വിവരണം – സവിൻ സജീവ് (പോസ്റ്റ് ഓഫ് ദി വീക്ക് – പറവകൾ ഗ്രൂപ്പ്).
വയനാട് എനിക്കൊന്നും ഒരു സ്വപ്ന ഭൂമികതന്നെയാണ്.വയലുകളും കാടും വയനാടൻ ചുരവും എല്ലാം എനിക്ക് എന്നും പ്രിയപ്പെട്ടവയാണ്. എന്റെ ഭാഷയിൽ പറഞ്ഞാൽ ഇടുക്കിയുടെ അനുജത്തിയാണ് വയനാട്. അതെ കുഞ്ഞിടുക്കി. പറവക്കൂട്ടത്തിന്റെ കാര്യക്കാർ എല്ലാവരും കൂടി ബൈക്കിൽ യാത്ര തിരിച്ചു.രാത്രിയാത്ര അതൊരു വല്ലാത്ത അനുഭൂതി തന്നാണ്.
ആലുവയും തൃശൂരും പിന്നിട്ട് എടപ്പാൾ വഴി മലപ്പുറത്തേക്ക് പ്രവേശിച്ചു. തിരൂരും തേഞ്ഞിപ്പാലത്തെ യൂണിവേഴ്സിറ്റിയും പിന്നിട്ടപ്പോഴേക്കും സഹയാത്രികൻ റിയാസ് ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു.പിന്നെ ഒരു തേരോട്ടമായിരുന്നു. സുന്ദരമായ ഹൈവേയിലൂടെ അത്യാവശ്യം നല്ല വേഗതയിൽ വണ്ടിയോടിച്ചു.അതിന്റെ പണി അതേവേഗത്തിൽ തന്നെ കിട്ടി. ക്യാമറ ഫ്ലാഷ് ഇടക്ക് ഒന്നു മിന്നിത്തിളങ്ങി.
സമയം വെളുപ്പിനെ 4 മണി കഴിഞ്ഞിരുന്നു. താമരശ്ശേരിച്ചുരത്തിലൂടെ ഇതു രണ്ടാമൂഴമാണ് ബൈക്കിൽ ചുരം താണ്ടുന്നത്. മണ്ണിടിച്ചിൽ മൂലം ചുരം റോഡിൽ പലയിടത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ചരക്ക്ലോറികളെ മറികടന്ന് രണ്ടാം വളവിൽ കടും കാപ്പിക്കായി നിർത്തി. നേരം വെളുക്കാൻ പോകുന്നതിന്റെ ലക്ഷണങ്ങൾ പ്രകൃതിക്കാട്ടിത്തുടങ്ങിയിട്ടുണ്ട്.
പല്ലു പോലും തേക്കാതെ കടുംകാപ്പിയും കാടമുട്ടയും അങ്ങു തട്ടി.തണുപ്പില്ലാത്ത വയനാടൻ വെളുപ്പാൻ കാലം എനിക്ക് വിശ്വസിക്കാൻ ഇത്തിരി പ്രയാസം തോന്നിയ നിമിഷങ്ങളായിരുന്നു. പുലരിയുടെ തെളിമയും കാടിന്റെ വന്യതയുംഒത്തു ചേർന്ന സുന്ദര നിമിഷങ്ങളാണ് താമരശ്ശേരി ചുരം എനിക്ക് സമ്മാനിച്ചത്.വയനാടൻ കവാടവും കരിന്തണ്ടന്റെ ചങ്ങല മരവും പിന്നിട്ട് ആദ്യത്തെ ബസ്റ്റോപ്പിൽ തന്നെ വണ്ടി ചവിട്ടി. ഇന്ന് കാട്ടിലൂടെയുള്ള സഞ്ചാരമാണ് ക്ഷീണം ഉണ്ടാകാതിരിക്കാൻ ഒന്നു തലചായ്ച്ചു.
