കേരളത്തിലെ കെഎസ്ആർടിസി പോലെ തന്നെയാണ് തെലുങ്കാനയിലെ ഇപ്പോൾ “തെലുങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ’ അഥാവാ TSRTC യുടെ അവസ്ഥയും. 1200 കോടി രൂപ നഷ്ടത്തിലോടുന്ന TSRTC ക്ക് 5000 കോടിയുടെ കടബാദ്ധ്യതയുമുണ്ട്. 10400 ബസ്സുകൾ നിരത്തിലോടുന്നെങ്കിലും നഷ്ടം ദിനംപ്രതി കൂടിവരുകയാണ്. ഇത്തരത്തിൽ കടക്കെണിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെയാണ് TSRTC യിലെ കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്കുകൾ തുടങ്ങി 48000 ത്തോളം ജീവനക്കാരെ സർവ്വീസിൽ നിന്നും പിരിച്ചു വിട്ടുകൊണ്ട് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.
TSRTC യെ പൂർണ്ണമായും സർക്കാർ ഏറ്റെടുക്കണമെന്നും അതുവഴി തങ്ങൾക്ക് സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്നത്തിനു തുല്യമായ ശമ്പളവും ആനുകൂല്യങ്ങളും പെൻഷനും ഗ്രാറ്റുവിറ്റിയും ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ട് കഴിഞ്ഞ വ്യാഴാഴ്ച മുതൽ ജീവനക്കാർ സമരത്തിലായിരുന്നു. പൂജാ സീസൺ കണക്കിലെടുത്ത് 2400 ബസ്സുകൾ കൂടി സർക്കാർ ഹയർ ചെയ്തിരിക്കുന്ന അവസരത്തിലുള്ള ഈ പണിമുടക്ക് സർക്കാരിനെ വെട്ടിലാക്കുക തന്നെ ചെയ്തു.
എന്നാൽ ട്രേഡ് യൂണിയൻ നേതാക്കളുമായി സംസാരിക്കാൻ പോലും തയ്യറാകാതെ ശനിയാഴ്ച വൈകിട്ട് 4 മണിക്കകം ജോലിക്കു ഹാജരാകാൻ ജീവക്കാർക്ക് മുഖ്യമന്ത്രി അന്ത്യശാസനം നൽകുകയും പ്രഖ്യാപിച്ച സമയപരിധിക്കുള്ളിൽ ജോലിക്കെത്താതിരുന്ന 48000 ജീവനക്കാരെയും പിരിച്ചുവിട്ടുകൊണ്ട് സർക്കാർ ഉത്തരവിറക്കുകയും ചെയ്തു. ഇത്രയും ജീവനക്കാരെ പിരിച്ചു വിട്ടതോടെ നിലവിൽ 1200 ഓളം ജീവനക്കാർ മാത്രമാണ് TSRTC യിൽ അവശേഷിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
അതേസമയം, പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് തൊഴിലാളി സംഘടനകള്‍ അഭിപ്രായപ്പെട്ടു. ജീവനക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്തതിനാലാണ് സമരം കൂടുതല്‍ ശക്തമാക്കാന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്. തെലങ്കാന എസ്ആര്‍ടിസിയെ സര്‍ക്കാരുമായി ലയിപ്പിക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനത്തിലെത്താന്‍ അധികാരികള്‍ തയ്യാറായില്ല. ആന്ധ്രാപ്രദേശില്‍ ഇത്തരത്തില്‍ ലയനം നടപ്പാക്കിയെങ്കില്‍, അത് വിജയമാണെങ്കില്‍ എന്തുകൊണ്ട് തെലങ്കാനയിലും ആയിക്കൂടെന്ന് സമരക്കാര്‍ ചോദിക്കുന്നു.
ജീവനക്കാരുമായി ഇനിമേൽ യാതൊരു ചർച്ചക്കുമില്ലെന്നും പകരം സംവിധാങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കി വരുകയാണെന്നും, ജനങ്ങൾക്കുണ്ടായിട്ടുള്ള യാത്രാബുദ്ധിമുട്ടുകൾ 15 ദിവസങ്ങൾക്കുള്ളിൽ പൂർവ്വസ്ഥിതിയിലാകുമെന്നും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു പറഞ്ഞു. മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പൊതുവെ വലിയ കർക്കശ്യക്കാരനായാണ് അറിയപ്പെടുന്നത്. എന്തായാലും തെലങ്കാന ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ ഇതോടെ മന്ദഗതിയിലായിരിക്കുകയാണ്. ഇതുമൂലം ബുദ്ധിമുട്ടുന്നതോ സാധാരണക്കാരായ ജനങ്ങൾ തന്നെ.
വിവരങ്ങൾക്ക് കടപ്പാട് – പ്രകാശ് നായർ മേലില, വിവിധ മാധ്യമങ്ങൾ, Cover Image – Mallikarjun Rao.