വിവരണം – Aadish Sanctus Fortis.

പാൻഗോങ് തടാക കരയിലെ സ്പാൻഗ്മിക് ഗ്രാമത്തിലുള്ള ഹോട്ടലിൽ ഈവെനിംഗ് വാക്കിനു ശ്രമിച്ചു പരാജയപ്പെട്ടു പൂജ്യം ഡിഗ്രിക്കടുത്തുള്ള തണുപ്പിൽ അത്താഴത്തിനായി ഡൈനിങ്ങ് ഹാളിൽ കാത്തുവിറച്ചു നിൽക്കുമ്പോഴാണ് ഇവനെ, അതായത് അലിയെ കാണുന്നത്. ഹോട്ടൽ സ്റ്റാഫാണെന്നു കരുതി അത്താഴം റെഡിയായില്ലേ എന്ന് ചോദിച്ചപ്പോ “ഏഴര” എന്നുപറഞ്ഞു. ചാർജിങ്ങിൽ ഇട്ടേക്കുന്ന ഫോണിൽ ഏതോ ഗസൽ വീഡിയോയിലേക്ക് അവൻ പിന്നെയും തലകുമ്പിട്ടു .

തണുത്തു മരവിച്ച റൂമിൽ ഇരുന്നു ബോറടിക്കണ്ട എന്നും കരുതിയാണ് എവെനിംഗ് വാക്കിനു ഇറങ്ങാൻ ഞങ്ങൾ തീരുമാനിച്ചത്. ഇറങ്ങാൻ നേരം കുറച്ചു പഞ്ചാബികൾ വന്നു , മുകളിലത്തെ റൂമിലേക്ക് മാറാമോ എന്നുചോദിച്ചു. റൂം മാറിക്കഴിഞ്ഞപ്പോഴേക്കും ഇരുട്ടി. എന്തായാലും തീരുമാനിച്ചതല്ലേ നടന്നുകളയാം. ഹെഡ്‍ലാംപും ഒക്കെ വച്ച് ഇറങ്ങിയതാരുന്നു. ചോര ഐസ് ആകുന്ന തണുപ്പ്. പോരാത്തതിന് പുറത്തെങ്ങും ഒരു പട്ടിക്കുഞ്ഞുപോലും ഇല്ല. ആ മടങ്ങിവരവ് ഇനി വീണ്ടും കെട്ടിടത്തിന് പുറത്തുകൂടിയുള്ള കോവണി കയറിയിറങ്ങേണ്ട എന്ന് ഉറപ്പിച്ചാണ് ഈ അത്താഴ കാത്തിരുപ്പു.

അടുക്കളയിലെ ബഹളങ്ങളൊക്കെ കേൾക്കാം. മാസ്കും വച്ച് നൂറേ നൂറിൽ ഓടുന്ന ഒരു നേപ്പാളി ആണ് അവിടുത്തെ പ്രധാന സ്റ്റാഫ്. അങ്ങനൊരുത്തൻ ജോലിചെയ്യുന്നിടത്തു മറ്റൊരു ജോലിക്കാരൻ ഫോണിൽ നോക്കിയിരിക്കാൻ തരമില്ലല്ലോ. അതുകൊണ്ടു സംശയ നിവൃത്തിക്കായി ചോദിച്ചു – സ്റ്റാഫല്ലേ ? – അല്ല , ഡ്രൈവറാണ് . – ലെയിൽ നിന്ന് വന്നതാണോ ? – അല്ല ഞാൻ കാർഗിൽ കാരണാണ് . ഇപ്പൊ നുബ്രയിൽന്നു വരുന്നു . 2 ദിവസം ഗെസ്റ്റ് ഇവിടെയാണ് . ഇവിടുന്നു സോമോരിരി (tsomoriri) പോകും . – കാർഗിലിൽ മഞ്ഞുവീഴ്ച തുടങ്ങിയോ ? – കഴിഞ്ഞ ആഴ്ച ഉണ്ടായിരുന്നു , ഇപ്പോൾ ഇല്ല . ഇനി അടുത്ത മാസം മുതൽ മഞ്ഞുവീഴ്ച കനക്കും.

