തെക്ക് നിന്ന് വടക്കോട്ട് ഒരു സോളോ യാത്ര

Total
4
Shares

വിവരണം – BriJish Aar-bi Kadakkal.

തെക്ക് നിന്ന് വടക്കോട്ട് ഒരു സോളോ യാത്ര. തെക്ക് എന്നുപറയുമ്പോൾ ഇങ്ങ് കൊല്ലത്തുന്നു അങ്ങ് വടക്ക് കോഴിക്കോട് കണ്ണൂരിലേക്ക്. ഇങ്ങനെ ഒരു യാത്ര പ്ലാൻ ചെയ്യുമ്പോൾ ആദ്യം അഞ്ചു പേരുണ്ടായിരുന്നു. അവസാനം എത്തിയപ്പോൾ ആളുകളുടെ എണ്ണം കുറഞ്ഞു ഒരാളിൽ എത്തി. നിർഭാഗ്യവശാൽ ആ ഒരാൾ ഞാനായിരുന്നു. അങ്ങനെ ഈ യാത്ര ഒരു സോളോ ട്രിപ്പ് ആയി.

കാറിൽ പോകാൻ ആയിരുന്നു പ്ലാൻ ചെയ്തിരുന്നത് പക്ഷേ ഒറ്റയ്ക്ക് ഉള്ളതു കൊണ്ടും കോഴിക്കോട് വരെ യാത്ര ബോറിങ് ആയിരിക്കും എന്നുള്ളതുകൊണ്ടും ട്രെയിനിൽ ആക്കി യാത്ര. കൊല്ലം റെയിൽവേ സ്റ്റേഷനിൽ കാർ കൊണ്ടിട്ടിട്ടു രാവിലെയുള്ള ജനശതാബ്ദിക്ക് കാലിക്കറ്റ് ലേക്ക് ട്രെയിൻ പിടിച്ചു.

Day1: കാലിക്കറ്റ് എത്തിയിട്ട് കാർ റെന്റിനു എടുത്തു. Indusgo ൽ നിന്നാണ് വണ്ടി എടുത്തത്. രണ്ടുദിവസം മുന്നേ ബുക്ക് ചെയ്തിരുന്നു. ബീച്ച് റോഡിലുള്ള അവരുടെ ഓഫീസിൽ നിന്നും വണ്ടി എടുത്ത് നേരെ ഫുഡ്‌ അടിക്കാൻ പോയി. കോഴിക്കോട് വന്നാൽ ബിരിയാണി നിർബന്ധമാണല്ലോ. ഒന്നുകിൽ പാരഗൺ അല്ലെങ്കിൽ റഹ്മത്ത്. ഞാൻ റഹ്മത്തിൽ ആണ് പോയത്. ഒരുപാട് ഫാമിലി ഉണ്ടായിരുന്നു എല്ലാവരും വെയിറ്റ് ചെയ്തു നിൽക്കുന്നു. നമ്മൾ ഒറ്റയ്ക്ക് ആയതുകൊണ്ട് സീറ്റ് കിട്ടാൻ പാടില്ലായിരുന്നു. മട്ടൻ ബിരിയാണി ആണ് കഴിച്ചത് ഈ ആളുകളൊക്കെ പറയും പോലെ വലിയ സംഭവം ആയിട്ട് ഒന്നും എനിക്ക് തോന്നിയില്ല. കുറ്റം പറയാൻ പറ്റാത്ത ബിരിയാണി അത്രയേ എനിക്ക് തോന്നിയുള്ളൂ.

ഫുഡും കഴിച്ച് കുറച്ച് സമയം റൂമിൽ പോയി റസ്റ്റ് എടുത്തു. വൈകുന്നേരം വെയിൽ ഒക്കെ അല്പം കുറഞ്ഞപ്പോൾ മിഠായി തെരുവിലേക്ക് വച്ച് പിടിച്ചു. സൺഡേ മാർക്കറ്റ് ആയതിനാൽ തന്നെ നല്ല തിരക്കുണ്ടായിരുന്നു. കൊറോണ ഒക്കെ ഉണ്ടോ എന്ന് തന്നെ സംശയം തോന്നി. കോഴിക്കോടിന്റെ ഒരു ഹൃദയഭാഗം എന്നുതന്നെ പറയാം മിഠായിതെരുവ്. നമുക്ക് വേണ്ടതൊക്കെ പ്രത്യേകിച്ച് മധുരം കോഴിക്കോടൻ ഹൽവ വസ്ത്രങ്ങൾ ചെരുപ്പുകൾ ബാഗുകൾ എല്ലാം വിലക്കുറവിൽ ഇവിടെ കിട്ടും. അത്യാവശ്യം കുറച്ച് ഷോപ്പിങ് ചെയ്തു അവിടുന്ന് ഇറങ്ങി.

എസ് കെ പൊറ്റക്കാടിന്റെ ഒരു തെരുവിന്റെ കഥയെ ആസ്പദമാക്കിയാണ് മിഠായിത്തെരുവ് ചെയ്തിരിക്കുന്നത്. തെരുവിലേക്ക് കയറുന്ന ഭാഗത്തു തന്നെ അദ്ദേഹത്തിന്റെ ഒരു പ്രതിമയും ചുവരുകളിൽ നോവലിന്റെ ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നതും കാണാം. മിഠായിത്തെരുവിന്റെ നേരെ എതിരായിട്ട് നമുക്ക് മാനാഞ്ചിറ കുളവും മൈതാനവും കാണാം. കോഴിക്കോട് നഗരത്തിലെ പ്രധാന കുടിവെള്ള സ്രോതസ്സാണ് മാനാഞ്ചിറ കുളം. വൈകുന്നേരങ്ങളിൽ ഇവിടെ ഒരുപാട് പേർ വരുന്നുണ്ട്, കോഴിക്കോട്ടുകാർക്ക് ഇതിനെപ്പറ്റി പറയേണ്ട കാര്യമില്ലല്ലോ. ഇതിനകത്ത് കയറി കുറച്ച് സമയം ഇരിക്കുന്നത് തന്നെ വല്ലാത്ത ഒരു വൈബ് ആണ്. കുട്ടികളുമായി ഒക്കെ വന്നു വൈകുന്നേരങ്ങളിൽ സമയം ചിലവഴിക്കാൻ പറ്റിയ ഒരിടം. ഇതിനകത്ത് വ്യായാമം ചെയ്യാൻ താൽപര്യമുള്ളവർക്ക് ചെറിയ ഒരു ജിമ്മും ഉണ്ട്. ആളുകളൊക്കെ അത് ഉപയോഗിക്കുന്നുമുണ്ട്.

