വിവരണം – Midhun Mohan.
മികച്ച മൂന്ന് ലോക പൈതൃകങ്ങൾ, നാല് സംസ്ഥാനങ്ങൾ, നാല് സംസ്കാരങ്ങൾ,സാമ്രാജ്യങ്ങളുടെയും, അറിവുകളുടെയും അടിവേരുകൾ തേടി ഒരു ചുറ്റിയാലോ? ബഡ്ജറ്റ് ബാക്ക്പാക്ക് സുഹൃത്തുക്കൾക്കായി ഇതാ 5500 രൂപയിൽ താഴെ ചിലവുള്ള ഒരു 10 ദിവസ യാത്ര.
സ്ഥലങ്ങൾ : കൊണാർക് സൂര്യ ക്ഷേത്രം, കൊണാർക് ബീച്, (കൊണാർക് -പുരി) മറൈൻ റോഡ്, പുരി ജഗന്നാഥ ക്ഷേത്രം, പുരി ബീച്, ഭൂബനേശ്വർ സിറ്റി, ട്രൈബൽ മ്യൂസിയം, ഇസ്കോൺ, ഖന്ദഗിരി -ഉദയഗിരി കേവ്സ്, ലിംഗരാജ് ക്ഷേത്രം, മുക്തേശ്വർ, ബോധ്ഗയ, മഹാബോധി ടെംപിൾ, ഗ്രേറ്റ് ബുദ്ധ,ബുദ്ധിസ്റ് മൊണാസ്റ്ററി, വാരാണസി, സുവർണ ക്ഷേത്രം, ഘാട്സ്, ലല്ലപുര, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, ന്യൂ കാശി മന്ദിർ,ഖജുരാഹോ മോണുമെന്റ്സ്, ജാൻസി ഫോർട്ട്, ജാൻസി മ്യൂസിയം, ജാൻസി പാലസ്..
ഇതിനെ പൂർണമായും യാത്ര വിവരണം ആയി കാണണ്ട.. കാടും മേടും, മലയും മഞ്ഞും, മഴയും പുഴയും ഒരുപാട് കണ്ടു. ഇനി കാണാത്തതു കാണാനും അൽപ്പം പഠിക്കാനും വേണ്ടി ഒരു രസത്തിനു ഒറ്റയ്ക്ക് ഒരു യാത്രയ്ക് എന്നോടൊപ്പം വാ… അങ്ങനെയെങ്കിൽ നമ്മൾ ആദ്യം പോകുന്നത് എങ്ങോട്ടെന്ന് പറയട്ടെ നേരെ ഒഡിഷയ്ക്. അവിടെ എന്ത് ഇരിക്കുന്നു എന്ന് ചോതിച്ചാൽ നിങ്ങൾ ചുമ്മാ ഗൂഗിൾ ഒന്ന് തിരയൂ..
ഇനിയിപ്പോ ആദ്യം എനിക്ക് അവിടെ താമസിക്കാൻ സൗകര്യം വേണ്ടായേ അതാണല്ലോ ഫസ്റ്റ്. അങ്ങനെ എനിക്കും കിട്ടി ഒരു അമ്മയെ പേര് ‘മമ്ത’ ഭുവനേശ്വർ സിറ്റിയുടെ ഹൃദയത്തിൽ കൂട് കൂട്ടി താമസിക്കുന്നു. ഞാൻ കൗച് സർഫിങിൽ കൂടി പരിചയപെട്ടു. എന്നെ രണ്ടു ദിവസം നിർത്താം എന്ന് അമ്മ പറഞ്ഞു..
അങ്ങനെ നമ്മുടെ അന്ത്യോദയ എക്സ്പ്രസിൽ ബംഗാളി ചേട്ടന്മാർക്കൊപ്പം മല്ലിട്ടു ഞാൻ സ്റ്റേഷനിൽ എത്തി. എല്ലാം വരുന്ന വഴിയേ വാട്സാപ്പ് വഴി ഞാനും അമ്മയും സെറ്റ് ആക്കി. എവിടെ വരണം എങ്ങോട്ട് നടക്കണം എല്ലാം. അത് മാത്രമല്ല വന്ന ഉടനെ കുളിച്ചു നനച്ചു ഇറങ്ങിക്കോണം. കൈയിൽ 2 ദിവസം ഉള്ളു മകനെ എന്നും. അതോണ്ട് വന്ന പാടെ അമ്മയുടെ കൈയിൽ നിന്നും റൂമിന്റെ ചാവിയും വാങ്ങി റെഡി ആയി നേരെ വിട്ടു “കൊണാർക്” സൂര്യ ക്ഷേത്രത്തിലേക്ക്.
പോകാൻ ഉള്ള എല്ലാ ഗൈഡൻസും അമ്മ തന്നുകൊണ്ടേ ഇരുന്നു. കുറ്റം പറയില്ലല്ലോ, വീട്ടിനു വേറൊരു ബന്ധു വീട്ടിൽ വന്ന ഫീലിംഗ് ആരുന്നു.അപ്പൊ സൺ ടെംപിൾ..കൂടുതൽ ഡീറ്റൈൽഡ് ആയി ഞാൻ പറയുന്നില്ല. എന്നെക്കാട്ടിലും അറിവുള്ള വിക്കിപീഡിയയും പറയും..