ഉറക്കമുണർന്നപ്പോഴേക്കും കോടമഞ്ഞ് പൊതിഞ്ഞിരുന്നു.ഉദയസൂര്യനും തലപൊന്തിക്കാൻ പറ്റാത്തത്ര മഞ്ഞ്.മേപ്പാടിയിലേക്കുള്ള യാത്രയിൽ നിരവധി സുന്ദര കാഴ്ചകൾ കണ്ണിലൂടെ മിന്നി മറഞ്ഞിരുന്നു.കോടമഞ്ഞിന്റെ കരിമ്പടം പുതച്ച തേയിലത്തോട്ടങ്ങളും മരച്ചില്ലകൾക്കിടയിലൂടെ പൊന്തി വരുന്ന സൂര്യനും മഞ്ഞിൽ കുളിച്ച രാജവീഥിയും പിന്നിട്ട് മേപ്പാടിയിലെത്തി. എല്ലാവരും തന്നെ അവിടെ എത്തിച്ചേർന്നിരുന്നു. 900 കണ്ടിയുടെ കാവൽക്കാരൻ ഷൈൻ ചേട്ടനും അധികം വൈകാതെ എത്തി. ഓരോ കട്ടനും അങ്ങു തട്ടി കാടോർമ്മകൾ തേടി തൊള്ളായിരത്തിലേക്ക് ജീപ്പിൽ യാത്ര തിരിച്ചു. തെന്നിയും പാടിയും കുലുങ്ങി മറിഞ്ഞ് ഓഫ് റോഡിലൂടെ സഞ്ചരിച്ച് 900 ത്തിൽ എത്തി.
ഭക്ഷണം കഴിച്ച് കാടിറക്കത്തിനു എല്ലാവരും തയ്യാറായി നിന്നു. കരിങ്കല്ലും വലിയ പാറ കഷ്ണങ്ങളും ചേർത്ത് അടുക്കിയ വഴിത്താരയിലൂടെ നടന്നു നീങ്ങിയപ്പോൾ കാടിനെ അടുത്തറിയുവാൻ തുടങ്ങുകയായിരുന്നു.കാടിന്റെ ബാലപാഠങ്ങൾ അറിയാമെന്നതും ഷൈൻ ചേട്ടൻ എന്ന കാടിന്റെ ഉള്ളു കണ്ട അതികായൻ ഉണ്ടെന്നുള്ളതും എന്റെയും കൂടെ വന്ന 16 പേരുടേയും ധൈര്യം കൂട്ടി. കാടും കാടകങ്ങളും എന്നും പ്രിയപ്പെട്ടതു തന്നെയാണ്. തോരാ മഴയുടെ താണ്ഡവത്തിന് ശേഷമുള്ള കോടമൂടിയ മലനിരകളും വന്യമൃഗങ്ങളുടെ സാമിപ്യവുമെല്ലാമാകാം എനിക്ക് കാടും കാട്ടാറുകളും പ്രീയപ്പെട്ടതാകാൻ കാരണം.
900 കണ്ടി, കാടുകാണാൻ ഇറങ്ങിത്തിരിക്കുന്നവർക്ക് വിസ്മയ കാഴ്ച ഒരുക്കുന്ന സുന്ദരമായ കാനനം. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾക്ക് ഇതുവരെ പ്രവേശിക്കാൻ സാധിക്കാത്ത കാട്.കൂമനും കുയിലും മുതൽ ആനയും പുലിക്കും വരെ സ്വര്യ വിഹാരം നടത്തുന്ന ഈ കാടിനെക്കാത്തു സൂക്ഷിക്കാൻ സൈലന്റ് വാലിയിലെ “മാരി” എന്ന വാച്ചറെപ്പോലെ 900 കണ്ടി കാടിനെ വരും തലമുറയ്ക്കായി കാത്തു സൂക്ഷിക്കാൻ ആയി Shine Antonyഎന്ന സാധാരണക്കാരനായ മനുഷ്യനുണ്ട്.കാടിനേയും പ്രകൃതിയേയും സ്നേഹിക്കുന്ന കാടിന്റെ ഓരോ മുക്കും മൂലയും മനപ്പാoമാക്കിയ കാടിന്റെ സംരക്ഷകൻ.വേണമെങ്കിൽ കാട്ടിനുള്ളിലെ നാട്ടു മുപ്പൻ എന്നു വേണ്ടമെങ്കിൽ പറയാം.
