വിവരണം – അരുൺ വിനയ്.
കണ്ണടച്ച് തുറന്നപ്പോള്‍ ആണ് മീശപുലിമലയും, ലക്ഷദ്വീപുമൊക്കെ നമ്മള്‍ സഞ്ചാരം വൃതമാക്കിയവർക്കിടയിൽ സംസര വിഷയമായത്. ഏകദേശം രണ്ടു വർഷങ്ങള്‍ക്കു മുന്നേ ഇറങ്ങിയ ലോർഡ് ലിവിങ്സ്റ്റൺ 700 കണ്ടിയുടെ പേരിലൂടെയാണ് പുതുമ നിറഞ്ഞ 900 കണ്ടിയോടുള്ള കൊതി മനസ്സിൽ കേറിപറ്റിയത്. കാട് കേറാൻ ഒന്നുകിൽ മഴ അല്ലെങ്കിൽ മഞ്ഞു വേണമെന്നു പണ്ടൊരു യാത്രയില്‍ കളഞ്ഞുകിട്ടിയ ആശാന്‍റെ ഉപദേശം ഉള്ളത് കൊണ്ട് വയനാടൻ മലനിരകളില്‍ മഴ ആദ്യതുള്ളി വീഴ്ത്തി തുടങ്ങി എന്ന് കേട്ടപ്പോള്‍ തന്നെ പ്ലാന്‍ സെറ്റ് ആക്കി, കുടു കുടു വണ്ടിയുമെടുത്തു മ്മള താമരശ്ശേരി വഴി മേപ്പാടി ചെന്ന് കയറുമ്പോള്‍ എന്‍റെ സാറെ, എജ്ജാതി ഫീല്‍.
വയനാടിലൂടൊരു ബുള്ളറ്റ് യാത്ര, ബക്കറ്റ്‌ലിസ്റ്റിൽ കുറെ നാളായി പൊടിയടിച്ചു കിടന്നപ്പോ തോന്നി, പ്രാരാബ്ധം നോക്കിയിരുന്നാൽ ജീവിതകാലം മുഴുവൻ ഉണ്ടും ഉറങ്ങിയും സാധാരണക്കാരനെ പോലെ ജീവിച്ചു മരിച്ചു മണ്ണടിയണമല്ലോന്നു. നമ്മളെയൊക്കെ പോലെ യാത്ര ലഹരിയായവർക്കു മേപ്പാടി ഏറക്കുറെ ഒരു സ്വർഗ്ഗകവാടം ആണ്. വായനാടിനുള്ളിലെ പ്രധാന ട്രെക്കിംഗ് പോയിന്‍റുകളെല്ലാം തുടങ്ങുന്നതും മേപ്പാടിയിൽ നിന്നുമാണ് (ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്‍റെ അനുഗ്രഹം കൊണ്ട് ചെമ്പ്ര ഉള്‍പടെ പകുതിയിലേറെയും പ്രവേശനം നിരോധിച്ചിട്ടുണ്ട്) .മേപ്പാടി വിട്ടു കള്ളാടി പള്ളി കഴിഞ്ഞുള്ള മൂന്നാം പാലം അവിടെ നിന്നും വലതുവശത്തെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്‍റെ ബോര്‍ഡും. അവിടെ തുടങ്ങും ആരുമറിയാതെ കിടന്ന കണ്ടിയുടെ ഒരു 900ഏക്കറിന്‍റെ കഥ .
വയനാടിന്‍റെ കഥ കരിന്തണ്ടനില്‍ തുടങ്ങുമ്പോള്‍ ഇവിടെ 900 കണ്ടി കഥ പറഞ്ഞു തുടങ്ങുമ്പോള്‍ Shine Antony എന്ന ഷൈന്‍ ചേട്ടനില്‍ നിന്നെ തുടങ്ങാന്‍ പറ്റു എന്ന് തോന്നി. “കാശൊന്നും ഒരു പ്രശ്നമല്ലെട നീയിങ്ങു കേറി പോരെ” എന്നും പറഞ്ഞു അവിടേക്ക് വിളിച്ചു കൊണ്ട് പോകുമ്പോള്‍ ഇടുക്കി മിടുക്കിയാണെങ്കില്‍, വയനാട് മിടുമിടുക്കി എന്ന് പറഞ്ഞു ആരും മൂക്കത്ത് വിരല്‍ വച്ച് പോകും.
കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്‍റെയും സ്വകാര്യവ്യക്തികളുടെയും ഉടമസ്ഥതയില്‍ കിടക്കുന്ന 900 ഏക്കര്‍ കാട് അതാണ് 900 കണ്ടി. കാട്ടാറും കാട്ടുപോത്തും കാട്ടാനക്കൂട്ടങ്ങളും ഇടയ്ക്കൊക്കെ പുറത്തേക്കു തലയിട്ടു നോക്കുന്ന പാമ്പിന്‍ തലകളുമൊക്കെ ചേര്‍ന്നൊരു ഒന്നൊന്നര ഇടമാണ് ഇവിടം, 800 രൂപയ്ക്ക് ജീപ്പിന്‍റെ ചാഞ്ചാട്ടത്തിനെക്കാള്‍ കാല്‍പ്പാടുകള്‍ പതിപ്പിച്ചു നടന്നു കയറി എക്സ്പ്ലോര്‍ ചെയ്യേണ്ട സുന്ദരിയാണ് 900 കണ്ടി. വാക്കുകള്‍ക്കതീതമായി പറഞ്ഞു തീര്‍ക്കാന്‍ സാധിക്കാത്ത ,ഒരു ക്യാമറയുടെ ലെന്‍സ് കൊണ്ട് ഒപ്പിയെടുത്തു വര്‍ണ്ണിക്കാനാവാത്ത അത്രയും കാഴ്ചകള്‍ ഉണ്ട് 900 കണ്ടിക്കു മാത്രമായി. മഴയുടെ കുളിരും, പറഞ്ഞറിയിക്കാന്‍ പറ്റാത്ത രോമാഞ്ചിഫിക്കെഷനും കൊണ്ട് ചെന്ന് കയറുമ്പോള്‍ അറിഞ്ഞില്ല,എന്നോടാരും പറഞ്ഞില്ല 900 കണ്ടി ഇത്ര മാസ്സാണെന്നു..
വിചാരിച്ചത് പോലെ ഷൈന്‍ ചേട്ടന്‍റെ ഒപ്പം കാട് കേറല്‍ നടക്കില്ലന്നു മനസ്സിലായപ്പോള്‍ മനസ്സു മടുത്തു വല്ല ഊട്ടിക്കും വിട്ടാലോന്നു വരെ പ്ലാന്‍ ഇടുമ്പോള്‍ ആണ് വെളുപ്പിനെ വന്നൊരു കാള്‍ “രാവിലെ 10 മണി എന്നൊരു സമയമുണ്ടെങ്കില്‍ ഞാന്‍ കണ്ണാടിപ്പാലത്തിന്‍റെ അടുത്തുണ്ടാകും അവിടെ വന്നേക്കണം” എന്നുള്ള പുള്ളിയുടെ ഡയലൊഗ്, വീണ്ടും നഷ്ടപെടുമെന്നു കരുതിയ കാടനുഭാവങ്ങള്‍ക്ക് പുതുജീവന്‍ നല്‍കിയത്. മഴപെയ്തു ചെളി പിടിച്ചു കിടക്കുന്ന ഓഫ് റോഡും, ശരവര്‍ഷം പോലെ കണ്ണിലേക്കു ആഴ്ന്നിറങ്ങുന്ന മഴത്തുള്ളികള്‍ നിറഞ്ഞ നല്ല കട്ട മഴയും അതിനിടയിലൂടെ ബുള്ളറ്റും പായിച്ചു കേറുമ്പോള്‍ ഒരു കാള്‍ ചെയ്യാമെന്ന് വച്ച് ഫോണ്‍ എടുത്തപ്പോള്‍ ഏകദേശം എല്ലാ നെറ്റ്വര്‍ക്കും ചക്രശ്വാസം വലിച്ചു തുടങ്ങി എന്ന് മനസ്സിലായി.
