എഴുത്ത് – അഭിലാഷ് മാരാർ.
യാത്രകൾ ഇഷ്ടമല്ലാത്തവരാരുണ്ട് ?! ബൈക്കും കാറും ഒക്കെയായി കൂട്ടുകാരുമൊത്തു കറങ്ങാൻ പോകുന്നതാണ് പലർക്കും പ്രീയം. ഒരു അഞ്ചു മിനുട്ട് നീളുന്ന ബസ്സ് യാത്ര പോലും നമ്മുക്ക് പലവിധമാനഅനുഭവങ്ങൾ സമ്മാനിക്കും എന്നതിനാൽ ഓരോ കൊച്ചു യാത്രയും ആസ്വാദ്യകരം തന്നെ. നീലാകാശം പച്ചക്കടൽ ചുവന്നഭൂമി മോഡലിൽ ബുള്ളറ്റിൽ ഉത്തര- പശ്ചിമ ഇന്ത്യയിലേക്കൊക്കെ യാത്രപോകണമെന്ന മോഹമുണ്ടെങ്കിലും എന്റെ യാത്രകൾ പലപ്പോഴും ജോലി സ്ഥലമായ എറണാകുളത്തിനും ജന്മനാടായ കണ്ണൂരിനും ഇടയിലായി ഒതുങ്ങും. വാരാന്ധ്യങ്ങളിലെ തനിച്ചുള്ള ആറു മണിക്കൂറിലധികം നീളുന്ന ഈ യാത്ര മിക്കപ്പോഴും തീവണ്ടിയിൽ തന്നെ.
ഇന്നിപ്പോ whatsapp ഒക്കെ സജീവമായതിനാൽ തീവണ്ടിയിലെ സ്ഥിരം യാത്രക്കാർ ഉൾപ്പെടെ ഗ്രൂപ്പുകളൊക്കെ പല ഭാഗങ്ങളിലും സജീവമാണ്. പല സ്റ്റേഷനുകളിൽ നിന്നും കയറി പല സ്ഥലങ്ങളിലേക്ക് പോകേണ്ട ആൾക്കാർ തമ്മിൽ തമ്മിൽ ഒരു സൗഹൃദം വെച്ചുപുലർത്തുന്നു. ഏട്ടൻ പറഞ്ഞുകേട്ട അറിവിൽ ഏട്ടൻ അംഗമായ പയ്യന്നൂരിലെ എഗ്മോർ ബ്രദർസ് എന്ന whatsapp ഗ്രൂപ്പും നേത്രാവതി ഫ്രണ്ട്സ് എന്ന ഗ്രൂപ്പ് അംഗങ്ങളും തമ്മിൽ എന്നും കളിയാക്കൽ ആണ്.
മുംബൈ ലോകമാന്യതിലക് ടെർമിനസിൽ നിന്നും കിലോമീറ്ററുകൾ താണ്ടി നേത്രവതി എക്സ്പ്രസ്സ് വരുമ്പോൾ ചിലപ്പോ പത്തോ പതിനഞ്ചോ മിനുട്ട് വൈകി എന്നൊക്കെ വരും എന്നുവെച്ചു കൃത്യസമയത്ത് പോകുന്ന ചെന്നൈ എഗ്മോർ എക്സ്പ്രസ്സ്ലെ പിള്ളേരെന്തിനാ മ്മളെ കളിയാക്കുന്നെ എന്നാണു നേത്രാവതി ഫ്രണ്ട്സിന്റെ ചോദ്യം !! നേത്രാവതി വൈകിയാ ചിലസമയങ്ങളിൽ എഗ്മോർ എക്സ്പ്രസ്സ് ക്രോസിങ്ങിനായി പിടിച്ചിടുന്നതിലുള്ള ചൊരുക്കാണതെന്നു നേത്രാവതി ഫ്രണ്ട്സിനു അറിയാം. ചിലസമയങ്ങളിൽ നേത്രാവതി രണ്ടുമണിക്കൂറോളം വൈകുമ്പോൾ എഗ്മോറിനു പുറകിൽ വരുന്ന ഏറനാട് എക്സ്പ്രസ്സിൽ കയറുന്ന നേത്രാവതി ഫ്രണ്ട്സിന്റെ ഇരട്ടത്താപ്പും എഗ്മോർ ബ്രതെഴ്സ് കളിയാക്കൽ ആയുധമാക്കുന്നു.