മാനാഞ്ചിറ സ്ക്വയറിൽ നിന്ന് വണ്ടി നേടി കോഴിക്കോട് ബീച്ചിലേക്ക് വിട്ടു. അവിടെ വണ്ടി പാർക്ക് ചെയ്യാൻ നന്നായിട്ട് ബുദ്ധിമുട്ടി. കോഴിക്കോട്ടെ മുഴുവൻ ആളുകളും ബീച്ചിൽ ഉണ്ടെന്ന് തോന്നിപ്പോയി. അത്രക്ക് തിരക്കായിരുന്നു. എവിടെ നിന്നു തുടങ്ങി എങ്ങോട്ട് പോകണം എന്ന് ആലോചിച്ച് കുറച്ച് സമയം നിന്നു. പിന്നെ ഒരറ്റത്തേയ്ക്ക് നടന്നു. കുട്ടികളും മുതിർന്നവരും എല്ലാം ഒരേ പോലെ കടലിലിറങ്ങി കുളിക്കുന്നതും കളിക്കുന്നതും കാണാം. ഓരോരുത്തരും അവരവരുടെ ലോകത്താണ്. ഇത്രയും തിരക്കിനിടയിൽ എല്ലാവരും ഒരേ പോലെ ആസ്വദിക്കുന്നുണ്ട്. അത് കണ്ടിട്ട് കുറച്ചൊക്കെ അൽഭുതം തോന്നി. എന്നെക്കൊണ്ട് ആണേൽ ഇത്രയും തിരക്കിനിടയിൽ ഒക്കെ ഒരു പ്രൈവസി കണ്ടെത്താൻ പാടാണ്.

ബീച്ച് നിറയെ കച്ചവടക്കാർ ഉണ്ട്. പലതരം പലഹാരങ്ങളും ചായക്കടകളും കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളും അങ്ങനെ കുറെ. കോഴിക്കോടിന്റെ സ്വന്തം ഐസ് ഒരത്തിയത് ഞാനും ഒന്ന് പരീക്ഷിച്ചു. സംഭവം പൊളിച്ചു. മൂന്നു രുചികളിൽ സാധനം കിട്ടും. മധുരം, എരിവ് പിന്നെ രണ്ടും കൂടി മിക്സ്. പുറത്തു നിന്നു വരുന്നവർക്ക് ഇതൊരു വ്യത്യസ്തമായ രുചി അനുഭവം തന്നെയായിരിക്കും. പിന്നെ കല്ലുമ്മക്കായ കഴിച്ചു നോക്കി, ആദ്യമായിട്ടാണ് ഞാൻ ഇത് കഴിക്കുന്നത്. പിന്നെയുമുണ്ടായിരുന്നു, കാട മുട്ട മസാല ഗ്രീൻപീസ് എല്ലാ ഒന്ന് ട്രൈ ചെയ്തു നോക്കി. ഇതെല്ലാം കൂടി ആയപ്പോൾ തന്നെ വയറുനിറഞ്ഞു. ചൂടോടെ ഒരു ചായയും കുടിച്ച് ബീച്ചിനോട് വിടപറഞ്ഞ നേരെ റൂമിലേക്ക് പോയി.

Day2: ഒരു സുഹൃത്തിന്റെ വീട്ടിൽ പോകണം. പുള്ളിക്കാരി ലൊക്കേഷൻ ഒക്കെ അയച്ചു തന്നിട്ടുണ്ട്. അതൊന്നുമല്ല രസം,പുള്ളിക്കാരി അയച്ചുതന്ന ലൊക്കേഷൻ വെച്ച് ഞാൻ എത്തിയത് ഒരു പണി നടന്നു കൊണ്ടിരിക്കുന്ന വീടിന്റെ മുന്നിലാണ്. ഫോണെടുത്ത് തകർത്തു വിളിച്ചുനോക്കി, ആഹാ അന്തസ്സ്!! ഫോണെടുക്കുന്നില്ല. ഏകദേശം അരമണിക്കൂറോളം ഞാൻ അവിടെ കറങ്ങി നടന്നു. ആളുകളോട് ചോദിച്ചിട്ടും ആർക്കും അറിയാൻ വയ്യ. അവസാനം വീട് കണ്ടെത്താനുള്ള ശ്രമം ഉപേക്ഷിച്ചിട്ട് ഞാൻ അവിടം വിട്ടു.

കക്കയം ഡാം : മലബാർ വൈൽഡ് ലൈഫ് സാങ്ച്വറി യുടെ ഭാഗമാണ് കക്കയം ഡാം. ധാരാളം ആനകളും കാട്ടുപോത്തുകളും ഒക്കെയുള്ള സ്ഥലമാണിത്. ചുരം കയറി മുകളിലേക്ക് പോകുന്ന വഴി കഴിഞ്ഞതവണത്തെ ഉരുൾപൊട്ടലിന്റെ അവശേഷിപ്പുകൾ ഒക്കെ പലയിടത്തും കാണാൻ പറ്റി. കുറ്റ്യാടി ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റ് ഭാഗമായിട്ടാണ് ഡാം ഉപയോഗിക്കുന്നത് ഡാമിൽ നിന്നും പെൻസ്റ്റോക്ക് പൈപ്പുകൾ വഴി കുറ്റ്യാടി പവർ ഹൗസിലേക്ക് വെള്ളം എത്തിക്കുന്നുണ്ട്. ഇടുങ്ങിയ ചെറിയ റോഡാണ് പലസ്ഥലങ്ങളിലും അതുകൊണ്ടുതന്നെ സൂക്ഷിച്ചുവേണം മുകളിലോട്ട് കയറി പോകാൻ. റിസർവോയറിന്റെ ഭാഗത്ത് ഒരു പാർക്കും അതുപോലെതന്നെ കാന്റീനും ഉണ്ട്.

