എഴുത്ത് – ഷെഫീഖ് ഇബ്രാഹിം (കണ്ടക്ടർ, കെഎസ്ആർടിസി എടത്വ ഡിപ്പോ).
ഒരു കണ്ടക്ടറെ സംബന്ധിച്ചിടത്തോളം യാത്രികരുടെ വിശ്വാസം നേടിയെടുക്കേണ്ടത് പരമ പ്രധാനമായ ഒന്നാണ്. ഉദാഹരണത്തിന് യാത്ര വേളയില്‍ കണ്ടക്ടര്‍ നല്‍കി എന്ന് അദ്ദേഹത്തിന് ഉറപ്പുളള ടിക്കറ്റ് പറന്നു പോകുകയോ, ബസ്സില്‍ എവിടേക്കെങ്കിലും വീഴുകയും ചെയ്താല്‍ യാത്രികര്‍ പലപ്പോഴും പരിഭ്രമിച്ച് ടിക്കറ്റ് നല്‍കിയില്ല എന്ന നിഗമനത്തില്‍ സ്വയം എത്താറുണ്ട്. ഒരു പക്ഷേ, ഇന്‍സ്പെക്ടര്‍ പരിശോധനക്ക് കയറുമ്പോള്‍ ആ ടിക്കറ്റ് കാണിക്കാന്‍ കഴിയില്ലല്ലോ എന്നോര്‍ത്താകും ഇപ്രകാരം ഒരു തീരുമാനത്തിലെത്തുന്നത്.
സ്നേഹനിധികളായ യാത്രികരോട് ഒരപേക്ഷയുണ്ട്. അപ്രകാരം ഒരിക്കലും ചെയ്യരുത്. അപ്രകാരം ചെയ്യുമ്പോള്‍ ആ ടിക്കറ്റിന്‍റെ ചാര്‍ജ്ജ് വലുതായാലും, ചെറുതായാലും കണ്ടക്ടറില്‍ നിന്നും നഷ്ടമാകുന്നു. തിരക്കുളള സമയത്ത് യാത്രികരുടെ എണ്ണം ഒരു പക്ഷേ, എണ്ണുവാന്‍ കഴിഞ്ഞില്ല എന്ന് വരാം. അതിനു പകരം പ്രസ്തുത വിവരം കണ്ടക്ടറെ അറിയിക്കുക. ബസ്സില്‍ തന്നെ പറന്നു വീഴുന്ന ടിക്കറ്റ് മിക്കവാറും ബസ്സിന്‍റെ മുന്‍വശം ഡ്രൈവര്‍ സീറ്റിനരികിലോ മറ്റോ പറന്നു വീഴാം. അത് കണ്ടെത്തുവാന്‍ കണ്ടക്ടറുടെ സഹായവും, മറ്റ് യത്രികരുടെ സഹായവും തേടാവുന്നതാണ്.
സത്യസന്ധത ചെക്ക് ബുക്കിനേക്കാള്‍ വിലപ്പിടിപ്പുളളതാണ് എന്നാണ് വ്യക്തിപരമായി ഞാന്‍ വിശ്വസിക്കുന്നത്. ടിക്കറ്റ് നല്‍കിയിട്ടും ഒരു കണ്ടക്ടറോട് അത് കിട്ടിയില്ല എന്ന് പറയുമ്പോള്‍ മറ്റു യാത്രികരുടെ മുമ്പില്‍ അവര്‍ക്കുണ്ടാകുന്ന മാനസികാവസ്ഥ ആരും ചിന്തിക്കാറില്ല. നഷ്ടപെട്ട ടിക്കറ്റ് കണ്ടക്ടര്‍ കണ്ടെത്തി കൊണ്ടുവരുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം തിരിച്ചറിയണം. കുറച്ച് സമയം മതി പേഴ്സിലോ, മറ്റോ നഷ്ടപ്പെടുന്ന ടിക്കറ്റുകള്‍ കണ്ടെത്തുവാന്‍. അല്ലാത്ത സാഹചര്യങ്ങള്‍ വളരെ വിരളമായി സംഭവിക്കുന്നതാണ്.
ഇത്തരം ഒരു അനുഭവം ഇന്നലെ തിരുവനന്തപുരത്ത് നിന്ന് എടത്വക്ക് വരുമ്പോള്‍ ഉണ്ടായി. ടിക്കറ്റ് മുന്‍വശത്ത് ഡ്രൈവര്‍ സീറ്റിനടിയില്‍ നിന്നും മറ്റു യാത്രികരുടെ സഹായത്താല്‍ കണ്ടെത്തി നല്‍കിയപ്പോള്‍ ഞാന്‍ പറഞ്ഞു “സത്യസന്ധത ചെക്ക് ബുക്കിനേക്കാള്‍ വിലപ്പിളളതാണ്” എന്ന്. വനിതാ യാത്രികയെ നോക്കി പറയുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞിരുന്നു. ആ അമ്മക്കും സങ്കടമായി. പറഞ്ഞു മനസ്സിലാക്കുകയാണ് ചെയ്തത്. മറ്റുളളവര്‍ക്ക് ഈ വിഷയത്തില്‍ ബോധവത്ക്കരണമായി ഇത് മാറുമെന്നും കരുതുന്നു….