പഴയതിനോട് എന്തോ ഒരു പ്രത്യേക താല്പര്യമ. നമ്മൾ നടക്കുന്ന വഴികളെയും കൽ ചുവരുകളെയും ഒരു നിമിഷം കൊണ്ട് നൂറ്റാണ്ടുകൾ പുറകോട്ടു സഞ്ചരിച്ചു ഒപ്പം നടക്കണം..എന്താ രസം, എന്താ സാമ്രാജ്യം..ആസ്വാദനം പലർക്കും പല രീതിയിൽ അല്ലെ.. 24 ചക്രങ്ങൾ, 7 പടകുതിരകൾ ഒരു രഥം വലിക്കുന്ന പോലുള്ള നിർമിതി. ഉദയസൂര്യന്റെ ആദ്യ കിരണം പതിക്കുന്ന രീതിയിൽ ഉള്ള വാസ്തു, പലയിടവും തകർച്ചയുടെ വക്കിലും..എന്നിരുന്നാലും തുടക്കം അതിമനോഹരം..
അങ്ങനെ ആദ്യയിടം ഗംഭീരമായി കണ്ടു തീർത്തു. ഇനി വെച്ച് പിടിച്ചോ ഒരു ദിവസം കൊണ്ട് കുറച്ചേറെ കറങ്ങി കാണണ്ടേ. പുരി കേട്ടിട്ടുണ്ടോ നല്ല അടിപൊളി സ്ഥലമാണ്. നമ്മുടെ ചില സിനിമയിൽ ഈ പ്രദേശങ്ങൾ അടുത്തിടയ്ക് കാണിച്ചിട്ടുണ്ട്.. പുരിയിലേക്ക് പോകുന്ന വഴിയിൽ കൊണാർക് ബീച്ചുണ്ട് നമ്മുടെ നാട്ടിലെ തന്നെ മികച്ച സർഫിങ് സ്‌പോട് ആണ്. അവിടുന്നു നേരെ മറൈൻ റോഡ് പിടിച്ചു ഒരു ബസ് യാത്ര പുരിയിലേക്ക്.
ധനുഷ്കോടിക്കു ശേഷം ഇത്രേം മികച്ച സ്ഥലം എജ്ജാതി…അങ്ങനെ ആ റോഡ് വന്നു ജഗന്നാഥന്റെ മണ്ണിൽ നിന്നു. അതിപ്പോ ഹിന്ദു എന്ന് നമ്മക്ക് പച്ചകുത്തണമെങ്കിൽ 4 ക്ഷേത്രങ്ങൾ സന്ദർശിക്കണം എന്നാണ് വിശ്വാസം പോലും. ആ സ്ഥിതിയ്ക്ക് അതൂടെ നേടിയേക്കാം അല്ലെ..അങ്ങനെ മൂന്നാമത്തെ ധം അത് അങ്ങു നിറവേറ്റി. ഇനി ഒന്നുടെ മാത്രം ദ്വാരക (മറ്റു രണ്ടെണ്ണം ബദരീനാഥും രാമേശ്വരവും)..
നല്ല കല്ല് പണികൾ ഉള്ള ക്ഷേത്രം ആണ് ഒഡിഷയിലെ എല്ലാം അതായത് ‘കലിംഗ ആർക്കിടെക്ചർ.’അതൊരു ക്ലാസ്സ് വർക്ക് തന്നെ. ഇനി പുരി ബീച്ചിലോട് പോകാം. ലേശം നടന്നാൽ മതി ദേ എത്തി ബീച്. അമ്പോ എന്നാ ആളാണ്.. കുതിരയും, ഒട്ടകവും, പാട്ടും കൂത്തും എല്ലാം കിട്ടും ഇവിടെ. ഇരുട്ടുന്നതിനു മുൻപ് ബസ് സ്റ്റാൻഡിൽ പോയി സിറ്റി ബസ് പിടിച്ചു വീട് പിടിക്കണം..
അങ്ങനെ അടുത്ത പുലരി..സിറ്റിയിൽ തന്നെ ഒരുപാട് കാണാൻ ഉണ്ടെന്നേ. നമ്മക്ക് നേരെ ട്രൈബൽ മ്യൂസിയം പോകാം അവിടെ കുറച്ചേറെ പഠിക്കാൻ ഉണ്ട്. ഗവെർന്മെന്റിന്റെ ആയോണ്ട് ഫുൾ ഫ്രീ. ഒഡിഷയുടെ വേരുകൾ അറിയാം ഇവിടം സന്ദർശിച്ചാൽ. ഇനിയും നേരെ വിട്ടാല് നമ്മുടെ കലിംഗ സ്റ്റേഡിയവും അവിടുന്നു മുൻപോട്ടു പോകുമ്പോൾ ലേശം പഴയതും അൽപ്പം പുതിയതും ചേർത്ത ഗുഹ സമുച്ചയവും കാണാം. ‘ഉദയഗിരി – ഖന്ധഗിരി’ അവർക്കും പറയാൻ ഉണ്ട് ഒരുപാട് കഥകൾ..
