വിവരണം – Rahim D Ce.
YallaGo ഫാമിലിയുടെ പൊള്ളാച്ചി ഇവന്റിലെ ഒത്തു കൂടലിന്റെ ഹാങ്ങ് ഓവർ മാറുന്നതിന് മുന്നേ തന്നെ മിടുക്കിയായ ഇടുക്കിയിലെ അധികമാരും അറിയപ്പെടാതെ കിടക്കുന്ന മല ആയ കൊരങ്ങാട്ടി മല ഇവെന്റുമായി നുമ്മടെ ടീം വീണ്ടും എത്തിയിരുന്നു. 2 ദിവസത്തിനുള്ളിൽ തന്നെ സീറ്റ് എല്ലാം ഫുള്ളായിരിക്കുന്നു. അങ്ങിനെ Feb 23 ന് ആ ദിവസം വന്നെത്തി. “കൊരങ്ങാട്ടി മല ഇവന്റ്.” ശനിയാഴ്ച കൊച്ചു വെളുപ്പിനെ തന്നെ കോടമഞ്ഞും കൊണ്ട് ഞാനും സൽമാനും ഈരാറ്റുപേട്ടയിൽ നിന്ന് പെരുമ്പാവൂർ ലക്ഷ്യമാക്കി നീങ്ങി. 7 മണി ആയപ്പോൾ തന്നെ സ്ഥലം എത്തി. കുറെ നാളായിട്ട് മുഖപുസ്തകത്തിലൂടെ മാത്രം പരിചയമുള്ള എബിയും അവിടെ എത്തിയിരുന്നു.. അവനോടു വിശേഷങ്ങളും പറഞ്ഞു കൊണ്ടിരിക്കുന്നതിനിടെ വൈകാതെ ബാക്കിയുള്ള സഹ ട്രിപ്പിടെയൻമാരെല്ലാം ട്രാവലറിൽ എത്തി. 26 പേര് ട്രാവെലറിലും ബാക്കി ഉള്ളവർ കാറിലും ബൈക്കിലുമായി ഒപ്പം കൂടി.. അവിടെ തുടങ്ങുകയായി ഞങ്ങളുടെ കുരങ്ങാട്ടിമല യാത്ര..
ആദ്യമായ് പോയത് ഇരിങ്ങോൾ കാവിലേക്ക് ആണ്. ഏറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്താണ് ഇരിങ്ങോൾ കാവ് സ്ഥിതി ചെയ്യുന്നത്. ആലുവ-മൂന്നാർ റോഡിൽ കുറുപ്പുംപടിക്കും പെരുമ്പാവൂരിനും ഇടയ്ക്കാണ് ഈ ഭഗവതി ക്ഷേത്രം. കേരളത്തിലെ ഏറ്റവും വലിയ കാവാണ് ഇരിങ്ങോള്‍ കാവ്. കുന്തിരിക്കം, കൂവളം, തമ്പകം, വെള്ള പൈന്‍, തേക്ക്, ആഞ്ഞിലി, ഏഴിലംപാല, പുന്ന, കരിമ്പന, മരോട്ടി, ആല്‍, വാക, കാഞ്ഞിരം, വേപ്പ്, ഞാവല്‍ എന്നീ വന്‍മരങ്ങളും തിപ്പലി, കുരുമുളക്, പാതിരി എന്നീ ഔഷധസസ്യങ്ങളും തത്ത, കുയില്‍, പരുന്ത്, കാലന്‍കോഴി, പുള്ള്, നത്ത് എന്നീ പക്ഷികളും പലതരം ജന്തുക്കളും നിറഞ്ഞ ഇരിങ്ങോള്‍ കാവ് ജൈവവൈവിധ്യത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്.
