വിവരണം – Aravind R Vaishnavam.
പബ്ലിക് സെക്ടര്‍ അണ്ടര്‍ടേക്കിംഗ് കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷൻ ലിമിറ്റഡ് (IOCL), കാനഡയിലെ സൈമണ്‍ ഫ്രേസര്‍ യൂണിവേഴ്സിറ്റി (SFU) കൂടി ചേര്ന്നു നടത്തുന്ന, ഒരു പി.എച്ച്.ഡി ഇന്റര്‍വ്യൂയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിവരെയൊന്ന് ഞാന്‍ പോവുകയുണ്ടായി. 2018 ഡിസംബര്‍ 6 വ്യാഴാഴ്ച്ചയുള്ള ഇന്റര്‍വ്യൂന്‍ പോവാനായി കോഴിക്കോട് നിന്ന്‍ വിമാനത്തിലായിരുന്നു യാത്ര. ആ യാത്രയിലെ ഓര്‍മക്കുറിപ്പുകള്‍ ഇവിടെ ഞാന്‍ പങ്കുവെക്കുന്നു….
ഡിസംബര്‍ 5 ബുധനാഴ്ച. രാവിലെയൊരു 8 മണി ആയപ്പോള്‍ കോഴിക്കോട് മാങ്കാവ് നിന്നും കൊണ്ടോട്ടി വഴി പാലക്കാട് പോവുന്ന ബസ്സ് പിടിച്ചു. വലിയ ബാഗും പിടിച്ച് ബസ്സില്‍ കയറിയപ്പോള്‍ അതിലുള്ള ഭൂരിപക്ഷം പേരും എന്നെ നോക്കുന്നുണ്ടായിരുന്നു. ഒരു ഒഴിഞ്ഞ സൈഡ് സീറ്റില്‍ ഞാനിരുന്നു. കൈയ്യിലെ ബാഗിന്റെ വലുപ്പം കുറച്ച് കൂടുതല്‍ ആയിരുന്നതിനാല്‍, അത് വിമാനത്തില്‍ ചെക്ക്-ഇന്‍ ബാഗ്ഗേജായി കൊടുക്കെണ്ടിവരുമോ എന്നായിരുന്നു ഒരു ചെറിയ പേടി. അങ്ങനെ വന്നാല്‍ അത്യാവശ്യമുള്ള സര്‍ട്ടിഫിക്കറ്റ് മാത്രം കൂടെ വെക്കാനുംമറ്റും വേറെ ചെറിയ ബാഗൊന്നും കൈയ്യിലില്ലായിരുന്നു. എന്നാലും ബാഗിന്റെ ഭാരം 6 കിലോയേ ഉള്ളൂ എന്നത് കൊണ്ട് ചിലപ്പോള്‍ ഹാന്‍ഡ് ലഗ്ഗേജാക്കി കൊണ്ടുപോവാന്‍ പറ്റും എന്നുതന്നെ വിശ്വസിച്ചു. എയര്‍പോര്‍ട്ട് ജംഗ്ഷനിലേക്ക് ടിക്കറ്റെടുത്തു. 20 രൂപ പോയിന്റ്. ഒരു 8.45ഒക്കെ ആയപ്പോഴേക്കും അവിടെ ഇറങ്ങി, ഒരു ഓട്ടോ പിടിച്ചു കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. അതില്‍ 40 രൂപ ആയി. കോഴിക്കോട് നഗരത്തില്‍ നിന്ന്‍ വിമാനത്താവളം വരെ നേരിട്ട് എപ്പോഴും ബസ്സ് സര്‍വീസില്ല. കുറച്ചുകാലംമാത്രം KURTC A/C ലോഫ്ലോര്‍ ബസ്സ് ഉണ്ടായിരുന്നു, ആളില്ലാ എന്ന കാരണം കൊണ്ടാണെന്ന് പറഞ്ഞ് നിറുത്തിയതാണ്.
ഏതായാലും കരിപ്പൂര്‍ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലിന്റെ മുന്നിലിറങ്ങി നടന്നു. ഉത്ഘാടനത്തിനു മുന്നേയുള്ള മിനുക്കുപണികള്‍ ബാക്കിയുണ്ട്. റണ്‍വേ നവീകരണത്തിനായി ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നപ്പോള്‍ കരിപ്പൂര്‍ നിന്ന്‍ “കോഡ് ഇ” വിഭാഗത്തില്‍ വരുന്ന വലിയ വിമാനങ്ങള്‍ 2015 മുതല്‍ നിര്ത്തലാക്കിയിരുന്നു. എല്ലാ പണികള്‍ കഴിഞ്ഞിട്ടും വലിയ വിമാനങ്ങള്‍ തിരിച്ചുവന്നില്ല. ഏതായാലും കുറേ കാലത്തെ കാത്തിരിപ്പിന് ശേഷം വലിയ വിമാനം കരിപ്പൂരിലേക്ക് തിരിച്ചുവരുന്ന ദിവസം കൂടി ആയിരുന്നു അന്ന്. അതുകൊണ്ട് കുറേ രാഷ്ട്രീയക്കാരും പൊതുപ്രവര്ത്തനകരുമൊക്കെ അവിടെയൊരു ചെറിയ സ്വീകരണപരിപാടി വെച്ചിട്ടുണ്ട്. ചെറിയ സ്റ്റേജ്, ബാനര്‍ എല്ലാമുണ്ട്. ഒരുപാട് പോലീസുകാര്‍ അവിടെ നടക്കുന്നുണ്ട്.
ഏകദേശം 11 മണിക്ക് സൗദിഅറേബ്യയിലെ ജിദ്ദയില്‍ നിന്ന്‍ വരുന്ന “സൗദിയ” എന്ന സൗദി എയര്‍ ലൈന്‍സിന്റെ , എയര്ബസ്സ് A330-300 വിമാനമാണ് ഇവിടെ ആദ്യം വരുന്നത്. ഇങ്ങനെയുള്ള പ്രത്യേക സന്ദര്ഭങ്ങളില്‍ വിമാനത്താവളങ്ങളില്‍ ഒരു ചെറിയ ചടങ്ങുണ്ടാവാറുണ്ട്. “വാട്ടര്‍ സല്യൂട്ട്” എന്ന് പറയും. വലിയ 2 ഫയര്‍ എഞ്ചിനുകള്‍ കുറച്ച് ദൂരെ മുഖാമുഖം ആക്കി നിര്ത്തിയിടും. പുതിയതായി വരുന്ന വിമാനം ലാന്‍ഡ് ചെയ്തതിനു ശേഷം, പാര്ക്കിംഗ് ബേയിലെക്ക് പോവുമ്പോള്‍, അതിന്റെ മുകളിലൂടെ വെള്ളം ചീറ്റി കൊണ്ട്, ഒരു ആര്‍ച്ച് നിര്മ്മിക്കുന്ന ഒരു പരിപാടിയാണ്. ഇതുപോലെ മറ്റു പ്രത്യേക അവസരങ്ങളിലും ഇത് ചെയ്യാറുണ്ട്. ഉദാഹരണത്തിന്, ഒരു പൈലറ്റ് റിട്ടയര്‍ ആവുന്ന ദിവസം അയാള്‍ പറത്തുന്ന അവസാന വിമാനം ഒരു വിമാനത്താവളത്തില്‍ എത്തുമ്പോളും വാട്ടര്‍ സല്യൂട്ട് നല്കാറുണ്ട്.
