ഇന്നത്തെ കാലത്ത് വിമാനയാത്രകൾ ഏവർക്കും സർവ്വ സാധാരണമായി മാറിയിരിക്കുകയാണ്. ബിസ്സിനസ്സ് ട്രിപ്പുകൾക്കും ഫാമിലി വെക്കേഷൻ ട്രിപ്പുകൾക്കും ഹണിമൂൺ ട്രിപ്പുകൾക്കും ഒക്കെ ഇന്ന് വിമാനമാർഗ്ഗമാണ് മിക്കയാളുകളും തിരഞ്ഞെടുക്കുന്നത്. എന്തിനേറെ പറയുന്നു, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവരിൽ എല്ലാ വീക്കെൻഡിലും ഫ്‌ളൈറ്റ് പിടിച്ച് നാട്ടിൽ വന്നു പോകുന്നവരും ഏറെയാണ്. ചുമ്മാ വിമാനയാത്രയുടെ പൊങ്ങച്ചം പറയുവാൻ പോകുകയാണോ എന്നായിരിക്കും ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നത്. എന്നാൽ കാര്യം അതല്ല. വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് കിട്ടുന്ന ഒരു മുട്ടൻ പണിയാണ് ഫ്‌ളൈറ്റ് മിസ്സാകുക എന്നത്. ഫ്‌ളൈറ്റ് മിസ്സാകുവാൻ പലതരം കാരണങ്ങളുണ്ട്. അവയിൽ ഭൂരിഭാഗവും നമ്മുടെ ഭാഗത്തെ ശ്രദ്ധാക്കുറവുകൾ മൂലമുണ്ടാകുന്നവയാണ്. അത്തരത്തിലുള്ള ചില കാര്യങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.

യാത്ര പോകേണ്ട ദിവസം വൈകി എഴുന്നേൽക്കുന്നത് ചിലപ്പോൾ ഫ്‌ളൈറ്റ് മിസ്സ് ആകുവാൻ കാരണമായേക്കാം. അതുകൊണ്ട് തലേദിവസം നേരത്തെ തന്നെ ഉറങ്ങാൻ കിടക്കുക എന്നതാണ് ഇത് ഒഴിവാക്കുവാനായി ആദ്യം ചെയ്യേണ്ടത്. കൃത്യസമയത്ത് എഴുന്നേൽക്കുമെന്ന് നിങ്ങൾക്ക് ഉറപ്പില്ലായെങ്കിലും ഉണ്ടെങ്കിലും അലാറം വെക്കുന്നത് നന്നായിരിക്കും. അതുപോലെതന്നെ യാത്ര പോകുന്നതിന്റെ തലേദിവസവും പോകുന്ന ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ ഒരൽപം ശ്രദ്ധ ചെലുത്തണം. ഹെവി ഫുഡ് കഴിച്ചിട്ട് അവസാനം വയറിനു പിടിക്കാതെ വന്നാൽ അത് നിങ്ങളുടെ യാത്രയ്ക്ക് തന്നെ ഭീഷണിയാകും. ഇനി അഥവാ ചെക്ക് ഇൻ ചെയ്തു കഴിഞ്ഞു ബോർഡിംഗിനായി കാത്തിരിക്കുമ്പോൾ എയർപോർട്ടിൽ നിന്നും പറ്റാത്ത ഫുഡ് കഴിക്കുവാനും ശ്രമിക്കരുത്. ഇതെല്ലാം നമുക്ക് പാരയാകാതെ നോക്കി വേണം വിശപ്പടക്കുവാൻ.

ഇനി ചിലരുണ്ട്, തിടുക്കത്തിൽ കയ്യിൽ കിട്ടിയതും വാരിവലിച്ചു എയർപോർട്ടിലേക്ക് ഓടും. അവസാനം അവിടെ ചെന്ന് കഴിയുമ്പോഴായിരിക്കും പലതും എടുക്കാൻ മറന്ന കാര്യം ഓർക്കുന്നത്. തിരികെ വീട്ടിൽച്ചെന്ന് അവ എടുക്കാൻ നിന്നാൽ ചിലപ്പോൾ വിമാനം അതിൻ്റെ പാട്ടിനു പോകും. അതുകൊണ്ട് എയർപോർട്ടിലേക്ക് പോകുന്നതിനു മുൻപായി ഐഡി കാർഡ്, ഫ്‌ളൈറ്റ് ടിക്കറ്റ് മുതലായവ എടുത്തിട്ടുണ്ടോയെന്നു പരിശോധിക്കേണ്ടതാണ്. വിദേശയാത്ര ആണെങ്കിൽ പാസ്പോർട്ടും വിസയും കൂടി കയ്യിലെടുത്തിരിക്കണം. അതോടൊപ്പം തന്നെ ലഗേജുകളും വേണ്ട സാധനങ്ങളും എടുത്തിട്ടുണ്ടോയെന്നു കൂടി പരിശോധിക്കണം. പോകുന്നതിനു തലേദിവസം ഇതെല്ലാം പാക്ക് ചെയ്ത് റെഡിയാക്കി വെക്കുന്നതായിരിക്കും ഉത്തമം.