റിസർവോയറിന്റെ അടുത്തു നിന്ന് 500 മീറ്റർ മുന്നോട്ടു നടക്കുമ്പോഴാണ് ഡാം കാണാൻ പറ്റുന്നത്. ഡാമിൽ ബോട്ടിംഗ് സൗകര്യവുമുണ്ട്. ഡാമിന്റെ ഭാഗത്തുനിന്ന് ഏകദേശം ഒരു കിലോമീറ്റർ മുന്നോട്ടു നടന്നാൽ ഉറക്കുഴി എന്ന വെള്ളചാട്ടത്തിനടുത്തു എത്താം. വളരെ അപകടം നിറഞ്ഞതും എന്നാൽ ഒരുപാട് അത്ഭുതങ്ങൾ ഒളിപ്പിച്ചതുമായുള്ള വെള്ളച്ചാട്ടം ആണിത്. താഴെ നിന്ന് നോക്കിയാൽ ഈ വെള്ളച്ചാട്ടം മുഴുവൻ കാണാൻ പറ്റില്ല.അതിനു കാരണം മുകളിൽ നിന്നും വെള്ളം പാറയിലേക്ക് വീണു വലിയ തുരങ്കങ്ങൾ പോലെ ഉറകൾ രൂപപ്പെട്ടിട്ടുണ്ട്. അതിനകത്തു കൂടിയാണ് വെള്ളം ഒഴുകുന്നത് അതുകൊണ്ടുതന്നെ താഴ്ഭാഗത്ത് വെള്ളം വരുന്നത് കാണാൻ പറ്റില്ല. എന്തെങ്കിലും അപകടം ഉണ്ടായാൽ തന്നെ ഒരു തരത്തിലുള്ള രക്ഷാപ്രവർത്തനവും ഇവിടെ ചെയ്യാറില്ല.

2018 ലെ പ്രളയത്തിൽ ഒലിച്ചുപോയ ഒരു തൂക്കു പാലത്തിന്റെ അവശിഷ്ടം ഇവിടെ കാണാൻ പറ്റും,അത് കാണുമ്പോൾ തന്നെ എത്ര ഭീകരമായിരുന്നു എന്ന് മനസ്സിലാക്കാൻ പറ്റും. പിന്നെ ഒരു കാര്യം അറിയാൻ കഴിഞ്ഞത് പണ്ടത്തെ രാജൻ ഉരുട്ടിക്കൊലക്കേസ് ഉണ്ടല്ല, അന്ന് മരണപ്പെട്ട രാജന്റെ ശരീരം പോലീസുകാർ കൊണ്ടുവന്ന് പഞ്ചസാര ഉപയോഗിച്ച് കത്തിച്ച് ഒഴുക്കി കളഞ്ഞത് ഇവിടെ വച്ചായിരുന്നു എന്നതാണ്. ഒരു കാര്യം പറയാൻ മറന്നു, നേരത്തെ പറഞ്ഞ സുഹൃത്ത് ഉണ്ടല്ലോ തിരിച്ചു വിളിച്ചിരുന്നു. ഫോൺ സൈലന്റ് ആയതുകൊണ്ട് ഇപ്പോഴാണ് കോൾ കണ്ടതെന്ന്. എന്താല്ലേ! ഒന്നും പറയാനില്ല! വേണ്ടപ്പെട്ട സുഹൃത്തായി പോയില്ലേ!

കരിയത്തുംപാറ – കക്കയം ഡാമിന്റെ മലനിരകളുടെ താഴ്ഭാഗം ആണ് കരിയത്തുംപാറ. പെരുവണ്ണാമുഴി റിസർവോയറിന്റെ അവസാന ഭാഗമായിട്ട് വരും ഇത്. മഴക്കാലത്ത് താഴ്‌വാരം മുഴുവൻ വെള്ളം കയറും വെള്ളം ഇറങ്ങുമ്പോൾ ഉള്ള കാഴ്ചയാണ് നല്ലത്. നമ്മൾ ഏതോ വിദേശ രാജ്യത്ത് എത്തിയ ഒരു പ്രതീതി തോന്നും. സഞ്ചാരികൾക്ക് വേണ്ടി ഇവിടെ കുതിരസവാരിയും നടത്തുന്നുണ്ട്.ഇവിടേക്ക് പ്രവേശന ഫീസോ മറ്റു കാര്യങ്ങളോ ഒന്നും തന്നെ ഇല്ല. വൈകുന്നേരങ്ങളിൽ ധാരാളം ആളുകൾ ഇവിടെ എത്തുന്നുണ്ട്.ചെറിയ അരുവികളും പുൽത്തകിടിയും ഒക്കെ ആയിട്ട് ഏത് പ്രായത്തിലുള്ളവർക്കും ഒരുപോലെ ഇവിടെ വന്ന് ആസ്വദിക്കാം. കക്കയം ഡാമിൽ നിന്നും ഒഴുകി വരുന്ന വെള്ളമാണ് ഇവിടെ എത്തുന്നത്. കമിതാക്കൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു സ്ഥലം കൂടിയാണ് ഇതെന്ന് അവിടെ എത്തിയപ്പോൾ മനസ്സിലായി.

