വിവരണം – Bani Zadar.
പണ്ട് മുല്ല ഹോജയെ ഉപദേശിക്കാൻ വേണ്ടി ആ നാട്ടിലെ കുറച്ചു പ്രമാണിമാർ ചേർന്നു തീരുമാനിച്ചു, അവർ മുല്ലയുടെ അടുത്ത് ചെന്നിട്ടു പറഞ്ഞു. “അല്ല ഹോജ, ഇങ്ങനെ വെറുതെ ഇരുന്നാൽ മതിയോ, ഇങ്ങൾക്കു വല്ല ജോലിക്കും പൊയ്ക്കൂടേ.”
ഹോജ മുഖം ഉയർത്തി കൊണ്ട് ചോദിച്ചു “എന്നിട്ടു..?” “അപ്പോൾ പിന്നെ നിങ്ങളുടെ അടുത്ത പൈസ ഉണ്ടാവും,ആ പൈസ എടുത്തു വല്ല കച്ചോടവും ചെയ്യാം.” ഹോജയുടെ മുഖം വിടരുന്നത് കണ്ടപ്പോൾ പ്രമാണിമാർക്ക് ആവേശം ആയി. അവർ പറഞ്ഞു ” അങ്ങനെ കച്ചോടമൊക്കെ ചെയ്തു വലിയ ആൾ ആയാൽ ഒരു കല്യാണം ഒക്കെ കഴിക്കാലോ”
ഹോജ ചോദിച്ചു… “ആഹാ എന്നിട്ട്..?” പ്രമാണിമാർ പറഞ്ഞു “അങ്ങനെ കുറെ കാലം കഴിഞ്ഞു മക്കൾ ഒക്കെ ആയി കഴിഞ്ഞാൽ, കച്ചവടമൊക്കെ അവരെ ഏല്പിക്കലോ, പിന്നെ സ്വസ്ഥം ആയി ഇരിക്കലോ.”
ഹോജ അവരുടെ മുഖത്തേക് ഒരു നിമിഷം നോക്കീട്ടു പറഞ്ഞു “അല്ല മൊയന്തുകളെ… ഞാൻ ഇപ്പോഴും അത് തന്നെ അല്ലെ ചെയ്‌തോണ്ടും ഇരിക്കുന്നത്, വലിയ ഉപദേശകാര് വന്നിരിക്കുന്നു.” ഇതും പറഞ്ഞു ഹോജ അവിടെ തന്നെ കിടന്നുറങ്ങി, ഉപദേശിക്കാൻ വന്ന പ്രമാണിമാർ സ്ഥലം വിട്ടു, മറ്റുള്ളവരെ ഉപദേശിക്കാൻ വേണ്ടി.
ഇത് പറഞ്ഞത് എന്തിനാണെന്നു വെച്ചാൽ, ട്രിപ്പ് പോകുന്നതിന് പ്രത്യേക സമയമോ കാലമോ ഒന്നും വേണ്ട. മക്കളൊക്കെ വലുതായി പൈസ ആയിട്ടൊക്കെ ട്രിപ്പ് പോയിക്കൂടെ എന്ന് ഇടക്കിടക്ക് ചോദിക്കുന്നവരോട് ഹോജ പറഞ്ഞത് തന്നെയാ എനിക്കും പറയാൻ ഉള്ളു. അത് തന്നെ അല്ലെ പഹയന്മാരെ ഇപ്പോഴും ഞാൻ ചെയ്തു കൊണ്ടിരിക്കുന്നത്. പെരുന്നാളിന് ദുബൈയിലെ ലീവ് അഞ്ചാറു ദിവസം ഉണ്ടെന്നു വൈകിയാണ് അറിഞ്ഞത്, അപ്പോൾ മുതൽ തുടങ്ങിയത് ആണ് ട്രിപ്പ് എവിടെ പോകണം എന്ന് തപ്പി നടക്കാൻ. ഫ്ലൈറ്റ് ഒക്കെ മുടിഞ്ഞ ചാർജ് ആണെന് കണ്ടപ്പോൾ ആ സ്വപ്നം മടക്കി വെച്ചത് ആയിരുന്നു, അപ്പോഴാണ് ഓസ്ട്രിയിലേക്കു ചാർജ് കുറവ് കണ്ടത്, പിന്നെ ഒന്നും നോക്കീല ഷെങ്കൻ വിസ ഉള്ളത് കൊണ്ട് പെരുന്നാളിന്റെ തലേന്നു ടിക്കറ്റ് എടുത്തു, കിട്ടിയത് എടുത്തു പാക്കും ചെയ്തു, പിറ്റേന്നു രാവിലെ തന്നെ ഓസ്ട്രിയുടെ തലസ്ഥാനം ആയ വിയന്നയിൽ എത്തി.
