വിവരണം – അരുൺ വിനയ്.

ഞങ്ങള്‍ തിരുവനന്തപുരത്ത് ജനിച്ചു വളര്‍ന്ന 90 കാലഘട്ടത്തിലെ പിള്ളാര്‍ക്കു സ്കൂള്‍ ടൂര്‍ എന്ന് വച്ചാല്‍ ഒന്നുകില്‍, മ്യുസിയം അല്ലെങ്കിൽ കോവളം. കൂടിപ്പോയാല്‍ കന്യാകുമാരിയിലെ സുര്യാസ്തമയം. ഈ പ്രത്യേക പാക്കേജിലെ ഒരു അഭിവാജ്യഘടകമായിരുന്നു പദ്മനാഭപുരം പാലസ്.

വളര്‍ന്നു വന്നപ്പോള്‍ പദ്മനാഭപുരവും, കോയിക്കല്‍ കൊട്ടാരവും, 122 കുതിരകള്‍ മേല്‍ക്കൂര താങ്ങി നില്‍ക്കുന്നുവെന്ന സങ്കല്പത്തിലെ കുതിരമാളികയിലെ കൊത്തു പണികളും, തിരുവിതാംകൂര്‍ സാമ്രാജ്യത്തിന്റെ തായ് വഴികളിലൂടെ യാത്ര തുടങ്ങി വന്നത് കൊണ്ടാവണം പൗരാണികതയുടെ ജീവിച്ചിരിക്കുന്ന സ്മാരകങ്ങളായ ഒരുപാട് കൊട്ടാരങ്ങള്‍ പിന്നീടും പരിചയപ്പെട്ടുകൊണ്ടിരുന്നത്. അങ്ങനെ ഏറ്റവും ഒടുവില്‍ കറങ്ങിതിരിഞ്ഞു ചെന്നെത്തിയത് മട്ടാഞ്ചേരി ഡച്ച് പാലസ്സിന്റെ കവാടത്തില്‍ ആയിരുന്നു..

കൊട്ടാരത്തിന്റെ കഥയിലേക്ക്‌ പോകണമെങ്കില്‍ മട്ടാഞ്ചേരിയുടെ കഥയില്‍ തുടങ്ങണം. കൊച്ചി കായലിലെ മട്ട് അഥവാ ചെളി അടിഞ്ഞുണ്ടായ ഇടം എന്ന സായിപ്പന്മാരുടെ വിളി പിന്നീട് മട്ടാഞ്ചേരി ആയെന്നും അതല്ല വ്യാപാരത്തിന് വന്ന അറബികള്‍ കച്ചവടകേന്ദ്രം എന്ന അര്‍ത്ഥത്തില്‍ മത്താജീര്‍ എന്ന് വിളിച്ചു, ആ വിളിപ്പേര്‍ പിന്നെ മട്ടാഞ്ചേരി എന്നങ്ങു രൂപാന്തരം പ്രാപിച്ചെന്നുമാണ് ജനസംസാരം. ഇസ്രായേലില്‍ നിന്നും പാലായനം ചെയ്തു വന്ന ജൂതന്മാര്‍ മട്ടാഞ്ചേരിയില്‍ താമസം ആരംഭിച്ചപ്പോള്‍ മുതല്‍ ഇന്നിപ്പോ വരെ മട്ടാഞ്ചേരിയുടെ കഥകളിലെല്ലാം ജൂത വിശ്വാസങ്ങളുടെ മണവും ഉണ്ട്.