എനിക്ക് പോവേണ്ട വിമാനം 11.40ന് ആയിരുന്നു. അപ്പോള്‍ ഒരു 10.30 – 10.45 ഒക്കെ ആവുമ്പോള്‍ അകത്തു ചെക്ക്-ഇന്‍ ചെയ്‌താല്‍ മതി. ഒരുപക്ഷെ ആദ്യമേ വിമാനത്താവളത്തിലെ ടെര്‍മിനലിനകത്തു കയറിയാല്‍ വാട്ടര്‍ സല്യൂട്ട് കാണാം എന്നായിരുന്നു പ്രതീക്ഷ. അതുകൊണ്ട് 9.30 കഴിഞ്ഞപ്പോള്‍ തന്നെ അകത്തു കയറി. ഏഷ്യയിലെ ഏറ്റവും നീളംകൂടിയ ടെര്‍മിനല്‍ ആണെന്ന്‍ ഇവിടെ ഉള്ളത് എന്ന് പത്രത്തില്‍ വായിച്ചെങ്കിലും വലിയ കാര്യമായി ഒന്നും തോന്നിയില്ല. അത് സത്യമാണോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. അധികം വിമാനങ്ങള്‍ ഒന്നും വരാത്ത ഇവിടെയിപ്പോള്‍ എന്തൊക്കെയുണ്ടെന്ന് പറഞ്ഞിട്ട് എന്താ കാര്യം. ഡിസംബര്‍ 9ന് കണ്ണൂര്‍ വിമാനത്താവളം ഉത്ഘാടനം കഴിഞ്ഞാല്‍ പിന്നെ മത്സരം കടുക്കുംപോള്‍, കരിപ്പൂരിന്റെ കാര്യം ഏതായാലും മെച്ചപ്പെടാന്‍ പോവുന്നില്ലാ എന്നാണ് എനിക്ക് തോന്നിയത്.
സെക്യൂരിറ്റി ചെക്ക്-ഇന്‍ എല്ലാം കഴിഞ്ഞ് അകത്തു വെയിറ്റിംഗ് ഏരിയയില്‍ പോയപ്പോളാണ് വിമാനത്തിന് കൊടുക്കുന്ന സ്വീകരണം കാണാന്‍ പറ്റില്ലെന്ന് മനസ്സിലായത്. ആ ഹാള്‍ നിന്ന്‍ നോക്കിയാല്‍ ആകെ റണ്‍വേയുടെ ഒരു ഭാഗവും, നിര്ത്തിയിട്ട ഒരു വിമാനവും മാത്രമാണ് കാണാമായിരുന്നത്. വിരസമായി ആ ഹാളില്‍ അങ്ങനെ കുറേ നേരമിരുന്നു. എനിക്ക് പോവേണ്ട ഗേറ്റ് നമ്പര്‍ 4 അടുത്ത് തന്നെയാണ്. ആഭ്യന്തര ടെര്‍മിനല്‍ ആയതുകൊണ്ട് ചെന്നൈയ്ക്ക് പോവാനുള്ള കുറെ യാത്രക്കാരും പതുക്കെ പതുക്കെ ഹാളില്‍ വന്നു. മുംബൈ വഴി ഡല്‍ഹിക്ക് പോവുന്ന 6E 5448 ഇന്‍ഡിഗോ വിമാനത്തിലാണ് എനിക്ക് പോവേണ്ടിയിരുന്നത്. അതിന്റെയിടക്ക് സൗദിയ വിമാനം വന്നിറങ്ങുന്നത് കണ്ടു. കുറച്ച് കഴിഞ്ഞപ്പോള്‍, 2 ഫയര്‍ എഞ്ചിനുകള്‍ ടെര്‍മിനലിന്റെ അടുത്തുകൂടെ പോയി. വാട്ടര്‍ സല്യൂട്ട് കഴിഞ്ഞു തിരിച്ചുപോവുന്നതാണെന്ന് മനസ്സിലായി.
വൈകാതെ യാത്രക്കാരെക്കൊണ്ട് ആ ഹാള്‍ നിറഞ്ഞു. വിമാനത്തിലേക്ക് പോവാന്‍ ഉള്ള ബസ്സ് വന്നപ്പോള്‍ ടെര്‍മിനല്‍ ഗേറ്റ് തുറന്നു. എല്ലാരും പെട്ടെന്ന്‍ പോയ് സീറ്റ് പിടിക്കാന്‍ ഓടിയപ്പോള്‍ ഞാന്‍ പതുക്കെ ഇത്തിരി മാറിനിന്നു. ഗേറ്റിന്റെ അടുത്തുള്ള ഏറോബ്രിഡ്ജ് ആയിരുന്നു കുറച്ച്മുന്പ് വന്ന വലിയ സൗദിയ വിമാനത്തിലേക്ക് ഘടിപ്പിച്ചത്. അതുകൊണ്ട് ആ വിമാനം വളരെ അടുത്ത് നിന്ന് തന്നെ കണ്ടു. വളരെ സന്തോഷം തോന്നി. ആദ്യമായാണ് ഒരു വലിയ വിമാനം ഇത്ര അടുത്ത് നിന്ന്‍ കാണുന്നത്. കുറച്ച് ഫോട്ടോയുമെടുത്തു. എന്നിട്ട് ബസ്സില്‍ കയറി, എന്റെ വിമാനത്തിന്റെ മുന്നില്‍ ഇറങ്ങി. അപ്പോള്‍ അവിടെയുള്ള ഏറ്റവും അവസാനത്തെ പാര്ക്കിംഗ് ബേയില്‍ ആയിരുന്നു ഇന്‍ഡിഗോയുടെ. VT-IAQ എന്ന റജിസ്ട്രെഷന്‍ ഉള്ള എയര്ബസ്സ് A320-200 വിമാനം. മുന്നിലെ വാതിലിലൂടെ അകത്തു കയറി. എയര്‍ ഹോസ്റ്റസ്സ് സ്വാഗതം ചെയ്തു. വിമാനത്തിന്റെ ചിറകിന്റെ അടുത്തുള്ള വിന്‍ഡോ സീറ്റ് 26F ആയിരുന്നു ഞാന്‍ ബുക്ക് ചെയ്തിരുന്നത്. എന്റെ അടുത്തുള്ള ബാക്കി രണ്ടു സീറ്റും കാലിയായിരുന്നു.
ചെന്നൈയ്ക്കുള്ള സ്പൈസ്ജെറ്റിന്റെ ഒരു ബോംബാടിയര്‍ വിമാനവും, ഗള്‍ഫിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ രണ്ടു ബോയിംഗ് 737-800 വിമാനങ്ങളും റണ്‍വേയില്‍ നിന്നും പറന്നുയരുന്നത് കണ്ടു. മൂന്നാമത്തെ വിമാനം പറന്നുയരാന്‍ തയ്യാറായി റണ്‍വേയുടെ അറ്റത്തേക്ക് പോയി. പക്ഷെ പ്രശ്നക്കാരായി ആകാശത്ത് പറന്നുനടക്കുന്ന പരുന്തുകള്‍ ഉണ്ടായിരുന്നതിനാല്‍ കുറച്ചു നേരം ആ വിമാനം അവിടെ അറ്റത്തു കാത്തിരുന്നു. പരുന്തിനെ ഓടിക്കാന്‍ വിമാനത്താവളത്തിലെ ചില ഉദ്യോഗസ്ഥര്‍ കുറെ പടക്കം പൊട്ടിക്കുന്നത് എന്റെ വിമാനത്തിന്റെ ജനലിലൂടെ എനിക്ക് കാണാമായിരുന്നു. വൈകാതെ പരുന്ത് തോറ്റു പിന്മാറി. അങ്ങനെ ആ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനം ടേക്ക് ഓഫ് ചെയ്തു. വൈകാതെ ഞങ്ങളുടെ വിമാനം റണ്‍വേയിലേക്ക് നീങ്ങി. അപ്പോഴാണ് ഈ വിമാനത്താവളത്തിലെ ഏറ്റവും വലിയ അപകടസാധ്യത നേരിട്ട് കാണാന്‍ പറ്റിയത്. കരിപ്പൂര്‍ വിമാനത്താവളത്തിലുള്ളത് ഒരു ടേബിള് ടോപ് റണ്‍വേയാണ്, അതായത് ഒരു മലയുടെ മുകള്ഭാഗം ഇടിച്ച് നിരപ്പാക്കി നിര്മ്മിച്ചത്. അതുകൊണ്ട് റണ്‍വേയുടെ അറ്റം അഗാതമായ കൊക്കയാണ്. വര്ഷങ്ങള്‍ക്ക് മുന്‍പ് മംഗലാപുരം വിമാനത്താവളത്തില്‍ സംഭവിച്ച ദുരന്തം ഇതുപോലെയൊരു റണ്‍വേയുടെ പോരായ്മയും അപകടസാധ്യതകളും ഓര്മപെടുത്തുന്നു.