റെൻഡിനു കാർ എയർപോർട്ടിൽ നിന്ന് തന്നെ എടുത്തു. 5 ദിവസം കൊണ്ട് ഓസ്ട്രിയും അയൽ രാജ്യം ആയ ഹങ്കറിയും കാണാൻ ആയിരുന്നു പ്ലാൻ. സാദാരണ എയർപോർട്ടിൽ നിന്നും സിം കാർഡ് എടുക്കാറാണ് പതിവ്, എന്നാൽ അവിടെ പിടിച്ചു പറിക്കുന്ന തരത്തിൽ ഉള്ള പൈസ ആയതു കൊണ്ട് അവിടെ നിന്നും എടുക്കാതെ, പുറത്തു നിന്നും എടുക്കാൻ തീരുമാനിച്ചു. അത് വരെ കാറിൽ ഉള്ള നാവിഗേഷൻ ഉപയോഗിച്ച് സാൽസ്ബർഗിൽ എത്താം എന്നും കരുതി.
എന്നാൽ എന്റെ കണക്കുകൂട്ടൽ ഒക്കെ തെറ്റിച്ചു കാറിലെ നാവിഗേഷൻ പണി തന്നു. വഴി തെറ്റി നമ്മൾ വിയന്നയിൽ കറങ്ങി നടക്കാൻ തുടങ്ങി. അവസാനം ഒരു ഷോപ്പിൽ കയറി സിം കാർഡ് എടുത്തെങ്കിലും അത് ആക്റ്റിവേറ്റും ആയില്ല. അങ്ങനെ കറങ്ങി തിരിഞ്ഞു വൈകിട്ട് സാൽസ്ബർഗ് എത്തേണ്ട നമ്മൾ എത്തിയത് നട്ടപാതിരാക് ആയിരുന്നു.
രാവിലെ എഴുനേറ്റു കണ്ണ് തുറന്നു നോക്കിയപ്പോൾ, മുൻപിൽ മുടി ഒക്കെ അഴിച്ചിട്ടു സാരി ഉടുത്തു ഒരു രൂപം. ഞാൻ അയ്യോ എന്നും പറഞ്ഞു ചാടി എഴുന്നേറ്റു നോക്കിയപ്പോൾ ഉണ്ട് പാത്തു സാരിയൊക്കെ ഉടുത്തു നിന്നു. ഞാൻ ചോദിച്ചു “ആരിതു വാര്യംപള്ളിലെ മീനാക്ഷി അല്ലയോ, എന്താ മോളെ സാരീല്.”
അപ്പോൾ പാത്തു ഒരു പുയിത്ത മുണ്ടു എടുത്തു എനിക്ക് തന്നിട്ട് പറഞ്ഞു, “ഇത് ഉടുത്തോ ഇന്ന്, പെരുന്നാളിന്റെ സാരി അങ്ങനെ എങ്കിലും മൊതലാവട്ടെ” എന്ന്. എനിക്ക് പയേ മുണ്ടും അവൾക്കു പുതിയ സാരിയും, കലക്കി. എന്നിട്ട് സാൽസ്ബർഗിലും ഹോള്സ്റ്റേറ്റിലും ഓണത്തിന് പൂവ് പറിക്കാൻ പോകുന്നത് പോലെ തെരുവിലൂടെ നടക്കുമ്പോൾ അവിടെ ജോലി ചെയുന്ന ഒരു ഇന്ത്യൻ പെൺകുട്ടി അടുത്ത് വന്നിട് ചോദിച്ചു, “ഇന്ത്യൻകാരാണ് അല്ലെ, ഇവിടെ വന്നതിനു ശേഷം ആദ്യമായിട്ട് ആണ് ഇന്ത്യൻ ഡ്രെസ്സിൽ ഉള്ളവരെ കാണുന്നത്, പരിചയപെട്ടതിൽ ഒരുപാട് സന്തോഷം” ആ പഞ്ചാബി പെണ്ണിനോട് നന്ദി ഒക്കെ പറഞ്ഞു.
