വിവരണം – രഞ്ജിത്ത് ചെമ്മാട്.

ആധുനികതയുടേതായ ഈ കാലത്തും പരിഷ്കാരത്തിന്റെയും നഗരവല്‍ക്കരണത്തിന്റെയും വേവലാതികളോ തിരക്കോ ഗ്രസിക്കാത്ത ഗ്രാമമാണ് തിരുനെല്ലി. നമുക്കറിയുവാന്‍ കഴിയാത്ത ഏതെല്ലാമോ നിഗൂഢതകള്‍ ചൂഴ്ന്നു നില്‍ക്കുന്ന ഈ ഗ്രാമത്തില്‍ പണ്ട് പാപനാശിനി ഗ്രാമം, പഞ്ചതീര്‍ത്ഥഗ്രാമം എന്നീ പേരുകളില്‍ രണ്ടു ഗ്രാമങ്ങള്‍ നിലനിന്നിരുന്നുവത്രേ. ഈ രണ്ടു ഗ്രാമങ്ങളും അജ്ഞാതമായ കാരണങ്ങളാൽ പില്‍ക്കാലത്തു നാമാവശേഷമായി. പഞ്ചതീര്‍ത്ഥഗ്രാമത്തിലെ ആളുകള്‍ മാനന്തവാടിക്കടുത്ത് പൈങ്ങാട്ടിരി ഗ്രാമത്തിലേക്ക് താമസം മാറ്റിയതായും ആ കുടുംബത്തിലെ തലമുറയില്‍പ്പെട്ടവര്‍ ഇന്നും അവിടെ ഉണ്ടെന്നും കരുതുന്നു.

വയനാടിന്‍റെ ഉത്തരദേശത്ത് കുടക് മലനിരകളോടു ചേര്‍ന്ന് ആകാശം മുട്ടെ വ്യാപിച്ചുകിടക്കുന്ന ബ്രഹ്മഗിരിയുടെ താഴ്വരയില്‍ തിരുനെല്ലി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ദക്ഷിണകാശി എന്നൊരു വിളിപ്പേരും തിരുനെല്ലിക്കുണ്ട്. തിരുനെല്ലിയിലെ മഹാവിഷ്‌ണു ക്ഷേത്രമാണ് ഇവിടത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്.30 കരിങ്കൽ തൂണുകളാൽ താങ്ങി നിർത്തിയിരിക്കുന്ന ഈ ക്ഷേത്രം ബലി ദർപ്പണത്തിന് പേര് കേട്ട ഒരുക്ഷേത്രമാണ്.ഈ ക്ഷേത്രത്തിൽ ബലി ദർപ്പണം നടത്തിയാൽ മരിച്ചവരുടെ ആത്മാവ് ഭഗവദ് പാദങ്ങളിൽ ലയിച്ചു മോക്ഷം പ്രാപിക്കുമെന്ന വിശ്വസമുണ്ട്. കർക്കിടകം,തുലാം മാസങ്ങളിലെ അമാവാസി ദിവസങ്ങളാണ് വിശേഷ ദിവസങ്ങൾ.സർവാഭരണ വിഭൂഷിതനായ മഹാവിഷ്ണു പ്രതിഷ്‌ഠയാണിവിടം. ബ്രഹ്‌മാവാണ് ഈ ക്ഷേത്രം നിർമ്മിച്ച് വിഷ്ണുവിന് സമർപ്പിച്ചതെന്ന ഐതിഹ്യമുണ്ട്.

ഐതിഹ്യങ്ങളും വിശ്വാസങ്ങളും ചോദ്യം ചെയ്യപെടുന്ന ഒരു കാലത്ത് ഇങ്ങനെയൊരു വിവരണത്തിന്റെ പ്രസക്തിയുണ്ടോ എന്നറിയില്ല.പക്ഷെ ചിലയിടങ്ങൾ നമ്മളെ ചിന്തിപ്പിക്കാറുണ്ട്.അതിന്റെ പൂർവികതയിലേക്ക്.. ഉൽഭവങ്ങളിലേക്ക്…ഒരുപക്ഷെ ഈയൊരു ആകാംഷയിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതായിരിക്കാം ഈ കഥകളും വിശ്വാസങ്ങളും.എന്നാലും ഈ ഐതിഹ്യങ്ങളിലൂടെയും വിശ്വാസങ്ങളിലൂടെയും പറയാനാണ് എനിക്കിഷ്ട്ടം.

വയനാട് യാത്രയിൽ ഉൾപെടുത്താവുന്ന ഒരിടമാണ് തിരുനെല്ലി.തോൽപ്പെട്ടി വനത്തിലും ബ്രഹ്മഗിരി മലനിരകൾക്കുമിടയിലാണ് തിരുനെല്ലി സ്ഥിതി ചെയ്യുന്നത്.മാനന്തവാടിയാണ് തിരുനെല്ലിയുടെ ഏറ്റവും അടുത്തുള്ള ടൌൺ. ഇവിടെ നിന്നും തിരുനെല്ലിയിലേക്കുള്ള ദൂരം 32 കിലോമീറ്ററാണ്. ഈ റൂട്ടില്‍ ധാരാളം ബസ് സര്‍വീസുകള്‍ ഇന്ന് നിലവിലുണ്ട്. മൈസൂരിലേക്ക് പോകുന്ന പാതയില്‍ കാട്ടിക്കുളം എന്ന സ്ഥലത്തു നിന്നും ഇടത്തോട്ട് തിരിഞ്ഞാല്‍ പിന്നെ ക്ഷേത്രത്തിലേക്കുള്ള യാത്ര നിക്ഷിപ്ത വനപ്രദേശങ്ങളിലൂടെയായി. ഇടതൂര്‍ന്നു റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മുളങ്കൂട്ടങ്ങള്‍ക്കിടയില്‍ പലപ്പോഴും കാട്ടാനകളെ കാണാം.