പെരുവണ്ണാമൂഴി ഡാം& ഇക്കോടൂറിസം – പെരുവണ്ണാമുഴി പാലത്തിനു തൊട്ടടുത്താണ് ഇക്കോടൂറിസം ഉള്ളത്. ഇതിനുള്ളിൽ പാമ്പുകളും മുതലകളും കുട്ടികൾക്കുള്ള പാർക്കും ഉണ്ട്. ഇതിന്റെ പിറകിൽ ആയിട്ട് ഒരു പുഴയുണ്ട്. ഡാമിൽ നിന്നും വരുന്ന വെള്ളം ഇതിലൂടെയാണ് ഒഴുകിപ്പോകുന്നത്.കുറ്റ്യാടി പുഴയ്ക്ക് കുറുകേയാണ് ഈ ഡാം നിർമ്മിച്ചിരിക്കുന്നത്. പറയത്തക്ക സൗന്ദര്യം ഒന്നും ഡാമിന് ഇല്ല. അവിടെ എന്തൊക്കെയോ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കോഴിക്കോട് നഗരത്തിലേക്കുള്ള ജപ്പാൻ കുടിവെള്ള പദ്ധതി ഇവിടെ നിന്നുമുണ്ട്.

കൊട്ടിയൂർ – കണ്ണൂർ ജില്ലയിലെ പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നാണ് കൊട്ടിയൂർ ക്ഷേത്രം. പ്രധാനമായും രണ്ട് ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. അക്കരെ കൊട്ടിയൂരും ഇക്കരെ കൊട്ടിയൂരും.ബാവലിപ്പുഴയുടെ ഇരുവശവും ആണ് ഈ അമ്പലങ്ങൾ. അക്കര കൊട്ടിയൂർ എന്നത് താൽക്കാലികമായ ഒരു അമ്പലമാണ്. കൊട്ടിയൂർ വൈശാഖ മഹോത്സവം സമയത്ത് മാത്രമേ ഇവിടെ തുറക്കാറുള്ളൂ. ബാവലി പുഴ കടന്നു വേണം ഇവിടേയ്ക്ക് എത്താൻ. ഇക്കരെ കൊട്ടിയൂർ എന്നത് സ്ഥിരമായി തുറക്കുന്ന ഒരു അമ്പലമാണ്.

പെരുവണ്ണാമൂഴിയിൽ നിന്ന് വരുമ്പോൾ കുറ്റിയാടി ചുരം കയറി വേണം ഇവിടെ എത്താൻ. അതായത് കോഴിക്കോട് വയനാട് കണ്ണൂർ എന്നിങ്ങനെ മൂന്ന് ജില്ലകൾ നമ്മൾ കടന്നു പോകും. വയനാടിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമേ കുറ്റിയാടി ചുരം വഴി കടന്നു പോകുന്നുള്ളൂ. ഇന്നത്തെ യാത്ര ഇരിട്ടിയ്ക്ക് അടുത്തുള്ള മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രതിനു സമീപമുള്ള മൃദംഗശൈലം ഹോട്ടലിലാണ് അവസാനിപ്പിച്ചത്.

Day3: പാലക്കയം തട്ട് – ഇരിട്ടിയിൽ നിന്ന് വരുമ്പോൾ 2 വഴിയിൽ കൂടി ഇവിടെ എത്താം. ഒന്ന് മണ്ഡലം വഴിയും രണ്ട് ഒരു പുലികുറുമ്പ വഴിയും. മണ്ഡലം വഴി വരുന്നത് റോഡ് വളരെ വളരെ മോശമാണ്. ഫോർവീൽ ഡ്രൈവ് ഉള്ള വണ്ടികൾ മാത്രമേ കയറി വരത്തുള്ളൂ. ജീപ്പുകാർ ഒരുപാട് അവിടെ ഉണ്ട്. വേണമെങ്കിൽ സ്വന്തം വണ്ടി അവിടെ ഇട്ട് ജീപ്പിൽ വരാം. വേറെ വഴിയുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നെ അവർ പറയുന്നുള്ളൂ. അതുകൊണ്ടുതന്നെ കുറച്ചുകൂടി മാറി അവിടെയുള്ള നാട്ടുകാരോടോ കടക്കാരോടോ ചോദിച്ചാൽ കൃത്യമായ വഴി പറഞ്ഞു തരും.

പുലിക്കുരുമ്പ വഴി നല്ല റോഡ് ആണ്. കുത്തനെയുള്ള കയറ്റങ്ങൾ ഉണ്ട്. സൂക്ഷിച്ച് ഓടിച്ചു കയറി പോകുക. പാർക്കിങ്ങിന് 40 രൂപയും പ്രവേശനഫീസ് 45 രൂപയുമാണ്. രാവിലെ 5 മണി മുതൽ രാത്രി 9 വരെയാണ് പ്രവേശനം. സൂര്യോദയം കാണാൻ ഒക്കെ ധാരാളം പേർ ഇവിടെ എത്താറുണ്ട്. സമുദ്ര നിരപ്പിൽ നിന്നും 3500 അടി ഉയരത്തിലാണ് പാലക്കയം തട്ട്. രാവിലെയും വൈകുന്നേരങ്ങളിലും ഒക്കെ കോടയും മഞ്ഞു ഒക്കെ കാണാറുണ്ട്. നല്ല രീതിക്ക് ഈ ഹിൽ സ്റ്റേഷൻ അവർ പരിപാലിക്കുന്നുണ്ട്. ടെൻറ്റിംഗിന് ഉള്ള സൗകര്യവും ഇവിടെ കൊടുക്കുന്നുണ്ട്. അതുപോലെതന്നെ അഡ്വഞ്ചർ ആക്ടിവിറ്റീസും ഇവിടെ ഉണ്ട്. ഏകദേശം 400 മീറ്റർ കുത്തനെ മുകളിലേക്ക് കയറണം. അത്യാവശ്യം വെള്ളവും സ്നാക്സും ഒക്കെ അവിടെ കിട്ടും. പിന്നെ ഉള്ള ഒരു കാര്യം കുന്നിന്റെ മുകളിൽ മുഴുവനായിട്ട് ഫ്രീ വൈഫൈ കിട്ടുന്നുണ്ട് എന്നതാണ്.

