Apocalyptic dramatic background - giant tsunami waves crashing small coastal town

2004 ഡിസംബര്‍ 25ന് ലോകം മുഴുവന്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ മുഴുകിയപ്പോള്‍ ആരും കരുതിയിട്ടുണ്ടാകില്ല അടുത്ത പകല്‍ അവര്‍ക്ക് സമ്മാനിക്കുന്നത് ദുരന്തമായിരിക്കുമെന്ന്. കലിതുള്ളിയ കടല്‍ നിമിഷ നേരം കൊണ്ടാണ് കണ്ണില്‍ കണ്ട സര്‍വതിനെയും നശിപ്പിച്ചത്. ഇന്ത്യ അടക്കം പതിനാല് രാജ്യങ്ങളില്‍ ദുരന്തം വിതച്ച സുനാമി രണ്ടേകാല്‍ ലക്ഷത്തിലധികം മനുഷ്യജീവനുകളെയാണ് കടലിലേക്ക് കൊണ്ടുപോയത്.

തീരവാസികള്‍ക്ക് കടല്‍ എല്ലാമെല്ലാമാണ്. ദൈവവും അമ്മയും അന്നദാതാവുമെല്ലാം അവര്‍ക്ക് കടലാണ്. കടലമ്മ കനിഞ്ഞാല്‍ തീരത്ത് ഉത്സവമാണ്. കടലമ്മ കോപിച്ചാല്‍ അത് ദാരിദ്ര്യവും കെടുതികളും ഉണ്ടാക്കും. ഏറെ പഴക്കമുള്ള വിശ്വാസമാണിത്. കടലമ്മയെ വിശ്വസിച്ച്, മീന്‍ പിടിക്കാന്‍ പോകുന്നവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന പഴമൊഴി. പാടില്ലാത്തതെന്തെങ്കിലും തീരത്തുണ്ടായാല്‍ കടലമ്മ കോപിക്കുമെന്നതും ഇവര്‍ക്ക് മാര്‍ഗ ദീപമാണ്. വേദനിപ്പിക്കുമ്പോഴും സാന്ത്വനവുമായി കടലമ്മയെത്തും. അതിന് ഏറെ കാത്തിരിക്കേണ്ടിയും വരില്ല. ജീവീതത്തിന്‍റെ സര്‍വവും കടലമ്മയില്‍ അര്‍പ്പിച്ചു കഴിയുന്ന കടലിന്‍റെ മക്കള്‍ക്ക് 2004 ഡിസംബര്‍ 26 കറുത്ത ദിനമാണ്.

2004 ഡിസംബര്‍ 26, ക്രിസ്മസ് ദിനത്തിന് പിറ്റേന്ന് രാവിലെ 7.59. ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്ര തീരത്ത് കടലിന് അടിത്തട്ടിലുണ്ടായ വന്‍ ഭൂകമ്പം രാക്ഷസ തിരമാലകളായി രൂപാന്തരപ്പെടുകയായിരുന്നു. ഭൂകമ്പ മാപിനിയില്‍ 9.1 രേഖപ്പെടുത്തിയ പ്രകമ്പനം പത്ത് മിനിറ്റോളം നീണ്ടു. ലോക ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ഭൂകമ്പമായിരുന്നു അത്. മുപ്പത് ക്യുബിക് കിലോമീറ്റര്‍ വെള്ളം കടലില്‍ നിന്നും തൂത്തെറിയപ്പെട്ടു. ഇവ രാക്ഷസത്തിരമാലകളായി ഇന്തോനേഷ്യ, ശ്രീലങ്ക, ഇന്ത്യ, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങളില്‍ ആഞ്ഞടിച്ചു. .ആന്തമാന്‍ ദ്വീപുകള്‍ക്കും സമുാത്രയ്ക്കുമിടയിലുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് സുനാമി രൂപംകൊണ്ടത്. ഭൂകമ്പം ഉണ്ടായി 15 മിനിറ്റ് പിന്നിടും മുമ്പ് കൂറ്റന്‍ തിരമാലകള്‍ സുമാത്രയിലെയും ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളിലെയും തീരപ്രദേശങ്ങളെ വിഴുങ്ങിയിരുന്നു. സുനാമി ഏറ്റവും കൂടുതല്‍ ബാധിച്ച ഇന്തോനേഷ്യയിലെ അഷേഹില്‍ മുപ്പത് മീറ്റര്‍ (65 അടി) ഉയരത്തിലാണ് തിരമാലകള്‍ താണ്ഡവമാടിയത്.