ദ്വാപരയുഗത്തിൽ, അസുരരാജാവായ കംസൻ ദേവകിയുടെയും വസുദേവരുടെയും എട്ടാമത്തെ പുത്രനാൽ വധിക്കപെടുമെന്നു അറിഞ്ഞപ്പോൾ ഗർഭിണിയായ തന്റെ സഹോദരിയെയും ഭർത്താവിനെയും കാരാഗ്രഹത്തിലടച്ചു. എട്ടാമത്തെ പുത്രനെ പ്രതീക്ഷിച്ചിരുന്ന കംസൻ പക്ഷെ ഒരു പെൺ കുഞ്ഞിനെയാണ് കാണാനിടയായത്. ദേവകിയും വസുദേവരും തങ്ങൾക്കുണ്ടായ ആൺകുട്ടിയെ ഗോകുലത്തിലെ നന്ദഗോപനും യശോധക്കുമുണ്ടായ പെൺകുട്ടിയുമായി കൈമാറിയിരുന്നു. എന്നിട്ടും കംസൻ ആ കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചപ്പോൾ ആ കുഞ്ഞ് കംസന്റെ കൈയിൽ നിന്ന് തെന്നി മാറി ആകാശത്തിലേക്ക് ഉയർന്നു; ഒരു നക്ഷത്രം പോലെ തിളങ്ങി. ആ വെളിച്ചം ആദ്യം വീണ സ്ഥലത്ത്, ഭഗവതി വസിക്കുവാൻ വന്നു എന്ന വിശ്വാസത്തിനാൽ, ‘ഇരിന്നോൾ’ എന്ന പേര് ലഭിച്ചു. ഇരിന്നോൾ എന്ന പേര് കാലക്രമേണ ‘ഇരിങ്ങോൾ’ എന്നായി മാറി.
ഈ ചരിത്രം ഉറങ്ങുന്ന കാവിലൂടെ ഓരോ കഥകളും കേട്ട് ഞങ്ങൾ നടന്നു..കൂടെ കാവിന്റെ പശ്ചാത്തലങ്ങൾ ക്യാമറയിൽ ഒപ്പാനും മറന്നില്ല. സമയം ഒട്ടും കളയാതെ ഞങ്ങൾ പോകുന്ന വഴിക്ക് പ്രഭാത ഭക്ഷണവും കഴിച്ച് അടുത്ത സ്ഥലം ആയ ഭൂതത്താൻ കെട്ടിലേക്ക് നീങ്ങി. ഭൂതത്താൻ കെട്ട് : ഇടമലയാറിനടുത്ത് കോതമൻഗലം- തട്ടേക്കാട് റൂട്ടിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പണ്ട് പരമശിവൻ തൃക്കാരിയൂർ എന്ന സ്ഥലത്തേക്ക് തപസ്സിനെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും ഭർത്താവിനെ കാണാതായപ്പോൾ പാർവ്വതി അന്വേഷിച്ചിറങ്ങി. തൃക്കാരിയൂർ എത്തിയപ്പോൾ ഗംഗാ ദേവിയുമൊത്തുള്ള ശിവന്റെ പൊറുതിയാണ് പാർവതി കണ്ടത് ! ഈ കാഴ്ച കണ്ട് കലി കയറിയ പാർവതി ശിവൻ താമസിക്കുന്ന തൃക്കാരിയൂർ മുക്കി കളയാൻ ഭൂതങ്ങൾക്ക് കല്പന നൽകി.
പെരിയാറിന് കുറുകെ കല്ലിട്ട് അണ കെട്ടി തൃക്കാരിയൂർ ഉൾപ്പെടുന്ന പ്രദേശം വെള്ളത്തിനടിയിലാക്കാനായിരുന്നു പദ്ധതി . ഒറ്റ രാത്രി കൊണ്ട് തീർക്കാമെന്ന കരാറിൽ ഭൂതങ്ങൾ പണി തുടങ്ങി . പെരിയാറ്റിൽ ഭൂതങ്ങളുടെ പണി പുരോഗമിക്കേ തൃക്കണ്ണിലൂടെ എല്ലാമറിഞ്ഞ ശിവൻ പൂവൻ കോഴിയുടെ രൂപത്തിൽ അവിടെയെത്തി ഉറക്കെ കൂവിയത്രെ! നേരം പുലർന്നെന്ന ധാരണയിൽ ഭൂതങ്ങൾ പണി പൂർത്തിയാക്കാതെ സ്ഥലം വിട്ടു…! ഇതാണ് ഭൂതത്താൻ കെട്ടിനെ പറ്റിയുള്ള കഥ എന്ന് ഗൈഡ് റോയ് സാർ ഞങ്ങളോട് പറഞ്ഞു തന്ന കഥ.