അഗസ്ത്യാര്‍കൂടം പോയി വന്നപ്പോള്‍ പഠിച്ച ഒരു വലിയ പാഠം ശെരി വയ്ക്കുന്നത് പോലെ ആയിരുന്നു പുള്ളിയുടെ രീതി. കാട് കേറണമെങ്കില്‍ കാടറിയുന്നവനെയും കൊണ്ട് പോകണം. ഷൈന്‍ ചേട്ടന്‍റെ പഴയ കഥകളും പാമ്പ് കടിയുടെ ഓര്‍മ്മകളുമൊക്കെ കേട്ട് കണ്ണാടിപ്പാലത്തിനും മുന്നേ ഒരു ഗുഹയുടെ ഉള്ളില്‍ ചെന്നപ്പോ പുള്ളിക്കാരന്‍ വീട്ടില്‍ നിന്നും കൊണ്ട് വന്ന അപ്പവും സ്ടുവും എടുത്തു നീട്ടിയത്. ജാടയിട്ടു വേണ്ടന്നൊക്കെ ആദ്യം പറഞ്ഞെങ്കിലും പാള പാത്രത്തില്‍ കണ്ണു തുറന്നു പിടിക്കാനാവാത്തത്രയും പേമാരി പെയ്തിറങ്ങുമ്പോള്‍ ഒരു ഗുഹയ്ക്കകത്ത് നിന്നും കഴിച്ച ചൂടന്‍ കള്ളപ്പത്തിന്‍റെയും വെജ് സ്ടൂവിന്‍റെയും രുചി. അതിനി ഏതു സ്റ്റാര്‍ ഹോട്ടലില്‍ പോയാലും കിട്ടാത്തത്രയും സുഖമാണ്.
കഴിച്ചു കൈ കഴുകുമ്പോള്‍ പുള്ളിക്കാരന്‍ ചോദിച്ചത് ഇന്നിപ്പോ പോകണ്ടെങ്കില്‍ ഇവിടെവിടെങ്കിലും ടെന്റ് അടിച്ചു ഒരു രാത്രി കൂടിക്കൂടെന്നു. അടുത്ത വരവിലേക്ക് മാറ്റി വച്ചിരുന്ന കാടിനുള്ളിലെ ടെന്റ് സ്റ്റേ എന്ന സ്വപ്നം ഞാന്‍ മനസ്സില്‍ കണ്ടപ്പോള്‍ പുള്ളിക്കാരന്‍ മാനത്ത് കണ്ടത് പോലെ ആയിരുന്നു ആ ചോദ്യം. രണ്ടും കല്‍പ്പിച്ചു കൈ കൊടുത്തു ആ പ്ലാന്‍ ഉറപ്പിച്ചു നേരെ കണ്ണാടിപ്പാലം നോക്കി ചെല്ലുമ്പോള്‍ അവിടെ മാസാവസാനം ബീവറെജസ്സില്‍ നില്‍ക്കുന്നതിനേക്കാള്‍ വലിയ ക്യു. പിന്നെ ഷൈന്‍ ചേട്ടന്‍ ഏതാണ്ടൊക്കെ ചെന്ന് പറഞ്ഞൊപ്പിച്ചു കണ്ണാടി പാലം എന്ന കടമ്പയും കടന്നു.
ചൈനയോളം ജനസംഘ്യയില്‍ ഓടി എത്താത്തത് പോലെ തന്നെ ഇവിടെയും അത്രത്തോളമൊന്നും ഇല്ലെങ്കിലും ഒരു നല്ല അനുഭവമാണ് കണ്ണാടിപ്പാലവും. കാട് കാണാന്‍ വരുമ്പോള്‍ ഒരു 100 രൂപയൊക്കെ ഇവിടെ ചിലവാക്കിയാലും വലിയ നഷ്ടമില്ല എന്ന് തോന്നി. കണ്ണാടിപ്പാലവും കണ്ടിറങ്ങുമ്പോള്‍ വണ്ടിയെടുത്തു അടുത്ത റിസോര്‍ട്ടില്‍ കയറ്റി വച്ചിട്ട് ബാഗെടുത്തു ജീപ്പിലിടാന്‍ പറഞ്ഞപ്പോള്‍ ആദ്യം കിളി പോയെങ്കിലും പുള്ളിയുടെ പ്ലാനുകള്‍ പൊളി ആയിരുന്നു. കുടു കുടു വണ്ടിയെ ഒരു റിസോര്‍ട്ടില്‍ ഒതുക്കി നേരെ 900 കണ്ടിയുടെ ഇരുളിലേക്ക് ഓടി മറയുമ്പോള്‍ പാറകള്‍ പാകിയ റോഡിനു ഇടയിലെ ഓരോ ചെളികുണ്ടിലും ജീപ്പിന്‍റെ ചക്രം കയറിയിറങ്ങി മുകളിലേക്ക് പായുകയായിരുന്നു.