1576 മാപ്പിള ജൂദന്മാര്‍ പണികഴിപ്പിച്ച പരദേശി സിനഗോഗ് എന്ന ഇന്നത്തെ സിനഗോഗും, ഡച്ച് കല്ലറകളും കടന്നു പോലീസ് സ്റ്റേഷന്‍റെ മുന്നില്‍ വന്നിറങ്ങുമ്പോള്‍ ആണ് ഓട്ടോ ചേട്ടന്റെ കമന്റ് സമയമുണ്ടെങ്കില്‍ ഡച്ച് കൊട്ടാരം കൂടി കണ്ടു ഇറങ്ങാന്‍.. കൊച്ചി നുമ്മക്കട സ്വന്തമല്ലേ.. ഇവിടെനിക്കെന്താ വേറെ പണി.. നേരെ പഴയന്നൂര്‍ ഭഗവതി ക്ഷേത്രത്തിന്റെ ആര്‍ച്ചും കടന്നു കൊട്ടാരത്തിന്റെ കോമ്പൗൻഡ് കയറി.. ഒരു ഭാഗത്ത്‌ നിന്നും നോക്കുമ്പോള്‍ വൈദേശികമായ രീതിയില്‍ പണി കഴിപ്പിച്ചത് പോലെയും, മറ്റൊരു ഭാഗത്ത്‌ കേരളീയമായ രീതിയിലെ നിര്‍മിതിയും. ആകെ മൊത്തം കൊട്ടാരം എന്ന് പറയുന്നതിനേക്കാള്‍ ഒരു ക്ഷേത്രത്തിന്റെതിനു സമാനമായ രൂപം ആയിരുന്നു മട്ടാഞ്ചേരി ഡച്ച് കൊട്ടാരത്തിന്റെത്.

ഉള്ളിലേക്ക് കയറി അവിടെ കണ്ട ഫലകത്തിലെ എഴുത്ത് വായിച്ചപ്പോള്‍ മനസ്സിലായി പേരില്‍ മാത്രമേ സത്യത്തില്‍ ഡച്ചുകാര്‍ക്ക് സ്ഥാനമുള്ളൂ. 1555 ല്‍ പോര്‍ച്ചുഗീസ്സുകാര്‍ ഇവിടുത്തെ രാജാവായിരുന്ന വീരകേരള വര്‍മ്മയ്ക്ക് സമ്മാനമായി, മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, കാണിച്ചു വച്ച ഒരു കൊള്ളരുതായ്മയുടെ പേരിലുണ്ടായ അപ്രീതി മാറ്റുന്നതിനായി സമ്മാനിച്ചതായിരുന്നു ഈ കൊട്ടാരം. കച്ചവട ആവശ്യങ്ങള്‍ക്കായി വന്ന പോര്‍ച്ചുഗീസ്സുകാര്‍, ക്ഷേത്രങ്ങൾ കൊള്ളയടിക്കുകയും ഇതിന്റെ പേരില്‍ കലിപ്പ് കയറിയ രാജാവിനെ സന്തോഷിപ്പിക്കാനുമാണ് അവര്‍ മട്ടാഞ്ചേരി കൊട്ടാരം കക്ഷിക്ക് സമ്മാനിച്ചത്‌.

ക്ഷേത്രങ്ങള്‍ നശിപ്പിച്ചത്തിന്റെ പേരിലെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കുന്നതിനായി പണി കഴിപ്പിച്ചത് കൊണ്ട് തന്നെ കൊട്ടാരത്തിനുള്ളില്‍ ക്ഷേത്രങ്ങളിലെത് പോലെയുള്ള ധാരാളം കൊത്തു പണികള്‍ കാണാന്‍ സാധിക്കും. നാലുകെട്ട് ഉള്‍പ്പടെയുള്ള കേരളശൈലിയില്‍ പണിതത് ആണെങ്കിലും, കവാടങ്ങളും ഹാളുകളും നിര്‍മ്മിച്ചിട്ടുള്ളത് യുറോപ്പ്യന്‍ ശൈലിയില്‍ തന്നെയാണ്. അഭിഷേക മുറിയും, കോവണിത്തളവും അന്തപ്പുര സ്ത്രീകളുടെ മുറിയും, ഭക്ഷണശാലയുമാണ് കൊട്ടാരത്തിലെ പ്രധാനപെട്ട ഭാഗങ്ങള്‍.

കൊച്ചി രാജവംശത്തിന്റെ ധര്‍മ്മദൈവമായ പഴയന്നൂര്‍ ഭഗവതിയുടെ ക്ഷേത്രവും കൊട്ടാരത്തിന്റെ രണ്ടു വശങ്ങളിലായി ശിവക്ഷേത്രവും വിഷ്ണു ക്ഷേത്രവും സ്ഥിതി ചെയ്യുന്നുണ്ട്. പഴയകാല ആയുധങ്ങള്‍, രൂപങ്ങള്‍ എന്നിവയെക്കാളൊക്കെ എനിക്കിഷ്ടം തോന്നിയത് ചുവര്‍ ചിത്രങ്ങളോടായിരുന്നു. പുരാണങ്ങളില്‍ നിന്നും ചുവരുകളിലേക്ക് ആലേഖനം ചെയ്യപ്പെട്ട കൃഷ്ണനും പരമശിവനും നിറം മങ്ങി തുടങ്ങിയെങ്കിലും അവരുടെയെല്ലാം കണ്ണിനു നല്‍കിയ ചായം ഇന്നും ജീവസുറ്റതായി നില്‍ക്കുന്നുണ്ട്.

