എഴുത്ത് – പ്രശാന്ത് പറവൂർ. കവർ ചിത്രം-ഷാജി മൻഷാദ്.
എറണാകുളത്തും ഉണ്ടൊരു കുട്ടനാട് – സോഷ്യൽ മീഡിയ ഹിറ്റാക്കിയ എറണാകുളം ജില്ലയിലെ ഒരു ഗ്രാമമായ കടമക്കുടിയെക്കുറിച്ചാണ് ഈ വിശേഷണം. ചുമ്മാ പറയുന്നതല്ല കേട്ടോ, കടമക്കുടി ഒരു സുന്ദരി തന്നെയാണ്. അത് മനസ്സിലാക്കണമെങ്കിൽ ഒരു തവണ അവിടേക്ക് പോകണം. അതി രാവിലെയും വൈകീട്ടുമാണ് കടമക്കുടി കാണുവാൻ ഏറ്റവും ഭംഗി. ഉച്ച സമയത്ത് പോയാൽ നല്ല ചൂട് വെയിലുമേറ്റ് കരിഞ്ഞുണങ്ങേണ്ടി വരും.
കടമക്കുടി ഇന്ന് എല്ലാവർക്കും ഒരു ടൂറിസ്റ്റു സ്പോട്ട് പോലെയായി മാറിയെങ്കിലും ഞങ്ങൾക്ക് ഇന്നും ഞങ്ങളുടെ പഴയ പഞ്ചായത്തായ കടമക്കുടിയെയാണിഷ്ടം. 25 വർഷത്തോളം ഞാൻ ജീവിച്ചത് കടമക്കുടി പഞ്ചായത്തിലെ കോതാട് ഗ്രാമത്തിലായിരുന്നു. അന്ന് കടമക്കുടി നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട ഒരു ഗ്രാമമായിരുന്നു. ബോട്ട് സർവ്വീസുകൾ മാത്രമായിരുന്നു അന്ന് കടമക്കുടിക്കാരുടെ യാത്രാമാർഗ്ഗം. ചിറ്റൂർ ഭാഗത്തു നിന്നും രണ്ടു ബോട്ടുകളും ഞാറയ്ക്കലിൽ നിന്നും ഒരു ബോട്ടും ഇതുവഴി ഉണ്ടായിരുന്നു. കൂടാതെ എറണാകുളത്തു നിന്നും ചാത്തനാടേക്ക് സർവ്വീസ് നടത്തിയിരുന്ന ബോട്ട് കടമക്കുടി വഴിയായിരുന്നു പോയിരുന്നത്.
ഞങ്ങളുടെ നാടായ കോതാട് ഗ്രാമത്തിൽ പ്രവർത്തിച്ചിരുന്ന റേഷൻകട ഒരിക്കൽ നിർത്തുകയുണ്ടായി. ഇതോടെ ആ നാട്ടിലെ കുറച്ചാളുകൾക്ക് ചിറ്റൂരിലും ബാക്കിയുള്ളവർക്ക് കടമക്കുടിയിലുമാണ് റേഷൻകട താൽക്കാലികമായി അലോട്ട് ചെയ്തത്. ഞങ്ങളുടെ റേഷൻകട കടമക്കുടിയിലായിരുന്നു. അന്നൊക്കെ റേഷൻ വാങ്ങാൻ പോകുന്നത് വളരെ താല്പര്യമുള്ള കാര്യമായിരുന്നു. വേറൊന്നുമല്ല വൈകുന്നേരം ബോട്ടിൽ ഒരു സായാഹ്നയാത്രയും നടത്താം, കൂടാതെ ബാക്കി വരുന്ന കാശ് കയ്യിൽ തടയുകയും ചെയ്യും. കടമക്കുടി ബോട്ട് ജെട്ടിയോട് ചേർന്നായിരുന്നു റേഷൻകടയും പ്രവർത്തിച്ചിരുന്നത്. ഇന്ന് അതെങ്ങനെയാണാവോ?
