വിവരണം – ഗീതു മോഹൻദാസ്.

ലഡാക്കിന്റെ സ്വന്തം ഗുർ ഗുർ ചായ അഥവാ ഉപ്പു ചായ !!!

നമ്മള് കുറച്ചൊക്കെ യാത്ര ചെയുന്ന കൂട്ടത്തിലാണ്, ഓരോ യാത്രക്ക് പോകുന്നതിനു മുൻപും ആ സ്ഥലത്തെ ഫുഡ് അതിനെ കുറിച്ചു കുറച്ചു റിസെർച്ചോക്കെ നടത്തി ആണ് പോകാറ്. പിന്നെ അവിടെ എത്തിയാൽ പക്കാ ലോക്കൽ ആയി മാറും, ആവര് കഴിക്കുന്ന ഫുഡ്, അത് ചോദിച്ചറിഞ്ഞു കഴിക്കും. ചിലപ്പോ പണി കിട്ടിട്ടും ഉണ്ട്.

എന്തായാലും ഇപ്പൊ പറയാൻ പോകുന്നത് സെപ്റ്റംബറിൽ ലഡാക്കിലേക്കു പോയപ്പോൾ അവിടെ നിന്നും കുടിച്ച ഗുര് ഗുര് ചായയെ പറ്റിയാണ്. പൊതുവെ ചായ അത്ര ഇഷ്ട്ടം അല്ലാത്ത ആളാണ് ഞാൻ. എന്റെ ഒരു ലഡാക്കി സുഹൃത്തിനെ തേടിയാണ് ഞാൻ അവിടെ എത്തുന്നത്.

അവളുടെ കൂടെ അവളുടെ സുഹൃത്തിന്റെ ഗ്രാമത്തിലേക്കു, അതാണേൽ ഒരു കിടിലന് ഗ്രാമം. ടിബറ്റിലെ അഭയാര്തികൾ എല്ലാവരും വീടുവച്ചു താമസിക്കുന്ന സ്ഥലം. അവിടെ മണ്ണുകൊണ്ടുണ്ടാക്കി, മരപ്പലക പാകിയ വീടാണ് ഞങ്ങളുടെ താവളം. അവിടെ ആണ് ഞങ്ങളുടെ സ്വന്തം ഡോൾമ അമ്മൂമ്മ. ചെന്നപ്പോൾ തന്നെ ഞാൻ അടുക്കള കൈയടക്കി. അമ്മൂമ്മ ഫ്ലാസ്കിൽ ചായയുമായി വന്നു. ചായയോടുള്ള മടുപ്പുകാരണം ഞാൻ വേണ്ട എന്ന് പറഞ്ഞു. അപ്പൊ അമ്മുമ്മ പറഞ്ഞു ഇത് ഒരു സ്പെഷ്യൽ ചായയാണ് ലഡാക്കിന്റെ സ്വന്തം ഗുർ ഗുർ ചായ.

ആഹാ അടിപൊളി പേര്, എന്നാലും ഒരു മടി. അമ്മുമ്മ കുറച്ചു കൂടി ചേർത്തു . ഇതു നംകിൻ ടീ ആണ്. നംകിൻ എന്നാൽ ഉപ്പു . അപ്പൊ ഇതു ഒരു ഉപ്പു ചായ ആണ്. കൊള്ളാലോ.. പിന്നെ ഒരു കാര്യം കൂടി ഡോൾമ അമ്മൂമ്മ കൂട്ടിച്ചേർത്തു, ഇതു ബട്ടർ ടി ആണ്. അടിപൊളി!! എന്ന പിന്നെ ഇനി ഒന്നും നോക്കാനില്ല.

പുറത്തു കെട്ടിയ നന്ദിനി പശുവിന്റെ പാലും, അവളുടെ തന്നെ പാലിൽ നിന്നുണ്ടാക്കിയ ബട്ടറും, ഉപ്പും കൂടി നമ്മുടെ നാട്ടിലെ ഉരലിനെ അടിച്ചു പരാതി വലിച്ചു നീട്ടിയാൽ കിട്ടുന്ന ഒരു പാത്രത്തിൽ ഇട്ടു ഗുർ ഗുർ പൊടിയും ചേർത്ത് ഇളക്കി അടിച്ചു എടുക്കുന്നതാണ് ലഡാക്കിന്റെ സ്വന്തം ഗുർ ഗുർ ചായ.

ചായ കുടിക്കാത്ത ഞാൻ അങ്ങനെ രാവിലെയും വൈകിട്ടും രാത്രിയും സ്ഥിരമായി ഗുർ ഗുർ അടിക്കാൻ തുടങ്ങി. അപ്പൊ ഇനി ലഡാക്കിൽ പോകുന്ന ചങ്കുകൾ ഗുർ ഗുർ അടിക്കാൻ മറക്കണ്ട.

LEAVE A REPLY

Please enter your comment!
Please enter your name here