നിങ്ങൾക്ക് പോകേണ്ട വിമാനത്തിന്റെ സമയം കൃത്യമായി മനസ്സിലാക്കിയിരിക്കണം. ഉദാഹരണത്തിന് തിരക്കിനിടയിൽ വിമാന സമയം 11 am എന്നത് 11 pm എന്നായി ധരിച്ചു വെക്കരുത്. ഇത്തരത്തിൽ സമയത്തിൽ ആശയക്കുഴപ്പം ഉണ്ടാകാതെ സൂക്ഷിക്കണം. അതുപോലെതന്നെ ചിലരുണ്ട് സ്ഥിരം വിമാനയാത്രകൾ ചെയ്യാറുള്ളതല്ലേ എന്നു കരുതി കൃത്യസമയത്ത് മാത്രം എയർപോർട്ടിൽ എത്താൻ നോക്കും. പക്ഷേ പോകുന്ന വഴിയിൽ അപ്രതീക്ഷിതമായി നിങ്ങളുടെ വാഹനം പണി മുടക്കിയാലോ? അല്ലെങ്കിൽ ട്രാഫിക് ബ്ലോക്കിൽപ്പെട്ടാലോ? അതോടെ എല്ലാം തീർന്നില്ലേ? ഈ കാര്യങ്ങളെല്ലാം സംഭവിച്ചേക്കാൻ ഇടയുണ്ട് എന്നു ചിന്തിച്ചു വേണം നമ്മുടെ യാത്ര. അതുകൊണ്ട് എപ്പോഴും കുറച്ചു സമയം മുൻപായി വീട്ടിൽ നിന്നും ഇറങ്ങി എയർപോർട്ടിൽ എത്താൻ നോക്കുക. ചില സമയത്ത് ഇമിഗ്രെഷനിലും ചെക്കിംഗ് ഏരിയയിലും (TSA) വൻ ക്യൂ ഉണ്ടാകാറുണ്ട്. കൃത്യസമയം നോക്കിമാത്രം എയർപോർട്ടിൽ എത്തുന്നയാൾക്ക് ഈ ക്യൂവോക്കെ കടന്ന് ബോർഡിംഗ് ഗേറ്റിൽ എത്തുവാൻ കുറച്ചു കഷ്ടപ്പെടേണ്ടി വരും.

ഇനി മറ്റൊരു രസകരമായ – ഭീകരമായ ഒരവസ്ഥയുണ്ട്. വിമാനയാത്ര നടത്തേണ്ട ചിലർ സുഹൃത്തുക്കളുമായി എയർപോർട്ടിലേക്ക് വരികയും വരുന്ന വഴിക്ക് ബാറിലും മറ്റും കയറി ഒന്നു മിനുങ്ങുകയും ചെയ്യാറുണ്ട്. മിനുങ്ങിയ കൂട്ടുകാരനെ എയർപോർട്ടിൽ ആക്കി ടാറ്റയും പറഞ്ഞു കൂട്ടുകാർ പോകും. എന്നാൽ അകത്തു കയറുന്ന കൂട്ടുകാരൻ ചിലപ്പോൾ മിനുങ്ങിയതിന്റെ ക്ഷീണത്തിൽ ലോഞ്ചിലും മറ്റും ഇരുന്നു മയങ്ങിപ്പോകുകയും ചെയ്യും. ഫലമോ വിമാനം അതിൻ്റെ പാട്ടിനും പോകും മിനുങ്ങിയയാളെ സെക്യൂരിറ്റി പൊക്കുകയും ചെയ്യും. ധാരാളം ആളുകൾക്ക് ഇതുപോലത്തെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആ ഒരു വസ്തുത വെച്ച് പറയുകയാണ് – യാതൊരു കാരണവശാലും എയർപോർട്ടിലേക്ക് മദ്യപിച്ചുകൊണ്ട് വരാൻ നിൽക്കരുത്. ഇനി വിമാനത്തിൽ നിന്നും യാത്രയ്ക്കിടയിൽ മദ്യം കിട്ടുകയാണെങ്കിൽപ്പോലും ആവശ്യത്തിനു മാത്രമേ കഴിക്കാവൂ.

ഇപ്പോൾ മനസ്സിലായില്ലേ നിങ്ങളുടെ ഫ്‌ളൈറ്റ് മിസ്സാകാൻ കാരണക്കാരായ ചില വില്ലന്മാരെ. അപ്പോൾ ഇനി അടുത്ത തവണ വിമാനയാത്ര പോകുന്നതിനു മുൻപായി ഈ കാര്യങ്ങൾ കൂടി ഒന്നോർക്കുക. ബസ്സിലും ഓട്ടോയിലും യാത്ര ചെയ്യുന്ന ലാഘവത്തോടെ വിമാനയാത്രയ്ക്ക് മുതിരാതിരിക്കുക. അതിപ്പോൾ എത്ര മുൻപരിചയം ഉണ്ടെങ്കിൽപ്പോലും… അപ്പൊ എല്ലാവര്ക്കും ഹാപ്പി ജേർണി..

LEAVE A REPLY

Please enter your comment!
Please enter your name here