ഒമാൻ തലസ്ഥാനമായ മസ്ക്കറ്റിലുള്ള പ്രവാസി മലയാളികൾക്ക് ഏറെ പ്രിയങ്കരമായ കേരള റെസ്റ്റോറന്റാണ് ‘1947’. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷമാണ് 1947. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെയും നേതാക്കളെയുമെല്ലാം ഓർമ്മപ്പെടുത്തുന്ന വ്യത്യസ്തമായ ഒരു തീമിൽ തയ്യാറാക്കിയിരിക്കുന്ന ഈ റെസ്റ്റോറന്റിന് ‘1947’ എന്നല്ലാതെ മറ്റൊരു പേരും ചേരില്ല എന്നു മനസ്സിലാക്കിയിട്ടാകണം അവർ ഇത്തരമൊരു പേര് സ്വീകരിച്ചതും. മസ്കറ്റിൽ തന്നെയുള്ള അനന്തപുരി റെസ്റ്റോറന്റിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് 1947.

ഒരു കൊളോണിയൽ സ്റ്റൈലിൽ ഉള്ള ഒരു റെസ്റ്റോറന്റ് ആണ് 1947. റെസ്റ്റോറന്റിനുള്ളിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളുടെയും മറ്റു പ്രശസ്തരായവരുടെയും ചിതങ്ങൾ വെച്ചിട്ടുണ്ട്. കൂടാതെ ടേബിളുകളിൽ പഴയ വർത്തമാനപ്പത്രങ്ങൾ ഫ്രെയിം ചെയ്ത് വെച്ചിരിക്കുന്നു. ഇവിടെ എല്ലാവരെയും ആകർഷിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യം ഇവിടത്തെ മെനു കാർഡ് ആണ്. മരം കൊണ്ട് നിർമ്മിച്ച ഒരു ഫലകം പോലെയാണ് ഇവിടെ മെനു കാർഡ് രൂപീകരിച്ചിരിക്കുന്നത്. റെസ്റ്റോറന്റിലെ ജീവനക്കാരുടെ യൂണിഫോമിലും കാണാം ഒരു ഇന്ത്യൻ ടച്ച്. ഭക്ഷണത്തിന്റെ കാര്യമാണെങ്കിലോ പറയുകയേ വേണ്ട. രുചികരമായ പലതരത്തിലുള്ള വിഭവങ്ങളാണ് ഇവിടെ ലഭ്യമാകുന്നത്.

1947 എന്ന ഈ റെസ്റ്റോറന്റ് കേരളത്തിൽ കൊച്ചിയിൽ ആരംഭിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നു. അങ്ങനെ ഭക്ഷണ പ്രേമികളുടെ കാത്തിരിപ്പുകൾക്കൊടുവിൽ മസ്‌ക്കറ്റിൽ നിന്നും നമ്മുടെ സ്വന്തം മലയാള മണ്ണിലേക്ക് – അറബിക്കടലിൻ റാണിയെ മുത്തമിട്ടു കൊച്ചിയുടെ മണ്ണിൽ ജന്മ, വിദേശ, അറബ് നാടിൻ തനതു രുചികൾ പകർന്നു നൽകാനായി ‘1947’ എന്ന പേരിൽത്തന്നെ എറണാകുളത്ത് കാക്കനാട് ഭാഗത്ത് പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്. 2019 മാർച്ച് 21 നാണു കാക്കനാട്ടെ ഈ വ്യത്യസ്തമായ റെസ്റ്റോറന്റ് പ്രവർത്തനം തുടങ്ങിയത്.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഓർമ്മപ്പെടുത്തലുകൾ, പഴമയുടെ പെരുമ വിളിച്ചോതുന്ന അകത്തളങ്ങൾ എന്നിവയാണ് ‘1947 കൊച്ചി’യുടെ പ്രത്യേകതകൾ. “ഭക്ഷണം വെറും രുചി മാത്രമല്ല ആരോഗ്യവും ആണ്. നല്ല ഭക്ഷണം ആരോഗ്യത്തെ പ്രദാനം ചെയ്യുന്നു” എന്നാണു റെസ്റ്റോറന്റിന്റെ ഫേസ്‌ബുക്ക് പേജിൽ അവർ കുറിച്ചിരിക്കുന്നത്. 

കൊച്ചി നഗരത്തിന്റെ തിരക്കുകളിൽ നിന്നും ഒഴിഞ്ഞു മാറി സ്ഥിതി ചെയ്യുന്നതും കേരളത്തിലെ പ്രധാന ഐടി ഹബ്ബ് ഏരിയകളിൽ ഒന്നായതുമാണ് റെസ്റ്റോറന്റ് തുടങ്ങുവാനായി കാക്കനാടിനെ തിരഞ്ഞെടുത്തിരിക്കുന്നത്. പ്രവാസികൾ അനുഭവിച്ചറിഞ്ഞ 1947 ന്റെ രുചിഭേദങ്ങൾ ഇനി കൊച്ചീക്കാർക്കും ആസ്വദിക്കാം. ഇന്ത്യയിലെ ചരിത്ര പ്രധാനമായ സംഭവങ്ങളുടെ ചിത്രങ്ങൾ, ‘അമർ ജവാൻ ജ്യോതി’യുടെ പതിപ്പ്, മഹാത്മാ ഗാന്ധി നയിച്ച പ്രശസ്തമായ ദണ്ഡി യാത്രയുടെ 3D
ആവിഷ്ക്കാരം, നൂറോളം സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങളും അവരെക്കുറിച്ചുള്ള ചെറുവിവരണങ്ങളും ഒക്കെ റെസ്റ്റോറന്റിൽ സജ്ജീകരിച്ചിട്ടുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ ഈ റെസ്റ്റോറന്റിൽ കയറുന്നവർ ഇന്ത്യയുടെ ചരിത്രം വ്യക്തമായിത്തന്നെ അറിഞ്ഞുകൊണ്ടായിരിക്കും തിരികെയിറങ്ങുന്നത്. വ്യത്യസ്തങ്ങളായ വിഭവങ്ങൾ രുചിക്കുന്നതിനൊപ്പം നമ്മുടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വീരവ്യക്തിത്വങ്ങളോടുള്ള ഒരു Tribute കൂടിയാകട്ടെ 1947 റെസ്റ്റോറന്റിലേക്കുള്ള നമ്മുടെ യാത്ര.

ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെയും, വൈകീട്ട് 7 മണി മുതൽ 11 മണിവരെയുമായിരിക്കും ഈ ഹോട്ടൽ തുറന്നു പ്രവർത്തിക്കുക. ലൊക്കേഷൻ : 1947 Indian Restaurant, Infopark Road, Kuzhikkattumoola, Kakkanad, Kerala 682030, Phone – 82819 47000, Map –  https://goo.gl/maps/3tG7gxvKfT42 .

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.