ഏതായാലും പൈലറ്റ് വിദഗ്ധമായി വിമാനം റണ്‍വേയുടെ അറ്റത്തുനിന്ന് തിരിച്ചെടുത്തു ഉടനെ തന്നെ ഫുള്ള് ത്രസ്റ്റ് കൊടുത്ത് മുന്നോട്ട് പായിച്ചു. നല്ല എക്സ്പീരിയന്‍സ് ഉള്ള പൈലറ്റ് ആണെന്നു ഇതില്‍ നിന്നും എനിക്ക് തോന്നി. കാരണം, പൊതുവേ വിമാനം ടേക്ക് ഓഫ് പോസിഷനില്‍ കുറച്ച് നിമിഷങ്ങള്‍ നിറുത്തിയിട്ടേ പൈലറ്റ് ഫുള്‍ ത്രസ്റ്റ് കൊടുത്ത് ഓടിക്കാറുള്ളൂ. കരിപ്പൂരിലെ റണ്‍വേയിലൂടെ ഓടി അതിവേഗം ആകാശത്തേക്ക് എന്റെ വിമാനം കുതിച്ചുയർന്നു. വളരെയധികം നീളമുള്ള ടെര്‍മിനലാണ്‍ ഇവിടെയുള്ളത് എന്ന് അപ്പോള്‍ മനസ്സിലായി. മനോഹരമായ കാഴ്ച തന്നെയായിരുന്നു ആ ടേക്ക് ഓഫ്. പതുക്കെപ്പതുക്കെ 38000 അടി ഉയരത്തിലേക്ക് വിമാനം എത്തി. പുറത്തു നല്ല നീല പശ്ചാത്തലത്തില്‍ പാറി നടക്കുന്ന പഞ്ഞി പോലെ പല വലിപ്പത്തില്‍, പല ആകൃതിയില്‍ കുറേ മേഘങ്ങള്‍ ഒഴുകുന്നു. ഗോവയുടെ തീരത്തിന് മുകളിലൂടെ പറക്കുമ്പോള്‍ നമുക്ക് മനോഹരമായ ബീച്ചുകളും, അവിടുത്തെ വിമാനത്താവളവും കാണാം.
മേഘങ്ങളുടെ എണ്ണവും വലിപ്പവും മാറികൊണ്ടേയിരിക്കുന്നതിനാല്‍ എപ്പോഴും താഴെയുള്ള കാഴ്ച്ചകള് ഒരുപോലെ കാണാന്‍ പറ്റില്ല. അതുകൊണ്ട് കുറച്ചുനേരം പാട്ടുകേട്ട് ഉറങ്ങാമെന്ന് വിചാരിച്ചു. വിമാനത്തിന്റെ എഞ്ചിന്‍ നിന്നുള്ള ശബ്ദം വളരെയധികമുള്ളതുകൊണ്ട്, ഫോണിലെ പാട്ടിന്റെ ശബ്ദം നല്ലോണം കൂട്ടേണ്ടി വന്നു. സംഗീതം നമ്മളെ എപ്പോഴും വേരെയൊരു ലോകത്ത് എത്തിക്കുമെന്ന് പറയാറുണ്ടല്ലോ. അതൊക്കെ KSRTC ബസ്സിലെ സൈഡ് സീറ്റിലിരുന്നുള്ള ദീര്ഘുദൂര യാത്രയിലെ നടക്കൂ എന്ന്‍ മനസ്സിലായി. , വിമാനയാത്രയില്‍ ആ സുഖം അങ്ങോട്ട് കിട്ടുന്നതെയില്ല. വെറുതെ പുറത്തേക്കു നോക്കിയിരിക്കാനോ, അല്ലെങ്കില്‍ കിടന്നുറങ്ങാനോ ആയിരിക്കും നല്ലതെന്ന്‍ മനസ്സിലായി. പാട്ടൊക്കെ നിറുത്തി, ഒന്ന് മയങ്ങാമെന്ന് വിചാരിച്ചു.
കുറച്ചുകഴിഞ്ഞപ്പോള്‍ പെട്ടെന്ന് എന്തോപോലെയുള്ള ഒരു അസ്വസ്ഥത തോന്നി. നമ്മള്‍ ലിഫ്റ്റില്‍ കയറിയിട്ട് താഴേക്ക് പോവാന്‍ തുടങ്ങുമ്പോള്‍ ഉണ്ടാവുന്ന അതെ ഒരു അവസ്ഥ.. അപ്പോള്‍ എനിക്ക് തോന്നി വിമാനം ഇറങ്ങാന്‍ തുടങ്ങിയതാവുമെന്ന്. ഉടന്‍ തന്നെ പൈലറ്റ് അത് അന്നൌന്‍സ് ചെയ്തു, അരമണിക്കൂറില്‍ മുംബൈയില്‍ ഇറങ്ങുമെന്ന്. വിമാനം ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ നമ്മുടെ ചെവി അടഞ്ഞപോലെ ആണ്. എഞ്ചിന്‍ നിന്നുള്ള ശബ്ദം വളരെകുറച്ച് മാത്രമേ കേള്‍ക്കൂ. പക്ഷെ ഭയങ്കര അസ്വസ്ഥതയുള്ള സമയമാണീ ലാന്റിംഗ്. ചെവി ഭയങ്കരമായി വേദനിക്കും. എന്തുചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. കുറേനേരം ചെവി പൊത്തിയിരുന്നു നോക്കി. വലിയ ആശ്വാസമൊന്നും തോന്നിയില്ല. വിമാനം ഏകദേശം 10,000 അടി ഉയരത്തില്‍ എത്തുമ്പോളാണ് ഏറ്റവും വേദന തോന്നാറുള്ളത്.