ഇവരിലെ പൊതുവായ ഗുണമെന്തെന്നാൽ എല്ലാവരും കണ്ണൂരിൽ ഇറങ്ങി കഴിഞ്ഞു കോഴിക്കോട് – കണ്ണൂർ പാസഞ്ചേറിലും യശ്വന്ത്പൂർ – കണ്ണൂർ എക്സ്പ്രസ്സ്ലും വരുന്ന പെൺകുട്ടികളുടെ എണ്ണമെടുത്ത ശേഷമേ എല്ലാവരും ഓഫീസിലായാലും കോളേജിലായാലും ഹാജരാകൂ !! ഇത്തരം സ്ഥിരതീവണ്ടിയാത്രകൾ യാത്രക്കാരനും ആ വണ്ടിക്കും ഇടയിൽ നല്ലൊരു ആത്മബന്ധം സൃഷ്ടിക്കും.
കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ ഒന്നാം നമ്പർ പ്ലാറ്റഫോം. സമയം വൈകീട്ട് 4.45 കഴിയുന്നു. ഇത്തിരി വലിയ പ്ലാറ്റ്ഫോം ആയതിനാലോ ആ സമയത്ത് മറ്റു പ്ലാറ്റുഫോമുകൾ ഒഴിവില്ലാത്തതിനാലോ ആകാം ഒന്നാം പ്ലാറ്റഫോമിൽ രണ്ടു വണ്ടികൾ രണ്ടു ദിശകളിലായി നിർത്തിയിട്ടിട്ടുണ്ടാകും. വടക്കുഭാഗത്തു ലോക്കോ ഡീസൽ എൻജിനൊക്കെ ഘടിപ്പിച്ചു ആകെ രണ്ടും മൂന്നും അഞ്ചു ബോഗികളുമായി ഗമയോടെ ഒരു ട്രെയിനും തൊട്ടുപുറകിൽ തെക്ക് ഭാഗത്തു ഒരു ട്രെയിനും കിടപ്പുണ്ടാകും. മുന്നിലുള്ളത് 5 മണിക്ക് പോകേണ്ട ബാംഗ്ലൂർ എക്സ്പ്രസ്സ് ആണ്. ആകെ അഞ്ചോ ആറോ ബോഗികൾ ഉള്ള ഈ ഇത്തിരിക്കുഞ്ഞനെ അധികം പേർ ആശ്രയിക്കാറില്ല.
ഭൂരിഭാഗം ജോലിക്കാരും വിദ്യാർത്ഥികളും കണ്ണൂരിനും പയ്യന്നൂരിനും ഇടയിലെ ലോക്കൽ റെയിൽവേ സ്റ്റേഷനുകളിലേക്ക് ഇറങ്ങേണ്ടവരായതിനാൽ അവർ പുറകിലത്തെ ട്രെയിനിലാണ് കയറുക. കണ്ണൂരിൽ നിന്നും വെറും 48 കിലോമീറ്റർ അകലെ ഉള്ള ചെറുവത്തൂർ വരെ പോകുന്ന പാസഞ്ചർ ട്രെയിൻ ആണത്. ഇതിൽ കയറുന്നവരിൽ ഭൂരിഭാഗം പേരും മുൻയാത്രകളിൽ തന്നെ പരസ്പരം പരിചയമായിട്ടുണ്ടാകും. ട്രെയിനിനകത്താകട്ടെ ഇത്തരം യാത്രക്കാരുടെ പഴയ വിനോദഉപായമായ അന്താക്ഷരി മുതൽ പുത്തൻ വിദ്യയായ മൊബൈൽ ലുഡോയും മറ്റും ആരംഭിച്ചിട്ടുണ്ടാകും.
ചില ട്രെയിനുകൾക്ക് സ്ഥിരം യാത്രക്കാരുടെ വക പ്രതേക ഐഡന്റിറ്റി ഉണ്ടാകും. ഇടത്തരക്കാരുടെ ആഡംബരതീവണ്ടിയും ടിക്കറ്റ് ചെക്കർമാരുടെ പൊന്നോമന വണ്ടിയുമാണ് കണ്ണൂർ – തിരുവനന്തപുരം ജനശതാബ്തി എക്സ്പ്രസ്സ്. അഞ്ചു മണിക്കൂർ കൊണ്ട് കണ്ണൂരിൽ നിന്നും എറണാകുളം എത്തുന്നത് കൊണ്ട് ഈ ട്രെയിനിൽ മിക്ക ദിവസങ്ങളിലും നേരത്തെ റിസർവഷൻ ഫുള്ളാകാറുണ്ട്. പക്ഷെ കണ്ണൂർ, കോഴിക്കോട് മേഖലയിലെ ആൺകുട്ടികൾ വായ്നോട്ടത്തിനു പ്രധാനഉപായമായാണ് ജനശതാബ്തിയെ കാണുന്നത്. എറണാകുളം ഭാഗത്തേക്കുള്ള പെൺകുട്ടികളുടെ ചാകര ആണ് പൊതുവെ ജനശതാബ്തിയിൽ !!
