ടാറ്റാ മോട്ടോഴ്സ് ഇന്ത്യക്ക് സമ്മാനിച്ച ഒരു വാഹനമാണ് TATA SUMO. നിരത്തിലൂടെ തലങ്ങും വിലങ്ങും പാഞ്ഞിരുന്ന ജീപ്പുകൾക്കും ട്രെക്കറുകൾക്കും ഇടയിലേക്ക് 1994 ലാണ് ടാറ്റാ സുമോയെ അഴിച്ചു വിടുന്നത്. പിന്നീടങ്ങോട്ട് നിരത്തിന് അഴകായി മാറുകയായിരുന്നു ടാറ്റാ സുമോ.അതുകൊണ്ടുതന്നെ സുമോയെ ഇരു കയ്യും നീട്ടി സ്വീകരിച്ചു ഇന്ത്യൻ ജനത.ഇന്ത്യൻ നിർമിത വാഹനമായതുകൊണ്ടും സാധാരണക്കാരെ മുന്നിൽ കണ്ടു ഇറക്കിയ വാഹനമായത് കൊണ്ടും സുമോയെ ചെല്ലും ചെലവും കൊടുത്തു കൊണ്ട് നടക്കൽ വളരെ എളുപ്പമായിരുന്നു.
വാഹനത്തിന്റെ സർവീസ് ലഭ്യത അതുപോലെ സസ്‌പെൻഷൻ മികവ് ഇതെല്ലം വാഹനത്തെ പെട്ടന്ന് ജനങ്ങളിലേക്ക് എത്തിച്ചു.ഇന്ധനക്ഷമതയുടെ കാര്യത്തിലും ഒട്ടും മോശമല്ലാത്ത ഒരു വാഹനമായിരുന്നു സുമോ. സ്വകാര്യ വാഹനമായും ടാക്സി ആയുമൊക്കെ ഒരുപാടു ടാറ്റാ സുമോകൾ നിരത്തിലെത്തി.

ഒട്ടു മിക്കവരും സുമോ എന്ന ടാറ്റായുടെ പ്രഥമ MUVടെ പേര് ജപ്പാനിലെ സുമോ ഗുസ്തിക്കാരിൽ നിന്ന് കടമെടുത്തതാണെന്നാണ് വിചാരിക്കുന്നത്. കാരണം വാഹനത്തിന്റെ വലിപ്പവും ഡിസൈനും അവരെ അനുസ്മരിപ്പിക്കുന്നതാണ്. പക്ഷെ ചരിത്രം അതല്ല. സുമന്ത് മോൾഗവോഖർ , ഈ പേര് അങ്ങനെ പറഞ്ഞാൽ ആർക്കും അത്ര പരിചിതമാവില്ല. ടാറ്റാ മോട്ടോഴ്സിലെ ഒരു കാലത്തെ ഉയർന്ന ഉദ്യോഗസ്ഥൻ ആണിത്.

