വിവരണം – Rashid Peringaden.

ഒരു യാത്ര അത്യാവശ്യമായിരുന്ന നേരം . എങ്ങോട്ട് പോകണമെന്ന് ചിന്തയിൽ രണ്ട് ദിവസം നീണ്ടു നിവർന്ന് പോയി. രണ്ടും കൽപ്പിച്ച് gateway ഓഫ് ഇന്ത്യയിലേക്ക് കയറി. മുബൈ നഗരത്തോടുള്ള ഇഷ്ടം പണ്ട് മുതലേ തുടങ്ങിയതാണ് .അതിൽ നിനാണ് വീണ്ടും അവിടേക്ക് തന്നെ വെച്ചു കാച്ചിയത്. മുബൈയിലെ പകലുകൾ പുതിയ വഴികൾ കാണിച്ച് തരുമെന്ന് മനസ്സ് പറഞ്ഞിരുന്നു. മുബൈയിലെ തെരുവോരങ്ങലിലൂടെയും നഗരത്തിന്റെ കൃതിമമായ മോടിയിലൂടെയും ഒരു ദിവസം വേഗതയിൽ നടന്നു നീങ്ങി. ആ നടത്തത്തിലോ ഫേസ്‌ബുക്ക് സ്ക്രോളിലോ സ്പിറ്റി വാലി എന്ന പ്രപഞ്ചത്തിലെ അത്ഭുത താഴ്വാരത്തെ പറ്റി അറിയുന്നതും കേൾക്കുന്നതും .

സ്ക്രോളിങ് മനസ്സിനെ വല്ലാതെ മോഹിപ്പിച്ചു. ഹിമാലയൻ തപസ്സ് എന്നൊക്കെ പറയും പോലെ ആ താഴ് വാരത്തേക്ക് എത്തണം .മനസ്സിനെ വീണ്ടും പൂർണ്ണമായ നിശബ്ധതയിലേക്കും ഗഹനമായ അറിവിന്റെ യാത്രയിലേക്കു മാറാൻ മുബൈയിൽ നിന്ന് ചണ്ഡീഗഢ് ലേക്ക് ട്രെയിൻ മാർഗം യാത്ര തുടർന്നു.ഒരു ലക്ഷ്യമാത്രം സ്പിറ്റി വാലി . മുഴുവൻ ആലോചനകൾ സ്പിറ്റി വാലീയുടെ ഭംഗിയെയും അതിന്റെ വശ്യതയെയും കുറിച്ചതായിരുന്നു. കയ്യിലുണ്ടായിരുന്ന ഡയറിയിൽ മൊത്തമായി ഓരോന്നും കുറിച്ച് വെക്കുന്നുണ്ടായിരുന്നു. അവിടെ എത്തിയാൽ എന്തൊക്കെ ചെയ്യണമെന്നും . ആവശ്യമായ നമ്പറും മറ്റും ഡയറിയിൽ കുറിച്ചിട്ടു. മൊബൈൽ range ഒന്നുമില്ലാത്ത, ആരും ആരെയും ശല്യപ്പെടുത്തുന്ന സമയക്രമങ്ങളോ മനുഷ്യ സംവിധാനങ്ങളോ അധീനപ്പെടുതാത്ത ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം എന്ന് നമുക്ക് പറയാവുന്നിടം.

സ്പിറ്റിയിലേക്ക് ഇനിയും ഒരു ബസ് ദൂരം ബാക്കി ഉണ്ട്. ചണ്ഡീഗഢ്ൽ എത്തിയ ഉടനെ നേരെ ടാസ്‌കി പിടിച്ചു ബസ് സാന്റിലേക്ക്. അവിടെ എന്നെ കാത്ത് നിൽക്കുന്നത് പോലെ ഹിമാച്ചൽ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസ് റിക്കോണ് പിയോ യിലേക്ക് ഗിയറുമിട്ടി രിക്കുകയാണ് . കഴിഞ്ഞ വർഷം ചണ്ഡീഗഢ് കറങ്ങിയത് കൊണ്ട് തന്നെ ഓർമ്മകളിലൂടെ ഒന്ന് പോയി നോക്കിയെന്നു മാത്രം .