ഇരുണ്ടുകിടക്കുന്ന വഴിത്താരകള്‍ താണ്ടിയാല്‍ അപ്പപ്പാറ എന്ന സ്ഥലം. തുടര്‍ന്ന് തിരുനെല്ലി പോലീസ് സ്റ്റേഷന്‍, ഫോറസ്ററ് ഡിപ്പാര്‍ട്ടുമെന്റിന്റെ ബംഗ്ളാവ്, ഒടുവില്‍ ബ്രഹ്മഗിരിയുടെ തണലില്‍ സ്ഥിതി ചെയ്യുന്ന പുരാണപ്രസിദ്ധമായ തിരുനെല്ലി ക്ഷേത്രം. കാറ്റു മാത്രം കടന്നു ചെല്ലുന്ന വനഭൂമിക്ക് നടുവില്‍ ഏതു കാലത്തെന്നു പറയുവാന്‍ കഴിയാത്തത്രയും പഴക്കമാര്‍ന്ന ഭാരതത്തിലെ പുണ്യ ക്ഷേത്രങ്ങളിലൊന്ന്. രാത്രി സഞ്ചാരം അനുവദനീയമായ ഇവിടം തികച്ചും ഒരു സാഹസികയാത്ര നിങ്ങൾക്ക് സമ്മാനിക്കും.വയനാട്ടിലെ കൊമ്പന്മാർക്കും കാട്ടികൾക്കും ഇടയിലൂടെ ഒരു രാത്രി സഞ്ചാരം.മുത്തങ്ങ വനത്തിനോടുചേർന്നു നിൽക്കുന്നതിനോട് കൊണ്ട് തന്നെ കടുവാദർശനവും പ്രതീക്ഷിക്കാവുന്നതാണ്.ഒന്ന് മാത്രം കാടിനേയും വന്യമൃഗങ്ങളെയും സ്നേഹിച്ചു അറിഞ്ഞു യാത്ര ചെയ്യുക.മനുഷ്യന്റെ കാടത്തം കാണിക്കാനുളളതല്ല കാട്.നമ്മുടെ വികാര പ്രകടനങ്ങൾക്ക് ഇവിടെ സ്ഥാനമില്ല.

തിരുനെല്ലിയിലെ മറ്റൊരാകർഷണമാണ് ബ്രഹ്മഗിരി മലനിരകളിൽ നിന്നുൽഭവിക്കുന്ന പാപനാശിനി നദി. ഏകദേശം 15 അടി വീതിയും ഒരു മീറ്റർ ആഴവുമാണ് ഈ അരുവുവിയുടെ മിക്ക ഭാഗത്തും.ഒരിക്കലും ഈ അരുവിയുടെ ഒഴുക്ക് നിലയ്ക്കാറില്ല.മനുഷ്യന്റെ പാപങ്ങൾ തീർക്കാൻ ഈ അരുവിക്ക്‌ കഴിയുമെന്നാണ് ഐതിഹ്യം.ബ്രഹ്മഗിരിയിലെ ഉത്ഭവമായ ഈ അരുവി കാളിന്ദി നദിയിൽ ചേരുന്നു.

ആസ്വദിക്കാനറിയുമെങ്കിൽ തിരുനെല്ലി പുതിയ അനുഭവമായിരിക്കും. നാട്ടുവൈദ്യത്തിനും പേരുകേട്ട സ്ഥലമാണിവിടം.ഈ നാട്ടുവൈദ്യത്തിനു വേണ്ടി ഒരു യാത്ര നടത്തിയിട്ടുണ്ട് തിരുനെല്ലിയിലേക്ക്.തനിച്ചു യാത്ര ചെയ്യാനും തനിച്ചിരിക്കാനും ആഗ്രഹിക്കുന്ന ഒരിടമാണ്.വയനാട്ടിലെ ശാന്തമായൊരിടം. ആത്മീയമാണ് യാത്രയുടെ ഉദ്ദേശമെങ്കിൽ കറുത്തവാവ് ദിവസങ്ങൾ തിരഞ്ഞെടുക്കാതിരിക്കുക. താമസിക്കാൻ സൗകര്യങ്ങളുണ്ട്. വളരെ കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്. നമ്മുടെ ആനവണ്ടിക്ക് സർവീസുണ്ട്. വയനാട്‌ യാത്രയിൽ തിരുനെല്ലി കൂടി ഉൾപെടുത്തുക. അറിയണം ഈ മണ്ണിനെ കുറിച്ച്.. വയനാടിനെ കുറിച്ച്. ഒരു മുന്നറിയിപ്പ് മാത്രം –  കാടാണ്….കാടിനെ സ്നേഹിക്കുക…കാട് നിങ്ങളെ തിരിച്ചു സ്നേഹിക്കും. തിരുനെല്ലിയിലേക്കുള്ള ബസ് സമയങ്ങൾക്ക് www.aanavandi.com സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.