വിവരണം – Jamshid Puthiyedath.

മത്സരമാണ് മത്സരം… മനസ്സിലെ മത്സരം… ഈ മത്സരം പലപ്പോഴായി നടക്കുന്നു. ആഴ്ചയിലൊരിക്കൽ ബീച്ചും മലകളായ മലകളും തമ്മിൽ. കാപ്പാടോ ബേപ്പൂരോ ഇനി “അമ്മളെ ബീച്ചിലോ” പോവാത്ത ഒരാഴ്ച്ച ഉണ്ടെങ്കിൽ അത് മറ്റൊന്നും കൊണ്ടാവില്ല, അത്തവണ കക്കയത്തോ കാരിയാത്തുംപാറയിലോ വയലടയിലോ പെരുവണ്ണാമൂഴിയിലോ തുഷാരഗിരിയിലോ കക്കാടംപൊയിലിലോ ഒക്കെ ആവാം. ആ ആഴ്ചത്തെ മത്സരത്തിൽ മലകൾ ജയിച്ചൂന്നർത്ഥം.

അടുത്ത മത്‌സരം മാസത്തിലൊരിക്കൽ , അതിൽ മിക്കവാറും ജയിക്കുന്ന ആളാണ് വയനാട്. അതിരപ്പള്ളിയും കൊച്ചിയുമൊക്കെയാണ് അവിടത്തെ മറ്റ്‌ മത്സരാർത്ഥികൾ.  എന്തോ, ആ ചുരമൊന്നു കയറി കുറച്ചു കോടയൊക്കെ കണ്ടാൽ കിട്ടുന്ന ഒരു സുഖം, കുറവെങ്കിലും ആ തണുപ്പത്ത് കുടിക്കുന്ന കടുപ്പം കുറഞ്ഞ ആ സുലൈമാനിയുടെ രുചി, മടക്കയാത്രയിൽ നാലാം വളവിലെ “കാടമുട്ട ജംഗ്ഷനിൽ ” നിന്നും കിട്ടുന്ന മുളകുപുരട്ടിയ കാടമുട്ടയുടെ സ്വാദ്. ഇതൊക്കെ മനസ്സിലിങ്ങനെ വരുമ്പോൾ പിന്നെന്തിനു വെറുതേ തെക്കോട്ടു പിടിപ്പിക്കണമെന്നു തോന്നും.

അടുത്തത് മൂന്നു മാസത്തിലൊരിക്കലാണ് നടക്കാറ്. ഞങ്ങൾ മലബാറുകാർക്ക് ടൂറിസം മാപ്പിലെ തറവാടായ ഊട്ടിയിൽ പോയി കരണവന്മാരായ ബൊട്ടാണിക്കലിനെയും ലേക്നേയും സൂയിസൈഡ് പോയിന്റിനെയുമൊക്കെ ഇടക്ക് കാണണമെന്നതിനാൽ മറ്റിടങ്ങളിൽ പോവാൻ തീരുമാനിച്ചുറച്ചതാണേലും ഒടുക്കം തറവാട്ടിൽ തന്നെ ചെന്നെത്തും. ഈ ഊട്ടിയുമായി ഏറ്റവും കൂടുതൽ മത്സരിച്ചിട്ടുള്ളയാളാണ് മൈസൂർ.

കാണാൻ എന്തുണ്ടെന്ന് ചോദിച്ചാൽ, ഒരു ട്രെയിൻ യാത്രയും, അല്പം ഷോപ്പിങ്ങും ചില ചില്ലറ താല്പര്യങ്ങളും എന്ന ഉത്തരത്തിൽ നിർത്തി മത്സരത്തിനിറങ്ങുന്നയാളാണ് കോവൈ എന്ന കോയിമ്പത്തൂരും. ഇത്തവണ മത്സരിക്കാൻ ഒരാൾ കൂടി വന്നു. “ഹെഗ്ഗഡദേവനക്കോട്ട” എന്ന “HD Kotta “. എനിക്കു വലിയ പരിചയമില്ലെങ്കിലും ചങ്ക്‌സ്, ഞാൻ നാട്ടിൽ ഇല്ലാത്തപ്പോൾ ഈയടുത്തായി തിരഞ്ഞെടുത്തിരുന്ന സ്ഥലവും റൂട്ടുമായിരുന്നു ഇതൊക്കെ. കാഴ്ചകൾ അല്പം വനവും ഗ്രാമഭംഗിയുമൊക്കെത്തന്നെ.