ഇനി ഇവിടുന്നു നേരെ നമ്മുക്ക് ലിംഗരാജ് ക്ഷേത്രം സന്ദർശിക്കാൻ പോകാം. ബസ് കിട്ടുമല്ലോ നോ പ്രോബ്ലം. അതൊരു ജിന്നാണ് കേട്ടോ കലിംഗയുടെ വാസ്തു വിസ്മയം തന്നെ ഒരു ക്ഷേത്രത്തിനുള്ളിൽ തന്നെ നൂറുകണക്കിന് ചെറു ക്ഷേത്രങ്ങളും പ്രതിഷ്ഠകളും. ഒരുമാതിരി ബാലിയും കംബോഡിയയും ഒക്കെ പോലെ തോന്നി. ഞാൻ വണ്ടർ അടിച്ചു നിന്നു അങ്ങു കണ്ടു. ആ വഴിയിൽ ഒരുപാട് ഇതേപോലുള്ള ക്ഷേത്രങ്ങൾ ആർക്കിയോളോജിക്കൽ ഡിപ്പാർട്മെന്റ് സംരഷിച്ചു നിലനിർത്തിയിട്ടുണ്ട്. അതുടെ കണ്ടേക്കാം..
ഇപ്പോഴാ ഓർത്തെ, വൈകിട്ട് ബോധ്ഗയ പോകാൻ ഉള്ള ട്രെയിൻ ഉണ്ട്. അമ്മ മെസ്സേജ് അയച്ചും ഓർമിപ്പിച്ചു. ഇതുവരെ അമ്മേനോട് നന്നായി സംസാരിച്ചില്ലല്ലോ. ചെന്നിട്ടു വേണം ലേശം കുശലം പറയാൻ. ആള് അസാധ്യ സിത്താർ പ്ലയെർ ആണ്. ഇടയ്ക്ക് എനിക്ക് അതിന്റെ വീഡിയോ അയച്ചു തരും. സമയം ഇല്ലാതെ ആയിപോയി. അല്ലെ അമ്മേനെ കൊണ്ട് പെരുപ്പിച്ചേനെ. പുള്ളികാരിക്കും ബോധ്ഗയ വരാൻ താല്പര്യം ഉണ്ടെന്നേ. നിലവിലെ സാഹചര്യത്തിൽ പറ്റൂലാന്ന്. അങ്ങനെ വിട്ടീൽ വന്നു, രാത്രിയിൽ യാത്ര പറഞ്ഞു, സ്റ്റേഷനിൽ നിന്നും വണ്ടി പിടിച്ചു ജനറലിൽ കുത്തിയിരുന്ന് ബീഹാർ ലക്ഷ്യമാക്കി പോയി…
അടുത്ത പുലരിയിൽ രാഷ്ട്രീയം ആണ് തകർത്തു. ജനറൽ അല്ലെ അറഞ്ചം പുറഞ്ചം തർക്കം അതും പെണ്ണുങ്ങളും ഒട്ടും മോശമല്ല. ഞാൻ കരുതി ഇവരൊന്നും ഇത്രേം രാഷ്ട്രീയ ബോധം ഉള്ളവർ അല്ലെന്നു ഞെട്ടിച്ചു കളഞ്ഞു. അവരുടെ രാഷ്ട്രീയ തെള്ളൽ കാരണം ട്രെയ്നിൽ സമയവും പോയി ട്രെയിൻ ലേറ്റ് ആകാതെ എത്തുകയും ചെയ്തു. ഇത് ഒരു മിറക്കിൾ തന്നെ, ഇന്ത്യൻ റെയിൽവേ…
ഗയയിൽ നിന്നും ബോധ്ഗയ അടിപൊളി ഓട്ടോ സഫാരി. നല്ല കൂറ നാടാണ് ഒരു വികസനവും ഇല്ല. കട്ട ട്രാഫിക്കും, റോഡിൽ ആണെകിൽ ഓട്ടോ മാത്രം. ബോധ്ഗയ എത്തിയപ്പോൾ സ്ഥിതി മാറി. എയർപോർട്ട് ബോര്ഡുകൾ, ആർമി ക്യാമ്പുകൾ ലേശം തണുപ്പും. എനിക്ക് ആണേൽ കൈയിൽ ആകെ 6 മണിക്കൂർ ഉള്ളു. ഇന്ന് തന്നെ തിരിച്ചു സ്റ്റേഷൻ പിടിച്ചു വാരാണസി വെളുപ്പിനെ എത്തണമേ. അങ്ങനെ മഹാബോധി ക്ഷേത്രം എത്തി ഇതിപ്പോ എന്താ പറയുക, ഇന്ത്യയിലെ വിദേശ കോളനി പോലെ ഉണ്ട്. തലങ്ങും വിലങ്ങും കട്ട സെക്യൂരിറ്റി ചെക്കിങ്. കൂടാതെ റിംപോച്ചി മാരുടെ പല വെറൈറ്റി. എല്ലാം സ്റ്റോർ റൂമിൽ ഏൽപ്പിച്ചു ഞാനും നടന്നു. അവർക്കൊപ്പം ഒന്നും മിണ്ടാതെ വളരെ നിശബ്ദമായി..
