എഴുത്ത് – എബിൻ കോലടിയിൽ.
പുതിയ കാലഘട്ടത്തിന്റെ ഗതാഗത സംസ്കാരം പഴയതിനേക്കാൾ ഏറെ വ്യത്യസ്തമാണ്.. ഏറെ നന്മകളുള്ള പൊതുഗതാഗത മേഖലയെ ഏതാണ്ട് പാതിയോളം ഉപേക്ഷിച്ച മട്ടാണ് പുതുതലമുറ. എന്നാൽ പൊതുഗതാഗതത്തിന്റെ നന്മയും മേൻമയും ഉൾക്കൊണ്ട് അതിനെ നെഞ്ചിലേറ്റി നടക്കുന്ന ഒരുപിടി നല്ല മനുഷ്യർ ഇന്നും നമ്മുടെ നാട്ടിൽ ഉണ്ട്.
ഇന്ന് ഏറ്റവും കുറഞ്ഞത് ഒരു വീട്ടിൽ ഒരു വണ്ടി എങ്കിലും കാണും. അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി മാത്രമല്ല, പത്തോ നൂറോ മീറ്റർ നടക്കാനുള്ള ദൂരത്ത് പോലും വാഹനത്തിൽ സഞ്ചരിക്കുന്നത് നമ്മുടെയൊക്കെ ശീലമായിപ്പോയി. ആരോഗ്യത്തിലും ആയുർദൈർഘ്യത്തിലും അതിന്റെ പരിണിത ഫലങ്ങൾ കണ്ടുവരുന്നുണ്ട്. 5മിനിറ്റ് ഇടവേളകളിൽ ബസ് സർവീസ് ഉള്ള സ്ഥലത്തുപോലും കാറിലോ, ബൈക്കിലോ പോയാലേ നമുക്കൊരു സംതൃപ്തി കിട്ടുകയുള്ളൂ.. അതിന്റെ പരിണതഫലങ്ങൾ പലപ്പോഴും നമ്മൾ പത്രമാധ്യമങ്ങളിൽ കാണാറുണ്ട്.
ഗുരുതരാവസ്ഥയിൽ രോഗിയുമായി പോയ ആംബുലൻസ് സമയത്ത് ആശുപത്രിയിൽ എത്താതെ രോഗി മരിക്കുന്നു – കാരണം ട്രാഫിക് ബ്ലോക്ക്. സമയത്ത് എത്താനുള്ള ബസുകളുടെ മരണപ്പാച്ചിലിൽ പല നിഷ്കളങ്ക ജീവനുകളും റോഡിൽ പൊലിയുന്നുപൊലിയുന്നു- കാരണം ട്രാഫിക് ബ്ലോക്കിൽ പെട്ടതിനാൽ സമയത്ത് എത്താൻ സാധിക്കുന്നില്ല
ഇതൊക്കെയും ചെറിയ ചെറിയ ഉദാഹരണങ്ങൾ മാത്രം. നമ്മുടെ നിത്യജീവിതത്തിൽ തന്നെ എത്രയോ ഉദാഹരണങ്ങൾ. ഇന്നത്തെ സാഹചര്യത്തിൽ ഒരു ദീർഘദൂര യാത്ര പുറപ്പെട്ടാൽ കൃത്യസമയത്ത് എത്തിച്ചേരാൻ കഴിയുമോ? ഒരിക്കലും കഴിയില്ല.