താമരശ്ശേരി ചുരം കയറി പഴയ വൈത്തിരിയിലെ, ഞങ്ങൾ “അറപ്പീഡിയന്സിന്റെ” സ്ഥിരം പള്ളിയിൽ കയറുമ്പോൾ സമയം കാലത്ത് ആറോട് അടുക്കുന്നുണ്ടായിരുന്നുവേയുള്ളൂ. ഞങ്ങളുടെ വഴികാട്ടി “MT റാൻ”ഒക്കെ ഏറ്റവും കൂടുതൽ ഉൾവശം കണ്ട പള്ളിയും അതുതന്നെയാവണം. ചുരം മുതൽ 50കിലോമീറ്ററോളമുള്ള മാനന്തവാടി വരെ, PWD കോൺട്രാക്ടറെയും കുടുംബത്തെയും സ്മരിച്ചുകൊണ്ടുള്ള ഒന്നരമണിക്കൂറോളമെടുത്ത യാത്രയിൽ മറ്റ് രമണീയതകളെല്ലാം മറച്ചുകൊണ്ട്, എന്നെ കണ്ട് ആസ്വദിച്ചാൽ മതിയെന്നും പറഞ്ഞ് കോട ഞങ്ങളോടൊപ്പം തന്നെ ഉണ്ടായിരുന്നു.

കാട്ടിക്കുളം കഴിഞ്ഞതും “ഇത് ഞങ്ങളുടെ ഏരിയ ” എന്നും പറഞ്ഞ് ഒരു കൊമ്പനും ഒരു പിടിയും ഒരു കുഞ്ഞനും തങ്ങളുടെ ഗോഷ്ടികൾ കാട്ടി റോഡിനടുത്തായി നിലയുറപ്പിച്ചിരുന്നു. ആനച്ചന്തം , ആനന്ദചന്തം ആയതുകൊണ്ടും , കുറച്ചുനാളായി നേരിട്ട് കണ്ടിട്ട് എന്നുള്ളതുകൊണ്ടും വണ്ടിയൊതുക്കി ഞങ്ങൾ അവരുടെ ചെയ്തികൾ വീക്ഷിച്ചു. പിന്നീട് ബാവലിയിൽ എത്തിയപ്പോൾ കണ്ട കാഴ്ച ഞങ്ങളെ നല്ല വിശപ്പിന് ഉടമസ്ഥരാക്കി. കുഞ്ഞു “പൂരിയും” “പത്തലും” ലൈവ് ആയിട്ട് ആ കടയുടെ ഉമ്മറത്ത് വച്ച് പൊരിച്ചെടുക്കുന്നു. ഞങ്ങൾ നാലാൾ നാപ്പതുപേര് തിന്നപോലെ തിന്നത് ആ കടക്കാരനെ കടക്കാരനല്ലാതാക്കിക്കാണും. അന്ന് മൂപ്പർക്ക് കടം വല്ലതും വീട്ടാനുണ്ടായിരുന്നെങ്കിൽ ഞങ്ങൾ കൊടുത്ത കാശുകൊണ്ട് തീർത്തുകാണും.

ബാവലിയിലെ ചെക്ക്പോസ്റ്റ് കഴിഞ്ഞു കർണാടകയിലേക്ക് കയറിയതും രാജീവ് ഗാന്ധി നാഷണൽ പാർക്കിലേക്കാണ് പ്രവേശിച്ചത്. പിന്നീട് മാനും മയിലും “സംക്രാന്തിയില്ലാത്ത” കാട്ടുകോഴിയും വഴിയോരത്തങ്ങുമിങ്ങും “ഞങ്ങളുടെ സൗന്ദര്യമാസ്വദിക്കാൻ വേണ്ടി” കാത്തു നിൽപ്പുണ്ടായിരുന്നു. കര്ണാടകയിലെത്തിയാൽ സമൃദ്ധമാവുന്ന “കബനിയെ ” ഒന്നടുത്തു കാണുകയെന്നതായിരുന്നു ആദ്യ ലക്‌ഷ്യം. കാട് കഴിഞ്ഞു കൃഷിയിടങ്ങൾക്കിടയിലൂടെ നല്ല റോഡിലൂടെയായിരുന്നു യാത്ര.

