ടോം ആൻഡ് ജെറി എന്ന എക്കാലത്തെയും അനശ്വര കഥാസൃഷ്‌ടികൾക്കു ലോകം കടപ്പെട്ടിരിക്കുന്നത് രണ്ട് കലാകാരൻമാരോടാണ്– ജോസഫ് ബാർബറയും വില്യം ഹന്നയും. വില്ല്യം ഹന്നയും ജോസഫ് ബാർബറയും ചേർന്ന് എം ജി എം സ്റ്റുഡിയോയ്ക്ക് വേണ്ടി നിർമ്മിച്ച ഒരു കൂട്ടം കാർട്ടൂണുകളാണ് ടോം ആൻഡ് ജെറി. ഒരു വീട്ടിലെ പൂച്ചയും എലിയും തമ്മിലുള്ള വഴക്കും തുടർന്നുണ്ടാവുന്ന തമാശ നിറഞ്ഞ സംഘട്ടനങ്ങളുമാണ് ഇതിലെ മുഖ്യ പ്രമേയം. 1940 മുതൽ 1959 വരെയുള്ള കാലത്തിൽ ഹന്നയും ബാർബറയും ചേർന്ന് 114 ടോം ആൻഡ് ജെറി കാർട്ടൂണുകൾ സൃഷ്ടിക്കുകയുണ്ടായി. ഈ കാർട്ടൂൺ പരമ്പര ഏഴു തവണ അക്കാഡമിക് അവാർഡ് നേടി ശ്രദ്ധ നേടുകയുണ്ടായി.

ജന്മ വൈരികളായ പൂച്ചയും എലിയും തമ്മിലുള്ള വഴക്കിനെ മുൻനിർത്തിക്കൊണ്ടുള്ള ടോമിന്റെയും ജെറിയുടെയും തമ്മിലടി ആരേയും ചിരിപ്പിക്കുന്ന രീതിയിൽ വളരെ ഹാസ്യാത്മകമായ് അവതരിപ്പിച്ചിരിക്കുന്നു. ജെറിയെ പിടികൂടാൻ ടോം കാട്ടിക്കൂട്ടുന്ന അസംഖ്യം ശ്രമങ്ങളാണ് മിക്ക കഥകളുടെയും പ്രമേയം. പക്ഷേ ചില കഥകളിൽ ഇവർ പരസ്പരം സ്നേഹത്തോടെ കഴിയുന്നതും കാണാൻ സാധിക്കും.

കഥാപാത്രങ്ങൾ : ടോമും ജെറിയും :ടോം ഒരു നീലിച്ച ചാര നിറമുള്ള വീട്ടിൽ വളർത്തുന്ന പൂച്ചയാണ്. ഇഷ്ടം പോലെ ആഹാരവും കിടക്കാൻ നല്ല മെത്തയും ഉള്ള ടോം ഒരു സുഖലോലുപ ജീവിതമാണ് നയിക്കുന്നത്. വളരെ വേഗത്തിൽ കോപിക്കുന്ന ടോം ഒരു ചെറിയ കാര്യം പോലും പർവതീകരിച്ച് കാണുന്നു. തരക്കേടില്ലാത്ത ഒരു സ്ത്രീ ലമ്പടൻ കൂടിയാണ് അവൻ. സുന്ദരികളായ പെൺ പൂച്ചകൾ ടോമിന്റെ ഒരു ദൌർബല്യമാണ്. അവരെ കാണുമ്പോൾ ടോം ചൂളമടിക്കുന്നത് ഒരു പതിവാണ്. കാർട്ടൂൺ തുടങ്ങിയ കാലത്ത് ടോമിന്റെ പേരു ജാസ്പർ എന്നായിരുന്നു. പിന്നീട് ടോം എന്ന് മാറ്റുകയായിരുന്നു. ഇംഗ്ലിഷിൽ ആൺപൂച്ചക്ക് പൊതുവെ പറയുന്ന പേരാണു ടോം (മലയാളത്തിൽ കണ്ടൻ എന്ന പോലെ).