ഡിസംബര്‍ ആയതുകൊണ്ട് പുറത്ത് നല്ലോണം മൂടല്‍മഞ്ഞുണ്ട്. വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ നട്ടുച്ച ആയിരുന്നിട്ടും പുറത്തെ കാഴ്ച്ചകള്‍ മങ്ങിയേ കാണാന്‍ പറ്റിയുള്ളൂ. ഏകദേശം ഉച്ചകഴിഞ്ഞ് 1.30 ആയപ്പോള്‍ കടലിന്റെ മുകളിലൂടെ പതുക്കെ എന്റെ വിമാനം താഴ്ന്നു പറന്നു മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങി. എയര്‍ ഇന്ത്യയുടെ ഹബ്ബ് കൂടിയായ മുംബൈയില്‍ അവരുടെ വലിയ വിമാനങ്ങളായ, ബോയിംഗ് 777, 787 ഡ്രീംലൈനര്‍, ജംബോ വിമാനമായ ബോയിംഗ് 747 തുടങ്ങിയവ അവിടെ കണ്ടു. ഇതില്‍ ഒരു B747 വിമാനം കണ്ടപ്പോള്‍ അത് മാറ്റിയിട്ടപോലെ തോന്നി. ഏറ്റവും പ്രായമുള്ള വിമാനങ്ങളില്‍ ഒന്നാണത്, അതുകൊണ്ട് ചിലപ്പോള്‍ പൊളിച്ചുമാറ്റാനായി തയ്യാറെടുക്കുന്നതാവും. പിന്നെ മറ്റു കമ്പനികളുടെ വലുതും ചെറുതുമായ വിമാനങ്ങളും വേറെ ഭാഗത്ത് ആളുകളെ കയറ്റാനും മറ്റുമായി നിര്ത്തിയിട്ടിട്ടുണ്ട്. മറ്റൊരു സ്ഥലത്ത്, നിര്ത്തിയിട്ട ബിസിനെസ്സ് ജെറ്റുകളുടെ കൂട്ടത്തില്‍ നമ്മുടെ അംബാനിയുടെ ഒരു എയര്ബസ്സ് A319 വിമാനവുമുണ്ടായിരുന്നു. റിലയന്‍സ് കമ്പനിയുടെ ലോഗോ, ആ വിമാനത്തിന്റെി വാല്‍ പോലെയുള്ള ഭാഗത്ത് കാണാമായിരുന്നു.
മുംബൈ വിമാനത്താവളത്തില്‍ മുക്കാല്‍ മണിക്കൂറോളം നിര്ത്തിയിട്ടു. ഡല്ഹിക്ക് പോവാനുള്ള കുറച്ചുപേര്‍ മാത്രം വിമാനത്തിലിരുന്നു; ബാക്കിയുള്ളവര്‍ അവിടെയിറങ്ങി. അവിടെനിന്ന് കുറെപേര്‍ കയറി. അടുത്ത സീറ്റെല്ലാം നിറഞ്ഞു. പുതിയ പൈലറ്റ്, കോ-പൈലറ്റ് എന്നിവര്‍ വന്നു കൃത്യസമയം തന്നെ വിമാനം റണ്‍വേയിലേക്കെടുത്തു. ഞങ്ങളുടെ പുറകെ വേറെ വിമാനങ്ങള്‍ വരി വരിയായി വരുന്നുന്നുണ്ടായിരുന്നു. അങ്ങനെ മുംബൈയില്‍ നിന്ന്‍ അതിവേഗം പറന്നുയര്ന്ന് ഡല്‍ഹിയിലേക്ക് തിരിച്ചു. ഉത്തരേന്ത്യയിലേക്ക് ആദ്യമായി ഉള്ള യാത്രയാണ്. ഹിന്ദി വലിയ പിടിയുമില്ല. അടുത്ത സീറ്റില്‍ ഇരിക്കുന്ന ഒരു ഹിന്ദിക്കാരന്‍ എന്തോ ചോദിച്ചെങ്കിലും ഞാന്‍ ‘ഹിന്ദി നഹി മാലൂം’ എന്ന് പറഞ്ഞ് ഒപ്പിച്ചു. അയാള്ക്കാണെങ്കില്‍ ഇംഗ്ലീഷ് അറിയില്ല. അതുകൊണ്ട് കൂടുതല്‍ വര്‍ത്തമാനമൊന്നുമുണ്ടായില്ല.
വീട്ടില്‍ നില്ക്കുമ്പോള്‍ ആകാശത്തേക്ക് നോക്കി വിമാനത്തെ കൗതുകത്തോടെ നോക്കുമെങ്കിലും, ഇപ്പോള്‍ വിമാനത്തില്‍ ഇരിക്കുമ്പോള്‍ ഇതിലുള്ള യാത്ര കുറച്ചു ബോറടിയാണെന്ന് മനസ്സിലായി. വായിക്കാന്‍ വല്ല പുസ്തകമോ മറ്റോ ഉണ്ടെങ്കില്‍ കുഴപ്പമില്ല. അല്ലാതെ പുറത്ത് വെറും മേഘങ്ങളുടെ ഭംഗി നോക്കി 2 മണിക്കൂര്‍ ഇരിക്കാന്‍ വലിയ സുഖം പോരാ. ഏതായാലും ഇപ്രാവശ്യം ചെറുതായി ഉറങ്ങി. ഡല്‍ഹിയില്‍ എത്താന്‍ 30 മിനിറ്റ് ബാക്കിയുള്ളപ്പോള്‍ 37000അടി നിന്ന്‍ ഇറങ്ങാന്‍ തുടങ്ങുന്നതായി പൈലറ്റ് പറഞ്ഞു. വീണ്ടും ചെവി വേദനയുടെ സമയമായി. ഡല്ഹി ഫരീദാബാദിന്റെ മുകളിലൂടെ പറക്കുമ്പോള്‍ ചെറുതായി റോഡുകളും കെട്ടിടങ്ങളും കാണാന്‍ തുടങ്ങി. വായുമലിനീകരണംകൊണ്ട് മൊത്തം പുകമഞ്ഞുകൊണ്ട് മൂടപ്പെട്ടിരിക്കുന്നു ഡല്ഹി നഗരം. പിറ്റേന്ന് എനിക്ക് ഇന്റെര്‍വ്യൂ ഉള്ള ഇന്ത്യന്‍ ഓയില്‍ കോര്പ്പനറേഷന്‍ റിസര്ച്ച് സെന്റരിന്റെ മുകളിലൂടെയായിരുന്നു വിമാനം പറന്നതെന്ന് പിന്നെ ഞാന്‍ മനസ്സിലാക്കി.
അങ്ങനെ വൈകീട്ട് 4.45 കഴിഞ്ഞു ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങി. ആഭ്യന്തരടെര്മിനനലിലാണ് ഇന്‍ഡിഗോ വിമാനങ്ങള്‍ പോവുന്നത്. അവിടെയും ഒരുപാട് ബിസിനസ്സ് ജെറ്റുകള്‍ നിര്ത്തിയിട്ടുണ്ട്. ദൂരെ വായുസേനയുടെ വിമാനങ്ങളും കണ്ടു. കൂട്ടത്തില്‍, ആന്‍റനോവ് -32 എന്ന ചെറിയ വിമാനങ്ങളും, ബോയിംഗ് C-17 ഗ്ലോബ് മാസ്റര്‍ എന്ന വലിയ വിമാനങ്ങളും ഉണ്ടായിരുന്നു. അതിനെ നേരിട്ടൊന്നു കാണാന്‍ കുറെ നാളായി ആഗ്രഹിക്കുന്നു. കേരളത്തില്‍ 2018 ഓഗസ്റ്റ് മാസമുണ്ടായ പ്രളയസമയത്ത്, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ വന്നിറങ്ങിയ ഭീമാകാരമായ വിമാനങ്ങളില്‍ ഒന്നായിരുന്നു ഗ്ലോബ് മാസ്റര്. സേനയുടെ ഒരുപാട് സഹായവും സാധനങ്ങള്‍ എത്തിക്കാനും ഇവിടെ പറന്നിറങ്ങിയ ഇത്തരം വിമാനങ്ങള്‍ കുറെ പേരുടെ മനസ്സില്‍ ഇടം നേടിയിരുന്നു. നമ്മുടെ KSRTC ബസ്സുകള്‍ ഈ വിമാനത്തിന്റെ അടുത്ത് നിര്ത്തിയിട്ട ചിത്രങ്ങള്‍ ഞാനിപ്പോള്‍ ഓര്ക്കുന്നു..