ഏഴരക്കുണ്ട് വെള്ളച്ചാട്ടം – പാലക്കയം തട്ട് നിന്ന് കുടിയാന്മല എത്തിയിട്ട് വേണം ഇവിടേയ്ക്ക് വരാൻ 40 രൂപ പാർക്കിംഗ് ഫീസും 100 രൂപ പ്രവേശന ഫീസും ഉണ്ടിവിടെ. ഇപ്പൊ വെള്ളം കുറവുള്ള സമയമാണ് അതുകൊണ്ടുതന്നെ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പറ്റിയ സമയം ഇപ്പോഴാണ്. പാറയിടുക്കിലൂടെ മറ്റും ഏകദേശം ഒന്നര കിലോമീറ്റർ കയറിയിറങ്ങിയാണ് വെള്ളച്ചാട്ടത്തിന് അടുത്ത് അടുത്തെത്താൻ പറ്റുക. വസ്ത്രം മാറാനുള്ള സ്ഥലങ്ങളും ടോയ്ലറ്റും ഒക്കെ അവിടെത്തന്നെയുണ്ട്.

ഏഴു നിലകളിലായി പാറയിൽ പലതരത്തിലും ആഴത്തിലുമുള്ള കുളങ്ങളുണ്ട്. ഇതിൽ നിന്നാണ് ഏഴരക്കുണ്ട് എന്ന പേര് കിട്ടിയത് പൈതൽ മലയിൽ നിന്നാണ് ഈ വെള്ളച്ചാട്ടം ആരംഭിക്കുന്നത്. മഴക്കാലത്ത് ആരെയും വെള്ളത്തിൽ കുളിക്കാൻ ഇറക്കാറില്ല. ഏകദേശം 15 അടി താഴ്ച ഉണ്ട് ഇവിടെ. ലൈഫ് ജാക്കറ്റ് ഒക്കെ ഇട്ട് മുഴുവൻ സുരക്ഷയോടെ കൂടിയാണ് ഇപ്പോൾ ഇവിടെ ആളുകളെ ഇറക്കുന്നത്. നമ്മളെ നോക്കാൻ തന്നെ ഒരാൾ എപ്പോഴും കൂടെ ഉണ്ടാവും. തിരക്ക് കുറവുള്ള സമയം ആണേൽ ഫാമിലിയോടൊപ്പം വന്ന ഒരുമിച്ച് വെള്ളച്ചാട്ടത്തിൽ ഇറങ്ങി കുളിക്കാം. അല്ലാത്തപ്പോൾ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വെവ്വേറെ സ്ഥലങ്ങളുണ്ട് കുളിക്കാൻ. കുട്ടികളെ ഒരു കാരണവശാലും ഇവിടെ ഇറക്കാറില്ല. അവർക്ക് വെള്ളം പരന്നൊഴുകുന്ന ആഴം ഒട്ടുംതന്നെ ഇല്ലാത്ത സ്ഥലങ്ങളുണ്ട്.

വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിന്ന് ധാരാളം പൈപ്പുകൾ താഴേക്ക് കൊണ്ടുപോയിരിക്കുന്നത് കാണാം. ചുറ്റുമുള്ള വീടുകളിലേക്ക് വെള്ളം കൊണ്ടുപോകുന്ന പൈപ്പുകളാണ് ഇത്. വെള്ളച്ചാട്ടത്തിൽ വെള്ളത്തിന്റെ അളവ് കുറയുന്നതിനു ഇതും ഒരു കാരണമാണ്. ലൈഫ് ജാക്കറ്റിന്റെ സഹായത്തോടെ എല്ലാം മുതിർന്നവർക്കും ഇവിടെ ഇറങ്ങാം ഒരു അപകടവും സംഭവിക്കാതെ തന്നെ വെള്ളത്തിൽ കുളിക്കാനും മറ്റും പറ്റും. ഒന്നര കിലോമീറ്റർ മലകയറി വന്നതിന്റെ ക്ഷീണമൊക്കെ കുളി കഴിഞ്ഞപ്പോൾ പോയി.നല്ല ചൂട് സമയത്ത് തണുത്ത വെള്ളത്തിൽ എത്ര കിടന്നാലും മതിവരില്ല.

പൈതൽ മല – കണ്ണൂരിലെ മറ്റൊരു ഹിൽസ്റ്റേഷൻ ആണിത്. ഏകദേശം രണ്ടര കിലോമീറ്റർ നടന്ന് വേണം മുകളിൽ എത്താൻ. നേരത്തെ വെള്ളച്ചാട്ടം കാണാൻ പോയി കാലിൽ മസിൽ കയറിയിട്ട് കുറച്ചുനേരം സ്വർഗ്ഗം കണ്ടത് കൊണ്ട് തന്നെ പൈതൽമലയിലേക്കുള്ള യാത്ര ഉപേക്ഷിച്ചു.

പറശിനിക്കടവ് ക്ഷേത്രം – കണ്ണൂരിലെ മറ്റൊരു പ്രധാന തീർത്ഥാടന കേന്ദ്രമാണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം. വളപട്ടണം നദിയുടെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. നായ്ക്കളെ ഇവിടെ ആരാധിക്കുന്നത് കാണാം. ക്ഷേത്രത്തിനുള്ളിൽ തന്നെ നായ്ക്കളെയും കാണാം. ക്ഷേത്രത്തിൽ വരുന്നവർക്കൊക്കെ പ്രസാദവും ചായയും കൊടുക്കാറുണ്ട്. പ്രസാദമായി കൊടുക്കുന്നത് പയറും ഉണക്കമീനും ആണ്.