പെരിയാറിന്റെ ഒരു കരയിൽ നിന്നും മുക്കാൽ ഭാഗത്തിലധികം ആറിന് കുറുകെ കൂറ്റൻ പാറക്കെട്ട്, വെള്ളമൊഴുകാൻ മാത്രം അൽപം സ്ഥലം, വീണ്ടും മറുകര മുട്ടി പാറക്കെട്ട്. ഇതാണ് ഭൂതത്താൻ കെട്ട് . ഇതിനപ്പുറത്ത് ഇപ്പോൾ അണ കെട്ടിയിരിക്കുന്നു. ഫോറസ്റ്റ് ഓഫീസിൽ നിന്നും 20 രൂപ ടിക്കറ്റെടുത്തിട്ട് വേണം കാടിന് ഉള്ളിലേക്ക് കടക്കാൻ. ഞങ്ങളെല്ലാം ടിക്കറ്റും എടുത്ത് വേറൊരു കോളേജ് പിള്ളേരുടെ കൂടെ അങ്ങ് നടക്കാൻ തുടങ്ങി. കാട്ടിനുള്ളിലൂടെ നടക്കുമ്പോൾ ഗൈഡ് റോയ് സാർ ഓരോ മരങ്ങളുടെയും ചെടികളുടെയും പ്രത്യേകതകൾ വിവരിച്ചുകൊണ്ടിരുന്നു. കാട്ടിനുള്ളിലെ ഒരു ഗുഹക്ക് മുന്നിലേക്കാണ് ഞങ്ങൾ ആദ്യം പോയത്. ചാരിവെച്ചിരിക്കുന്ന മുള വടിയിലൂന്നി പാറയിൽ അള്ളി പിടിച്ച് കയറി വേണം ഗുഹാമുഖത്തെത്താൻ. കുനിഞ്ഞ് വേണം ഗുഹക്കകത്തേക്ക് കടക്കാൻ. പത്ത് മീറ്ററോളം ഉള്ളിലേക്ക് പോകാമെന്ന് ഗൈഡ് പറഞ്ഞു. ഉള്ളിലേക്ക് നീണ്ടു കിടക്കുവാണ് ഈ ഗുഹ..കുറെ നേരം അകത്തു ഇരുന്നപ്പോൾ മുള്ളൻ പന്നി ശല്യം അകത്തുനിന്ന് ഉണ്ടെന്ന് പറഞ്ഞു പേടിപ്പിച്ച് ഞങ്ങളെ ഗൈഡ് പുറത്തിറക്കി.
ഗുഹയിൽ നിന്നും ഇറങ്ങി അല്പം നടന്നാൽ പുഴ കാണാം. പുഴയിലേക്കിറങ്ങിയാൽ ഭൂതങ്ങളുടെ അണക്കെട്ടായി. നദിയിലേക്ക് തള്ളി നില്ക്കുന്ന കൂറ്റൻ പാറക്കെട്ട്. നദിയുടെ ഒഴുക്കിനെ മുക്കാൽ ഭാഗവും അത് തടഞ്ഞിരിക്കുന്നു. പാറയിടുക്കിൽ മരങ്ങൾ വളർന്ന് പന്തലിച്ചതിനാൽ വെയിലേൽക്കുന്നില്ല. കൂടെ നല്ലൊരു ഏറുമാടവും ഉണ്ട് അടുത്തായി. ഞാൻ അതിൽ കയറി ഇരുന്ന് റോയ് സാറിന്റെ കഥകളും കേട്ട് കൊണ്ടിരുന്നു. സമയം കുറെ ആയപ്പോൾ ഞങ്ങൾ തിരിച്ച് കാടിറങ്ങി. കാടിന് വെളിയിലെ കടയിൽ നിന്ന് സംഭാരം കുടിച്ച് ക്ഷീണം അകറ്റി. അടുത്തതായി പോയത് ഇഞ്ചത്തൊട്ടി യിലേക്ക് ആണ്.
പെരിയാറിന്റെ തീരത്ത് എത്തിയതും എല്ലാവരും കയാക്കിങ് നടത്താൻ തുടങ്ങി. ഒരാൾക്ക് 100 രൂപ പറഞ്ഞെങ്കിലും 50 രൂപയ്ക്ക് 1.30 മണിക്കൂർ കയാക്കിങ് ഒപ്പിച്ചു. ബാക്കിയുള്ള കുറെ പേർ പെഡൽ ബോട്ട് 6 പേർക്ക് 250 രൂപ എന്ന നിരക്കിലും ഒപ്പിച്ചു. പിന്നെ വെള്ളത്തിൽ കിടന്ന് ആറാട്ട് ആയിരുന്നു. ഉച്ച വിശപ്പ് മൂക്കാൻ തുടങ്ങിയപ്പോൾ തൂക്ക് പാലം കൂടി കണ്ടതിന് ശേഷം ഞങ്ങൾ വണ്ടി വിട്ടു കല്ലാർലേക്ക്. നേര്യമംഗലം ഇറങ്ങി നല്ല ഊണും പിടിപ്പിച്ചു. 4 മണി ആയപ്പോയേക്കും കല്ലാർ എത്തി. ഞങ്ങളുടെ വണ്ടിയെല്ലാം അവരുടെ പാർക്കിങ്ങിൽ ഒതുക്കി. ഇനി അവരുടെ ജീപ്പിൽ വേണം കല്ലും മണ്ണും നിറഞ്ഞ ഓഫ് റോഡിലൂടെ മുകളിലെത്താൻ. ഓഫ് റോഡ് എന്ന് വെച്ചാൽ ഒന്നൊന്നര ഓഫ് റോഡ്. ഏലക്കാടിന് ഉള്ളിലൂടെയുള്ള ഒരു അഡാർ ഓഫ്‌റോഡ് യാത്രയിലൂടെ ഞങ്ങൾ മുകളിൽ എത്തി..
