നിരവധി യാത്രക്കാരാണ് ദിനംപ്രതി കെഎസ്ആർടിസി ബസ്സുകളെ യാത്രയ്ക്കായി ആശ്രയിക്കുന്നത്. ബസ് കാത്തുനിന്ന് ഓടിക്കയറി സീറ്റ് പിടിക്കുന്ന ആ പഴയ കാലമൊക്കെ ഇന്ന് ഏതാണ്ട് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കെഎസ്ആർടിസിയുടെ ഫാസ്റ്റ് പാസഞ്ചർ മുതലുള്ള ബസ്സുകളിൽ ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാക്കിയതോടെയാണ് സീറ്റുകൾക്കായുള്ള നെട്ടോട്ടം യാത്രക്കാർ അവസാനിപ്പിച്ചത്.

എന്നാൽ ഈയിടയ്ക്ക് കെഎസ്ആർടിസിയുടെ ഓൺലൈൻ ബുക്കിംഗ് സൈറ്റായ ‘https://www.keralartc.in/KSRTCOnline/’ മാറ്റിയത് അധികമാരും അറിഞ്ഞില്ലെന്നതാണ് സത്യം. കാര്യമറിയാതെ പഴയ വെബ്‌സൈറ്റിൽ കയറിയ യാത്രക്കാർ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകാതെ വിഷമിച്ചു. റൂട്ടുകൾ സെലക്ട് ചെയ്തു കഴിയുമ്പോൾ സർവ്വീസ് ലഭ്യമല്ല എന്നായിരുന്നു കാണിച്ചിരുന്നത്. സൈറ്റിന്റെ പ്രശ്നം ആകുമെന്നായിരുന്നു ആദ്യം എല്ലാവരും കരുതിയത്. എന്നാൽ പിന്നീടാണ് സോഷ്യൽമീഡിയ വഴി ആളുകൾ സൈറ്റ് മാറിയ കാര്യം അറിഞ്ഞു തുടങ്ങിയത്.

അതിനിടെ പഴയ സൈറ്റിൽ നിന്നും ബുക്ക് ചെയ്യുവാൻ സാധിക്കുന്നില്ലെന്ന് സ്ക്രീൻഷോട്ടുകൾ സഹിതം ആളുകൾ പരാതിയുമായി മുന്നിട്ടുവന്നു. പരാതിക്കാരിൽ അധികമാളുകളും ബെംഗളൂരു, കോയമ്പത്തൂർ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിലുള്ളവരാണ്. പ്രമുഖ കെഎസ്ആർടിസി ഫാൻസ്‌ ഗ്രൂപ്പായ ആനവണ്ടി ബ്ലോഗിൽ (KSRTC BLOG) നിരവധിയാളുകളാണ് ഈ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് മെസ്സേജുകൾ അയയ്ക്കുന്നത്.

പുതിയ സൈറ്റായ online.keralartc.com വന്നതോടു കൂടി പഴയ സൈറ്റിൽ നിന്നും മുൻ‌കൂർ ബുക്ക് ചെയ്തവരുടെ വിവരങ്ങൾ നഷ്ടപ്പെട്ടു. ഇതോടെ ബുക്ക് ചെയ്ത ടിക്കറ്റുമായി വന്ന യാത്രക്കാർക്ക് ബസ്സിൽ സീറ്റ് ലഭിക്കാതെയായി. ഇത് ജീവനക്കാരും യാത്രക്കാരും തമ്മിലുള്ള തർക്കങ്ങളിൽ കലാശിക്കുകയാണുണ്ടായത്. പഴയ സൈറ്റിൽ നിന്നും ബുക്ക് ചെയ്ത സീറ്റുകൾ പുതിയ സൈറ്റിലേക്ക് മാറ്റിയപ്പോൾ ഒഴിഞ്ഞതായി കാണിച്ചതാണ് പ്രശ്നമുണ്ടാക്കിയത്. അധികൃതർ ഈ യാത്രക്കാരെ മറ്റു ബസ്സുകളിൽ കയറ്റി അയച്ചതാണ് പ്രശ്നത്തിൽ നിന്നും തടിയൂരിയത്. എന്നാൽ യാത്രക്കാർ തങ്ങൾക്കുണ്ടായ മോശം അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ സംഭവം പുറംലോകമറിഞ്ഞു.