നല്ല ആമ്പിയൻസ് ഉള്ള പ്രദേശം. ഗൗതമ ബുദ്ധന്റെ ബോധി മരവും എല്ലാം ഇവിടെത്തന്നെയാ കേട്ടോ. അതുണ്ടൊക്കെയാ ഇത്രേം ബുദ്ധമത വിശ്വാസികൾ.. പിന്നെ എന്നും അവിടെ മരത്തിന്റെ ചുവട്ടിൽ അവരുടെ മെഡിറ്റേഷൻ ഉണ്ട് നല്ല കിടിലം ഐറ്റം. എന്തൊരു ജീവനാണ് അവരുടെ മ്യൂസിക്.. ഒരുതരം പോസിറ്റീവ് വൈബ് വന്നു അങ് മറിയുവാ. ഞാനും കൂടി അരമണിക്കൂറോളം അത് ആത്രേയക്കും മികച്ച അനുഭവം ആണ്..
ഇവിടെ നമ്മുടെ ചൂട് കഞ്ഞിവെള്ളവും മധുരമുള്ള വടയും കിട്ടും വൈകുന്നേരത്ത് ഫ്രീയാണ്. വിശപ്പ് ശമിപ്പിക്കും. ഇനി ഇവിടെ വലിയ ഒരു ബുദ്ധ പ്രതിമ ഉണ്ട്. അങ്ങോട്ട് ഒക്കെ അൽപ്പം നടക്കണം. വേണ്ട വിഷമിക്കണ്ട, എല്ലാം ചുറ്റി കാണിക്കാൻ ഇഷ്ട്ടം പോലെ ഇലക്ട്രിക് ഓട്ടോ സുസജ്ജം. അങ്ങനെ അവിടുള്ള സകല രാജ്യക്കാരുടെയും മൊണാസ്റ്ററി കണ്ടു. ഒടുവിൽ പ്രതിമയുടെ മുൻപിൽ. കൊള്ളാം പുറകിൽ അസ്തമയ സൂര്യന്റെ കിരണങ്ങൾ കൊണ്ട് ആകെ ദൂരേന്നു ഒരു നിഴലിൽ ഇരുന്നു ധ്യാനിക്കുന്ന ബുദ്ധൻ. പെരുത്തിഷ്ടം ചുമ്മാതല്ല ഇതൊക്കെ ലോക പൈതൃകം ആയത്. കാണേണ്ട കാഴ്ചകൾ തന്നെ…
9 മണിക്ക് ഉള്ള ട്രെയിൻ പിടിക്കണം അതും ജനറൽ. ഇരിക്കാൻ ഇടം കിട്ടിയില്ലേൽ ബാക്ക്പാക്ക് ഒക്കെ ആയി ആകെ ചളം ആകുമല്ലോ…ഓട്ടോ പിടിച്ചു നേരെ സ്റ്റേഷനിൽ ലേശം നേരത്തെ തന്നെ എത്തി. കാര്യങ്ങളുടെ കിടപ്പുവശം അറിയണമല്ലോ.. സബാഷ് നല്ല തിരക്ക്. എന്നതായാലും ട്രെയിനും വന്നു, സീറ്റും പിടിച്ചു. ഒറ്റയ്ക്ക് ആയോണ്ട് എവിടെയും ഇടം ചോയ്ക്കാം. വേറെ ആരെയും പറ്റി ചിന്തിക്കണ്ടല്ലോ…
അങ്ങനെ അടുത്ത പ്രഭാതം എന്റെ യാത്രയിൽ ഏറ്റവും കൂടുതൽ ദിവസം ചിലവഴിക്കാൻ പോകുന്ന ഇന്ത്യയുടെ പുരാതന നഗരം. പടവുകളുടെയും, ഗലികളുടെയും, പൗരാണികതേയുടെയും, പട്ടിന്റെയും ഈറ്റില്ലം “ബനാറസ്”. സ്റ്റേഷനിൽ നിന്നും ഓട്ടോ പിടിച്ചു ഹോസ്റ്റലിൽ എത്തി ഒന്ന് കിടന്നു ഉണർന്നപ്പോൾ ഒരു ഹൈദ്രബാദുകാരൻ ചെങ്ങായിയുടെ ഗുഡ് മോർണിംഗ്. രാവിലെ അമ്പലത്തിൽ പോകാൻ ക്ഷണം. ഒന്നും നോക്കിയില്ല എല്ലാം സെറ്റ്. ഇനിയാണ് കോമഡി.. അളിയൻ കുറച്ചു നാളുകൾ കൊണ്ട് ഇവിടെ ഉണ്ട്. ഏകദേശം ബോയ്സ് പടത്തിലെ മറ്റേ പയ്യനെ പോലെ, ഫുൾ അന്നദാന ലിസ്റ്റും അളിയന് അറിയാം. “എന്റെ അന്നദാന പ്രഭുവെ..” എന്ന് മനസ്സിൽ വിളിച്ചു ചെക്കന്റെ ഒപ്പം..