900 കണ്ടിയിലെ ഓരോ മരങ്ങളുടെയും കഥ പറയാന്‍ ആയിരം നാവുള്ള ഷൈന്‍ ചേട്ടന്‍ മറന്നില്ല. ജീപ്പിന്‍റെ കരുമ്പന്‍ ടയര്‍ കയറി ഇറങ്ങിയ കണ്ടിയുടെ ഉള്ളറകളിലെക്കുള്ള വഴിയില്‍ പാകിയ ഓരോ കല്ലിലും പുള്ളിയുടെ അപ്പന്റെയും കൂട്ടുകാരുടെയും വിയര്‍പ്പുതുള്ളികള്‍ വീണ ചരിത്രം കേട്ടിരുന്നപ്പോഴേക്കും കണ്ടിയില്‍ ഏറ്റവും ഉയരം കൂടിയ പ്രോപെര്‍ട്ടികളില്‍ ഒന്നായ Green Forest എത്തി.
രൂപം കൊണ്ടും സജ്ജീകരിചിരിക്കുന്ന രീതികള്‍ കൊണ്ടും കാടിനുള്ളിലെ റിസോര്‍ട്ടിനു ചേരുന്ന പേര് Green Forest. ഇതിനു മുന്നേ പോയ പലരുടെയും കണ്ടി യാത്രകളില്‍ ഭാഗമായിരുന്നിട്ടും ഒരു കഥകളിലും രണ്ടു വാക്കിനുമപ്പുറം ആരും പറഞ്ഞിരുന്നില്ല ഇവരെക്കുറിച്ച്. നല്ല കിടുക്കാച്ചി ട്രീ ഹട്ടും ,അരണമലയിലേ പറന്നകലുന്ന കോടയുടെ വ്യുവും ,കേട്ട് ശീലിച്ചിട്ടില്ലാത്ത കിളികളുടെ പാട്ടും, ഇതിനെക്കാളൊക്കെ ഏതൊരു സഞ്ചാരിയെയും കുളിരു കോരിപ്പിക്കുന്ന ഒരു ഐറ്റം കൂടിയില്ലേ.. കാടിനു നടുവിലെ ടെന്റിനുള്ളില്‍ ഉറക്കമെഴുന്നെല്‍ക്കുമ്പോള്‍ കേള്‍ക്കുന്ന വെള്ളച്ചാട്ടത്തിന്‍റെ കളകളാരവം, ആരുടെയും ശല്യമില്ലാതെ, തിരക്കില്ലാതെ ഇഷ്ടം പോലെ സമയം ചിലവഴിക്കാന്‍ പറ്റിയ പ്രകൃതിയുടെ വരദാനം .
Green Forest ന്‍റെ രീതികളില്‍ ഏറ്റവും ഇഷ്ടം തോന്നിയത് മണ്ണിനോട് ചേര്‍ന്ന് ജീവിച്ച മനുഷ്യന്‍റെ കഥ പോലെ പ്രകൃതിയോടു ചേര്‍ന്നുള്ള ജീവിത രീതിയായിരുന്നു. വാ തോരാതെ സംസാരിക്കാനും മാത്രമുണ്ട് ഈ റിസോര്‍ട്ടിനെക്കുറിച്ചും അവിടെയുള്ള ഓരോ സ്റ്റാഫിനെക്കുറിച്ചും. രാത്രി വന്നു തുടങ്ങിയപ്പോള്‍ ഷൈന്‍ ചേട്ടന്‍ കൊണ്ടാക്കിയ ഹണിമൂണ്‍ ആഘോഷിക്കാന്‍ എത്തിയ കാസര്‍കോട് ഗഡികള്‍, കോട പെയ്തിറങ്ങുമ്പോള്‍ ഇരുളില്‍ വരുന്ന അരണ്ട വെളിച്ചത്തില്‍ Green Forest ന്‍റെ പടിയില്‍ ഇരുന്നു ഞങ്ങള്‍ പോയി വന്ന യാത്രകളുടെയും കണ്ടു വന്ന വഴികളുടെയും കഥ പറഞ്ഞിരുന്ന നിമിഷങ്ങള്‍. കാടിന് നടുവില്‍ മഴയും മഞ്ഞും മാറി വരുന്ന അവസ്ഥയില്‍ ടെന്ടിനുള്ളില്‍ ആ അരണ്ട വെളിച്ചത്തില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ സ്വന്തം നാടും വീടും വിട്ടു കിലോമീറ്ററുകള്‍ക്കിപ്പുറം ആണെന്നുള്ളതൊക്കെ മറന്നൊരു ഉറക്കം. മണ്ണും മനുഷ്യനും ഒന്നായി തീരുന്ന ഒരു നൊസ്റ്റള്‍ജിക്ക് ഫീല്‍.