നാലു മാസത്തിനിടയിൽ ഇത് മൂന്നാം തവണയാണ് ബുക്കിംഗ് സൈറ്റിൽ മാറ്റങ്ങൾ സംഭവിക്കുന്നത്. കെൽട്രോൺ, ഊരാളുങ്കൽ സൊസൈറ്റി എന്നിവരായിരുന്നു മുൻപ് വെബ്‌സൈറ്റുകളുടെ ഇടനിലക്കാർ. ഒരു ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഈ ഇടനിലക്കാർക്ക് 15.50 രൂപ കമ്മീഷനായി നൽകേണ്ടി വന്നിരുന്നു. കഴിഞ്ഞ ജൂണിൽ ബെംഗളൂരുവിലുള്ള മറ്റൊരു കമ്പനിയുമായി കെഎസ്ആർടിസി ഇതിലും കുറഞ്ഞ കമ്മീഷൻ തുകയിൽ കരാർ ഉറപ്പിക്കുകയുണ്ടായി. ഇതിനെത്തുടർന്നാണ് വെബ്‌സൈറ്റിൽ മാറ്റങ്ങൾ സംഭവിച്ചത്.

എന്നാൽ പുതിയ സൈറ്റ് വന്നതോടെ അതിലും ഒത്തിരി തെറ്റുകളുണ്ടെന്നുള്ളതാണ് സത്യം. കർണാടകയുടെ തലസ്ഥാനമായ ബെംഗളുരുവിലേക്ക് ആണ് കെഎസ്ആർടിസിയിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് ബുക്കിംഗുകൾ നടക്കുന്നത്. എന്നാൽ പുതിയ സൈറ്റിൽ ബാംഗ്ലൂർ എന്നാണു കൊടുത്തിരിക്കുന്നത്. ബാംഗ്ലൂരിന്റെ പേര് ബെംഗളൂരു എന്നാക്കി മാറ്റിയത് ഇവർ അറിഞ്ഞിട്ടില്ലേ? പക്ഷേ ബെംഗളൂരു എന്ന് ടൈപ്പ് ചെയ്യുമ്പോൾ ബെംഗളൂരു എയർപോർട്ട് ആണ് കാണിക്കുന്നത്. പ്രത്യക്ഷത്തിൽ കെഎസ്ആർടിസിയ്ക്ക് ബെംഗളൂരു എയർപോർട്ടിലേക്ക് ബസ് സർവ്വീസുകൾ ഇല്ലതാനും.

പല റൂട്ടുകളിലെയും സ്ഥിതി ഇങ്ങനെയാണ്. ഇതെങ്ങനെ ശരിയാകുമെന്നാണ് യാത്രക്കാർ ചോദിക്കുന്നത്. വെബ്സൈറ്റ് പരിഷ്കരണം അറിയാതെ കെഎസ്ആര്‍ടിസി ബസ് ബുക്ക് ചെയ്യാനാകുന്നില്ല എന്ന് പരാതിപ്പെടുന്നവരുമുണ്ട്. കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിനു പകരം പഴയ സെെറ്റിലെ വിവരങ്ങള്‍ മുഴുവൻ ഒഴിവാക്കിയാണ് കെഎസ്ആര്‍ടിസി പുതിയ വെബ്സൈറ്റ് തുടങ്ങിയത്. പുതിയ ലോഗിന്‍ ഐഡി അടക്കമുള്ളവ യാത്രക്കാര്‍ക്ക് ആവശ്യമായി വരുന്നുണ്ട്.

ഇനിയും വെബ്‌സൈറ്റിൽ മാറ്റങ്ങൾ വരുമെന്നു തന്നെയാണ് സൂചനകൾ. എന്തായാലും തങ്ങൾക്ക് ഇതുപോലൊരു പണി ഇനിയും കിട്ടരുതേ എന്നാണു യാത്രക്കാരുടെ പ്രാർത്ഥന. അപ്പോൾ ഇനി എല്ലാവരും ഓർക്കുക. പുതിയ കെഎസ്ആർടിസി ബുക്കിംഗ് സൈറ്റ് –  online.keralartc.com ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.