എഴുത്ത് – ഡോ. അരുൺ ജി മേനോൻ.

ഈ അടുത്ത് നാട്ടിലെ വയസ്സായ ഒരു അപ്പൂപ്പനോട് ഒടിയൻ സിനിമ അടുത്തമാസം വരാൻ പോകുന്നതിനെ പറ്റി സംസാരിക്കുമ്പോൾ അദ്ദേഹം ഒടിയനെ ഈ കഥാപാത്രമായി ഉപമിച്ചുകൊണ്ടാണ് സംസാരിച്ചത്.

മരുന്ന് കഴിച്ചു വേഷം മാറുന്ന ഒടിയനും, കടിഞ്ഞൂൽ ഗര്ഭമുള്ള സ്ത്രീയുടെ വയറ്റിൽ നിന്നും എടുക്കുന്ന ഭ്രൂണത്തിൽ നിർമിക്കുന്ന തൈലം ചെവിക്കു പിറകിൽ പുരട്ടി രൂപം മാറാൻ കഴിവുള്ള ഓടിയന്മാരെ കുറിച്ചും നിരവധി കഥകൾ ഉണ്ട്, Logically ഇത്തരം രൂപമാറ്റം അസാധ്യമാണ് എന്നിരിക്കെ ഒടിയൻ എന്ന Conceptil ഞാൻ കേട്ട ഏറ്റവും ലോജിക്കൽ explanation ആണ് ആ അപ്പൂപ്പൻ എന്നോട് പങ്കുവെച്ചത്.

അപ്പൂപ്പന്റെ വാക്കുകളിലൂടെ – വളരെ പണ്ട് ഈ നാട്ടിൽ വൈദ്യുതി വരുന്നതിനു മുൻപ് ടാറിട്ട റോഡുകൾ വരുന്നതിനു മുൻപ്, പാടവരമ്പിലൂടെയും, പുഴയോരത്തിലൂടെയും പറമ്പിലൂടെയും കുറ്റികാടുകളിലൂടെയും മനുഷ്യൻ കാൽനടയായി സഞ്ചരിച്ചിരുന്ന കാലത്തു, ഇന്നത്തെ പോലെ അടുപ്പിച്ചടുപ്പിച്ചു വീടുകൾ ഉണ്ടായിരുന്നില്ല. ഒരു വീട് കഴിഞ്ഞു കുറെ പറമ്പും കാടും പാടവും ഒക്കെ കഴിഞ്ഞാണ് മറ്റൊരു വീടുണ്ടാവുക. രാത്രി കാലത്തു ഒരു ചൂട്ടുകത്തിച്ചു അതിന്റെ വെട്ടത്തിലും പിന്നെ നിലാവിലും തപ്പി തടഞ്ഞതാണ് ആളുകൾ ജോലി കഴിഞ്ഞു വീടെത്തിയിരുന്നത്.

ആ കാലങ്ങളിൽ മാടൻ മറുത, യക്ഷി എന്നിവയും പാലക്കാട് ഭാഗത്തു ഒടിയൻ, പൊട്ടിച്ചക്കി തുടങ്ങിയവയുടെ ഭയപ്പെടുത്തുന്ന കഥകളും ധാരാളമാണ്. പലരും സന്ധ്യമയങ്ങി കഴിഞ്ഞാൽ ഇത്തരം കഥകൾ മനസ്സിൽ കിടക്കുന്നതിനാൽ വീടിനു പുറത്തിറങ്ങാതായി. നാട്ടിലെ ലോക്കൽ മന്ത്രവാദിമാർക്ക് ഉച്ചാടനത്തിനും ആവാഹനത്തിനും നേർച്ച കോഴികളെയും യഥേഷ്ടം ലഭിക്കാനും, കേരളത്തിൽ പ്രേതഭൂതങ്ങളെയും ഓടിയന്മാരെയും പറ്റിയുള്ള അന്ധവിശ്വാസങ്ങൾ പിടിമുറുക്കാനും തുടങ്ങി.

