വിവരണം – Nisha Kunjipoove.

ആദിയോഗി ട്രിപ്പ് – ഏതു മതസ്ഥർക്കും നല്ല മനസ്സോടെ പ്രവേശനം.. ആരാണ് ആദിയോഗി…? വെള്ളയംഗിരി പർവതങ്ങളുടെ താഴ് വാരത്ത് 150 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന യോഗ ആശ്രമമാണ് ഈഷ യോഗ സെന്റർ. യോഗസിദ്ധമായ സംസ്കാരത്തിൽ ശിവ ഒരു ദൈവമായി മാത്രമല്ല അറിയപ്പെടുന്നത്, എന്നാൽ ആദി യോഗി അഥവാ ആദ്യ യോഗിയാണ് – യോഗയുടെ ഉറവിടം.

2017 FEB 27 ശിവരാത്രി ദിനത്തിൽ ഇൻഡൃൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആദിയോഗി പ്രതിമ ഉദ്ഘാടനം ചെയ്തു.ഇഷ യോഗാ ഫൗണ്ടേഷൻ കേന്ദ്രത്തിലെ ആദിയോഗി പ്രതിമ ലോകത്തിലെ ഏറ്റവും വലിയ മുഖപ്രതിമയായി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് പ്രഖ്യാപിച്ചു. സാധാരണ ജനങ്ങളിലേക്ക് യോഗയുടെ ഒരു പാട് നല്ല കാര്യങ്ങളിലേക്ക് തുടക്കം കുറിക്കുക എന്നൊരു ഉദ്ദേശം കൂടിയുണ്ട്.

എങ്ങനെ അവിടെത്താം…? കോയമ്പത്തൂരിൽ നിന്നും 30 kms, കോയമ്പത്തൂർ നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് ഇഷാ സെന്റർ സ്ഥിതി ചെയ്യുന്നത്. കോയമ്പത്തൂരിൽ നിന്ന് ഉക്കടം വഴി പേരൂർ / ശിരുവാണി റോഡിലൂടെ പോകുക. ഇരുട്ടൂപ്പാളയം ജംഗ്ഷനിലെത്തും. ഇരുട്ടുകുളത്തിൽ നിന്ന് വലത്തോട്ട് 8 കിലോമീറ്റർ അകലെയാണ് ആശ്രമം. ധ്യാനലിംഗ യോഗിക്ഷേത്രത്തിലേയ്ക്കുള്ള വഴികൾ നൽകുന്ന സൈൻ ബോർഡുകൾ എല്ലാ വഴിയിലും കാണാം. കേരളത്തിൽ നിന്ന് ബൈക്കിലാണ് പോകുന്നതെങ്കിൽ കഴിവതും 9 മണിക്കായി മുന്നെ എത്താൻ ശ്രമിക്കുക വെയിലൊരു പ്രശ്നമല്ലത്താവർക്ക് സമയം ബാധകമല്ല. അല്ലെങ്കിൽ വൈകുന്നേരം നാലുമണിക്ക് ശേഷവും. വൈകുന്നേരം ആണ് കൂടുതൽ ഭംഗി..

ഗാന്ധിപുരം ടൗൺ ബസ് സ്റ്റാൻഡിൽ നിന്ന് ആശ്രമത്തിലേയ്ക്ക് ബസ് സർവീസുകളുണ്ട്. #ബസ്_നം_14D. Bus timings for route 14D : #From_Gandhipuram – 05:30 AM, 07:10 AM, 08:50 AM, 10:30 AM, 12:10 PM, 02:00 PM, 03:50 PM, 05:30 PM, 07:00 PM, 09:15 PM. #From_Isha 05:30 AM, 07:10 AM, 08:50 AM, 10:30 AM, 12:10 AM, 02:00 PM, 03:50 PM. റൂം വേണ്ടവർ ഇരുപത് ദിവസം മുൻപേ വിളിച്ചു ബുക്ക് ചെയ്യണം..ഇഷാ സെന്ററിൽ തന്നെ റൂം കിട്ടും. വെളിയിൽ ഒരു നല്ല ഹോട്ടൽ കൂടിയുണ്ട്.. അവിടെയും നേരത്തെ ബുക്ക് ചെയ്തില്ലേൽ റൂം കിട്ടാൻ ബുദ്ധിമുട്ടാണ്..Helpline no 83000 83111.

