വിവരണം – Kizheppadan.

ഭക്തിയും പ്രകൃതിയും നിറഞ്ഞു നിൽക്കുന്ന ഉറവപ്പാറയിലേക്ക് ഒരു യാത്ര പോയപ്പോൾ..

ഇടുക്കിയിൽ എവിടെപ്പോയാലും സഞ്ചാരികൾക്കു ചാകരയാണ്. അത്രത്തോളം ഇടുക്കി എന്ന മിടുക്കി ഒരുക്കിവെച്ചിട്ടുണ്ട്. അത്തരത്തിൽ പ്രകൃതിയുടെ മറ്റൊരു സംഭാവനയാണ് തൊടുപുഴ അടുത്തുള്ള് ഉറവപ്പാറ. കുന്നിൻമുകളിൽ മുരുകൻ ക്ഷേത്രമാണ് പ്രധാന കാഴ്ച കൂടെ പ്രകൃതിയുടെ സൗന്ദര്യവും.

അളിയൻ ഈ സ്ഥലത്തെ പറ്റി പറഞ്ഞപ്പോൾ രണ്ടാമതൊന്നു ആലോചിച്ചില്ല. ഇപ്പോൾ വരാം എന്ന് പറഞ്ഞു വൈകുന്നേരം വീട്ടില് നിന്ന് ഇറങ്ങി. ഹൈവേ നിന്ന് ഏതൊക്കെയോ എളുപ്പവഴിയിലൂടെയാണ് യാത്ര. കയറ്റവും ഇറക്കവും ആയുള്ള റോഡുകൾ. റബ്ബറും പൈനാപ്പിളും നിറഞ്ഞു നിൽക്കുന്ന തോട്ടങ്ങൾ. ഒടുവിൽ ക്ഷേത്രത്തിലേക്കുള്ള വഴികാട്ടി ബോർഡ്‌ കണ്ടപ്പോൾ ആണ് സ്ഥലം എത്തിയതായി മനസിലായത്.

മലയാള പഴനി അഥവാ കേരളത്തിന്റെ പഴനി എന്നറിയപ്പെടുന്ന മുരുകൻ ക്ഷേത്രമാണ് ഈ മല മുകളിൽ സ്ഥിതി ചെയ്യുന്നത്. ഏകദേശം 500 അടി ഉയരത്തിൽ ആണ് ക്ഷേത്രം നിൽക്കുന്നത്. ഒരു കൂറ്റൻ പാറയുടെ മദ്ധ്യത്തിൽ ആയാണ് അമ്പലം സ്ഥിതി ചെയ്യുന്നത്. അടിയിൽ നിന്ന് നടന്നും മറ്റൊരു വഴിയിലൂടെ വാഹനത്തിലും ക്ഷേത്രത്തിൽ എത്താൻ കഴിയും. ക്ഷേത്രത്തിന്റെ രണ്ടു വശങ്ങളിലേക്കും നീണ്ടു നിവർന്നു കിടക്കുന്ന പാറ. എവിടെ നോക്കിയാലും മനോഹരമായ കാഴ്ചകൾ. തൊടുപുഴ നഗരത്തിന്റെ ദൂര കാഴ്ച, മലനിരകൾ അങ്ങനെ ഏതൊരാളെയും മോഹിപ്പിക്കുന്ന കാഴ്ചകൾ ആണ് ഉറവപ്പറ നൽകുന്നത്.

സഞ്ചാരികളുടെ തിരക്ക് ഒട്ടും ഇല്ലാത്ത സ്ഥലമാണ് ഉറവപ്പാറ. ക്ഷേത്ര ദർശനത്തിനായി വരുന്ന ആളുകൾ മാത്രമേ ഇവിടെ വരാറുള്ളൂ. സന്ധ്യ സമയങ്ങളിൽ ക്ഷേത്ര ദർശനവും അസ്തമയ കാഴ്ചയും ആരെയും ഇവിടേക്ക് അടുപ്പിക്കും. ഇവിടത്തെ മറ്റൊരു പ്രത്യേകത പാറയുടെ മുകളിൽ ഉള്ള തീർത്ഥ കുളമാണ്. ഒരിക്കലും വറ്റാത്ത ഈ കുളം വനവാസകാലത്ത് ജലക്ഷാമം ഉണ്ടായപ്പോൾ ഭീമന്‍റെ കാല് പതിഞ്ഞിടത്ത് ഉണ്ടായതാണ് എന്നാണ് പറയുന്നത്.

മകര മാസത്തിലെ പുണര്‍തം നാളിലാണ് ഇവിടത്തെ ഉത്സവം. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവകാലത്ത് പകലും രാത്രിയും പാറയ്ക്ക് മുകളില്‍ വിശ്വാസികളെക്കൊണ്ട് നിറയും. പൂയം തൊഴുത് ഇറങ്ങുക എന്നാണ് ഈ ചടങ്ങിന് പറയുന്നത്.

തൊടുപുഴയില്‍ നിന്ന് നാല് കിലോമീറ്റര്‍ ദൂരത്തിലാണ് ഉറവപ്പാറ. മൂലമറ്റം ബസ് റൂട്ടില്‍ ഒളമറ്റത്ത് എത്തിയാല്‍ വലത്തേക്കുള്ള തിരിവില്‍ ഉറവപ്പാറയിലേക്ക് കയറുന്ന റോഡ് കാണാം. മധ്യകേരളത്തിലുള്ളവർ തൊടുപുഴ ഭാഗത്തേക്ക് വൺഡേ ട്രിപ്പ് പോകുമ്പോൾ ഉൾപ്പെടുത്താൻ പറ്റിയ  സ്ഥലം കൂടിയാണ് ഉറവപ്പാറ.  കഴിവതും ഇവിടെ വൈകുന്നേരം സന്ദർശിക്കുവാൻ ശ്രമിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.