നമ്മുടെ നാട്ടിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗങ്ങൾ വരും കാലത്തേക്കുള്ള വൻ ആപത്തുകളുടെ തുടക്കം മാത്രമാണ്. ഇതെല്ലാം എല്ലാവർക്കും അറിയാമെങ്കിലും അല്പനേരത്തെ സുഖത്തിനായി (സുഖമാണോ ദുഖമാണോ എന്നറിയില്ല) ലഹരിയുടെ പടുകുഴിയിൽപ്പെട്ട് അവസാനം അതിനു അടിമകളായി മാറുന്ന നമ്മുടെ ഒരു വിഭാഗം യുവാക്കളും മധ്യവയസ്‌ക്കരുമെല്ലാം നാടിനു ആപത്ത് തന്നെയാണ്. ഇതിനെതിരെ പോരാടുന്നവരോ, വളരെ കുറവു മാത്രം. അത്തരത്തിൽ പോരാടുന്ന ഒരു സാധാരണ മനുഷ്യനാണ് ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ സ്വദേശിയായ ഷെഫീക്ക് ഇബ്രാഹിം. കെഎസ്ആർടിസി കണ്ടക്ടർ കൂടിയായ ഇദ്ദേഹം ലഹരിവിരുദ്ധ പ്രവർത്തകനും അതോടൊപ്പം തന്നെ നല്ലൊരു മനുഷ്യസ്നേഹിയുമാണ്.
ഇപ്പോഴിതാ ആലപ്പുഴ ജില്ലയിലെ ഏറ്റവും മികച്ച ലഹരിവിരുദ്ധ പ്രവർത്തകനായി എക്സൈസ് വകുപ്പ് തിരഞ്ഞെടുത്തിരിക്കുന്നത് ഷെഫീക്കിനെയാണ്. വർഷങ്ങളോളമായി ഷെഫീക്ക് നടത്തി വരുന്ന പ്രവർത്തനങ്ങൾക്കും പരിശ്രമത്തിനുമെല്ലാം കിട്ടിയ ഏറ്റവും വലിയ അംഗീകാരം. 2010 മാര്‍ച്ച് 19 ന് കെ.എസ്സ്.ആര്‍.ടി.സി ബസ്സില്‍ തുടങ്ങിയ ലഹരിക്കെതിരെയുളള യാത്ര, ഇപ്പോഴും അദ്ദേഹം കൂടുതല്‍ ശക്തമായി തുടർന്നുകൊണ്ടിരിക്കുന്നു. മറ്റുളള യാത്രകളില്‍ നിന്നും വ്യത്യസ്തമാണ് ഇദ്ദേഹത്തിന്റെ ഈ യാത്രകൾ. യാത്രികരുടെ ആരോഗ്യപരമായി ജീവിതത്തിന്, ഒരിക്കലെങ്കിലും ഈ കണ്ടക്ടറുടെ ബസ്സില്‍ യാത്ര ചെയ്യണമെന്നാണ് അഭിപ്രായം. മദ്യം നിറച്ച കുപ്പികളുമായി യാത്ര ചെയ്യുന്നവര്‍ എല്ലാപ്പോഴും തിരുവല്ലാ – ആലപ്പുഴ റൂട്ടിൽ യാത്ര ചെയ്യുമ്പോള്‍ കണ്ടക്ടറെ ശ്രദ്ധിച്ച് യാത്രമേ കയറാറുളളൂ. മറ്റൊന്നും കൊണ്ടല്ല പൊതുഗതാഗതാഗത സംവിധാനത്തിലുളള കെഎസ്ആർടിസിയിൽ ഈ കുപ്പികളുമായി യാത്ര ചെയ്യാന്‍ കഴിയില്ല എന്ന് നാട്ടുകാര്‍ക്ക് നന്നായി അറിയാം. മദ്യപിച്ചു വെളിവില്ലാതെ ബസ്സിൽ കയറുന്ന ആളുകളെ ഒരിക്കലെങ്കിലും ഈ കണ്ടക്ടര്‍ ഇറക്കി വിട്ടിട്ടുണ്ടാകും. ഇപ്രകാരം ചെയ്യുമ്പോള്‍ ആരെയും ഉപദ്രവിക്കാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കാറുമുണ്ട്.