ഈ ട്രാഫിക് ബ്ലോക്ക് എന്ന, റോഡിലെ ഏറ്റവും വലിയ ദുർഘടത്തിന് പ്രധാന കാരണം നമ്മുടെ നിരത്തുകളിലെ വാഹനപ്പെരുപ്പം തന്നെയാണ്. ഒാരോ ദിവസവും എത്രയെത്ര പുതിയ വാഹനങ്ങൾ ആണ് നിരത്തു കീഴടക്കാൻ എത്തുന്നത്? വാഹന കമ്പനികൾ പരസ്യം പറയുന്നതുപോലെ നിരത്തുകൾ കീഴടക്കുകയാണ് വാഹനങ്ങൾ. റോഡിൽ നിറയെ വാഹനങ്ങൾ. ഒരു ദീർഘദൂര യാത്രയിൽ ഒരു തട്ടലും മുട്ടലും ഇല്ലാതെ ഓടിച്ചെത്തണമെങ്കിൾ ഡ്രൈവർ അത്രകണ്ട് പരിചയസമ്പന്നൻ ആവണം.
അനുദിനം വർദ്ധിച്ചു വരുന്ന ട്രാഫിക് ബ്ലോക്കിന് തടയിടാനുള്ള ഏകമാർഗ്ഗവും പൊതുഗതാഗതം ആണ്.. ഒരു കാറിൽ അഞ്ചു പേർക്ക് ഇരുന്നു യാത്ര ചെയ്യാം. ബൈക്കിൽ രണ്ടുപേർക്കും യാത്ര ചെയ്യാം. എന്നാൽ ഒരു ബസ്സിൽ അൻപതു പേർക്ക് സുഖമായി ഇരുന്ന് യാത്രചെയ്യാം. അതായത് പത്തു കാറുകളിൽ യാത്ര ചെയ്യുന്ന അത്ര ആളുകളെ ഒരു ബസ്സിൽ ഉൾക്കൊള്ളും. സ്റ്റാന്റിംഗ് കൂടി നോക്കിയാൽ അതിലും അധികം വരും.. ബൈക്കുമായി താരതമ്യം ചെയ്താൽ ഇരുപത്തഞ്ചു ബൈക്കുകൾക്ക് പകരം ഒരു ബസ്സ് മതി.. അതാണ് പൊതുഗതാഗതത്തിന്റെ മേന്മ.
അതുപോലെ തന്നെ ചെറിയ ഒരു പ്ലേ ഗ്രൌണ്ടിൽ നാലോ അഞ്ചോ കുട്ടികൾ ഓടിക്കളിക്കുന്നു, തമ്മിൽ കൂട്ടിമുട്ടാനുള്ള സാധ്യത വിരളമാണ്, പക്ഷേ അതേ ഗ്രൌണ്ടിൽ അമ്പതോ അറുപതോ കുട്ടികൾ ചറപറാ ഓടി നടന്നാൽ കൂട്ടിയിടിയുടെ എണ്ണവും കൂടും, നൂറു കുട്ടികൾ ഓടുകയാണെങ്കിൽ അപകട സാധ്യത വീണ്ടും കൂടും.. ഇപ്പോൾ മനസ്സിലായോ വാഹനപ്പെരുപ്പവും റോഡപകടങ്ങളും തമ്മിലുള്ള ആത്മബന്ധം?.. അവിടെ ആണ് പൊതുഗതാഗതത്തിന് പ്രസക്തി ഏറുന്നത്..
നമ്മുടെ പൊതുഗതാഗത മേഖല അനുദിനം ക്ഷയിച്ചു പൊയ്ക്കൊണ്ടിരിക്കുകയാണ് ഇന്ന്, പ്രത്യേകിച്ച് ബസ് വ്യവസായം, സ്വകാര്യ ബസുകളും ആർ. ടി. സി കളും എല്ലാം പൂട്ടിക്കെട്ടലിന്റെ വക്കിൽ എത്തി നിൽക്കുന്നതാണ് ഇന്നത്തെ സാഹചര്യം. ഒരു സർവീസ് നിലച്ചു പോയാൽ ജീവിതം വഴിമുട്ടുന്നത് അതിനെ ആശ്രയിച്ചു ജീവിക്കുന്ന ഒരുപറ്റം മനുഷ്യരാണ്. പട്ടിണിയിൽ ആവുന്നത് അവരുടെ കുടുംബങ്ങളും. ഒരുകാലത്ത് നമ്മുടെ യാത്രകളിൽ സഹായമായി മാറിയ പൊതുഗതാഗത മേഖലയെ നാശത്തിൽ നിന്നു കൈപിടിച്ചുയർത്തേണ്ടത് നമ്മുടെ കടമ മാത്രമല്ല നമ്മുടെ ആവശ്യം കൂടിയാണ്. വർധിച്ചു വരുന്ന വാഹനങ്ങൾ മറ്റു പല പ്രശ്നങ്ങൾക്കും കാരണകർത്താക്കൾ ആണ്.