പച്ചപ്പ് നിറഞ്ഞ കാടകത്തിലേക്ക് ഞങ്ങൾ നടന്നു നീങ്ങി. വള്ളിപ്പടർപ്പുകളിലും കാട്ടുചെടികളിലും പിടിച്ച് കിഴ്ക്കാം തൂക്കായ കുത്തനെയുള്ള ഇറക്കം പിന്നിട്ടെത്തിയത് വിശാലമായ നീന്തൽ കുളത്തോടു കൂടിയ വെള്ളച്ചാട്ടത്തിലേക്കാണ്. വിശാലമായ കുളിക്ക് ശേഷം വീണ്ടും യാത്ര തുടർന്നു. കാട്ടുപാതകൾ ഒന്നും തന്നെയില്ല.വലിയ പാറക്കൂട്ടങ്ങളും കാട്ടരുവികളും താണ്ടി 18 പേരും മുന്നോട്ട് നീങ്ങി. ഇതിനിടയിൽ അട്ടയും കൂടെ കൂടിയിരുന്നു. കാടും അട്ട കടിയും വല്യ പുതുമയുള്ള കാര്യമല്ലെങ്കിലും പലർക്കും അതു ഇത്തിരി പ്രശ്നം തന്നെയായിരുന്നു. വലിയ മരക്കൂട്ടങ്ങളും കൂറ്റൻ മലമടക്കുകളും താണ്ടി കാട് എന്ന സ്വർഗ ഭൂമിയിലെ കാഴ്ചകൾ ഞങ്ങൾ ആസ്വദിക്കുകയായിരുന്നു.
ഷൈൻ ചേട്ടൻ തേരാളിയെപ്പോലെ വഴി തെളിച്ചു മുന്നേറുകയാണ്, ഉറുമ്പിൻ കൂട്ടത്തെപ്പോലെ വരിവരിയായി പിന്നാലെ ഞങ്ങളും പുളളിയെ അനുഗമിച്ചു.ദൂരെയായിട്ടുള്ള വെള്ളച്ചാട്ടത്തിന്റെ ശബ്ദം കാതുകളിൽ മുഴങ്ങിത്തുടങ്ങിയിരുന്നു. വള്ളിപ്പടർപ്പുകൾ വകഞ്ഞു മാറ്റി കാടിന്റെ കാണാപ്പുറങ്ങൾ തേടി നടന്നു നീങ്ങി.ഒരു കാട്ടരുവിലേക്കാണ് ഞങ്ങൾ നടന്നടുത്തത്, കുത്തൊഴുക്കിൽ വന്നു ചേർന്ന വലിയ പാറക്കെട്ടു മുതൽ കുത്തു വെള്ളാരംക്കല്ലുകളാൽ വരെ സമ്പന്നമായ ഏറ്റവും ശുദ്ധമായ കാട്ടരുവിയുടെ ഓരത്തുകൂടിയാണ് ഇനിയുള്ള യാത്ര. കളകളാരവം മുഴക്കി പാറക്കല്ലുകൾക്ക് മുകളിലൂടെ കുതിച്ചൊഴുകുകയാണ്.
എത്ര ദൂരം നടന്നെന്ന കാര്യം അറിയാതെ പോകുകയാണ്.കാട്ടരുവി മുറിച്ചുകടന്ന് വേണം ഇനിയുള്ള യാത്ര, കുത്തിയൊലിക്കുന്ന കാട്ടാറിനെ കഷ്ട്ടപ്പെട്ടു ഓരോരുത്തരായി മറികടന്നു. നല്ല തണുപ്പുള്ള ശുദ്ധജലം കുപ്പികളിൽ നിറച്ച് യാത്ര തുടർന്നു. ഇടയ്ക്ക് വിട്ടുനിന്നിരുന്ന അട്ടകൾ വീണ്ടും കളം പിടിക്കാൻ തുടങ്ങിയിരിക്കുന്നു. പോകുന്ന വഴിയിൽ ചിലരെല്ലാം അട്ടയെ ഉപ്പിട്ടു പ്രതിരോധിക്കുന്ന കാഴ്ച വലിയ താമസം കൂടാതെ സ്ഥിരം കാഴ്ചയായി മാറി. ഇടതൂർന്ന മരങ്ങളെയും കാട്ടുചെടികളെയും പിന്നിട്ട് ഞങ്ങൾ ആ സുന്ദര കാഴ്ചയിലേക്ക് എത്തിച്ചേർന്നിരുന്നു.
