വിവരണം – പ്രശാന്ത് കൃഷ്ണ, ചിത്രങ്ങൾ_കടപ്പാട് – Jay R Krishnan.
എന്റെ യാത്രകൾ പലതും വളരെ വൈകി രൂപപ്പെടുന്നവയാണ്. സാഹചര്യങ്ങൾക്കനുസരിച്ചാണ് സമയവും സ്ഥലവും ഒക്കെ തീരുമാനിക്കുന്നത് . ചിലപ്പോഴൊക്കെ എന്റെയും കൂടെ വരുന്നവരുടെയും അസൗകര്യം കാരണം മനസില്ലാമനസോടെ പല യാത്രകളും ഒഴിവാക്കേണ്ടി വന്നിട്ടുമുണ്ട്, അസ്വസ്ഥമായ മനസിൽ ഉണർവും പുതുജീവനും നല്കാൻ പ്രകൃതിക്കും അതിനോടിണങ്ങിയുള്ള യാത്രകൾക്കും കഴിയും. യാത്രകൾ മനസിനുനൽകുന്ന സന്തോഷം പറഞ്ഞറിയിക്കാനാകില്ല. കാടും, പുഴകളും, മലനിരകളും ഒക്കെയായി പ്രകൃതി നമുക്കായി ഒരുക്കി വച്ചിരിക്കുന്ന മായാജാലം ആസ്വദിക്കുമ്പോൾ കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെയല്ലേ.
മൂന്നു മാസങ്ങൾക്കു മുൻപ് ഒരു ഞായറാഴ്ച പതിവുപോലെ ഒരു യാത്ര തട്ടിക്കൂട്ടി, സഹയാത്രികരായ എല്ലാവരെയും വിളിച്ചു. ഭാഗ്യം ഓരോരുത്തരും ഓരോ ബുദ്ധിമുട്ടുകൾ പറഞ്ഞു ഒഴിവായി. എന്തായാലും ഒറ്റയ്ക്ക് വീട്ടിലിരുന്നു വട്ടാകും എന്നതിനാൽ യാത്രപോകാൻ തന്നെ ഞാൻ തീരുമാനിച്ചു. പതിവിൽ നിന്ന് വ്യത്യസ്തമായി ഒറ്റയ്ക്കൊരു യാത്ര. ഒറ്റയ്ക്ക് ഇതുവരെ യാത്രകൾ പോയിട്ടില്ലാത്തതിനാൽ ഓരോരുത്തരെയായി വീണ്ടും വിളിച്ചുനോക്കി സ്ഥിതിക്കു മാറ്റമില്ല ആരും യാത്രയ്ക്കുണ്ടാകില്ല എന്നറിയിച്ചു. അങ്ങനെ ഒറ്റയ്ക്കുള്ള എന്റെ ആദ്യ യാത്രയ്ക്ക് കളമൊരുങ്ങി. പത്രങ്ങളിലൂടെയും അല്ലാതെയും ഒരുപാട് കേട്ടറിഞ്ഞ തിരുവനന്തപുരം ജില്ലയിലെ ഒരു മലയോര ഗ്രാമത്തിലേക്കാണ് എന്റെ യാത്ര. പലപ്പോഴും പോകണം എന്നാഗ്രഹിച്ച ഗ്രാമം. പച്ചപ്പ് നിറഞ്ഞ വനപ്രദേശവും, ചെറിയ മലനിരകളും, അരുവികളും, പുഴയും, ആരാധനാലയങ്ങളുമെല്ലാം കൊണ്ട് അനുഗ്രഹീതമായൊരു കുഞ്ഞു മലയോര ഗ്രാമം അമ്പൂരി.