രാവിലെ നല്ല തിരക്ക് കണ്ടിട്ട് ചങ്ക് പറയാ ഇന്ന് ഇനി അമ്പലം വേണ്ട. നാളെ വെളുപ്പിനെ ബ്രോ ഒറ്റയ്ക്ക് വന്ന മതി. ഇപ്പൊ നമ്മക്ക് ഫുഡ് അടിക്കാം എന്ന്. അങ്ങനെ നല്ല സൂപ്പർ ആഹാരവും കഴിച്ചു റൂമിലോട്ടു. അവിടെ ടെറസിൽ നിന്നും നോക്കിയാൽ നല്ല അടിപൊളി വ്യൂ ആണ്. തൊട്ടു ചേർന്ന് കാശി ക്ഷേത്രം, താഴെയായി ഗംഗ, പടർന്നു കിടക്കുന്ന കെട്ടിടങ്ങൾ എന്നാ ഫ്രെയിം…
അങ്ങനെ അന്ന് വൈകിട്ട് ദശാശ്വമേധ ഘട്ടിലെ ഗംഗ ആരതിയും കണ്ടിട്ട്, കുറച്ചു നല്ല സാധു സാമിമാരെയും കൂട്ടത്തിൽ കള്ള കൂറ സ്വാമിയെയും കണ്ടു നടന്നു. കിടക്കുവല്ലേ ഇങ്ങനെ പടർന്നു ഗംഗ.. നാല് ദിവസം മുന്നേ കടൽക്കാറ്റു ആരുന്നേൽ ഇന്ന് വേറൊന്നു. ആ നടത്തത്തിൽ ആണ് ഹർജിത്തിനെ പരിചയപെടുന്നത്. ആളൊരു ഗിറ്റാർ ഒക്കെയായി വന്നിരുന്നു അങ്ങനെ പാടുവാണ്. എന്തൊരു ഫീൽ ആണ് ചങ്ങായിമാരെ നല്ല റിയലിസ്റ്റിക്..ചിലതൊക്കെ നമ്മളെ തേടി വരും. 4 പാട്ടു മുഴുവൻ പാടി ആള്. കൂടിയവർ എല്ലാം ഒന്നായി, ഒരേ പടവിൽ, ഒരേ താളത്തിൽ.. അങ്ങനെ മനുഷ്യൻ ആയി കുറച്ചു നേരം ലയിച്ചിരുന്നു..ശേഷം അതൊക്കെ ഓർത്തു ഒരു കിടപ്പ്..
ഇനിയിപ്പോ നാളെ പോകേണ്ടത് ആണ് അമ്പലത്തിൽ. അങ്ങനെ നേരം പരാ പരാ പുലർന്നപ്പോൾ നേരെ അമ്പലം ദർശനം. പിന്നെ നമ്മുടെ മണികര്ണികയിലെ പ്രസിദ്ധമായ മോക്ഷ പ്രക്രിയ കണ്ടു തുടങ്ങാം എന്ന് കരുതി. എപ്പഴും ആരേലും ഒക്കെ ആ ചിതയിൽ കാണും. എന്ത് വ്യത്യസ്ത ആചാരങ്ങൾ, സംസ്കാരങ്ങൾ. അവിടുന്നു അസ്സി ഘട്ടിലേക്കുള്ള വഴിയിൽ എത്രെയോ ഘട്ടുകൾ. ചിലയിടത്തു കല്യാണം, മറ്റു ചിലയിടത്തു കഞ്ചാവ്, കുറച്ചിടത്തു ബോട്ടിലെ ചേട്ടന്മാരുടെ ചൂതാട്ടം. അസ്സിയോട് അടുക്കുമ്പോ കോളേജ് പിള്ളേരുടെ പാർക്ക് പോലെയും…
ഒരൊറ്റ നടത്തത്തിൽ കാണുന്നത് വൈവിധ്യമായ കാഴ്ചകൾ.. അതാണ് ഈ നഗരത്തിന്റെ പ്രത്യേകത..
നേരം വൈകിയാൽ പിന്നെ ഗംഗ ആരതി പതിവാ. അതോണ്ട് ഇന്ന് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി വിടാം എന്നങ്ങു വെച്ച്..കളർ ആകുമല്ലോ എന്നൊരു ചിന്ത.. കൂടാതെ ഏഷ്യയിലെ ഏറ്റവും വലിയ റെസിഡന്റിൽ യൂണിവേഴ്സിറ്റി അല്ലെ.. അതു പോരാഞ്ഞിട്ടു നല്ല ലൈബ്രറി, മ്യൂസിയം എല്ലാം ഉണ്ട്. നോബൽ രബീന്ദ്രനാഥ് ടാഗോർ വരെ ചെയർമാൻ ആരുന്നു. എനിക്ക് കിട്ടിയ സർപ്രൈസ് കാഴ്ച ഇല്ലാത്ത ആറു സുഹൃത്തുക്കളെ ആയിരുന്നു. അവരോടൊപ്പം ഞാൻ നടന്നു. കാശി വിശ്വനാഥ പുതിയ ക്ഷേത്രത്തിന്റെ മുൻപിൽ ഇരുന്നു ചായയും കുടിച്ചു ഒരുപാട് നാൾ ഓർക്കാൻ പറ്റുന്ന നിമിഷങ്ങൾ സമ്പാദിച്ചു. അന്ന് അവരെ പിരിഞ്ഞതിന്റെ വിഷമത്തിൽ ആരുന്നു ഉറക്കം..