തിരക്കുള്ള ട്രെയിനും ഇടയ്ക്കിടയ്ക്കേ ഉള്ള സ്റ്റോപ്പും എനിക്ക് അലർജി ആയതിനാൽ എന്റെ തിരിച്ചു എറണാകുളത്തേക്കുള്ള യാത്രകൾ പലപ്പോഴും സൂപ്പര്ഫാസ്റ്റ് ട്രെയിനിലായിരിക്കും. ദിവസേനെ ഒരേ സമയത്തു മാറി മാറി വരുന്ന ഇത്തരം ട്രെയിനുകൾക്കകത്തെ സ്ഥിതി ഒന്ന് തന്നെയാണ്.
മൺസൂൺ ടൈമിൽ രാവിലെ 7 മണിക്ക് എത്തുന്ന ഒരു ട്രെയിനുണ്ട്, ഞായറാഴ്ച ആണെങ്കിൽ അവന്റെ പേര് സമ്പർകാന്തി എക്സ്പ്രസ്സ്, തിങ്കളാഴ്ച ആണെങ്കിൽ അമൃത്സർ – കൊച്ചുവേളി എക്സ്പ്രസ്സ് അങ്ങനെ അങ്ങനെ. ഒരു തവണ സമ്പർകാന്തിയിൽ കയറിയപ്പോൾ കമ്പാർട്ട്മെന്റ് മുഴുവൻ പ്ലാസ്റ്റിക്ക് വേസ്റ്റുകളായിരുന്നുവെങ്കിൽ തൊട്ടടുത്ത ആഴ്ച കയറിയപ്പോൾ മൊത്തം കാടും പടലവും ആയിരുന്നു. അന്ന് ഞാൻ ശരിക്കും ആലോചിച്ചു ഇതേതു കാട്ടിൽ നിന്നാവോ വരുന്നത് !. പിന്നെ ദോഷം പറയരുതല്ലേ ഒന്ന് സംസാരിച്ചിരിക്കാൻ ഒരു മലയാളിയെ കിട്ടണമെങ്കിൽ കോഴിക്കോടോ ഷൊർണുരോ എത്തണം. അത്രപോലും ആരും ഈ ട്രെയിനിനെ ആശ്രയിക്കാറില്ലെന്നു സാരം.
ട്രെയിനുകൾക്കപ്പുറം ചിലപ്പോൾ ട്രെയിൻ യാത്രകളിൽ മനസ്സിൽ കയറിപ്പറ്റുന്ന ചില സ്ഥലങ്ങളുണ്ട്. എറണാകുളം – തൃശൂർ ലൈനിൽ പോകുമ്പോൾ വലതുഭാഗത്തു പച്ചപ്പാൽനിറഞ്ഞ ഒരു മൈതാനവും അതിന്റെ ഒത്തനടുക്കൊരു വൃക്ഷവും കാണാറുണ്ട്. ചുമ്മാ എപ്പഴും ആ സ്ഥലം ഒന്ന് ശ്രദ്ധിച്ചു വെയ്ക്കും. ഭാവി സിനിമയിലേക്ക് ഒരു പാട്ട് സീനിനു ലൊക്കേഷനായി ഇപ്പൊ സ്ഥലം മനസ്സിൽ കേറി. പിന്നെ അങ്കമാലി കഴിഞ്ഞു എയർപ്പോർട്ട് എത്തുമ്പോൾ ട്രെയിനിന്നു എല്ലാരും എയർപോർട്ട് നോക്കുമ്പോൾ എന്നിലെ സൈക്കോ മാത്രം നേരെ എതിർ വശത്തുള്ള ഗോൾഫ് സെന്റർ നോക്കും. അതെന്തിനാണെന്നു എനിക്കിപ്പളും മനസ്സിലായിട്ടില്ല !!
ഇതൊക്കെ കൂടാതെ ഭാരതപ്പുഴ , നേത്രാവതി പാലം , വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷൻ തുടങ്ങി ഒരു നിമിഷം മാത്രം ദൈർഘ്യമുള്ള പല തവണകളിൽ കണ്ടു മനസ്സിനോട് ചേരുന്ന സ്ഥലങ്ങളുണ്ട്. യാത്രകൾ അവസാനിക്കുന്നില്ല , പ്ലാറ്റഫോമിൽ ഇപ്പോഴും ട്രെയിനിന്റെ അറിയിപ്പ് കേൾക്കുന്നുണ്ട് , പുലർച്ചയോടടുപ്പിച്ചുള്ള ട്രെയിൻ പിടിച്ചാൽ സൂര്യന്റെ വെളിച്ചം തട്ടി എഴുന്നേൽക്കുന്ന എന്റെ പാതയിലൂടെ വീണ്ടും ഒരു യാത്രയുടെ ഓർമ്മകുറിപ്പുകൾ പിറക്കും.
Photos – Respected Photographers, Indian Railways FB Page.