ഭൂകമ്പമുണ്ടായി രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും ഇന്ത്യയുടെയും ശ്രീലങ്കയുടെയും തീരങ്ങളെ സുനാമി വിഴുങ്ങി. ഇന്ത്യയില്‍ രാവിലെ ഒമ്പതിനും പത്തിനും ഇടയിലാണു സുനാമി തിരമാലകള്‍ എത്തിയത്. കന്യാകുമാരി, ചെന്നൈ മറീന ബീച്ച്, ആന്ധ്ര, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, കേരള തീരങ്ങള്‍ എന്നിവിടങ്ങളിലാണു സുനാമി ആഞ്ഞടിച്ചത്. ചെന്നൈയിലെ മറീനാ ബീച്ചില്‍ ക്രിസ്മസ് അവധി ആഘോഷിക്കാനെത്തിയവരെ കടലെടുത്തു. വേളാങ്കണ്ണിയിലും കന്യാകുമാരിയിലും ഉണ്ടായിരുന്ന മലയാളികൾ അടക്കമുള്ള സഞ്ചാരികളും തീർത്ഥാടകരും ദുരന്തത്തിനിരയായി. തമിഴ്‌നാടിന്റെ മിക്കവാറും തീരപ്രദേശങ്ങള്‍ എല്ലാം തന്നെ സുനാമി തിരമാലകള്‍ തകര്‍ത്തെറിഞ്ഞു. നിരവധി മത്സ്യ ബന്ധന ഗ്രാമങ്ങള്‍ അപ്രത്യക്ഷമായി.

തമിഴ്‌നാട്ടില്‍ 7,798 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ഇതിലുമധികം എത്രയോ പേര്‍ സുനാമി ദുരന്തത്തില്‍ അകപ്പെട്ടുവെന്നതാണ് യാഥാര്‍ഥ്യം. ഈ നൂറ്റാണ്ട് കണ്ട എക്കാലത്തെയും ദുരന്തമായ സുനാമി കേരളത്തെയും കണ്ണീര്‍കടലാക്കി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം കേരളത്തിൽ 168 പേര്‍ മരിയ്ക്കുകയും തീരദേശ ഗ്രാമങ്ങളിലുള്ള 25 ലക്ഷത്തോളം പേര്‍ സുനാമിക്കെടുതിക്ക് ഇരയായാവുകയും ചെയ്തു. സുനാമി ഏറ്റവുമധികം നാശം വിതച്ച കൊല്ലം ജില്ലയില്‍ മാത്രം 131 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലം ജില്ലയിലെ ആലപ്പാട്, ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ എന്നീ സ്ഥലങ്ങളിലാണ് സുനാമിത്തിരമാലകള്‍ കൂടുതല്‍ നാശം വിതച്ചത്.

മണിക്കൂറില്‍ 800 കിലോമീറ്റര്‍ വേഗതയിലായിരുന്നു കൂറ്റന്‍ തിരമാലകള്‍ കരയിലേക്കെത്തിയത്. വേണ്ടത്ര മുന്നറിയിപ്പ് സംവിധാനങ്ങളൊന്നും ഇല്ലാത്തതായിരുന്നു ഭൂകമ്പം ഉണ്ടായി രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും ഇന്ത്യന്‍ തീരങ്ങളിലടക്കം ഇത്രയും ആള്‍നാശമുണ്ടാക്കാന്‍ കാരണം. സുനാമി ഏറ്റവും കൂടുതല്‍ നാശം വിതച്ചത് ഇന്തോനേഷ്യയിലായിരുന്നു. 1.68 ലക്ഷം പേരുടെ ജീവനാണ് ഇവിടെ മാത്രം പൊലിഞ്ഞത്. ശ്രീലങ്കയില്‍ 35000 പേരും ഇന്ത്യയില്‍ 18000 പേരുടെയും ജീവനെടുത്തു. തായ്‌ലന്റില്‍ 8000 പേരും മരിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നൂറുകണക്കിനാളുകളുടെ ജീവനും സുനാമി കവര്‍ന്നു.