മാപ്പിൽ കാണുന്നപോലെ വളരെക്കുറഞ്ഞ ദൂരത്തിൽ വലതു ദിശയിലാണു കബനീനദി എന്ന് ഞങ്ങൾക്ക് മനസ്സിലായെങ്കിലും, വല്ല കോളനി മുറ്റത്തുമെത്തി കന്നടയിൽ സോറി എന്ന വാക്ക് നോക്കാൻ ട്രാൻസ്ലേറ്റർ ഓണായിക്കിട്ടാൻ സമയമെടുക്കുമെന്നുള്ള തിരിച്ചറിവ്, വഴി ചോദിയ്ക്കാൻ ഏറ്റവും നല്ല മാർഗ്ഗം ആംഗ്യഭാഷ തന്നെയെന്ന അനുഭവജ്ഞാനത്തെ പുറത്തെടുക്കാൻ കാരണമായി. കബനിയോടടുക്കുന്നുവെന്ന തോന്നൽ ഉണ്ടാക്കുന്ന വഴികളിലൂടെ ഞങ്ങളുടെ Wagon R ചലിപ്പിക്കപ്പെട്ടു, ഞങ്ങളും പെട്ടു. കാരണം ഓരോ വഴിയും ചെന്നവസാനിക്കുന്നത് കുബേരന്മാരെ മാത്രം കാത്തിരിക്കുന്ന റിസോർട്ടുകളുടെ ഗേറ്റ്ലാണ്.

ഒരു റിസോർട്ടിന്റെ പുറത്തെ പാർക്കിങ്ങിൽ കാർ പാർക്ക് ചെയ്ത് ഉഴുതുമറിച്ച് കൃഷിക്കൊരുക്കിവച്ച ഒരു ‘കണ്ടത്തിലൂടെ’ നടന്ന് ഞങ്ങൾ കബനീ തീരത്തെത്തി. പക്ഷെ ഓളവും തീരവുമൊക്കെ നല്ല ഒന്നാന്തരം വേലികെട്ടി “മാഫിയ”എന്ന ഓമനപ്പേരിൽ നമ്മൾ വിളിക്കാറുള്ളവർ സ്വകാര്യവത്കരിച്ചിരിക്കുന്നു. തീരത്തായി റിസോർട്ടിലെ ഇരിപ്പിടങ്ങളും ഓളത്തിലൂടെ അവരുടെ ബോട്ട് സെർവിസും. കബനി കർണാടകയിൽ സമൃദ്ധി പ്രാപിച്ചു കിടക്കുകയാണെന്ന് ഉറപ്പുവരുത്തി ഞങ്ങൾ ആ പൊന്നുവിളയുന്ന മണ്ണുള്ള കണ്ടത്തിലൂടെ കാറിനടുത്തേക്ക് നടന്നു.

നഗർഹൊളെ വനമേഖലയിലെ ‘അന്തർസത്തെ’ ഗേറ്റ് വഴി ഉൾക്കാട്ടിൽ പ്രവേശിക്കുകയെന്നതായിരുന്നു അപ്പോഴത്തെ ഉദ്ദേശം. കുറച്ചുകൂടി ഗ്രാമവീഥികളിലൂടെയൊക്കെ സഞ്ചരിച്ച് ഞങ്ങൾ കാടിനോടടുത്തു. GPS കാണിക്കുന്ന പല കാട്ടുവഴികളും സംരക്ഷണത്തിന്റെ ഭാഗമായി കർണാടക ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് അടച്ചിരുന്നു. അവയിൽ പലതും കാടിന്റെ ഒത്ത നടുവിലൂടെയുള്ള വഴികളായിരുന്നു.