കാപ്പി നിറമുള്ള ഒരു ചെറിയ എലിയാണ് ജെറി. ജെറിയുടെ താമസം എപ്പോഴും ടോമിന്റെ ചുറ്റുവട്ടത്ത് തന്നെയായിരിക്കും. ജെറി ഒരു സ്വതന്ത്രചിന്താഗതിക്കാരനും അവസരവാദിയുമാണ്. തന്റെ വണ്ണത്തിനും രൂപത്തിനും അതീതമായ ശക്തി ജെറിയുടെ ഒരു പ്രത്യേകതയാണ്. വളരെ ഭാരം കൂടിയ വസ്തുക്കൾ അനായാസം ഉയർത്തുകയും അവ കൊണ്ടുള്ള ആക്രമണങ്ങൾ താങ്ങുകയും ചെയ്യുന്ന ജെറി അത് വ്യക്തമാക്കുന്നു. ടോം വളരെ ഊർജ്ജസ്വലനും നിശ്ചയദാർഡ്യമുള്ളവുനുമാണെങ്കിൽ കൂടി ജെറിയുടെ സൂത്രങ്ങൾക്കും കൂർമ്മബുദ്ധിക്കും മുൻപിൽ അമ്പെ പരാജയപ്പെടുന്നു. രണ്ട് പേരും സാഡിസ്റ്റിക് ടെണ്ടൻസി പ്രകടിപ്പിക്കാറുണ്ട്, അതായത് ഒരാൾക്ക് പരിക്കേൽക്കുമ്പോൾ മറ്റെയാൾ ആഹ്ലാദിക്കുന്നു. എന്നിരുന്നാലും ഒരാൾക്ക് വലിയ അപകടം വരുമ്പോൾ മറ്റേയാൾ സഹായിക്കാൻ എത്തുന്നു.

സ്പൈക്കും ടൈക്കും : ടോമും ജെറിയും താമസിക്കുന്ന വീട്ടിലെ ബുൾഡോഗിനത്തിലുള്ള ചാര നിറമുള്ള പട്ടിയാണ് സ്പൈക്ക്. സ്പൈക്കിന്റെ അരുമപ്പുത്രനാണ് ടൈക്ക്. ടോമിന്റെയും ജെറിയുടെയും ശണ്ഠ പൊതുവെ സ്പൈക്കിന് എന്തെങ്കിലും നാശനഷ്ടങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടാക്കുന്നു. തന്മൂലം സ്പൈക്ക് ടോമിനെ മാത്രം മർദ്ദിക്കുന്നു, ജെറി വിദഗ്ദ്ധമായ് രക്ഷപ്പെടുകയാണ് പതിവ്.

ബുച്ച് : തെരുവിലെ മാലിന്യങ്ങളിൽ ജീവിക്കുന്ന ഒരു കറുത്ത പൂച്ചയാണ് ബുച്ച്. ജെറിയെ ഭക്ഷിക്കാൻ ശ്രമിക്കാറുണ്ട് അവൻ. ടോമിന്റെ എതിരാളിയായി പലപ്പോഴും എത്തുന്നത് ബുച്ചാണ്. റ്റൂഡിൽസിനെ കിട്ടാൻ വേണ്ടിയാണ് പലപ്പോഴും ടോമിന്റെയും ബുച്ചിന്റെയും പോര്. എന്നാൽ ചില കാർട്ടൂണുകളിൽ അവർ ചങ്ങാതിമാരായി പ്രവർത്തിക്കുന്നതും കാണാൻ സാധിക്കും.

നിബ്ബിൾസ് / ടഫ്ഫി : ജെറിയുടെ സ്വന്തക്കാരനായ കുട്ടിയെലി. ഒരു അനാഥനാണ് നിബ്ബിൾസ് (ചിലതിൽ ജെറിയുടെ അനന്തരവനായും ചിത്രീകരിച്ചിട്ടുണ്ട്). എപ്പോഴും വിശപ്പുള്ള നിബ്ബിൾസ് ഭയങ്കര തീറ്റക്കാരനാണ്. നിബ്ബിൾസിന്റെ അമിതാഹാരം മൂലം അവനെ മാതാപിതാക്കൾ ജെറിയുടെ പടിക്കൽ ഉപേക്ഷിക്കുകയായിരുന്നു.

അങ്കിൾ പെക്കോസ്കൌ : ബോയ് തൊപ്പിയും ബൂട്ട്സും പിന്നെ കപ്പടാ മീശയുമുള്ള ജെറിയുടെ അമ്മാവൻ. കയ്യിൽ എപ്പൊഴും ഒരു ഗിത്താർ ഉണ്ടാകും. ടോമിന്റെ മീശയാണ് പൊതുവെ ഗിത്താറിന്റെ കമ്പിയായി ഉപയോഗിക്കുക. ലിറ്റിൽ ക്വാക്കർ : ജെറിയുടെ ചങ്ങാതിയായ കുട്ടി താറാവ്.

വർഷം 77 പിന്നിട്ടു. ടോമും ജെറിയും എല്ലാ പ്രായക്കാരുടെയും പ്രിയ താരങ്ങളായി. ഇരുവരെയും തനിച്ചാക്കി വില്യം ഹന്ന 2001 ലും ജോസഫ് ബാർബറ 2006 ലും ലോകത്തോട് വിടവാങ്ങി. ടോമും ജെറിയും ഇതൊന്നുമറിയാതെ ഇന്നും ടെലിവിഷൻ സ്‌ക്രീനുകളിൽ നിറഞ്ഞുനിൽക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.