പിന്നെ അയാളുടെ നാട്ടിനെപ്പറ്റി ആയി നമ്മുടെ കുശലം പറച്ചിൽ . 99 ലു ഇന്ത്യ പാക് യുദ്ധം നടന്ന സ്ഥലം ആണല്ലോ. അതിർത്തി പ്രദേശം , കൂടാതെ NH1 കടന്നു വരുന്ന പ്രധാന സ്ഥലവും. അലി തുടർന്നു – 99 ലെയും അതിനു മുന്നേ ഉള്ളതുമായ ഇൻഡോ പാക് യുദ്ധങ്ങൾ പലപ്പോഴും ബന്ധുക്കളെ അതിർത്തിക്ക് അപ്പുറവും ഇപ്പുറവുമാക്കി. അയാളുടെ കുറെയധികം ബന്ധുക്കൾ ഇപ്പോൾ പാകിസ്ഥാനിലാണ്. വിസയൊക്കെ എടുത്തു , ഡൽഹി – കറാച്ചി ഫ്ലൈറ്റും പിടിച്ചു വേണം അതിർത്തിക്കപ്പുറത്തുള്ള , പലപ്പോഴും നോക്കിയാൽ കാണാവുന്ന സ്ഥലത്തുള്ള, ബന്ധുക്കളെ നേരിൽ കാണാൻ പോകാൻ. വിവാഹം, മരണം തുടങ്ങിയ അവസരങ്ങളിൽ കുടുംബത്തിലെ മുതിർന്ന പലരും അങ്ങിനെ പോകാറുണ്ട് .

ഒക്ടോബർ മുതൽ മാർച്ചുവരെയുള്ള ആറുമാസങ്ങൾ പലപ്പോഴും കാര്ഗില്ക്കാർക്കു തണുപ്പിന്റെ അതിജീവനം ആണ്. പ്രധാന റോഡുകൾ ഒക്കെ മഞ്ഞുവീഴ്ച കൊണ്ട് അടയും. അതിശൈത്യത്തിനു മുന്നേ എല്ലാ വീട്ടിലും ഏതാനും മാസം കഴിയാനുള്ള വകകൾ സംഭരിക്കും. അരിയും , ഗോതമ്പും , പരിപ്പും ആണ് പ്രധാന സാമാനങ്ങൾ. പച്ചക്കറികളെപ്പറ്റി ഒന്നും ചിന്തിക്കുകയെ വേണ്ട. വളർത്തു മൃഗങ്ങളെ സഹിതം തണുപ്പിനെ പ്രതിരോധിക്കാവുന്ന മണ്ണ് കൊണ്ടുള്ള കെട്ടിടങ്ങളിലേക്കു മാറ്റും. അതുകൊണ്ടു വല്ലപ്പോഴുമൊക്കെ ആട്ടിറച്ചി ഉണ്ടാകും. ഏതോ ഒരു യാത്രക്കുറിപ്പിൽ കാര്ഗിലിന്റെ ഭാഗമായ ദ്രാസിൽ ഭക്ഷണ വില ഭയങ്കരമാണെന്നു വായിച്ചതായി ഓർക്കുന്നു. ഈയൊരു ജീവിതരീതി ആകാം കാരണം. അലി പിന്നെ മറ്റൊരു സ്ഥലത്തെപ്പറ്റി ആയി കഥപറച്ചിൽ – ഒരു യുദ്ധത്തിന് ഒടുവിൽ പാക് അധീനമേഖലയിൽനിന്നും ഇന്ത്യയിലേക്ക് എത്തിയ ഒരു ഗ്രാമത്തെപ്പറ്റി .

അതിർത്തി ഗ്രാമത്തിലാണ് നിങ്ങൾ. അയൽ രാജ്യവും നിങ്ങളുടെ രാജ്യവും തമ്മിൽ ദൂരെയെവിടെയോ തുടങ്ങിയ യുദ്ധം മെല്ലെ നിങ്ങളുടെ ഗ്രാമത്തിൽ വെടിയൊച്ചകളും ഷെൽ ആക്രമണവുമായി എത്തി. ശത്രുസൈന്യം നിങ്ങളുടെ ഗ്രാമത്തിലേക്ക് കടന്നു എന്നും കണ്ണില്കണ്ടവരെയെല്ലാം കണ്ണുചൂഴ്ന്നും സ്ത്രീകളെ ബലാത്സംഗം ചെയ്തും മുന്നേറുന്നു എന്നുമൊക്കെ കിംവദന്തി പകരുന്നു. ഭയന്ന് ഗ്രാമത്തിലുള്ളവർ മിക്കവരും ഇരുട്ടിൽ ഒരു മലയിടുക്കിൽ ഒളിക്കുന്നു. ഒടുവിൽ ശത്രുസൈന്യം ഒളിച്ചിരുന്ന നിങ്ങളെയെല്ലാം കണ്ടെത്തുന്നു. ക്രൂരന്മാരായ പട്ടാളക്കാരെ പ്രതീക്ഷിച്ചു എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു ഹാൻഡ്‌സ് അപ് ആയി നിൽക്കുന്ന നിങ്ങളെ ഞെട്ടിച്ചുകൊണ്ട് ആ ശത്രു സൈന്യത്തിലെ അംഗങ്ങൾ പുഞ്ചിരിക്കുന്നു. അവരുടെ തലവൻ പറയുന്നു – ഇനി നിങ്ങൾ ഞങ്ങളുടെ രാജ്യത്തിനെ ഭാഗമാണ്.

