വിവരണം – സുജിത്ത് എൻ.എസ്.
ആയിരവല്ലി പാറ എന്നത് വർഷങ്ങൾകൊണ്ട് കേൾക്കുന്ന ഒരു പേരാണ്.. വീടിനടുത്തുള്ള അവിടെ ഒന്നും തന്നെ കാണില്ല എന്ന് ചിന്തിച്ചിരുന്നത് കൊണ്ട് തന്നെയായിരുന്നു അവിടെ ഇതുവരെ പോകാതിരുന്നത്.. പെണ്ണുമ്പുള്ളയുമായി കന്യാകുമാരി പോകാനിരുന്നത് കുടുംബക്കാർ ചുഴലിക്കാറ്റ് പെരുമഴ സുനാമി എന്നൊക്കെ പറഞ്ഞ് തകർത്തപ്പോൾ മനസ്സു മടുപ്പായി.. അങ്ങനെയിരിക്കുമ്പോഴാണ് ആയിരവല്ലി പാറ കുറച്ച് ഓർമ്മ വന്നത്.. കൂട്ടുകാരെ പലരെയും വിളിച്ചു.. ആർക്കുമൊരു താൽപ്പര്യവുമില്ല അവിടെ പോകാൻ.. അവിടെ ഒന്നുമില്ല എന്നൊക്കെ പറഞ്ഞ് പലരും മനസ്സു മടുപ്പിക്കാൻ നോക്കി.. പക്ഷേ നമ്മുടെ മനസ്സ് എങ്ങനെ മടുക്കാൻ.. അവസാനം എവിടെ പോകാൻ വിളിച്ചാലും വരുന്ന സുമേഷിനെ പ്രവീണയും അവരുടെ വീട്ടിൽ ചെന്ന് പൊക്കിയെടുത്തു ഞങ്ങൾ വീട്ടിൽ നിന്ന് 5 കിലോമീറ്റർ അകലെയുള്ള ആയിരവല്ലി പാറയിലേക്ക് വച്ചുപിടിച്ചു..
കൊട്ടാരക്കര നിന്ന് നാലു കിലോമീറ്റർ അകലെ മൈലത്ത് എംസി റോഡിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ഉള്ളിലാണ് ആയിരവല്ലി പാറ സ്ഥിതി ചെയ്യുന്നത്… വികസനം അധികം ഒന്നുമില്ലാത്ത നാടാണെങ്കിലും നല്ല റോഡ് ആണ് അവിടെ ഉള്ളത്….. ഗ്രാമഭംഗി നിറഞ്ഞു തുളുമ്പി നിൽക്കുന്ന പ്രദേശം… പോകുന്ന വഴി പാടത്ത് ക്രിക്കറ്റ് കളി നടക്കുന്നുണ്ടായിരുന്നു.. അത് ഞങ്ങളെ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളിലേക്കും മറ്റും കൊണ്ടുപോയി… പിന്നെ ഞങ്ങളുടെ ചർച്ച പണ്ടത്തെ ഞങ്ങളുടെ ക്രിക്കറ്റിനെക്കുറിച്ച് ആയിരുന്നു.. ചർച്ച ഒന്ന് ചൂടുപിടിച്ചു വന്നപ്പോഴേക്കും സ്ഥലം എത്തിച്ചേർന്നു.. വിജനമായി കിടക്കുന്ന റോഡിന് വശത്തായി ഞങ്ങൾ കാർ ഒതുക്കിയശേഷം അവിടെ കണ്ട ഒരു ചെറിയ വഴിയിലൂടെ ഞങ്ങൾ പാറയെ ലക്ഷ്യമാക്കി നീങ്ങാൻ തുടങ്ങി.. നേരത്തെ ഒരു പാതിരാത്രി എങ്ങാണ്ട് അവിടെ പോയിട്ടുണ്ട് എന്ന് വീരവാദം മുഴക്കി സുമേഷ് മുന്നിൽ യാത്ര ആരംഭിച്ചു…
താഴെ നിന്നും ഏകദേശം 300 മീറ്ററോളം ഒണ്ട് പാറയുടെ മുകളിലേക്കുള്ള ദൂരം.. ഒരു റബ്ബർ തോട്ടവും ചില കുറ്റിക്കാടുകളും കടന്നു വേണം നമുക്ക് പാറയുടെ മുകളിൽ എത്തിച്ചേരാൻ.. പോകുന്ന വഴിയിൽ പാറയോടു ചേർന്ന് അങ്ങിങ്ങായി നിരവധി കശുവണ്ടി മരങ്ങൾ നിൽപ്പുണ്ടായിരുന്നു.. അതിൽ നിറയെ പറങ്ങാണ്ടി പഴങ്ങളും നിൽപ്പുണ്ടായിരുന്നു.. അവയും കടന്ന് ഞങ്ങൾ പാറയുടെ മുകളിൽ എത്തിച്ചേർന്നു.. അവിടെ ആനയുടെ പൃഷ്ടം പോലെയുള്ള രണ്ടു വലിയ പാറകൾ ആയിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്… രണ്ടു പാറകളിലും അമ്പലം പോലെ ഒന്ന് കെട്ടി വച്ചിട്ടുണ്ടായിരുന്നു.. അതിൽ സ്ഥിരമായി വിളക്കു കത്തിക്കലും മറ്റും ഉണ്ടെന്ന് അത് കണ്ടപ്പോൾ ഞങ്ങൾക്ക് തോന്നി.. അതുപോലെതന്നെ രണ്ടു പാറകളിലും രണ്ട് ചെറിയ കുളങ്ങൾ ഉണ്ടായിരുന്നു.. രണ്ടു കുളങ്ങളും ഈ ചൂട് സമയത്തും നിറഞ്ഞു തുളുമ്പി നിൽക്കുകയായിരുന്നു.. ഇത്രയൊക്കെ ഉണ്ടായിട്ടും ഞായറാഴ്ചയായിരുന്നിട്ട് പോലും ആ പ്രദേശത്തെങ്ങും ഞങ്ങളെ കൂടാതെ ജീവനുള്ള മറ്റൊന്നിനെ പോലും കാണാൻ ഉണ്ടായിരുന്നില്ല.. നല്ല കാറ്റ് ഉണ്ടായിരുന്നത് കൊണ്ട് ഞങ്ങൾക്ക് നല്ല ഉന്മേഷം അനുഭവപ്പെട്ടു..
