വിവരണം – നിഷ ജാസ്മിൻ.
ഞങ്ങൾ അമേരിക്കയിലെ പെൻസിൽവാനിയയിൽ ആണ് താമസിക്കുന്നത്. നാട്ടിൽ നിന്ന് സഹോദരൻ ഞങ്ങളുടെ അടുത്തേക്ക് രണ്ട് ആഴ്ചത്തെ സന്ദർശനത്തിനു വന്നിരുന്നു. അവനെയും കൊണ്ട് കറങ്ങാൻ പോകാനുള്ള സ്ഥലങ്ങൾ ഗൂഗിളിൽ തിരയുമ്പോൾ ആണ് ലാൻകാസ്റ്റർ കൗണ്ടിയിലെ ഇന്റർകോഴ്സ് എന്ന സ്ഥലം കണ്ണിൽപെട്ടത്. ആമിഷുകൾ താമസിക്കുന്ന സ്ഥലം ആണ് എന്നും കണ്ടു. ആ സമയത്ത് ആമിഷ് എന്താണ് എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. ഗൂഗിളിൽ ഫോട്ടോകളിൽ നല്ല ഭംഗിയുള്ള സ്ഥലങ്ങൾ കണ്ടപ്പോൾ അങ്ങോട്ടേക്ക് തന്നെ പോകാം എന്ന് തീരുമാനിച്ചു. അങ്ങനെ ഒരു ബുധനാഴ്ച ഞങ്ങൾ ആമിഷുകളുടെ നാട്ടിലേക് പുറപ്പെട്ടു.
ഞങ്ങൾ താമസിക്കുന്ന ഫിലഡെൽഫിയയിൽ നിന്ന് ഇന്റർകോഴ്സിലേക്ക് എത്തിച്ചേരാൻ ഏകദേശം 2 മണിക്കൂർ യാത്ര ചെയ്യണം. ഇവിടെ ഇപ്പോൾ ഇല കൊഴിയുന്ന കാലം ആയതിനാൽ പോകുന്ന വഴി എല്ലാം കാണാൻ നല്ല ഭംഗി ആണ്. കാറിൽ നിന്ന് പുറത്തേക് നോക്കി ഇരുന്നാൽ സമയം പോകുന്നതേ അറിയില്ല. മരങ്ങൾ എല്ലാം പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നീ നിറങ്ങൾ ആയി നിൽക്കുന്നത് കാണാൻ തന്നെ പ്രത്യേക ഭംഗിയാണ്. അവിടേക്ക് എത്താറാവുന്തോറും സ്ഥലങ്ങളുടെ ഭംഗി കൂടി കൂടി വന്നു.. ഒരു പതിനൊന്നു മണി ആയപ്പോൾ ഞങ്ങൾ ആമിഷുകളുടെ നാട്ടിലെ കിച്ചൺ കെറ്റിൽ വില്ലേജിൽ എത്തി. അവിടെ കുഞ്ഞുകുഞ്ഞു കടകളും ആമിഷുകൾ താമസിക്കുന്ന സ്ഥലങ്ങളും ഒക്കെ നമുക്ക് കാണിച്ചുതരാൻ പോകുന്ന ബസ്സുകളും കുതിരവണ്ടികളും ഒക്കെ ഉണ്ടായിരുന്നു.