ഇരുപത് അടിയോളം ഉയരത്തിൽ നിന്നും പാലു പോലെ പതഞ്ഞു ചാടുന്ന അതിസുന്ദര വെള്ളച്ചാട്ടം. ഒന്നുകൂടി അടുത്ത് കാണാൻ പാറക്കെട്ടുകൾക്ക് മുകളിലേക്ക് വലിഞ്ഞുകയറി. കാട്ടുചെടികളുടെ കരുത്തറിഞ്ഞ യാത്ര. ഒരു വള്ളിപ്പടർപ്പ് പോലും ജീവിതത്തിൽ പിടിവള്ളിയായി വേണ്ടി വരും എന്ന വലിയ പാഠം ഞാനുൾപ്പെടുന്നവർ മനസ്സിലാക്കിയ സുദിനം.
വളരെ കഷ്ട്ടപ്പെട്ട് ഒരു വിധത്തിൽ ഞങ്ങൾ ഏറെക്കുറെ വെള്ളച്ചാട്ടത്തിന് അടുത്തെത്തി കഴിഞ്ഞിരുന്നു. ചില കാഴ്ചകൾ അങ്ങനെയാണ് ദൂരെയായി ഒരു കിനാവ് കണക്കെ കൊതിപ്പിച്ചു കൊണ്ട് നില്ക്കും. തിരികെ ഇറങ്ങുന്ന വഴിയിൽ ചുരുട്ട എന്നറിയപ്പെടുന്ന ഒരു പാമ്പ് ആർക്കും ഉപദ്രവമാകാത്ത വിധത്തിൽ മരക്കൊമ്പിൽ വിശ്രമിക്കുന്ന ഒരു ദൃശ്യം കൂടി ഞങ്ങൾക്ക് കാണാൻ സാധിച്ചു.
സമയം ഉച്ചകഴിഞ്ഞതിനാൽ വിശപ്പിന്റെ വിളി എത്തിയിരുന്നു.കൈയ്യിൽ കരുതിയ പഴവർഗ്ഗങ്ങൾ എല്ലാവർക്കും ഷൈൻ ചേട്ടൻ പകുത്ത് നല്കി.നഗരത്തിന്റെ തിരക്കുകൾക്കും നിലയ്ക്കാത്ത ഫോൺ ശബ്ദങ്ങൾക്കും താല്ക്കാലിക വിട നല്കി. കാടിന്റെ അലയൊലികളും കിളികളുടെ കളകൂജനങ്ങളും കാട്ടരുവിയുടെ കളകളാരാവവും കൂടിയപ്പോൾ കഴിച്ച് ഭക്ഷണത്തിന് വല്ലാതെ രുചി കൂടിയത് പോലെ തോന്നി.കാട്ടരുവി മുറിച്ചുകടന്ന് യാത്ര തുടരുന്നതിനിടയിൽ റിയാസും ജിജോയും അടിതെറ്റി വെള്ളത്തിൽ വീണതും ഇരുന്നും നിരങ്ങിയും ഇറക്കം ഇറങ്ങിയ ഡാനിയും ചങ്ങായിമാരും ചിരിക്കാനുള്ള വക ആവോളം ഞങ്ങൾക്ക് സമ്മാനിച്ചിരുന്നു.