ഞങ്ങൾ എട്ടുപേര് അടങ്ങുന്ന പികെയിലെ സംഘമാണ് ആദിയോഗിയിലേക്ക് യാത്ര തിരിച്ചത്. പലരും പല സ്ഥലത്തുള്ളവർ..ഏട്ടനും ഞാനും മോളും കൂടി ആറുമണിക്ക് ഇവിടുന്ന് ഇറങ്ങി മാവേലിക്കര എത്തി. അഖില്, ചാന്ദിനി ഇവരെ കൂട്ടി നേരെ അമ്പലപ്പുഴ എത്തി.. അവിടുന്ന് ചന്ദ്രികേച്ചി ഉണ്ടാക്കിയ ഇഡ്ഡലിയും കഴിച്ചു ചേച്ചിയുടെ ചേച്ചിയും നമ്മുടെ ഗ്രൂപ്പ് മെമ്പറുമായ രാജേശ്വരി ചേച്ചിയേയും കയറ്റി നേരെ വൈറ്റില എത്തി. അവിടെ കാത്തു നിന്ന പഞ്ചമി ചേച്ചിയേയും കൂട്ടി നേരെ തൃശൂരേക്ക്. അവിടെ മണ്ണുത്തിയിലൊക്കെ കയറി രണ്ട് മണിക്കൂർ കൊണ്ട് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ആദിയോഗിയില് എത്തി. തമിഴ് ഗ്രാമങ്ങളുടെ ഭംഗിയൊക്കെ ആസ്വദിച്ചു മണ്ടത്തരങ്ങളും ചളികളും തള്ളലും ഒക്കെ ആയി മനോഹരമായ ഒരു യാത്ര.

ഞങ്ങൾ എത്തിയത് വലിയൊരു കവാടത്തിന് മുൻപിലാണ്. ആ കവാടത്തിനും പറഞ്ഞറിയിക്കാൻ പറ്റാത്ത ഭംഗി. കവാടത്തിന് മുകളിലായി ഉള്ള ആ വലിയ ഒറ്റ കരിങ്കല്ലാണ് ആകർഷണം. ടിക്കറ്റ് എടുത്ത് നേരെ അകത്തേക്ക്. സൈഡിലുള്ള തോട്ടങ്ങളില് നല്ല ഭംഗിയുള്ള ആട്ടിൻ കൂട്ടങ്ങൾ. അവിടെ വളർത്തുന്നതാണ്. കരിങ്കല്ലുകൾ പാകിയ വഴിയാണ്. 50 മീറ്റർ മുൻപോട്ടു ചെന്നപ്പോൾ നമ്മുടെ മുൻപിൽ പ്രതൃക്ഷമാകുന്ന ആ കാഴ്ച ആരെയും അതിശയിപ്പിക്കുന്നതാണ്. മാനം മുട്ടേ ഉയർന്നു നില്ക്കുന്ന ശിവഭഗവാന്റെ പ്രതിമ. പൂർണ്ണരൂപമല്ലാ,നെഞ്ചിൽ നിന്നും മുകളിലേക്കുള്ള ഭാഗം.