കുതിരവണ്ടിയിൽ കയറാനുള്ള ഇഷ്ടം കൊണ്ട് അതിൻ്റെ ഒരു മണിക്കൂർ റൈഡിനു ടിക്കറ്റ് എടുത്തു. അതിസുന്ദരമായ ആ ഗ്രാമത്തിലൂടെ കുതിരവണ്ടിയിൽ ഉള്ള ആ യാത്ര ഒരിക്കലും മറക്കില്ല. ഒരു മണിക്കൂർ പോയതേ അറിഞ്ഞില്ല. റോഡിൻ്റെ ഇരു വശങ്ങളിലും കൃഷിയിടങ്ങളും, വീടുകളും, ഫാമുകളും ഒക്കെ കാണുന്നുണ്ടായിരുന്നു. സത്യം പറയാലോ, ഒരു രക്ഷയും ഇല്ലാത്ത സ്ഥലം! കുതിര വണ്ടിക്കാരൻ ഒരു ആമിഷ് ആയിരുന്നു. അയാളിൽ നിന്ന് ആമിഷുകളെ പ്പറ്റി കൂടുതൽ അറിയാൻ സാധിച്ചു. ആനബാപ്ടിസ്റ് എന്നറിയപ്പെടുന്ന ഒരു ക്രിസ്ത്യൻ സമൂഹത്തിലെ ഒരു വിഭാഗമാണ് ആമിഷുകൾ. അമേരിക്കൻ കുടിയേറ്റകാലത്ത് യാക്കോബ് അമ്മാൻ എന്ന സ്വിസ് പാതിരിയുടെ നേതൃത്വത്തിൽ അന ബാപ്റ്റിസ്റ്റ് വിഭാഗത്തിൽ നിന്നും വേർപിരിഞ്ഞവരാണ് ആമിഷ് എന്നറിയപ്പെടുന്നത്. 18 ആം നൂറ്റാണ്ടിൽ അമേരിക്കയിലേക് കുടിയേറിപ്പാർത്തവർ ആണിവർ.
ഇപ്പോഴത്തെ പുതിയ കണക്കു പ്രകാരം അമേരിക്കയിലെ പെൻസിൽവാനിയയിലാണ് ഏറ്റവും കൂടുതൽ ആമിഷുകൾ താമസിക്കുന്നത്. ഇംഗ്ലീഷും പെൻസിൽവാനിയൻ ഡച്ചുമാണ് ആമിഷുകളുടെ സംസാരഭാഷ. വളരെ വ്യത്യസ്തമായ ജീവിത രീതി ആണ് അവരുടേത്. കുടുംബബന്ധങ്ങൾക്കു വളരെയധികം വിലകല്പിക്കുന്നവർ ആണ് ആമിഷുകൾ. വലിയ കുടുംബം ദൈവത്തിൻ്റെ വരദാനം ആയിട്ടാണ് അവർ കാണുന്നത്. ധരിക്കുന്ന വസ്ത്രങ്ങളിൽ വരെ പ്രത്യേകതകൾ ഉണ്ട്. മേയ്ക്കപ്പോ ആഭരണങ്ങളോ അലങ്കാര വസ്തുക്കളോ ഒന്നും അവർ ഉപയോഗിക്കില്ല. പുരുഷന്മാർ കറുത്ത കോട്ടും തൊപ്പിയും ആണ് വേഷം. സ്ത്രീകളാണെങ്കിൽ ഒറ്റ നിറത്തിൽ ഉള്ള നീളൻ ഉടുപ്പും തലയിൽ കറുപ്പോ വെളുപ്പോ നിറത്തിലുള്ള തൊപ്പിയും. വിവാഹം കഴിയാത്ത പെണ്കുട്ടികൾ നീളൻ വസ്ത്രത്തിന്റെ പുറത്തു ഒരു വെളുത്ത ഏപ്രൺ കൂടി ധരിക്കുന്നു. പുരുഷന്മാർ വിവാഹിതരാവുന്നതോടെ മീശയില്ലാതെ താടി മാത്രം നീട്ടി വളർത്താൻ തുടങ്ങുന്നു.