പതുക്കെ വിമാനത്താവളടെര്‍മിനല്‍ ടി 1 നിന്ന്‍ പുറത്തേക്ക് വന്നു. അവിടെ വലിയ ക്രയ്നും മറ്റും ഒക്കെയായി എന്തോ പണി നടക്കുന്നുണ്ട്. മെട്രോ സ്റ്റേഷന്‍ കണ്ടുപിടിക്കാന്‍ കുറച്ചു ബുദ്ധിമുട്ടി. ഭൂമിക്കടിയിലാണ് എയര്‍പോര്‍ട്ട് മെട്രോ സ്റ്റേഷന്‍. ഓള്‍ഡ് ഫരീദാബാദ് എന്ന സ്റ്റേഷനിലേക്ക് അവിടന്നു ടിക്കറ്റ് എടുത്തു. 60രൂപ . ഏകദേശം 1 മണിക്കൂര്‍ യാത്രാദൂരമുണ്ട്. എയര്‍പോര്‍ട്ട് സ്റ്റേഷന്‍ നിന്ന്‍ “ബോട്ടാനിക്കല്‍ ഗാര്‍ഡന്‍” വരെയുള്ള മജെന്റ്റ ലൈന് എന്ന പാതയിലാണ് യാത്ര. “കല്കാജി മന്ദിര്‍” എന്ന സ്റ്റേഷനില്‍ ഇറങ്ങിയിട്ട് വയലറ്റ് ലൈനില്‍ ഉള്ള വണ്ടിയില്‍ മാറിക്കയറണം. എല്ലാം മാപ്പില്‍ കൊടുത്തത്കൊണ്ട് വലിയ ബുദ്ധിമുട്ടില്ല. ഭൂഗര്ഭകപാതയായതുകൊണ്ട് ഫോണില്‍ സിഗ്നല്‍ കിട്ടില്ല. അങ്ങനെ ഐ.ഐ.ടി ഡല്ഹി സ്റ്റേഷനൊക്കെകടന്ന്‍ ഇന്റര്‍-ചേഞ്ച് സ്റ്റേഷന്‍ ആയ കല്കാജി മന്ദിര്‍ എത്തി.
“രാജാ നഹര്‍ സിംഗ്” എന്ന സ്ഥലത്തേക്ക് പോവുന്ന വണ്ടിയില്‍ കയറണം. അത് ഭൂഗര്ഭതപാതയല്ല. അങ്ങോട്ടുള്ള പ്ലാറ്റ് ഫോം അന്വേഷിച്ചു നടന്നു. അവിടെ കണ്ട നല്ലൊരു സംഗതിയുണ്ട്. കാല്പാ്ദത്തിന്റെ രൂപത്തില്‍ കുറേ സ്റ്റിക്കര്‍ നിലത്ത് ഒട്ടിച്ചിടുണ്ട്. ഏതു ലൈനിലേക്കണോ പോവേണ്ടത് എന്നതനുസരിച്ച് അതെ കളറിലുള്ള സ്റ്റിക്കര്‍ പിന്തുടന്നാല്‍ മതി. ഇടയ്ക്കിടെ വഴി കാണിച്ചുള്ള ബോര്‍ഡുകളുമുണ്ട്. ഓഫീസ്സ് കഴിയുന്ന സമയം ആയതുകൊണ്ട് നല്ല തിരക്കുണ്ടായിരുന്നു. മെട്രോ ട്രെയിന്‍ എന്നത് ഡല്ഹിക്കാരുടെ ഒരു ദിവസത്തിലെ അഭിജാദ്യഘടകമാണ്. ഏകദേശം 6.30ഒക്കെ ആയപ്പോള്‍ ഫരീദാബാദ് എത്തി. എന്നെയും കാത്ത് രതീഷ് ചേട്ടന്‍ മെട്രോ സ്റ്റേഷനില്‍ നില്ക്കുന്നുണ്ടായിരുന്നു. എന്റെ ഒരു ചെറിയമ്മയുടെ പരിചയക്കാരനായിരുന്നു ചേട്ടന്‍. എനിക്ക് ഇന്റര്‍വ്യൂ കോള്‍ ലെറ്റര്‍ കിട്ടിയ അന്ന് തന്നെ ഞാന്‍ ഫോണില്‍ വിളിച്ച് പരിചയപ്പെട്ടതാണ്. അങ്ങനെ ഞങ്ങള്‍, ഏട്ടന്‍ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലെത്തി. ഒന്ന്‍ ഫ്രഷ് ആയപ്പോഴേക്കും ഡല്ഹിയുടെ തണുപ്പിന്റെ അവസ്ഥ പിടിക്കിട്ടി. രാവിലെ ആവുമ്പോള്‍ താപനില 10-12 ഡിഗ്രി എത്തും എന്ന് ഏട്ടന്‍ പറഞ്ഞു. അത്താഴവും കഴിഞ്ഞു വേഗം കമ്പിളികുപ്പായവുമിട്ട് പുതച്ചുമൂടി കിടന്നുറങ്ങി.
ഡിസംബര്‍ 6 വ്യാഴാഴ്ച. തണുത്ത് മരവിച്ചു ഒരു വഴിയായി. ഇത്രയും തണുപ്പില്‍ അധികം പരിചയമില്ലായിരുന്നു. ഏതായാലും 8 മണി ആയപ്പോഴേക്കും ഇന്റര്‍വ്യൂന് പോവാനിറങ്ങി. അവിടുന്ന്‍ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് റിസര്ച്ച് സെന്റര്‍ (IOCL R & D Centre) എന്ന സ്ഥലത്തേക്കാണ് എത്തേണ്ടത്. അവിടുന്ന്‍ വെറും 6 കി.മീ ദൂരം. 9 മണിക്ക് എത്തിയാല്‍ മതിയായിരുന്നു. അവിടുന്ന് ഒരു Ola ടാക്സി വിളിച്ചു. രാവിലെയായതുകൊണ്ട് വലിയ ട്രാഫിക്കില്ലെങ്കിലും പുകമഞ്ഞിന് ഒരു കുറവുമില്ല. ഡല്ഹിയിലെ വായു മലിനീകരണം ഗുരുതരമായ അവസ്ഥയിലേക്ക് പോവുന്നു എന്ന്‍ പത്രങ്ങളില്‍ വായിച്ചുള്ള അറിവേ ഉണ്ടായിരുന്നുള്ളൂ. നേരിട്ട് കണ്ടപ്പോള്‍ തന്നെ അസ്വസ്ഥത തോന്നി. ബാംഗ്ലൂര്‍ ഡേയ്സ് സിനിമയില്‍ നിവിന്‍ പോളിയുടെ ഡയലോഗ് പോലെ, “ആരൊക്കെ എന്തൊക്കെ പറഞ്ഞാലും….വെള്ളവും, മണ്ണും, പെണ്ണും… നമ്മുടെ നാട്ടിലെ തന്നെയാ നല്ലത്…”
ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് റിസര്ച്ച് സെന്റരിന്റെ മുന്നിലെത്തി. അവിടെയുണ്ടായിരുന്ന സെക്യൂരിറ്റിയോട് ഇന്റര്‍വ്യൂന് വന്നതാണെന്ന് ഞാന്‍ പറഞ്ഞു, അയാള്ക്കാണെങ്കില്‍ ഹിന്ദി മാത്രമേ അറിയുള്ളു. അവസാനം ഞാന്‍ മുറിഞ്ഞ ഹിന്ദി വാക്കുകള്‍ തട്ടികൂട്ടി കാര്യം പറഞ്ഞു. എവിടുന്നാ വരുന്നത് എന്ന് എന്നോട് ചോദിച്ചപ്പോള്‍ കേരളമെന്നു മറുപടി കൊടുത്തു. അപ്പോള്‍ ഞാന്‍ എന്തോ അപരാതം ചെയ്ത പോലെയായി അയാളുടെ ഭാവം: വെറും പുച്ഛം. ചില വടക്കേ ഇന്ത്യക്കാരുടെ ഒരു മോശം പെരുമാറ്റമുണ്ട്, എല്ലാ ദക്ഷിണേന്ത്യക്കാരെ, “മദ്രാസ്സി” എന്ന്‍ പ്രാകൃതമായി വിളിക്കും. അങ്ങനെയെന്നെ വിളിച്ചില്ലെങ്കിലും, അയാളുടെ പെരുമാറ്റം അതാണുദ്ദേശിക്കുന്നതെന്ന്‍ എനിക്ക് മനസ്സിലായി. കഷ്ടം തന്നെ….