എന്റെ വീട്ടിൽ നിന്നും അധികം അകലെയല്ല അമ്പൂരി എങ്കിൽക്കൂടി അവിടേയ്ക്കു ഇതുവരെ പോകാൻ സാധിച്ചിട്ടില്ല. അതിനാൽ ഇത്തവണ യാത്ര മാറ്റിവയ്ക്കാൻ മനസ്സ് അനുവദിച്ചില്ല. അങ്ങനെ ഞായറാഴ്ച രാവിലെ 7 മണിക്ക് എന്റെ സ്വന്തം പടക്കുതിരയുമായി ഞാൻ വീട്ടിൽ നിന്നും ഇറങ്ങി. ഏകദേശം 33 കിലോമീറ്റർ ദൂരമുണ്ട് വീട്ടിൽ നിന്നും അമ്പൂരിക്ക്. തിരുവനന്തപുരം നഗരത്തിൽ നിന്നും 36 കിലോമീറ്ററും. നെടുമങ്ങാട് – ആര്യനാട് – കുറ്റിച്ചൽ – കള്ളിക്കാട് വഴിയാണ് എനിക്ക് അമ്പൂരിയിലെത്തേണ്ടത്. നെടുമങ്ങാട് നിന്നും വണ്ടിയിൽ ഇന്ധനവും നിറച്ചു നേരെ അമ്പൂരി ലക്ഷ്യമാക്കി നീങ്ങി. യാത്ര കള്ളിക്കാട് പിന്നിട്ടു അല്പം കൂടി മുന്നോട്ടുപോയപ്പോൾ തന്നെ കാലാവസ്ഥയിൽ ചെറിയൊരു മാറ്റം അനുഭവപ്പെട്ടു തുടങ്ങി. നേരിയ തണുപ്പുണ്ട് ഇവിടെ. തലേദിവസം പെയ്ത മഴ അവിടമാകെ തണുപ്പിച്ചിരിക്കുന്നു. അമ്പൂരിയിൽ എന്റെ ആദ്യ ലക്ഷ്യസ്ഥാനം ദ്രവ്യപ്പാറയാണ്. ഒരുപാട് വായിച്ചറിഞ്ഞ ദ്രവ്യപ്പാറ ലക്ഷ്യവമാക്കി എന്റെ വാഹനം നീങ്ങി.
പണ്ട് ആദിവാസികൾക്ക് കരം ഒഴിവാക്കിക്കൊടുത്ത അമ്പൂരിയിലെ ആയിരത്തിയൊന്ന് പറനിലം ദ്രവ്യപ്പാറയ്ക്ക് അഭിമുഖമായി ഉണ്ടായിരുന്നത്രേ .
ഈ നിലത്തിൽ കൃഷി ചെയ്തിരുന്ന ആദിവാസികൾ അവരുടെ ക്ഷേമത്തിനായി കൊയ്തെടുക്കുന്ന നെല്ല് അരിയാക്കി ദ്രവ്യപ്പാറയിലെ ഗുഹാക്ഷേത്രത്തിൽ പായസം വെച്ച് നിവേദിച്ചിരുന്നുവെന്നും ആദിവാസികൾ അക്കാലത്ത് സുലഭമായിരുന്ന പ്രത്യേക ഇനം ഞാർ നട്ട് ഉച്ചയ്ക്ക് കതിരിട്ട് വൈകുന്നേരത്തോടു കൂടി കൊയ്ത് അന്നന്ന് കഞ്ഞി വെച്ചിരുന്നതിനാൽ ഈ പാടം അന്നൂരി പാടം എന്നറിയപ്പെട്ടിരുന്നതായും അത് പിന്നീട് അമ്പൂരിയായി മാറി എന്നും പറയപ്പെടുന്നു.
അമ്പൂരി എന്ന മലയോര ഗ്രാമത്തെ പറ്റിയും ദ്രവ്യപ്പാറ, നെല്ലിക്കാമല എന്നീ സ്ഥലങ്ങളെപ്പറ്റിയും ആദ്യം അറിയുന്നത് ശ്രീറാം സാരംഗി എന്ന വ്യക്തിയുടെ മുഖപുസ്തകത്തിലെ വിവരണങ്ങളിൽ നിന്നുമാണ്. എന്റെ ഈ ചെറിയ വിവരണത്തിലെ ചില ഐതീഹ്യപരമായ ഭാഗങ്ങൾ അദ്ദേഹത്തിന്റെ വിവരണങ്ങളിൽ നിന്നും കടം കൊണ്ടവയാണ്, അദ്ദേഹത്തോടുള്ള കടപ്പാട് അറിയിച്ചുകൊണ്ട് ദ്രവ്യപ്പാറയുടെ ചില ഐതീഹ്യങ്ങളിലേയ്ക്ക്.