ആമിഷുകൾക്ക് അവരുടേതായ നിയമങ്ങൾ ഉണ്ട്. അതിനെ അവർ ഓഡ്നങ് (ordnung) എന്ന് പറയുന്നു. ഈ നിയമങ്ങൾ പാലിച്ചു ജീവിക്കാൻ ആമിഷുകൾ ബാധ്യസ്ഥരാണ്. അവരുടെ ജീവിതരീതിയിലെ ഒരു പ്രത്യേക കാലഘട്ടമാണ് റംസ്‌പ്രിംങ്ങ (rumspringa). പ്രായപൂർത്തിയെത്താത്ത കുട്ടികൾക് അവരുടെ ജീവിതരീതിയിൽ നിന്ന് വിട്ടുമാറി പുറംലോകവുമായി ബന്ധപ്പെടാനുള്ള അവസരമാണ് റംസ്‌പ്രിംങ്ങ. ഈ കാലയളവിൽ അവർക്ക് തീരുമാനിക്കാം ഇനിയുള്ള കാലം ആമിഷ് ആയി തുടരണോ വേണ്ടയോ എന്ന്. എന്നാൽ റംസ്‌പ്രിംങ്ങ കഴിഞ്ഞു വരുന്ന ബഹുഭൂരിഭാഗം കുട്ടികളും ആമിഷ് ആയി തുടരാൻ തന്നെയാണ് താല്പര്യം കാണിക്കുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്.
പിന്നെ ആമിഷുകളെ പറ്റി എടുത്തുപറയേണ്ട ഒരു കാര്യം വെച്ചാൽ അമേരിക്കയിലാണ് ജീവിക്കുന്നതെങ്കിലും പുത്തൻ സാങ്കേതിക വിദ്യകളോട് തീരെ താത്‌പര്യം കാണിക്കാത്തവരാണ് ആമിഷുകൾ. ഇവ തങ്ങളെ മുഖ്യധാരയിലേക്ക് അടുപ്പിക്കും എന്ന ഭയം കൊണ്ടാണിത്. അതുകൊണ്ടുതന്നെ ഇലക്ട്രിസിറ്റി, ആധുനിക ടെക്നോളജി, ഇലക്ട്രോണിക് ഉപകരണങ്ങൾ ഒന്നും ആമിഷുകൾ ഉപയോഗിക്കില്ല. അതുപോലെത്തന്നെ യാത്ര ചെയ്യാൻ മോട്ടോർ വാഹനങ്ങൾക്ക് പകരം കുതിരവണ്ടി ആണ് ഉപയോഗിക്കുന്നത്. റോഡിൽ വാഹനങ്ങളുടെ ഇടയിൽ കൂടി കുതിരവണ്ടി ഓടിച്ച് ആമിഷുകൾ പോകുന്നത് അവിടെ ഒരു സാധാരണ കാഴ്ചയാണ്, നമുക്ക് അതൊരു അത്ഭുത കാഴ്ചയും.
അത്യാവശ്യത്തിനുള്ള കറണ്ട് സോളാർ ഉപയോഗിച്ച് അവരു തന്നെ ഉത്പാദിപ്പിക്കുന്നു. വസ്ത്രം അലക്കാൻ സോളാർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പ്രത്യേകതരം വാഷിംഗ് മെഷീൻ വരെയുണ്ട്. എന്നാൽ വസ്ത്രം ഉണക്കാൻ ഉപയോഗിക്കുന്ന ഡ്രയർ അവർ ഉപയോഗിക്കില്ല. കൊടുംതണുപ്പുള്ള കാലത്തുപോലും വസ്ത്രങ്ങൾ നമ്മുടെ നാട്ടിലെപോലെ അയയിൽ ആണ് ഉണക്കാനിടുന്നത്. അമേരിക്കയിലെ ഒരപൂർവ കാഴ്ച ആണത്. ആമിഷ് വീടുകൾ നമുക്ക് തിരിച്ചറിയാനുള്ള ഒരു അടയാളമാണ് പുറത്തു ഉണക്കാനിട്ട വസ്ത്രങ്ങൾ. ആമിഷുകൾ അധികവും ആശുപത്രികളിൽ പോകാറില്ല. അവർക്ക് അവരുടേതായ ചികിത്സാ രീതികൾ ആണ് ഉള്ളത്.