ഞങ്ങൾ അവിടെ കാർ പാർക്ക് ചെയ്ത് ഇറങ്ങി നടന്നു. ചെരുപ്പുകൾ ഊരി പടികൽ കയറി. പ്രതിമക്ക് മുന്നിലായി മണ്ഡപത്തിലായി ആളുകൾ ഇരുന്ന് ശിവമന്ത്രം ഉരുവിടുന്നു. ചിലർ ധൃാനത്തിലാണ്. പ്രതിമക്ക് ചുറ്റും ശൂലം കൊണ്ട് നിർമ്മിച്ച അതിരുകൾ. ആകാശം മുട്ടെ നില്ക്കുന്ന ഈ ശിവ ഭഗവാന്റെ പ്രതിമക്ക് എന്തോ ഒരു പ്രത്യേകത. ചെറുപുഞ്ചിരിയോടെ പകുതി അടഞ്ഞ നയനങ്ങളോടെ ധൃാനത്തില് ഇരിക്കുന്ന യുവാവായ ഭഗവാനെയാണ് എനിക്കവിടെ കാണാൻ കഴിഞ്ഞത്. നമുക്ക് എന്തോ ഒരു പ്രതൃക വാത്സലൃമോ ഇഷ്ടക്കൂടുതലോ ഒക്കെ തോന്നും. എന്തൊക്കെയോ ഭാവങ്ങൾ മിന്നി മറയുന്നു. പല മതത്തിൽ പെട്ടവരും അവിടെ വന്നു പ്രാർത്ഥിക്കുന്നു. പ്രതിമ ചുറ്റി നടന്നു കാണാം. കൂടുതലും വിദേശികൾ ആണ്..

പ്രതിമ കണ്ടതിന് ശേഷം ഞങ്ങൾ നേരെ ബാക്ക് സൈഡിലേക്ക് പോയി. അവിടെയാണ് പ്രാർത്ഥനാലയങ്ങൾ, യോഗസെന്റർ ഒക്കെ. പത്തു മിനിറ്റ് കൊണ്ട് നടന്നു പോകാനുള്ള ദൂരമേയുള്ളു. എന്നാലും കാളക്കുട്ടൻമാരെയും കാളവണ്ടിയും കണ്ടപ്പോൾ ഒരാഗ്രഹം (ബാറ്ററി വണ്ടികളും ഉണ്ട്.പുകമലിനീകരണം ഒഴിവാക്കാനാണ് ഇവ ഉപയോഗിക്കുന്നത്). നല്ല ആരോഗൃമുള്ള കാളകൾ. പൊട്ടൊക്കെ തൊട്ട് നല്ല സുന്ദരൻമാരായാണ് നില്ക്കുന്നത്. നല്ല ഐശ്വര്വമുണ്ട് കാണാൻ. ടിക്കറ്റ് എടുത്ത് ഞങ്ങൾ കാളവണ്ടിയില് കയറി. ഈ കാളവണ്ടി രണ്ടു സൈഡിലായി ബഞ്ച് പോലുണ്ടാക്കി ചക്രം ഒക്കെ പിടിപ്പിച്ച മോഡലാണ്. സൈഡ് തിരിഞ്ഞ് ഇരിക്കണം.

നമ്മൾ കേറി ഇരുന്നതേ കാളവണ്ടിയുടെ നിയന്ത്രണം ഏറ്റെടുത്തു. കാളക്കാരനൂടെ ചിരി വന്നു.. ഒരു പ്രതൃക സൗണ്ട് ഉണ്ടാക്കിയാണല്ലോ കാളകളെ നിയന്ത്രിക്കുന്നത്. അത് എഴുതാൻ അറിയില്ലാ ചിന്തിച്ചെടുത്തു കൊൾക. ഞാനും അതൊക്കെ അനുകരിച്ചാണ് യാത്ര. നിശബ്ദമായ അന്തരീക്ഷം ആണ്. അതിനാല് വലിയ സൗണ്ടൊന്നും വച്ചില്ലാ. വണ്ടിയിൽ നിന്ന് ഇറങ്ങി കൗണ്ടറില് കയറി ചെരുപ്പുകളും മൊബൈലും, ബാഗുമൊക്കെ ടോക്കൺ എടുത്തു അവിടെ ഏല്പിച്ചു. ഫ്രീ ആണ്. അവിടെ നിന്നും ഞങ്ങൾ അടുത്ത ഭാഗത്തേക്ക് നടന്നു.അവിടെ നമുക്ക് ഇനി എന്താണോ ചെയ്യേണ്ടത് അത് നമുക്കു വീഡിയോ കാണിച്ചു പറഞ്ഞു തരും.