അടുത്ത ദിവസം പോകേണ്ട സ്ഥലം ലല്ലപൂര നല്ല ബനാറസ് പട്ടുസാരി ഉണ്ടാകുന്ന ഇടം. തലേന്നു വന്നപ്പോൾ ഒരു മണിക്കൂർ ഹോസ്റ്റലിനു താഴെ ഉള്ളൊരു കടയിൽ നിന്നും കിട്ടിയ അറിവുകൾ ആണ് ഇതൊക്കെ. അവിടുത്തെ പവർ ലൂം പരിപാടിയും, പഴയ കൈപ്പണി പരിപാടിയും, ഡിസൈനിഗും എല്ലാം നന്നായി അങ് മനസിലാക്കി കൂടാതെ സാരികൾ പരമ്പരാഗതമായി ചെയ്യുന്നത് മുസ്ലീം സമുദായം. അന്നും ഇന്നും അവർക്ക് ദുരിതം. പിന്നെ അതിനെ കാശുള്ളവൻ നല്ല രീതിയിൽ വിറ്റു കോടികൾ ഉണ്ടാക്കുന്നു..
തെരുവുകളിലെ കച്ചോടവും എല്ലാ ദിവസവും പൊടിപൊടിക്കുന്നു. ഒരു മനോഹരമായ പ്രദേശം ആണ് വാരാണസി. കൂടാതെ ഒരുതരം മത്തു പിടിപ്പിക്കുന്ന ശബ്ദ കോലാഹലവും.. പ്രത്യേകിച്ചു ബൈക്കിന്റെയും ഓട്ടോയുടെയും. കൂട്ടത്തിൽ ഒന്ന് പറയാതെ വയ്യ. ഇന്ത്യയിൽ ഇത്രേം നന്നായി കഞ്ചാവ് മാഫിയ പ്രവർത്തിക്കുന്ന പ്രദേശവും ഇതുതന്നെ. ഒരു വിശ്വാസത്തിന്റെ മറവിൽ അങ്ങേയറ്റം സ്വതന്ത്രമായി എന്തും നൽകാൻ അവിടെ ആളുകൾ ഉണ്ട്.
അപ്പൊ പിന്നെ വിടാം അല്ലെ. ബനാറസിന് നേരിട്ട് ട്രെയിൻ പിടിച്ചു മധ്യപ്രദേശിലോട്ട്. അവിടെ ഒരു ഒന്നൊന്നര പൈതൃകം ഉണ്ടേ “ഖജുരാഹോ”.. സ്ലീപ്പർ ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്‌തോണ്ട് രാത്രി കയറി കിടന്നാൽ നാളെ വെളുപ്പിനെ സ്റ്റേഷൻ പിടിക്കാം. അങ്ങനെ ഒടുവിൽ നമ്മൾ ഖജുരാവോ എത്തി. ഇവിടെ ഞാൻ വർണിക്കാൻ ആളല്ലേ.. എല്ലാം കിടിലം. 4 ഗ്രൂപ്പിൽ ഏറ്റവും മികച്ചത് വെസ്റ്റേൺ ബ്ലോക്ക്. ഹിന്ദുയിസം, ജൈനിസം വെച്ചാണ് ആരാധന ഉണ്ടായിരുന്നത്. നാഗര ആർക്കിടെക്ചർ നല്ല രീതിയിൽ ആസ്വദിക്കാവുന്ന ഒരു ഇടമാണ് ഖാജു. ഖജുരാഹോ മോണുമെന്റ്സ് തീർച്ചയായും ഒരു പാഠ പുസ്തകം തന്നെയാണ്. അതുകൊണ്ടു തന്നെ ലോക പൈതൃകങ്ങളിൽ മികച്ചതും. അത്രത്തോളം ആളുകൾ പ്രത്യേകിച്ചും വിദേശികൾ സന്ദർശിക്കുന്നു, മനസിലാക്കുന്നു.. എന്താരുന്നു ഇന്ത്യയുടെ പൈതൃകം..
