വിവരണം – സുഹൈൽ ഇലാഹി.

മാസങ്ങൾ മുൻപത്തെ യാത്രയാണ്. ഞാൻ യാത്ര തുടങ്ങുന്നത് ഒരു വെള്ളിയാഴ്ച രാവിലെ 4:50ന്. നല്ല കിടിലം മഴയും ഇടിവെട്ടും. രാവിലെ 5:15 ആയപ്പോഴേക്കും KSRTC പറവൂർ ഡിപ്പോയിൽ എത്തി. പ്ലാൻ എന്താന്ന് വച്ചാൽ മുനമ്പം – തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ആയ RPK 992 പിടിക്കുക… അവന്റെ ഷെഡ്യൂൾ ടൈം 6:00 മണി ആണ്. അങ്ങനെ മുനമ്പത്ത് നിന്ന് നിന്ന് അവൻ എത്തി ഹോട്ട് സീറ്റ്‌ തന്നെ പിടിച്ചു. ഡ്രൈവർ ആരാണ് എന്ന് നോക്കിയപ്പോൾ നമ്മുടെ RSK 399 മൂന്നാർ വണ്ടിടെ സാരഥി Deepa Shijil അണ്ണൻ. വൈറ്റില നിന്ന് വണ്ടി സ്റ്റാന്റിംഗ് ആയി. കായംകുളം എത്തി ചായയും ഒരു ബോണ്ടയും കഴിച്ചു. തിരിച്ചു വണ്ടിയിൽ കയറി മിഡിൽ left side സീറ്റ്‌ പിടിച്ചു. എന്നിട്ട് ഉറങ്ങാൻ തുടങ്ങി. ഉച്ചക്ക് 1:30 നു തിരുവനന്തപുരം എത്തി..

ബസ് പാർക്ക്‌ ചെയ്ത് Indian coffee house ൽ നിന്നും staffന്റെ ഒപ്പം food കഴിച്ചു. TVM KSRTC GARAGE ൽ കേറി. പിന്നെ ഒന്ന് ഫ്രഷ് ആയി RPK 992 നെയും ജീവനക്കാരെയു തിരികെ പറവൂർക്ക് യാത്ര അയച്ചു. അന്ന് എന്തോ നിർഭാഗ്യം കൊണ്ട് തമ്പാനൂർ ഫാൻസ്‌കാർ ആരും ഉണ്ടായില്ല. പിന്നെ മൂന്നു മണി അടുത്ത് വരെ തമ്പാനൂർ തെണ്ടി തിരിഞ്ഞു. പിന്നെ അടൂർക്ക് ഉള്ള യാത്രക്ക് വേണ്ടി നല്ല നല്ല വണ്ടി തിരഞ്ഞു നടന്നു. അങ്ങനെ കിളിമാനൂർന്റെ AT 337കിട്ടി. അതിൽ front seat തന്നെ പിടിച്ചു. ആദ്യത്തെ MC ROAD യാത്ര… അതിന്റെ ഒരു സന്തോഷവും ഉണ്ടായിരിന്നു. അങ്ങനെ യാത്ര തുടങ്ങി ആദ്യമായി വെഞ്ഞാറമൂട്, കിളിമാനൂർ, ചടയമംഗലം, കൊട്ടാരക്കര ഡിപ്പോകൾ കണ്ടു. പിന്നെ പോകുന്ന വഴിയിൽ ചടയമംഗലം അടുത്ത് ജടായുപാറ കണ്ടു… അങ്ങനെ ഫുൾ ഹാപ്പി മൂഡ്….

വൈകുന്നേരം 6:00 മണി ആയപ്പോഴേക്കും എന്റെ ലക്ഷ്യ സ്ഥാനമായ അടൂർ ആനക്കോട്ടയിൽ (KSRTC DEPOT) എത്തി. അവിടെ എന്നെ കാത്തു ATC 29 കുളിച്ചു ഒരുങ്ങി നിൽപ്പുണ്ടായിരുന്നു. പിന്നെ കൊറേ നേരം അവനെ ചുറ്റി പറ്റി നിന്ന് പിന്നെ ഒന്ന് ഫ്രഷ് ആയി ചായയും കുടിച്ചു. അങ്ങനെ നിന്നപ്പോൾ അവന്റെ സാരഥി സുഭാഷ് ഏട്ടൻ എത്തി പുള്ളി വണ്ടിയെ ഒന്ന് ഒരുക്കി. രാത്രി 7:50ന് എടുക്കേണ്ട വണ്ടി റിസേർവ് ചെയ്ത ആൾ വരാൻ വൈകിയത് കൊണ്ട് 8:20 ആയപ്പോഴാണ് എടുത്തത്. കണ്ടക്ടർ വണ്ടിയിൽ കയറിയപ്പോൾ മനസ്സിൽ പ്രാർഥിച്ചത് seat no:1&2 reservation ഉണ്ടാവല്ലേ എന്നാണ്. അത് പോലെ തന്നെ നടന്നു. അങ്ങനെ യാത്ര തുടങ്ങി Hot seat ൽ ആദ്യം ഇരുന്ന ചേട്ടൻ തൃശൂർക്ക് ആയിരുന്നു. പുള്ളിയെ എന്റെ അടുത്ത് ഇരുത്തി. കാരണം വഴിയേ മനസിലാകും. പന്തളവും ചെങ്ങന്നൂരും കടന്നു വണ്ടി തിരുവല്ലയിൽ എത്തി.