പിന്നീട് ഹെഗ്ഗഡഡാവനക്കോട്ട ലക്‌ഷ്യം വച്ചുള്ള പോക്ക്, “താരക ഡാം ” എന്ന ബോർഡ് കണ്ടപ്പോൾ വീണ്ടും ആംഗ്യത്തെ കൊണ്ടുവരാം എന്ന തീരുമാനത്തിലെത്തിച്ചു. “അയ്‌ദു അയ്ദു” ന്ന് പറഞ്ഞത് മൂപ്പർക്ക് ഒറ്റത്തവണ “ഹത്തു”ന്നോ , അതല്ലെങ്കിൽ ഞങ്ങൾ ചോദിച്ച ഭാഷയിൽ, ആ വിരലുകൾ ഉപയോഗപ്പെടുത്തിയോ മറുപടി പറയാമായിരുന്നൂവെന്ന് ആ പാവം കന്നഡഹുഡുഗനെ ലക്ഷ്യത്തിൽ എത്തും വരെ സ്മരിച്ച ഞങ്ങൾ കുറ്റപ്പെടുത്തി.

കൌണ്ടർ ഒക്കെയുണ്ടെങ്കിലും ടിക്കറ്റ് വേണ്ടാത്ത ആ ഡാം റിസെർവോയർ നിറയെ വെള്ളമുണ്ടായിരുന്നു. ആഴം നല്ലപോലെയുള്ള റിസെർവോയർ. ഒരു ബൈനോക്കുലർ ഇല്ലാതെ പോയല്ലോ എന്ന എന്റെയും “MT റാന്റെയും ” സംസാരം കേട്ട് വളരെ കൊതിയോടെയാണ് സാരഥിയായ ഞങ്ങളിലെ മൂന്നാമത്തെയാൾ ഓടി വന്നത്. ആ റിസെർവോയറിന്റെ മറുഭാഗം കാടാണ്. പല വന്യമൃഗങ്ങളും ഇറങ്ങിയും കയറിയും കുടിച്ചും കളിച്ചും കുളിച്ചും പോവുന്നത് നോക്കാൻ പറഞ്ഞ മൂന്നാമൻ “ശ്ശെ കൊതിപ്പിച്ച് ” എന്ന മറുപടിയുമായിട്ടു സെല്ഫിയെടുക്കാനോടുകയാണുണ്ടായത്.

അല്പനേരത്തെ സൗന്ദര്യാസ്വാദനത്തിനു ശേഷം “താരക ഡാമിനോട്” വിട പറഞ്ഞു. അടുത്തുള്ള അമ്പലങ്ങളിലെല്ലാം ഗോക്കൾക്കായുള്ള എന്തോ ഒരു പ്രത്യേക പൂജ നടക്കുന്നുണ്ടായിരുന്നതിനാൽ വഴികൾ നീളെ ഗോക്കളും അവരുടെ ഉടമസ്ഥരുമായിരുന്നു. പിന്നെ കൂളിംഗ് ഗ്ലാസ് വച്ച് വായ്നോട്ടകലയിൽ ഏർപ്പെട്ട പുനീത് രാജ്‌കുമാറിന്റെ കടുംകട്ടി ആരാധകരും. ഈ യാത്രയുടെ ഉദ്ദേശം സാധൂകരിക്കുന്ന കാഴ്ചകൾ, ഗ്രാമക്കാഴ്ചകൾ തന്നെയായിരുന്നു HD കോട്ട എന്ന കൊച്ചു നഗരം വരെ .

വിശപ്പിന്റെ ഉൾവിളികൾ മൂലം പഴവും ബിസ്കറ്റും വാങ്ങിയ കട ഒരു സൂപ്പെർമാർക്കറ്റുപോലെ തോന്നിയതിനാൽ ചുമ്മാ ബോർഡ് ഒന്നു നോക്കി. ഒരു ഗവണ്മെന്റ് ആശുപത്രിയോട് ചേർന്ന, പലഹാരങ്ങൾ വരെ നിറഞ്ഞ ആ കട ഒരു മെഡിക്കൽ സ്റ്റോർ ആയിരുന്നുവെന്നത്, ആ ബോർഡ് വീണ്ടും വീണ്ടും വായിക്കാൻ ഞങ്ങളെ നിര്ബന്ധിതരാക്കി.