പിന്നെ വിദ്യാഭ്യാസത്തിന്റെ കാര്യം പറയുകയാണെങ്കിൽ, ആമിഷുകൾ എട്ടാംതരം വരേ മാത്രമേ പഠിക്കുകയൊള്ളൂ. അവരുടെ സ്കൂളിനും ഉണ്ട് പ്രത്യേകത, ഒറ്റമുറി ഉള്ള ഒരു കെട്ടിടത്തിൽ ഒന്നു മുതൽ എട്ടാം തരം വരെ ഉള്ള എല്ലാ കുട്ടികളും ഒന്നിച്ച് ഒരു ക്ലാസ്സിൽ ഇരുന്ന് ആണ് പഠിക്കുക. വിദ്യാഭ്യാസത്തിനു വലിയ പ്രാധാന്യം ഇല്ലാത്തത് കൊണ്ടു തന്നെ പഠനം കഴിഞ്ഞാൽ ആൺകുട്ടികൾ കർഷകരും ആശാരിമാരും ഒക്കെ ആയിട്ട് ജോലി ചെയ്യാൻ തുടങ്ങുകയും പെൺകുട്ടികൾ വീട്ടുജോലികളിൽ അമ്മമാരെ സഹായിച്ചു തുടങ്ങുകയും ചെയുന്നു. വളരെ കഠിനാധ്വാനികൾ ആണ് ആമിഷുകൾ. അവർക്ക് വേണ്ട ഭക്ഷണ സാധനങ്ങൾ അവരു തന്നെയാണ് കൃഷി ചെയ്തുണ്ടാകുന്നത്. അതു കൊണ്ടു തന്നെ ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ അവരിൽ വളരെ വിരളമാണ്.
യാത്രയിൽ ഉടനീളം വീടുകളുടെ കൂടെത്തന്നെ പശു , കുതിര, കഴുത, ആട്, കോഴി ഒക്കെയുള്ള ഒരുപാട് ഫാമുകൾ കാണാമായിരുന്നു. ആമിഷുകളുടെ വിവാഹത്തെപറ്റിയും ഉണ്ട് ഏറെ പറയാൻ. പെൺകുട്ടികൾക്ക് 14 വയസ്സിന് ശേഷവും ആൺകുട്ടികൾക്ക് 16 വയസ്സിന് ശേഷവും കണ്ടുമുട്ടാൻ പള്ളികളിൽ ഞായറാഴ്ച കുർബാനക്ക് ശേഷം അവസരം ഒരുക്കിക്കൊടുക്കുന്നു. നീളൻ ബെഞ്ചിന്റെ ഇരുവശത്തുമായി ഇരുന്ന് ആൺകുട്ടികളും പെണ്കുട്ടികളും പാട്ടുകൾ പാടുന്നു. പാട്ടിലൂടെ അവർ അവരുടെ ഇഷ്ടം കൈമാറുന്നു. രാത്രി പത്തുമണി ആവുന്നതോടെ പെൺകുട്ടിയുടെ അനുവാദത്തോടെ ആൺകുട്ടി അവളുടെ വീട്ടിലെ പോകുന്നു. അവിടെ വെച്ചു അവർ പരസ്പരം അവരുടെ ഇഷ്ടാനിഷ്ടങ്ങളെപറ്റിയും ഭാവിജീവിതത്തെ പറ്റിയും ഒക്കെ സംസാരിക്കുന്നു. എല്ലാം സംസാരിച്ചു പരസ്പരധാരണ ആയാൽ വീണ്ടും അടുത്ത ഞായറാഴ്ചകളിൽ മാത്രം ഈ കൂടിക്കാണൽ തുടരുന്നു. പിന്നീട് രണ്ടുപേരും ഇരുപത് വയസ്സ് കടക്കുന്നതോടെ വിവാഹത്തിന് തയ്യാറാകുന്നു.