ബസ്സിലേക്ക് എടുത്ത് കയറി സീറ്റ് സ്വന്തമാക്കി ഒരു ഉറക്കത്തതിന് സജ്ജമായി , പക്ഷെ അങ്ങനെ പാടില്ലല്ലോ ,ഓരോ കാഴ്ചകളും പുതിയ അനുഭവങ്ങൾ നൽകാൻ തയ്യ്യാറായി നിൽക്കേണ്ടേ . വല്ലാത്ത അനുഭവങ്ങളായിരുന്നു ആ രാത്രി യാത്ര മുഴുവനും, ഉറക്കം പോയിട്ട് കണ്ണ് പോലും ഒന്ന് ചിമ്മാൻ കഴിഞ്ഞിരുന്നില്ല. തലക്ക് മുകളിലും താഴെയും അഗാധമായ ഗർത്തങ്ങൾ മാത്രം,പടച്ചതമ്പുരാന് മാത്രമേ അറിയാവൂ എങ്ങനെയാണ് ഈ പൊട്ടി പൊളിഞ്ഞ് വീഴാനായി നിൽക്കുന്ന മലകൾക്കിടയിലൂടെ തുരങ്കം വഴി എന്നെയും കൊണ്ട് ഈ ബാസ്സ് പോകുന്നത് എന്ന്. പടച്ചോനെ എന്ന വിളിച്ചു പ്രാര്തഥനയിലും പേടിപ്പിക്കുന്ന കാഴ്ച്ചയിലും മുഴുകാതെ മുഴുകിയിരുന്നു. ഉറങ്ങാതെ പേടി സ്വപ്നം കണ്ട് ഷിംല വഴി റിക്കോൺ പിയോയിൽ ഹിമാച്ചലിന്റെ സ്വന്തം കെ.എസ് ആർ ടി സി എത്തി ചേർന്നു . വീണ്ടും യാത്ര , വിശ്രമിക്കാൻ സമയമില്ല.

റിക്കോൺ പിയോയിൽ നിന്നും രാവിലെ തന്നെ ഉള്ള ബസിൽ കയറി ബാസ്‌പാ നദിയുടെ ഓരം ചേർന്ന് ചിത്കുലിലേക്ക് ഇന്ത്യയുടെ അവസാന ഗ്രാമം എന്നറിയപ്പെടുന്ന ചിത്കുൽ , ചൈനയുമായി അടുത്ത് നിൽക്കുന്ന ഹരിതാഭമായ സുന്ദരിയാണ് !ബോളിവുഡ് സിനിമാ പാട്ടുകളുടെ ഇഷ്ട സ്ഥലങ്ങളിൽ ഒന്നായ ചിത്കുളിൽ നദിക്കരയിലെ ടെന്റിലുള്ള താമസമാണ് ഇനിയുള്ള ലക്‌ഷ്യം . കുറഞ്ഞ ചിലവിന് ഒരു tent ഒപ്പിച്ചു. അനുഭവങ്ങൾ തീർത്ത ഒരു രാവിനെ സ്വന്തമാക്കി ചിറ്റ്കുലിൽ.

ചിത്ക്കുളിൽ നിന്ന് അടുത്ത ഗ്രാമങ്ങളിലേക്ക് രാപാർക്കാൻ നേരമായി , മനസ്സിന് പതുക്കെ തെളിമയാർന്ന മുഖം നൽകാൻ ഇവിടുത്തെ ആകാശത്തിന് പ്രത്യേക കഴിവുണ്ട്. ഒരു ദിവസം ഒരു ബസ് മാത്രമുള്ള റൂട്ടിലൂടെയാണ് ഇന്നത്തെ യാത്ര എന്നുള്ളത് കൊണ്ട് തന്നെ സമയത്തിന്റെ വില നല്ലോണം മനസിലാക്കാൻ കഴിയും. മനസിലായിട്ട് കാര്യമില്ലല്ലോ , കാര്യങ്ങൾ മുറക്ക് പോലെ നടന്നില്ലെങ്കിൽ ഹിച്ച്ഹൈക്കിംഗ് തന്നെ രക്ഷ. നമ്മുടെ നാട്ടിൽ ലിഫ്റ്റ് ചോദിച്ചുള്ള പരിചയം , ഇവിടെ ഭാഷയും ദേശവും കടന്ന് ഹൃദയം കൊണ്ട് സംസാരിക്കുമ്പോൾ ഹിച്ച്ഹൈക്കിംഗ് എല്ലാം എളുപ്പമായി തീരുന്നു.