ഇന്നത്തെപോലെ അന്ന് ഒരാൾ അറ്റാക്ക് വന്നു മരിച്ചതാണോ, ദീർഘനാളായി രോഗബാധിതനാണോ എന്നൊന്നും അറിയാൻ കഴിയില്ല. അന്യനാട്ടിൽ നിന്നും വന്ന നാടോടികളോ സ്വദേശികളോ അൽപായുസ്സിൽ വഴിവക്കിൽ മരിച്ചു കിടന്നാൽ ആ നാടാകെ പരക്കും. “ഇന്ന ആളെ ഒടിവെച്ചു കൊന്നു, ഇന്ന ആളെ യക്ഷി കൊന്നു” തുടങ്ങിയ ഭയപ്പെടുത്തുന്ന കഥകൾ.

എന്നാൽ എല്ലാകാലത്തെയും പോലെ ചില യുവാക്കൾ ചോരത്തിളപ്പും, ഇതെല്ലം കപടമായ വിശ്വാസമാണ് എന്ന് വെല്ലുവിളിച്ചും ധൈര്യം സംഭരിച്ചു അസമയത് പോകരുത് എന്ന് പറഞ്ഞ സ്ഥലങ്ങളിലൂടെയെല്ലാം ചൂട്ടും കത്തിച്ചു പോയി. അവരിൽ ചിലർ കൊല്ലപ്പെട്ടു. എന്നാൽ സാധാരണ വഴിയരികിൽ മരിച്ചു കിടക്കുന്നവരെ പോലെ ആയിരുന്നില്ല അവരുടെ ശവശരീരങ്ങൾ. ശരീരമാസകലം അടിച്ചു പദം വരുത്തി കൊല്ലാകൊല ചെയ്തപോലെ വികൃതമായിരിന്നു.

ചിലർ അതിന്റെ കാരണങ്ങൾ മനസിലാക്കാൻ ശ്രമിച്ചു. അത് മറ്റുള്ള ആളുകളെ അറിയിച്ചെങ്കിലും മിക്കവർക്കും ചെറുപ്പം മുതൽ അമാനുഷികമായ പ്രേതഭൂതാതികളും ഒടിയനും മനസ്സിൽ ഉണ്ടാക്കിയ ഭയം അത്രപെട്ടെന്ന് ഒഴിഞ്ഞുപോയില്ല.

അന്നത്തെ ബുദ്ധിജീവികളുടെ കണ്ടെത്തലുകൾ ഇപ്രകാരമാണ്. നാട്ടിലെ പ്രമാണിക്കു രാത്രി മറ്റാരും അറിയാതെ സംബന്ധത്തിനു പോകാൻ മുട്ടി നിൽകുമ്പോൾ, ആ കാലത്തു അഷ്ടിക്ക് വകയില്ലാത്ത താണ വിഭാഗത്തിൽപ്പെട്ട സഹായിയെ വിളിച്ചു അരിയും സാധങ്ങളും നൽകി പ്രമാണി പറയും “ഇന്നുമുതൽ ഒരാഴ്ചത്തേക്ക് ആ വഴിയിലൂടെ ആളുകളെ അടുപ്പിക്കണ്ടാട്ടൊ, എല്ലാരേയും പേടിപ്പിച്ചു ഓടിപ്പിക്കണം.”

തന്റെ കുടുംബത്തിന്റെ പട്ടിണിമാറ്റാനുള്ള വക പ്രമാണി തന്നതിനാൽ മറുത്തൊരക്ഷരം പറയാതെ രാത്രി കാലങ്ങളിൽ ഇരുട്ടിൽ മുഖത്തും ശരീരത്തിലും കരി വാരിത്തേച്ചു കാലിൽ വടിവെച്ചു കെട്ടി ഉയരം കൂട്ടി കയ്യിലൊരു പന്തവുമായി വഴിയാത്രക്കാരെ ഭയപ്പെടുത്താൻ വേഷംകെട്ടിയ സഹായി ഇറങ്ങും.

അന്നൊന്നും ഇന്നത്തെപോലെ വൈദ്യുതികാലുകൾ ഒന്നും ഇല്ല. ഇരുട്ടത്ത് ഒരു പത്തു പതിനഞ്ചടി ഉയരത്തിൽ ഒരു പന്തം പ്രത്യേക ശബ്ദമുണ്ടാക്കി രൂപം തനിക്കുനേരെ പാഞ്ഞടുത്തു വരുന്നത് കണ്ടു ഭയപ്പെട്ടു ആളുകൾ മരിച്ചു. ചിലർ ബോധരഹിതനായി വീണു. രാത്രി മുഴുവൻ വഴിയിൽ കിടന്നു മഞ്ഞു കൊണ്ട് പനി കൂടിയും ആളുകൾ മരിച്ചു (കാലക്രമേണ പേടി പനി എന്ന പേര് ലഭിച്ചത് ഇങ്ങനെയാണ്).

