എഴുത്ത് – Anuroop Chandra.

ഏതാണ്ടൊരു പത്തു വർഷങ്ങൾക്കു ശേഷം കിഴക്കേകോട്ടയിലെ ശ്രീ പദ്മനാഭ തീയേറ്ററിനു മുന്നിൽ നിന്നും പ്രാവച്ചമ്പലത്തേക് ഒരു ലോക്കൽ ബസ് കയറി. ഡ്രൈവറുടെ തൊട്ടു പിന്നിൽ ഇടതുവശത്തുള്ള സീറ്റും കിട്ടിയപ്പോൾ തിരുവന്തപുരം നഗരത്തിന്റെ ഇരമ്പലിൽ ഓർമ്മകൾ കുറേ പിന്നിലേക്ക് പോയി.

പതിന്നാലു രൂപയാണ് ടിക്കറ്റ് ചാർജ്. അതേ സ്റ്റാൻഡിൽ നിന്നും മൂന്നര രൂപക്ക് ടിക്കറ്റ് എടുത്തു യാത്ര ചെയ്തത് ഇന്നലത്തെപോലെ ഓർമയുണ്ട്. അന്ന് വിവിധ വർണങ്ങളിൽ ഉള്ള പിന്നിൽ കലണ്ടർ പോലെ കളങ്ങൾ ഉള്ള നീണ്ട ടിക്കറ്റ് ആയിരുന്നു. ആ കളങ്ങൾ എന്തിനായിരുന്നുവെന്നു ഇപ്പഴും എനിക്കറിയില്ല. അല്ലേലും ഈ ആവശ്യമില്ലാത്ത കാര്യങ്ങളിലൊന്നും നമ്മൾ തിരുവനന്തപുരത്തുകാർ പണ്ടേ ഇടപെടാറില്ലല്ലോ. പതിവുപോലെ ഞാൻ കയറിയ ബസ്സിന്‌ പിന്നാലെ വന്ന ബസുകൾ പലതും പോയിട്ടും നമ്മടെ ഡ്രൈവർ ചേട്ടൻ ലവലേശം കൂസലില്ലാതെ ഇരിക്കുന്നു. കുറെ പേർ ഇറങ്ങി വേറെ ബസിൽ കയറി. വർഷങ്ങളിത്ര കഴിഞ്ഞിട്ടും ഇതിനൊന്നും ഒരു മാറ്റവും വരാത്തത് ഓർത്തിരുന്നപ്പോൾ നമ്മടെ വണ്ടിയും സടകുടഞ്ഞെണീറ്റു.

അത്യാവശ്യം നല്ല കണ്ടിഷൻ ഉള്ള വണ്ടിയാണ്. പണ്ടുള്ള ലോക്കൽ ബസുകൾ പലതും ഐഡിൽ ചെയ്യുമ്പോ കുടുകുടാ വിറയ്ക്കുമായിരുന്നു. വിറയലിന്റെ ഉച്ചസ്ഥായിയിൽ താടിയെല്ല് വരെ വിറച്ചു ഞാൻ ധൃതങ്ങപുളകിതൻ ആയിട്ടുണ്ട് പലപ്പോഴും. പലർക്കും അങ്ങനെ തോന്നിയിട്ടുണ്ടാവുമോ അതോ എന്റെ മാത്രം തോന്നലാണോ! ആവോ ! ആനവണ്ടിയുടെ ഫ്രണ്ട് സീറ്റിൽ ഇരുന്നാൽ തൊട്ടു മുന്നിൽ ഉള്ള വണ്ടിയെ തൊട്ടു തൊട്ടില്ലാന്നു വെച്ചാണ് നമ്മടെ വണ്ടി പോകുന്നതെന്ന് തോന്നും . അടുത്തിടെ എതോ ട്രോള്ളിൽ കണ്ടപോലെ ”നമ്മടെ വണ്ടിയിങ്ങനെ റോഡ് നിറഞ്ഞു പോയാൽ മറ്റു വണ്ടികൾക്ക് പോകാൻ സ്ഥലം വേണ്ടേ..” എന്ന് തോന്നിയ നിമിഷങ്ങളും സുലഭം !