ക്ഷേത്രത്തിലെത്തുന്ന സഞ്ചാരികൾക്കായി സമീപത്തായി ബോട്ടിങ്ങും ഉണ്ട്. നമ്മുടെ ഗവൺമെന്റിന്റെ ബോട്ട് സർവീസും അവിടെ ഉണ്ട്. 15 മിനിറ്റ്നു 40 രൂപയാണ് ടിക്കറ്റ് നിരക്ക്. കൂടാതെ ശിക്കാര വള്ളങ്ങളും ഹൗസ് ബോട്ടുകളും അവിടെയുണ്ട്. വളരെ നല്ല രീതിക്ക് ബോട്ടുജെട്ടി പരിപാലിച്ചിട്ടുണ്ട്. ക്ഷേത്രത്തിനു സമീപം ആയിട്ട് എവിടെയെങ്കിലും റൂം എടുക്കാം എന്നാണ് വിചാരിച്ചിരുന്നത്. പക്ഷേ ഒറ്റയ്ക്ക് വരുന്നവർക്ക് ക്ഷേത്രപരിസരത്ത് മുറി കൊടുക്കാറില്ല എന്ന് അപ്പോഴാണ് അറിയുന്നത്. ഒന്ന് രണ്ട് സ്ഥലങ്ങളിൽ പോയി ചോദിച്ചു പരാജയപ്പെട്ടു. കാരണം എന്താണെന്ന് ഇപ്പോഴും പിടികിട്ടിയിട്ടില്ല.

പറശ്ശിനിക്കടവ് പാമ്പുവളർത്തൽ കേന്ദ്രം – പറശ്ശിനിക്കടവ് മയ്യിൽ റോഡിൽ NH17 ൽ നിന്ന് രണ്ട് കിലോമീറ്റർ മാറിയാണ് ഇത് സ്ഥിതിചെയ്യുന്നത്. 30 രൂപയാണ് പ്രവേശന ഫീസ്. പാമ്പുകൾക്കും മറ്റു ഉരഗങ്ങൾക്കും വേണ്ടിയുള്ള സംരക്ഷിത സ്ഥലം ആയിട്ടാണ് ഇത് തുടങ്ങിയത്. ഇപ്പോ ഇത് വേണമെങ്കിൽ ഒരു മിനി മൃഗശാല എന്ന് പറയാം. പാമ്പുകൾ മാത്രമല്ല ഇവിടെ ഇപ്പോൾ കാണാൻ ഉള്ളത്. കാട്ടുപൂച്ച മരപ്പട്ടി എമു മയിലുകൾ മുള്ളൻപന്നി ഉടുംബ് മുതലകൾ അങ്ങനെ കുറേ മൃഗങ്ങൾ ഉണ്ട്. പലതരത്തിലുള്ള പാമ്പുകളെയും ഇവിടെ കാണാം രാജവെമ്പാല ഉൾപ്പെടെയുള്ള പാമ്പുകൾ ഇവിടെ ഉണ്ട്. ഒരു മണിക്കൂർ ചിലവിടാൻ പറ്റിയ സ്ഥലമാണിത് കൂടാതെ ഒരു അക്വേറിയവും കുട്ടികൾക്ക് കളിക്കാനുള്ള ചെറിയൊരു പാർക്കും ഇതിനകത്ത് സജ്ജീകരിച്ചിട്ടുണ്ട്.

സ്നേക്ക് പാർക്കിനടുത്ത് തന്നെ ‘ഇല ‘എന്ന ഒരു റസ്റ്റോറന്റ് ഉണ്ട്. രാത്രി ഭക്ഷണം അവിടെ നിന്നായിരുന്നു. വിചാരിച്ചതിലും നല്ല രുചിയോട് കൂടിയ വിഭവങ്ങൾ അവിടുന്ന് കിട്ടി. താമസം പാർക്കിനടുത്തുള്ള POLARIZ എന്ന ഹോട്ടലിൽ ആയിരുന്നു.

DAY4: പയ്യാമ്പലം ബീച്ച് – കുടുംബത്തോടും കുട്ടികളോടൊത്ത് വൈകുന്നേരങ്ങളിൽ ഇവിടെ എത്തുന്നത് വേറിട്ട ഒരു അനുഭവം തന്നെയായിരിക്കും. ഞാൻ രാവിലെ തന്നെ ഇവിടെ എത്തുമ്പോൾ സഞ്ചാരികളായ കുറച്ച് ആളുകൾ ഉണ്ടായിരുന്നു കൂടാതെ ധാരാളം ആളുകൾ വ്യായാമങ്ങളും പലതരം കളികളുമായി ബീച്ചിൽ ഉണ്ടായിരുന്നു.ബീച്ചിന് അടുത്തായി തന്നെ വലിയ ഒരു നടപ്പാതയും ഉണ്ട്.ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഇതിലൂടെ കാറ്റ് ഒക്കെ കൊണ്ട് നമുക്ക് നടന്നു പോകാം. ഇടയ്ക്കിടെ വിശ്രമിക്കാൻ സ്ഥലങ്ങളും ഉണ്ട്. ബീച്ചിന്റെ ഒരുവശത്തായി കണ്ണൂരിലെ രാഷ്ട്രീയ നേതാക്കളുടെയും സാംസ്കാരിക നേതാക്കന്മാരുടേയും ഒരു സ്മൃതി മണ്ഡപവും ഉണ്ട്.

സൈന്റ് ആഞ്ചലോ ഫോർട്ട് – പോർച്ചുഗീസുകാർ നിർമ്മിച്ച ഈ കോട്ടയ്ക്ക് കണ്ണൂർകോട്ട എന്നും പറയാറുണ്ട്. ഓൺലൈൻ ആയിട്ട് ടിക്കറ്റെടുത്ത് വേണം ഇവിടെ പ്രവേശിക്കാം. ഇവിടെ ചെന്നിട്ട് ടിക്കറ്റ് ഓൺലൈൻ ആയിട്ട് എടുക്കാവുന്നതേ ഉള്ളു.കൗണ്ടറിൽ അതിനുള്ള നിർദ്ദേശങ്ങൾ കാണാൻ പറ്റും. അറബിക്കടലിനെ അഭിമുഖീകരിച്ച് ആണ് കോട്ട നിൽക്കുന്നത്. ധർമ്മടം തുരുത്തിന്റേം തൊട്ടടുത്തുള്ള മാപ്പിള ഹാർബറിന്റേം കാഴ്ചകൾ ഇവിടെ നിന്ന് കിട്ടും.