ഇനി പടർന്ന് പന്തലിച്ച് കിടക്കുന്ന ഏലക്കാടിന് ഉള്ളിലൂടെ മുകളിലേക്ക് 15 മിനിറ്റ് നടന്നു വേണം ക്യാമ്പ് സൈറ്റിൽ എത്താൻ. മുകളിൽ എത്തിയതും കിടു ആമ്പിയൻസ്. ഞങ്ങൾക്കു താമസിക്കാൻ ആയി ചെറിയ ടെന്റുകളും വലിയ മിലിറ്ററി ടെന്റുകളും ക്യാമ്പ് ടോപ്പ് ഒരുക്കിയിരുന്നു. കൂടാതെ ആടാൻ നിറയെ ഊഞ്ഞാലുകളും. എല്ലാവരും അവിടെ എത്തി റെഡി ആയതിനു ശേഷം സൂര്യാസ്തമയം കാണാൻ ഒരു മലമുകളിലേക്ക് ട്രക്കിങ്ങിന് ആയി ഇറങ്ങി. പോകുന്ന വഴിക്ക് ക്യാമ്പ് ടോപ്പിന്റെ ഒരു ഓണർ ആയ പോൾ ഏട്ടൻ ആ മലകളുടെ കഥയും പറഞ്ഞ് തന്നു കൊണ്ടിരുന്നു.
പച്ച പട്ടു പുതച്ചു നിൽക്കുന്ന മല നിരകൾക്ക് ഇടയിലൂടെ സൂര്യൻ അസ്തമയത്തിനായി തയ്യാറെടുക്കുന്നു. ഞങ്ങൾ നിശ്ശബ്ദതമായി നിന്ന് നല്ല ഒരു അസ്തമയം കണ്ട് മല തിരിച്ചു ഇറങ്ങി. രാത്രി 7 മണി ആയപ്പോഴേക്കും ആഘോഷങ്ങൾക്ക് തിരി തെളിയുക ആയി. Team YallaGo യുടെ ഇത് വരെ നടന്ന എല്ലാ ഇവന്റിലും പങ്കെടുത്ത ഷാജി പാപ്പന്റെ 60 ആമത്തെ ജന്മദിനാഘോഷത്തോടെ കേക്ക് മുറിച്ച് കൊണ്ട് ഞങ്ങൾ പരിപാടിക്ക് തുടക്കം ഇട്ടു. പിന്നെ 35 വിവിധ സ്ഥലങ്ങളിൽ നിന്ന് വന്നവർ ഓരോരുത്തരായി പരിചയപ്പെടുത്താൻ തുടങ്ങി. പിന്നെ കത്തുന്ന തീ ജ്വാലക്ക് ചുറ്റുമിരുന്ന് ആട്ടവും പാട്ടുമായ് എല്ലാവരും ആടി തിമിർത്തു.. കുറച്ച് പേർ പാടി തകർത്തു.. പിന്നെ തോമസ് ചേട്ടന്റെ വക അന്താക്ഷരിയും, കുറെ കുറെ പൊടികൈകളും..