അവിടുന്ന് ചങ്ങനാശ്ശേരി കടന്നു കോട്ടയം എത്തിയപ്പോൾ നമ്മുടെ സുഹൃത്ത് Ananda Krishnan വണ്ടിയിൽ കയറി. കക്ഷി ഉച്ചക്ക് ATM 14 (കൊടുങ്ങല്ലൂർ-കുമളി)കേറി മുണ്ടക്കയം പോയി വന്നതാ. അവനെ തൽക്കാലം പെട്ടി പുറത്ത് ഉറപ്പിച്ചു. അങ്ങനെ കൂത്താട്ടുകുളം എത്തുന്നതിനു മുന്നേ food അടിക്കാൻ നിർത്തി. പിന്നെ കൂത്താട്ടുകുളം, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി കടന്നു തൃശൂർ എത്തി. എന്റെ അടുത്ത് ഇരുന്ന ചേട്ടൻ പോയി. അനന്ദു seat no:-1,2 ൽ ഇരിപ്പ് ഉറപ്പിച്ചു. ഞാൻ പിന്നെ പെട്ടി പുറത്ത് (ബോണറ്റിൽ) ഇരുന്നു. നല്ല കിടിലം മഴ. അങ്ങനെ യാത്ര തുടർന്ന് എടപ്പാൾ കഴിഞ്ഞപ്പോൾ ഞങ്ങൾ ഇപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ബസ്സിന്റെ പെയർ ബസ് RPE 479 കണ്ടു.

അങ്ങനെ നല്ല കിടിലം ഉറക്കം കഴിഞ്ഞു എഴുന്നേക്കുമ്പോൾ കോഴിക്കോട് യൂണിവേഴ്സിറ്റി ആകുന്നു. ഡ്രൈവർ ഏട്ടനോട് ചോദിച്ചു “എങ്ങും ചായ കുടിക്കാൻ നിർത്തില്ലേ?” എന്ന് പുള്ളി കുറച്ചു ദൂരം കഴിഞ്ഞുള്ള ചായ കടയുടെ മുന്നിൽ നിർത്തി. ഒരു ചായയും കുടിച്ചു നിൽകുമ്പോൾ അതാ അയല്വക്കക്കാരൻ ചായ കുടിക്കാൻ നിർത്തിയിരിക്കുന്നു – കൊട്ടാരക്കര – കൊല്ലൂർ ഡീലക്സ്. ചായയും കുടിച്ച് ഞങ്ങൾ യാത്ര വീണ്ടും തുടർന്ന് കോഴിക്കോട് ആനത്താവളത്തിൽ എത്തി. അങ്ങനെ നിൽകുമ്പോൾ അതാ wonderla ബസ് എത്തിയിരിക്കുന്നു. സമയം 4:30 ആകുന്നു. 10 മിനിറ്റ് break കഴിഞ്ഞു വീണ്ടും വണ്ടി എടുത്തു. ഞങ്ങൾ നൈസ് ആയി പിന്നെയും ഉറങ്ങി.

പെട്ടെന്ന് ഉറക്കം എഴുന്നേറ്റപ്പോൾ അടിവാരം ആകുന്നു.. ചുരം കയറി തുടങ്ങി… ലക്കിടി ആകുന്നതിനു മുന്നേ നേരം വെളുത്തു തുടങ്ങി ആഹാ എന്താ ഭംഗി സൂര്യൻ ഉദിച്ചു വരുന്ന ചുരവും ചുരത്തിൽ നിന്നുള്ള കാഴ്ച കാണാൻ. അങ്ങനെ കൽപറ്റ കടന്നു 6:30 ആയപ്പോൾ വണ്ടി സുൽത്താൻ ബത്തേരി എത്തി. ഡ്രൈവർനോടും കണ്ടക്ടർനോടും യാത്ര പറഞ്ഞു. അവർ റിട്ടേൺ അതിൽ തന്നെ വേണം എന്ന് പ്രത്യേകം പറഞ്ഞു.

