വിവരണം – M.R. Manush Arumanoor.
ആനവണ്ടിയെ ഓര്‍ക്കാന്‍ ഇതിലും വലിയ സമയം വേറെയില്ല. ഒരു ദിവസം അര്‍ദ്ധരാത്രിയോടടുക്കുന്ന സമയത്ത് തമ്പാനൂരില്‍ നിന്നും, നെയ്യാറ്റിന്‍കര ഡിപ്പോയില്‍ നിന്നും വന്ന KSRTC സൂപ്പര്‍ ഫാസ്റ്റ് തൃശൂര്‍ ബസില്‍ ഞാനും ഭാര്യയുമായി കയറുമ്പോള്‍, യാത്രക്കാരില്‍ ചിലരുടെ രീതികളില്‍ ചില പൊരുത്തക്കേടുകള്‍ ദൃശ്യമായിരുന്നു. അതൊന്നും ഞങ്ങളെ സംബന്ധിച്ച് വലിയ കാര്യമൊന്നുമല്ല. ചെറിയ വലിയ ചങ്കുറപ്പുള്ളവരാണ് നമ്മളെന്ന് രണ്ടുപേര്‍ക്കും പരസ്പരം അറിയാമെന്നുളളതിനാല്‍ ആശങ്കയില്ലാതെ മുന്‍ വാതിലില്‍ കൂടെ കയറി, മുന്‍ വാതിലിന് പിറകില്‍ രണ്ടാമത്തെ ഇരട്ട സീറ്റില്‍ ഇരിപ്പുറപ്പിച്ചു. യാത്ര തുടങ്ങി മണിക്കൂറുകള്‍ കഴിഞ്ഞു. വിഷുവിന് മുന്നേയുള്ള അവധി ദിവസമായതിനാല്‍ സ്റ്റോപ്പുകള്‍ കഴിയുംതോറും തിരക്ക് കൂടിക്കൂടി വന്നു. നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാരുടെ എണ്ണവും കൂടി.
ഡ്രൈവറുടെ ഇടതുവശത്തുള്ള കണ്ടക്ടര്‍ സീറ്റിന് (ഫോട്ടോഗ്രാഫി ഹോട്ട് സീറ്റ്) പുറകിലെ ഇരട്ട സീറ്റില്‍ രണ്ട് സ്ത്രീകളെ കണ്ട മാത്രയില്‍ ഒരാള്‍, അല്‍പം മദ്യപിച്ചെന്ന് തോന്നുന്ന തരത്തില്‍ ചേഷ്ടകളുള്ള ഒരാള്‍, ആ സീറ്റിന് താഴെയായി ബോര്‍ഡില്‍ ഇരുന്നതും അല്‍പം ചായ്ഞ്ഞ് കിടന്നതും കണ്ടു. വലിയൊരു ആക്രോശം കേട്ടാണ് ഞെട്ടിയുണര്‍ന്നത്. കണ്ടക്ടര്‍ ബെല്ലടീച്ച് ബസ് കോട്ടയത്തിനടുത്തുളള ഏതോ ഒരു സ്റ്റോപ്പില്‍ നിറുത്തിച്ചിട്ട്, നേരത്തേ പറഞ്ഞ ആ ചാഞ്ഞ് കിടന്ന യാത്രക്കാരനോട് ആക്രോശിക്കുകയാണ്. ”ഒന്നുകില്‍ നീ പുറകോട്ട് പോകണം. അല്ലെങ്കില്‍ നിന്ന് യാത്ര ചെയ്യണം. അല്ലാതെ ഇവിടിങ്ങനെ കിടന്ന് യാത്ര അനുവദിക്കില്ല. ”
എന്താണ് കാര്യമെന്ന് അല്‍പം ഉയര്‍ന്ന് നോക്കി. കിടന്നയാള്‍, ഉറക്കച്ചടവൊന്നും ഇല്ലാതെ ധൃതിയില്‍ എണീക്കുന്നു ബസിന്റെ പുറകിലേക്ക് നടന്നുകൊണ്ട് കണ്ടക്ടറോട് പുലമ്പുകയാണ് ”നീയും വാടാ പുറകോട്ട്, അവരെ ഞാന്‍ തൊട്ടില്ല.” കാര്യം എല്ലാവര്‍ക്കും പിടികിട്ടി. കണ്ടക്ടറെ അഭിനന്ദിച്ചേ മതിയാകൂ. അന്തരീക്ഷം ശാന്തമായി യാത്ര തുടര്‍ന്നു.
