വിവരണം – സ്‌മൃതി വി. ശശിധരൻ.
MSW റൂറൽ ഡെവലപ്മെന്റ് പഠനത്തിന്റെ ഭാഗമായിട്ടാണ് വടക്കു കിഴക്കൻ ഇന്ത്യയിലൂടെ ഒരു കറക്കം തരപ്പെട്ടത്. സ്വതവേ ഇന്സ്ടിട്യൂട്ടിൽ നിന്നും സെൻട്രൽ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കാണ് ഫീൽഡ് വർക്കിന് പറഞ്ഞയക്കാറുള്ളത്. അതിനാൽ തന്നെ നീണ്ട ചർച്ചകൾക്ക് ശേഷം പോകാനുള്ള അനുമതി ലഭിച്ചു. മേഘാലയയിലെ കമ്മ്യൂണിറ്റി ആൻഡ് റൂറൽ ഡെവലൊപ്മെൻറ് ഡിപ്പാർട്മെന്റിന് കീഴിൽ ഒരു മാസത്തെ പഠനം. തീർച്ചയായും എഴുതിഫലിപ്പിച്ച തീർക്കാവുന്ന ഒന്നല്ല ഒരു യാത്രയും എന്ന ബോധ്യത്തോടെ തന്നെ യാണ് ഇവിടെ അക്കമിട്ട് പത്തു കാര്യങ്ങൾ എഴുതുന്നത്.
മേഘാലയയെ സ്നേഹിക്കാൻ പത്തു കാരണങ്ങൾ ഇതാ…
1 ) കൊതിയൂറുന്ന സ്വാദിഷ്ടമായ ഭക്ഷണം. അതും കീശ കാലിയാകാത്ത നിരക്കിൽ സുലഭമായി കിട്ടും. അവരുടെ പരമ്പരാഗതമായ കോങ്ങ് ഷോപ്പുകളിൽ (സ്ത്രീകളെ അവിടെ കോങ്ങ് എന്ന് ചേർത്താണ് സംബോധന ചെയ്യുന്നത്. സ്ത്രീകൾ നടത്തുന്ന പരമ്പരാഗത ചായക്കട സെറ്റപ്പ്) 30 രൂപയ്ക്ക് ചോറും ദാലും ചട്ണിയും ബീഫും ചിക്കനുമൊക്കെ കഴിക്കാം. പന്നിയും കോഴിയും പട്ടിയും ഒക്കെ കിട്ടും. ഉത്തരേന്ത്യയിലെ ബ്രാഹ്മിണിക്കൽ നോട്ടങ്ങളൊന്നും സഹിക്കേണ്ടി വരില്ല ഇവിടെ.
2 ) വൃത്തി എടുത്തുപറയേണ്ട ഒന്നാണെന്ന് തോന്നുന്നു. ഓരോ വീടിന്റെ മുളവേലിയിലും കാണാം യൂസ് മീ എന്ന് എഴുതിവെച്ച തകരപ്പാട്ടയോ ചൂരൽക്കൊട്ടായോ. എല്ലാ തെരുവുകളും മൂലകളിലും. അത് കൊണ്ട് തന്നെ ചുറ്റുപാട് വളരെ വൃത്തിയാണ്.
3 ) പ്രകൃതിരമണീയത. അതാണ് ഇവിടത്തെ ഹൈലൈറ്റ്. ഫോട്ടോ എടുക്കാൻ ടൂറിസ്റ്റ് സ്പോട്ടന്വേഷിച്ചു പോകണ്ട. ഏതു മുറ്റത്തിറങ്ങിയാലും ആകാശത്തു പഞ്ഞിക്കെട്ടു കണക്കെ മേഘങ്ങൾ. കൈത്തുമ്പിലെന്ന് തോന്നുന്ന മേഘങ്ങൾ എടുക്കുന്ന ഫോട്ടോയ്ക്കും കാണുന്ന കാഴ്ചയ്ക്കും ഒക്കെ വല്ലാത്തൊരു ഭംഗി നൽകും.
4 ) കാലാവസ്ഥ : ഒറ്റ ദിവസം തന്നെ 4 വ്യത്യസ്ത ഋതുക്കൾ അനുഭവിച്ചറിയാം. തീർത്തും പ്രവചനാതീതമായ കാലാവസ്ഥ.
5 ) പ്രദേശവാസികൾ : മുൻവിധികളില്ലാതെ വളരെ സഹകരണ മനോഭാവത്തോടെ കൂടെ ഇടപഴകുന്നവരാണ്. ഗോത്രങ്ങൾ തമ്മിൽ ഇടയ്ക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും അതിഥികളോട് വിവേചനം കാണിക്കാറില്ല.
6 ) ഭരണകൂടം : അധികാരശ്രേണിയ്ക്ക് അതീതരായി സാധാരണ ജനങ്ങളോട് വളരെ നല്ല രീതിയിൽ ഇടപഴകുന്നവരാണ് ഭൂരിപക്ഷം ഉദ്യോഗസ്ഥരും. ഉത്തരവാദിത്ത ബോധത്തോട് കൂടി തന്നെ ജനഹിതമനുസരിച് പദ്ധതികൾ രൂപീകരിക്കാനും നടപ്പിലാക്കാനും അവർ പൊതുവിൽ ശ്രമിക്കുന്നുണ്ട്.