ചില സമയങ്ങളിൽ റേഷൻ കടയിൽ തിരക്കായാൽ വന്ന ബോട്ടിനു തന്നെ തിരികെ പോകുവാൻ സാധിക്കുമായിരുന്നില്ല. അങ്ങനെ വരുമ്പോൾ സാധനങ്ങളെല്ലാം റേഷൻ കടയിൽത്തന്നെ വെച്ചിട്ട് കടമക്കുടിയുടെ ജീവനാഡിപോലെ കിടന്നിരുന്ന പാടവരമ്പിലൂടെയൊക്കെ ഒന്നു നടക്കാൻ പോകുമായിരുന്നു. ചിലപ്പോൾ ആരെങ്കിലും മീൻപിടിക്കുന്ന കാഴ്ച കണ്ടാൽ അവിടെ കൂടും. സന്ധ്യയോടെയായിരിക്കും പിന്നീട് അവിടെ നിന്നും വീട്ടിലേക്ക് ബോട്ടിൽ മടങ്ങുക.
ഇങ്ങനെ ഞങ്ങളെല്ലാം ആസ്വദിച്ചു കണ്ടിരുന്ന, ഞങ്ങളുടെ നൊസ്റ്റാൾജിയയുടെ ഭാഗമായ കടമക്കുടി ഇന്ന് കേരളം മുഴുവനും അറിയപ്പെടുന്ന ഒരു ചെറിയ ടൂറിസ്റ്റ് – ഫോട്ടോഗ്രാഫി സ്പോട്ട് ആയി മാറിയിരിക്കുന്നു. ഇന്ന് നിങ്ങളെല്ലാം കാണുന്ന കടമക്കുടിയേക്കാൾ പതിന്മടങ്ങു സുന്ദരമായിരുന്നു ഞങ്ങൾ കണ്ടിട്ടുള്ള ആ പഴയ കടമക്കുടി. പിൽക്കാലത്ത് പാലം പണിത് കടമക്കുടിയെ വരാപ്പുഴ ദ്വീപുമായി ബന്ധിപ്പിച്ചതോടെ ഇന്ന് കടമക്കുടിയിലേക്ക് ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട്.
കടമക്കുടി ദ്വീപുകൾ ഉണ്ടായതെങ്ങനെയെന്നു ചരിത്രം പറയുന്നത് ഇങ്ങനെ : 1341 ലെ വെള്ളപ്പൊക്കത്തിൽ കൊച്ചി അഴിമുഖം രൂപപ്പെട്ടപ്പോൾ ഉടലെടുത്ത ദ്വീപുകളിൽ ഒന്നാണ് കടമക്കുടി എന്നു കരുതപ്പെടുന്നു. 1963 വരെ ചേരാനല്ലൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്നു കടമക്കുടി. പിന്നീടാണ് കടമക്കുടി ഒരു പഞ്ചായത്തായി മാറിയത്.
കടമക്കുടിയിലെ ആളുകളുടെ പ്രധാന ഉപജീവനമാർഗ്ഗം മത്സ്യബന്ധനമാണ്. മത്സ്യസമ്പത്ത് ധാരാളമായുള്ള പ്രദേശമായതുകൊണ്ട് ചെറിയ രീതിയിലുള്ള മത്സ്യ കയറ്റുമതിയും ഇവിടെനിന്നുണ്ട്. ഇതുകൂടാതെ പൊക്കാളി നെൽകൃഷിയും ധാരാളമായി ഇവിടെ ചെയ്തുവരുന്നു. മഴക്കാലത്ത് ഓരുവെള്ളം കയറുമ്പോൾ പരമ്പരാഗതമായ ചെമ്മീൻ കൃഷിയും ഇവിടെ ചെയ്തുവരാറുണ്ട്. കൂടാതെ കള്ളുചെത്ത് ഇവിടുത്തെ മറ്റൊരു ഉപജീവനമാർഗ്ഗം കൂടിയാണ്. കടമക്കുടിയിലെ കള്ള് ഷാപ്പും അവിടത്തെ കറികളും പ്രശസ്‌തമാണ്. ദൂരെയുള്ള ഗ്രാമങ്ങളിൽ നിന്നുപോലും ആളുകൾ ഇവിടത്തെ കള്ള് ഷാപ്പിലേക്ക് വരാറുണ്ട്. എന്തായാലും കടമക്കുടി ഇത്രയും പ്രശസ്തമായതിൽ ഞങ്ങളെല്ലാം അഭിമാനം കൊള്ളുകയാണ് ഇന്ന്.