വിവരണം – സാദിയ അസ്‌കർ.

എല്ലാവരുടെ ഉള്ളിലും ഉണ്ടായിരിക്കും ഒരു നാടോ വീടോ ആളുകളുടെ പേരോ അങ്ങനെ എന്തെങ്കിലും ഒന്ന് മനസ്സിൽ മായാതെ കിടക്കുന്നു. കുഞ്ഞുനാൾ തൊട്ടേ കേൾക്കുന്നതും കാണുന്നതുമായ ചിലതെല്ലാം എന്റെയുള്ളിലും പതിഞ്ഞു കിടപ്പുണ്ട്. ചെറുപ്പത്തിൽ ഏതോ സിനിമയിൽ നിന്നും കേട്ടതാണ് കുംഭകോണം എന്നത്. പിന്നെ തഞ്ചാവൂർ പട്ട് എല്ലാവർക്കും അറിയുന്നതാണല്ലൊ. യാത്രകൾ ചെയ്യാൻ തുടങ്ങിയപ്പോൾ മുതൽ കുംഭകോണവും തഞ്ചാവൂർ പട്ടുമെല്ലാം മനസ്സിൽ ഇടം പിടിച്ചിരുന്നു. അങ്ങനെയാണ് ആ വഴി പോയപ്പോൾ പട്ട് അന്വേഷിച്ചു നടന്നത്.

തഞ്ചാവൂരിൽ നിന്നും 40 km ദൂരെ ആണ് കുംഭകോണം. അവിടെയാണ് നെയ്ത്തു ഗ്രാമങ്ങൾ ഉള്ളത് എന്ന് അറിഞ്ഞിരുന്നു. വഴിയിൽ കാണുന്നവരോടെല്ലാം ശരിക്കും ചോദിച്ചറിഞ്ഞിട്ടാണ് പോയത്. കുംഭകോണത്തിൽ നിന്നും 6 km പോയാൽ തിരുപ്പുവനം എന്ന ഗ്രാമം ഉണ്ട്. അവിടെയാണ് പട്ട് നെയ്യുന്നത്. പോകുന്ന വഴിയിൽ എല്ലാം പട്ടുനൂൽ കൃഷി മാത്രം ആണ്‌. വഴി തെറ്റി ഉള്ളിലൂടെ പോയപ്പോൾ തനി നാടൻ ഗ്രാമങ്ങൾ കണ്ടു. ഓല വീടും കൃഷിയും പശുക്കളും ഒക്കെ ആയിട്ട് കണ്ണിനു നല്ല കാഴ്ച. റോഡ് പിന്നെ ഒന്നും പറയണ്ട. അത്രയും നല്ല റോഡ് ആണുട്ടോ ആ കുഞ്ഞു ഗ്രാമങ്ങളിൽ വരെ. കുണ്ടും കുഴിയും ഒന്നും താണ്ടേണ്ടി വന്നില്ല.

എന്റെ മനസ്സ് നിറയെ പണ്ടെവിടെയോ വായിച്ചു കേട്ട പഴയ ഗ്രാമത്തിന്റെ ഒരു ചിത്രമായിരുന്നു. അങ്ങനെ ഒന്നുമല്ലെങ്കിലും അവരുടെ വീടും തൊഴിലും നെയ്യുന്നതും എല്ലാം നടന്നു കാണാനും മനസ്സിലാക്കാനും സാധിച്ചു.‌ രണ്ട് ഭാഗത്തും നിറയെ ഷോപ്പുകളുംഅതിന്റെ ബാക്കിലേക്ക് അവരുടെ വീടുകളും ആണ്. ഒരുപാടു കുടുംബങ്ങൾ ആണ് ഓരോ ഷോപ്പിന്റെ ബിൽഡിങ്ങിന്റെ ബാക്കിലും താമസിക്കുന്നത്. എല്ലാ വീടിനുള്ളിലും നെയ്ത്തു യന്ത്രങ്ങൾ ഉണ്ട്. അവരുടെ അന്നം അതാണല്ലോ. അവിടെ ഉള്ളവരോട് പട്ട് നെയ്യുന്നതു കാണണം എന്ന് പറഞ്ഞാൽ അവർ വീടുകളിലേക്ക് കൊണ്ട് പോകും. അവർക്കതെല്ലാം നല്ല സന്തോഷം ആണ്.

ഞങ്ങൾ പോയ വീട്ടിലെ ആൾ അപ്പോൾ ഒരു സാരി നെയ്തു കൊണ്ടിരിക്കുകയായിരുന്നു. 1000 രൂപ തൊട്ടുള്ള സാരി ഉണ്ട്. കൈകൾ കൊണ്ട് നെയ്‌തെടുക്കുന്ന ഒറിജിനൽ പട്ട്…..☺️. 54000 രൂപയുടെ സാരിയാണ് അയാൾ അപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. ഓരോ നൂലിന്റെ വ്യത്യാസങ്ങളും വില കുറയുന്നതും കൂടുന്നതും എങ്ങനെ,എന്ത് കൊണ്ട് എന്നെല്ലാം പറഞ്ഞു തന്നു. നമുക്ക് വേണമെങ്കിൽ സാരി മേടിച്ചാൽ മതി. അവർ എല്ലാം നിവർത്തി കാണിച്ചു തരും.

മക്കളെല്ലാം പഠിപ്പിന്റെ ഭാഗമായി പലയിടത്തും ആണ്. എത്രയോ കാലങ്ങളായി കൈമാറി കൈമാറി വന്ന തൊഴിൽ. നെയ്ത്തു യന്ത്രങ്ങൾ… അച്ഛൻ ഏല്പിച്ചത്..
മക്കൾ ഇതിലേക്ക് വരില്ല. അവരൊന്നും ഇത് ചെയ്യുകയും ഇല്ല. എന്റെ കാലം കഴിയുന്നതോടു കൂടി ഇത്‌ നിൽക്കും എന്നും പറഞ്ഞു അയാൾ നിർത്തി.. വാക്കുകളിൽ നിന്നും അയാളുടെ മുഖത്ത് നിന്നും വായിച്ചെടുക്കാം ഈ തൊഴിൽ അവർക്കെത്രത്തോളം പ്രിയപ്പെട്ടതാണെന്നും, അത് നില നിന്ന് പോണം എന്നും….. പക്ഷേ….

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.