കൊട്ടാരത്തിന്റെ പള്ളിയറയില്‍ ശ്രീരാമന്റെ ജനനം മുതല്‍ പട്ടാഭിഷേകം വരെയും പ്രകൃതിദത്തമായ വര്‍ണ്ണങ്ങൾ ചാലിച്ച് കോറിയിട്ടിട്ടുണ്ട്. പുരാണ കഥാപാത്രങ്ങൾക്കൊപ്പം തന്നെ രാജവംശത്തിലെ നാട് നീങ്ങിയ രാജാക്കന്മാരെയും ചുമര്‍ ചിത്രങ്ങളില്‍ തെളിഞ്ഞു കാണാം. തേരും, പല്ലക്കും, കൊത്തു പണികള്‍ കൊണ്ട് സമ്പുഷ്ടമായ മേല്‍ക്കൂരകളും പഴയകാല ആയുധങ്ങളും വരെ ഇവിടെ പ്രദര്‍ശന വസ്തുക്കള്‍ ആണ്…

പേര് വന്ന വഴി – പണി കഴിപ്പിച്ചത് പോര്‍ച്ചുഗീസുകാർ ആയിരുന്നെങ്കില്‍ “ഡച്ച് കൊട്ടാരം” എന്ന പേര് വന്നത് എങ്ങനെയെന്ന പൊതുവായ സംശയം എനിക്കും ഉണ്ടായി. പോര്‍ച്ചുഗീസ്സുകാര്‍ കപ്പല്‍ കയറിയതിനു ശേഷം പിന്നീട് ഈ കൊട്ടാരം എത്തിയത് ഡച്ചുകാരുടെ കയ്യിലായിരുന്നു. 1663 ല്‍ കുറച്ചു മിനുക്ക്‌ പണികള്‍ മാത്രമായിരുന്നു അവര്‍ ചെയ്തിരുന്നത് എന്നിട്ട്‌ പോലും ഇത് പിന്നീട് ഡച്ച് കൊട്ടാരം എന്ന് തന്നെ അറിയപ്പെട്ടു.

ചരിത്രം വായിച്ചു വരുമ്പോള്‍ മനസ്സിലായ ഒരു സംഗതി എന്തെന്നാല്‍ മാറി മാറി വന്ന പല സാമ്രാജ്യങ്ങളുടെയും കൈ മറിഞ്ഞു വന്ന ഒരു കൊട്ടാരമാണ് ഇത്. പോര്‍ച്ചുഗീസ്സും, ഡച്ചും കഴിഞ്ഞ്, അവരില്‍ നിന്നും ഹൈദരാലി സ്വന്തമാക്കുകയും ഒടുവില്‍ ഹൈദരാലിയെ കീഴടക്കിയ ഇംഗ്ലീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനി ഇവിടം സ്വന്തമാക്കി. എന്നാല്‍ ഇന്ന് ഇത് കേരള സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ആണുള്ളത്.

ചരിത്ര പെരുമയും പഴമയും ഇഷ്ടപെടുന്ന ഏതൊരാളെയും മട്ടാഞ്ചേരി ഡച്ച് പാലസ്സ് നിരാശപ്പെടുത്തില്ല. കാരണം അത്ര മാത്രം മികവുറ്റ രീതിയിലാണ് കൊട്ടാരത്തിന്റെ അകത്തളങ്ങളെ പുരാവസ്തു വകുപ്പ് സഞ്ചാരികള്‍ക്കായി ഒരുക്കി വച്ചിട്ടുള്ളത്. കൊച്ചിയില്‍ നിന്നും ഒരു പത്തു – പന്ത്രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചോ, ബോട്ട് സര്‍വീസിനെ ആശ്രയിച്ചോ നമുക്ക് ഇവിടെ എത്തിച്ചേരാം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.