കൂട്ടത്തിൽ കുറച്ചു നേരം പരിചയപ്പെട്ട ലണ്ടൻകാരി കൊച്ചിനോട് നമ്മുടെ നാടിനെ പറ്റി വാ തോരാതെ പറയാൻ എന്തൊക്കെ ഉണ്ടെന്നു എനിക്ക് മനസിലായത് അവളുടെ നാട്ടിലെ പൈതൃകങ്ങളെ പറ്റി ചോയ്ച്ചപ്പോൾ ആണ്. അവൾ ഓർത്തു ഓർത്തു എന്തൊക്കെയോ നാലെണ്ണം പറഞ്ഞു. എന്താല്ലേ?? ഇനി ഇപ്പൊ മറ്റിടം കൂടി കറങ്ങി വന്നു കിടക്കണം. നാളെ രാവിലെ നമ്മക്ക് ജാൻസി പോയിട്ട് അത് വഴി കേരള എക്സ്പ്രസ്സ് പിടിക്കണം. അതുമാത്രം അല്ല വീണ്ടും ഒരു 5 മണിക്കൂർ സമയം ജാൻസിയിൽ കിട്ടും. അപ്പോൾ പിന്നെ മണികര്ണികയിലെ തന്റേടിയായ റാണിയുടെ സാമ്രാജ്യം കാണണ്ടേ..
അങ്ങനെ അടുത്ത ദിവസം രാവിലെ ഓട്ടോയിൽ ഷെയർ കിട്ടി മറ്റേ നമ്മുടെ ലണ്ടൻകാരി പിള്ളേരുടെ ഒപ്പം. അതോണ്ട് 100 പോകേണ്ടിടത് നമ്മക്ക് 30 പോയൊള്ളു. രാവിലേ 9:25നു ട്രെയിൻ, 1 മണിക്ക് അങ്ങു എത്തുമെന്ന് പറഞ്ഞിരുന്നു, വീണ്ടും മിറക്കിൾ..സ്റ്റേഷനിലെ ക്ലോക്ക് റൂമിൽ ബാഗും വെച്ചിട്ട് ഓട്ടോ പിടിച്ചു. ആദ്യം ജാൻസി മ്യൂസിയം. കാര്യം കാണാൻ പോകുന്നെന്റെ ചരിത്രം അറിയണല്ലോ..
പണ്ട് പഠിച്ചത് ഒക്കെ ലേശം ഓർമ്മ വന്നു. കൂടാതെ കുറച്ചു ശില്പങ്ങളും ആ മ്യൂസിയതിൽ സൂക്ഷിച്ചിട്ടുണ്ട്. അവിടുന്ന് നടന്നു ജാൻസി ഫോർട്ടിൽ കയറി. നടക്കാൻ തുടങ്ങിയതും 360 ഡിഗ്രി മൊത്തം ജാന്സിയും നുമ്മ നിരീക്ഷണ വലയത്തിൽ ആണെന്ന് മനസിലായി. നീയൊരു പെണ്ണായി പോയി എന്നൊക്കെ ഡയലോഗ് അടിച്ചോണ്ട് ഈ പ്രദേശത്തു വന്നാൽ തീർന്നു. അമ്മാതിരി മാസ്സ് ആരുന്നു റാണി ലക്ഷ്മി ഭായ്. കോട്ടയ്ക്കുള്ളിൽ നല്ലൊരു അനുഭവം നമ്മക്ക് ലഭിക്കും..
ഇതുനോട് തൊട്ടു താഴെ പുറത്തായി തമ്പുരാട്ടി കുട്ടിയുടെ കൊട്ടാരം ഉണ്ടെന്നേ.. നമ്മക്ക് അതൂടെ കാണാം. ഇവിടെല്ലാം പ്രത്യേക പാസ്സ് എടുക്കണം. പിന്നെ കൊട്ടാരം അത്ര പോരാ. സിമ്പിൾ ആണ്. ഇപ്പോ മ്യൂസിയം പോലെ പ്രവർത്തിക്കുവാ. കുറച്ചേറെ ബിംബങ്ങളുടെ കൂട്ടം കാണാം. ഇനി ഇവിടുന്നു ഇറങ്ങിയാൽ പിന്നെ ഒരു ചെറിയ ജാൻസി പാർക്ക് കൂടി ഉണ്ട്. അവിടെ ഒന്ന് കറങ്ങി റെയിൽവേ സ്റ്റേഷനിൽ എത്താം. അങ്ങനെ കറങ്ങി ബാഗും എടുത്ത് വീട്ടിലേക്ക് ഉള്ള നമ്മുടെ ട്രെയിൻ കയറാം. രണ്ടാം പകൽ വീട് പിടിക്കാം…
ഇനി നമ്മുക്ക് ചിലവ് ഒക്കെ നോക്കണ്ടേ? നീട്ടി വലിച്ചു എഴുതുന്നില്ല. ഇതിൽ സംശയം ചോദിച്ചാൽ പൂർണ മനസ്സോടെ മറുപടി പറയാം. ക്യാഷ് ഇല്ലാ അല്ലേൽ ഒത്തിരി ആകും എന്നൊക്കെ ചിന്തിക്കുന്നത് ആദ്യം നിർത്തണം. പട്ടിണിയും വലിയ അലച്ചിലും ഇല്ലാതെ പോകാൻ പറ്റുന്ന ഒരു പ്ലാൻ ആണ് ഇതെന്ന് തോനുന്നു. ഇനിയും ഇതിൽ കുറയ്ക്കാൻ സാധിക്കും. കാര്യം ഞാൻ പ്ലാൻഡ് അല്ലാരുന്നു. ഇതിൽ നിന്നും 1000 കുറച്ചു ഇനി ഇതേ സ്ഥലം പോകാൻ പറ്റുമെന്നു കോൺഫിഡൻസ് ഉണ്ട്. എനിക്ക് മാത്രം അല്ല നിങ്ങൾക്ക് ഓരോരുത്തർക്കും.
