എറണാകുളം പാത (ആലപ്പുഴ വഴിയും കോട്ടയം വഴിയും) കൊല്ലം വഴിയാണ് കടന്നു പോകുന്നത്. കൊല്ലത്ത് പൂർണ്ണമായും വൈദ്യുതീകരിച്ച പാതയാണ്. പുതുതായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ചെങ്ങന്നൂർ – കൊട്ടരക്കര പാതയും എരുമേലി – പുനലൂർ – തിരുവനന്തപുരം പാതയും കൊല്ലം ജില്ല വഴിയാണ് കടന്നുപോകുന്നത്. കമ്പ്യൂട്ടർവത്കൃത റിസർവേഷൻ സെന്റർ, പ്രീപെയ്ഡ് പാർക്കിങ്ങ്, പ്രീപെയ്ഡ് ആട്ടോ മുതലാവയവയും കൊല്ലത്ത് ലഭ്യമാണ്.

കേരളത്തിൽ ആദ്യമായി വിമാനമിറങ്ങിയത് കൊല്ലം നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ആശ്രാമം മൈതാനത്താണ്. 1932ൽ തിരുവനന്തപുരം വിമാനത്താവളം പ്രവർത്തനമാരംഭിച്ചതോടെ ഇതിന്റെ ഉപയോഗം കുറഞ്ഞു. ഇവിടെ ഒരു അക്കാദമി സ്ഥാപിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.

വിവരങ്ങൾക്ക് കടപ്പാട് – വിക്കിപീഡിയ.

LEAVE A REPLY

Please enter your comment!
Please enter your name here