ഒരുപാട് നേരത്തെ ചുറ്റലിനു ശേഷം കൊടുങ്കാട്ടിൽക്കൂടിത്തന്നെയുള്ള ഒരു വഴി കണ്ടു. ചെക്ക്പോസ്റ്റ് അടച്ചിരുന്നുവെങ്കിലും ചേർന്നുള്ള കൗണ്ടറിൽ ആളുണ്ടായിരുന്നു. കൂട്ടത്തിലെ പോലീസുകാരനെത്തന്നെ കൗണ്ടറിലേക്ക് വിട്ടിട്ടു ഞങ്ങൾ കാത്തിരുന്നു. കാശൊന്നും കൊടുക്കാതെ ഒരു സ്ലിപ്പ്‌ തന്നുവിട്ടു. മാന്യതയുടെ പര്യായങ്ങളായ ഞങ്ങളെ കണ്ടപ്പോൾ ചെക്കിങ്ങിന്റെ കാര്യം ആ ഓഫീസർ മറന്നുപോയെന്നു തോന്നി.

ഹുൻസൂർ ഫോറെസ്റ്റ് ഡിവിഷന്റെ കീഴിലുള്ള രാജീവ് ഗാന്ധി നാഷണൽ പാർക്കിന്റെ തന്നെ ഭാഗമായ നാഗർഹൊളെ ഫോറെസ്റ്റ് റേഞ്ചിന്റെ കല്ഹാട്ടി ഗേറ്റ് മുതൽ നന്നാച്ചി ഗേറ്റ് വരെയുള്ള ഏകദേശം 25 കിലോമീറ്ററോളമുള്ള വഴി പാസ്സ് ചെയ്യാൻ അനുവദിക്കപ്പെട്ടിരുന്ന ഒരു മണിക്കൂറെന്ന സമയം ധാരാളമെന്നു തോന്നിയ ഞങ്ങൾക്ക്, മുൻപോട്ട് പോവുന്തോറും ഊരാളുങ്കൽ കമ്പനിയെ (ULCCS, മലബാറിലെ ഏറ്റവും പ്രശസ്തരായ റോഡ് -പാലം കോൺട്രാക്ടിങ് സൊസൈറ്റി ആണ്) ഓർക്കാതിരിക്കാനായില്ല. ആ കാട്ടിൽ റോഡ് ഉണ്ടാക്കിയവരെയും പിന്നീട് വര്ഷങ്ങളിട്ടും ഒരു ടാറിന്റെ വീപ്പ പോലും അതുവഴി കൊണ്ടുവരാത്തവരെയും ഒപ്പത്തിനൊപ്പം പഴിച്ചു.

അതുവഴിയുള്ള ഞങ്ങളുടെ യാത്രാ സമയം ഉച്ചയായിരുന്നതിനാൽ മൃഗങ്ങളൊക്കെ വീട്ടിൽ കിടന്നുറങ്ങുകയായിരിക്കുമെന്നു ആശാൻ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. അതു പറഞ്ഞ ആശാൻ തന്നെ കുറച്ചു കഴിഞ്ഞതും വണ്ടി നിർത്താൻ പറഞ്ഞു. വണ്ടി നിർത്താൻ പറയാൻ കാരണമായിക്കണ്ടത്, ആ കാട്ടിലെ “പുലിയായ ” കടുവയല്ല, എന്നെങ്ങാണ്ടോ കടപുഴകി വീണ ഒരു മരത്തിന്റെ ബാക്കിഭാഗമാണതെന്നു തിരിച്ചറിയാൻ കുറച്ചേറെ കോപ്രായങ്ങൾ വേണ്ടി വന്നു. ആ കോപ്രായങ്ങളൊന്നും എവിടെയൊക്കെയോ സ്ഥാപിക്കപ്പെട്ടിട്ടുള്ള CCTV യിൽ പെടാതിരുന്നതുകൊണ്ട് തല്ക്കാലം കാശും സമയോം പോവാതെ നന്നാച്ചി ഗേറ്റ്ൽ നിന്നും എളുപ്പത്തിൽ പുറത്തുകടക്കാനായി.