അല്പസ്വല്പം ഭാവന ആണെങ്കിലും 1971 ലു തുർതുക്ക്കാർക്ക് സംഭവിച്ചത് ഇങ്ങനെയൊക്കെയാണ്. 1947 മുതൽ 1949 വരെ ഇന്ത്യയുടെ ഭാഗം. പിന്നെ പാക് അധീന കശ്മീർ. ബംഗ്ലാദേശ് വിഷയത്തിൽ ഇന്തോ പാക് യുദ്ധം ഉണ്ടായപ്പോ വീണ്ടും ഇന്ത്യയിലേക്ക്. ലേഹിൽ നിന്നും 200 കിലോമിറ്റർ അകലെയാണ് തുർതുക്ക്. നുബ്ര വാലി കാണാൻ പോകുന്നവർ മിക്കപ്പോഴും എത്തുന്ന സ്ഥലമായ ഹുൻദർ കടന്നു വേണം പോകാൻ. അതിർത്തിപ്രദേശം ആയതിനാൽ പെർമിറ്റ് മുൻകൂട്ടി വാങ്ങണം. ലേയിൽ അത് പുഷ്പം പോലെ ചെയ്തു തരുന്ന ആളുകളെ ധാരാളം കിട്ടും എന്നതിനാൽ ബുദ്ധിമുട്ടുള്ള വിഷയം അല്ല. പോകുന്ന വഴിക്കുള്ള ടി സി പി കൾ കടക്കാൻ ആ പേപ്പർ വേണം അത്രേയുള്ളു .

ലേഹ് മേഖലയിൽ തുർതുക്കിനെ വ്യത്യസ്‍തമാക്കുന്നതു പ്രധാനമായും അവിടുത്തെ ആൾകാർ ആണ്. ബൽതി എന്നാണ് അവരുടെ ഭാഷയുടെ പേര്. അതുകൊണ്ടുതന്നെ അവരെ ബൽതികൾ എന്നാണ് വിളിക്കാറ്. നിയന്ത്രണ രേഖക്ക് അപ്പുറം പണ്ട് ഈ ഗ്രാമം കൂടി ഉൾപ്പെട്ടിരുന്ന പാക് പ്രവിശ്യയുടെ പേര് ഈ ഭാഷയുടെ / ആൾക്കാരുടെ പേര് ചേർന്നതാണ് : ഗിൽഗിത് – ബൽതിസ്ഥാൻ. 2009 മുതൽ മാത്രമാണ് യാത്രികർക്ക് ഇവിടേയ്ക്ക് പ്രവേശനം നല്കിത്തുടങ്ങിയത്. ഇന്ത്യയിലെ അവസാന ഗ്രാമം എന്നതുകൂടാതെ ശൈയോക് നദിയും ഹിമാലയത്തിന്റെ നേരാങ്ങള കാരക്കോറം പർവ്വതങ്ങളും ചേർന്ന് കനിഞ്ഞനുഗ്രഹിച്ച പ്രകൃതിഭംഗിയാണ് പ്രധാന ആകർഷണീയത .

