എഴുത്ത് – പ്രകാശ് നായർ മേലില.
സത്യസന്ധതയുടെ ഉത്തമ മാതൃകയായി ഈ കെനിയൻ നേതാവ് ! ഇന്നദ്ദേഹം ലോകത്തിനുതന്നെ നേർവിളക്കായി മാറിക്കഴിഞ്ഞു.നേതാക്കൾക്കും ജനങ്ങൾക്കും മാതൃകാ പുരുഷനായ Richard Tongi എന്ന കെനിയൻ നേതാവ് 30 വർഷം മുൻപ് തൻ്റെ പഠനകാലത്ത് കടമായി വാങ്ങിയ 200 രൂപ മടക്കിനൽകാനാണ് മഹാരാഷ്ട്രയിലെ ഔറംഗാബാദിലെത്തിയത്.
റിച്ചാർഡ് ടോംഗി 1985 മുതൽ 1989 വരെ ഔറംഗാബാദിലെ മൗലാനാ ആസാദ് കോളേജിലാണ് മാനേജുമെന്റ് പഠനം നടത്തിയത്. അവിടെ കോളേജിനടുത്തുള്ള വാംഖഡെ നഗറിൽ ഒരു മുറി വാടകയ്‌ക്കെടുത്തായിരുന്നു അദ്ദേഹത്തിന്റെ താമസം. തൊട്ടടുത്ത് ശ്രീകൃഷ്ണ പ്രൊവിഷൻ സ്റ്റോർ നടത്തിയിരുന്ന കാശിനാഥ് ഗൗലി യുടെ കടയിൽനിന്നായിരുന്നു പലചരക്കുസാധാനങ്ങൾ വാങ്ങിയിരുന്നത്.ചെലവ് ചുരുക്കാൻ പഠനകാലത്ത് അദ്ദേഹം ആഹാരം സ്വന്തമായി പാചകം ചെയ്തു കഴിക്കുകയായിരുന്നു.
റിച്ചാർഡ് ടോംഗി, കാശിനാഥ് ഗൗലിയോട് വല്ലപ്പോഴും പണം കൈവായ്പ്പയായും വാങ്ങുമായിരുന്നു. വലിയ സമ്പന്നകുടുംബത്തിലെ അംഗമല്ലാതിരുന്നതിനാലാണ് അദ്ദേഹം പഠനത്തിനായി ഔറംഗാബാദ് തെരഞ്ഞെടുത്തത്.
പഠനം പൂർത്തിയാക്കി മടങ്ങിയ റിച്ചാർഡ് ടോംഗിക്ക് കാശിനാഥിനോട് കടമായി വാങ്ങിയ 200 രൂപ കൊടുക്കാനായില്ല. കാരണം അദ്ദേഹം അപ്പോഴതോർത്തില്ല. കെനിയയിൽ ചെന്ന് നാളുകൾക്കുശേഷമാണ് കാശിനാഥിനുകൊടുക്കാനുള്ള 200 രൂപയുടെ കാര്യം ഓർമ്മവരുന്നത് .ഒരുതവണ കത്തയച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഈ കടം വർഷങ്ങളോളം റിച്ചാർഡ് ടോംഗിയുടെ മനസ്സിനെ മഥിച്ചിരുന്നു എന്നത് വ്യക്തമാണ്. അതുവീട്ടാൻ വഴിയില്ലാതെ അദ്ദേഹം വിഷമിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ കെനിയൻ രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം ‘ന്യാറിബെറി ചാച്ചി’ മണ്ഡലത്തിൽനിന്നുള്ള എം.പി യായി. രാജ്യത്തെ വിദേശകാര്യസമിതിയുടെ ഉപാദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട റിച്ചാർഡ് ടോംഗി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനായി ഡൽഹിയിലെത്തിയ കെനിയൻ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. ഡൽഹിയിലെ പരിപാടികൾ കഴിഞ്ഞശേഷം അദ്ദേഹം ഭാര്യയുമൊത്ത് മുൻകൂട്ടി കരുതിയതനുസരിച്ചു മുംബൈയിലും അവിടെ നിന്ന് ഔറംഗാബാദിലുമെത്തി. റിച്ചാർഡ് ടോംഗിയുടെ ഭാര്യ കെനിയയിൽ ഡോക്ടറാണ്.
ഔറംഗാബാദിൽ 30 വര്ഷം മുൻപ് താൻ താമസിച്ചിരുന്ന സ്ഥലമാകെ മാറിയതായി അദ്ദേഹം മനസ്സിലാക്കി. വാംഖഡെ നഗറിലെ ശ്രീകൃഷ്ണ സ്റ്റോറും കാശിനാഥ് ഗോഖലയെയും പലയിടത്തും അദ്ദേഹം അന്വേഷിച്ചു. ആ സ്ഥലം ഒരു ചെറുപട്ടണമായി മാറിയിരിക്കുന്നു. ആർക്കും കാശിനാഥിനെ അറിയില്ല. ആ കടയും വീടും ഇന്നവിടില്ല. കാർ ഡ്രൈവറുടെ സഹായത്തോടെ അദ്ദേഹം അവിടുത്തെ മുതിർന്ന ആളുകളോട്, ‘കുർത്തയും കയ്യില്ലാത്ത ബനിയനും ധരിച്ചിരുന്ന കാശിനാഥ് ഗൗലി’ യെപ്പറ്റി പറഞ്ഞപ്പോൾ ആളുകൾക്ക് പിടികിട്ടി. അങ്ങനെ ഒടുവിൽ വളരെ സാഹസപ്പെട്ടു ഗൗലിയുടെ വീട് കണ്ടുപിടിച്ചു.