കെഎസ്ആർടിസിയിൽ വിശ്വസിച്ച് യാത്ര ചെയ്യുന്ന ഓരോ യാത്രികന്‍റെയും ജീവന്‍ വളരെയധികം വിലപ്പെട്ടതാണ്. ജീവനക്കാർ തങ്ങളുടെ ജീവനേക്കാള്‍ അതിന് വിലമതിക്കുന്നു. ഒരു മദ്യപാനി അദ്ദേഹത്തിന്‍റെ സുഖത്തിനായി മദ്യം നിറച്ച ഒന്നോ അതിലധികമോ കുപ്പികളുമായി ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ഒരു കണ്ടക്ടറെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്‍റെ ശ്രദ്ധക്കുറവ് മൂലം ചെറിയൊരു അപകടം പോലും ഉണ്ടാകാന്‍ പാടില്ല. ചെറിയ ഒരു തീപ്പൊരി ബസ്സില്‍ ഉണ്ടായാല്‍ പോലും സ്പിരിറ്റ് അടങ്ങിയ മദ്യത്തിന്‍റെ സാന്നിദ്ധ്യം ഒരു പക്ഷേ വലിയൊരു അപകടമായി മാറാം. അത് ഒഴിവാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതും.
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും മദ്യപാനികളായവർ ഇദ്ദേഹത്തെ ഒരു ശത്രുവായി കാണാറില്ല എന്നതാണ് സത്യം. ഒരിക്കൽ ഇറക്കി വിട്ടവരെ പിന്നീട് ബസ്സിൽ യാത്രക്കാരായി കാണുമ്പോൾ ഷെഫീഖ് അവരോട് സ്നേഹപൂർവ്വം പെരുമാറുകയും, അവരെ ലഹരിയിൽ നിന്നും അകറ്റുവാനും ശ്രമിക്കാറുണ്ട്. ഇത്തരത്തിൽ എല്ലാ ലഹരികളിൽ നിന്നും മോചിതരായവർ ഏറെയാണ്.
ആലപ്പുഴ ജില്ലയിലെ ഏറ്റവും മികച്ച ലഹരിവിരുദ്ധ പ്രവർത്തകനെ തിരഞ്ഞെടുക്കുവാൻ എക്സൈസ് വകുപ്പിന് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും തൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളാലും ലഹരിയ്ക്ക് എതിരായുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളാലും ഷെഫീഖ് എല്ലാവർക്കും സുപരിചിതനുമാണ്. ജൂണ്‍ 26 ലഹരി വിരുദ്ധ ദിനത്തിൽ ചേർത്തലയിൽ വെച്ചു നടന്ന പരിപാടിയിൽ ഷെഫീക്ക് ഈ അവാര്‍ഡ് ഏറ്റുവാങ്ങുകയുണ്ടായി.
ലഹരിവിരുദ്ധ ദിനമായ ജൂൺ 26 ഷെഫീക്കിന്റെ വിവാഹവാർഷിക ദിനമാണെന്നത് മറ്റൊരു കൗതുകമാണ്. 2005, ജുണ്‍ 26-നായിരുന്നു ഷെഫീക്കിന്റെ വിവാഹം. ആലപ്പുഴ സ്വദേശിനി തന്നെയായ റഹിയാനത്ത് ആണ് ഷെഫീക്കിന്റെ ജീവിതപങ്കാളിയായി കടന്നുവന്നത്. ഇന്ന് ഇവർക്ക് ഫാത്തിമ എന്നൊരു മകളുമുണ്ട്. ഭാര്യയും മകളുമെല്ലാം ഷെഫീക്കിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ്ണ പിന്തുണയാണ് നൽകിവരുന്നത്.
ബസ് കണ്ടക്ടറായ ഷെഫീക്ക് ആലപ്പുഴയിലെ ഒരു പൊതുവിദ്യാലയമായ നീര്‍ക്കുന്നം എസ്സ്.ഡി.വി ജി.യു.പി സ്കൂളില്‍ എസ്സ്എം.സി വൈസ് ചെയര്‍മാനായും, പിന്നീട് ചെയര്‍മാനായും നാലര വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. അതോടൊപ്പം വിദ്യാര്‍ത്ഥികളുടെ ലഹരി വിമുക്ത കൂട്ടായ്മയായ ‘തണലി’ന് എല്ലാവിധ പിന്തുണയും നൽകി വരുന്നു.