അവിടെ ഉള്ളിലേക്ക് കയറാന്‍ ചില കാര്യങ്ങള്‍ നമ്മള്‍ ചെയ്യണം. മൊബൈല്‍ ഫോണിലുള്ള എല്ലാ ക്യാമറയും ഇന്സുലേഷന്‍ ടേപ്പ് വച്ചുമറയ്ക്കണം, പിന്നെ ബാഗ് സ്കാന്‍ ചെയ്യും, നമ്മളെ മെറ്റല്‍ ഡിക്ടറ്റര്‍ വെച്ച് പരിശോധിക്കും. വിമാനത്താവളങ്ങളില്‍ ഉള്ളതിനേക്കാള്‍ സെക്യൂരിറ്റിയെന്ന്‍ അത്ഭുതം തോന്നി. അങ്ങനെ അവിടെ ഉള്ളില്‍ പോയി, കാത്തിരുന്നു. കുറച്ചുപേരെ പരിചയപെട്ടു. എവിടെ പോയാലും ഒരു മലയാളി ഉണ്ടാവുമെന്ന്‍ വെറുതെ പറയുന്നതല്ലാ, കേട്ടോ… ഒരു കൊട്ടാരക്കാരക്കാരനും ഇന്റര്‍വ്യൂയില്‍ പങ്കെടുക്കാന്‍ വന്നിരുന്നു. അങ്ങനെ ഉച്ച ആവാറായപ്പോള്‍ എല്ലാവരുടെയും ഇന്റര്‍വ്യൂ കഴിഞ്ഞു. തരക്കേടില്ലാതെ ഞാനും അതില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു. ഉച്ചക്ക് അവിടുന്ന്‍, പനീറും ചപ്പാത്തിയും, ചോറും, ഗുലാബ് ജാമുനും അടങ്ങുന്ന നല്ലൊരു ഉച്ചഭക്ഷണം കഴിച്ചു.
ഒരു ഡല്ഹിക്കാരനെ കൂട്ട് കിട്ടി: നിഖില്‍ എന്നാണ് പേര്. അവനോട് ഓരോന്ന് ചോദിച്ചറിഞ്ഞു. ഞങ്ങള്‍ പെട്ടെന്ന്‍ നല്ല കൂട്ടായി. ഡല്ഹിവരെ വന്നിട്ട് സ്ഥലം കാണാതെ പോവുന്നത് മോശമല്ലേ? ഇന്ത്യന്‍ പാര്‍ലമെന്റും, ഇന്ത്യഗേറ്റുമെങ്കിലും കാണാമല്ലോ എന്ന്‍ വെച്ചു. സന്ധ്യക്ക് മുന്പ് തിരിച്ചു ഫരീദാബാദില്‍ എത്തിയാല്‍ മതി. സമയം ഉച്ചകഴിഞ്ഞ് 2.30 ആയതേയുള്ളൂ. കുറേ സമയമുള്ളത്കൊണ്ട് വേഗം അടുത്തുള്ള മെട്രോ സ്റ്റേഷനിലേക്ക് കയറി. ഡല്ഹി മെട്രോയുടെ വയലറ്റ് ലൈനില്‍ തന്നെയുള്ള ബാറ്റചൌക്ക് എന്ന സ്റ്റേഷനില്‍ നിന്ന്‍ സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് എന്ന സ്റ്റേനിലേക്കുള്ള ടിക്കറ്റ് അവന്‍ എടുത്തു തന്നു. രണ്ടും ഡല്ഹി മെട്രോയുടെ വയലറ്റ് ലൈനില്‍ തന്നെയുള്ളതാണ്. ടിക്കറ്റ് കൌണ്ടര്‍ പ്രവര്‍ത്തിക്കുന്നില്ലായിരുന്നു; അതുകൊണ്ട് ATM പോലെ ഒരു യന്ത്രമാണ് ടിക്കറ്റ് തരുന്നത്. ഏതായാലും വേഗം അടുത്ത ട്രെയിനില്‍ തന്നെ പുറപ്പെട്ടു. മെട്രോ സ്റ്റേഷനും ട്രെയിനും, ഡല്ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (DMRC) നല്ല വൃത്തിയില്‍ കൊണ്ടുനടക്കുന്നുണ്ട്. എല്ലാ മേഖലകളിലും ഇത് വേണമെന്ന് എനിക്ക് തോന്നി.
ഡല്ഹിക്കാരനായ നിഖില്‍, എന്നോട് കേരളത്തെക്കുറിച്ച് കൂടുതല്‍ ചോദിച്ചറിഞ്ഞു. ഞാന്‍ തിരിച്ചും അവിടുത്തെ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. അവിടെയുള്ളവരുടെ ജീവിത ശൈലി, ഭക്ഷണ രീതി, സംസ്കാരം എല്ലാം അവന്‍ പറഞ്ഞുതന്നു. ട്രെയിനില്‍ അങ്ങനെ പോവുമ്പോള്‍, താമരയെപ്പോലെ രൂപകല്‍പന ചെയ്ത ലോട്ടസ് ടെമ്പിള്‍ കാണാന്‍ പറ്റി. പുകമഞ്ഞു അപ്പോഴുമുള്ളതുകോണ്ട് ദൂരകാഴ്ച കുറവാണ്. അങ്ങനെ ഏകദേശം 1 മണിക്കൂര്‍ കഴിഞ്ഞ് സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് സ്റ്റേഷനില്‍ ഞാനിറങ്ങി. നിഖിലിന് കുറച്ച്കൂടി ദൂരെയ്യുള്ളഒരു സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്. കൂട്ടിനാരുമില്ലാതെ അങ്ങനെ ഞാന്‍ മെട്രോ സ്റ്റേഷനില്‍ നിന്ന്‍ പുറത്തേക്ക് വന്നു. സമയം ഉച്ചക്ക് 3.30ആയിട്ടും ഒട്ടും വെയിലോ ചൂടോ അനുഭവപെട്ടില്ല. ഒരു റോഡിന്റെ സൈഡിൽ നിന്നു കുറച്ച്മാറി പാര്‍ലമെന്റ് കണ്ടു. വേറെ എവിടെയും പോവാന്‍ വഴി അറിയില്ല. അപ്പോഴാണ് നമ്മുടെ ഗൂഗിള്‍ മാപ്പിന്റെ കാര്യം ഓര്മ വന്നത്.