ആദ്യനോട്ടത്തിൽത്തന്നെ പ്രായാധിക്യം ഏറെ തളർത്തിയ കാശിനാഥിനെ റിച്ചാർഡ് ടോംഗി തിരിച്ചറിഞ്ഞു. കാശിനാഥനാകട്ടെ ആദ്യം ആളെ മനസ്സിലായില്ലെങ്കിലും പിന്നീട് തന്റെ കണ്ണുകളെ വിശ്വസിക്കാനായാൾക്കു കഴിഞ്ഞില്ല. 30 വര്ഷം മുൻപ് വാങ്ങിയ ചെറിയ തുകയായ 200 രൂപ മടക്കിനൽകാൻ വിദേശത്തുനിന്ന് റിച്ചാർഡ് ടോംഗി വരുമെന്ന് ആരും കരുതിയിരുന്നില്ല.
250 യൂറോ (ഇന്ത്യൻ രൂപ ഏകദേശം 19,200) അദ്ദേഹം കാശിനാഥിന്റെ കയ്യിൽക്കൊടുത്തശേഷം അദ്ദേഹത്തോട് ക്ഷമയും പറഞ്ഞു. ഇരുവരുടെയും കണ്ണുകൾ നിറഞ്ഞു. കണ്ടുനിന്നവരുടെയും കണ്ണുകൾ ഈറനണിഞ്ഞു. പണം വാങ്ങാൻ മടിച്ച കാശിനാഥിന്റെ കയ്യിൽ അത് ബലമായി നൽകിക്കൊണ്ട് റിച്ചാർഡ് ടോംഗി പറഞ്ഞു. “ഞാൻ വാങ്ങിയ കടത്തിന് ഇതെന്റെ കണക്കിനുള്ള തുകയാണ്.”
ഇതോടൊപ്പം കാശിനാഥിനും കുടുംബത്തിനും കെനിയ സന്ദർശിക്കാനുള്ള ക്ഷണവും അദ്ദേഹം നൽകുകയുണ്ടായി. റിച്ചാർഡ് ടോംഗിയെയും ഭാര്യയേയും നഗരത്തിലെ ഹോട്ടലിൽ കൊണ്ടുപോയി സൽക്കരിക്കാനുള്ള കാശിനാഥിന്റെ ആഗ്രഹം അദ്ദേഹം വിലക്കുകയും കാശിനാഥിന്റെ വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കാൻ താല്പര്യപ്പെടുകയുമായിരുന്നു.
“ഞാൻ ഇവിടെ പഠിക്കാൻ വന്ന സമയത്ത് സാമ്പത്തികമായി വളരെയേറെ ബുദ്ധിമുട്ടിയിരുന്നു. അന്ന് എന്നെ ഒരു കുടുംബാംഗത്തെപ്പോലെ കണ്ടു സഹായിച്ചത് ഈ കാശിനാഥും ഭാര്യയുമായിരുന്നു. എനിക്കവരെ മരിക്കുംവരെ മറക്കാനാകില്ല.” വിവരമറിഞ്ഞെത്തിയ മാദ്ധ്യമപ്രവർത്തകരോട് റിച്ചാർഡ് ടോംഗി പറഞ്ഞ വാക്കുകളാണിത്. റിച്ചാർഡ് ടോംഗിയും ഭാര്യയും ഭക്ഷണവും കഴിച്ചു അൽപ്പനേരം വിശ്രമിച്ച ശേഷമാണ് അവരോട് യാത്രചൊല്ലിപ്പിരിഞ്ഞത്. കാശിനാഥിനെയും കുടുംബത്തെയും കെനിയയിലേക്ക് ക്ഷണിച്ച ശേഷമാണ് ടോംഗി ഔറംഗാബാദില്‍ നിന്നു മടങ്ങിയത്.
സ്നേഹത്തിന്റെയും സത്യസന്ധതയുടെയും ഒപ്പം തികഞ്ഞ ആത്മാർത്ഥതയുടെയും പര്യായമായി മാറിയ റിച്ചാർഡ് ടോംഗി ലോകത്തിനുതന്നെ മാതൃകയാണ്. പ്രത്യേകിച്ചും പൊതുപ്രവർത്തകർക്ക്. പറഞ്ഞ വാക്കുകൾ പാലിക്കുകയും, പ്രവർത്തനത്തിൽ മാതൃക കാട്ടുകയും, ജനങ്ങൾക്ക് മുന്നിൽ സത്യസന്ധരായിരിക്കുകയും ചെയ്യണമെന്ന അനിവാര്യ സത്യം അവരാണുൾക്കൊള്ളേണ്ടത്.