നെക്സ്റ്റ് പ്ലാൻ 8 മണിയുടെ ഊട്ടി – കോയമ്പത്തൂർ SF. ഡിപ്പോയിൽ കാത്തു നിൽക്കുന്നതിനിടയിൽ 7 മണി ആയപ്പോൾ ഒരു ഗൂഡല്ലൂർ LS പിടിച്ചു. പെട്ടെന്ന് പ്ലാൻ മാറി ഞങ്ങൾ ആ വണ്ടിയിൽ കയറി. RPK 882 ആയിരുന്നു ബസ്. അങ്ങനെ യാത്ര തുടങ്ങി. എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല കിടിലം റൂട്ട്. വണ്ടിയിൽ ഇരുന്നപ്പോൾ അനന്ദു ഒരു ആഗ്രഹം പറഞ്ഞു. ഇനിയൊരിക്കൽ വരുമ്പോൾ തൃശൂർ ഡിപ്പോയുടെ നാടുകാണി വഴി ഉള്ള മൈസൂർ വണ്ടിയിൽ കയറണം എന്ന്. www.aanavadi.com ൽ നോക്കിയപ്പോൾ 7;00 മണിക്ക് തൃശൂർ നിന്ന് ഒരു വണ്ടിയുണ്ട്. അത് 12 മണിക്ക് ഗൂഡല്ലൂർ എത്തും. എങ്കിൽ അത് തന്നെ പിടിക്കാം എന്നായി പ്ലാൻ…. അങ്ങനെ 9:15ന് ഞങ്ങൾ ഗൂഡല്ലൂർ എത്തി… ഒന്ന് ഫ്രഷ് ആയി ഫുഡ്‌ കഴിച്ചു. പിന്നെ 12 മണി വരെ കട്ട പോസ്റ്റ്‌….

12 മണി ആകാറായി. വണ്ടി ഉടെനെ എത്തും എന്ന പ്രതീക്ഷ.. 12:30ആയിട്ടും വണ്ടി വന്നില്ല. പിന്നെ ഞങ്ങൾക്കും മടുപ്പ് ആയി. അപ്പോൾ താമരശ്ശേരി ഡിപ്പോയുടെ കോഴിക്കോട് – ഗൂഡല്ലൂർ വണ്ടി വന്നു. അവരോടു അടുത്ത സുൽത്താൻ ബത്തേരി LS ന്റെ ടൈം ചോദിച്ചു നിൽക്കവേ സമയം 12:50. അപ്പോൾ RPE 312 എഴുന്നള്ളി വരുന്നത് കണ്ടു. വണ്ടി നിർത്തി ആൾ ഇറങ്ങിയപ്പോൾ ഞങ്ങൾ വണ്ടിയിൽ വേഗം കയറി. മുൻഭാഗത്തെ സീറ്റുകളായ 51, 1 എന്നിവ ഒഴിവില്ല. പെട്ടിപ്പുറത്ത് ഇരുന്നോട്ടെ എന്ന് ചോദിച്ചപ്പോൾ കണ്ടക്ടർ സമ്മതിച്ചില്ല. അങ്ങനെ ഞാൻ seat no:2 ലും അനന്ദു ബാക്കിലും ആയി. അങ്ങനെ ബസ് ബന്ദിപ്പൂർ വനത്തിൽ എത്തി. ഒരു കൂട്ടം മാനുകൾ ഞങ്ങളെ സ്വീകരിച്ചു. പിന്നെ മയിൽ, കുരങ്ങുകൾ തുടങ്ങിയവയും ദർശനം തന്നു.

വനയാത്രയ്ക്ക് ശേഷം വണ്ടി ഗുണ്ടൽപേട്ട് ടൗണിൽ എത്തി. പിന്നെ കുറച്ചു ദൂരം മാറി ഒരു ഹോട്ടലിൽ ഫുഡ്‌ കഴിക്കാൻ നിർത്തി. പിന്നെ highway ൽ കയറി ബസ് പറപ്പീരായി. അവസാനം വണ്ടി 3:30 pm ന് മൈസൂർ ബസ് സ്റ്റാൻഡിൽ എത്തി. അന്നാണെൽ ദസറ ആഘോഷമാണ്. മൈസൂർ സിറ്റിയിൽ നല്ല കിടിലം ബ്ലോക്ക്‌ ആയിരുന്നു. ബസ് സ്റ്റാൻഡിലെ ട്രാക്കിൽ മൈസൂർ – പൊന്നാനി SF കിടക്കുന്നത് കണ്ടു. പിന്നെ ഒന്നും നോക്കിയില്ല അതിൽ അങ് കേറി. സീറ്റ്‌ ഒന്നും കിട്ടിയില്ല. ഫുൾ റിസർവേഷൻ. പിന്നെ പെട്ടിപ്പുറത്ത് ആയി ഇരിപ്പ്.  4:00 pm ന് എടുത്ത വണ്ടി 5:00 കഴിഞ്ഞപ്പോൾ ആണ് മൈസൂർ സിറ്റി കടന്നു ഹൈവേയിൽ എത്തിയത്. പിന്നെ വണ്ടി കുതിച്ചു തുടങ്ങി. 6:30 നു ഗുണ്ടൽപേട്ടിൽ ചായ കുടിക്കാൻ നിർത്തി. 15 മിനിറ്റ് കഴിഞ്ഞു വീണ്ടും യാത്ര തുടർന്ന് മുത്തങ്ങ വനത്തിൽ എത്തിയപ്പോൾ നേരം ഇരുട്ടിയിരിക്കുന്നു ഒപ്പം നല്ല മഞ്ഞും.