പാതി മങ്ങിയ വെളിച്ചത്തിൽ കാടിന്റെ കിളിക്കൊഞ്ചൽ ആസ്വദിച്ച് ദിക്കും ദിശയും അറിയാതെ ഷൈൻ ചേട്ടനു പിന്നാലേ നടന്നു. ശക്തമായ മഴ കിട്ടിയതിനാൽ നിരവധി വെള്ളചാട്ടങ്ങൾ കരുത്താർജിച്ചിട്ടുണ്ട്. ഇതിനിടയിൽ കാട്ടാറിലേക്ക് വീണു കിടന്നിരുന്ന കൂറ്റൻ മരത്തടിയിൽ എല്ലാവരും ഒരുമിച്ചിരുന്ന് ഫോട്ടോയും എടുത്തിരുന്നു. എവിടെ നോക്കിയാലും പ്രകൃതി ഭംഗി വാരി വിതറിയ പുണ്യഭൂമി, ഒരു പക്ഷേ ഇത്ര സൗന്ദര്യം 900 കണ്ടിപോലെയുള്ള അപൂർവ്വം കന്യാവനങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാകാം. യാത്രയിൽ ഇടയ്ക്ക് തളർച്ച തോന്നിയ ഉബൈദിനേയും കൂട്ടി ഞാൻ പിന്നിലായി നടന്നു.ലക്ഷ്യം ഐസ് തടാകത്തിന് സമാനമായ നീന്തൽ പാറക്കുളവും ഒരു ഉഗ്രൻ വെള്ളച്ചാട്ടവും ആയിരുന്നു.
പാറക്കെട്ടുകൾക്ക് മുകളിലൂടെ വളരെ ആയാസപ്പെട്ടാണ് സഞ്ചാരം.വഴുക്കലും വെള്ളച്ചാട്ടത്തിന്റെ കൂത്തൊഴുക്കും പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ടിരുന്നു. സമയം വൈകുന്നേരത്തോടടുക്കുകയാണ്. പ്രകൃതി അതിന്റെ മാറ്റങ്ങൾ കാട്ടിത്തുടങ്ങിയിരിക്കുന്നു. ഒരു വിധത്തിൽ നടന്നും ഇരുന്നും വെള്ളച്ചാട്ടത്തിലെത്തി. എല്ലാവരും ചാടിക്കുളിക്കുകയാണ് നിമിഷാർത്ഥത്തിനുള്ളിൽ തണുത്ത് വിറയ്ക്കാൻ തുടങ്ങിയിരുന്നു.പല്ലുകൾ അറിയാതെ കൂട്ടിയിക്കുന്നത് കാണാൻ നല്ല രസമുണ്ടങ്കിലും തണുപ്പ് ശരീരത്തെ മുഴുവൻ കാർന്നെടുത്തിരുന്നു.
ഇരുട്ടു വീഴുന്നതിനു മുന്നേ തിരികെ മടങ്ങാൻ എല്ലാവരും തയ്യാറായി നിന്നു. സമയം ആറു മണിയോടടുക്കുകയാണ്. ഇനി മല ചരിവുകളും രണ്ടു വലിയ കാട്ടാറുകളും മറികടന്നാലെ ഞങ്ങളുടെ താമസസ്ഥലത്ത് എത്താൻ പറ്റൂ എന്ന കാര്യം ചേട്ടൻ എല്ലാരോടുമായി പറഞ്ഞിരുന്നു. കുളി കഴിഞ്ഞതോടെ ചങ്ങായിമാർ ഒന്നൂടെ ഉഷാറായിരുന്നു.
കുത്തുകയറ്റങ്ങൾ ഒഴിവാക്കി മലഞ്ചരിവുകളിലെ കാട്ടുമുൾചെടികളെയും അട്ടയേയും തരണം ചെയ്ത് മുന്നോട്ട് തന്നെ നീങ്ങി. പച്ചപ്പ് നിറഞ്ഞ കാട് പതിയെ ഇരുൾ എന്ന രൗദ്രഭാവം കൈക്കൊള്ളുന്നത് ഞങ്ങൾ അനുഭവിച്ചറിയുകയായിരുന്നു. ചീവീടുകൾ കൂട്ട കരച്ചിലും കാട്ടാറിന്റെ ഇരമ്പവും കാതുകളിൽ മുഴങ്ങിത്തുടങ്ങിയിരുന്നു, കല്ലും മുള്ളും പാറക്കെട്ടുകളും പിന്നിട്ട് ആദ്യ കാട്ടാറിനെ മുറിച്ചുകടക്കുന്നതിനിടയിൽ ഒരാൾ കൂടി വെള്ളത്തിൽ വീണിരുന്നു.