ഇൻഡോ പാക് നിയന്ത്രണ രേഖക്ക് ഇത്രയടുത്തു സിവിലിയൻസിനു എത്താവുന്ന സ്ഥലങ്ങൾ അധികം ഉണ്ടാകില്ല. “നിങ്ങൾ പാക് അധീന കശ്മീരിലെ ഗിൽഗിത് ബൽതിസ്ഥാനിൽ നിന്നും 2 കി മി അകലെയാണ്” എന്നൊരു ബോർഡ് ഈ ഗ്രാമത്തിൽ കാണാം. ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും ആര്മിപോസ്റ്റുകൾ സന്ദർശകർക്ക് കാണാനായി ടെലിസ്കോപ്പുകളും വച്ചിട്ടുണ്ട് . ഇന്ത്യൻ പോസ്റ്റുകൾ കാണാവുന്ന ടെലസ്കോപ്പുകൾക്കു നീല നിറം, പാകിസ്താന്റേത്‌ കാണാവുന്നതിനു ചുവപ്പു നിറം! പ്രധാനമായും കൃഷി ആണ് ഇവിടുത്തുകാരുടെ ജീവനോപാധി. ആപ്രിക്കോട്ടും വാൾനട്ടും ആണ് ഇവിടുത്തെ നാണയവിളകളിൽ പ്രധാനം. ഇവിടുത്തെ കല്ലുകൊണ്ടുള്ള കരകൗശാലവസ്തുക്കൾക്കും പ്രിയം ഏറെയാണ്. പ്രകൃതിഭംഗിയെപ്പറ്റി നേരത്തെ പറഞ്ഞുവല്ലോ , ഇവിടുത്തെ പ്രകൃതിഭംഗി നമ്മളിൽ പലരും വെള്ളിത്തിരയിൽ കണ്ടിട്ടുമുണ്ട് 2018 ലു ഇറങ്ങിയ മിഷൻ ഇമ്പോസ്സിബിൾ ഫാൾഔട്ട് എന്ന ചിത്രത്തിലെ ക്ളൈമാക്സ് തുർതൂക്ക് ആണ് സ്ഥലം ( ഹെലികോപ്റ്റർ രംഗങ്ങൾ ഒഴികെ ).

സ്പാൻജിമിക്കിലെ തണുത്ത വൈകുന്നേരത്ത് അലി തുർതുക്കിനെപ്പറ്റിയുള്ള വിവരങ്ങൾ പറയുമ്പോൾ ഞങ്ങൾ രണ്ടാൾക്കും നഷ്ടബോധമാണ് തോന്നിയത്. തുർതൂക്ക് പോകാൻ പ്ലാനൊക്കെ ഇട്ടതാരുന്നു ലേയിൽ വന്നു ഇറങ്ങിയ ദിവസം. 3 ദിവസത്തെ റൌണ്ട് ട്രിപ്പും കഴിഞ്ഞു ഞങ്ങൾ തിരിച്ചു എത്താൻ വേണ്ടി മടക്ക വിമാനം കാത്തു നിൽക്കില്ല എന്നുള്ളതുകൊണ്ട് മാത്രം ഒഴിവാക്കേണ്ടി വന്നതാണ്. സങ്കടം പറഞ്ഞപ്പോ അലി സമാധാനിപ്പിക്കാൻ പറഞ്ഞു – “അല്ലെങ്കിലും ഇപ്പോൾ നല്ല തണുപ്പായി, മഞ്ഞു വീഴ്ചയും ഉണ്ട്. വേനല്ക്കാലമാണ് അവിടെപ്പോകാൻ നല്ലതു. നിങ്ങള് വിഷമിക്കണ്ട. വേനലിൽ വരൂ. ലഡാക്കിൽ ഇനിയും സ്ഥലങ്ങൾ കാണാനും ഉണ്ടല്ലോ.”

അവന്റെ ഫോണിൽ അവൻ അവിടെ ഗെസ്റ്റുമായി പോയപ്പോ എടുത്ത ഫോട്ടോസ് കാണിച്ചു. ടെലിസ്കോപ്പുകൾ വച്ചിരിക്കുന്നത്, അവിടുത്തെ പള്ളി എന്നിവ. ഞങ്ങൾ യാത്ര കഴിഞ്ഞു ബാംഗ്ലൂർ തിരിച്ചെത്തി വാട്സാപ്പില് ഹൈ അയച്ചതും അലി ആ പടങ്ങളെല്ലാം ഇങ്ങു അയച്ചു തന്നു. “ഭായിയും ഭാഭിയും ഇനി വരുമ്പോ വിളിക്കാൻ മറക്കരുത്. കാർഗിലിൽ കൂടാം. പിന്നെ തുർതൂക്കിലേക്ക് ഒരു സവാരിയും പോകാം.” – വേനൽ ആകട്ടെ അലി . വരുന്നുണ്ട്..(വേനൽ എല്ലാ കൊല്ലവും ഉണ്ടല്ലോ!).

LEAVE A REPLY

Please enter your comment!
Please enter your name here