ഇനി എവിടേക് പോകണം എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ പെട്ടെന്നു പാത്തൂനെ കാണുന്നില്ല. നോക്കുമ്പോൾ ഉണ്ട് പാത്തു സാരി ഒക്കെ വലിച്ചു കേറ്റി കാറിലേക് ഓടുന്നു. സംഭവം സാരി ഉടുക്കാൻ അറിയാത്ത പാത്തു അതൊക്കെ ഇട്ടു നടന്നപ്പോൾ അലങ്കോലം ആയതാ. അതൊക്കെ മാറ്റി പാത്തു വേറെ ഡ്രസ്സ് ഒക്കെ ഇട്ടു പുറത്തേക് വന്നു. അപ്പോഴാണ് പാത്തൂന്റെ ഇൻസ്റ്റയിൽ അതിന്റെ അടുത്ത് തന്നെ ഉള്ള കൊഗ്‌ൻസീ തടാകത്തെ പറ്റി ആരോ പറഞ്ഞു കൊടുത്തത്.
സംഭവം ഹിറ്റ്ലറുടെ നാടായ ജർമനിയിൽ വരുന്നത് ആണ് ഈ സ്ഥലം. ഞാൻ മാപ്പിൽ നോക്കിയപ്പോൾ ഏകദേശം രണ്ടു മണിക്കൂർ മാത്രമേ ഉള്ളു അവിടേക്ക് എത്താൻ എന്ന്. അങ്ങനെ രാത്രി അവിടെ താമസിക്കാം എന്ന് തീരുമാനിച്ചു. നല്ലൊരു ഹോസ്റ്റലിൽ ആണ് നമുക്ക് റൂം കിട്ടിയത്. അവിടെ ആണെങ്കിൽ മുഴുവൻ സ്കൂൾ കോളേജ് പിള്ളേരുടെ ടൂർ ടീം കൊണ്ട് നിറഞ്ഞിരുന്നു. കുട്ടിപ്പട്ടാളത്തിന് അതുകൊണ്ടു നല്ല സന്തോഷം ആയിരുന്നു. അവരും ആ സ്കൂൾ ടീമിന്റെ കൂടെ കൂടി അവരുടെ പാട്ടൊക്കെ കേട്ടിരുന്നു.
രാത്രി വെറുതെ മൊബൈലിൽ പിറ്റേന്നു പോകേണ്ട സ്ഥലങ്ങൾ ഒക്കെ നോക്കുമ്പോൾ ആണ് ഒരു ഐഡിയ വന്നത്. ഞാൻ പാത്തുനോട് പറഞ്ഞു. ഇതിപ്പോൾ ജർമ്മനി അടക്കം നമ്മൾ മൂന്ന് രാജ്യങ്ങൾ പോകുന്നുണ്ട്. അങ്ങനെ ആണെങ്കിൽ എന്ത് കൊണ്ട് കുറച്ച സമയം അഡ്ജസ്റ്റ് ചെയ്തു തൊട്ടു അടുത്തുള്ള സ്ലോവേനിയും സ്ലോവേക്യയും കൂടെ സന്ദർശിച്ചു കൂടാ. അങ്ങനെ ആണെകിൽ അഞ്ചു ദിവസം കൊണ്ട് അഞ്ചു രാജ്യങ്ങൾ കവർ ചെയ്തിട്ടുള്ള ഒരു റോഡ് ട്രിപ്പ് ആകും.
പിറ്റേന്നു പിന്നെ അതിനനുസരിച്ചു നമ്മൾ നീങ്ങി. കോണിഗ്സ് തടാകം കഴിഞ്ഞു നേരെ പോയത് ഓസ്ട്രിയുടെ ഇന്ൻസ്ബ്രൂക്ക് എന്ന സ്വിസ്സർലാൻഡിനോട് സാമ്യം ഉള്ള സ്ഥലത്തേക്കു ആയിരുന്നു. അവിടെ എത്തീട്ടു റോപ്പ്‌വേയിൽ മലയുടെ മുകളിൽ എത്തിയപ്പോൾ ആണ് അബദ്ധം മനസിലായത്. ജാക്കറ്റ് ഒന്നും എടുക്കാതെ പോയ നമ്മളെ അവിടത്തെ തണുപ്പ് ശെരിക്കും ബുദ്ധിമുട്ടിച്ചു. പ്രത്യേകിച്ച് കുട്ടിപട്ടാളത്തിനെ. അത് കൊണ്ട് അവിടുന്നു നേരത്തെ ഇറങ്ങി അടുത്ത രാജ്യം ആയ സ്ലോവേനിയ ലക്ഷ്യമാക്കി നീങ്ങി.