തൊണ്ണൂറുകളിൽ ഡീസൽ ട്രക്കിൽ നിന്ന് ഡീസൽ കാറുകളിലേക്കു നീങ്ങിയ കാലം. പതിവായി ഓഫീസിൽ നിന്ന് കഴിച്ചിരുന്ന സുമന്ത് ഉച്ചയൂണിന്റെ സമയത്തു എന്നും തന്റെ കാറുമായി പുറത്തു പോകും. ഉണ് സമയം കഴിയുന്നതിനു മുൻപ് തിരിച്ചും എത്തും. ഏതോ ഡീലർമാർ ഫൈവ് സ്റ്റാർ ഹോട്ടലിൽ എന്നും സൽകരിക്കുന്നു എന്ന് ഒരു ശ്രുതി പരന്നു. ഇതിന്റെ യാഥ്യാർഥ്യം അന്വേഷിച്ചു ചില സഹപ്രവർത്തകർ അടുത്ത ദിവസം അദ്ദേഹത്തിനെ പിന്തുടർന്നു. പോയ വഴിയിൽ അദ്ദേഹം ഹൈവെയിൽ കടന്നു. ധാരാളം ചരക്കു ലോറികൾ നിർത്തിയിട്ടിരുന്ന ഒരു ദാബയിൽ മറ്റു ഡ്രൈവര്മാര്ക്കൊപ്പം ഇരുന്നു ഭക്ഷണം കഴിച്ചു മടങ്ങി. അന്വേഷിച്ചിറങ്ങിയവർക്കു ആദ്യം കാര്യം പിടികിട്ടിയില്ല. പക്ഷെ സുമന്തിന് ടാറ്റായോടുള്ള ആത്മബന്ധം അറിഞ്ഞവർക്ക് കാര്യം മനസിലായി. യഥാർത്ഥ ഉപയോക്താക്കളോട് ടാറ്റാ ട്രക്കുകളുടെ ഗുണവും ദോഷവും ചോദിച്ചറിഞ്ഞു കുറിപ്പാക്കിയാണ് അദ്ദേഹം ഓഫീസിൽ തിരിച്ചെത്തിയിരുന്നത്. അങ്ങനെ ആണ് ഓരോ വാഹനത്തെയും ടാറ്റ മെച്ചപ്പെട്ടതാക്കിയത്.

ഈ ആത്മാർത്ഥതയ്ക്ക്, ടാറ്റ നൽകിയ ഉപഹാരം ചെറുതായിരുന്നില്ല. എക്കാലത്തെയും ഹിറ്റ് വാഹനത്തിൻറെ പേര് ഈ എൻജിനീയർക്കു നൽകി കൊണ്ടാണ്‌. അതെ നാം പരിചയിച്ച ടാറ്റാ സുമോ, പിന്നീട് ടാറ്റാ മോട്ടോർസ് എംഡി ആയ (സു)മന്ത് (മോ)ൾഗവോഖർ നിന്നുണ്ടായതാണ്. വിൽപ്പനയിലെ കുതിപ്പ് കൊണ്ട് നിർമ്മാണം അവസാനിപ്പിച്ചിട്ടും ഇന്ത്യക്കാരുടെ മനസ്സിൽ അത് എന്നും നിലനിൽക്കുന്ന ഒരു ബ്രാൻഡ് നെയിം ആയി മാറുകയും ചെയ്തു.

ഒരുകാലത്ത് തമിഴ് – തെലുങ്ക് സിനിമകളിലെ വില്ലന്മാര്‍ കൂട്ടത്തോടെ വരുന്നതു കാണിച്ചിരുന്ന വാഹനമായിരുന്നു ടാറ്റാ സുമോ. എന്നാല്‍ സൗത്ത് ഇന്ത്യക്കാരെക്കാളും കൂടുതൽ ഉത്തരേന്ത്യക്കാർക്കാണ് ഇവൻ തുണയായിട്ടുള്ളത്. കല്ലും മണ്ണും നിറഞ്ഞ ഭീമൻ കയറ്റങ്ങളും അനായാസം കയറാനുള്ള സുമോയുടെ കഴിവിനെ സമ്മതിക്കാതെ വയ്യ. പുതിയ തലമുറ വാഹനങ്ങൾ അരങ്ങു വാഴാൻ തുടങ്ങിയതോടെ സുമോയുടെ കഷ്ടകാലം ആരംഭിക്കുകയായിരുന്നു. സുമോ വിക്റ്റയായും വിലയും സവിശേഷതകളും എല്ലാം പരിമിതപെടുത്തി സുമോ വിക്റ്റ ഡിഐ ആയുമെല്ലാം പരിണമിച്ച ഈ മോഡല്‍ ഇപ്പോളും സുമോ ഗോൾഡ് എന്ന അവതാരമായി നിരത്തിൽ വിഹാരിക്കുന്നുണ്ട്.

കടപ്പാട് – ഗിരീഷ്‌ കുമാര്‍, ചരിത്രാന്വേഷികള്‍, കാര്‍ കമ്പോളം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.