വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോഴാണ് മൂന്ന് മണിക്കൂർ മുൻപേ എത്തിച്ചേരണം എന്ന് പറയുന്നത്. നിങ്ങൾ വെബ് ചെക്കിൻ ചെയ്തിട്ടുണ്ടെങ്കിൽ കുറച്ചുകൂടി താമസിച്ചാലും കുഴപ്പമില്ല. സാധാരണയായി നിങ്ങൾ എയർപോർട്ടിൽ എത്തുമ്പോൾ ആദ്യം ഉള്ളിലേക്ക് കടക്കാൻ ഒരു ക്യൂ, അതിനു ശേഷം നിങ്ങളുടെ ബോർഡിങ് പാസ് വാങ്ങാനും, ലഗേജ് ഡ്രോപ്പ് ചെയ്യാനും പൊതുവെ ഒരു നീണ്ട ക്യൂ ചെക്കിൻ കൗണ്ടറുകളിൽ ഉണ്ടാവാറുണ്ട്. പിന്നീട് ഇമ്മിഗ്രേഷൻ, സെക്യൂരിറ്റി ചെക്കിൻ എന്നിവയും കുറച്ചധികം സമയം എടുക്കുന്നവയാണ്.

മാത്രമല്ല, ഡൊമസ്റ്റിക് ഫ്ലൈറ്റുകളെ അപേക്ഷിച്ച് ഇന്റർനാഷണൽ ഫ്ലൈറ്റുകൾ നേരത്തെ ബോർഡിങ് തുടങ്ങുകയും ചെയ്യും. ചിലപ്പോഴെല്ലാം ഒന്നിലധികം ടെർമിനലുകൾ ഉള്ള എയർപോർട്ടുകളിൽ നിങ്ങൾ അബദ്ധത്തിൽ തെറ്റായ ടെർമിനലിൽ ചെല്ലാനും അവിടെനിന്നു ശരിയായ ടെര്മിനലിലേക്കു പോകേണ്ടതായും വരാറുണ്ട്. ഇതൊക്കെക്കൊണ്ടാണ് ചുരുങ്ങിയത് മൂന്നുമണിക്കൂർ മുൻപ് എയർപോർട്ടിൽ എത്തണം എന്ന് പറയുന്നത്.

നിങ്ങൾ ഡൊമസ്റ്റിക് ഫ്ലൈറ്റിലാണ് യാത്ര ചെയ്യുന്നതെങ്കിൽ ഒന്നര രണ്ടു മണിക്കൂർ മുൻപെത്തിയാലും മതിയാകും. പ്രധാന കാരണം ഇമ്മിഗ്രേഷൻ എന്ന കടമ്പ ഇല്ല എന്നത് തന്നെ. അന്തർദേശീയ യാത്രക്ക് ചെക്കിൻ കൗണ്ടറുകൾ 45 മിനിട്ടു മുൻപും ബോർഡിങ്‌ ഗെയിറ്റ് 25 മിനിട്ടു മുൻപും ക്ലോസ്‌ ചെയ്യും. അതുകൊണ്ടു നിങ്ങൾ നേരത്തെ തന്നെ ചെക്കിൻ ചെയ്തു ബോർഡിങ് പാസിന്റെ പ്രിന്റുമായാണ് വരുന്നതെങ്കിൽ ഒരത്യാവശ്യ സാഹചര്യത്തിൽ 45 മിനിട്ടു മുൻപെത്തിയാലും യാത്ര ചെയ്യാൻ സാധിച്ചേക്കും. പക്ഷെ നിങ്ങൾക്ക് ലഗേജ് ചെക്കിൻ ചെയ്യാനുണ്ടെങ്കിൽ കുറേക്കൂടി നേരത്തെ എത്തിയെ പറ്റൂ.

നിങ്ങൾ യാത്ര ചെയ്യുന്ന എയർപോർട്ടും അവിടുത്തെ നടപടിക്രമങ്ങളും നിങ്ങൾക്ക് പരിചയം ഉണ്ടാവണം എന്ന് പ്രത്യേകിച്ച് ഓർമിപ്പിക്കുന്നു. അതുകൊണ്ടു നിങ്ങൾ ഒരു സ്ഥിരം യാത്രക്കാരനല്ലെങ്കിൽ ഇന്റർനാഷണൽ ട്രാവലിനു മൂന്നുമണിക്കൂറും ഡൊമസ്റ്റിക് ട്രാവലിനു രണ്ടു മണിക്കൂറും മുൻപേ എയർപോർട്ടിൽ എത്തുന്നതാണ് സുരക്ഷിതം. കുടുംബമായി യാത്രചെയുമ്പോഴും രോഗികൾ കൂടെയുള്ളപ്പോലും കുറച്ചുകൂടി നേരത്തെ എത്തുന്നതാവും നല്ലത്.

കടപ്പാട് – ബിജു തോമസ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.