നമ്മുടെ ജീവിതത്തിലെ ഓരോ മുഖങ്ങളും കണ്ടുമുട്ടന്നതിന് പിന്നിൽ ലോകത്തിന്റെ തന്നെ രഹസ്യമുണ്ടെന്നാണ് ആൽക്കമിസ്റ് പറയുന്നത്. ഒരു അർത്ഥത്തിൽ ശരിയാണ്. നിയതാവ് എല്ലാം തീരുമാനിച്ചു ഉറപ്പിച്ച പോലെ എല്ലാം സംഭവിക്കും അതിലേക്ക് നാം വന്നു ചേരുന്നു. അങ്ങനെ നമ്മുടെ ജീവിതത്തെ ഓരോ നിമിഷങ്ങളായി അനുഭവിക്കുകയും ആസ്വാദിക്കുകയും തിരിച്ചറിവിന്റെ പാതയിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്നു.

ചെറിയൊരു ഭയം ഉള്ളിൽ ഉണ്ടെങ്കിലും കണ്ട വണ്ടികൾക്ക് എല്ലാം കൈ കാണിച്ചു , അങ്ങനെ സംഗ്ല വരെ ഒരു പിക്കപ്പിൽ ഫ്രീ റൈഡ് നടത്തി .അവിടെ നിന്ന് ഹിച്ച് ഹൈക്കിംഗ് കർച്ചിൻ പാസ്സ് വരെയും തുടർന്നു . പിന്നെ മലനിരകൾക്കിടയിലൂടെ കൽപയിലേക്ക് പബ്ലിക് ബസിൽ യാത്ര.

റോഗിയിലേക്ക് , വീണ്ടും ഒരു ഹിച്ച്ഹയ്ക്കിങ് നിന്ന് സാധ്യത, സാധ്യതയെ നാം തള്ളികളയുവാൻ പാടില്ലല്ലോ, അവസാനം ഒരു ഫാമിലി കാർ എനിക്ക് മുമ്പിൽ നിർത്തി തന്നു. വികൃതിചെക്കനായ മോനും അമ്മയും , അവർക്ക് ഇതെല്ലാം നമ്മുടെ നാട്ടിലെ എക്സ്പ്രസ്സ് ഹൈവേ പോലെ ആണ് . സോറി നമ്മുടെ നാട്ടിൽ ഇല്ലല്ലോ , അങ്ങ് ബാംഗ്ലൂരെയിലെ ഹൈവേ പോലെ. ഡ്രൈവറായ മകൻ എന്തോ ഒന്ന് തീരുമാനിച്ചു ഉറപ്പിച്ചത് പോലെയാണ് അവന്റെ ഓട്ടം. എനിക്ക് ആകെ ബേജാറായി, പടച്ചോനെ കുടുങ്ങിയോ ? സംഗ്ല വരെ ഒരു പിക്കപ്പിലാണ് വന്നത്, അപ്പോൾ തോന്നാത്ത പേടി ഇപ്പോൾ ശരിക്കുമുണ്ട് .വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന കിന്നാർ കൈലാസമല നിരകൾക്കിടയിലൂടെ ഈ പഹയൻ ഓടിച്ചു നിർത്തിയത് ഒരു സൂയിസൈഡ് പോയിന്റിലേക്കാണ് . അതിന് അവനു കണക്കിന് അമ്മയുടെ കയ്യിൽ നിന്ന് കിട്ടി. എന്റെ ശ്വാസം കുറെയൊക്കെ പോയിരുന്നു. എന്തായാലും പടച്ചോനോടും അവനോടും നന്ദി പറഞ്ഞു പാതി വഴിക്ക് ഇറങ്ങി നടന്നു.

അഞ്ച് കിലോമീറ്റർ നടന്നു, കാൽ നടയാത്ര നമ്മെ കൂടുതൽ യാത്രയെ പ്രേരിപ്പിക്കുന്നതാണ് . ഒരു രക്ഷയുമില്ലാത്ത കാഴ്ച്ചകളും അനുഭവങ്ങളും ഇനിയും ഓർത്തിരിക്കാവുന്ന ഓർമ്മകളും സമ്മാനിക്കുമെന്നുറപ്പ്. കൂട്ടത്തെ പിന്തുടരുന്ന മറ്റൊരു ചെമ്മരിയാടിന്റെ കൂട്ടങ്ങൾ. ഓരോ നടത്തിനും ചുറ്റം സ്നേഹനിധികളായ അവിടുത്തെ ഗ്രാമവാസികളുടെ ആപ്പിൾ തോട്ടത്തിൽ കയറി അവരുടെ സ്നേഹത്താൽ പൂത്തുലഞ്ഞ് നിൽക്കുന്ന ആപ്പിൾകനികൾ നമുക്കു സ്വന്തമാക്കാം .പിന്നെയും ഒരുപാട് കാഴ്ച്ചകൾ നമ്മളെ പിന്തുടരും . ആ വഴികളിലൂടെ സഞ്ചരിക്കുക. ദൈവം നമുക്ക് ഒരുക്കിവെച്ചത് നാം അറിയാതെയും അനുഭവിക്കാതെയും പോവരുത്.