കേട്ടുമാത്രം പരിചയമുള്ള സുനാമി ഇന്ത്യയ്ക്കും ഒരു ഭീഷണിയാകുമെന്ന് കണ്ടതോടെ ഭാരതത്തിലെ ആദ്യത്തെ സുനാമി മുന്നറിയിപ്പ് സംവിധാനം 2007 ഒക്ടോബര്‍ 1 മുതല്‍ ഹൈദരാബാദില്‍ ആരംഭിച്ചു. ഭൗമശാസ്ത്രമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിന് കീഴിലാണ് ഇന്ത്യയിലെ നിരീക്ഷണ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഈ സ്ഥാപനം സമുദ്രത്തിന്റെ ടൈഡ് ഗേജുകളും ബോയും സ്ഥാപിച്ച് ഉപഗ്രഹസഹായത്താലാണ് നിരീക്ഷണം നടത്തുന്നത്. സമുദ്ര ഭൂകമ്പമുണ്ടായാല്‍ സ്ഥാപനം സുനാമി മുന്നറിയിപ്പ് നല്‍കാറുണ്ട്. ഈ മുന്നറിയിപ്പ് എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കുന്നുണ്ട്.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ രംഗചാംഗില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സ്ഥാപിച്ച സുനാമി മുന്നറിയിപ്പ് സംവിധാനത്തിന് ഭൂകമ്പമുണ്ടായി മൂന്ന് മിനിറ്റിനകം സുനാമി പ്രവചിക്കാന്‍ സാധിക്കും.2004ലെ സുനാമി ദുരന്തത്തിനുശേഷം ഇന്ത്യന്‍ മഹാസമുദ്രത്തിന് ചുറ്റുമുള്ള രാജ്യങ്ങള്‍ ചേര്‍ന്ന് സുനാമി നിരീക്ഷണ ശൃംഖല ഉണ്ടാക്കിയിട്ടുണ്ട്. യുനസ്‌കോയുടെ ഇന്റര്‍ ഗവണ്‍മെന്റല്‍ കോഓര്‍ഡിനേഷന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണിത്. എല്ലാ രാജ്യങ്ങളിലേയും സുനാമി മുന്നറിയിപ്പ് കേന്ദ്രങ്ങള്‍ കൂട്ടിയിണക്കിയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.

2004 ലെ ഭൂകമ്പത്തിലും സുനാമിയിലും ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച ഇന്തോനേഷ്യയിലെ ബന്ദാ ആച്ചേയിൽ ഒരു സുനാമി മ്യൂസിയം സ്ഥിതി ചെയ്യുന്നുണ്ട്. സുനാമിയില്‍ പൊലിഞ്ഞവരുടെ ഓര്‍മയ്ക്കായാണ് ഈ മ്യൂസിയം. നാലു നിലകളിലായി നിര്‍മിച്ച കൂറ്റന്‍ കെട്ടിടം കപ്പലിന്റെ ആകൃതിയിലുള്ളതാണ്. മുകളില്‍നിന്ന് നോക്കിയാല്‍ തിരമാലയുടെ ആകൃതിയാണിതിന്. സുനാമി ഉണ്ടായാല്‍ ആയിരക്കണക്കിന് ആളുകള്‍ക്കു തങ്ങാവുന്ന രക്ഷാസങ്കേതം കൂടിയാണിത്. അത്രമാത്രം സൗകര്യങ്ങളാണ് അകത്തുള്ളത്. സുനാമിയെക്കുറിച്ച് വിശദവിവരം നല്‍കുന്ന ഗവേഷണ കേന്ദ്രവും ഇവിടെയുണ്ട്. സുനാമിയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനുള്ള പ്രവര്‍ത്തനങ്ങളും ഇവിടെ നടക്കുന്നു.

സുനാമി വരുത്തിവെച്ച ദുരിതങ്ങളകറ്റാന്‍ അന്താരാഷ്ട്ര സമൂഹം 14 ബില്യണ്‍ ഡോളറാണ് ചെലവഴിച്ചത്. ഒരു നിമിഷം കൊണ്ട് സമ്പാദിച്ചതെല്ലാം കൺമുന്നിൽ കവർന്നെടുക്കുന്നത് കണ്ട് നിന്നവർ ഇപ്പോഴും നമ്മുടെ തീരങ്ങളിലുണ്ട്. ഇത്രയേറെ വർഷങ്ങൾ കഴിഞ്ഞിട്ടും ഒന്നും മറക്കുവാൻ സാധിക്കാത്തവർ… ദുരന്തത്തെ അതിജീവിച്ചവർ… അവരായിരുന്നു കേരളത്തിൽ പ്രളയം വന്നപ്പോൾ ഒട്ടേറെ ജീവനുകൾക്ക് രക്ഷകരായതും.

വിവരങ്ങൾക്ക് കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ, ഷാജി കായംകുളം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.