പാറക്കൂട്ടങ്ങൾ പിന്നിട്ട് വീണ്ടും ഉൾകാടിന്റെ പച്ചപ്പിലേക്ക് പ്രവേശിച്ചു, കാട്ടിലൂടെ എത്ര ദൂരം നടന്നാലും മതിവരില്ല, അത്രയ്ക്ക് ഭംഗിയും മനസ്സിനു കുളിർമയും സമ്മാനിക്കും കാട്. വേങ്ങും കരിവേലകവും കാട്ടുതമ്പകവും ഈട്ടിയും വെടിപ്ലാവും തുടങ്ങി വൻന്മരങ്ങളുടെ ഒരു മഹാശേഖരം ഉള്ള കൊടിയ വനം. കരിയിലകളെ ചവിട്ടിമെതിച്ചു കൊണ്ട് പുതിയ വഴിത്താരയിലൂടെ ഒന്നിനു പിന്നാലെ ഓരോരുത്തരായി നടന്നകലുമ്പോൾ കാട് ഇനിയും കാട്ടാത്ത കാഴ്ചകൾ കാട്ടിത്തരാൻ വിളിക്കുന്ന പോലെ തോന്നി.
കുത്തനെയുള്ള ഇറക്കം വളരെ ആയാസപ്പെട്ടാണ് ഇറങ്ങുന്നത്. വഴുക്കലും മഴയിൽ കുതിർന്ന മണ്ണും ഇത്തിരി കഷ്ട്ടപ്പെടുത്തി എന്നു വേണേൽ പറയാം. അങ്ങനെ അവസാന അരുവിയും ഓരോരുത്തരായി കടന്ന് മറുകരയിൽ എത്തി.ഇതൊന്നും കൂസാതെ അരുവി തന്റെ പ്രിയതമനെ കാണാൻ എന്നവണ്ണം തെന്നിത്തെറിച്ച് പാഞ്ഞൊഴുകയാണ്.നടപ്പ് തുടർന്നു. ഒരു പകൽ മുഴുവൻ ട്രക്ക് ചെയ്തതിന്റെ ക്ഷീണം എല്ലാവരിലും കാണാമായിരുന്നു. ഇടക്ക് കണ്ട ഏലചെടികൾ പുറം കാടായി എന്ന സൂചന തന്നു.
അധികം താമസിക്കാതെ തന്നെ കുന്നിൻചരവിൽ ഏലതോട്ടം കണ്ടുതുടങ്ങി. അങ്ങനെ കാടകം താണ്ടി പുറം കാട്ടിലെ കോൺക്രീറ്റ് വഴിയിൽ കയറി. എല്ലാവരുടേയും മുഖത്ത് സന്തോഷത്തിന്റെ അലയൊലികൾ മിന്നി മറയുന്നുണ്ടായിരുന്നു. കുത്തനെയുള്ള ഇറക്കം ഇറങ്ങി കാട്ടുചോലകൾ താണ്ടി പ്രകൃതി അതിന്റെ കൈയ്യൊപ്പ് ചാർത്തിയ വെള്ളക്കെട്ടിലെ സുന്ദരൻ മരങ്ങളുടെ ഭംഗിയും ആസ്വദിച്ച് ഞങ്ങൾക്ക് രാപ്പാർക്കാനുള്ള മണ്ണു കൊണ്ട് നിർമ്മിച്ച മഡ് ഹൗസിൽ എത്തിച്ചേർന്നു.
ഭക്ഷണം കഴിച്ച് ഭൂരിഭാഗം പേരും ഉറക്കത്തിലേക്ക് വഴുതി വീണെങ്കിലും ഞങ്ങൾ കുറച്ച് പേർ, ഡെന്നീസും ഡാനിയും ഉണ്ണിക്കുട്ടനും റിയാസും ആൽബിനും രൂപേഷും ഷൈൻ ചേട്ടനും എല്ലാം ചേർന്ന് ക്യാമ്പ്ഫയറും ബാർബിക്യൂവും വെടിവെട്ടം പറച്ചിലുമായി രാവിനെ ഉത്സവഛായയിൽ മുക്കിയാണ് അവരവരുടെ ടെന്റിനുള്ളിലേക്ക് മടങ്ങിയത്.