മുത്തങ്ങയിലൂടെ പോയ്‌ക്കൊണ്ടിരിക്കെ ഞങ്ങൾ വഴിയിൽ കാട്ടാനയെയും കണ്ടു. 8:00 മണി അടുപ്പിച്ചു വണ്ടി ബത്തേരി സ്റ്റാൻഡിൽ എത്തി. ഫുഡ്‌ കഴിക്കാൻ ഡിപ്പോയുടെ മുന്നിൽ തന്നെ ഉള്ള ഹോട്ടലിൽ കയറി. അവിടെ നമ്മുടെ അടൂർ ഗന്ധർവന്റെ (ഞങ്ങൾ വന്ന സൂപ്പർഫാസ്റ്റ് ബസ്സിന്റെ ഓമനപ്പേര്) Crew ഉം കൊട്ടാരക്കര സുൽത്താന്റെ Crew ഉം നിൽക്കുന്നു. പിന്നെ ഒരു ഊണും കഴിച്ചു ഫ്രഷ് ആയി ഗന്ധർവ്വന്റെ അടുത്തേക്ക് വിട്ടു. കുറച്ചു നേരം ജീവനക്കാരുമായി സംസാരിച്ചു നിന്നു. പിന്നെ ഇരുവരും വണ്ടി യാത്രക്ക് ഒരുക്കാൻ തുടങ്ങി, കൂടെ ഞങ്ങളും സഹായിച്ചു. അങ്ങനെ വണ്ടി ട്രാക്ക് പിടിച്ചു. കണ്ടക്ടർ വന്നപ്പോൾ ഞങ്ങളെ

നിരാശപെടുത്തുന്ന കാര്യം വണ്ടി ഫുൾ റിസർവേഷൻ ആണെന്ന്. അങ്ങനെ ഗന്ധർവ്വനെയും സുഭാഷ് ഏട്ടനേയും പിരിയേണ്ടി വന്നു. ഗന്ധർവ്വനെ യാത്ര ആക്കിയപ്പോൾ മനസ്സിൽ വല്ലാത്ത ഒരു വിഷമം ഉണ്ടായിരുന്നു. പിന്നെ വീട്ടിലേക്കു ഉള്ള ഒരെ ഒരു വഴി ചേർത്തല – ബത്തേരി, ആ വണ്ടി തിരിച്ചു 10 മണിക്ക് ആണത്രേ. അതുവരെ SBY ഡിപ്പോ ഒന്ന് കണ്ടു, ഒരു ചായയും കുടിച്ചു കറങ്ങി നടന്നു. സമയമായപ്പോൾ ഞങ്ങൾക്കുള്ള വണ്ടി വന്നു. വന്ന പാടെ ഞങ്ങൾ ഓടിക്കയറി seat no:1 & 2പിടിച്ചു. എനിക്കു ഒരു താൽപര്യം ഇല്ലാത്തതു കൊണ്ട് അങ് ഉറങ്ങി. രാവിലെ 5;15 ആലുവ എത്തിയപ്പോൾ എഴുന്നേറ്റു. പിന്നെ അടുത്ത വണ്ടിക്കു പറവൂരുള്ള വീട്ടിലേക്ക്. രണ്ടു ദിവസത്തെ, 50 മണിക്കൂർ നീണ്ട കെഎസ്ആർടിസി ബസ് യാത്രകൾ അങ്ങനെ പര്യവസാനിച്ചു.

യാത്രയ്ക്കായി ഞാൻ കയറിയ ബസ്സുകളുടെ വിവരങ്ങൾ : (ബസ് നമ്പറും, ഞാൻ യാത്ര ചെയ്ത റൂട്ടും) RPK992 – പറവൂർ – തിരുവനന്തപുരം, AT337 തിരുവനന്തപുരം – അടൂർ, ATC 29 അടൂർ – സുൽത്താൻ ബത്തേരി, RPK882 സുൽത്താൻ ബത്തേരി – ഗൂഡലൂർ, RPE312 ഗൂഡല്ലൂർ-മൈസൂർ, ATK301 മൈസൂർ – സുൽത്താൻ ബത്തേരി, RPK764 സുൽത്താൻ ബത്തേരി – ആലുവ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.