ഇന്ത്യഗേറ്റിലേക്ക് ഏകദേശം 2 കിലോമീറ്റര്‍ ദൂരമുണ്ട് നടക്കാന്‍. അങ്ങനെ കുറെ നടന്നു നടന്നു പോവുമ്പോള്‍ ഒന്ന്‍ തിരിഞ്ഞുനോക്കി. പുകമഞ്ഞില്‍ മുങ്ങികിടക്കുന്ന രാഷ്ട്രപതിഭവന്‍ കാണാമായിരുന്നു. റിപബ്ലിക് ദിന പരേഡ് നടക്കുന്ന വഴിയിലൂടെയാണ് ഞാന്‍ അപ്പോള്‍ നടന്നത്. 2019ലെ പരേഡിനുള്ള തയ്യാറെടുപ്പുകള്‍ അവിടെ നടക്കുന്നുണ്ടായിരുന്നു. ഇന്ത്യഗേറ്റിന്റെ അവിടെ നല്ല തിരക്കായിരുന്നു. അവിടുന്ന്‍ പിന്നെയും നടന്നു. കൂട്ടിനാരുമില്ലാത്തതുകോണ്ട് പിന്നെ നടത്തം അത്ര സുഖമായി തോന്നിയില്ല. പല ആളുകളും യാത്രകള്‍, ഓരോ രീതിയിലാണ് ആസ്വദിക്കുന്നത്. ചിലര്‍ ഒറ്റക്ക് യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നു.. ചിലര്‍ കുടുംബമായും, മറ്റു ചിലര്‍ കൂട്ടുകാരുടെ കൂടെയും പോവുന്നു… ഈ ബുള്ളെറ്റ് പോലുള്ള ബൈക്കൊക്കെയെടുത്ത് ഹിമാലയത്തിലോക്കെ യാത്ര പോവുന്നതിനെക്കുറിച്ച് വായിക്കുമ്പോള്‍, അതിന് പോവുന്നവര്‍ നല്ല ധൈര്യശാലികളാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒറ്റക്കുള്ള യാത്രയില്‍ പിന്നെ വേറെ ആരെയും അധികം ആശ്രയിക്കാതെ നടക്കാമെന്ന ഗുണമുണ്ട് എന്നാലും എനിക്ക്, വര്ത്തമാനമൊക്കെ പറഞ്ഞിങ്ങനെ സ്ഥലമൊക്കെ കണ്ട് നടക്കാനാണിഷ്ടം.
അങ്ങനെ നടന്നുനടന്നു കുറേ ആയപ്പോള്‍ കാലുവേദന തുടങ്ങി. ഏതൊക്കെയോ മന്ത്രാലയങ്ങളുടെ ബോര്‍ഡ് കണ്ടു. കറങ്ങിത്തിരിഞ്ഞ് അവസാനം സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് സ്റ്റേഷന്റെ അടുത്ത് തന്നെയെത്തി. സമയം വൈകീട്ട് 4.30 കഴിഞ്ഞിരുന്നു. റെയില്‍ ഭവന്‍ അവിടെ തൊട്ടടുത്ത്തന്നെയാണ്. അവിടെ പഴയൊരു കല്‍ക്കരി എഞ്ചിനും, സിഗ്നലും വെച്ചിടുണ്ട്. ഇതുപോലെ ഒരെണ്ണം കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലുമുണ്ട്. കുട്ടികാലംതൊട്ടേ എനിക്ക് ഏറ്റവുമിഷ്ടമുള്ള ഒന്നാണ് തീവണ്ടി. അതിപ്പോഴും അങ്ങനെ തന്നെയാണ്. തീവണ്ടി, വിമാനം, KSRTC ബസ്സ്, എവിടെ കണ്ടാലും ഒന്ന്‍ നോക്കും…
അങ്ങനെ നടത്തമാവസാനിപ്പിച്ചു. വേഗം ഓള്‍ഡ് ഫരീദാബാദ് ലക്ഷ്യമാക്കി വീണ്ടും മെട്രോ ട്രെയിനില്‍ കയറി. അങ്ങെനെ വൈകുന്നേരം 5.30 കഴിഞ്ഞു ഫരീദാബാദ് എത്തി. പക്ഷെ സ്റ്റേഷന്‍ നിന്ന്‍ പുറത്ത് ഇറങ്ങി നോക്കുമ്പോള് വായുമലിനീകരണം കാരണം ആകെ മൂടികെട്ടിയ അന്തരീക്ഷം. നമ്മുടെ നാട്ടില്‍ സന്ധ്യ കഴിഞ്ഞുള്ള പോലെയുള്ള ഇരുണ്ട ആകാശം. വേഗമൊരു ഷെയര്‍ ഓട്ടോ പിടിച്ച് ഞാന്‍ തിരിച്ച് താമസസ്ഥലത്തെത്തി, വേഗം ഫ്രഷ് ആയി, രാത്രി ഭക്ഷണവും കഴിഞ്ഞു കിടന്നുറങ്ങി.
ഡിസംബര്‍ 7 വെള്ളിയാഴ്ച. ഡല്‍ഹിയില്‍ നിന്ന്‍ നേരിട്ട് കൊച്ചിയിലേക്കുള്ള 6E 6193 ഇന്‍ഡിഗോ വിമാനത്തിനാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. ഉച്ചക്ക് 2.30ക്കാണ് വിമാനം. ഏകദേശം 1 മണി കഴിഞ്ഞിട്ട് വിമാനത്താവളത്തില്‍ എത്തിയാല്‍ മതി. എന്നാലും രതീഷ് ചേട്ടന് രാവിലെ ജോലിക്ക് പോവാനുള്ളതുകൊണ്ട്, ഞാനും രാവിലെ തന്നെ വീട്ടില്‍ നിന്നിറങ്ങി. ചേട്ടനോട് യാത്രപറഞ്ഞ്, ഞാന്‍ ഡല്‍ഹി – മധുര ദേശിയപാതയുടെ അടുത്തുള്ള ഫരീദാബാദ് മെട്രോ സ്റ്റേഷനില്‍ എത്തി. മൂടല്‍മഞ്ഞ് ഇന്നിത്തിരി കുറവുള്ളപോലെ. 9.30 കഴിഞ്ഞുള്ള ട്രെയിനില്‍ പുറപെട്ടു. ആദ്യ ദിവസം ഇങ്ങോട്ടുവന്ന അതെ റൂട്ടിലൂടെതന്നെയായിരുന്നു യാത്ര. 11 മണി ആയപ്പോളേക്കും ഡല്ഹി വിമാനത്താവളത്തിലെത്തി.
അവിടെ കുറച്ച് നടന്നപ്പോള്‍ റണ്‍വേ നിന്ന്‍ വിമാനം ടേക്ക്ഓഫ് ചെയ്യുന്ന ശബ്ദംകേട്ടു. ആ ഭാഗത്തേക്ക് ഞാനൊന്ന്‍ പോയിനോക്കി. അപ്പോള്‍ അവിടെ നിന്നും സുഖമായി വിമാനങ്ങളെ വളരെ അടുത്തുനിന്നു കാണാമെന്നു മനസ്സിലായി. കുറെനേരം അതും നോക്കി നിന്നു. ബാഗും പിടിച്ചു അങ്ങനെ കുറെ നേരം നില്‍ക്കാന്‍ അത്ര സുഖം തോന്നിയില്ല; അതുകൊണ്ട് വേഗം ടെര്‍മിനലില്‍ കയറി. ഉള്ളില്‍ കുറെ നേരം ബോറടിച്ചിരുന്നു. അങ്ങനെ സമയം 1.30 ഒകെ ആയപ്പോള്‍ KFC-യില്‍ പോയ് ഒരു ചിക്കന്‍ പോപ്-കോണ്‍ ഓര്‍ഡര്‍ ചെയ്തു. 2 മണി കഴിഞ്ഞു കൊച്ചി ഫ്ലൈറ്റ് വരുന്ന ഗേറ്റ് 9B അന്വേഷിച്ചു കണ്ടുപിടിച്ചു. അവിടെ മലയാളികളുടെ നീണ്ടൊരു വരി കണ്ടപ്പോള്‍ നല്ല ആശ്വാസം തോന്നി.