അമ്പൂരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി പരന്നുകിടക്കുന്ന 1500 അടിയോളം ഉയരമുള്ള നെല്ലിക്കമലയുടെ നെറുകയിലാണ് ദ്രവ്യപ്പാറ സ്ഥിതി ചെയ്യുന്നത്. എട്ടുവീട്ടിൽ പിള്ളമാരിൽ നിന്നും രക്ഷ നേടാൻ മാർത്താണ്ഡവർമ്മ മഹാരാജാവ് ഒളിച്ചു പാർത്തത് നെല്ലിക്കാമലയിലെ ദ്രവ്യപ്പാറയിലെന്നാണ് ഐതീഹ്യം.മാർത്താണ്ഡവർമ്മയ്ക്ക് ദ്രവ്യപ്പാറയുടെ മുകളിൽ എത്താൻ അക്കാലത്ത് കൊത്തിയതെന്ന് നാട്ടുകാർ വിശ്വസിക്കുന്ന 72 പടികൾ ഇന്നും ആളുകളെ മുകളിൽ എത്തിക്കാൻ സഹായിക്കുന്നു. കുടപ്പനമൂട് ,പൊട്ടൻ ചിറ വഴിയാണ് ഞാൻ ദ്രവ്യപ്പാറയിൽ എത്തിയത്. ഞായറാഴ്ച ആയതിനാൽ വഴിയിൽ അങ്ങിങ്ങായി നാട്ടുകാർ കൂട്ടം കൂടി വെടിവട്ടം പറഞ്ഞിരിപ്പുണ്ട് അവരോടൊക്കെ അന്വേഷിച്ചു വളരെ പണിപ്പെട്ടു ദ്രവ്യപ്പാറയിൽ എത്തിച്ചേർന്നു. ദ്രവ്യപ്പാറയുടെ ഏകദേശം അടുത്തുവരെ വാഹനമെത്തുന്ന പാതയുണ്ട്,ഞാൻ വണ്ടി ഒതുക്കി വച്ച് ഇറങ്ങി നടന്നു ഒരാളെ പോലും കാണാനില്ല ഒന്ന് വഴി ചോദിക്കാൻ നേരെ മുൻപോട്ടു നടന്നു അല്പം മുന്നിൽ ഒരു പാറമടയാണ്. പണ്ടെങ്ങോ പാറ ഖനനം നടത്തിയതാണ് ഏതായാലും ആരുടെയൊക്കെയോ ശ്രെമഭലമായാകണം ഇന്നത് പ്രവർത്തിക്കുന്നില്ല എന്നത് ആശ്വാസം നൽകുന്നു.
ഞാൻ തിരികെ നടന്നു ഭാഗ്യം അടുത്തൊരു വീട്ടിൽ ഒരാൾ നിൽപ്പുണ്ട് പുള്ളിയോട് വഴി തിരക്കി ഇടത്തേക്ക് കൈ ചൂണ്ടി മുകളിലെത്താനുള്ള വഴി കാണിച്ചു തന്നു. അദ്ദേഹം പറഞ്ഞുതന്ന വഴിയിലൂടെ ഞാൻ പാറയുടെ മുകളിലേയ്ക്കു കയറി തലേദിവസം പെയ്ത മഴ പാറകളെ വഴുക്കലുള്ളതാക്കിയിരിക്കുന്നു ഈ ചെറിയ ദൂരം താണ്ടാൻ വളരെയധികം കഷ്ടപ്പെടേണ്ടി വന്നു, ഓരോ ചുവടു മുന്നോട്ടു വയ്ക്കുംതോറും മറ്റാരോ പുറകിൽ നിന്നും പിടിച്ചു വലിക്കുമ്പോലെ എനിക്ക് തോന്നി. മണിക്കൂറുകൾ നീണ്ട മലകയറ്റങ്ങളിൽ പോലും ഇത്തരം ഒരനുഭവം ഉണ്ടായിട്ടില്ല. രണ്ടുമൂന്നു സ്ഥലങ്ങളിൽ നിന്നു ക്ഷീണമകറ്റിയ ശേഷം ഒരുവിധം ഞാൻ മുകളിലെത്തി. അല്പം ക്ഷീണമകറ്റിയ ശേഷമാണ് ഒന്ന് നിവർന്നു നോക്കിയത്. പകുതിയിലേറെ ദൃശ്യങ്ങൾ റബ്ബർ മരങ്ങൾ മറച്ചിരിക്കുന്നു എന്നിരുന്നാലും മോശമല്ലാത്ത കാഴ്ചകൾ തന്നെയാണ് ദ്രവ്യാപ്പാറ എനിക്ക് സമ്മാനിച്ചത് ഒരു മണിക്കൂറോളം അവിടെ ചുറ്റിനടന്ന ശേഷം ഞാൻ താഴെയെത്തി.