സമയം പോയതെ അറിഞ്ഞില്ല..അപ്പോഴത്തേക്കും ചപ്പാത്തിയും ചിക്കനും റെഡി ആയിയുന്നു. ഭക്ഷണ ശേഷം വീണ്ടും ക്യാമ്പ് സൈറ്റിലേക്ക്. മെലഡി സോങ്ങിന്റെ ചാകര ആയിരുന്നു പിന്നീട്. സംഗീത സാന്ദ്രമായ ഒരു രാത്രി. 12 മണി കഴിഞപ്പോയേക്കും കുറച്ചു പേർ ഉറങ്ങാൻ ആയി ടെന്റുകളിൽ ചേക്കേറി. മൈക്ക് ഓഫ് ആക്കിയതിന് ശേശം അടുത്തുള്ള പാറയിൽ പോയി ഇരുന്ന് പാടി തീരാത്ത പാട്ടുകളൊക്കെ പാടി തീർത്തു തോമസ് ചേട്ടനും പിള്ളേരും. 2 മണി വരെ നീണ്ടു ആ പാട്ട് കച്ചേരി.
6 മണിക്ക് തന്നെ എല്ലാരും എണീറ്റ് അടുത്തുള്ള മലയിൽ സൂര്യന്റെ ഉദയ രശ്മികൾ കാണാനായി ഇറങ്ങി. എന്താ പറയാ, നല്ല കിടിലൻ ഉദയം കാണാൻ പറ്റി.. 7 മണി കഴിഞ്ഞപ്പോയേക്കും പോൾ ഏട്ടന്റെ വിളി വന്നു. നമുക്ക് കുമ്പൻപാറയിലേക്ക് ട്രെക്കിങ് പോകാം എന്നും പറഞ്ഞ്. പെട്ടെന്ന് തന്നെ എല്ലാവരും വടിയും തൂക്കി ട്രെക്കിങ്ങിന് റെഡി ആയി ഇറങ്ങി. ഏലക്കാടിനും പടുകൂറ്റൻ മരങ്ങൾക്ക് ഇടയിൽ കൂടിയും ഞങ്ങൾ നടന്ന് എത്തി. പോകുന്ന വഴിക്ക് എല്ലാം പോൾ ഏട്ടൻ ഓരോ മരങ്ങളെയും പറ്റി വിവരിച്ചു തന്നു കൊണ്ട് ഇരുന്നു. 1.30 മണിക്കൂർ ട്രെക്കിങ്ങിന് ശേഷം ഞങ്ങൾ മല മുകളിൽ എത്തി. കിടു ആമ്പിൻസ് ആയിരുന്നു അവിടെ. എല്ലാവരും കാമറ കണ്ണുകളിൽ മിന്നി മറഞ്ഞു. 2 മണിക്കൂർ അടുത്ത് അവിടെ ചിലവഴിച്ച ശേഷം ഞങ്ങൾ ആ മല തിരിച്ചു ഇറങ്ങി.
താഴെ എത്തിയപ്പോയേക്കും നല്ല നാടൻ പുട്ടും കടല കറിയും പപ്പടവും ഞങ്ങൾക്കായി ക്യാമ്പ് ടോപ് ഒരുക്കിയിരുന്നു. കൂടെ പൈൻആപ്പിളും. അടുത്ത സ്ഥലങ്ങളിലേക്ക് പോകാൻ ഉള്ളത് കൊണ്ട് ക്യാമ്പ് ടോപ്പിനു വിട പറഞ്ഞ് ഞങ്ങൾ ഇറങ്ങി. അവിടുന്ന് മാങ്കുളം ആയിരുന്നു ലക്‌ഷ്യം. പോകുന്ന വഴിക്ക് പെരിങ്ങൽ കുത്തിൽ വെള്ളത്തിൽ നീന്തിക്കുളിയും ആയി കുറച്ച് പേര് ഇറങ്ങി. തണലിന്റെ ഓരം പിടിച്ച് തിരുവനന്ത പുരം പൈലുകൾ ചീട്ട് കളിയും തുടങ്ങി. കുറച്ചു നേരം അവിടെ ചിലവഴിച്ച ശേഷം ആനക്കുളത്തേക്ക് ആന വെള്ളം കുടിക്കാൻ വരുന്നത് കാണാൻ പോയി. കുറെ നേരം ആനകളെയും കാത്തു ഇരുന്ന് എങ്കിലും ആനകൾ ഒന്നും ഏഴ് അഴലത്ത് പോലും വന്നില്ല. പിന്നീട് ഗ്രൂപ്പിലെ സാഹിറ ഇത്ത കൊണ്ട് വന്ന കോഴിക്കോടൻ സ്പെഷ്യൽ ഹൽവകളും മറ്റു കുറെ പലഹാരങ്ങളും കഴിച്ചു കൊണ്ട് അന്താക്ഷരിയുടെ താളത്തിൽ ആറാടി മടക്കയാത്ര…