കോട്ടയ്ക്ക് മുകളിൽ കയറിയാൽ ചെറിയ ഒരു ലൈറ്റ് ഹൗസ് കാണാം കൂടാതെ അറബിക്കടലിന്റെ വളരെ വിശാലമായ കാഴ്ചകളും. ആർക്കിയോളജിക്കൽ ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ ആണ് കോട്ട ഇപ്പോൾ. വളരെ നല്ല രീതിയിൽ അവർ അത് സംരക്ഷിച്ചു പോകുന്നു. പട്ടാളക്കാരുടെ ബാരക്കുകളും വെടിക്കോപ്പുകൾ സൂക്ഷിച്ച സ്ഥലങ്ങളും ജയിലും പഴയപള്ളിയും ഒക്കെ ഇതിനകത്തു നമുക്ക് കാണാൻ പറ്റും.

ഏഴര ബീച്ച് – കണ്ണൂരിലെ തന്നെ മറ്റൊരു ബീച്ച് ആണിത്. അത്രയ്ക്ക് പ്രശസ്തമായ ഒരു ബീച്ച് ഒന്നുമല്ല ഇത്. സഞ്ചാരികളുടെ എണ്ണവും ഇവിടേക്ക് കുറവാണ്. പക്ഷേ ഭംഗികൊണ്ട് ഈ ബീച്ച് വേറിട്ടുനിൽക്കുന്നു. കുടുംബവുമായി ഒക്കെ ഇവിടേക്ക് വരുന്നതിനോട് ഞാൻ യോജിക്കുന്നില്ല. അല്ലേൽ ഒന്ന് രണ്ട് ഫാമിലി ആയിട്ടൊക്കെ ഒരുമിച്ച് വരണം. കുറച്ചു ഉള്ളിലോട്ട് ഒറ്റപ്പെട്ട പ്രദേശത്താണ് ഈ ബീച്ച്. ബാച്ചിലേഴ്സിനു ഒക്കെ നന്നായിട്ട് വന്ന് എൻജോയ് ചെയ്തു പോകാൻ പറ്റിയ ഒരു സ്ഥലം തന്നെയാണ്.

മുഴുപ്പിലങ്ങാടി ബീച്ച് – ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ വാഹനം ഓടിക്കാൻ പറ്റിയ ബീച്ച് ആണിത്. ഏകദേശം 5.5കിലോമീറ്റർ നീളമുണ്ട് ബീച്ചിന്. വാഹനങ്ങൾ കൊണ്ടുവന്ന് ആളുകൾ പ്രത്യേകിച്ച് ചെറുപ്പക്കാർ അഭ്യാസപ്രകടനങ്ങൾ ഒക്കെ കാണിക്കാറുണ്ട്. പോലീസ് പിടിച്ചാൽ പണി കിട്ടുകയും ചെയ്യും. 40 രൂപയാണ് ഇവിടേക്കുള്ള പ്രവേശന ഫീസ്. വാഹനമോടിച്ച് പഠിക്കുന്നവരും സമയം കളയാൻ വരുന്നവരും കളിക്കാൻ വരുന്നവരും ഒക്കെ ഇവിടെ കാണാൻ പറ്റും. പരമാവധി വാഹനങ്ങൾ വെള്ളത്തിൽ ഇറക്കാതെ നോക്കുക മണലിൽ താഴ്ന്നു പോകാൻ സാധ്യതയുണ്ട് അങ്ങനെ പറ്റിയാൽ വണ്ടി കയറ്റി എടുക്കണമെങ്കിൽ നല്ല പൈസ കൊടുക്കേണ്ടിവരും. അതുകൊണ്ട് തന്നെ മര്യാദയ്ക്ക് ബീച്ചിൽ കൂടി മാത്രം വണ്ടിയോടിച്ചു ആസ്വദിച്ച് തിരിച്ചു പോരുക.

ധർമ്മടം ബീച്ച് – 20 രൂപയാണ് ഇവിടുത്തെ പ്രവേശനഫീസ്. കയറുമ്പോൾ തന്നെ കുട്ടികൾക്കായുള്ള വലിയൊരു പാർക്ക് കാണാം,പാർക്ക് കഴിഞ്ഞു വേണം ബീച്ചിലേക്ക് ഇറങ്ങാൻ. ബീച്ചിൽ ഇറങ്ങുമ്പോൾ തന്നെ ഒരു കപ്പൽ കിടക്കുന്നത് കാണാം. പ്രളയ സമയത്ത് കൊച്ചിയിൽ നിർത്തിയിട്ടിരുന്ന ഏതോ ഒരു കപ്പൽ ഒഴുക്കിൽപ്പെട്ട് ഇവിടെ വന്ന് അടിഞ്ഞതാണ്. എന്തായാലും ഇപ്പോ അത് വരുന്നവർക്ക് ഒരു കാഴ്ചയായി.വെള്ളം ഇറങ്ങി കിടക്കുന്ന സമയം ആണേൽ കപ്പലിന്റെ അടുത്ത് വരെ ചെല്ലാം.അതുപോലെതന്നെ ഇവിടുത്തെ മറ്റൊരു ആകർഷണമാണ് ധർമ്മടം തുരുത്ത്. കടലിൽ കൂടി നടന്നു നമുക്ക് ഈ തുരുത്തിലേക്ക് പോകാം വേലിയേറ്റ സമയം ആണേൽ ഇത് നടക്കില്ല. കാണാൻ ഒന്നും തന്നെ ഇല്ല. വെറുതെ പോയി ഫോട്ടോസ് ഒക്കെ എടുത്തു വരാം. കടലിൽ കൂടി നടന്നു പോകുന്നതിന്റെ ഒരു എക്സ്പീരിയൻസ് കിട്ടും.