മികച്ച ലഹരിവിരുദ്ധ പ്രവർത്തകനുള്ള അവാർഡ് ഏറ്റുവാങ്ങിയ ശേഷം ഷെഫീക്കിന് പറയുവാനുള്ളത് ഇതാണ് – “ആലപ്പുഴ ജില്ലയിലെ മികച്ച ലഹരി വിരുദ്ധ പ്രവര്‍ത്തകനായി എക്സൈസ് വകുപ്പിന്‍റെ അംഗീകാരം. എളിയ പ്രവര്‍ത്തനങ്ങള്‍ക്കുളള അംഗീകാരമായി കാണുന്നു. ഈ അംഗീകാരം പ്രിയപ്പെട്ട എന്‍റെ സുഹൃത്തുക്കള്‍ക്ക് സമര്‍പ്പിക്കുന്നു. ആദ്യം അക്ഷയ ജനസേവന കേന്ദ്രത്തിലൂടെ ആലപ്പുഴ ജില്ലയെ ലഹരി വിമുക്തമാക്കാന്‍ ‘വിമുക്തി’ എന്ന പ്രോഗ്രാമിന്, ജില്ലാ ഭരണകൂടത്തിന്, മുന്‍ ജില്ലാകളക്ടര്‍ ആയിരുന്ന ശ്രീ. വേണുഗോപാല്‍ സാറിനും, വിമുക്തി കണ്‍വീനര്‍ ആയിരുന്ന ഡോ.നിഷാമേഡം, എന്‍.ഐ.സി ജില്ലാ ഓഫീസര്‍ പാര്‍വ്വതി മേഡം, അതിലുപരി ഗുരുസ്ഥാനത്ത് കണ്ടിരുന്ന പ്രിയപ്പെട്ട ദത്തന്‍ സാര്‍, ജനങ്ങളുമായി ഏറ്റവും കൂടുതല്‍ ഇടപെടാന്‍ അവസരമൊരുക്കിയ കെ.എസ്സ്.ആര്‍.ടി.സി എന്ന പ്രസ്ഥാനത്തിനും, എനിക്ക് പിന്തുണ നല്‍കിയിട്ടുളള എടത്വയിലെ ശ്രീ.രമേശ് കുമാര്‍ സാര്‍ ഉള്‍പ്പെടെയുളള എടത്വ കെ.എസ്സ്.ആര്‍.ടി.സി ഡിപ്പോയിലെ എന്‍റെ സഹോദരങ്ങള്‍, അമ്പലപ്പുഴ ഗവ.കോളേജിലെ മുന്‍ അധ്യാപകന്‍ ശ്രീ. എം.എച്ച് രമേശ് കുമാര്‍ സര്‍ (നിലവില്‍ മഹാരാജാസില്‍), കോളേജിലെ പ്രിയപ്പെട്ട എന്‍.എസ്സ്.എസ്സ് വിദ്യാര്‍ത്ഥികള്‍ എന്നിവരെ സ്നേഹത്തോടെ ഓർക്കുകയാണ് ഇപ്പോൾ.
പേരെടുത്തു പറയുവാന്‍ ധാരാളം പേര്‍. എല്ലാവരെയും മനസ്സുകൊണ്ട് നന്ദിയോടെ, സ്നേഹത്തോടെ ഓര്‍ക്കുവാനാണ് ശ്രമിച്ചത്. പത്ര-ദൃശ്യ-ശ്രവ്യ-മാധ്യമ സുഹൃത്തുക്കള്‍ ഞാന്‍ ചെയ്യുന്ന മാതൃകാപരമായ എളിയ പ്രവര്‍ത്തനങ്ങളെ പൊതുജനങ്ങളിലെത്തിക്കുവാന്‍ ശ്രമിച്ചിരുന്നു.ഒരാള്‍ക്കെങ്കിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രചോദനമാകണം എന്ന് മാത്രമേ ആഗ്രഹിച്ചിട്ടുളളു. എന്നെ പോലെ ലഹരിക്കെതിരെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ധാരാളം സുഹൃത്തുക്കള്‍ ഉണ്ട്. സുരേഷ്കുമാര്‍ തോട്ടപ്പളളി സാറും, എന്‍റെ മാതൃവിദ്യാലയത്തിലെ തണല്‍ ലഹരി വിരുദ്ധ കൂട്ടായ്മയും കൂടുതല്‍ ശക്തി പകര്‍ന്നു. കൂടാതെ സുഹൃത്തായ സുധിലാല്‍ തൃക്കുന്നപ്പുഴ അപ്രകാരം ധാരാളം പേര്‍. അവര്‍ക്ക് കൂടി ഈ അംഗീകാരം സമര്‍പ്പിക്കുന്നു.
സംസ്ഥാന തല ലഹരി വിരുദ്ധ അവാര്‍ഡിന് അര്‍ഹനായ പ്രിയ സുഹൃത്തും, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥനുമായ മനോജ് സര്‍ 800ലധികം ക്ളാസ്സുകള്‍ നിലവില്‍ എടുത്തു കഴിഞ്ഞു. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുവാനും അവസരം ലഭിച്ചിട്ടുണ്ട്. 2010 മാര്‍ച്ച് 19 ന് കെ.എസ്സ്.ആര്‍.ടി.സിയില്‍ തുടങ്ങിയ ലഹരിക്കെതിരെയുളള യാത്ര ഇനിയും വളരെയധികം ദൂരം സഞ്ചരിക്കുവാനുണ്ട്. `ലഹരിക്കെതിരെ ഒരു യാത്ര’ എന്ന പേരില്‍ രണ്ടാം ഘട്ടത്തില്‍ തുടങ്ങി വെച്ച പോരാട്ടവും ഇന്നും തുടരുന്നു.
