വിവരണം – സാദിയ അസ്‌കർ.

പുണ്ണ്യ റസൂൽ ജനിച്ചു വളർന്ന മണ്ണ്, അഞ്ചു നേരം നമ്മൾ നമസ്കരിക്കുന്നതിനും സുജൂദ് ചെയ്യാനും തിരിയുന്ന കഅബ. അധിക പേരും ഈ പുണ്യഭൂമിയിൽ എത്തിയിട്ടുണ്ടായിരിക്കും. ആദ്യമായിട്ട് വരുന്നവർക്കും ഹറം ചുറ്റി കാണാൻ ആഗ്രഹിക്കുന്നവർക്കും ഉപകരിക്കും എന്ന് തോന്നിയത് കൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടാൻ തീരുമാനിച്ചത്.

ഒരുപാടു പ്രാവശ്യം ഞാൻ ഹറമിൽ പോയിട്ടുണ്ടെങ്കിലും എല്ലാ ഭാഗവും ഇത് വരെ കണ്ടിട്ടില്ലായിരുന്നു. ഇപ്രാവശ്യം 3 ദിവസം മക്കയിൽ തന്നെ ആയിരുന്നു. നമ്മുടെ കാലിനു ആരോഗ്യവും മനസ്സിൽ അത്രേം ആഗ്രഹവും ഉണ്ടെങ്കിൽ നമ്മൾ എവിടെയും നടന്നെത്തും എന്നാണല്ലോ. എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഹറമിന്റെ മുകളിൽ നിന്നും കഅബ കാണണം എന്ന്. വഴികളൊന്നും അറിയില്ലായിരുന്നു. ഉള്ള അറിവ് വെച്ച് ചോദിച്ചു ചോദിച്ചു പോയി..

ഗേറ്റ് 74 ലൂടെ ഹറമിൽ പ്രവേശിച്ചു നേരെ മുന്നോട്ട് നടന്നാൽ മുകളിലേക്ക് സ്റ്റെപ് കാണാം. അതിലൂടെ കയറി മേലെ എത്തിയാൽ വലതു ഭാഗത്തേക്ക് കുറച്ചു നടന്നാൽ മുകളിലേക്ക് ഒരു വഴി കാണാം. എന്തോ പണികൾ നടക്കുന്ന കാരണം ഒരു താത്കാലിക വഴി ആണ് കയറി പോകാൻ ഉണ്ടാക്കിയിരിക്കുന്നത്. എല്ലായിടത്തും സെക്യൂരിറ്റി ഉള്ളത് കൊണ്ട് ചോദിച്ചാൽ അവർ വഴി കാണിച്ചു തരും. സഫ മർവയുടെ മുകളിലൂടെ ആണ് പോകുന്നത്. താഴെ നിന്ന് മാത്രം കണ്ടിരുന്നു എനിക്ക് അതെല്ലാം നല്ലൊരു കാഴ്ച ആയിരുന്നു.

രണ്ടാം നിലയിൽ ആ ഭാഗം ചുറ്റി കാണാൻ ഒരു വണ്ടി കിട്ടും. പുരുഷന്മാരും സ്ത്രീകളും കുട്ടികളെ വയസ്സായവരെ എല്ലാം അതിൽ ബാക്കിൽ ഇരുത്തി ഓടിച്ചു പോകുന്നത് കണ്ടു. അവരോടു വണ്ടി എവിടെ നിന്നാ കിട്ടുന്നെ എന്നെല്ലാം അന്വേഷിച്ചു. കുറച്ചു മുന്നോട്ടു പോയപ്പോൾ ഒരുപാടുണ്ട് വണ്ടികൾ നിർത്തിയിട്ടിരിക്കുന്നതു കണ്ടു. അവിടെപ്പോയി ചോദിച്ചപ്പോൾ ഒരു റൗണ്ടിന് 100 റിയാൽ ആണെന്ന് പറഞ്ഞു. താഴേക്കോ മുകളിലേക്കോ കൊണ്ട് പോകാൻ പാടില്ല. ആ നിലയിൽ എവിടെയും പോകാം. എനിക്ക് പിന്നെ മുകളിലേക്കാണല്ലോ പോവേണ്ടത്.