ആ സ്റ്റാൻഡിൽ നിന്നും വണ്ടി കയറിയാൽ വണ്ടിയിൽ ഉള്ളവരെല്ലാം പരിചയക്കാർ ആയിരിക്കുമെന്ന് പണ്ട് തോന്നിയിട്ടുണ്ട്. St ജോസഫ് സ്കൂളിൽ പഠിക്കുമ്പോ ഞങ്ങൾ കൂട്ടമായി അവിടുന്ന് ഒത്തിരി തവണ ബസ് കയറിയിട്ടുണ്ട്. ചിലപ്പോ വീടിനടുത്തുള്ള ഒരു മാമൻ ആയിരിക്കും കണ്ടക്ടർ. അന്ന് ലോട്ടറി ആണ്. ടിക്കറ്റ് മൂപരെടുത്തു തന്നോളും. തീയേറ്ററിന് മുന്നിൽ ഉള്ള സ്റ്റോപ്പ് ആയതുകൊണ്ട് സ്കൂൾ പിള്ളേർ സദാ സമയവും അവിടെയുണ്ടാകും. ആരേലും കണ്ടാൽ ബസ് കേറാൻ വന്നതാണെന്ന് പറയാമല്ലോ. പണ്ട് ടൈറ്റാനിക് റിലീസ് ആയത് അവിടെയായിരുന്നു.

ബസ് സ്റ്റാൻഡിനു മുന്നിലുള്ള സിഗ്നലിൽ ബസുകൾ നിരനിരയായി നിൽക്കുമ്പോ പദ്മനാഭന് മുന്നിൽ ആനകൾ തിടമ്പെടുത്തു നിൽക്കുന്ന പോലെ തോന്നിയിട്ടുണ്ട്. അതിലൊരു ബസിൽ ഇരിക്കുമ്പോ ഒരു ആനപ്പുറത്തിരിക്കുന്ന പോലെയും. (ഇരുന്നിട്ടില്ലായെങ്കിലും).

ലോക്കൽ ബസിൽ മാത്രമായിരുന്നു അന്ന് 2 ഡോർ ഉള്ളത്‌ . പലതിലും മുന്നിലത്തെ ഡോർ തുറന്നു കയറിട്ടു കെട്ടി വെച്ച നിലയിലാണ് ഓടിയിരുന്നത്. ഇന്നിപ്പോ റോഡ് സേഫ്റ്റി അതോറിറ്റി ഒക്കെ ഇടപെടും എന്നുള്ളത് കൊണ്ടാവാം എല്ലാം നല്ല അടിപൊളി ഡോറുകൾ. പുതിയ ട്രെൻഡ് ഫ്രണ്ട് ഡോറിന്റെ പിടി ഇളക്കി മാറ്റുക എന്നുള്ളതാണ്. അതുവഴി ആളു കയറാതിരിക്കാൻ. ടിക്കറ്റ് ചോദിച്ചു കണ്ടക്ടർ വരുമ്പോ ചില ചേട്ടന്മാർ മുന്നിലത്തെ ഡോറിലൂടെ ഇറങ്ങി പിന്നിൽ പോയി കയറുമായിരുന്നു. തൂങ്ങി ഉള്ള യാത്രയിൽ അതെല്ലാം വളരെ എളുപ്പം നടന്നിരുന്നു.

സ്റ്റോപ്പുകളിൽ നിർത്തുമ്പോ ഒള്ള സൗണ്ട് ഇഫക്ട് ഒക്കെ പോയിപ്പോയിരിക്കുന്നു. പണ്ട് പാറപ്പുറത് ഇച്ചിരി വലിയ ഒരു ചിരട്ടയിട്ടുറക്കുന്ന ശബ്ദത്തോടെ ബസ് സ്റ്റോപ്പുകഴിഞ്ഞു ഇത്തിരി മുന്നോട്ടു പോയി നിക്കുമ്പോൾ ചേച്ചിമാർ ഓടിവരുന്നത് റിയർ വ്യൂ മിററിലൂടെ ”നിസ്സഹായനായി” നോക്കിയിരിക്കുന്ന ഡ്രൈവർ ചേട്ടന്മാരെയും ഓർമ്മവരുന്നു.

ബസ് വെള്ളായണി കഴിഞ്ഞിരിക്കുന്നു. അന്നും ഇന്നും എന്റെ സ്റ്റോപ്പ് എത്താറാവുമ്പോൾ ഞാൻ നേർവസ് ആവും. ചിലപ്പോൾ പണ്ടെങ്ങാനും സ്റ്റോപ്പ് കഴിഞ്ഞു നിർത്താൻ പറഞ്ഞപ്പോ ചീത്ത കിട്ടിക്കാണും. ഓർമ്മകൾ പലപ്പഴും KSRTC ബസുകൾ പോലെയാണ്. വരുമ്പോ ഇതുപോലെ ഒന്നിച്ചൊരു വരവാ…!!

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.