എനിക്ക് ലഭിച്ച അംഗീകാരം എന്‍റെ ജീവന് തുല്യമായ KSRTC എന്ന പ്രസ്ഥാനത്തിനും കൂടി അവകാശപ്പെട്ടതാണ്. അതുമാത്രമല്ല KSRTC യില്‍ വിശ്വസിച്ച് യാത്ര ചെയ്യുന്ന ഓരോ യാത്രികന്‍റെയും ജീവന്‍ വളരെയധികം വിലപ്പെട്ടതാണ് എന്ന് കരുതുന്നു. ഞങ്ങളുടെ ജീവനേക്കാള്‍ അതിന് വില നല്‍കുന്നു. ഒരു മദ്യപാനി അദ്ദേഹത്തിന്‍റെ സുഖത്തിനായി മദ്യം നിറച്ച ഒന്നോ അതിലധികമോ കുപ്പികളുമായി ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ അത് കാണുന്ന ഒരു കണ്ടക്ടറെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്‍റെ ശ്രദ്ധക്കുറവ് മൂലം ചെറിയൊരു അപകടം പോലും ഉണ്ടാകാന്‍ പാടില്ല എന്ന് വിശ്വസിക്കുന്നു.
അപകടമുണ്ടായി ചെറിയ ഒരു തീപ്പൊരി ബസ്സില്‍ ഉണ്ടായാല്‍ പോലും സ്പിരിറ്റ് അടങ്ങിയ മദ്യത്തിന്‍റെ സാന്നിദ്ധ്യം ഒരു പക്ഷേ, വലിയൊരു അപകടമായി മാറാം. അത് ഒഴിവാക്കാനാണ് മദ്യം നിറച്ച കുപ്പികളുമായി യാത്ര ചെയ്യുന്നവരെ പരമാവധി ഒഴിവാക്കി യാത്രികരുടെ ജീവന് മാത്രം പ്രാധാന്യം നല്‍കും. കഴിഞ്ഞ ദിനത്തില്‍ ഡ്യൂട്ടിക്കിടയില്‍ ലാസ്റ്റ് ട്രിപ്പ് ആലപ്പുഴയില്‍ നിന്നും എടത്വ പോകുമ്പോള്‍ രണ്ട് വലിയ പ്ളാസ്റ്റിക് കവര്‍ നിറയെ മദ്യക്കുപ്പികളുമായി കയറിയ ഒരാളെ ഇറക്കിവിടേണ്ടി വന്നു. സങ്കടമുണ്ട്. പക്ഷേ, ബസ്സിലെ ജീവനുകളല്ലേ വലുത്. അതിന് പ്രാധാന്യം നല്‍കി.
വേറെ എതൊരു ജോലിയാണെങ്കിലും കെ.എസ്സ്.ആര്‍.ടി.സിയിലെ പോലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത സ്വഭാവ സവിശേഷതകളുളളവരുമായി സഹകരിക്കാന്‍ കഴിയില്ല. KSRTC സോഷ്യല്‍ മീഡിയ സെല്‍ എന്ന സംവിധാനത്തിന്‍റെ ഭാഗമായതോടെ കേരളത്തിലെ എല്ലാ ഡിപ്പോകളുമായും, ഓഫീസറുമാരുമായി ബന്ധം ഉണ്ടാക്കുവാനും കഴിഞ്ഞു. എല്ലാത്തിലുമുപരി 2010 ല്‍ രണ്ടാമത്തെ ലഹരിക്കെതിരെയുളള യാത്രയാണ് കെ.എസ്സ്.ആര്‍.ടി.സി പ്രേമികളുമായി കൂടുതല്‍ അടുക്കുവാനും സുജിത് ഭക്തനും, പ്രശാന്ത് പറവൂരും, ഇരിങ്ങാലക്കുട സ്വദേശി വൈശാഖുമെല്ലാം പ്രിയപ്പെട്ട കൂട്ടുകാരായി മാറുവാനും വഴിയൊരുക്കിയത്. ഇവരിലേക്ക് എന്നെ എത്തിച്ചത് എന്‍റെ മാതൃവിദ്യാലയത്തിലെ കൂട്ടുകാരന്‍ ശ്രീകുമാര്‍ ആയിരുന്നു. ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. ലഹരിക്കെതിരെയുളള പോരാട്ടം ജീവിതയാത്രയുടെ സിംഗിള്‍ ബെല്‍ മുഴങ്ങുന്നതുവരെ തുടരണമെന്ന് ആഗ്രഹിക്കുന്നു.”