എന്നാൽ തണ്ടേടവും തടിമിടുക്കും ഉള്ളവരെ ഭയപ്പെടുത്താൻ ശ്രമിച്ചപ്പോൾ പരാജയപ്പെട്ട വേഷംകെട്ടലുകാരൻ പിന്നൊന്നും നോക്കിയില്ല. ആയുധങ്ങളും കല്ലും വടിയും ഉപയോഗിച്ച് അവരെ അടിച്ചു കൊന്നു. അതുകൊണ്ടാണ് മറ്റുള്ളവർ സ്വാഭാവികമായി മരിച്ചുകിടക്കുന്നതും ഒപ്പം ധൈര്യം സംഭരിച്ചുപോയവരുടെ ശവശരീരം വികൃതമായി കിടന്നതും.

ഭയപ്പെടുത്തുന്ന ശബ്ദവും ഉയരത്തിൽ വരുന്ന പന്തവും മാത്രമായിരുന്നില്ല പോത്തിനെ കൊന്നു അതിന്റെ കാൽ കയ്യിൽ കെട്ടിവെച്ചു വഴിയാത്രകാരനോട് തഞ്ചത്തിൽ അടുത്ത് ഒരവസരത്തിൽ പോത്തിന്റെ കാൽ കെട്ടിവെച്ച കൈ അവർക്കുനേരെ നീട്ടിയും ഇവർ ഭയപെടുത്തിയിരുന്നു.

പ്രമാണിമാരുടെ വാക്കുകേട്ട് കുടുംബത്തിന്റെ പട്ടിണിമാറ്റാൻ രാത്രിയിൽ ആളുകളെ ഭയപ്പെടുത്താൻ ഇറങ്ങിത്തിരിച്ച ഈ സഹായികളാണ് അമാനുഷിക ശക്തിയുള്ള ഒടിയന്മാരായി അറിയപ്പെട്ടിരുന്നത്. അസാമാന്യ മെയ്‌വഴക്കവും വേഗതയും ഉള്ളവരായിരുന്നു ഇത്തരം കാര്യങ്ങൾ ചെയ്തിരുന്നവർ.

ഇരുട്ടായിരുന്നു ഒടിയന്മാരുടെ പ്രധാന സഹായി. ഇരുട്ടത്ത് നാട്ടിൽ പരക്കെ പ്രചാരമുള്ള ഒടിയൻ കഥകൾ മനസ്സിൽ കൊണ്ടുനടക്കുന്നവരെ പേടിപ്പിച്ചു കൊല്ലുക എന്നത് വളരെ എളുപ്പമുള്ള കാര്യമായിരുന്നു.

പ്രമാണിയുടെ ഇഷ്ടങ്ങൾക്കു കൂട്ടുനിൽകാത്ത സഹായിയുടെ ശവശരീരം വഴിവക്കിൽ കിടന്ന കഥയും ഉണ്ട്. പിന്നീട് വൈദ്യുതീകരണം വന്നപ്പോൾ ഇരുട്ടകലുകയും ഇത്തരം കാര്യങ്ങൾ അപ്രസക്തമാവുകയും ചെയ്തു അതോടെ ഒടിവിദ്യയെന്ന തട്ടിപ്പും ആളുകൾ നിർത്തി.

NB : ഈ ലേഖനത്തോടൊപ്പമുള്ള ചിത്രങ്ങൾ മോഹൻലാൽ നായകനായി അഭിനയിച്ച ‘ഒടിയൻ’ എന്ന ചിത്രത്തിന്റെ പോസ്റ്ററിൽ നിന്നും എടുത്തിട്ടുള്ളതാണ്. റിലീസ് ആകുവാനിരിക്കുന്ന ഈ ചിത്രത്തിന്റെ പശ്ചാത്തലം ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്നതുപോലെ ആകണമെന്നില്ല.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here