പ്രഭാതം പൊട്ടി വിടർന്നത് എനിക്കുള്ള കണിയുമായിട്ടായിരുന്നു. ഒരു മലയണ്ണാൻ കണി കാണിച്ചു മരക്കൊമ്പുകളിലൂടെ കാട്ടിലേക്ക് മറഞ്ഞു.വ്യൂ പോയിന്റിൽ മലനിരകളെല്ലാം സൂര്യകിരണങ്ങളേറ്റ് തിളങ്ങുകയാണ്. അടുത്ത ട്രക്കിങ്ങിനായി ജീപ്പ് റെഡിയായിരുന്നു.കോൺക്രീറ്റ് വഴി അവസാനിക്കുന്നത് ചെറിയ അരുവിയുടെ അടുത്തായിട്ടാണ്. അവിടെ നിന്നും നടത്തം തുടങ്ങി .അരുവിയും പിന്നിട്ട് ചെറിയ വഴിത്താരയിലൂടെ കാടകങ്ങളിലേക്ക് സഞ്ചരിച്ച് കാട്ടുപോത്തുകൾ സ്വര്യ വിഹാരം നടത്തുന്ന മേട്ടിലേക്കാണ് എത്തിയത്.കാട്ടുപോത്തുകളുടെ കുളമ്പുകളുടെ പാട് മാത്രമേ അവിടെ അവശേഷിച്ചിരുന്നുള്ളൂ. അതിനു സമീപമുള്ള പഴയ കരിങ്കൽ കെട്ടിടം കാട്ടാനകളുടെ പരാക്രമങ്ങൾ മൂലം നിലംപൊത്താറായ അവസ്ഥയിലും ആയിരുന്നു.അടുത്തുള്ള അരുവിയിൽ ഉഗ്രൻ ഒരു നീരാട്ടും അങ്ങു നടത്തി.
വീണ്ടും നവോന്മേഷത്തോടെ കാടുകയറി. പുലിയുടേയോ മറ്റ് വന്യ ജീവിയിടേയോ കാല്പാടുകൾക്ക് സമാനമായ പാടുകൾ ചെളിയിൽ പതിഞ്ഞിരുന്നു. വന്യജീവികൾ വെള്ളം കുടിക്കുന്ന കുളവും അടുത്തു തന്നെ ഉണ്ടായിരുന്നു. ഇനി യാത്ര ആനത്താരയിലൂടെയാണ് ചെളിയിലൂടെ ആനകൾ കൂട്ടമായി പോയതിന്റെ അടയാളങ്ങൾ അവശേഷിച്ചിരുന്നു. ആനത്താരകൾക്ക് ഉള്ള പ്രത്യേകത എന്തെന്നാൽ അവരുടെ വഴി തെളിഞ്ഞായിരിക്കും, ഒരു പക്ഷേ എത്തിച്ചേരുന്നത് ഏതെങ്കിലും നീർച്ചോലയിലേക്കായിരിക്കും. അപകടവും ഭയവും ഇല്ലാതെ സഞ്ചരിക്കാവുന്ന പാത.
അതിലൂടെ നടന്നെത്തിച്ചേർന്നത് ഒരു കൂറ്റൻ മരത്തിനടുത്തേക്കാണ് ഒരു മൂന്ന് നാല് ഏറുമാടങ്ങൾ സെറ്റു ചെയ്യാൻ പാകത്തിലുള്ള മരം. പക്ഷേ കാടല്ലേ എന്തു ചെയ്യാൻ, യാത്ര തുടർന്നു.ഇടതൂർന്ന മരക്കൂട്ടങ്ങൾ പിന്നിട്ട് ഏലത്തോട്ടത്തിനോട് ചേർന്ന് ചാഞ്ഞു നിന്നിരുന്ന വട വൃക്ഷവും അതിനു മുകളിലെ കാടിന്റെ കാഴ്ചകളും അതു അനുഭവിച്ചറിയേണ്ട ഒന്നു തന്നെയാണ്. ഇനി മടക്കമാണ് 900 കണ്ടികാടിനോടും ഷൈൻ ചേട്ടനോടും വിടചൊല്ലി പിരിയുമ്പോൾ ഉള്ളിൽ ഒരു പാട് സൗഹൃദങ്ങൾ ചേക്കേറിയിരുന്നു. ഷൈൻ ചേട്ടന്റെ നമ്പർ – 8086769477.