രാത്രി സ്ലോവേനിയയിൽ കൂടെ യാത്ര ചെയ്യുമ്പോൾ അതി ശക്തമായ ഇടിയും മിന്നലും മഴയും ആയിരുന്നു. തുറസായ പ്രദേശം ആയതു കൊണ്ട് ദൂരെ നിന്ന് തന്നെ മിന്നൽ അടിക്കുന്നത് കാറിൽ നിന്ന് തന്നെ കാണാമായിരുന്നു. അത് കണ്ടിട്ട് പാത്തുന് കുറച്ചു പേടി ആയി. അവൾ എന്നോട് പറഞ്ഞു “നമുക്ക് ഇനി എവിടെയെങ്കിലും സ്റ്റേ ചെയ്യാം, ഇങ്ങനെ പോകുന്നത് കുറച്ചു റിസ്ക് അല്ലെ?” അവൾ പറഞ്ഞതിൽ കാര്യം ഉണ്ടെന്നു എനിക്കും തോന്നി,അങ്ങനെ അന്ന് നമ്മൾ സ്ലോവേനിയയിലെ ഒരു ചെറിയ ഗ്രാമത്തിലെ റോഡ് സൈഡിൽ കണ്ട നല്ലൊരു ഗസ്റ്ഹൗസിൽ താമസിച്ചു.
രാവിലെ കാറിൽ കയറി ഇരുന്നപ്പോൾ കുട്ടിപ്പട്ടാളം വെള്ളം എടുക്കാൻ വേണ്ടി വീണ്ടും കാറിൽ നിന്നും ഇറങ്ങി ഹോട്ടലിന്റെ അകത്തേക്കു പോയി. ഞാൻ മൊബൈലിൽ റൂട്ട് മാപ്പ് സെറ്റ് ആകുമ്പോൾ കുട്ടിപ്പട്ടാളം കാറിനും ചുറ്റും ഓടുന്നത് കണ്ടു. ഞാൻ അവരോടു കാറിൽ കേറാൻ പറയുന്നത് ഒന്നും കേൾക്കാതെ ഇവര് മൂന്നും ബഹളം വെച്ചോണ്ടും കാറിനു ചുറ്റും ഓടുകയായിരുന്നു.
പെട്ടെന്നു നോക്കിയപ്പോൾ ആയിരുന്നു ഞാൻ അത് കണ്ടത്, ഒരു വലിയ പട്ടി ഇവർക്കു പിന്നാലെ ഇവരെ ഓടിക്കുകയാണെന്നു. ഞാനും പാത്തുവും അപ്പോൾ തന്നെ കാറിൽ നിന്നും ഇറങ്ങി മൂന്നിനേയും എടുത്തു വണ്ടിയിൽ ഇട്ടു. അപ്പോയെക്കും ഹോട്ടലിന്റെ ഉടമസ്ഥൻ വന്നു ആ പട്ടിയെ എടുത്തു കൊണ്ട് പോയി.
സ്ലോവേനിയിൽ നിന്നും നേരെ സ്ലോവേക്യ എത്തി. ഒരു പാവപെട്ട യൂറോപ്പ്യൻ രാജ്യം എന്ന് വേണമെങ്കിൽ പറയാം. കാര്യമായിട്ട് പണ്ടത്തെ കൊട്ടാരങ്ങളും കെട്ടിടങ്ങളും ഉള്ള അവരുടെ തലസ്ഥാനം ആയ ബ്രാറ്റിസ്ലാവ എന്ന കൊച്ചു ടൗണിൽ ഞങ്ങൾ കറങ്ങി നടന്നു. ഒരു അറബ് വംശജന്റെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിൽ കുട്ടിപട്ടാളത്തിൽ ഒരാൾ ഭക്ഷണം വലിച്ചെറിഞ്ഞപ്പോൾ പാത്തു അവന്റെ കയ്യിൽ ചെറുതായിട്ട് ഒന്ന് അടിച്ചു. അത് കണ്ടപ്പോൾ ആ ഹോട്ടൽ ഉടമ പാത്തുനോട് അറിയാവുന്ന ഇംഗിളിഷിൽ പറഞ്ഞു, “സിസ്റ്റർ, ഇവിടെ കുട്ടികളെ തല്ലാൻ പാടില്ല. ആരെങ്കിലും കണ്ടു കഴിഞ്ഞാൽ പോലീസിൽ റിപ്പോർട്ട് ചെയ്യും, പിന്നെ പ്രശ്നം ആകുമെന്ന് ഞങ്ങളെ പറഞ്ഞു മനസിലാക്കി.”