7 ) ഒരു മട്രിലീനിയൽ സമൂഹമായതുകൊണ്ട് തന്നെ സ്വത്തവകാശം അവിടെ സ്ത്രീകൾക്കാണ്. പാരമ്പരാഗതമായുള്ള ഈ സാമ്പത്തിക സുരക്ഷിതത്വം അവിടത്തെ സ്ത്രീകളെ കൂടുതൽ ശാക്തീകരിക്കുന്നു. എങ്കിലും രാഷ്ട്രീയപരമായ പങ്കാളിത്തത്തിൽ അവർ പിന്നിൽ തന്നെയാണ്
8 ) നീണ്ട ട്രാഫിക് ജാം : ഗതാഗത സൗകര്യങ്ങൾ പരിമിതമായതിനാലും മലപ്രദേശങ്ങളിലെ യാത്ര ദുഷ്കരമായതിനാലും ഒരു ശരാശരി മേഘാലയക്കാരന്റെ ഓരോ ദിവസവും രണ്ട മുതൽ നാല് മണിക്കൂർ വരെ ബ്ളോക്കിലാണ്. എന്നാൽ ഇതുകൊണ്ട് തന്നെ അവർക്ക് പൊതുവിൽ ക്ഷമാശീലം കൂടുതലാണ് താനും. ഷില്ലോങ്ങിലൊഴികെ പൊതുവാഹങ്ങളും കുറവാണ്. ഷെയർ ടാക്സി വഴിയാണ് ഭൂരിപക്ഷം യാത്രയും.
9 ) 6 മണി ആകുമ്പോഴേക്കും മേഘാലയ കൂരിരുട്ട് മൂടിക്കഴിഞ്ഞിരിക്കും. നല്ല തണുപ്പും. ഒരു ബ്ലാങ്കറ്റും മൂടി സുഖമായിട് ഉറങ്ങാം.രാവിലെ 4മണി തന്നെ പരപരാ വെളുത്ത തുടങ്ങും.കാരണം മേഘാലയയുടെ ഭൂമിസ്ത്രപരമായ കിടപ്പ് തന്നെ.
10 ) മേഘാലയയിലെ മിക്കവാറും സ്ഥലനാമങ്ങൾ തുടങ്ങുന്നത് “മൗ” എന്നാണു. മൗസിൻറാം, മൗഫ്ളങ്, മൗഫ്‌ള സിയാങ്, മൗക്കിൻറൊ എന്നൊക്കെ. അവരുടെ ഗോത്രവിശ്വാസങ്ങളിൽ മോണോലിത്ത് എന്ന മൂന്നു കല്ലുകൾക്ക് വളരെ പ്രാധാന്യമുണ്ട്. ‘മൗ’ എന്നാൽ മൂന്ന് കല്ലുകൾ എന്നർത്ഥം.
ഇതിനെല്ലാമുപരി ഷില്ലോങ്ങിലൊക്കെ എത്തിയാൽ കാണുന്നത് കൊറിയൻ ഫാഷൻറെ കണ്ണെഞ്ജിപ്പിക്കുന്ന കാഴ്ചകളാണ്. സാംസ്കാരികപരമായും ഭൂമിശാസ്ത്രപരമായും ഒട്ടേറെ വൈവിധ്യങ്ങളാൽ സമ്പന്നമായ നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങൾ പലപ്പോഴും നമ്മുടെ വികസന ചർച്ചകളിൽ തഴയപ്പെടുന്ന ഒരു പ്രദേശമാണ്. അതിനാൽ തന്നെയാകാം തിരഞ്ഞെടുപ്പ് സമയങ്ങളിൽ പോലും ബംഗ്ലാദേശ് സിമ്മുകളിൽ കൂടെ തന്ത്രപ്രധാന വിവരങ്ങൾ കൈമാറണ്ടേ ഗതികേട് അവർക്കുള്ളത്. കണക്റ്റിവിറ്റി എന്നത് എല്ലാ തരത്തിലും അവർക്ക് ദുഷ്കരമാണ്, അതിനി ഗതാഗതമായാലും സിമ്മിന്റെ റേഞ്ച് ആയാലും…
എങ്കിലും ക്വായ് (മുറുക്കാൻ ) കറ പിടിച്ച ചിരിയുമായി നിറഞ്ഞ മനസോടെ നമ്മെ സ്വീകരിക്കാൻ തയ്യാറായി ആ കുഞ്ഞൻ സംസ്ഥാനം അവിടെ നിലകൊള്ളുന്നു. ഏറ്റവും കൂടുതൽ മഴ കിട്ടിയിരുന്ന ചിറാപ്പുഞ്ചിയും, ഇപ്പൊ കിട്ടുന്ന മൗസിൻറാമും, സേക്രഡ് ഗ്രോവും, ഡോൺ ബോസ്കോ മ്യുസിയവും, ലിവിങ് ബ്രിഡ്‌ജും ഡോക്കിയിലെ ട്രാൻസ്പരന്റ് തടാകങ്ങളുമൊക്കെ ഒരു ഊരുതെണ്ടിക്ക് വേണ്ട സകലതും കാത്തുവെച്ച മേഘാലയ അങ്ങ് നിൽക്കുന്നുണ്ട്.. പറ്റുവാണെങ്കിൽ എല്ലാരും ഒന്ന് പോയിട്ട് വരൂ…