വായു മലിനീകരണം, ശബ്ദ മലിനീകരണം തുടങ്ങി മലിനീകരണ പ്രശ്നങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട് ഇപ്പോൾ പറഞ്ഞാൽ തീരില്ല വാഹനപ്പെരുപ്പം വലിയൊരു വിപത്തായി മാറിക്കൊണ്ടിരിക്കുന്നു.. പൊതുഗതാഗത മേഖല ശക്തിപ്പെട്ടേ തീരൂ.
ഇതൊന്നും കൂടാതെ പഴയ കാലഘട്ടത്തിന്റെ ഒരു നന്മ നമ്മുടെ പൊതുഗതാഗത മേഖല ഇന്നും കാത്തുസൂക്ഷിക്കുന്നു.. വിൻഡോ ഗ്ലാസ്സുകൾ എല്ലാം ഉയർത്തി എന്റെ/സി ഇട്ട് കാറിൽ പോകുന്നവർക്കും, ഹെൽമെറ്റുകൊണ്ട് മുഖം മുഴുവനും മറച്ച് ബൈക്കിൽ പോകുന്നവനും മറ്റുള്ളവരുമായി ഇടപഴകാനോ, ബന്ധങ്ങൾ വളർത്താനോ, സൌഹൃദങ്ങൾ കാത്തുസൂക്ഷിക്കാനോ കഴിയുന്നുണ്ടോ? പക്ഷേ, പൊതുഗതാഗത സംസ്കാരം അതിൽനിന്നു വ്യത്യസ്തമാണ്, ഒരു ബസ്സിൽ യാത്ര ചെയ്യുന്ന ആളുകൾ, സൌഹൃദങ്ങൾ, സനേഹ ബന്ധങ്ങൾ, പരിചയങ്ങൾ എല്ലാം പഴയവയെ വളർത്താനും പുതിയ ബന്ധങ്ങൾ നേടാനും എല്ലാം സാധിക്കുന്നു, നമുക്ക് ഇതുവഴി..
മാത്രമല്ല തിരക്കുള്ള റോഡിൽ, മലയോര പാതകളിൽ, വനമേഖലയിൽ ചെറിയ വാഹനങ്ങളിൽ വലിയ റിസ്ക് എടുത്ത് ഡ്രൈവ് ചെയ്യുന്നതിന്റെ ടെൻഷൻ, മാനസിക സമ്മർദ്ദം എല്ലാം ഒഴിവാക്കാനുള്ള ഒരു ഔഷധം കൂടിയാണ് ഈ ബസ് യാത്രകൾ.. ആ വിൻഡോ സീറ്റിൽ ഇരുന്ന്, സകല ടെൻഷനുകളും മറന്ന്, അസ്വസ്ഥതകളെ അവരുടെ വഴിയേ വിട്ട്, ചിന്താഭാരങ്ങൾ കാറ്റിൽ പറത്തി അങ്ങനെ യാത്ര ചെയ്യുമ്പോൾ ഉണ്ടാവുന്ന സുഖം, ഒന്നു വേറെതന്നെ അല്ലേ?
പറയാനുള്ളത് ഇത്രമാത്രം – പൊതുഗതാഗതം സംരക്ഷിക്കൂ.. നന്മ നിറഞ്ഞ പൊതുഗതാഗത സംസ്കാരം മറ്റുള്ളവരിൽ പകർന്നു നൽകൂ…