വീണ്ടും നടന്നു… സഫ മർവയുടെ ഇടയിലൂടെ കുറച്ചങ്ങു പോയാൽ മേലേക്ക് escalator കാണാം. അത് കയറിയാൽ ഏറ്റവും മുകളിൽ എത്തി. അവിടെ നിന്ന് നോക്കിയാൽ കാണാം പരിശുദ്ധ കഅബ. ഇത് വരെ കണ്ട കാഴ്ചകളൊന്നും എനിക്കൊന്നുമല്ലായിരുന്നു. പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും സന്തോഷത്തിൽ ആയിരുന്നു ഞാൻ അന്ന്. ഉൾഭാഗം നടന്നു കാണേണ്ട ഏറ്റവും മേലെ കണ്ടാൽ മതി എന്നാണെങ്കിൽ ഗേറ്റ് 90 നു തൊട്ടു ചാരി മുകളിലേക്ക് escalator ഉണ്ട്. 5 മിനിറ്റുനുള്ളിൽ മുകളിൽ എത്താം. നിസ്കാര സമയം escalator രണ്ടും മുകളിലേക്കും നിസ്കാരം കഴിഞ്ഞാൽ രണ്ടും താഴേക്കും ആണ് ഉള്ളത്. അല്ലാത്ത സമയങ്ങളിൽ അങ്ങോട്ടും ഇങ്ങോട്ടും ഉണ്ട്.

മർവയുടെ അവിടുന്ന് ഗേറ്റ് വഴി പുറത്തേക്ക് കുറച്ചു പോയാൽ ആണ് നബി(സ) ജനിച്ച വീട്. ലൈബ്രറി ആണ് അവിടെ ഇപ്പോൾ ഉള്ളത്. പിന്നെ ഉള്ളത് ക്ലോക്ക് ടവറിനുള്ളിൽ നിന്നുള്ള വ്യൂ ആണ്.. അവിടെ റൂം എടുക്കുകയാണെങ്കിൽ ഹറം ഫുൾ മുകളിൽ നിന്നും കാണാം. 11 നിലയിൽ വരെ എല്ലാവർക്കും പോകാം. അവിടെ ഒരു റെസ്റ്റോറന്റിൽ നിന്നും ഹറമിലേക്ക് വ്യൂ ഉണ്ട്. പിന്നെ ഉള്ളത് 10 നിലയിൽ നമസ്കാര റൂമിൽ നിന്നും കാണാം. (നമസ്കാര ടൈം കഴിഞ്ഞാൽ ആ ഡോർ ലോക്ക് ചെയ്യും.) ക്ലോക്ക് ടവറിൽ 3, 4 നിലകൾ ഫുഡ് കോർട്ട് ആണ്. അവിടെ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് ഞാൻ 11 വരെ പോയി കണ്ടത്. പോകുന്ന വഴികൾ എല്ലാം നോക്കി വെച്ചില്ലങ്കിൽ വന്ന വഴിയേ ഇറങ്ങാൻ പറ്റില്ല.

ഹറമിന് മുന്നിൽ എല്ലാ ബിൽഡിങ്ങിലും ഫുഡ് കോർട്ട് ഉണ്ട്. ക്ലോക്ക് ടവറിലും അതിനു അടുത്തുള്ള ജബൽ ഒമർ ഹിൽട്ടൺ ബിൽഡിങ്ങിലും ആണ് ഞങ്ങൾ കയറിയത്. ചെറിയ കുട്ടികൾ കൂടെ ഉണ്ടെങ്കിൽ ഭക്ഷണം കഴിക്കാനും ടോയ്ലറ്റ് പോവാനും എല്ലാം സുഖം ഫുഡ്കോർട്ട് ആണ്. എല്ലാ ഹോട്ടലിലും മലയാളികൾ ആണ്. അത് പോലെ luggage കയ്യിൽ ഉണ്ടെങ്കിൽ ഹറമിന് പുറത്തു ഒരുപാട് ലോക്കർ ഉണ്ട്. 1 മണിക്കൂറിനു 7 റിയാൽ ആണ് ചാർജ്.

പുണ്യകഅബ കാണാൻ ഹൃദയം കൊതിക്കുന്നവർക്ക് എത്രയും പെട്ടന്ന് അവിടം ചെന്നത്തുവാൻ സാധിക്കട്ടെ. എല്ലാവർക്കും നന്മകൾ മാത്രം വരുത്തട്ടെ.. നല്ല മനുഷ്യരായി പരസ്പരം സ്നേഹത്തോടെ ജീവിക്കാൻ ദൈവം വിധി നൽകട്ടെ..

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.