സൂരൃകുണ്ട്,ചന്ദ്രകുണ്ട് എന്നീ രണ്ട് സ്ഥലങ്ങളാണ് പരിചയപ്പെടുത്തുന്നത്. രണ്ട് വലിയ കുളങ്ങളാണ് ഇവ. കരിങ്കൽ പാകി കോപ്പർ തകിട് പൊതിഞ്ഞ് ആണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ഈ തകിട് കൂടുതല് തണുപ്പ് നല്കുന്നു. അമ്പത് ടൺ ഭാരമുള്ള കരിങ്കൽ കൊണ്ടാണത്ര ഭിത്തി നിർമ്മിച്ചിരിക്കുന്നത്. പുരുഷൻമാർക്ക് സൂരൃ കുണ്ടും, സ്ത്രീകൾക്ക് ചന്ദ്രകുണ്ഡുമാണ്. സൂരൃകുണ്ടിലെ കുളത്തിൽ മൂന്നു ശിവലിംഗവും, ചന്ദ്രകുണ്ഠില് ഒരു ശിവലിംഗവുമാണ് ഉള്ളത്. ഈ കുളത്തിലിറങ്ങി വിശ്വാസം ഉള്ളവർ കുറഞ്ഞത് ഏഴുമിനിറ്റേലും വെള്ളത്തിൽ നിന്ന് പ്രാർത്ഥിക്കണം. പൗരാണിക രസതന്ത്രത്താല് ഖനീഭവിച്ച രസത്താൽ നിർമ്മിച്ചതാണത്ര ഇവിടുത്തെ ശിവലിംഗങ്ങൾ എന്നാണ് വിശ്വാസം. രണ്ട് കുളങ്ങളും തമ്മിൽ നല്ല ദൂരവിതൃാസമുണ്ട്. നമ്മൾ ആദൃം ചെയ്യേണ്ടത് ഇരുപത് രൂപ അടച്ചു ടിക്കറ്റ്‌ എടുത്ത് അവർ തരുന്ന ഡ്രസ് ധരിച്ചു (പുരുഷൻമാർക്ക് മുണ്ടും സ്ത്രീകൾക്ക് പൈജാമ പോലെ ഇറക്കമുള്ള ടോപ്പും) ഷവറില് ദേഹശുദ്ധി വരുത്തി തലയില് ക്യാപ് വച്ച് ഈറനോടെ ഈ കുളങ്ങളിലേക്ക് പോകാം. കുട്ടികൾക്ക് അവിടെ ഇറങ്ങാൻ അനുവാദമില്ല. പടികളിറങ്ങി കൈ കാല് കഴുകാം.

നട്ടുച്ചയ്ക്ക് പൊലും ചൂടുവെള്ളത്തിൽ കുളിക്കുന്ന ഞാൻ ആ ഷവറിനടിയില് കിടുകിടാ വിറച്ചു നനഞ്ഞു നിന്നു. പല്ലുകൾ കൂട്ടിയിടച്ചു കൊണ്ടാണ് ചന്ദ്രകുണ്ടിലേക്കിറങ്ങാൻ ഞാൻ പോയത്. അവിടുത്തെ അനുഭവം അത് അനുഭവിച്ചു തന്നെ അറിയണം.. ആദിയോഗിയിൽ ചന്ദ്രകുണ്ടിലേക്ക് ഇറങ്ങാൻ കുറെ കല്പ്പടവുകളുണ്ട്. നമുക്കു ഗൈഡായി ഒരു സ്ത്രിയെ അവിടെ ഇരുത്തിയിട്ടുണ്ട്. അന്തരീക്ഷം കർപ്പൂരം, കുന്തിരിക്കം, എന്തെക്കെയോ സുഗന്ധദ്രവൃങ്ങളാൽ പൂരിതമായിരിക്കുന്നു. നമ്മൾ ഇവിടെ സംസാരിക്കാനോ, നീന്താനോ ഒന്നും പാടില്ലാ. കല്പ്പടവുകൾക്ക് പോലും മരം കോച്ചുന്ന തണുപ്പ്.