ആമിഷ് വിവാഹങ്ങൾ നടക്കുന്നത് വിളവെടുപ്പ് കാലം കഴിഞ്ഞുള്ള നവംബർ ഡിസംബർ മാസങ്ങളിലെ ചൊവ്വാഴ്ചകളിലും വ്യാഴാഴ്ചകളിലും ആണ്. വിവാഹത്തിനും വളരെ ലളിതമായ വസ്ത്രങ്ങൾ ആണ് വധൂവരന്മാർ അണിയുന്നത്. വിവാഹത്തിന് തനിക്കും കൂട്ടുകാരികൾക്കും ഉള്ള വസ്ത്രങ്ങൾ വധു തന്നെ ആണ് തയ്ക്കുന്നത്. ആ വിവാഹവസ്ത്രം തന്നെ ആണ് പിന്നീട് എല്ലാ ഞായറാഴ്ചകളിലെ പ്രാർത്ഥനകളിലും പെൺകുട്ടി ധരിക്കുക. ആമിഷുകളുടെ നിയമങ്ങൾക്ക് എതിര് ആയതിനാൽ കല്യാണദിവസംപോലും വധു മേയ്ക്കപ്പോ ആഭരണങ്ങളോ ഒന്നും ധരിക്കില്ല. ഇവയൊന്നും അണിഞ്ഞില്ലെങ്കിലും ഞങ്ങൾ അവിടെ കണ്ട ആമിഷ് പെൺകുട്ടികൾ സുന്ദരികൾ ആയിരുന്നു കേട്ടോ.
ചുരുക്കിപ്പറഞ്ഞാൽ ആധുനിക ലോകവുമായി അധികം ബന്ധം ഇല്ലാതെ ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം ജനങ്ങൾ. കാഴ്ചകൾ ഒക്കെ കണ്ട് ഞങ്ങളുടെ അടുത്ത ഡെസ്റ്റിനേഷൻ ആയ ഹെർഷീസ് ചോക്ലേറ്റ് വേൾഡിലേക് തിരിച്ചു. അവിടെ ചെന്ന് ചോക്ലേറ്റ് ഉണ്ടാക്കുന്നതും കണ്ട്, കുറേ ചോക്ലേറ്റും മേടിച്ച് ഞങ്ങൾ വീട്ടിലേക്ക് മടങ്ങി. മടങ്ങുന്ന വഴി എൻ്റെ ആഗ്രഹപ്രകാരം ഞങ്ങൾ വീണ്ടും ഇൻറർകോഴ്സ് വഴി തന്നെ പോയി. എനിക്ക് അവിടെ കണ്ട് കൊതി തീർന്നിരുന്നില്ല. ദൂരം കുറച്ച് കൂടിയെങ്കിലും ഞങ്ങൾ വീണ്ടും അതിലെ ഒക്കെ ഒന്ന് കറങ്ങി. അപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു. ആമിഷ് വീടുകളിലെ രാത്രിവിളക്കുകൾ തെളിയുന്നതും കണ്ട് ഞങ്ങൾ മടങ്ങി.
ഇലകൊഴിയും കാലവും ഗ്രാമഭംഗിയും അവിടുത്തെ ആളുകളും എല്ലാം കൂടി ആയപ്പോൾ ഭൂമിയിലെ സ്വർഗ്ഗം ആയിരുന്നോ അതെന്ന് തോന്നിപ്പോയി. തിരിച്ച് വീട്ടിൽ എത്തിയിട്ടും ആമിഷുകളും അവരുടെ ഗ്രാമവും മനസ്സിൽ നിന്നു മാഞ്ഞു പോകുന്നില്ലായിരുന്നു. അതിനു ശേഷം അവരെ കുറിച്ച് കൂടുതൽ അറിയാനായി ഇന്റർനെറ്റിൽ തിരച്ചിൽ ആയി പരിപാടി. എല്ലാം കഴിഞ്ഞ് കെട്ട്യോനോട് ഒരു ആഗ്രഹം പറഞ്ഞിട്ടുണ്ട് “ഒരിക്കൽക്കൂടി നമുക്ക് ആമിഷുകളുടെ നാട്ടിലേക്കൊന്ന് പോകണം… ഒരു ദിവസം അവിടെ താമസിച് അവിടം മുഴുവൻ ഒന്ന് നടന്നു കാണണം….”എന്ന്. നടക്കുമോ എന്തോ…