ട്രെയിൻ ടിക്കറ്റ്സ്: എറണാകുളം – ഭുവനേശ്വർ (അന്ത്യോദയ) 465 രൂപ (ജനറൽ), ഭുവനേശ്വർ – ഗയ (ബീഹാർ) (പുരുഷോത്തം എക്സ്പ്രസ്സ് ) 235 രൂപ (ജനറൽ), ഗയ – വാരാണസി (ജമ്മു തവി എക്സ്പ്രസ്സ്) 85 രൂപ (ജനറൽ), വാരാണസി – ഖജുരാഹോ (ബിസ്‌ബി കുർജ് ലിങ്ക് എക്സ്പ്രസ്സ്) 265 രൂപ (സ്ലീപ്പർ), ഖജുരാഹോ – ജാൻസി (ഉദൈപൂർ എക്സ്പ്രസ്സ്) 75 രൂപ (ജനറൽ), ജാൻസി – ചെങ്ങന്നൂർ (കേരള എക്സ്പ്രസ്സ്) 1000 രൂപ (തത്കാൽ സ്ലീപ്പർ).
താമസം :ഭുവനേശ്വർ (2 ദിവസം കൗച് സർഫിങ്), വാരാണസി (3 ദിവസം 600 രൂപ), ഖജുരാഹോ (1 ദിവസം 200 രൂപ). ബാക്കി ദിവസങ്ങളിൽ ട്രെയിനിൽ. പ്രവേശന പാസുകൾ : സൺ ടെംപിൾ (40 രൂപ), ഉദയഗിരി – ചന്ദ്രഗിരി കേവ്സ് (25 രൂപ), ഖജുരാഹോ (40 രൂപ), ജാൻസി ഫോർട്ട് (25 രൂപ), മ്യൂസിയം (25 രൂപ), പാലസ് (25 രൂപ).
പ്രധാന ഓട്ടോറിക്ഷ ചിലവുകൾ : ഗയ സ്റ്റേഷനിൽ നിന്നും മഹാബോധി വരെ ഷെയർ 40 രൂപ. ഒരു സൈഡിലോട്ടു 16 km. വാരാണസിയിൽ സ്റ്റേഷനിൽ നിന്നും ദശാശ്വമേധ ഘട്ട് വരെ 4 km 20രൂപ. ഖജുരാഹോ സ്റ്റേഷനിൽ നിന്നും വെസ്റ്റേൺ ഗ്രൂപ്പ് വരെ ഷെയർ 9 km 50രൂപ. അവിടെ തന്നെ മറ്റു ഗ്രൂപുകളിൽ കൂടി പോകുമ്പോൾ ഏകദേശം 150 രൂപ ചിലവ് വരും. ഇത് കൂടാതെ ഭുവനേശ്വർ, ജാൻസി സ്റ്റേഷനിൽ നിന്നും വളരെ ചിലവ് കുറഞ്ഞു സഞ്ചരിക്കാൻ സാധിക്കും. മൊത്തത്തിൽ എനിക്ക് ഓട്ടോ ഉപയോഗത്തിൽ ചെലവായത് 550 രൂപയോളം ആണ്.
ബസ് ചിലവുകൾ : ഭുവനേശ്വർ- കൊണാർക് (60 രൂപ), കൊണാർക് – പുരി (40രൂപ), പുരി – ഭുവനേശ്വർ (50 രൂപ ), കേവ്സ് – ലിംഗരാജ് (10 രൂപ). ഇത്രേം ഇടങ്ങളിലെ ഞാൻ ബസ് യാത്ര നടത്തിയുള്ളു. കുപ്പിവെള്ളം, ചായ, കോഫി, ലസ്സി മൊത്ത ചിലവ് 541 രൂപ. വെള്ളം റീഫില്ലിങ് 5 രൂപയ്ക്ക് റെയിൽവേ സ്റ്റേഷനിൽ ഉണ്ടായതിനാൽ കുപ്പി കളയാതെ സൂക്ഷിച്ചാൽ ചിലവ് കുറയ്ക്കാം..
ഓൺലൈൻ ബുക്കിങ് നല്ല അവസരം ആണ്. പ്രേയോജനപെടുത്തുക. ലേശം വെയിറ്റ് ചെയ്താൽ പ്രൈസ് ഡ്രോപ്പ് ചെയ്യുമ്പോൾ റൂമുകൾ ബുക്ക് ചെയ്യാം. ഷെയർ സർവീസ് ഉപയോഗിക്കാൻ ശ്രെമിക്കുക. കൂടാതെ സമയം കൃത്യമായി ഉപയോഗിക്കാൻ ശ്രമിക്കുക, ഏറ്റവും വിലപ്പെട്ടത് അതാണ്….