അങ്ങനെ വിമാനത്തിലേക്കുള്ള ബസ്സില്‍ കയറി. ഇന്ഡിീഗോയുടെ VT-IEU എന്ന എയര്ബെസ് A320-200 വിമാനമായിരുന്നു തയ്യാറായി നില്ക്കുന്നുണ്ടായിരുന്നത്. ഇപ്രാവശ്യം വിമാനത്തിന്റെ പുറകിലെ വാതില്‍ വഴിയാണ് കയറിയത്. അങ്ങനെ സീറ്റ് നമ്പര്‍ 22E-യിലിരുന്നു. ഫുള്‍ ലോഡുമായി, അങ്ങനെ കൊച്ചിയെ ലക്ഷ്യമാക്കികൊണ്ട് ആ വിമാനം അതിവേഗേം ആകാശത്തേക്ക് പറന്നുയർന്നു. ഇപ്പ്രാവശ്യം വിന്‍ഡോ സീറ്റല്ലായിരുന്നു. ആ സീറ്റില്‍ ഇരുന്നയാളാണെങ്കില്‍ ടേക്ക് ഓഫ് കഴിഞ്ഞതും വിന്‍ഡോ- ഷേട് അടച്ചിട്ടു. പുറത്തേക്ക് നോക്കിയിരിക്കാന്‍ ഒരു വഴിയുമില്ല. 2.30 മണിക്കൂര്‍ എങ്ങനെയോ തള്ളിനീക്കി. ഇടക്ക് എയര്‍ ഹോസ്റ്റസ്സ് ഓരോ ഭക്ഷണസാമഗ്രികള്‍ കൊണ്ട് വന്നു. എനിക്ക് വിശപ്പൊന്നും തോന്നിയില്ല. വിമാനത്തില്‍ പറക്കുമ്പോള്‍ നമ്മുടെ രുചി അറിയാനുള്ള കഴിവ് കുറച്ചു കുറയും എന്ന് വായിച്ചിട്ടുണ്ട്. അപ്പോള്‍ കഴിക്കാന്‍ നല്ല രസമൊന്നും തോന്നില്ല. എനിക്കാണെങ്കില്‍ ഭയങ്കര ദാഹം തുടങ്ങി. വിമാനത്തിലെ അന്തരീക്ഷത്തില്‍ നമ്മുടെ ശരീരം പെട്ടെന്ന്‍ വരണ്ടപോലെയാവും. ഇടവേളകളില്‍ വെള്ളം കുടിക്കുന്നത് നല്ലതാണ്. എയര്‍ ഹോസ്റ്റസ്സ് തന്ന ഒരു ഗ്ലാസ് വെള്ളം കുടിച്ചപ്പോള്‍ നല്ല ആശ്വാസം തോന്നി.
കൊച്ചിയിലേക്കുള്ള വഴിയെ ഇടക്ക് നല്ലോണം വിമാനം കുലുങ്ങി. ഏകദേശം ബാംഗ്ലൂരിന്റെ മുകളിലൂടെ പറക്കുമ്പോളായിരുന്നു അത്. ചെറുതോ വലുതോ ആയ ആകാശച്ചുഴിയില്‍ പെടുമ്പോളാണ് അങ്ങനെ സംഭവിക്കുന്നത്. അത്തരം ടര്‍ബുലന്‍സ് സര്‍വ്വ സാധാരണമാണെങ്കിലും, യാത്രക്കാര്‍ക്ക് പരിക്ക് പറ്റിയ ചില സംഭവങ്ങള്‍ മുന്‍പ് വാര്ത്തയായിട്ടുണ്ട്. അപ്പോള്‍ സീറ്റ് ബെല്‍റ്റിടാന്‍ പൈലറ്റ് നിര്‍ദേശം തന്നു. കൊച്ചിയിലിറങ്ങാന്‍ നേരം കലശലായ ചെവിവേദന തുടങ്ങി. ഇപ്രാവശ്യം അതികഠിനമായിരുന്നു. എന്റെയടുത്ത് ഐല്‍ (Aisle) സീറ്റിലിരുന്ന യാത്രക്കാരന്‍ ഒരു ഡോക്ടറായിരുന്നോ എന്ന്‍ സംശയമുണ്ട്. അയാള്‍ എന്നോട് താടി കൊണ്ട് ചവക്കുന്ന പോലെ ചെയ്യാന്‍ പറഞ്ഞു. അപ്പോള്‍ വേദന കുറയുമെന്ന്. വായില്‍ മിഠായിയുള്ളപോലെ ചവക്കാന്‍ ശ്രമിച്ചു. അത് അത്രയ്ക്ക് ശരിയായില്ല. എന്നാലും കുറെ നേരം ചെയ്തപ്പോള്‍ ചെറിയൊരാശ്വാസം. അത് ശാസ്ത്രീയമായ കാര്യമാണെന്ന് പിന്നീട് ഞാന്‍ എവിടെയോ വായിച്ചു.
ഏകദേശം വൈകീട്ട് 4.45 കഴിഞ്ഞു നെടുമ്പാശ്ശേരിയില്‍ ലാന്‍ഡ് ചെയ്തു. പൊതുവേ നമ്മള്‍ വിമാനത്തില്‍ കയറുന്നതും ഇറങ്ങുന്നതും ഇടതു വശത്തെ വാതിലിലൂടെയാണ്. എയര്ബസ്സ് A320, ബോയിംഗ് 737 പോലെയുള്ള ചെറിയ വിമാനങ്ങളില്‍ മുന്നിലും പിറകിലുമുള്ള ഓരോ വാതിലിലൂടെയാണ് യാത്രക്കാര്‍ വരുന്നത്. പക്ഷെ ഈ യാത്രയില്‍ കൊച്ചിയിലെത്തിയപ്പോള്‍ വിമാനത്തിന്റെ വലത്തുവശത്തുള്ള വാതിലിലൂടെയാണ് എല്ലാവരെയും ഇറക്കിയത്. എന്താ അങ്ങനെ ചെയ്യാന്‍ കാരണമെന്ന് അറിയില്ല. ഏതായാലും ടെര്‍മിനലില്‍ നിന്നും വേഗം പുറത്തിറങ്ങി. അങ്ങനെ വൈകീട്ട് 6 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് വൈറ്റിലയ്ക്ക് പോവുന്ന KURTC വോള്‍വോ ലോഫ്ലോര്‍ ബസ്സില്‍ പാലാരിവട്ടം വരെ യാത്ര ചെയ്തിട്ട്, പിന്നെയവിടുന്നു കാക്കനാടുള്ള എന്റെ കസിന്റെയടുത്തെക്ക് പോയി.
അങ്ങനെ 3 ദിവസത്തെ ഡല്ഹി യാത്രക്ക് അവിടെ സമാപനമായി. ഒരുപാട് കാഴ്ചകളും, അനുഭവങ്ങളും, ഓര്മകകളും സമ്മാനിച്ച ഈ യാത്ര എന്റെ ജീവിതത്തിലെ പ്രധാനപെട്ട ഒരേടാണ്. എല്ലാര്ക്കും നല്ല യാത്രാനുഭവങ്ങള്‍ നേര്ന്നുകൊണ്ട് ഞാനീ യാത്രാവിവരണം ഇവിടെ നിര്ത്തുന്നു..