രാത്രി ആയപ്പോൾ നമ്മൾ ഹാങ്കറിയിലെ ബുഡാപെസ്റ്റിൽ എത്തി. ശെരിക്കും ഒരു അടിച്ചു പൊളി സ്ഥലം ആയിരുന്നു ബുഡാപെസ്റ്. എവിടെ നോക്കിയാലും പാട്ടും ഡാൻസും തന്നെ ആയിരുന്നു. അവിടെ കറങ്ങി നടക്കുമ്പോൾ ഞാൻ പാത്തുനോട് പറഞ്ഞു. “ഇവിടെ ഒന്ന് തനിച്ചു ഒന്നുടെ വരേണ്ടി വരും” (അതിനു മറുപടി ആയി നല്ല ഒരു നുള്ളു കിട്ടി കയ്യിൽ).
പിറ്റേന്നു നേരെ തിരിച്ചു ഓസ്ട്രിയ എത്തി. അവിടെ വിയന്നയിൽ കുറച്ചു കറങ്ങിയതിനു ശേഷം രാത്രി ഫ്ലൈറ്റിൽ ദുബായിലേക്കു വിട്ടു. രാവിലെ ഓഫീസിൽ പോകേണ്ടത് കൊണ്ട് എയർപോർട്ടിൽ നിന്ന് തന്നെ ഡ്രസ്സ് ഒക്കെ മാറി. ഞാൻ നേരെ ഓഫീസിലേക്കും പാത്തുവും കുട്ടിപട്ടാളവും വീട്ടിലേക്കും പോയി. ഉച്ചക്ക് ഓഫീസിൽ നിന്നും പുറത്തു ഇറങ്ങി ക്രെഡിറ്റ് കാർഡിന്റെ പൈസ അടക്കാൻ വേണ്ടി, അതിനു വേണ്ടി തൊട്ടടുത്തുള്ള ഒരു ഷോപ്പിംഗ് മാളിൽ കയറിയപ്പോൾ പണ്ടത്തെ ഒരു കൂട്ടുകാരനെ കണ്ടു. കണ്ടപാടെ കൈ തന്നിട്ട് അവൻ പറഞ്ഞു, “ഹോ.. ഫുൾ ട്രിപ്പ് തന്നെ അല്ലെ അളിയാ, നിന്റെ അടുത്തൊക്കെ പിന്നെ ഒരുപാട് പൈസ ഉള്ളത് കൊണ്ട് അതൊക്കെ നടക്കും, നമ്മളെ കൊണ്ടൊന്നും ഇതൊന്നും പറ്റില്ല.”
ഞാൻ അതിനു മറുപടി ഒന്നും പറയാതെ അവനോടു ചോദിച്ചു,”നീ എന്താ ഇവിടെ.” അവൻ പറഞ്ഞു “അത് ഞാൻ നാട്ടിൽ ഒരു പറമ്പ് കൂടെ വാങ്ങിച്ചിട്ടുണ്ട്, അതിന്റെ അഡ്വാൻസ് പൈസ നാട്ടിലേക്കു അയക്കാൻ വേണ്ടി വന്നതാണ്.” എന്നും പറഞ്ഞു അവൻ പിന്നെ കാണാം എന്നും പറഞ്ഞിട്ട് പോയി, അപ്പോഴും എന്റെ കീശയിൽ ഇരുന്നു എന്റെ ക്രെഡിറ്റ് കാർഡ് എന്നെ നോക്കി ചിരിക്കുണ്ടായിരുന്നു, ബാക്കി എപ്പോൾ അടച്ചു തീർക്കും എന്ന് ചോദിച്ചു കൊണ്ട്…!!!