കുളത്തിലേക്ക് ആദൃകാല് വച്ച ഞാൻ പതിയെ പല്ലുകൾ കൂട്ടിയിടിച്ച് തുള്ളല് പനി ബാധിച്ചവളേ പോലെ പുറകിലേക്ക് വലിഞ്ഞു. എന്റെ നില്പുകണ്ട് ഗൈഡ് പോലും മുഖം അമർത്തി ചിരി അടക്കുന്നു. ചാന്ദിനി നിർബന്ധപൂർവ്വം കയ്യിൽ വലിച്ചു കുളത്തിലേക്ക് ഇറങ്ങി. അഞ്ചടിയോളം വെള്ളമുണ്ട്.. ഞാൻ വിരലില് പൊങ്ങിയാണ് നില്ക്കുന്നത്.. ഒത്ത നടുക്കായാണ് ശിവലിംഗം.ഒരു സൈഡിലായി വെള്ളം വളരെ ഉയരത്തിൽ നിന്നും പതിക്കുന്നു. പരസ്പരം കൈകൾ കോർത്ത് ഞങ്ങൾ ശിവലിംഗത്തിനടുത്തേക്ക് ചെന്നു. മുകളിലായി മനോഹരമായ മൃൂറൽ പെയിന്റിങ്ങ്. മുങ്ങി നിവർന്ന് ശിവംലിംഗത്തെ പ്രദിക്ഷണം ചെയ്തു. വെള്ളത്താല് ധാരചെയ്തു..

ഈ ജലാശയത്തിൽ മുങ്ങി പ്രാണശക്തിയെ സന്തുലിതമാക്കുന്നു. പലവട്ടം മുങ്ങി പ്രദിക്ഷണം ചെയ്യുമ്പോൾ മനസ്സും ശരീരവും മലിനമുക്തമാകുന്നു. മനസ്സിൽ ഓം നമ ശിവായ മന്ത്രം മാത്രം. ഞാനും ഭഗവാനും മാത്രം. ഏഴുമിനിറ്റല്ല അതിൽ കൂടുതൽ അവിടെ ചിലവഴിച്ചു. വെള്ളം വളരെ ഉയരത്തിൽ നിന്നും നിരന്നു പതിക്കുന്ന ഭാഗത്തായി പോയി നിന്നപ്പോൾ ശരിക്കും ഗംഗാ ജലം നെറുകയിൽ പതിക്കുന്ന അനുഭൂതി. ഞങ്ങൾ കുളത്തിൽ നിന്നും കയറിയപ്പോൾ വീണ്ടും എനിക്ക് ഇറങ്ങാൻ ആഗ്രഹം. ചാന്ദിനിയോട് ആംഗ്യത്തിൽ ഞാൻ പറഞ്ഞു നമുക്ക് ഒന്നൂടെ ഇറങ്ങാമെന്ന്. എന്റെ അതേ അവസ്ഥ ആയിരിക്കാം അവൾക്കും.ഞങ്ങൾ വീണ്ടും ഇറങ്ങി ,ചന്ദ്രികേച്ചി താടിക്ക് കൈയ്യും കൊടുത്തു നോക്കി നില്ക്കുന്നു. ഇറങ്ങാൻ മടിച്ച ഞാനാണ് ഇപ്പോൾ അവിടെ നിന്നും കയറാൻ മടിക്കുന്നത്.