കാപ്പാട് ബീച്ച് – ബ്ലൂ ഫ്ലാഗ് പദവിയുള്ള കേരളത്തിലെ ഏക ബീച്ച് ആണിത്. പ്രകൃതി സൗഹാർദ്ദപരമായിട്ടാണ് ഈ ബീച്ച് ചെയ്തിരിക്കുന്നത്. മുളകൊണ്ടുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് ബീച്ച് കൂടുതലും ഒരുക്കിയിരിക്കുന്നത്. ഇത്രയ്ക്കും മനോഹരമായി ഒരുക്കിയിരിക്കുന്ന ബീച്ച് കേരളത്തിൽ വേറെ എങ്ങും കാണില്ല. അതുപോലെതന്നെ ഇവിടുത്തെ മാലിന്യ സംസ്കരണവും വേറിട്ടുനിൽക്കുന്നു. പിന്നെ എടുത്തുപറയാനുള്ളത് ഭിന്നശേഷിക്കാർക്ക് വളരെ ഈസി ആയിട്ട് ഈ ബീച്ചിൽ വരാനും ചുറ്റി കറങ്ങാനും പറ്റും എന്നുള്ളതാണ്.

കുട്ടികൾക്കായി ഇവിടെ വലിയൊരു പാർക്കും വ്യായാമത്തിനായി ചെറിയൊരു ജിമ്മും ഒരുക്കിയിട്ടുണ്ട്. കടലിലിറങ്ങി കുളിച്ചിട്ട് നല്ല വെള്ളത്തിൽ കുളിച്ചു വസ്ത്രം മാറി പോകാൻ വരെ സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ട് കടലിൽ കുളിക്കാൻ തന്നെ വളരെ സുരക്ഷിതമായ സ്ഥലവുമുണ്ട്. വലയും കയറും ഒക്കെ ഉപയോഗിച്ച് പ്രത്യേക സ്ഥലം ഒരുക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കുട്ടികൾക്കും ഇവിടെ എല്ലാവിധ സുരക്ഷയോടെ കൂടി ഇറങ്ങി കുളിക്കാം. ഇത്രയ്ക്ക് വൃത്തിയോടും സുരക്ഷയോടും സംവിധാനത്തോടും കൂടി പ്രവർത്തിക്കുന്ന വേറൊരു ബീച്ച് കേരളത്തിൽ വേറെ ഞാൻ കണ്ടിട്ടില്ല. അങ്ങനെ ഒന്ന് കേരളത്തിൽ വേറെ കാണില്ല എന്ന് തന്നെയാണ് തോന്നുന്നത്. ശരിക്കും ഇത് കേരളത്തിലെതന്നെ ബീച്ച് ആണോ എന്ന് തോന്നിപ്പോകും.

ബീച്ചിൽ നിന്ന് ഇറങ്ങി വീണ്ടും മിട്ടായി തെരുവിലേക്ക് പോയി. കുറച്ചു കൂടി സാധനങ്ങൾ വാങ്ങാൻ ഉണ്ട് ഇല്ലേൽ വീട്ടിൽ കയറ്റില്ലെന്ന് ഭാര്യ പറഞ്ഞു. പുള്ളിക്കാരിക്ക് വേണ്ട സാധനങ്ങൾ ഒക്കെ വാങ്ങിയിട്ട് വീണ്ടും കോഴിക്കോട് ബീച്ചിലേക്ക് പോയി. സമയം എങ്ങനെയെങ്കിലും കളയണമല്ലോ. രാത്രി 9 മണിക്കാണ് ട്രെയിൻ. അതുവരെ ബീച്ചിൽ കറങ്ങി നടക്കാം എന്ന് വെച്ചു. അപ്പോഴാണ് ബീച്ചിനടുത്തുള്ള ആദമിന്റെ ചായക്കട എന്ന റസ്റ്റോറന്റ് കാണുന്നത്. പിന്നെ അവിടെ കയറി ആഹാരം ഒക്കെ കഴിച്ചു ബീച്ചിലേക്ക് വീണ്ടും ഇറങ്ങി നടന്നു.

ഏകദേശം 7.30 ആയപ്പോ റെന്റിനു എടുത്ത വണ്ടി തിരിച്ചു കൊടുത്തിട്ട് ഒരു ഓട്ടോ പിടിച്ച് റെയിൽവേ സ്റ്റേഷനിൽ എത്തി. ഇനിയും 1.5 മണിക്കൂർ ബാക്കിയുണ്ട്. നോക്കുമ്പോ AC റെസ്റ്റിംഗ് റൂം. ഒരു മണിക്കൂർ 40 രൂപയാണ് ചാർജ്. അകത്തു കയറിയപ്പോൾ വേറെ ആരുമില്ല ഞാൻ മാത്രം. വിശാലമായ വലിയ റൂമിൽ ഒരുപാട് സോഫകൾ നിരത്തിയിട്ടിരിക്കുന്നു. എന്തായാലും ട്രെയിൻ വരാൻ സമയമുണ്ട്. പിന്നെ അവിടുന്ന് നല്ലൊരു കുളിയൊക്കെ പാസാക്കി ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്ത്‌ സോഫയിൽ ഫോണും നോക്കി കിടന്നു.

ട്രെയിനിലെ AC കമ്പാർട്ട്മെന്റിൽ ഇപ്പോ തലയിണയും ബ്ലാങ്കറ്റും ഒന്നും കൊടുക്കുന്നില്ലല്ലോ അതുകൊണ്ടുതന്നെ ഞാൻ ഇതൊക്കെ കരുതിയിരുന്നു. സുഖമായിട്ട് കിടന്നുറങ്ങി രാവിലെ 4.30ന് കൊല്ലത്തെത്തി. അവിടുന്ന് പാർക്കിങ്ങിൽ ഇട്ട വണ്ടിയുമെടുത്ത് വീട് പിടിച്ചു.

അങ്ങനെ ജീവിതത്തിലെ ആദ്യത്തെ സോളോ ട്രിപ്പ്‌ ഇവിടെ അവസാനിച്ചു. Missed you ഭാര്യേ!!! സോളോ ട്രിപ്പിന് പോകാൻ കാരണക്കാരായ പ്രിയ സുഹൃത്തുക്കൾക്കു പ്രത്യേക നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു. ഇനിയും ഇതുപോലുള്ള സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post