900 കണ്ടി പോയിക്കഴിഞ്ഞാല്‍ ട്രെക്കിംഗ് ചെയ്യാതെ ആരും തിരികെ മലയിറങ്ങിയതായി കേട്ടിട്ടില്ല. അത്തരമൊരു അത്യുജ്ജ്വലം ട്രെക്കിംഗ് അനുഭവമാണ് ഗ്രീന്‍ ഫോറസ്റ്റിലെ പിള്ളേര്‍ റെഡിയാക്കി വച്ചിരുന്നത്. കാട് കേറി, മല കേറി കാട്ടരുവികളും ചാടിക്കടന്നു, ഗുഹകണക്കിനെയുള്ള ഇരുളറകളില്‍ കുത്തനെയുള്ള പാറകള്‍ അള്ളിപ്പിടിച്ചു മുകളിലെത്തി നടന്നു വെള്ളച്ചാട്ടത്തിന്‍റെ അവിടേക്ക് എത്തുമ്പോള്‍, തിരിച്ചിറങ്ങാനുള്ള ജീപ്പ് ഞങ്ങളെയും കാത്തു മുകളില്‍ നില്‍പ്പുണ്ടായിരുന്നു . കാട്ടുവഴികള്‍ക്കും പാറക്കെട്ടുകള്‍ക്കുമിടയിലൂടെ തെന്നിത്തെറിച്ചുവരുന്ന വെള്ളച്ചാട്ടത്തിലെ തണുത്ത വെള്ളത്തില്‍ ഒന്നാംതരമൊരു കുളിയും പാസ്സാക്കി കെട്ടും ഭാണ്ടവുമെടുത്തു അവിടെ നിന്നു കിട്ടിയ ഓരോ സുഹൃത്തുക്കളെയും ചേര്‍ത്ത് പിടിക്കുമ്പോള്‍ നഷ്ടബോധം തോന്നിപോകും ഇത്ര നാളും ഇവിടെ എത്തപ്പെടാനാകാത്തതില്‍.
അവരുടെ തന്നെ വണ്ടിയില്‍ തിരികെ ഇറങ്ങുമ്പോള്‍ ഓഫ് റോഡിന്റെ തലത്തില്‍ ജീപ്പിന്റെ ടയറുകള്‍ തെന്നി മാറുന്നതിനെക്കാള്‍ വേഗതയില്‍ ഹൃദയമിടിപ്പ് കേള്‍ക്കാമായിരുന്നു എനിക്കപ്പോള്‍. മഴ കുളിച്ചു ഈറനണിഞ്ഞു നില്‍ക്കുന്ന സുന്ദരിയായ എന്‍റെ ബുള്ളറ്റുമെടുത്തു ഇറങ്ങുമ്പോള്‍ ഇതിനു മുന്നേ പോയി വന്നവര്‍ പറഞ്ഞു കൊതിപ്പിച്ച ഷൈന്‍ ചേട്ടന്റെ വീട്ടിലൊന്നു കേറി. ചെന്ന് കയറുന്ന ഓരോ കോണും വ്യു പൊയന്റുകള്‍ ആക്കുന്ന മാസ്മരികതയാണ് 900 കണ്ടിയെ മറ്റു സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തയാക്കുന്നതെന്നു തോന്നി. എന്നെങ്കിലും ഒരു മഴക്കാലം ആസ്വദിക്കാന്‍ എവിടെയെങ്കിലും പോകണമെന്ന് തോന്നിയാല്‍ രണ്ടാമതൊന്നു ആലോചിക്കാതെ നേരെ വരാം 900 കണ്ടിയുടെ മാസ്മരികമായ ലഹരിയിലേക്ക്…