അമ്പൂരിയിലെ അടുത്ത എന്റെ ലക്ഷ്യസ്ഥാനം കുമ്പിച്ചൽ കടവാണ്. വണ്ടിയുമെടുത്തു അവിടം ലക്ഷ്യമാക്കി യാത്ര തുടർന്ന് വഴിയിൽ കണ്ട നാട്ടുകാരോട് തിരക്കി കുമ്പിച്ചൽ കടവിൽ എത്തിച്ചേർന്നു. വണ്ടിയൊതുക്കി വച്ച ശേഷം കടവിനടുത്തേയ്ക്കു നടന്നു രണ്ടുമൂന്നു സ്ഥലവാസികൾ അവിടെ ചൂണ്ടയുമിട്ടു നിൽപ്പുണ്ട്. അകലെനിന്നു കാണുമ്പോൾ തന്നെ മരതകവർണത്തിലുള്ള കടവിലെ ജലം നമ്മുടെ മനം കവരും എന്നതിൽ സംശയമില്ല. ഞാൻ ചൂണ്ടയിടുന്നവരുടെ അടുത്തെത്തി. കാര്യമായി ഒന്നും തന്നെ തടഞ്ഞിട്ടില്ല അവർക്ക്. കുറെ നേരം അവർക്കൊപ്പം ചിലവിട്ടു. അവരോടു അമ്പൂരി എന്ന ഗ്രാമത്തെപ്പറ്റി അന്വേഷിച്ചറിഞ്ഞു. കടവിൽ ഒരു വള്ളം കിടപ്പുണ്ട്. ഗ്രാമീണർക്ക് കടവ് കടന്നു മറുകരയിൽ എത്താനുള്ള മാർഗമാണ് ആ വള്ളം. കടവിന് അക്കരെ നെയ്യാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ വനപ്രദേശമാണ്. പുറത്തുനിന്നുള്ളവർക്കു അവിടെയെത്തുക എന്നത് അത്ര എളുപ്പമല്ല എന്ന് ഗ്രാമവാസികൾ എന്നോട് പറഞ്ഞു.
അല്പസമയത്തിനകം അവർ കടത്തുവള്ളത്തിൽ അക്കരെയ്ക്കു…കൂടെ ഞാനും….. അവരോടൊപ്പം വള്ളത്തിലിരുന്നു അമ്പൂരിയിലെ കാഴ്ച്ചകൾ ആസ്വദിക്കുന്ന തിരക്കിലായിരുന്നു ഞാൻ. കാഴ്ചകൾ പലതും തുറന്നെഴുതാൻ സാധിച്ചിട്ടില്ല. നെല്ലിക്കമലയിലും ദ്രവ്യപ്പാറയിലും ഒതുങ്ങുന്നതല്ല അമ്പൂരിയിലെ കാഴ്ചകൾ. അമ്പൂരി എന്ന മലയോരഗ്രാമത്തിലെ കാണാക്കാഴ്ചകൾ ഏറെയാണ്. മറ്റൊരിക്കൽ നിങ്ങളെ കൂട്ടിക്കൊണ്ടുപോകാനാകും എന്ന വിശ്വാസത്തോടെ അമ്പൂരിയോട് വിടചൊല്ലി. പോരും വഴി ആര്യനാട് ശംഭു ശങ്കരനിൽ നിന്നും ആഹാരവും കഴിച്ചു മറ്റൊരു യാത്രയിലേയ്ക്ക്.