സ്പിറ്റി വാലിയിലൂടെ യാത്ര ചെയ്ത് കാസ യിലെത്താം . ദൈർഗ്യമേറിയ യാത്രയെ മുഷിപ്പിക്കാൻ യാത്രക്കാർ തയ്യാറായിരുന്നില്ല .രണ്ടു ഹിമാചൽ സ്ത്രീകൾ പാട്ടു പാടാൻ തുടങ്ങി ,അതു കേട്ട് കുറച്ചൂടെ ആളുകൾ ഒപ്പം കൂടി ,പിന്നെ കണ്ടക്ടറും ഡ്രൈവറും എല്ലാം പാടി ! വേറെ ഒരു ലെവലിൽ എത്തിച്ചു !,കാസ എത്തും വരെ ആഘോഷം !

ഭീതിജനകമായ പാറകൾ ഏതു നിമിഷവും അടർന്നു വീഴാവുന്ന റോഡിലൂടെ ,ചിലയിടങ്ങളിൽ അടർന്നു വീണ പാറകൾ ജെ സി ബി കൊണ്ട് മാറ്റി റോഡ് ക്ലിയർ ആകുന്നത് വരെയും അതു തുടർന്നു .ഏഷ്യയിലെ തന്നെ ഏറ്റവും അപകടകരമായ വഴിയിലൂടെ ആണ് നമ്മൾ സഞ്ചരിക്കുന്നതെന്ന് ഡ്രൈവർ പറഞ്ഞപ്പോൾ ഒന്നു നിശബ്ദമായെങ്കിലും കാസ എത്തും വരെ പാട്ട് തുടർന്നു. വിദേശികളും സ്വദേശികളുമായി വിവിധ ഭാഷകളും സംസ്കാരങ്ങളും വേഷ വിധാനങ്ങളുമായി ഹിമാലയൻ മലനിരകളിലൂടെ ആ ബസ് കാസ ലക്ഷ്യമാക്കി മുന്നോട്ട് പോയി !!

നാകോയിൽ നിന്ന് താബോയിലേക്ക് സത്ലജ് നദിയെ ആസ്വദിച്ചു പോവുമ്പോ മനസ്സും അപ്പോഴേക്ക് ശാന്തമായ ഒഴുക്ക് നദിയെ പോലെയായിരുന്നു. ധാരാളം കുടിവെള്ളം നമ്മളിലേക്കും ഒഴുക്കിവിടുന്നത് നന്നായിരിയ്ക്കും താബോയിലേക്കുള്ള പരമാവധി അൾട്ടിട്യൂഡ് കയറുന്നത് കൊണ്ട് തന്നെ.

എല്ലാ ബുദ്ധിജീവികളുടെ വീട്ടിലും ബുദ്ധന്റെ പ്രതിമ കാണാം . ചിന്തയുടെയും ആത്മീയതയുടെ ഉറവിതമായിരിക്കുമോ ഈ ബുദ്ധൻ. ഒരു കാലഘട്ടത്തിൽ സമൂഹത്തിന് തിരിച്ചറിവിന്റെ ആത്മീയാനുഭവം പകർന്ന് നൽകിയ യുഗപുരുഷനായിരുന്നു ശ്രീബുദ്ധൻ . അവരുടെ അനുയായികൾ ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നുണ്ട്.

മെഡിറ്റേഷനിലൂടെയും ചിട്ടയാർന്ന ജീവിതശൈലിയിലൂടെയും നമ്മെ ആകർഷിക്കാൻ കഴിയുന്ന കുറച്ച് ബുദ്ധ സന്യാസിമാർ മാത്രം താമസിക്കുന്ന മുദ് ഗ്രാമത്തിലേക്കാന്ന് അന്വേഷണങ്ങളുടെ യാത്ര എത്തിചേർന്നിരിക്കുന്നത്. ടിബറ്റൻ കുടുംബങ്ങളാണ് ഇവിടെ ഭൂരിഭാഗവും.വീണ്ടും വീണ്ടും പറയുക വേണ്ടല്ലോ, മനോഹരം തന്നെ ഈ ഗ്രാമത്തിന്റെ ആത്മാവും.