ഒരു ജംഗിൾ സഫാരി ആവാമെന്നതായിരുന്നു അടുത്ത തീരുമാനം. 2 മണിയോടടുത്തിരുന്നു സമയം. 2.30നായിരുന്നു അടുത്ത ഘട്ടം സഫാരി തുടങ്ങുക. ടിക്കറ്റ് കൗണ്ടറിനു മുൻപിൽ കണ്ടവരിൽ കൂടുതലും നോർത്തിന്ത്യക്കാരായിരുന്നു. ആ അരമണിക്കൂറിനുള്ളിൽ ഞങ്ങൾക്കെന്തോ മനംമാറ്റമുണ്ടായതിനാൽ (budget trip ഡാ 🤪🤪) കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി അവിടം വിടാനൊരുങ്ങി. ജംഗിൾ സഫാരിയുള്ള നാഗർഹൊളെ വനത്തിന്റെ നന്നാച്ചി ഗേറ്റ് സ്ഥിതിചെയ്യുന്നത് കർണാടകയിലെ കുടക് ജില്ലയുടെ ഭാഗമായ “കുട്ട”യിലാണ്. കാലത്ത് 6 മണി മുതൽ രണ്ടു മണിക്കൂറും ഉച്ചയ്ക്ക് ശേഷം 2.30 മുതൽ ഒന്നര മണിക്കൂറും മാത്രമാണ് 350 രൂപാ ടിക്കറ്റ് ഉള്ള അവിടത്തെ സഫാരി ടൈമിംഗ്. കാടിന്റെ ഒത്ത നടുക്കുള്ള ദൊമ്മനകട്ടെ ഗേറ്റിൽ സഫാരി ചാർജ്‌ 500 എന്ന് എഴുതിയും കണ്ടിരുന്നു. ഓരോയിടത്തെയും സഫാരി ടൈമുകളിലും മാറ്റമുണ്ട്. അതിനനുസരിച്ച് മൃഗങ്ങളെ കൂടുതലായി കാണപ്പെട്ടേക്കാം.

സീസൺ കഴിഞ്ഞതിനാൽ കുടകെന്ന ഓറഞ്ചിന്റെ നാട്ടിലെ ഓറഞ്ചിന്റെ വില താങ്ങാവുന്നതിനപ്പുറമായിരുന്നു. കേരളത്തിന്റെ വനമേഖലയായ തോൽപെട്ടിയും കഴിഞ്ഞു തിരുനെല്ലി ജംഗ്ഷനിൽ എത്തി (തെറ്റ്‌ റോഡ്). സഞ്ചാരിയിലൂടെ അറിഞ്ഞ ഉണ്ണിയപ്പക്കടയിൽ നിന്നും സാമ്പിൾ വാങ്ങി രുചിച്ചു നോക്കിയതുകൊണ്ട് അതിനും കാശ് മുടക്കേണ്ടെന്നു തോന്നി. അതിലും രുചിയുള്ള ഉണ്ണിയപ്പം “ഞമ്മളെ വീട്ടിൽ കിട്ടൂല്ലോ”ന്ന് , അവിടെ തിരക്കായതോണ്ട് മൂപ്പരോട് പറയാനൊത്തില്ല. വഴിയിലെവിടെയൊക്കെയോ നിർത്തി എന്തൊക്കെയോ കഴിച്ചു, ചെറിയൊരു കർണാടക യാത്ര ഭംഗിയായിക്കഴിഞ്ഞു, രാത്രി 7 മണിയോടെ വീടണഞ്ഞു. ആയിരമുണ്ടായിരുന്ന പഴ്സിൽ 500 ന്റെ ഒരു ഗാന്ധി ബാക്കിയും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.