ആ പാറയുടെ മുകളിൽ നിൽക്കുമ്പോൾ കൊട്ടാരക്കരയുടെ ഏകദേശം മുഴുവൻ ഭാഗങ്ങളും കാണാൻ ഞങ്ങൾക്ക് സാധിക്കുമായിരുന്നു.. എം സി റോഡിൽ കൂടെ തുരുതുരാ വണ്ടികൾ പോകുന്നത് കാണാൻ നല്ല രസമായിരുന്നു.. ഏകദേശം ഒരു മണിക്കൂറോളം ഞങ്ങൾ അവിടെ ചിലവിട്ടു.. അപ്പോഴാണ് കശുവണ്ടി പഴത്തിന്റെ കാര്യം ഓർമ്മ വന്നത് ഞങ്ങൾ നേരെ കണ്ട ഒരു കശുവണ്ടി മരത്തിൽ തൂങ്ങി കയറി പഴം പറിച്ചു.. ചുവന്ന നിറത്തിലുള്ള ആ പഴത്തിന്റെ പുളിയും ചവർപ്പും മധുരവും കലർന്ന രുചി ഞങ്ങൾ ആവോളം ആസ്വദിച്ചു.. അപ്പോഴേക്കും ഇരുട്ട് വീണു തുടങ്ങിയിരുന്നു.. മഴത്തുള്ളികൾ അങ്ങിങ്ങായി ഞങ്ങളുടെ ദേഹത്ത് പതിക്കാൻ തുടങ്ങി.. ഇനിയും അവിടെ നിന്നാൽ പണി കിട്ടും എന്ന് ഉറപ്പായ ഞങ്ങൾ വേഗം താഴേക്ക് നടക്കാൻ തുടങ്ങി.
താഴെ എത്തിയപ്പോഴേക്കും ഞങ്ങൾക്ക് നല്ല വിശപ്പ് തോന്നിത്തുടങ്ങിയിരുന്നു.. ആ പരിസരത്തെങ്ങും കടകൾ ഒന്നും ഇല്ലാത്തതുകൊണ്ട് ഞങ്ങൾ പതുക്കെ വണ്ടിയിൽ അവിടുന്ന് പതുക്കെ വീട്ടിലേക്ക് തിരിച്ചു .. പോകുന്ന വഴിയിൽ ചായ കുടിക്കാം എന്ന് വിചാരിച്ചു.. ഏകദേശം 200 മീറ്ററോളം വന്നപ്പോൾ അവിടെ ഒരു ചെറിയ ഒരു ചായ കട.. അവിടെ ചൂട് ഗുണ്ട് പൊരിച്ചു പൊരിച്ചിടുന്നു.. ആ ദൃശ്യം കണ്ടപ്പോൾ ഞങ്ങടെ വായിൽ വെള്ളമൂറി. വണ്ടി സൈഡിൽ ഒതുക്കി വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും നല്ല മണം മൂക്കിലേക്ക് തുളച്ചു കയറി.. നല്ല ചൂടു ഗുണ്ട്.. ഞങ്ങൾ ചെന്ന ഉടനെ മൂന്ന് കട്ടൻ കാപ്പിക്ക് ഓർഡർ ചെയ്തു.. എന്നിട്ട് ആ ഗുണ്ട് എടുത്തു വായിലേക്ക് വെച്ചപ്പോൾ എന്താ രുചി.. ഞങ്ങൾ രുചി കാരണം ആറു ഗുണ്ട് അകത്താക്കി.. ശേഷം പൈസയും കൊടുത്തു ഒരു നന്ദിയും പറഞ്ഞു 10 മിനിറ്റിനകം ഞങ്ങൾ വീട് പിടിച്ചു..
കൊട്ടാരക്കര നിന്നും 5 കിലോമീറ്റർ ആണ് ആയിരവല്ലി പാറയിലേക്ക് ഉള്ളത്.. ചൂട് സമയത്ത് കൊല്ലത്ത് ഉള്ളവർക്ക് പോകാൻ പറ്റിയ നല്ലൊരു സ്ഥലമാണ് ആയിരവല്ലി പാറ.. ഒന്നോ രണ്ടോ വട്ടം പോകാനുള്ളതേ ഉള്ളൂ എങ്കിലും ആദ്യം പോകുമ്പോൾ നമുക്ക് ഒത്തിരി ഇഷ്ടമാകും അവിടെ.. ഇഷ്ട്ടംപോലെ കശുവണ്ടി ഉള്ളത് കൊണ്ട് പിച്ചാത്തികൂടെ കൊണ്ടുപോയാൽ അവിടെ ഇരുന്നു പറങ്ങാണ്ടി കീറി തിന്നാൻ നല്ല രസം ആയിരിക്കും.. വൈകുന്നേരങ്ങളിൽ പോകുന്നതാവും നല്ലത്.. ഫാമിലിയായിട്ട് പോകാനും പറ്റിയ സ്ഥലമാണ്.