സഞ്ചാരികളുടെ പ്രിയപ്പെട്ട ഒരു പോയിന്റ് ന്റെ തുടക്കം ഇവിടെ നിന്നാണ് പിന് പാർവ്വതി, ബാബ പാസ്സ് ട്രെക്കിങ്ങ് റൂട്ടുകളുടെ ഒരറ്റം മുദിൽ നിന്നാണ് .മല കയറുക എന്ന ജീവിത സ്വപ്നം, അതിന്റെ ഹിമാലയൻ പതിപ്പുകൾ , അനുഭവങ്ങളും അവിസ്മരണീയമായ മുഹൂർത്തം സമ്മാനിക്കുന്നിടം .

ഒരു പ്രത്യേക കാറ്റ് അടിക്കുന്നു എന്ന പയ്യന്നൂർ കഥ അല്ല ഇത്. ഹിലാരി കീഴടക്കിയതിന്റെ ചെറുതെങ്കിലും തന്റെ ജീവിതത്തിൽ ഓർമ്മകളും പുതു കണ്ടെത്തലുകൾക്കും വേദിയാവാൻ വേണ്ടി ഇവിടം എത്തിയവർക്കൊപ്പം കുറച്ച് നേരം കഥകൾ കേട്ടിരുന്നു. പക്ഷെ എനിക്ക് അങ്ങനെ വല്യ മോഹങ്ങൾ ഇല്ലാത്തത് കൊണ്ടാവും അഞ്ചോ പത്തോ ദിവസം നീണ്ടു നിൽക്കുന്ന പാർവ്വതാരോഹണത്തിന് മനസ്സ് കൊടുത്തതില്ല. ഏവർക്കും വിഷ് നൽകി, എന്റെ മടിയേയും പേടിയേയും മുൻ നിർത്തി യാത്ര തുടർന്നു.

ഇനി ഉഉളത് ഒരു ആഗ്രഹം,14,000 അടി ഉയരത്തിലുള്ള അഞ്ച് മാസത്തോളം മഞ്ഞിനടിയിലാവുന്ന ലാങ്സാ ഗ്രാമത്തിലെകുള്ള യാത്ര. അതും റോയൽ എൻഫീൽഡുമായി. മനോഹരമെന്നോ അപകടമെന്നോ വിശേഷിപ്പിക്കാം. ബുള്ളെറ്റിന്റെ താളം , മറ്റുയേത് താളത്തിനുമുള്ള പോലെ വേറിട്ട അനുഭവം തരുന്ന ബുള്ളറ്റ് യാത്ര.

ലോകത്തിലെ ഏറ്റവും ഉയരത്തിലെ റോഡിലൂടെ പ്രിയപ്പെട്ടവർക്ക് സ്നേഹപൂർവ്വം നൽകാൻ കഴിയുന്ന സമ്മാനം തേടിയുള്ള യാത്ര ആവുന്നതും അതിലെ മധുരമേറിയ അനുഭവമാവുന്നു. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥാപിക്കപ്പെട്ട പോസ്റ്റ് ഓഫീസിൽ നിന്ന് സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും മഷികളാൽ അയക്കപ്പെട്ടുന്ന വാക്കുകൾക്ക് ഈ എഴുതുന്ന ഫേസ്‌ബുക്ക് അക്ഷരങ്ങളെക്കാൾ മൂല്യം കൂടുതൽ തന്നെ . പ്രിയപ്പെട്ടവർക്ക് സന്തോഷം നല്കുന്നത് അവർ പോലൂം അറിയാതെ.

സ്നേഹം മാത്രം മണ്ണിൽ വിളയട്ടെ .ഓരോ മഞ്ഞു തുള്ളികളാൽ ഹൃദയങ്ങളെ എന്നും സ്മരിക്കട്ടെ. നവജീവിത ത്തിന് ഇനിയും ഒരുപാട് യാത്രകൾ ബാക്കിയാക്കി സ്പിറ്റി വാലി വിട പറയുന്നു. ഇനിയും എത്രയോ കാഴ്ച്ച നമുക്ക് മുമ്പിൽ വെളിപെടാതെ കിടക്കുകയാണ് . ആഗ്രഹങ്ങൾ എത്രത്തോളം തീവ്രമാവുന്നുവോ അത്രത്തോളം വഴികൾ തുറന്നിടും ഈ പ്രപഞ്ചം നമുക്ക് മുമ്പിൽ..

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.