സാധാരണ അവസരങ്ങളില്‍, നമുക്ക് എത്തേണ്ട സ്ഥലത്ത് ഏകദേശം അഞ്ച് മണിക്കൂര്‍ കൊണ്ട് എത്തുന്നതാണ്. അതു കണക്കാക്കിയാണ് യാത്ര അര്‍ദ്ധരാത്രി ആക്കിയത്. എന്നാല്‍ കണക്കുകൂട്ടലുകള്‍ക്ക് വിപരീതമായി 4 മണിക്കൂറും ചില്ലറ മിനിട്ടുകളിലും സ്ഥലത്തെത്തുമെന്ന് കണക്കുകൂട്ടി മനസിലാക്കിയ ഞാന്‍, നമ്മളെത്തുന്നിടത്തെ യാത്രാ സൗകര്യത്തെക്കുറിച്ചും, ഇരുട്ടുള്ളതും അപരിചിതവുമായ സ്ഥലമാണെന്നും, മെയിന്‍ ബസ്റ്റോപ്പുകള്‍ക്കിടയിലുളള സൂപ്പര്‍ ഫാസ്റ്റിന് സ്റ്റോപ്പില്ലാത്ത സ്റ്റോപ്പിലാണ് ഇറങ്ങേണ്ടതെന്നും, അപ്പോഴും വളരെ തിരക്കിട്ട്, ഇരിക്കാനോ നില്‍ക്കാനോ കഴിയാതെ ജോലി ചെയ്തുകൊണ്ടിരിക്കുന്ന കണ്ടക്ടറോട് പ്രശ്നം അവതരിപ്പിച്ചു.
”സ്റ്റാന്‍ഡില്‍ നിന്നും അടുത്ത പോയിന്റിലേക്ക് മുപ്പതു രൂപ ഫെയറാണ്. ആ ടിക്കറ്റെടുത്തിട്ട് നിങ്ങടെ സ്റ്റോപ്പ് എത്തുമ്പോള്‍ പറഞ്ഞാല്‍ മതി. അവിടെ നിറുത്തി തരാം.” മനസ് കുളിര്‍ത്ത മറുപടി. സന്തോഷമാണോ, നന്ദിയാണോ, KSRTC എന്നത് ഓര്‍ത്ത് അഭിമാനമാണോ, എനിക്കറിയില്ല, എന്താണ് എനിക്ക് തോന്നിയതെന്ന്. രണ്ട് ടിക്കറ്റുമെടുത്ത്, സ്റ്റോപ്പിന്റെ അടയാളം നോക്കി കണ്ണും തുറന്ന് നമ്മള്‍ ഇരുപ്പായി. മെയിന്‍ സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെട്ട് ഏകദേശം പത്തു മിനിട്ട് കഴിഞ്ഞതും നമുക്ക് ഇറങ്ങേണ്ട സ്റ്റോപ്പ് എത്തുന്ന ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി.
സ്റ്റോപ്പ് എത്തിയെന്ന് ഉറപ്പിച്ച ഞാന്‍ കണ്ടക്ടറോട് കണ്ണുകൊണ്ട് അപേക്ഷിച്ചു. നടന്നെത്തിയ അദ്ദേഹം ഡ്രൈവറെ കാര്യം ധരിപ്പിച്ചു. ”ഇതാണോ സ്റ്റോപ്പ് ?” ഡ്രൈവര്‍. ”ആ..അതെ..അതെ. ഇവിടെത്തന്നെ.” ബസ് വേഗത കുറഞ്ഞു. സ്റ്റോപ്പില്‍ ബസ് നിന്നില്ല. വീണ്ടും ബസ് കുറഞ്ഞ വേഗതയില്‍, ഇടത് ചേര്‍ന്ന് നീങ്ങി. സ്ട്രീറ്റ് ലൈറ്റുള്ള ഒരു ഇലക്ട്രിക് പോസ്റ്റിന് അരികിലായി ബസ് നിന്നു. ”അവിടെ ഇരുട്ടാണ്. ഇവിടെ ലൈറ്റുണ്ട്. ഇറങ്ങിക്കോ” ഡ്രൈവര്‍..! ഞങ്ങളിറങ്ങി. കൈവീശി യാത്ര പറഞ്ഞു. ഒന്നും പറയാനില്ല. ഒന്നും… നമുക്കൊപ്പമുണ്ട് എല്ലാം. നമ്മള്‍ തിരസ്കരിക്കരുത് ഒന്നിനേയും..