ആദൃമായാണ് ഒരു ക്ഷേത്രത്തിൽ പോയി ശിവലിംഗം തൊട്ടു തൊഴുതു പ്രാർത്ഥിക്കുന്നത്. എന്തെക്കെയോ പോസിറ്റീവ് എനർജി നമ്മളിലേക്ക് പ്രവഹിക്കുന്നതു പോലെ. ഞാൻ നോക്കിയപ്പോൾ ഒരു വിദേശ വനിതാ ശിവലിംഗത്തില് കെട്ടിപ്പിടിച്ചു വെള്ളത്തിൽ പൊങ്ങി കിടന്നു പ്രാർത്ഥിക്കുന്നു. ഞാനും അതേ പോലെ ചെയ്തു. ആ സമയത്തേ അനുഭവം പറഞ്ഞറിയിക്കാൻ പറ്റില്ലാ, അനുഭവിച്ച് തന്നെ അറിയണം. ഞാൻ ശിവലിംഗത്തില് രണ്ട് കൈ കൊണ്ട് കെട്ടിപ്പിടിച്ചപ്പോൾ കാലുകൾ വെള്ളത്തിൽ നിന്നും ഉയർന്നു ഒരു പൊങ്ങ് തടി കിടക്കുന്ന പോലെയായി നമ്മുടെ ശരീരം. എല്ലാം മറന്നു ഭഗവാനും ഞാനും മാത്രം. എല്ലാം സമർപ്പിച്ചു ഒന്നും ആവശൃപ്പെടാതേ എന്റെ ഭഗവാനില് എല്ലാം അർപ്പിച്ചു ഒരു രണ്ട് മിനിറ്റ്.

വീണ്ടും വെള്ളം പതിക്കുന്നയിടത്ത് പോയി നിന്നു. അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകുറ്റങ്ങൾ എല്ലാം ഒഴുകി പോകുന്ന അനുഭൂതി. അവിടെ നിന്നും കയറി നേരെ ഡ്രസ് മാറാനായി പോയി. നമ്മുടെ ഡ്രസ്സ് ധരിച്ച് നേരെ ലിംഗഭൈരവി ദേവിയുടെ അടുത്തേക്ക്. പോകുന്ന വഴിയിലെല്ലാം എല്ലാ മതക്കാരുടെയും ചിഹ്നങ്ങളും ചിത്രങ്ങളും ഒറ്റക്കല്ലില് കൊത്തിയിരിക്കുന്നത് കാണാം. ലിംഗഭൈരവി ക്ഷേത്രത്തിൽ പൂജ ചെയ്യുന്നത് ഒരു സ്ത്രീയാണ്. അവിടെ തൊഴുതു നേരെ ധൃാനലിംഗ മെഡിറ്റേഷൻ സെന്ററിലേക്ക്. അവിടെ ഒരാൾക്ക് പതിനഞ്ച് മിനിറ്റ് സമയം അനുവദിക്കും. ആവശൃമുള്ളവർക്ക് അതില് കൂടുതൽ സമയം ഇരിക്കാം.

ഒരു വലിയ ഗുഹയിൽ പ്രേവേശിക്കുന്ന പോലെ തോന്നും. ഒരു മുട്ടുസൂചി താഴെ വീണാൽ കേൾക്കാവുന്ന നിശബ്ദത. ശബ്ദം ഉണ്ടാക്കാതെ നമുക്കും ധൃാനത്തിലേക്ക് കടക്കാം. ഞങ്ങൾ ചെന്നത് ആരാധന ടൈമിലായിരുന്നു. 5.50 നും 6.30 നും ഇടയ്ക്കുള്ള ടൈമില് ആരാധനയില് നമുക്കു പങ്കു ചേരാം. തികച്ചും വൃതൃസ്ഥമായ ഒരു അനുഭൂതിയാണ് ആ സമയം കിട്ടുക. ഓരോ സ്ഥലങ്ങളും പിന്നീടുമ്പോഴും മനസ്സ് ശാന്തമായി മാറി ഒരു പ്രത്യേക തലത്തിലേക്ക് എത്തുന്നതായി അനുഭവപ്പെടും. ആ വിധത്തിലാണ് അവിടുത്തെ ഓരോ കെട്ടിടങ്ങളും സ്ഥലങ്ങളും ഒരുക്കിയിരിക്കുന്നത്. എന്തായാലും എല്ലാവരും ഒന്ന് പോകണം കേട്ടോ..

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.